Monday, September 12, 2022

പള്ളിക്കുന്നിൽനിന്ന് ടി. പത്മനാഭൻ വിളിക്കുന്നു

'Never judge a book by its cover' എന്നൊരു പഴഞ്ചൊല്ലുണ്ട്. പുസ്തകത്തിന്റെ പുറംചട്ട മാത്രം നോക്കി അതിനെ വിലയിരുത്തരുത് എന്നാണ് വാച്യാർത്ഥമെങ്കിലും ഒന്നിന്റേയും ബാഹ്യലക്ഷണങ്ങൾ മാത്രം നോക്കി അതിന്റെ ധർമ്മത്തെ മനസ്സിലാക്കരുത് എന്ന് വിശാലമായി അർത്ഥം പറയാവുന്നതാണ്. ഈ പുസ്തകത്തിന്റെ കാര്യത്തിൽ വാച്യാർത്ഥം തന്നെയാണ് യാഥാർഥ്യത്തോട് കൂടുതൽ ചേർന്നുനിൽക്കുന്നത്. പത്മനാഭന്റേയും, പിണറായി വിജയൻ, സേതു, എം. മുകുന്ദൻ, സച്ചിദാനന്ദൻ എന്നിവരുടേയും ചിത്രങ്ങൾ ഉൾക്കൊള്ളുന്ന പുറംചട്ടയും ശീർഷകവും കണ്ടാൽ ടി. പത്മനാഭനെക്കുറിച്ചുള്ള ലേഖനങ്ങളും അഭിമുഖങ്ങളുമാണതിൽ എന്നു തോന്നിയേക്കാം. ആ തോന്നലിന്റെ പിൻബലത്തിലാണ് ഞാനീ പുസ്തകം വായിക്കാനെടുത്തതും. എന്നാലിത് പി. കെ. പാറക്കടവ് എന്ന കഥാകാരന്റെ കുറെ ലേഖനങ്ങളുടെ ഒരു സമാഹാരം മാത്രമാണ്. പത്മനാഭനെക്കുറിച്ച് ശീർഷകം ഉൾക്കൊള്ളുന്ന ഒരൊറ്റ അദ്ധ്യായം മാത്രമേയുള്ളൂ. മുകളിൽ പറഞ്ഞ നാലുപേരുമായുള്ള അഭിമുഖങ്ങളാണ് പിന്നെയുള്ളത്. ഈ നാലു അഭിമുഖങ്ങൾ ഒഴിവാക്കിയാൽ 16 ലേഖനങ്ങളാണ് പുസ്തകത്തിലുള്ളത്. പി. കെ. പാറക്കടവ് എന്ന അഹമ്മദ് വടകര താലൂക്കിലെ പാറക്കടവിൽ ജനിച്ചു. കുറച്ചുകാലം ഗൾഫ് നാടുകളിലായിരുന്നു. അതിനുശേഷം കേരള സാഹിത്യ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി അംഗമായി പ്രവർത്തിച്ചു. ജമാ അത്തെ ഇസ്‌ലാമിയുടെ പ്രസിദ്ധീകരണമായ 'മാദ്ധ്യമ'ത്തിന്റെ പത്രാധിപരായിരുന്നു. കഥാകാരനായ പാറക്കടവ് 43 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രകൃതിയോടും മനുഷ്യനോടുമുള്ള അളവറ്റ സ്നേഹമാണ് പത്മനാഭൻ കഥകളുടെ അന്തർധാര. അതുകൊണ്ടാണ് കേവലം 200-ൽ താഴെ കഥകളേ രചിച്ചിട്ടുള്ളൂവെങ്കിലും ആ വൃദ്ധനായ ധിക്കാരിയെ മലയാളക്കര ഇന്നും നെഞ്ചേറ്റി ലാളിക്കുന്നത്. ഭൗതികസുഖങ്ങളുടേയും സമ്പദ്സമൃദ്ധിയുടേയും പുറകേയുള്ള പ്രയാണമാണ് ആധുനികജീവിതമെന്ന് തത്വചിന്തകർ ആക്ഷേപിക്കുമ്പോഴും ആധുനികസമൂഹം അടിസ്ഥാനപരമായി നന്മ നിറഞ്ഞവർ തന്നെയാണെന്നതാണ് ആത്യന്തികമായ സത്യം. ദുഷ്ടർ വളരെ കുറച്ചേയുള്ളൂ ഏതു നാട്ടിലും ഏതു കാലത്തും. നന്മയില്ലാത്ത ഒരു സമൂഹത്തിൽ പത്മനാഭൻ കഥകൾ വായിക്കപ്പെടുകയില്ല, ആ മനുഷ്യൻ ആദരിക്കപ്പെടുകയുമില്ല. ഈ പരമാർത്ഥം പത്മനാഭൻ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരുപക്ഷേ അതായിരിക്കാം ഈ കഥയുടെ കുലപതി വായനക്കാരുമായി അതീവരഹസ്യമായി പങ്കുവെക്കുന്ന സാഹിത്യസപര്യയുടെ മർമ്മം. നമ്മുടെ ലോകമല്ല, നാം നിരീക്ഷിക്കാൻ വിട്ടുപോയ ലോകമാണ് ഈ എഴുത്തുകാരൻ കാണിച്ചുതരുന്നതെന്നും അത് കഥകളിൽ സ്നേഹമായി പരക്കുന്നുവെന്നും പാറക്കടവ് നിരീക്ഷിക്കുമ്പോൾ അത് കേവലം സത്യകഥനം മാത്രമാണെന്ന് അനുഭവവേദ്യമാകുന്നു.

എന്നാൽ വഞ്ചനയുടേതായ ഒരു ചവർപ്പുള്ള യാഥാർഥ്യവും ഈ പുസ്തകത്തിൽ കാണാം. പത്മനാഭനെ കാണിച്ചുകൊണ്ട് ഗ്രന്ഥകാരന്റെ രാഷ്ട്രീയ, സാമുദായിക താല്പര്യങ്ങൾ ഒളിച്ചുകടത്തുകയാണ് ഇതിൽ ചെയ്യുന്നത് - ഒരുതരം സ്വർണക്കടത്ത് തന്നെ. ഒരു കൂട്ടം മുസ്ലിം കലാകാരന്മാരുടെ സർഗ്ഗാത്മകലോകത്തെക്കുറിച്ചുള്ള ലേഖനങ്ങൾ മാത്രമാണ് ഈ ഗ്രന്ഥം. അഥവാ, അതാണ് ഗ്രന്ഥകാരന്റെ യഥാർത്ഥ ഉദ്ദേശ്യം. പത്മനാഭനും ഒ. വി. വിജയനുമൊക്കെ മേമ്പൊടിക്ക് ചേർത്തിരിക്കുന്നുവെന്നേയുള്ളൂ. ബഷീർ, പുനത്തിൽ കുഞ്ഞബ്ദുള്ള, യു. ഏ. ഖാദർ, അക്‌ബർ കക്കട്ടിൽ, മാലിക് മുഹമ്മദ് മീരാൻ, യൂസഫ് അറക്കൽ (ചിത്രകാരൻ), അലി സർദാർ ജാഫരി (കവി), ഇഖ്‌ബാൽ തമീമി, അഹ്‌മദ്‌ യെമാനി തുടങ്ങിയ അറബ് കവികൾ എന്നിവരാണ് ഈ പുസ്തകത്തിന്റെ താളുകളിലൂടെ കടന്നുവരുന്നത്. ഇത്തരമൊരു അടിമുടി സാമുദായികത്വത്തിനിടയിലും സ്വയം ഒരു വിപ്ലവകാരിയായി ഭാവിക്കാൻ പാറക്കടവ് ഉടനീളം ശ്രദ്ധിക്കുന്നുണ്ട്. അറബ് വസന്തത്തെക്കുറിച്ചുള്ള കവിതകൾ ഇതിലുണ്ട്. ജന്മനാട്ടിൽ കൊടുങ്കാറ്റുകൾ ആഞ്ഞുവീശുമ്പോൾ കവികളും കലാകാരന്മാരും അടങ്ങിയിരിക്കുന്നില്ല. 'സാമ്രാജ്യത്വത്തിന്റേയും ഏകാധിപത്യത്തിന്റേയും പട്ടാളബൂട്ടുകൾ ഞെരിച്ചമർത്തിയ കുഞ്ഞുങ്ങളുടെ രോദനം ശവക്കല്ലറകളിൽനിന്നു പോലും കേൾക്കുന്ന' അറബ് ലോകത്ത് വസന്തത്തിനുശേഷം കടന്നുവന്ന ഐ. എസ്സിന്റെ കൊലപാതകപരമ്പരകളും അമുസ്ലിം സ്ത്രീകളെ ലൈംഗിക അടിമകളാക്കി കന്നുകാലികളെപ്പോലെ ചന്തയിൽ പരസ്യമായി ലേലം ചെയ്ത് വിറ്റതിന്റെ കഥകളൊന്നും ഈ അറബ് കവികൾ എഴുതിക്കാണുന്നില്ല. അത് കഥയല്ല, യാഥാർഥ്യമാണെന്നതാണോ കാരണം? പുനത്തിലിനെ എഴുത്തിന്റെ രാജാവെന്നൊക്കെ വിശേഷിപ്പിക്കുന്നത് കുറച്ചു കടന്ന കയ്യായിപ്പോയി. അതുപോലെതന്നെ കഠിനമാണ് ആ കൂട്ടത്തിൽ ബഷീറിനെ ഉൾപ്പെടുത്തിയതും. ഇസ്‌ലാമിന്റെ താങ്ങ്‌ ആവശ്യമില്ലാത്ത ഒരാൾ അവരിൽ അദ്ദേഹം മാത്രമായിരുന്നല്ലോ.

ഗ്രന്ഥകാരന്റെ സാമുദായിക-രാഷ്ട്രീയ പരിഗണനകളെ മുൻനിരയിൽ നിർത്തിക്കൊണ്ടുള്ള കൃത്രിമത്വം നിറഞ്ഞ ആഖ്യാനശൈലിയാണ് അഭിമുഖങ്ങളിൽ കാണുന്നത്. കലാകാരന്മാരെക്കുറിച്ചുള്ള ഒരു പുസ്തകത്തിൽ തികഞ്ഞ രാഷ്ട്രീയക്കാരനായ പിണറായി വിജയനുമായുള്ള അഭിമുഖം ഉൾക്കൊള്ളിച്ചിരിക്കുന്നത് അദ്ദേഹം മുഖ്യമന്ത്രി ആയതുകൊണ്ടും അതിൽനിന്നു ലഭിച്ചേക്കാവുന്ന ഏതോ ഗുണവശത്തെ പാറക്കടവ് കാംക്ഷിക്കുന്നതുകൊണ്ടുമാകാം. 2011-ൽ നടത്തപ്പെട്ട, ഇന്നത്തെ കാലികവിഷയങ്ങളെക്കുറിച്ച് ഒന്നും പരാമർശിക്കാത്ത ഈ അഭിമുഖം പതിനൊന്ന് വർഷങ്ങൾക്കുശേഷം ഗ്രന്ഥകർത്താവ് പൊടിതട്ടിയെടുക്കുമ്പോൾ അഭിമാനപൂർവ്വം ഉറക്കെ പറയാൻ കഴിയാത്ത കാരണങ്ങൾ അതിനുപിന്നിലുണ്ടാവുമെന്നു കാണാൻ വിഷമമില്ല. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാൻ അമേരിക്കൻ സാമ്രാജ്യത്വം പണം മുടക്കിയെന്നവകാശപ്പെടുന്ന പിണറായി (പേജ് 89) രോഗം വന്നപ്പോൾ ചികിത്സക്കായി നിരവധി തവണ അമേരിക്കയെ അഭയം പ്രാപിച്ചതിന്റെ ധാർമിക അടിത്തറ എന്താണ്? കലാലയ പഠനകാലത്ത് ആധുനികതയുടേയും കടം വാങ്ങിയ വിദേശ ദർശനങ്ങളുടേയും സഹയാത്രികനായിരുന്ന പാറക്കടവ് ഇന്ന് ആധുനികതയെ പുറംകാലുകൊണ്ട് തട്ടിക്കളയുമെന്നു പ്രസ്താവിക്കുന്നു. എങ്കിലും വിപ്ലവത്തിന്റെ മേലങ്കി സാമുദായികത്വത്തിന് ഒരു മറയെന്നവണ്ണം എടുത്തുചാർത്തുകയും ചെയ്യുന്നു. ഇസ്ലാമിക മതമൗലികവാദികൾ നടത്തുന്ന പത്രത്തെ പ്രതിനിധീകരിച്ച് അഭിമുഖങ്ങൾ നടത്തുമ്പോൾ മുന്നിലിരിക്കുന്നവരുടെ സംഘപരിവാറിനോടുള്ള എതിർപ്പ് പരിശോധിക്കുന്ന ചോദ്യങ്ങൾ കൃത്യമായി ചോദിക്കുകയും ശക്തമായ വിരോധം സ്ഫുരിക്കുന്ന മറുപടികൾ കേട്ട് ആനന്ദമൂർഛയടയുകയും ചെയ്യുന്നു.

വായനക്കാരെ വഞ്ചിക്കുന്നതിനുള്ള നയപരിപാടിയുടെ ഭാഗമാണീ പുസ്തകമെന്ന് നേരത്തെ പറഞ്ഞല്ലോ. പുസ്തകത്തിന്റെ ശരിയായ ഉള്ളടക്കമെന്തെന്നു വെളിപ്പെടുത്തുന്ന ഒരു സൂചനയും പുറത്തുനൽകാതെ പത്മനാഭന്റെ ചുമലിലേറി സഹൃദയരുടെ കീശയിലെ കാശു പിടുങ്ങുന്ന ഒരു ഹീനശ്രമം മാത്രമാണിത്. എന്നാൽ അതുപോലും അതിന്റേതായ ഒരു മര്യാദ കാണിക്കുന്നതിൽ വിജയിച്ചിട്ടുമില്ല. അസംഖ്യം അക്ഷരപ്പിശകുകളും വാചകങ്ങളുടെ ആവർത്തനവുമെല്ലാം കാണുന്നു. പ്രൂഫ് വായന നടന്നിട്ടുപോലും ഉണ്ടാവാനിടയില്ല. അദ്ധ്യായങ്ങളുടെ ശീർഷകത്തിൽ പോലും അക്ഷരത്തെറ്റുകൾ കാണുന്നു. എം. മുകുന്ദനുമായുള്ള അഭിമുഖത്തിന്റെ തലക്കെട്ട് 'വാക്കിന്റെ മറുകറ' എന്നാണ്. കാമ്പുള്ള ഒരാശയവും മുന്നോട്ടുവെക്കാത്ത ഈ കൃതി ഗ്രന്ഥകാരൻ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ എണ്ണം പെരുപ്പിക്കുന്നതിനുവേണ്ടി മാത്രം ഉദ്ദേശിച്ചുള്ളതാണോ എന്നുപോലും സംശയിച്ചുപോകും.

പുസ്തകം ശുപാർശ ചെയ്യുന്നില്ല.

Book Review of 'Pallikkunnil Ninnu T. Padmanabhan Vilikkunnu'
Author: P K Parakkadavu
Publisher: Saikatham Books, 2022 (First)
ISBN: 9789390815609
Pages: 144
 

No comments:

Post a Comment