Saturday, July 26, 2025

മൃഗയ - കേരളത്തിന്റെ നായാട്ടുചരിത്രം

വന്യമൃഗങ്ങളെ ഭക്ഷണത്തിനോ വിനോദത്തിനോ സമൂഹരക്ഷക്കുവേണ്ടിയോ വേട്ടയാടിക്കൊല്ലുന്നത് എല്ലാ ജനതകളും ഏതാനും ദശകങ്ങൾക്കുമുമ്പുവരെ ആവേശപൂർവം സ്വാഗതം ചെയ്തിരുന്ന ഒരു കാര്യമാണ്. ഇതിന് മതപരമായ അംഗീകാരവും സ്വാഭാവികമായിത്തന്നെ ലഭിച്ചിരുന്നു. മഹിഷി എന്ന കാട്ടുപോത്തിനെ വധിക്കാൻ പുറപ്പെട്ട മണികണ്ഠനേയും വ്യാളിയെ വധിക്കുന്ന ഗീവർഗീസ് പുണ്യാളനേയും ഓർക്കുക. ബ്രിട്ടീഷ് അധിനിവേശകാലത്ത് വരേണ്യവർഗ്ഗങ്ങൾക്കിടയിൽ വ്യാപകമായ നായാട്ടുഭ്രമത്തിന് ഒട്ടേറെ സ്മാരകങ്ങൾ മൃഗശരീരാവശിഷ്ടങ്ങളായും സാഹിത്യസൃഷ്ടികളായുമൊക്കെ ഉണ്ടായെങ്കിലും മലയാളി ഗവേഷകർ ഇക്കാര്യത്തിൽ വലിയ നിശ്ശബ്ദത പുലർത്തുന്നു. എന്നാൽ നമ്മുടെ സാഹിത്യത്തിൽ ആചാരാനുഷ്ഠാനങ്ങളുടെ വിവരങ്ങൾ വേണ്ടുവോളമുണ്ട്. ബ്രിട്ടീഷ് അധിനിവേശാനന്തര കേരളത്തിന്റെ നായാട്ടുചരിത്രമാണ് ഈ കൃതി എന്നാണ് ഗ്രന്ഥകാരന്റെ അവകാശവാദം. വിനിൽ പോൾ ജെ.എൻ.യുവിൽനിന്ന് ഗവേഷണബിരുദം നേടിയതിനുശേഷം കൊല്ലത്തെ ഫാത്തിമ മാതാ നാഷണൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസ്സറായി ജോലി നോക്കുന്നു. നിരവധി പുസ്തകങ്ങളും ഗവേഷണപ്രബന്ധങ്ങളും അദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 

മുഗൾ അധിനിവേശകാലത്തെ നായാട്ടിനെ സംബന്ധിച്ച അദ്ധ്യായത്തോടൊപ്പം ബ്രിട്ടീഷ് ഭരണത്തിൽ ഇന്ത്യയിൽ നടന്ന നായാട്ട് അനുഭവങ്ങളെ വിവരിച്ചുകൊണ്ടാണ് പുസ്തകം തുടങ്ങുന്നത്. തുടർന്ന് കേരളത്തിൽ ബ്രിട്ടീഷ് ഇടപെടലുകളോടെ നടന്ന വേട്ടകളിലേക്കും മലയാളസാഹിത്യത്തിലും മതപരമായ ആചാരങ്ങളിലും അതുവഹിച്ച പങ്കിലേക്കും ശ്രദ്ധ തിരിക്കുന്നു. നായാട്ട് ഒരുപോലെ ഭരണത്തിനും വിനോദത്തിനുമുള്ള ഉപായമായിട്ടാണ് വെള്ളക്കാരും അവരെ അനുകരിച്ചു പിന്തുടർന്ന നാടൻ പ്രഭുവർഗവും കൈകാര്യം ചെയ്തിരുന്നത്. കൃഷി നശിപ്പിച്ച വന്യമൃഗങ്ങളെ വൻതോതിൽത്തന്നെ ബ്രിട്ടീഷുകാർ കൊന്നൊടുക്കിയിരുന്നു. ആനകളെ വിരട്ടിയോടിച്ച് കിടങ്ങുകളിൽ വീഴിച്ചതിനുശേഷം വെടിവെക്കുകയായിരുന്നു രീതി. 1834-ൽ ഇങ്ങനെ 63 ആനകളെ ഒറ്റയടിക്ക് വകവരുത്തിയതായി കാണുന്നു. 1959-ൽ പോലും കൃഷിയിടങ്ങൾ തകർത്ത ആനക്കൂട്ടത്തിനെ നശിപ്പിക്കാൻ കാടിന് തീയിട്ടപ്പോൾ 17 ആനകൾ ചത്തൊടുങ്ങിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. കൊളോണിയലിസം വരുന്നതിനുമുമ്പ് ഏറ്റവുമധികം കൊല്ലപ്പെട്ടതും പിടികൂടാൻ ശ്രമിച്ചതുമായ മൃഗം ആനയായിരുന്നു. എന്നാൽ ബ്രിട്ടീഷ് നായാട്ടുകാർ രംഗത്തെത്തിയതോടെ ഏറ്റവും ഉപദ്രവകാരിയായ മൃഗം കടുവയായി മാറി. തുടർന്നുനടന്ന വേട്ടയുടെ ഫലമായി 1900-നും 1950-നും ഇടയിൽ കടുവകളുടെ എണ്ണം 40,000-ൽ നിന്ന് 4,000 ആയി ഇടിഞ്ഞു. നായാട്ടിന് പരോക്ഷമായ ദൂഷ്യഫലങ്ങളുമുണ്ടായിരുന്നു. വേട്ടയ്ക്കിടെ കടുവ പോലുള്ള മൃഗങ്ങൾക്ക് മുറിവേൽക്കുന്നതും അവയുടെ സ്വാഭാവിക ഇരകളായ മാനുകളെ വൻതോതിൽ വേട്ടയാടി ഇല്ലാതാക്കിയതും അവ നരഭോജികളായി മാറാൻ കാരണമായി. കൊളോണിയൽ അധിനിവേശകാലത്ത് പലതരത്തിലുള്ള നായാട്ടുകൾ അരങ്ങേറി. ബ്രിട്ടീഷ് ഉദ്യോഗസ്ഥരും ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളും നാട്ടുരാജ്യങ്ങളിൽ സന്ദർശനത്തിനു വരുമ്പോൾ വിനോദത്തിനുവേണ്ടി നടത്തുന്ന നായാട്ട്, നരഭോജികളായ മൃഗങ്ങളെ കൊല്ലുവാൻ നടത്തുന്ന നായാട്ട്, സർക്കാർ ഔദ്യോഗികമായി ആനകളെ പിടിക്കുവാൻ നടത്തുന്ന നായാട്ട്, തദ്ദേശീയജനത അവരുടെ ആവശ്യങ്ങൾക്കും വിശ്വാസ-ആചാരാനുഷ്ഠാനങ്ങളുടേയും പേരിൽ നടത്തുന്ന നായാട്ട്, മൃഗയാവിനോദകേന്ദ്രങ്ങളിലെ നായാട്ട് എന്നിങ്ങനെ പലവിധത്തിൽ. മൃഗസംരക്ഷണം എന്ന ആശയവും അധികം വൈകാതെതന്നെ തിരുവിതാംകൂറിൽ ശക്തി പ്രാപിച്ചു. 1930-കളിൽ വന്യമൃഗസംരക്ഷണകേന്ദ്രങ്ങൾ തുടങ്ങി. വാർഡന്മാരായി ഉദ്യോഗസ്ഥരേയും കാവൽക്കാരായി വനവാസികളായ മുതുവാന്മാരേയും നിയമിച്ചു.
 
കേരളത്തിലെ മൃഗയ എന്നാണ് പുസ്തകത്തിന്റെ തലക്കെട്ടെങ്കിലും കഷ്ടിച്ച് ഒരദ്ധ്യായം മാത്രമേ അതിനുവേണ്ടി നീക്കിവെച്ചിട്ടുള്ളൂ. മലയാളികളുടെ വേട്ടയിൽ അധിഷ്ഠിതമായ വിശ്വാസങ്ങളേയും സാഹിത്യത്തിൽ ഈ വിഷയം നേടിയ പ്രാതിനിധ്യവുമാണ് ഇതിൽ ചർച്ച ചെയ്യുന്നതെങ്കിലും കേവലം ഉപരിപ്ലവമായ ചില നിരീക്ഷണങ്ങൾ മാത്രമേ കാണുന്നുള്ളൂ. 200-ഓളം പേജുകളുള്ള ഒരു പുസ്തകം കൊട്ടിഘോഷിച്ചതിനുശേഷം അതിന്റെ പ്രധാനവിഷയത്തെ വെറും ഇരുപതോളം പേജുകളിൽ ഒതുക്കുന്ന ഒരു അടവാണ് ഇത്. വേട്ടദേവതയായ അയ്യൻ അഥവാ അയ്യപ്പൻ ആണ് നായാട്ടുമായി ബന്ധപ്പെട്ട ആചാരങ്ങളുടെ കേന്ദ്രസ്ഥാനത്തുവരുന്നത്. അയ്യൻ വേട്ടക്കാലത്ത് കാട്ടിനകത്ത് ഒരുക്കുന്ന ഊർപ്പള്ളിയിൽ വസിക്കുന്നു എന്നാണ് വിശ്വാസം. സാഹിത്യത്തിലേക്കു തിരിഞ്ഞാൽ മൂർക്കോത്ത് കുമാരൻ എഴുതിയ 'ഒരു നരിയെ കൊന്ന വെടി' (1919) ആണ് നായാട്ട് വിഷയമായ ആദ്യ ചെറുകഥ. ആചാരാനുഷ്ഠാനങ്ങളെ ചുറ്റിയുള്ള പഴമൊഴികളിലും പാട്ടുകളിലും വേട്ടകളുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ ലഭ്യമാണ്. ആദ്യനോവലായ ഇന്ദുലേഖയിലെ നായകൻ മാധവൻ കൊൽക്കത്ത മൃഗശാല സന്ദർശിച്ചപ്പോൾ അബദ്ധത്തിൽ കൂടിനു പുറത്തുചാടിയ ഒരു പുലിയെ തന്റെ കൈത്തോക്കുപയോഗിച്ച് വെടിവെച്ചുകൊല്ലുന്ന ഒരു രംഗമുണ്ട്. ഇത് ബ്രിട്ടീഷ് നായാട്ടുസാഹിത്യത്തിന്റെ പരിഹാസ്യമായ അനുകരണമാണെന്നാണ് ഗ്രന്ഥകാരന്റെ പക്ഷം. മലയാളസാഹിത്യത്തിലെ വേട്ടക്കഥകളിൽ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ കഥയൊഴികെ ബാക്കിയെല്ലാം അധിനിവേശകാല നായാട്ടിനോട് ചേർന്നുനിൽക്കാൻ ശ്രമിക്കുന്നവയാണ്. എന്നാൽ വേങ്ങയിൽ കൊളോണിയൽ നായാട്ടുസങ്കല്പങ്ങളെ വിമർശിക്കുകയും അവയുടെ ആണത്തത്തെ പരിഹസിക്കുകയും ചെയ്യുന്നു എന്ന് ഈ കൃതി വിലയിരുത്തുന്നു.

ദളിത് വിഷയങ്ങളെ ആസ്പദമാക്കി നിരവധി പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുള്ള ഒരു അക്കാദമികവിദഗ്ദ്ധനാണ് വിനിൽ പോൾ. എന്നാൽ അദ്ദേഹത്തിന്റെ പല പ്രബന്ധങ്ങളും കൃസ്തീയസഭയോ എൻ.ജി.ഓകളോ  നടത്തുന്ന പ്രസിദ്ധീകരണങ്ങളിലാണ് പ്രകാശിതമായിരിക്കുന്നത്. മാത്രവുമല്ല, കത്തോലിക്കാ രൂപത നടത്തുന്ന ഒരു കോളേജിൽ പ്രൊഫസറായി ജോലി നോക്കുന്നയാളുമാണ് അദ്ദേഹം. അങ്ങനെയിരിക്കെ അനാവശ്യമായി മറ്റു സമുദായങ്ങളെ പ്രകോപിപ്പിക്കുന്നതും പരിഹസിക്കുന്നതും ഒഴിവാക്കുന്നതായിരുന്നു മര്യാദ. ബ്രിട്ടീഷുകാരെ നായാട്ടിനനുവദിക്കുന്നത് 'തിരുവിതാംകൂർ എന്ന സ്വയംപ്രഖ്യാപിത ഹിന്ദുരാജ്യത്തിന്റെ ശേഷിയില്ലായ്മയാണ്' എന്ന വാദം (പേജ് 120) ബ്രിട്ടീഷ് മേലാളന്മാരുടെ മുന്നിൽ തലകുനിക്കേണ്ടിവരുന്ന ഒരു നാട്ടുരാജ്യത്തിന്റെ നിസ്സഹായതയുടെ സൂചകമെന്നതിലുപരി ഒരു ഹിന്ദുരാജ്യത്തിന്റെ ഗതികേടിലുള്ള ഗ്രന്ഥകാരന്റെ വെറുപ്പുകലർന്ന സന്തോഷമാണ് നമുക്കു വെളിവാക്കിത്തരുന്നത്. തിരുവിതാംകൂർ ഒരു ഹിന്ദുരാജ്യമായി പ്രഖ്യാപിച്ചിരുന്നോ എന്നത് മറ്റൊരു വിഷയമാണ്. രണ്ടുനൂറ്റാണ്ടുമുമ്പ് മാർത്താണ്ഡവർമ്മ തന്റെ രാജ്യം ശ്രീപദ്മനാഭന് സമർപ്പിച്ചതിന്റെ പേരിലാണോ ഈ ആരോപണം എന്നും വ്യക്തമല്ല. അങ്ങനെയെങ്കിൽ ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലവനും കാന്റർബറി ആർച്ച്ബിഷപ്പ് സത്യപ്രതിജ്ഞ ചെയ്യിച്ച് കിരീടമേൽപ്പിച്ചുകൊടുക്കുന്നയാളുമായ രാജാവ് ഭരിക്കുന്ന ബ്രിട്ടൻ ഇപ്പോഴും ക്രിസ്തുമതാധിഷ്ഠിത രാജ്യമെന്നു കരുതേണ്ടിവരും. എന്നാൽ ഇവിടെ ബ്രിട്ടീഷ് തോട്ടമുടമകളെ തിരുവിതാംകൂർ സർക്കാർ നിലക്കുനിർത്തുന്നതിന്റെ ഉദാഹരണങ്ങൾ ഈ കൃതിയിൽത്തന്നെ കാണാനാവും. 1911-ൽ തിരുവിതാംകൂർ ഭരണാധികാരികൾക്ക് തോട്ടം മേഖലയിലെ അമിതനായാട്ടിനെക്കുറിച്ച് പരാതികൾ ലഭിച്ചതിനാൽ അവിടെ നടക്കുന്നത് മൃഗങ്ങളുടെ കൂട്ടക്കൊലയായി കണക്കാക്കി. തോട്ടത്തിന്റെ ജനറൽ മാനേജർമാർക്ക് ഇതിനു മറുപടി നൽകേണ്ടിവന്നു. ഇത് തോട്ടം മേഖലയിലെ ഉദ്യോഗസ്ഥരെയാകെ നാണം കെടുത്തുകയും നായാട്ട് നിയന്ത്രിക്കാൻ അവർക്ക് നടപടികൾ എടുക്കേണ്ടിയും വന്നു (പേജ് 131). ഈ പുസ്തകത്തിൽ എന്തിനെയെങ്കിലും കുറിച്ച് ആദരപൂർവമായ അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കിൽ അത് ബാസൽ മിഷനെക്കുറിച്ചും അവരുടെ മതപരിവർത്തന ഉദ്യമങ്ങളെക്കുറിച്ചും മാത്രമാണ്. ബാസൽ മിഷൻ കേരളത്തിന്റെ സാഹചര്യത്തിൽ ഒരു ജാതിരഹിത സമുദായത്തെ നിർമ്മിച്ചെടുക്കാൻ സാധിച്ച ഏക മിഷനറി പ്രസ്ഥാനമാണത്രേ! അവർ കേരളത്തിൽ വ്യാവസായികമാറ്റങ്ങൾക്ക് തുടക്കം കുറിച്ചു. ജാതി-അടിസ്ഥാന തൊഴിലിനെ മറികടന്ന് തൊഴിലാളി എന്ന സങ്കൽപ്പത്തിലേക്ക് മലയാളികളെ എത്തിച്ച സാമൂഹ്യപ്രസ്ഥാനവുമാണത് (പേജ് 99). മാത്രവുമല്ല അവർ കീഴാളരുടെ ദൈനംദിന ജീവിതത്തിൽ പങ്കാളികളുമായി (പേജ് 100). വിദേശപണത്തിന്റെ മേനിക്കൊഴുപ്പിൽ ജനങ്ങളെ സംഘടിതമായി മതംമാറ്റാൻ എത്തിയ ഒരു കൂട്ടത്തിനെയാണ് ഇങ്ങനെ സോപ്പിട്ടു പതപ്പിക്കുന്നതെന്ന് നമ്മൾ ഇവിടെ ഓർമ്മിക്കണം. ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നത് 'കിഴക്കൻ മേഖലയിൽ മറ്റൊരു ജീവിതം സാദ്ധ്യമാക്കിയ ഹെൻറി ബേക്കർ ജൂനിയർ' എന്ന മിഷനറിയുടെ പേരിലാണ്. ഇത്രയും മെയ്‌വഴക്കമുള്ള ഒരു കുഞ്ഞാട് പുസ്തകത്തിന്റെ പലയിടങ്ങളിലും സവർണ്ണശക്തികളെ അനാവശ്യമായും അപ്രസക്തമായും വിമർശിച്ചുകാണുന്നത് അരോചകമായിത്തോന്നി.
 
പരിസ്ഥിതിവാദികൾ എന്തൊക്കെ പറഞ്ഞാലും വനം-വന്യജീവി സംരക്ഷണനിയമങ്ങൾ വളരെ ഫലപ്രദമായി പാലിക്കപ്പെടുന്നതിന്റെ ഫലമായി കാടിനോടു ചേർന്നുകിടക്കുന്ന പല മനുഷ്യവാസപ്രദേശങ്ങളിലും മുമ്പുണ്ടാകാത്ത വിധത്തിൽ കൃഷിക്കും മനുഷ്യജീവനും ഭീഷണിയാകുന്ന വിധത്തിൽ വന്യമൃഗശല്യം കേരളത്തിൽ അനുഭവപ്പെട്ടുതുടങ്ങിയിട്ടുണ്ട്. അതിനാൽ ഈ വിഷയത്തിന്റെ കാലികപ്രസക്തി വളരെ പ്രധാനപ്പെട്ടതാണ്. എന്നാൽ അതൊന്നും പരിഗണിക്കുകകൂടി ചെയ്യാതെ ഈ പുസ്തകം പലപ്പോഴും ജെ.എൻ.യു അജണ്ടയായ സവർണ്ണ-ദളിത് വൈരുദ്ധ്യത്തിലേക്ക് സ്ഥാനത്തും മിക്കപ്പോഴും അസ്ഥാനത്തും കയറിച്ചെന്ന് ഉണങ്ങിക്കൊണ്ടിരിക്കുന്ന വ്രണം ബോധപൂർവം വീണ്ടും മാന്തി മാന്തി പുണ്ണാക്കാൻ ശ്രമിക്കുക മാത്രമേ ചെയ്യുന്നുള്ളു.. എങ്കിലല്ലേ അതൊരിക്കലും ഉണങ്ങാതിരിക്കുകയുള്ളൂ! നായാട്ടെഴുത്തുകൾ സവർണ്ണതയുടെ സ്ഥാപനം നടത്തുന്നുവെന്നും കീഴാളജനതയായ ആദിവാസികളേയും ദളിതരേയും ചൂഷണം ചെയ്തതിന്റെ ചരിത്രമാണെന്നും മിഷനറിമാരുടെ കുഴലൂത്തുകാരനായ ഈ ഗ്രന്ഥകാരൻ ആവേശപൂർവം വാദിക്കുന്നു. ഇദ്ദേഹത്തിന് ഇന്ത്യാ ഉപഭൂഖണ്ഡം എന്നൊന്നില്ല, പകരം തെക്കേ ഏഷ്യയാണത്. ഇതും ഒരു ജെ.എൻ.യു അഭ്യാസമാണ്. ഈ പുസ്തകത്തിലെ ഗവേഷണനിലവാരമൊക്കെ വളരെ തരംതാഴ്‌ന്നതാണ്. ഏതാനും പുസ്തകങ്ങളിലും പഴയ വർത്തമാനപത്രങ്ങളിലും എഴുതപ്പെട്ട വസ്തുതകളെ ലേഖകന്റെ മുൻവിധികളുടേയും അജണ്ടകളുടേയും മേമ്പൊടി കലർത്തി അവതരിപ്പിക്കുന്ന ഈ കൃതി ഒരു വിധത്തിലും ആകർഷണീയമല്ല.

പുസ്തകം ശുപാർശ ചെയ്യുന്നില്ല.
 
Book review of 'Mrugaya - Keralathine Nayattucharithram' 
Author: Vinil Paul
Publisher: DC Books, 2022 (First)
ISBN: 9789356432543
Pages: 223
 

Saturday, July 19, 2025

നായർ ചരിത്രദൃഷ്ടിയിലൂടെ

കേരളീയസംസ്കൃതിയുടെ സമസ്തമേഖലകളിലും ശക്തമായ സാന്നിദ്ധ്യം അവകാശപ്പെടുന്ന നായർ സമുദായത്തിന്റെ ചരിത്രപരമായ ഉത്പത്തി-വികാസങ്ങളെക്കുറിച്ചുള്ള ഒരു പഠനമാണ് ഈ കൃതി. ജാതിസംഘടനകളുടെ ഏകോപനത്തിൽ നായർ സമുദായത്തിനെക്കുറിച്ചുള്ള അനേകം ഗ്രന്ഥങ്ങൾ പുറത്തുവന്നിട്ടുണ്ട്. സമുദായത്തിന്റെ പൂർവചരിത്രത്തെ വാഴ്ത്തുകയും വർത്തമാനകാലത്തെ അതിന്റെ പ്രസക്തി ആവർത്തിച്ചുറപ്പിക്കുകയും മാത്രമാണ് അവയെല്ലാം ചെയ്യുന്നത്. എന്നാലീ കൃതി ഒട്ടനവധി അപ്രിയസത്യങ്ങളെ തുറന്നുകാട്ടുന്നു. ആധുനികകാലത്തെ സാമൂഹ്യ-സാമ്പത്തിക പൊളിച്ചെഴുതലിൽ നഷ്ടപ്പെട്ടുപോയ ആധിപത്യത്തെ ഈ ഗ്രന്ഥം സൂക്ഷ്മമായി വിലയിരുത്തുന്നു. 1930-കളുടെ അന്ത്യത്തിൽ ക്ഷേത്രപ്രവേശനവിളംബരം വരെയുള്ള വസ്തുതകളേ ഇതിൽ കൈകാര്യം ചെയ്യുന്നുള്ളൂ. തുടർന്നുവന്ന കാർഷികഭൂമിയുടെ പുനർവിതരണവും ഉദ്യോഗസംവരണവും സമുദായത്തെ എങ്ങനെ പ്രതികൂലമായി ബാധിച്ചു എന്നതിന്റെ യാതൊരു വിവരണവും ഇതിൽ ഇല്ല. മാത്രവുമല്ല, 1991-നു ശേഷം നടന്ന ആഗോളവൽക്കരണം, സ്വത്വരാഷ്ട്രീയം, രാഷ്ട്രീയമായി ദേശീയകാഴ്ചപ്പാടുകളിലേക്കുള്ള ചുവടുമാറ്റം മുതലായവയൊന്നും കൈകാര്യം ചെയ്യുന്നില്ല. ചരിത്രപരമായ അവലോകനങ്ങളിൽത്തന്നെ വ്യതിരിക്തമായ വീക്ഷണപാടവമൊന്നും രണ്ടു ലേഖകരും മുന്നോട്ടുവെക്കുന്നുമില്ല. കെ. ശിവശങ്കരൻ നായർ പൊതുമരാമത്തുവകുപ്പിൽ എൻജിനീയറായി സേവനമനുഷ്ഠിച്ചതിനുശേഷം കേരളാ ഹെൽത്ത് റിസർച്ച് ആന്റ് വെൽഫേർ സൊസൈറ്റി (KHRWS) മാനേജിങ് ഡയറക്ടറായി വിരമിച്ചു. വി. ജയഗോപൻ നായർ ചരിത്രാദ്ധ്യാപകനും ധനുവച്ചപുരം എൻ.എസ്‌.എസ്‌ കോളേജിലെ ചരിത്രവിഭാഗം മേധാവിയായി വിരമിച്ചയാളുമാണ്.
 
ചോളാധിപത്യമുണ്ടായ പതിനൊന്ന്, പന്ത്രണ്ട് നൂറ്റാണ്ടുകളിൽ ബ്രാഹ്മണർ സമൂഹത്തിന്റെ ആധിപത്യസ്ഥാനം ഏറ്റെടുത്തുവെന്നും ആ പ്രക്രിയയിൽ അവർക്ക് താങ്ങും തണലുമായിനിന്ന ശൂദ്രവിഭാഗങ്ങളാണ് പിൽക്കാലത്ത് നായർ എന്ന ജാതിയായി പരിണമിച്ചതെന്നുമാണ് ഇതിന്റെ സാരാംശം. നായർ എന്ന പദം പ്രചാരത്തിലാകുന്നതിനുമുമ്പേ വെള്ളാളരായിരുന്നു മാടമ്പികളും ദേശവാഴികളും. ജന്മിത്വത്തിന്റെ അധഃപതനവും മലയാളബ്രാഹ്മണരുടെ വർദ്ധിച്ചുകൊണ്ടിരുന്ന സ്വാധീനശക്തിയും നായർ സമുദായത്തെ ബാധിച്ചു. പതിനാലാം നൂറ്റാണ്ടിൽ ജന്മി സമ്പ്രദായത്തിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു. വെള്ളക്കാരുടെ അധിനിവേശകാലത്ത് അവ ശക്തിപ്പെടുകയും പതിനെട്ടാം നൂറ്റാണ്ടോടെ ജന്മിത്വം പൂർണമായി തകർന്ന് രാജകീയ ഉദ്യോഗസ്ഥന്മാരുടെ ഭരണം നടപ്പിലാവുകയും ചെയ്തു. ചാതുർവർണ്യത്തിലധിഷ്ഠിതമായ ജാതിസമ്പ്രദായം കേരളത്തിൽ അവതരിപ്പിച്ചത് ബ്രാഹ്മണരാണ്. നായന്മാരുടെ അംഗസംഖ്യയിലുള്ള വർദ്ധനവും ജന്മിസമ്പ്രദായത്തിന്റെ തകർച്ചയുമാണ് നായരെ ഒരു ജാതിയാക്കി മാറ്റിയത് എന്നാണ് ഗ്രന്ഥകാരന്മാരുടെ അഭിപ്രായം. ഇത് പതിനെട്ടാം ശതകത്തോടെ സംഭവിച്ചു. അതിനുമുമ്പ് ആയുധവിദ്യയിൽ പ്രാവീണ്യം നേടിയ ഒരു തൊഴിൽവിഭാഗം മാത്രമായിരുന്നു ഇവർ. ലോഗന്റെ അഭിപ്രായത്തിൽ പരദേശീയരുടെ വരവില്ലായിരുന്നുവെങ്കിൽ കേരളത്തിലെ സാമൂഹ്യവ്യവസ്ഥിതിയുടെ കണ്ണും കാതും കല്പനാധിപനുമായി നായർ പിന്നെയും തുടർന്നേനെ. 

വിദേശസഞ്ചാരികളുടെ വർണ്ണനകളെ അമിതമായി ആശ്രയിക്കുന്നു എന്നത് ഈ കൃതിയുടെ ഒരു ന്യൂനതയാണ്. സാമാന്യമായ വിവരങ്ങൾ ഒരു സൂചകമായി മാത്രമേ ഇത്തരം സാഹിത്യത്തിൽനിന്ന് ഏൽക്കാൻ കഴിയുകയുള്ളൂ. സവിശേഷവസ്തുതകളുടെ സ്ഥലകാലപ്രസക്തി കൃത്യമായി വിലയിരുത്താതെയുള്ള ചില നിരീക്ഷണങ്ങൾ ഇതിലുണ്ട്. 1516-ൽ ബാർബോസ എഴുതുന്നത് നായന്മാർ മദ്യപാനികളായിരുന്നില്ല എന്നാണെങ്കിലും 1800-ൽ ഇവർ വളരെ മദ്യാസക്തരായിരുന്നു എന്ന് ഫ്രാൻസിസ് ബുക്കാനൻ പറയുമ്പോൾ മൂന്നു നൂറ്റാണ്ടുകൊണ്ട് ഒരു സമുദായം മുഴുവൻ മദ്യപാനികളായി മാറി എന്ന് വ്യാഖ്യാനിക്കുന്നത് അബദ്ധജടിലമായ കണ്ടെത്തലുകളിലേക്കേ നയിക്കുകയുള്ളൂ. വെള്ളക്കാരുടെ വരവിനുശേഷം നായന്മാരുടെ വിവാഹസമ്പ്രദായത്തെക്കുറിച്ച് വളരെയേറെപ്പേർ രേഖപ്പെടുത്തിയിട്ടുണ്ട്. അവയെ നന്നായി ഈ കൃതി അവലോകനം ചെയ്യുന്നു. നായന്മാരടങ്ങിയ മലയാളിസമൂഹത്തിൽ മദ്ധ്യകാലത്ത് മന്ത്രോച്ചാരണത്തോടുകൂടിയ ചടങ്ങുകളുള്ള വിവാഹം നടന്നിരുന്നില്ല. ബ്രാഹ്മണരുടേയും യഹൂദരുടേയും കൃസ്ത്യാനികളുടേയും ഇടയിൽ മാത്രമാണ് മതപരിവേഷമുള്ള കർമ്മങ്ങളോടുകൂടിയ വിവാഹങ്ങൾ നടന്നിരുന്നത്. ബാക്കിയുള്ളവർക്കെല്ലാം സംബന്ധം മാത്രമാണുണ്ടായിരുന്നത്. സംബന്ധം എന്ന പദത്തിന് കൂട്ടിരിക്കൽ എന്നോ കൂടെ താമസിക്കൽ എന്നോ മാത്രമേ അർത്ഥമുള്ളൂ. ഒരർത്ഥത്തിൽ ഇന്നത്തെ 'ലിവിങ് ടുഗെതർ' തന്നെ. ഫാഷനുകൾ മാറിമാറി വരുന്നതല്ലാതെ പുതിയവ ഉണ്ടാകുന്നില്ല എന്നു പറയുന്നത് എത്ര ശരിയാണ്!
 
മദ്ധ്യകാലകേരളത്തിന്റെ ഒരു സാംസ്കാരികശാപം തന്നെയായിരുന്നു ഒട്ടുമിക്ക ജാതിവിഭാഗങ്ങളും പിന്തുടർന്നിരുന്ന മാതൃദായക്രമം. പിന്തുടർച്ച അച്ഛനിൽനിന്ന് മകനിലേക്കായിരുന്നില്ല, മറിച്ച് അമ്മാവനിൽനിന്ന് അനന്തരവനിലേക്കായിരുന്നു. ഒന്നിലധികം പങ്കാളികളെ നിലനിർത്തിക്കൊണ്ടിരുന്ന സ്ത്രീകൾക്ക് ഇത്തരമൊരു വ്യവസ്ഥയിൽ മാത്രമേ തങ്ങളുടെ സന്താനങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ സാധിക്കുമായിരുന്നുള്ളൂ. നായന്മാർ മാത്രമല്ല, നമ്പൂതിരിമാർ ഒഴികെയുള്ള എല്ലാ ജാതിക്കാരും ഇതുതന്നെയാണ് പിന്തുടർന്നിരുന്നത്. ഇത്തരമൊരു ദായക്രമം നടപ്പിൽ വന്നതെങ്ങനെ എന്നു മനസ്സിലാക്കാൻ ഒരു തീവ്രശ്രമം ഈ പുസ്തകത്തിൽ നടത്തുന്നുണ്ടെങ്കിലും അതിൽ പൂർണവിജയം നേടിയതായി വിലയിരുത്താൻ സാധിക്കില്ല. ക്രമരഹിതമായ ലൈംഗികബന്ധം, ബഹുഭർത്തൃത്വം, പുരുഷന്മാരുടെ സൈനികസേവനം, നമ്പൂതിരി സംബന്ധം, കൂട്ടുകുടുംബവ്യവസ്ഥ, പുരാതനകാലത്തുനിന്നുള്ള തുടർച്ച എന്നിവയെല്ലാം ഇതിനു കാരണമായി ചൂണ്ടിക്കാട്ടാമെങ്കിലും സൂക്ഷ്മവീക്ഷണത്തിൽ അവയൊന്നും യുക്തിസഹമല്ല എന്ന് ഗ്രന്ഥകർത്താക്കൾ കണ്ടെത്തുന്നു. സ്ഥാവരവസ്തുവായ ഭൂമിയിൽ കൃഷിപ്പണികൾ നടത്തിക്കുവാൻ വേണ്ടി ഭർത്താവ് ഭാര്യാഗൃഹത്തിൽ സ്ഥിരതാമസമാക്കിയതാണ് ഇതിനു തുടക്കം കുറിച്ചതെന്നു സിദ്ധാന്തിക്കുന്നു. ഇത്തരം കുടുംബങ്ങളിൽ ഉന്നതജാതിക്കാരുമായി വിവാഹബന്ധം കൂടിവന്നതോടെ അങ്ങനെ ജനിക്കുന്ന കുട്ടികൾക്ക് മാതാവിന്റെ കുടുംബത്തിലെ സ്വത്ത് ലഭിക്കുന്നതിനും ഈ സമ്പ്രദായം ആവശ്യമായിരുന്നു. അങ്ങനെ ഇത് താഴ്‌ന്ന ജാതിക്കാരിലേക്കും വ്യാപിച്ചു. ഈ വാദം അത്ര ശരിയാണെന്നു തോന്നുന്നില്ല. നമ്പൂതിരി പുരുഷന്മാരും നായർ സ്ത്രീകളുമായി പങ്കാളിത്തം സാധാരണയായിരുന്നെങ്കിലും ഈ രണ്ടു ജാതികളിലെ പുരുഷന്മാരും അവർക്കു താഴെയുള്ള ജാതികളിലെ സ്ത്രീകളുമായി ബന്ധപ്പെടുക പതിവായിരുന്നില്ല. മാതൃദായക്രമം പത്ത്-പന്ത്രണ്ട് നൂറ്റാണ്ടുകൾക്കിടയിൽ നിലവിൽ വന്നു. ആദ്യകാലങ്ങളിൽ ഭരണവർഗ്ഗത്തിനിടയിൽ മാത്രമാണ് ഇത് കണ്ടുവന്നിരുന്നതെങ്കിലും ഏതാനും നൂറ്റാണ്ടുകൾ കഴിയുന്നതോടെ ഇത് പൊതുവായി വ്യാപിച്ചു.
 
തൊട്ടുകൂടായ്മ ഭാരതത്തിൽ പലയിടങ്ങളിലും നടമാടിയിരുന്നെങ്കിലും അതിന്റെ ഏറ്റവും തീവ്രമായ പ്രത്യക്ഷപ്പെടലായ തീണ്ടൽ അഥവാ അടുത്തുവരാൻ പോലും പാടില്ലായ്‌ക കേരളത്തിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാഷ്ട്രീയാധികാരങ്ങളെല്ലാം നഷ്ടപ്പെട്ട് (വെള്ളക്കാരുടെ ആധിപത്യത്തോടെ) ക്ഷേത്രങ്ങളുടേയും ക്ഷേത്രവസ്തുക്കളുടേയും പരിപാലനം മാത്രമായതോടെ ബ്രാഹ്മണർ പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആരംഭിച്ച ഒരു ദുരാചാരമാകാം തീണ്ടൽ. ഇതു നടപ്പാക്കേണ്ട ചുമതല നായർ ഏറ്റെടുത്തു. നായരുടെ പിന്തുണയില്ലായിരുന്നെങ്കിൽ ഈ അനാചാരം ഒരുപക്ഷേ ഇത്ര രൂക്ഷമായി പ്രചരിക്കുമായിരുന്നില്ല എന്ന് ലേഖകർ ഊഹിക്കുന്നു. ഈഴവർ ഒരു സവർണ്ണ വിഭാഗമായിരുന്നെങ്കിൽ ഈ അനാചാരം ഇത്ര പെട്ടെന്ന് അപ്രത്യക്ഷമാകുമായിരുന്നില്ല എന്നാണ് എനിക്ക് ഇതിനോട് ചേർത്തുവെക്കാനുള്ള ഒരു അനുലേഖം. കാരണം ഈഴവർ അവർണ്ണരായിരുന്നതിനാലാണ് ജാതിമേധാവിത്വത്തിനെതിരെയുള്ള പ്രക്ഷോഭം തീവ്രമായി കേരളത്തിൽ അരങ്ങേറിയത്. മാർത്താണ്ഡവർമ്മക്കുശേഷമുള്ള ആധുനിക കേരളത്തിൽ നായർ സമുദായത്തിന്റെ ഭാഗധേയങ്ങൾ എങ്ങനെ മാറിമറിഞ്ഞു എന്ന് ഈ കൃതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടിൽ ഫ്യുഡലിസം പൂർണമായി തകർക്കപ്പെടുകയും രാജാവ് നിശ്ചയിക്കുന്ന ഉദ്യോഗസ്ഥരിലൂടെ സർവ്വനിയന്ത്രണവും അദ്ദേഹത്തിലെത്തിച്ചേരുകയും ചെയ്തു. ഈ ചുമതലകളെല്ലാം നിർവഹിച്ചിരുന്ന നാടുവാഴി വിഭാഗങ്ങളും അവരുടെ അനുചരവൃന്ദങ്ങളും ഇതോടെ തൊഴിൽരാഹിത്യത്തിന്റെ അപ്രസക്തിയിലേക്ക് തപ്പിത്തടഞ്ഞുനീങ്ങി. നികുതിപിരിവ്, ക്രമസമാധാനപാലനം, നീതിന്യായപരിപാലനം, രാജ്യരക്ഷ ഇവയെല്ലാം രാജാവ് നിശ്ചയിച്ച ഉദ്യോഗസ്ഥർ നടത്തി. സൈന്യമായിരുന്നു പിന്നീട് നായർക്ക് മേൽക്കൈ ഉണ്ടായിരുന്ന ഭരണവിഭാഗം. ഇവിടെയും സ്ഥിതി ആശാവഹമായിരുന്നില്ല. ടിപ്പുവിന്റെ അന്ത്യത്തിനുശേഷം കലാപങ്ങൾ ഒതുങ്ങിയപ്പോഴും മുൻകാല കപ്പം തന്നെ തിരുവിതാംകൂർ തുടർന്നു നൽകണമെന്ന് ബ്രിട്ടീഷുകാർ ശാഠ്യം പിടിച്ചു. സാമ്പത്തികബുദ്ധിമുട്ടുകളിൽ നട്ടം തിരിഞ്ഞ രാജ്യത്തിന് സൈന്യത്തിന്റെ വലിപ്പമോ വേതനമോ കുറയ്ക്കുകയല്ലാതെ നിവൃത്തിയില്ലെന്നു വന്നു. ഈ ഘട്ടത്തിലാണ് വേലുത്തമ്പി ദളവ മറുകണ്ടം ചാടി സൈന്യത്തിന്റെ വലിപ്പം നിലനിർത്തുന്നതിനുവേണ്ടി വെള്ളക്കാർക്കെതിരെ പൊരുതിയത്. എന്നാലിത് നായർ സൈന്യത്തിന്റെ തായ്‌വേരറുത്ത നടപടിയായി മാറി. 1801 മുതൽ 1936 വരെയുള്ള കാലഘട്ടത്തിലെ നവീകരണപ്രക്രിയകൾ ഒരദ്ധ്യായത്തിൽ വിശദമായി ഇതിൽ പ്രതിപാദിക്കുന്നുണ്ട്. 

ഈ പുസ്തകത്തിന്റെ അവതാരിക തയ്യാറാക്കിയിരിക്കുന്നത് പ്രമുഖ ചരിത്രകാരനായ  എം.ജി. ശശിഭൂഷൺ ആണ്. ഗവേഷണത്തിന്റെ രീതിശാസ്ത്രത്തിൽ തെല്ലൊരു അവ്യക്തത പുസ്തകത്തിലുടനീളം കാണാം. അനേകം സിദ്ധാന്തങ്ങൾ അവതരിപ്പിക്കുമ്പോഴും ഇതെല്ലാം പ്രായോഗികമാണോ എന്നൊരു സന്ദേഹം ലേഖകർക്കുണ്ടോ എന്ന് വായനക്കാർ ചിന്തിച്ചുപോകുന്ന രീതിയിലാണ് ചിലയിടങ്ങളിൽ വിവരങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്. പ്രകടമായ ചില തെറ്റുകൾ ഇതിൽ കടന്നുകൂടി എന്നത് പ്രസാധകരുടെ ഭാഗത്തുനിന്നുള്ള പിഴവ് തന്നെയാണ്. 'പസഫിക് ദ്വീപുകളിലും അന്റാർട്ടിക്കയിലും കാണുന്ന ചില ഗോത്രവർഗങ്ങൾക്കിടയിൽ സാധാരണ വിവാഹസമ്പ്രദായം നിലവിലുണ്ടായിരുന്നില്ല എന്ന് വെസ്റ്റർമാർക്ക് പറയുന്നു' (പേജ് 108). അന്റാർട്ടിക്കയിൽ മനുഷ്യവാസമില്ലെന്നതോ പോകട്ടെ, പസഫിക് ദ്വീപുകളിലെ ഗോത്രപാരമ്പര്യങ്ങൾ കേരളീയ ആദിസമൂഹത്തിന് മാതൃകയോ അനുകരണമോ ആയിത്തീരുന്നതെങ്ങനെയാണ്? തലയെണ്ണി നികുതി കണക്കാക്കുന്ന poll tax-നെ തെരഞ്ഞെടുപ്പുനികുതി എന്നു പരിഭാഷപ്പെടുത്തിയത് ശരിയായില്ല (പേജ് 172). ചില കൗതുകകരമായ വിവരങ്ങളും ഈ ഗ്രന്ഥം നൽകുന്നുണ്ട്. ക്രി. വ. ആദ്യനൂറ്റാണ്ടുകളിൽ കേരളത്തിൽ ജനങ്ങൾ ഭക്ഷണത്തിനായി ആശ്രയിച്ചിരുന്നത് കാവേരീതടത്തിലെ നെല്ലിനെയായിരുന്നു എന്ന് രേഖപ്പെടുത്തിക്കാണുന്നു. ഭക്ഷണകാര്യത്തിൽ അന്നും കേരളത്തിന് സ്വയംപര്യാപ്തത ഉണ്ടായിരുന്നില്ല എന്നു കാണുന്നത് രസകരമായിത്തോന്നി. പുസ്തകത്തിന്റെ പലയിടങ്ങളിലും കേരളചരിത്രം മാത്രമാണ് വിശദീകരിക്കപ്പെടുന്നതെന്നതിനാൽ പരാമർശവിഷയത്തോട് ഗ്രന്ഥകർത്താക്കൾക്ക് പൂർണമായി നീതി പുലർത്താൻ കഴിഞ്ഞിട്ടില്ല.

പുസ്തകം ശുപാർശ ചെയ്യുന്നു.
 
Book review of 'Nair Charithradrushtiyiloode'
Authors: K. Sivasankaran Nair, V Jayagopan Nair
Publisher: DC Books, 2023 (First)
ISBN: 9789357320214
Pages: 224
 

Thursday, June 19, 2025

കേരളത്തിന്റെ ദാരാ ഷുക്കോ

ഇസ്ലാമികചരിത്രത്തിലെ ഒരു തിളങ്ങുന്ന അദ്ധ്യായമാണ് സലാഹുദീൻ അയൂബി എന്ന ഈജിപ്ഷ്യൻ ചക്രവർത്തിയുടെ ഭരണകാലം. മദ്ധ്യകാലഘട്ടത്തിൽ അപൂർവമായ സഹാനുഭൂതിയും കരുണയും സലാഹുദീനെ വ്യത്യസ്തനാക്കി. ഈജിപ്തിൽ നിലവിലിരുന്ന ഫാത്തിമിയ രാജവംശത്തെ പുറത്താക്കി തന്റെ അയൂബി വംശത്തിന്റെ ആധിപത്യം സ്ഥാപിച്ച ഇദ്ദേഹത്തിന്റെ തുടർന്നുള്ള ഒരു പ്രവൃത്തി ശ്രദ്ധേയമാണ്. ഗംഭീരമായ ഒരു പുസ്തകശാല ഫാത്തിമിയകൾക്ക് സ്വന്തമായിരുന്നു. ഉടമസ്ഥർ കീഴടങ്ങിയതിനുശേഷം അതെന്തു ചെയ്യണം എന്ന് സലാഹുദീനോട് ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടി ഇതായിരുന്നു: "ഈ പുസ്തകങ്ങളിലെ അറിവ് വിശുദ്ധ ഖുർആന്റെ സന്ദേശത്തിനു വിരുദ്ധമാണെങ്കിൽ അവ നശിപ്പിച്ചു കളയുക. മറിച്ചാണെങ്കിൽ നമുക്ക് ഈ ഗ്രന്ഥങ്ങളുടെ ആവശ്യമേയില്ലല്ലോ"! ആ ഗ്രന്ഥങ്ങളെല്ലാം പൊട്ടവിലയ്ക്ക് തൂക്കിവിറ്റു എന്നാണ് ഫലശ്രുതി. ഇസ്ലാമികലോകത്തിലെ ഏറ്റവും സംസ്കാരസമ്പന്നനായ ഒരു ഭരണാധികാരിയുടെ സഹിഷ്ണുതയാണ് ഈ വാക്കുകളിൽ വെളിവാകുന്നത്. അഞ്ചു നൂറ്റാണ്ടുകൾക്കുശേഷം ഷാജഹാൻ ചക്രവർത്തിയുടെ മകനായി ദാരാ ഷുക്കോ എന്നൊരു രാജകുമാരൻ ഭൂജാതനായി. മുഗൾ വംശം അടിമകളെപ്പോലെ ചവിട്ടിത്തേച്ചുകൊണ്ടിരുന്ന ഹിന്ദു സമൂഹത്തിനും പുണ്യഗ്രന്ഥങ്ങളുണ്ടെന്നും അവയിലെ വിജ്ഞാനം ലോകശ്രദ്ധയ്ക്ക് പാത്രമാക്കേണ്ടതാണെന്നും അദ്ദേഹത്തിനുതോന്നി. ഭഗവദ് ഗീത ഉൾപ്പെടെയുള്ള നിരവധി ഗ്രന്ഥങ്ങൾ ഈ കുമാരന്റെ പ്രേരണയിൽ പേർഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റം നടത്തുകയും ഹിന്ദു പണ്ഡിതരെ ആശയവിനിമയത്തിൽ പങ്കാളികളാക്കുകയും ചെയ്തു. എന്നാൽ അധികാരമത്സരത്തിൽ സഹോദരനായ ഔറംഗസീബിനോട് തോറ്റുപോയ ദാരയുടെ ശിരസ്സ് വെട്ടിയെടുത്ത് പ്രഭാതഭക്ഷണത്തിനിരുന്ന ഔറംഗസീബിന്റെ തീൻമേശയിൽ ഒരു വെള്ളിപ്പാത്രത്തിൽ നിരത്തി എന്നാണ് പറയപ്പെടുന്നത്. സഹിഷ്ണുതയുടെ കാര്യത്തിൽ ഇസ്ലാമികസമൂഹത്തിന്റെ മുൻകാലപ്രവൃത്തികൾ ഇങ്ങനെയായിരിക്കേ അന്യമതദർശനങ്ങളെക്കുറിച്ച് പഠിക്കുവാനുള്ള ആഗ്രഹം പ്രദർശിപ്പിക്കുകയും അവയുടെ പരിഭാഷയും നിർവഹിച്ച കരുനാഗപ്പള്ളി സ്വദേശിയായ വിദ്വാൻ ഏ. ഇസ്‌ഹാഖ് സാഹിബിന്റെ ജീവിതമാണ് ഈ കൃതി നമുക്കു പരിചയപ്പെടുത്തുന്നത്. അദ്ധ്യാപകനും രാഷ്ട്രീയനേതാവുമായ കെ. ടി. ജലീൽ ആണ് ഇതു രചിച്ചിരിക്കുന്നത്.
 
വിദ്വാൻ ഏ. ഇസ്‌ഹാഖ്‌ സാഹിബ് (1914 - 1998) കരുനാഗപ്പള്ളി സ്വദേശിയാണ്. മദ്രാസ് സർവകലാശാലയിൽനിന്ന് വിദ്വാൻ പരീക്ഷ വിജയിച്ചതിനുശേഷം അദ്ദേഹം മലയാളം, സംസ്കൃതം ഭാഷകളുടെ അദ്ധ്യാപകനായി സർക്കാർ സർവീസിൽ നിരവധി വർഷം സേവനമനുഷ്ഠിച്ചു. സ്ഥാനക്കയറ്റത്തിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ അലനല്ലൂർ സ്‌കൂളിൽ എത്തിയതിനുശേഷം അവിടെനിന്ന് വിരമിച്ചു. അലനല്ലൂരിൽ വീടും പറമ്പും വാങ്ങി സ്ഥിരതാമസമാക്കിയതിനുശേഷമാണ് സാഹിബിന്റെ സാഹിത്യരചനാവൈഭവം പൂർണമായി  വെളിവാക്കപ്പെട്ടത്. ഭാഷാദ്ധ്യയനത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്ന അദ്ദേഹം ഭാഷ വ്യക്തവും സ്ഫുടവുമായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത വിദ്യാർത്ഥികളേയും പൊതുജനങ്ങളേയും പറഞ്ഞുമനസ്സിലാക്കി. 'പശു' എന്ന് ക്ലാസിൽ പഠിപ്പിക്കുന്ന അദ്ധ്യാപകൻ തന്നെ പുറത്തിറങ്ങിയാൽ അതിനെ 'പജ്ജ്' എന്നു വിളിക്കുന്നതിനെ നിശിതമായി വിമർശിച്ചു. ഭഗവദ് ഗീത, മനുസ്‌മൃതി, തിരുക്കുറൾ (അപൂർണം), നീതിശതകം എന്നീ കൃതികളുടെ കാവ്യപരിഭാഷയും ലഘുകവിതകളും ലേഖനങ്ങളുമാണ് ഇസ്‌ഹാഖിന്റെ സാഹിത്യസൃഷ്ടികൾ. ഈ മഹാത്മാവിനെ സാഹിത്യകേരളത്തിന് കാര്യമായി പരിചയമില്ല എന്നതിൽ നാം ലജ്ജിക്കേണ്ടതുണ്ടെന്നാണ് പുസ്തകത്തിന്റെ അനുബന്ധമായി കൊടുത്തിരിക്കുന്ന ഗീതാപരിഭാഷയിലെ രണ്ടദ്ധ്യായങ്ങൾ തെളിയിക്കുന്നത്.
 
'പലമതസാരവുമേകം' എന്ന ഗുരുദേവദർശനത്തെ സ്വന്തം ജീവിതത്തിൽ പകർത്തിയ വ്യക്തി എന്നാണ് ഇസ്‌ഹാഖിനെ ജലീൽ വിശേഷിപ്പിക്കുന്നത്. സർവമതധാർമികത എന്നൊക്കെ നമുക്ക് വീമ്പുപറയാൻ കൊള്ളാമെങ്കിലും 'ഞങ്ങളുടെ ദൈവമല്ലാതെ മറ്റൊരു ദൈവമില്ല' എന്ന് ദിനംപ്രതി ഉച്ചൈസ്തരം ഉദ്‌ഘോഷിക്കുന്നതും അതും എങ്ങനെ ഒത്തുപോകും എന്ന് ന്യായമായും സംശയിക്കാവുന്നതാണല്ലോ. എന്നാൽ സാഹിബിന് ഈ വൈരുദ്ധ്യം ബൗദ്ധികമായ ഒരു തടസ്സമായിരുന്നില്ല. അറിവിന്റെ കൈമാറ്റത്തിലൂടെ ഏകമതദർശനം എന്ന ആദർശം സാക്ഷാൽക്കരിക്കാൻ സാധിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുകയും അതിനുവേണ്ടി യത്നിക്കുകയും ചെയ്തു. സംസ്കൃതഭാഷയിൽ നല്ല അവഗാഹമുണ്ടായിരുന്ന ഇസ്‌ഹാഖ്‌ അതിനെ നർമ്മം കലർത്തി നിത്യസംസാരഭാഷയുമായും ബന്ധപ്പെടുത്തി. എന്താണ് ഇലയിൽ പൊതിഞ്ഞുകൊണ്ടുപോകുന്നതെന്ന് വഴിമദ്ധ്യേ ഒരു സ്നേഹിതൻ ആരാഞ്ഞപ്പോൾ 'പത്രേ നിബദ്ധേ പ്രഥമാവതാരം' എന്നാണ് അദ്ദേഹം മറുപടി നൽകിയത്! ഇലയിൽ പൊതിഞ്ഞിരിക്കുന്നത് മഹാവിഷ്ണുവിന്റെ പ്രഥമാവതാരം - അതായത് മത്സ്യം - ആണെന്നാണ് ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്. ചോദ്യകർത്താവിന് ആശയം വ്യക്തമായോ എന്ന് രേഖപ്പെടുത്തിയിട്ടില്ല! ഹൈന്ദവ പ്രഭാഷണങ്ങളും ഇസ്‌ഹാഖ്‌ ശ്രദ്ധിക്കാറുണ്ടായിരുന്നു. ഒരിക്കൽ അലനല്ലൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിൽ പ്രഭാഷണം നടക്കുമ്പോൾ സാഹിബ് പുറത്തിരുന്ന് കേൾക്കുകയായിരുന്നു. ചില ക്ഷേത്രങ്ങളിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കാറില്ലല്ലോ. എന്നാൽ സാഹിബ് പുറത്തുണ്ടെന്നു മനസ്സിലാക്കിയ പ്രഭാഷകൻ അദ്ദേഹത്തെ അകത്തുകടത്തിയാലേ പ്രഭാഷണം തുടരൂ എന്ന് നിർബന്ധം പിടിച്ചു. തുടർന്ന് പ്രവേശനം അനുവദിക്കുകയും പ്രസംഗം മുഴുവനായി ഇസ്‌ഹാഖ്‌ കേൾക്കുകയും ചെയ്തു. 

സാഹിബിന്റെ ഗീതാപരിഭാഷയിലെ രണ്ടദ്ധ്യായങ്ങൾ വായനക്കാർക്ക് പരിചയപ്പെടുത്തുന്നതിനായി അനുബന്ധമായി ചേർത്തിരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ പൂർവാർദ്ധത്തിൽ പ്രചാരത്തിലിരുന്ന ശൈലിയിൽ മനോഹരമായ വാഗ്ഘടനയോടു കൂടിയ ഒരു പദ്യകൃതി തന്നെയാണിത്. ഗീതക്ക് മുപ്പതോളം മലയാളപരിഭാഷകൾ ഉണ്ടെന്നിരിക്കിലും കൈരളീ ഭഗവദ് ഗീതയെന്ന ഈ രചനക്കും നമ്മുടെ സാഹിത്യനഭസ്സിൽ ഒരു മികച്ച സ്ഥാനം ഉറപ്പാണ്. ഗീത വായിച്ചപ്പോൾ അത് 'ലോകോത്തരവും സാർവജനീനവുമായ തത്വരത്നങ്ങൾ ഉൾക്കൊള്ളുന്ന വിശിഷ്ടഗ്രന്ഥമാണെന്നും എല്ലാ മതസിദ്ധാന്തങ്ങളുടേയും സമാഹൃതസന്ദേശമാണെന്നും' മനസ്സിലായതായി ഗ്രന്ഥകാരൻ രേഖപ്പെടുത്തുമ്പോൾ അത് വിവിധമതങ്ങൾ തമ്മിലുള്ള സങ്കീർണ്ണമായ സമവാക്യങ്ങൾ കുറച്ചെങ്കിലും നിർദ്ധാരണം ചെയ്യാൻ സഹായിക്കാതിരിക്കില്ല. എന്നാൽ ഇതിലുമപ്പുറമായി ജലീൽ സോഷ്യലിസം, കമ്മൂണിസം തുടങ്ങിയ വർഗ്ഗവിഭാഗങ്ങളുടെ ആദർശങ്ങൾ ഗീതയിൽ കാണാം (പേജ് 57) എന്നു വാദിക്കുന്നത് രാഷ്ട്രീയമായ സ്വന്തം ചായ്‌വുകൾക്കുവേണ്ടിയുള്ള ഒരു താങ്ങായി മാത്രമേ കാണാനാകൂ.
 
ഇതൊരു ജീവചരിത്രമാണെങ്കിലും അത്തരം കൃതികളിൽ അന്തർലീനമായ ഒരു ചൈതന്യം ഈ പുസ്തകത്തിലില്ല. Obituary എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ഒരു ചരമാനന്തര സ്മരണികയായി മാത്രമേ അനുഭവപ്പെടുന്നുള്ളൂ. ഇസ്‌ഹാഖിന്റെ ജീവിതത്തിലെ വിവിധ അദ്ധ്യായങ്ങൾ ഗ്രന്ഥകർത്താവ് പരിശോധിക്കുന്നില്ല. അദ്ദേഹത്തിന്റെ ബന്ധുജനങ്ങളും സുഹൃത്തുക്കളുമടങ്ങുന്ന സഞ്ചയത്തിലേക്ക് ജലീൽ ഇറങ്ങിച്ചെന്നിട്ടില്ല എന്നു കാണാനാകും. ഗീതാ പരിഭാഷയിലെ രണ്ട് അദ്ധ്യായങ്ങൾ കൂടാതെ മനുസ്മൃതി പരിഭാഷയുടേയും രണ്ടദ്ധ്യായങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നുവെന്ന് പേജ് 63-ൽ പറയുന്നുവെങ്കിലും അതു കാണുന്നില്ല. ഇസ്‌ഹാഖ്‌ സാഹിബിന്റെ ഈ വിധ സാഹിത്യപ്രവൃത്തികൾ ഇസ്ലാമികമൗലികവാദികളിൽനിന്ന് സ്വാഭാവികമായും എതിർപ്പ് ക്ഷണിച്ചുവരുത്തിയിട്ടുണ്ടാകാമെങ്കിലും അതിനെക്കുറിച്ച് തികഞ്ഞ നിശ്ശബ്ദത ഈ പുസ്തകം പാലിക്കുന്നത് കുറ്റകരമായ അനാസ്ഥയാണ്. അത് യാതൊരെതിർപ്പും ഉണ്ടായില്ല എന്ന് വായനക്കാരെ തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമല്ലേ എന്നുകൂടി സംശയിക്കണം. പാലക്കാട്ടെ രമണാശ്രമവുമായുള്ള ബന്ധവും അവിടത്തെ ആചാര്യന്മാരുമായുള്ള ഇസ്‌ഹാഖിന്റെ സഹവാസവും സമൂഹത്തിലെ മതമൗലികവാദികളുടെ കണ്ണിലെ കരടായി മാറി എന്ന് സുഹൃത്തായ പട്ടലൂർ ദാമോദരൻ നമ്പൂതിരി മാഷ് രേഖപ്പെടുത്തുന്നത് പ്രത്യേകം ശ്രദ്ധിക്കണം (പേജ് 17). തന്റെ മതത്തിൽ അചഞ്ചലമായ വിശ്വാസം നിലനിർത്തിക്കൊണ്ടുതന്നെയാണ് സാഹിബ് ഗീതാപഠനവും മറ്റും നടത്തിയതെന്ന സത്യം മൗലികവാദികൾ അതിന്റേതായ വികാരത്തിൽ ഉൾക്കൊണ്ടുവെന്നുവരില്ല. ആ അർത്ഥത്തിൽ ഈ വിഷയം തീർത്തും ഉപേക്ഷിച്ചുകളഞ്ഞത് ഈ പുസ്തകത്തിന്റെ ഗുരുതരമായ ഒരു പോരായ്മ തന്നെയാണ്. താളുകളുടെ എണ്ണം നന്നേ കുറവാണെങ്കിലും സമൂഹത്തിൽ വേണ്ടവിധത്തിൽ ശ്രദ്ധ നേടിയിട്ടില്ലാത്ത ഒരു സാഹിത്യകാരനെ അവതരിപ്പിക്കുന്നതുവഴി ഈ പുസ്തകം സവിശേഷമായ ശ്രദ്ധക്ക് പാത്രമാകുന്നു.
 
പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
 
Book Review of 'Keralathinte Dara Shukkoh'
Author: K T Jaleel
Chintha Publishers, 2024 (First)
ISBN: 9789348009968
Pages: 111
 

Saturday, April 26, 2025

ആലേഖനങ്ങളിലെ കേരളചരിത്രം

നൃത്തം ചെയ്യുന്ന കന്യക, പശുപതി, ദിദർഗഞ്ജ് യക്ഷി, ദൈമാബാദ് തേരാളി തുടങ്ങിയ ശില്പങ്ങൾ ഭാരതീയ ചരിത്രനിർമ്മിതിയിലെ സുപ്രധാന ഘടകങ്ങളാണ്. ആദ്യത്തെ രണ്ടെണ്ണത്തിൽനിന്ന് സൈന്ധവനാഗരികതയെക്കുറിച്ച് നമ്മൾ ഏറെ വിവരങ്ങൾ വായിച്ചെടുത്തു. ഇതിൽ പലതിന്റേയും പ്രായം 4000 വർഷത്തോളമാണ്. എന്നാൽ കേരളത്തിലേക്കു വരുമ്പോൾ താരതമ്യേന നൂതനമായ സങ്കേതങ്ങളെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ. സംഘകൃതികളുടെ ഉടമസ്ഥത അവകാശപ്പെടുന്നത് നമുക്ക് അല്പംകൂടി പുരാതനത്വം നൽകുമെങ്കിലും അവയിൽ തമിഴകത്തിന്റെ ചാപ്പയുള്ളത് നമ്മെ വളരെയൊന്നും സഹായിക്കില്ല. ആ അർത്ഥത്തിൽ കറ തീർന്ന മലയാളത്തിലെ ആദ്യ ചരിത്ര ഉപാദാനം ക്രി. വ. 849-ലെ തരിസാപ്പള്ളി ചെപ്പേട് ആണ്. ആ ശാസനത്തിലെ ഭാഷ മലയാളമാണെന്നല്ല ഉദ്ദേശിക്കുന്നത്; തർക്കമറ്റ കേരളചരിത്രത്തിന് 1150 വർഷത്തെ പഴക്കമേയുള്ളൂ എന്നതാണിവിടെ വിവക്ഷ. പ്രാചീന ലേഖനങ്ങൾ, നാണയങ്ങൾ, സഞ്ചാരികളുടെ കുറിപ്പുകൾ, സ്മാരകങ്ങൾ, മുൻകാല സാഹിത്യരചനകൾ എന്നിവ ചരിത്രരചനയുടെ ഉപാദാനങ്ങളാണല്ലോ. ചിത്രങ്ങൾ, ശിൽപ്പങ്ങൾ എന്നിവയെപ്പറ്റി നടത്തിയ പഠനങ്ങളിൽ ഗ്രന്ഥകാരൻ കണ്ടെത്തിയ ചരിത്രസൂചനകളിൽ ചിലത് അവതരിപ്പിക്കുകയാണ് ഈ കൃതി ചെയ്യുന്നത്. മലയാളസാഹിത്യത്തിലെ പ്രമുഖവിമർശകനായിരുന്ന എസ്. ഗുപ്തൻ നായരുടെ മകനാണ് ചരിത്രപണ്ഡിതനും അദ്ധ്യാപകനും സ്വാതി തിരുനാൾ മ്യൂസിയം ഡയറക്ടറുമായ എം. ജി. ശശിഭൂഷൺ എന്ന ഗ്രന്ഥകർത്താവ്. പ്രസാധകനായ ഡി. സി. കിഴക്കേമുറിയുടെ നൂറ്റിയെട്ടാം ജന്മവർഷമായ 2022-ൽ ഡി. സി. ബുക്സ് പ്രസിദ്ധീകരിച്ച 108 പുസ്തകങ്ങളിൽ ഒന്നാണിത്.
 
ശശിഭൂഷണിന്റെ വ്യക്തിപരമായ പല അനുഭവങ്ങളും നിരീക്ഷണങ്ങളും ഈ കൃതി ഉൾക്കൊള്ളുന്നു. തന്റെ ചരിത്രാന്വേഷണങ്ങളിലെ ആദ്യഗുരു തന്റെ നാട്ടിൽത്തന്നെയുള്ള കൃഷ്ണപുരം കൊട്ടാരമാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. കുട്ടിക്കാലത്തുതന്നെ ആ കൊട്ടാരത്തെ ചൂഴ്‌ന്നുനിന്നിരുന്ന ഭയം കലർന്ന നിഗൂഢത ആ ബാലനെ ചരിത്രത്തിന്റെ രാജപാതയിലേക്ക് കൈപിടിച്ചു നടത്തി. അതുപോലെ കൗതുകകരമായ ഒരു നിരീക്ഷണം പഴശ്ശി രാജാവിനെക്കുറിച്ചും നടത്തുന്നുണ്ട്. കണ്ണൂർ തൊടിക്കളം ക്ഷേത്രത്തിലുള്ള പഴശ്ശിയുടെ ചുവർചിത്രം കറുത്തിരുണ്ട ഒരു യുവാവിനെയാണ് ചിത്രീകരിച്ചിരിക്കുന്നത്. അദ്ദേഹത്തെക്കുറിച്ച് ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ രേഖപ്പെടുത്തിയിരിക്കുന്നത് 'മുഖത്ത് പുഞ്ചിരിയുള്ള ആൾക്കുരങ്ങിനെപ്പോലെയുള്ള ആൾ' എന്നാണ്. കൈ പൊള്ളിപ്പോകുന്ന തീവ്രതയുള്ള വർണ്ണവെറി ഈ അധിക്ഷേപത്തിലുണ്ടെങ്കിലും തദ്ദേശീയനായ ഒരു കലാകാരൻ വരച്ച ചിത്രവുമായി അതിനു സാമ്യമുണ്ട്. കൊട്ടാരക്കര ശ്രീധരൻ നായർക്കും മമ്മൂട്ടിക്കും പഴശ്ശിരാജാവിന്റെ വേഷം ചലച്ചിത്രങ്ങളിൽ മേക്കപ്പിട്ടവർ ഇതു ശ്രദ്ധിക്കാതെപോയി എന്ന് ഈ പുസ്തകം സരസമായി ചൂണ്ടിക്കാണിക്കുന്നു. മട്ടാഞ്ചേരിയിലെ ഡച്ച് കൊട്ടാരത്തിലെ രാമായണാലേഖനങ്ങൾ പ്രശസ്തമാണ്. പക്ഷേ അവയിൽ ശ്രീരാമപട്ടാഭിഷേക ചിത്രമില്ല. ഈ കൊട്ടാരമുറ്റത്തുവെച്ച് 1662 ഫെബ് 22-ന് കോഴിക്കോട്ടുസൈന്യവുമായുള്ള യുദ്ധത്തിൽ രാമവർമ്മ രാജാവ് (1658-62) വധിക്കപ്പെട്ടിരുന്നു. ആ ദുരന്തസ്മൃതിയെത്തുടർന്നാകണം പട്ടാഭിഷേകചിത്രം ഒഴിവാക്കിയതെന്ന് ഗ്രന്ഥകാരൻ ഊഹിക്കുന്നു.
 
കേരളത്തിലെ ആരാധനാസമ്പ്രദായങ്ങളുമായി ബുദ്ധ-ജൈന മതങ്ങൾക്കുണ്ടായിരുന്ന ഗാഢബന്ധം ഈ പുസ്തകം അടിവരയിട്ടുറപ്പിക്കുന്നു. തിബത്തിൽനിന്ന് താന്ത്രികബുദ്ധമതത്തിന്റെ (വജ്രയാനം) ആചാര്യനായ പദ്മസംഭവൻ കേരളത്തിലേക്ക് കൊണ്ടുവന്ന അവലോകിതേശ്വര ബോധിസത്വന്റെ വിഗ്രഹമാണ് അയ്യപ്പൻ അഥവാ ശാസ്താവ് എന്ന നിഗമനം അധികം പേർ അംഗീകരിക്കുമെന്നു തോന്നുന്നില്ല. പദ്മസംഭവൻ കേരളം പോയിട്ട് ദക്ഷിണേന്ത്യ പോലും സന്ദർശിച്ചതായി തെളിവുകളൊന്നുമില്ല. എന്നാൽ ശാസ്താവിഗ്രഹങ്ങൾ രൂപം മാറിയ ബൗദ്ധവിഗ്രഹങ്ങളാണെന്ന് വിഗ്രഹശാസ്ത്രത്തെക്കുറിച്ച് സാമാന്യധാരണയുള്ളവർ പറയുകയില്ല എന്നും രേഖപ്പെടുത്തുന്നു. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ പലരും അങ്ങനെ ധരിച്ചിരുന്നു. 'അയ്യനാറിൽനിന്ന് അയ്യപ്പനിലേക്ക്' എന്ന അദ്ധ്യായം ഇതേക്കുറിച്ച് വളരെയധികം അറിവുകൾ നൽകുന്നുണ്ട്. കന്യാകുമാരി ജില്ലയിലെ ചിതറാൽ, നാഗർകോവിൽ ക്ഷേത്രങ്ങൾ മുൻകാലത്ത് ജൈനക്ഷേത്രങ്ങളായിരുന്നു എന്ന് തെളിവുകളോടെ സമർത്ഥിക്കുന്നതോടൊപ്പം വയനാട്ടിലെ വിഷ്ണുഗുഡി, ജനാർദ്ദനഗുഡി എന്നീ ജൈനക്ഷേത്രങ്ങളുടെ നിർമ്മാണ സവിശേഷതകളും അവയിൽ സ്വാഭാവികമായിത്തന്നെ ഹിന്ദു ദേവതകളെ ആരാധിക്കുന്നതിനെക്കുറിച്ചും വിശദീകരിക്കുന്നു. ബുദ്ധ-ജൈനമതങ്ങൾ ആധുനികകാലം വരെ സനാതനധർമ്മത്തിന്റെ ഭാഗം തന്നെയായിരുന്നതിനാലാണ് ഇത്. കേരളത്തിലെ ചില ക്ഷേത്രങ്ങളിൽ ചെറിയതോതിലുള്ള ജാതിവിവേചനം ഇന്നും നിലനിൽക്കുന്നതിന്റെ സൂചനകൾ സ്വാനുഭവം മുൻനിർത്തി ശശിഭൂഷൺ പങ്കുവെക്കുന്നു. പാഞ്ഞാൾ വിഷ്ണു ക്ഷേത്രത്തിൽ പൂണൂലില്ലാത്തവർക്ക് പ്രസാദം കയ്യിൽ കൊടുക്കാറില്ല; അത് നിലത്തുവെച്ചേ കൊടുക്കാറുള്ളു (പേജ് 45). ഏതു വർഷത്തിലാണ് ഗ്രന്ഥകർത്താവ് ഇത് നേരിട്ടതെന്ന് പക്ഷേ വെളിപ്പെടുത്തിയിട്ടില്ല.
 
ക്ഷേത്രങ്ങളിലെ ശില്പനിർമ്മാണത്തിന്റെ സാങ്കേതികവശങ്ങൾ കൈകാര്യം ചെയ്യുന്ന കൃതികളെക്കുറിച്ചും ഈ ഗ്രന്ഥം ചർച്ച ചെയ്യുന്നു. പതിനാറാം നൂറ്റാണ്ടിൽ തൈക്കാട് ശ്രീകുമാരൻ രചിച്ച 'ശില്പരത്നം' ഇത്തരത്തിലെ ഒരു പ്രമുഖ ഗ്രന്ഥമാണ്. അർച്ചകന് പൂജിക്കാനും ശില്പിക്ക് നിർമ്മാണവേളയിൽ ഏകാഗ്രത നിലനിർത്താനുമുള്ള ധ്യാനശ്ലോകങ്ങൾ ഇതിലുണ്ട്. അവയിൽ ചിലത് ഇവിടെ ഉദ്ധരിച്ചിട്ടുമുണ്ട്. തന്ത്രസമുച്ചയം, ശില്പരത്നം എന്നീ പുസ്തകങ്ങളിലെ ധ്യാനങ്ങളുടെ ആവിഷ്കാരങ്ങളാണ് കേരളത്തിലെ ദാരുശില്പങ്ങളും ചുവർചിത്രങ്ങളും. ശിവൻ, ഗണപതി, സുബ്രഹ്മണ്യൻ, ഭഗവതി എന്നീ ദേവതകളുടെ ആവിഷ്കരണങ്ങൾ ഇവിടെ വിശദമായി പ്രതിപാദിക്കുന്നു. കേരളത്തിലെ വരേണ്യവർഗ്ഗം ഉപയോഗിച്ചിരുന്ന പല്ലക്ക് എന്ന ഗതാഗതോപാധിയെക്കുറിച്ചും ഒരദ്ധ്യായം ഉണ്ട്. ചരിത്രപരമായ പ്രസക്തി കൂടാതെ ഇവയ്‌ക്കൊരു സാംസ്കാരികവശവും കണ്ടെത്താൻ കഴിയും. രാമായണത്തിലേയും പുരാണങ്ങളിലേയും വിമാനങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ കേരളീയശില്പികൾ പല്ലക്കുകളുടെ ആകൃതിയിലാണ് ചിത്രീകരിച്ചിരുന്നത്. നിരവധി ഭൃത്യർ തോളിലേറ്റി നടക്കുന്ന പല്ലക്കിൽ സഞ്ചരിക്കുന്ന വ്യക്തിക്ക് വിമാനത്തിൽ സഞ്ചരിക്കുന്നതുപോലെ അനുഭവപ്പെടുന്നതുകൊണ്ടാണോ ഇങ്ങനെ ചെയ്യുന്നതെന്നു വ്യക്തമല്ല. 

മറ്റൊരു രചനാസമ്പ്രദായത്തെയാണ് അവലംബമാക്കുന്നതെങ്കിലും കേരളത്തിലെ പ്രാചീന കൃസ്തീയ ദേവാലയങ്ങളും ചുവർചിത്രങ്ങളാൽ സമ്പന്നമാണ്. യൂറോപ്പിലെ മതനവീകരണപ്രസ്ഥാനം ചിത്രങ്ങളേയും വിഗ്രഹങ്ങളേയും എതിർത്തുവെങ്കിലും കേരളത്തിൽ ആ സഭകൾക്ക് കാര്യമായ ആസ്തികളില്ല. നവോത്ഥാനകാലത്തെ ചുവർചിത്രങ്ങളെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ മതപരമായ വിഷയങ്ങളാണ് ചിത്രങ്ങളുടെ ആധാരമെങ്കിലും ചില പള്ളികളിൽ തൽക്കാല രാഷ്ട്രീയവിഷയങ്ങൾ കൂടി കടന്നുവരുന്നത് ശ്രദ്ധേയമാകുന്നു. കാഞ്ഞൂർ വിശുദ്ധമറിയം പള്ളിയിൽ ടിപ്പുവിന്റെ പാലക്കാട് കോട്ട ബ്രിട്ടീഷുകാരുടേയും തിരുവിതാംകൂറിന്റേയും സംയുക്തസൈന്യം ആക്രമിച്ചു പിടിച്ചടക്കുന്നത് മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. നിരവധി ക്ഷേത്രങ്ങളും കൃസ്ത്യൻ പള്ളികളും തകർക്കുകയും ആയിരക്കണക്കിനാളുകളെ നിർബന്ധമായി മതം മാറ്റുകയും ചെയ്ത ടിപ്പുവിന്റെ പരാജയം ആഘോഷിക്കാൻ ഈ അവസരം ഉപയോഗപ്പെടുത്തിയതാണെന്ന് ന്യായമായും ഊഹിക്കാം. ചില പള്ളികളിലെ ചിത്രങ്ങൾ വരച്ചിരിക്കുന്ന കലാകാരന്മാർ ക്ഷേത്രങ്ങളിലും വരച്ചിരുന്നു എന്നു തെളിയിക്കുന്ന ഏതാനും ഉദാഹരണങ്ങൾ ചേർത്തിട്ടുണ്ട്. എന്നാൽ പൊതുവേ നോക്കിയാൽ പള്ളികളിലെ ചിത്രങ്ങൾ സാങ്കേതികമായി വ്യത്യസ്തതകൾ പുലർത്തുന്നതായി കാണാൻ സാധിക്കും. കേരളീയശൈലിയിലെ അഞ്ചുവർണ്ണങ്ങളുടെ സ്ഥാനത്ത് കൂടുതൽ വർണ്ണക്കൂട്ടുകൾ പരീക്ഷിക്കാൻ പള്ളിച്ചിത്രങ്ങൾ സന്നദ്ധരായി. ത്രിമാനത നൽകാനുള്ള അലംകൃത ബാഹ്യരേഖകളുടെ അഭാവവും തദ്ദേശീയ ഷേഡിങ്ങുകളുടെ അസാന്നിദ്ധ്യവും അവയുടെ വൈദേശികസ്വാധീനത്തേയും സൂചിപ്പിക്കുന്നു.
 
നല്ല നിലവാരത്തിലുള്ള കുറെ വർണ്ണചിത്രങ്ങൾ കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ ഈ വിഷയത്തിലെ ഒരു നിയാമകഗ്രന്ഥമായി ഈ കൃതി മാറുമായിരുന്നു. ഇപ്പോൾ നൽകിയിരിക്കുന്ന ഇരുവർണ്ണ ചിത്രങ്ങൾ ഒട്ടും ആകർഷകമല്ല. ദീർഘകാലത്തെ പ്രയത്നഫലമായി ശേഖരിച്ച വിവരങ്ങളാണ് ഇതിലുള്ളത്. മാളയിലെ ജൂതപ്പള്ളി ഗ്രന്ഥകാരൻ സന്ദർശിച്ചത് 1984-ലാണ്. വ്യക്തിനിഷ്ഠമായ വളരെയധികം വസ്തുതകൾ അതിനാൽത്തന്നെ ഇതിൽ ഇടം നേടിയിട്ടുണ്ട്. ചരിത്രത്തിനുമുപരി ക്ഷേത്രകലകളുടേയും ആലേഖനപാരമ്പര്യത്തിന്റേയും ദേവതാസങ്കല്പങ്ങളുടേയും അടയാളപ്പെടുത്തൽ കൂടിയാണ് ഈ കൃതി.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
 
Book review of 'Aalekhanangalile Keralacharithram'
Author: M G Shashibhooshan
Publisher: DC Books, 2022 (First)
ISBN: 9789356432895
Pages: 230
 

Thursday, March 27, 2025

കേരളമുസ്ലിംകൾ - ചെറുത്തുനിൽപ്പിന്റെ ചരിത്രം

ഭാരതത്തിന്റെ മറ്റുഭാഗങ്ങളിൽനിന്ന് വിഭിന്നമായി കേരളത്തിൽ മാതൃകാപരമായ മതസൗഹാർദ്ദം നിലനിന്നിരുന്നതിന് നവോത്ഥാനമെന്ന ഒറ്റമൂലിക്കുപകരം നിരവധി ചരിത്രപരമായ കാരണങ്ങൾ കണ്ടെത്താനാവും. ഉത്ഭവകാലത്തിനോടടുപ്പിച്ചുതന്നെ കേരളത്തിലെത്തിയ ഇസ്ലാം മതം ഇവിടെ വേരുറപ്പിച്ചതും വളർന്നതും വിദേശവ്യാപാരത്തിലൂടെയും അതുവഴി കേരളത്തിന്റെ സമ്പദ്സമൃദ്ധിക്ക് സഹായകമായതുകൊണ്ടുകൂടിയുമാണ്. എന്നാൽ ഉത്തരഭാരതത്തിൽ യുദ്ധങ്ങളും ആക്രമണങ്ങളും കീഴടക്കലുകളും വഴിയാണ് ആ മതം അവിടെ എത്തിച്ചേർന്നത്. മാത്രവുമല്ല, തദ്ദേശീയജനതയുമായി ഭാഷ, വേഷവിധാനങ്ങൾ, ഭക്ഷണരീതി എന്നിവയിലെല്ലാം അവിടെ മുസ്ലിം ജനത ഭീമമായ അന്തരം നിലനിർത്തിയിരുന്നെങ്കിൽ കേരളത്തിൽ അവർ പ്രാദേശികസമൂഹത്തിന്റെ ഭാഗം തന്നെയായിരുന്നു. മതപരമായ പുനരുത്ഥാനത്തിന്റെ മറവിൽ പർദ്ദയും മറ്റും അടുത്തകാലത്തായി വ്യാപകമായത് മറന്നുകൊണ്ടല്ല ഇതെഴുതുന്നത്. അങ്ങനെയുള്ള കേരളത്തിൽ മുസ്ലിംകൾ ചെറുത്തുനിൽപ്പ് നടത്തുന്നത് ആർക്കെതിരെയാണ് എന്നറിയാനുള്ള കൗതുകമാണ് ഈ പുസ്തകം എന്റെ കൈകളിലെത്തിച്ചത്. ശീർഷകത്തിൽത്തന്നെ ഇരവാദം ഉയർത്തുന്ന ഈ പുസ്തകം കണക്കുകൂട്ടലുകൾ തെറ്റിച്ചില്ല. മദ്ധ്യകാലഘട്ടത്തിൽ പോർച്ചുഗീസുകാരും, ആധുനികകാലത്ത് ബ്രിട്ടീഷുകാരും, ഇവർ രണ്ടുകൂട്ടരോടും ഒന്നിച്ചുനിന്നിരുന്ന സവർണ്ണഹിന്ദുസമൂഹവുമാണ് മർദ്ദകവർഗം എന്നാണ് ഈ പുസ്തകം സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ഭാരതത്തിലും വിദേശത്തുമുള്ള വിഖ്യാതസ്ഥാപനങ്ങളിൽനിന്ന് സിവിൽ എൻജിനീയറിങ്ങിൽ ബിരുദങ്ങൾ നേടിയിട്ടുള്ള കെ. എം. ബഹാവുദ്ദീൻ മലമ്പുഴ ഡാം, റൂർക്കേല-ദുർഗാപ്പൂർ ഉരുക്കുനിർമ്മാണശാലകൾ എന്നിവയിൽ പ്രവർത്തിച്ചിരുന്നതുകൂടാതെ കോഴിക്കോട് എൻ.ഐ.ടി പ്രിൻസിപ്പലുമായിരുന്നു. അദ്ദേഹം 2011-ൽ നിര്യാതനായി. ഈ പുസ്തകം 1995-ലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. അതിനുശേഷം മൂന്നു പതിപ്പുകളും പുറത്തിറങ്ങിയിട്ടുണ്ട്.
 
കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ അസ്തിത്വത്തിനുനേരെ ഉയർന്ന ഏറ്റവും വലിയ ചോദ്യചിഹ്നമായിരുന്നു പതിനാറാം നൂറ്റാണ്ടിലെ പോർച്ചുഗീസ് ആധിപത്യം. വിദേശവ്യാപാരത്തിലെ അറബികളുടെ കുത്തക അവർ തകർത്തെറിഞ്ഞു. സമ്പത്തിനും അധികാരത്തിനും അനുയായികൾക്കുംവേണ്ടി രണ്ടു സെമിറ്റിക് മതങ്ങൾ നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ സംഭവിക്കേണ്ടതൊക്കെ ഇവിടെയും സംഭവിച്ചു. വിജയികൾ പരാജിതരുടെമേൽ കുതിരകയറുകയും വളരെയേറെ പീഡനങ്ങൾ ഏൽപ്പിക്കുകയും ചെയ്തു. എന്നാലീ മതസംഘട്ടനത്തെ സ്വദേശാഭിമാനവുമായി ബന്ധപ്പെടുത്താൻ ഒരു വിഫലശ്രമം നടത്തുകയാണ് ഗ്രന്ഥകാരൻ. മറ്റു മതവിഭാഗങ്ങൾ പോർച്ചുഗീസുകാരുമായി ചേർന്നുനിന്നപ്പോൾ സ്വത്തും സ്ഥാനമാനങ്ങളും ജീവനും ബലികഴിച്ച് നാടിന്റെ അഭിമാനവും അന്തസ്സും കാക്കാനാണ് മുസ്ലീങ്ങൾ തുനിഞ്ഞതെന്ന് അദ്ദേഹം വാദിക്കുന്നു (പേജ് 66). തന്നെയുമല്ല, പോർച്ചുഗീസ് കാലം മുസ്ലിംകളെ സാമ്പത്തിക-സാമൂഹ്യ പിന്നോക്കാവസ്ഥയിലേക്ക് നയിച്ചു. എന്നാൽ ശാസ്ത്രവും സാങ്കേതികവിദ്യകളും പുതിയ അറിവുകളും നേടിയതുകൊണ്ടാണ് അവർ മുന്നേറിയതെന്നു മനസ്സിലാക്കാൻ സാധിക്കാതിരുന്നതുകൊണ്ട് ഫലപ്രദമായി അവരെ നേരിടാൻ സാധിച്ചതുമില്ല. പോർച്ചുഗീസുകാരുടെ മതപരമായ അക്രമങ്ങളുടെ ഭാഗമായി നടത്തിയ ക്ഷേത്രധ്വംസനങ്ങളും ലേഖകൻ വിവരിക്കുന്നു. 1543-ൽ പറങ്കികൾ കാഞ്ചിപുരം ക്ഷേത്രം കൊള്ളയടിക്കാൻ പദ്ധതിയിട്ടു. എന്നാൽ വിവരമറിഞ്ഞ് ജനങ്ങൾ ഓടിക്കൂടിയതുമൂലം പദ്ധതി ഫലിച്ചില്ല (പേജ് 72). ഇതുപോലുള്ള അപക്വമായ വിവരണങ്ങൾ എൻജിനീയറുടെ ചരിത്രനിർമ്മിതിയാണെന്നുകരുതി കണ്ണടച്ചുകളഞ്ഞാലും മർദ്ദനമുറകൾ എണ്ണിയെണ്ണി ചിത്രീകരിച്ച് പോർച്ചുഗീസുകാരെ മൃഗതുല്യരായി അവതരിപ്പിക്കുന്നത് അത്ര നിർദ്ദോഷമായി തള്ളിക്കളയാവുന്നതല്ല. പറങ്കികൾ മുസ്ലിംകളോട് ചെയ്തതിന്റെ നൂറോ ആയിരമോ മടങ്ങ് ഭീകരമായ അക്രമങ്ങളാണ് അതേകാലത്ത് ഉത്തരഭാരതത്തിൽ മുഗളന്മാർ ഹിന്ദുക്കളോട് ചെയ്തുകൊണ്ടിരുന്നത്. രണ്ടു നൂറ്റാണ്ടുകൾക്കുശേഷം ടിപ്പു സുൽത്താൻ ചെയ്തതും അതുതന്നെ. എന്നാൽ അതെല്ലാം വെള്ളപൂശാനോ മറന്നുകളയാനോ ആണ് ഗ്രന്ഥകർത്താവിന്റെ ശ്രമം. ഹിന്ദു സമുദായത്തെ ജാതീയമായി ഭിന്നിപ്പിക്കാൻ ബഹാവുദ്ദീൻ നടത്തുന്ന നിന്ദ്യമായ ഉദ്യമമാണ് ഈ കൃതിയെ ഗുണപരമായി തരംതാഴ്ത്തുന്നത്. ഹിന്ദുസമൂഹത്തിലെ ജാതിവ്യവസ്ഥയും തദ്വാരാ ഉണ്ടായിരുന്ന പീഡകളേയും ഉയർത്തിക്കാട്ടി അവരെ ഭിന്നിപ്പിക്കാനുള്ള വിഭജനപൂർവ മുസ്ലിം ലീഗിന്റെ അതേ തന്ത്രമാണ് ഈ പുസ്തകവും പയറ്റുന്നത്. പഴശ്ശി രാജയും വേലുത്തമ്പി ദളവയും രാജ്യസ്നേഹികളല്ലെന്നും ബ്രിട്ടീഷുകാരിൽനിന്ന് വാഗ്ദാനം ചെയ്യപ്പെട്ട പ്രതിഫലം കിട്ടാതിരുന്നപ്പോൾ മാത്രമാണ് അവരുടെ രാജ്യസ്നേഹം ഉണർന്നതെന്നും ആക്ഷേപിക്കാൻപോലും ബഹാവുദ്ദീൻ മടിക്കുന്നില്ല (പേജ് 114). പക്ഷേ കുഞ്ഞാലി മരക്കാർമാരും ആലി മുസലിയാരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമൊക്കെ കറകളഞ്ഞ ദേശാഭിമാനികളുമാണത്രേ! സ്വദേശാഭിമാനമാണ് മുസ്ലിംകളെ വിദേശശക്തികളെ എതിർക്കാൻ പ്രേരിപ്പിച്ചത് എന്നു സ്ഥാപിക്കാൻ ശ്രമിക്കുന്ന ഗ്രന്ഥകാരൻ ടിപ്പുവിന്റേയും ഹൈദരാലിയുടേയും നേതൃത്വത്തിൽ മൈസൂർ സേന കേരളം ആക്രമിച്ചപ്പോൾ യാതൊരു ചളുപ്പുമില്ലാതെ കാലുമാറി അക്രമികളുടെ കൂടെ ചേരുന്നു. മലബാർ രാജാക്കന്മാരുടെ സാമ്പത്തിക അഴിമതി മൂലമാണ് ഹൈദരലി ആക്രമിച്ചത് (പേജ് 119). കൃഷി-വ്യവസായം-കച്ചവടം എന്നിവയുടെ വളർച്ച, കർഷകന്റെ സംരക്ഷണം, ഭൂരിപക്ഷം ജനങ്ങളുടെ നന്മ, ജനങ്ങളുമായി നേരിട്ടു സമ്പർക്കം എന്നിവയിലാണ് മൈസൂർ ഭരണം ഊന്നിയത് എന്നു പ്രഖ്യാപിച്ചുകൊണ്ട് ടിപ്പുവിന് മലബാർ ഭരണം നഷ്ടമായതിൽ ഗ്രന്ഥകർത്താവ് ദുഃഖിതനാണ് എന്ന പ്രതീതി ഉളവാക്കുന്നു. ടിപ്പു നിർബന്ധിത മതപരിവർത്തനം നടത്തി എന്ന സത്യം ബഹാവുദ്ദീൻ നിഷേധിക്കാനാണ് ശ്രമിക്കുന്നത്. ടിപ്പുവിന്റെ ചില ശാസനങ്ങൾ തെരഞ്ഞുപിടിച്ചും സാഹചര്യത്തിൽനിന്ന് അടർത്തിയും ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ഒരു മതേതരനായിരുന്നുവെന്ന് സ്ഥാപിക്കാൻ പോലും കോപ്പുകൂട്ടുന്നു. ടിപ്പുവിന്റെ ആധുനിക ചിന്താഗതിയും ജനസ്നേഹവും കണ്ട് ചിന്താശക്തിയുള്ളവർ മിഴിച്ചുനിന്നുപോകും (പേജ് 131) എന്നാണ് അദ്ദേഹം പറഞ്ഞവസാനിപ്പിക്കുന്നത്. എന്നാൽ ഇതൊന്നും യഥാർത്ഥമല്ലെന്ന് ഗ്രന്ഥകാരനും വായനക്കാർക്കും അറിയാമെന്നതാണ് ഏറ്റവും വേദനാജനകമായ വസ്തുത. ടിപ്പുവിനെ വിമർശിക്കുന്നതുപോലും ഇദ്ദേഹത്തെ രോഷാകുലനാക്കുന്നു. തിരുവിതാംകൂർ ആക്രമിച്ച ടിപ്പുവിന്റെ വാളും പരിചയും പിടിച്ചെടുത്തുവെന്നത് തോറ്റോടിയ തിരുവിതാംകൂർ സേന കെട്ടിച്ചമച്ച കഥ മാത്രമാണെന്നാണ് ഈ കൃതി ആരോപിക്കുനന്ത്. പോർച്ചുഗീസുകാർക്കെതിരായ ചെറുത്തുനില്പിനെ മലയാളികൾ മതഭേദമെന്യേ സ്വാഗതം ചെയ്യുമെങ്കിലും ടിപ്പുവിനെ പിന്തുണക്കുന്നതുവഴി ഈ കൃതി വായനക്കാരെ ശത്രുക്കളാക്കുന്നു. ടിപ്പുവിന്റെ വാഴ്‌ത്തുപാട്ട് എങ്ങനെയാണ് കേരളമുസ്ലിംകളുടെ ചെറുത്തുനിൽപ്പിന്റെ ഭാഗമാകുന്നത്?
 
കേരളത്തിന്റെ അസൂയാവഹമായ മതസൗഹാർദചരിത്രത്തിലെ ഏറ്റവും വലിയ കളങ്കമായിരുന്നു 1921-ലെ മാപ്പിള ലഹള. ബ്രിട്ടീഷുകാർക്കെതിരെ തുടങ്ങിയ ലഹള അധികം താമസിയാതെ ഹിന്ദുക്കൾക്കുനേരെ തിരിയുകയും ആയിരക്കണക്കിനാളുകളെ കൊലപ്പെടുത്തുന്നതിലും എത്തിനിന്നു. നിർബന്ധിത മതംമാറ്റവും ലൈംഗിക അതിക്രമങ്ങളുമൊക്കെ കലാപകാരികൾ നിർബാധം നടത്തി. ഹിന്ദു വംശഹത്യ എന്ന് ഇപ്പോൾ വിശേഷിപ്പിക്കപ്പെടുന്ന ഈ ലഹള പുസ്തകത്തിൽ അത്ര വിശാലമായിട്ടല്ലെങ്കിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ലഹളയുടെ നാൾവഴികളൊന്നും ചേർക്കാതെ മുസ്ലിംകൾ നേരിടുന്ന വിമർശനങ്ങൾക്ക് മറുപടി പറയാനാണ് ഇതിൽ ശ്രമിക്കുന്നത്. മാപ്പിള ലഹള ഒറ്റപ്പെട്ട സംഭവമല്ലെന്നും പത്തൊൻപതാം നൂറ്റാണ്ടിൽ ഉടനീളമുണ്ടായ അക്രമസംഭവങ്ങളുടെ അവസാനത്തെ കണ്ണി മാത്രമാണെന്നും തിരിച്ചറിയാൻ സാധിക്കും. 1836 മുതൽ 1921 വരെ 32 ലഹളകളാണ് മലബാറിൽ അരങ്ങേറിയത്. അവയിൽ 319 മുസ്ലിംകളും മറുഭാഗത്ത് 83 പേരും മരണമടഞ്ഞു. അതിൽ പത്തു താഴ്ന്ന ജാതിക്കാരും പെടും (പേജ് 171). ഇവയെല്ലാം കർഷകസമരങ്ങളുടെ ഭാഗമായിരുന്നു എന്നു വാദിക്കുമ്പോഴും തീവ്രമതഭ്രാന്ത് അതിന്റെ കേന്ദ്രബിന്ദുവായിരുന്നു എന്നു തെളിയിക്കുന്ന വസ്തുതകൾ ഈ കൃതിയിലുണ്ട്. 1849-ലെ മഞ്ചേരി കലാപത്തിൽ പങ്കെടുത്ത് പോലീസിന്റെ വെടിയേറ്റുമരിച്ച കുഞ്ഞിക്കോയ തങ്ങൾ പറഞ്ഞത് "മതപരമായ കാരണങ്ങളാലാണ് ഞാൻ കലാപത്തിൽ പങ്കാളിയായത്. ഏതെങ്കിലുമൊരു മുസ്ലിമിന് പ്രശ്നങ്ങളോ അപകടഭീഷണിയോ ഉണ്ടായാൽ സയ്യിദന്മാരായ ഞങ്ങൾ അവരോടൊപ്പം മരിക്കാൻ തയ്യാറാകണം" എന്നാണ് (പേജ് 171). ലഹളകളെക്കുറിച്ച് സത്യസന്ധമല്ലാത്ത വിവരങ്ങളാണ് ഗ്രന്ഥകാരൻ നൽകുന്നതെന്ന് വളരെ വ്യക്തമാണ്. ഖിലാഫത്ത് എന്ന പ്രസ്ഥാനം തന്നെ വിദൂരസ്ഥമായ തുർക്കിയിലെ സുൽത്താനെ തൽസ്ഥാനത്ത് പുനരവരോധിക്കാൻ മാത്രമായിരുന്നു എന്ന വസ്തുത വെളിപ്പെടുത്തുന്നതേയില്ല. തിരൂരങ്ങാടിയിൽ ഏ.എസ്.പി റൗളിയുടെ ആജ്ഞയനുസരിച്ച് പ്രക്ഷോഭകർ സമാധാനമായി നിലത്തിരുന്നതോടെ പോലീസ് വെടിവെപ്പ് തുടങ്ങിയതാണ് മാപ്പിള ലഹളയുടെ തുടക്കം എന്ന വാദം തള്ളിക്കളയേണ്ടതുതന്നെയാണ്. ഹിന്ദുക്കളെ ആക്രമിച്ചതിനും വധിച്ചതിനുംപോലും ന്യായീകരണങ്ങൾ ബഹാവുദ്ദീൻ നിരത്തുന്നു. പട്ടാളത്തെ നേരിടാൻ പണത്തിനും ആഹാരത്തിനുംവേണ്ടി ഹിന്ദു ഭവനങ്ങൾ ആക്രമിച്ചപ്പോൾ അവർ ചെറുത്തതുകൊണ്ടാണ് മരണം സംഭവിച്ചതത്രേ (പേജ് 223). ഹിന്ദുക്കൾ പട്ടാളത്തിന്റെകൂടെ കൂടി കലാപകാരികളെ അമർച്ച ചെയ്യാൻ ശ്രമിച്ചപ്പോഴാണ് അവർ ആക്രമിക്കപ്പെട്ടതെന്നും പറഞ്ഞുവെക്കുന്നു. മാപ്പിളകൾ ഒരു ക്ഷേത്രം കൈവശപ്പെടുത്തി മലീമസമാക്കിയതിനെ ബഹാവുദ്ദീൻ ന്യായീകരിക്കുന്നത് ഇങ്ങനെയാണ്: "പ്രതിരോധത്തിനും ഭക്ഷണത്തിനും സൗകര്യമുള്ളതും ഇരുപത് കിലോമീറ്റർ ദൂരെയുള്ളതുമായ അങ്ങാടിപ്പുറത്തെ ഒരു ക്ഷേത്രത്തിൽ ലഹളക്കാർ സ്ഥാനമുറപ്പിച്ചു" (പേജ് 168). സായുധരായ കലാപകാരികളെ പിടികൂടുവാൻ പോലീസ് പ്രവേശിച്ചതോടെ തിരൂരങ്ങാടി പള്ളിയുടെ വിശുദ്ധി ലംഘിക്കപ്പെട്ടു എന്നു വാദിക്കുന്ന മനുഷ്യൻ തന്നെയാണ് ഇതും പറയുന്നതെന്ന വിരോധാഭാസം അദ്ദേഹം കാണുന്നില്ല. ഉന്നതവിദ്യാഭ്യാസവും ഉയർന്ന ഉദ്യോഗവും ഉള്ള ഒരു വ്യക്തിയാണ് ഇതുപോലെ മതതീവ്രവാദത്തെ സാധൂകരിക്കുന്നതെന്നത് ഒരു ഉൾക്കിടിലത്തോടെയേ യഥാർത്ഥ മതേതരവാദികൾക്ക് നോക്കിക്കാണാനാവൂ. മതപരിവർത്തനം മാപ്പിളലഹളയുടെ ആദ്യകാല ലക്‌ഷ്യം തന്നെയായിരുന്നു എന്നത് കെ. എൻ. പണിക്കരുടെ 'Against Lord and State' എന്ന ഗ്രന്ഥത്തിൽ കാണാം. അതിലെ പേജ് 179-180ൽ തങ്ങൾ മതം മാറ്റാനുദ്ദേശിച്ചിരുന്ന ഹിന്ദു സ്ത്രീകൾക്ക് മുസ്ലിം പേരുകൾ മുൻപേ കണ്ടുവെച്ചിരുന്നുവെന്നും അവരെ പരാമർശിക്കുമ്പോൾ പുതിയതായി ഉദ്ദേശിച്ചിരുന്ന പേരുകളാണ് മുസ്ലിംകൾ തമ്മിൽത്തമ്മിൽ ഉപയോഗിച്ചിരുന്നതെന്നും സൂചിപ്പിച്ചിരിക്കുന്നു. ആ പുസ്തകത്തിലെ മറ്റുപല ഉദ്ധരണികളും ഈ പുസ്തകത്തിൽ കൊടുത്തിട്ടുള്ളതുകൊണ്ട് ഈ ഭാഗം ഗ്രന്ഥകർത്താവ് കാണാതെ പോയതാകാൻ ഇടയില്ല (പണിക്കരുടെ പുസ്തകത്തിന്റെ നിരൂപണം ഇവിടെ വായിക്കുക).
 
സാമ്രാജ്യത്വം, കോളനീകരണം എന്നീ പ്രയോഗങ്ങൾ ഗ്രന്ഥകാരൻ പാശ്ചാത്യരാജ്യങ്ങൾക്കുമാത്രമായി സംവരണം ചെയ്തിരിക്കുന്നതുപോലെ കാണപ്പെടുന്നു. അത്രയുംതന്നെ ഭീകരമായതും വിനാശകരവുമായിരുന്നു ഇസ്‌ലാമിക സാമ്രാജ്യത്വം എന്ന നഗ്നസത്യം ബഹാവുദ്ദീൻ വിട്ടുകളയുന്നു എന്നുമാത്രമല്ല, അതിനെച്ചൊല്ലി അഭിമാനപുളകിതനാവുന്നുമുണ്ട്. മുസ്ലിംകൾ ഒന്നൊന്നായി മറ്റു രാജ്യങ്ങൾ കീഴടക്കിയത് പുസ്തകത്തിൽ വിവരിക്കുന്നത് ഇങ്ങനെയാണ്: "AD 700 ആയപ്പോഴേക്കും വടക്കേ ആഫ്രിക്ക മുഴുവൻ മുസ്ലിം ഭരണത്തിലായി" (പേജ് 47), "മുസ്ലിം സാമ്രാജ്യം കിഴക്കുപടിഞ്ഞാറ്‌ 5000 കിലോമീറ്റർ നീണ്ടുകിടന്നു" (പേജ് 236). ഇത് സാമ്രാജ്യത്വമല്ലെങ്കിൽ മറ്റെന്താണ്? ഇതിനെതിരെയുള്ള സ്വാഭാവിക പ്രതികരണം മാത്രമായിരുന്നു കുരിശുയുദ്ധങ്ങളെങ്കിലും അവയെ ഭീകരമായ അപരാധമായാണ് ഗ്രന്ഥകർത്താവ് ചിത്രീകരിക്കുന്നത്. 'തിരുവിതാംകൂറിലെ സാമൂഹ്യമാറ്റങ്ങൾ' എന്ന അദ്ധ്യായം ഈ കൃതിയിൽ അപ്രസക്തമാണ്. അവയിലെ മുസ്ലിം പ്രാതിനിധ്യം നാമമാത്രമായിരുന്നു എന്നതുതന്നെ കാരണം. ഈ അദ്ധ്യായം റോബിൻ ജെഫ്രിയുടെ 'The Decline of Nayar Dominance' എന്ന പുസ്തകത്തിന്റെ ഏതാണ്ട് പദാനുപദതർജ്ജമ മാത്രമാണ് (ജെഫ്രിയുടെ പുസ്തകത്തിന്റെ നിരൂപണം ഇവിടെ വായിക്കുക).

മൈസൂർ സർവകലാശാലയുടെ മുൻ വി.സി ആയിരുന്ന ശൈഖ് അലിയുടെ അവതാരിക പുരോഹിതവർഗ്ഗം കേരളത്തിലെ മുസ്ലിംകൾക്ക് നൽകുന്ന മാർഗനിർദ്ദേശങ്ങളേയും നേതൃത്വത്തേയും വാനോളം പുകഴ്ത്തുന്നു. കേരളത്തിലെ മൗലവിമാർ ജീവിതത്തിന്റെ സർവ്വസമരമുഖങ്ങളിലും ജനങ്ങൾക്ക് നേതൃത്വം നൽകുകയായിരുന്നു. മുസ്ലിം മതനേതാക്കന്മാരുടെ ഈ ഊർജസ്വലനേതൃത്വമാണ് കേരളമുസ്ലിംകളെ ഔന്നത്യത്തിലേക്കുയർത്തിയത് (പേജ് 22). വഹാബിസം പോലുള്ള തീവ്രമതനവീകരണ പ്രസ്ഥാനങ്ങൾ സാമ്രാജ്യത്വത്തിനെതിരെയുള്ള ജനങ്ങളുടെ ആദ്യത്തെ സംഘടിത എതിർപ്പായാണ് ചിത്രീകരിക്കുന്നത് (പേജ് 248). മുസ്ലിംകൾ എന്ന പദം ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികളെ കുറിക്കാനാണ് ഇതിൽ ഉപയോഗിച്ചുകാണുന്നത്. ഭൂമിശാസ്ത്രപരമായി അവർ എങ്ങനെയൊക്കെ വിഭജിക്കപ്പെട്ടിരുന്നാലും ഒരൊറ്റ സമുദായമാണെന്ന ആശയമാണ് ഈ കൃതിയിൽ കാണുന്നത്. പോർച്ചുഗീസുകാരും അറബികളുമായുള്ള യുദ്ധങ്ങളിൽ ഇദ്ദേഹം അറബികളുടെ പക്ഷത്താണ്. ടിപ്പുവും ബ്രിട്ടീഷുകാരുമായുള്ള സംഘട്ടനങ്ങളിൽ ടിപ്പുവിന്റെ ഭാഗത്തും. എന്നാൽ ഇതേവാദമനുസരിച്ച് കേരളത്തിലെ ക്രിസ്ത്യാനികൾ പോർച്ചുഗീസുകാരുടെയൊപ്പം നിൽക്കുന്നത് ബഹാവുദ്ദീനെ വല്ലാതെ ചൊടിപ്പിക്കുകയും ചെയ്യുന്നു. പാക്കിസ്ഥാൻ വാദവും തുടർന്നുണ്ടായ ഭാരതവിഭജനവും രാഷ്ട്രചരിത്രത്തിലെ നിർണ്ണായക സന്ധികളിലൊന്നാണെങ്കിലും ആ വിഷയം ഈ കൃതിയിൽ പൂർണ്ണമായും അവഗണിക്കപ്പെട്ടിരിക്കുന്നു. കേരളത്തിൽ മുസ്ലിം ലീഗ് സ്ഥാപിതമായതിനുശേഷം പാക്കിസ്ഥാൻ വാദത്തിന് നല്ല സ്വീകാര്യതയും പിന്തുണയും ലഭിച്ചിരുന്നെങ്കിലും ഗ്രന്ഥകാരൻ എന്തുകൊണ്ടോ ഈ വിഷയത്തിൽ തികഞ്ഞ നിശബ്ദത പാലിക്കുന്നു.

പുസ്തകം ശുപാർശ ചെയ്യുന്നു. 

Book review of 'Kerala Muslimkal - Cheruthunilppinte Charithram'
Author: K M Bahauddin
Publisher: Islamic Publishing House, 2020 (First published: 1995)
ISBN: 9788182710214
Pages: 302

Thursday, January 2, 2025

തെക്കുംകൂർ : ചരിത്രവും പുരാവൃത്തവും

ഏതാണ്ട് മൂന്നു നൂറ്റാണ്ടുമുമ്പുവരെ പത്തോളം ചെറിയ നാട്ടുരാജ്യങ്ങളുടെ ഒരു കൂട്ടമായിരുന്നു കേരളം. അതായത് ആധുനികകാലത്തെ ഒരു ജില്ലയുടെ മാത്രം വലിപ്പവും വിഭവശേഷിയുമേ ആ രാജ്യങ്ങൾക്കുണ്ടാകുമായിരുന്നുള്ളൂ. അനിഴം തിരുനാൾ മാർത്താണ്ഡവർമ മഹാരാജാവാണ് ഇത്തരം നിരവധി രാജ്യങ്ങളെ ആക്രമിച്ചു തോൽപ്പിച്ച് അവിടത്തെ ഭരണാധികാരികളെ അടുത്തൂൺ കൊടുത്ത് പറഞ്ഞയച്ച് അവയെ തിരുവിതാംകൂറിനോട് ലയിപ്പിച്ചത്. അത്തരമൊരു ഏകീകരണപ്രക്രിയ സാമൂതിരി വടക്കുവശത്തുനിന്നും അതിലും നേരത്തേ തുടങ്ങിയിരുന്നെങ്കിലും പോർച്ചുഗീസ്-കൊച്ചി ബാന്ധവം ഒരു വിലങ്ങുതടിയായി നിന്നിരുന്നു. മാത്രവുമല്ല, മൈസൂർ സുൽത്താന്മാരുടെ ആക്രമണം സാമൂതിരിയുടെ സാമ്രാജ്യത്തെ ശിഥിലമാക്കുകയും ചെയ്തു. തിരുവിതാംകൂർ പത്തൊൻപതാം നൂറ്റാണ്ടിൽ സമുന്നതിയിലേക്ക് ഉയർന്നുവന്നതിന്റെ ചരിത്രപശ്ചാത്തലം ഇതാണ്. മാർത്താണ്ഡവർമ്മ പിടിച്ചടക്കിയ രാജ്യങ്ങളിൽ ഒന്നായിരുന്നു മദ്ധ്യകേരളത്തിലെ തെക്കുംകൂർ. ആറന്മുള മുതൽ ഏറ്റുമാനൂർ വരെ സഹ്യനും വേമ്പനാട്ടുകായലിനും ഇടയിൽ ഇന്നത്തെ കോട്ടയം ജില്ല ഏതാണ്ട് മുഴുവനായും ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ ചില ഭാഗങ്ങളും കൂടിയതാണ് അന്യംനിന്നുപോയ ഈ നാട്ടുരാജ്യം. ഈ നാടിന്റെ വിവിധപ്രദേശങ്ങളിൽ പുരാതനകാലം മുതൽ വാമൊഴിയായി കേട്ടറിഞ്ഞുപോരുന്ന ഐതിഹ്യങ്ങൾ, ചരിത്രശകലങ്ങൾ, പുരാതനരേഖകൾ, നാട്ടറിവുകൾ എന്നിവ കണ്ടെത്തി യുക്തിഭദ്രമായ നിലപാടുകളിലൂടെ അനാവരണം ചെയ്യുകയാണ് ഈ കൃതി. ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളജിൽ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന എൻ. ഇ. കേശവൻ നമ്പൂതിരി ആ ഭാഷയിലും മലയാളത്തിലുമുള്ള അനേകം കൃതികളുടെ കർത്താവാണ്. തെക്കുംകൂർ സ്വദേശിയായതുകൊണ്ടാകാം അദ്ദേഹത്തിന്റെ മറ്റു രണ്ടു ഗ്രന്ഥങ്ങൾ കൂടി ആ രാജ്യത്തിനെ സംബന്ധിക്കുന്നവയാണ്.

പുതുശേരി രാമചന്ദ്രന്റെ അവതാരിക തന്റെ ധർമ്മം മറന്ന് ജൈനമതത്തിന്റെ അപചയത്തെക്കുറിച്ചുമാത്രമാണ് വാചാലമാകുന്നത്. ഹൈന്ദവ-ജൈന സംഘട്ടനങ്ങളാണ് ഇതിനു പിന്നിലെന്ന പഴയ 'മിഷനറി ലൈൻ' തന്നെയാണ് ഇതിലും തെളിഞ്ഞു കാണുന്നത്. തന്നെ ഏൽപ്പിച്ച ദൗത്യം നേരാംവണ്ണം നിറവേറ്റാതെ സ്വന്തം രാഷ്ട്രീയ-സാമൂഹ്യ നിലപാടുകൾ എഴുന്നെള്ളിക്കുന്നത് വെറും കോപ്പിരാട്ടി മാത്രമായാണ് നമുക്കനുഭവപ്പെടുക. എം. ജി. ശശിഭൂഷണിന്റെ ആമുഖം ഒരു സമതുലിതമായ വിവരണം നല്കുന്നുവെങ്കിലും കൃതിയിലെ ചിലയിടങ്ങളിൽ സംശയിക്കാവുന്ന ചരിത്രവിരുദ്ധത അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നുവെന്ന് തോന്നും. തെക്കുംകൂർ രാജവംശത്തിലെ അംഗമായ സോമവർമ്മരാജയുടെ ഗ്രന്ഥപരിചയം ശ്രദ്ധേയമാകുന്നത് ഇത് താനെഴുതേണ്ട കൃതിയായിരുന്നുവെന്ന അർദ്ധഖേദപ്രകടനത്താലാണ്. രാജീവ് പള്ളിക്കോണത്തിന്റെ ഒരു മുഖവുര കൂടി പരിഗണിക്കുമ്പോൾ വളരെയധികം പണ്ഡിതരുടെ പരിശോധനക്കുശേഷമാണ് ഈ പുസ്തകം നമ്മുടെ കയ്യിലെത്തുന്നതെന്ന് തോന്നിപ്പിക്കുന്നു.

തെക്കുംകൂറിന്റെ ചരിത്രമാണ് ഈ പുസ്തകം പ്രാഥമികമായി കൈകാര്യം ചെയ്യേണ്ടിയിരുന്നതെങ്കിലും ആവശ്യമായ ചരിത്രരേഖകളുടെ അഭാവത്താലാകാം അത് വളരെ ചുരുക്കം താളുകളിലായി പരിമിതപ്പെട്ടുപോയത്. ചില രാജശാസനങ്ങളും ഗ്രന്ഥവരികളും ക്ഷേത്രലിഖിതങ്ങളും മാത്രമാണ് അവ്യക്തമായെങ്കിലും ഒരു രൂപേരേഖ നിർമ്മിച്ചെടുക്കാൻ സഹായകമായിട്ടുള്ളത്. ക്രി.വ 1105-ൽ ചോളരാജാവിന്റെ ആക്രമണത്താൽ കുലശേഖരന്റെ കൈവശമിരുന്ന വെമ്പൊലിനാട് വടക്കുംകൂർ, തെക്കുംകൂർ എന്നീ രാജ്യങ്ങളായി പിരിഞ്ഞു. തുടർന്ന് 1750-കളിൽ മാർത്താണ്ഡവർമ്മ പിടിച്ചടക്കുന്നതുവരെ തെക്കുംകൂർ ഒരു സ്വതന്ത്രരാജ്യമായി നിലനിന്നു. തിരുവിതാംകൂറിന്റെ അധിനിവേശത്തിനുശേഷവും ഏതാനും മാടമ്പിമാർ ചെറുത്തുനിൽപ്പ് തുടർന്നെങ്കിലും നാലുവർഷത്തിനകംതന്നെ തെക്കുംകൂർ ജനത പൂർണമായും തിരുവിതാംകൂറിൽ ലയിച്ചുചേർന്നു. ഇത്രയുമേ ഉള്ളൂ ഇതിലെ ചരിത്രസംഗ്രഹം. രാജ്യചരിത്രത്തേക്കാളുപരി ഈ കൃതി വിവരിക്കുന്നത് കോട്ടയം ജില്ലയിലെ പല സ്ഥലനാമങ്ങളുടേയും ഉൽപ്പത്തിയാണ്. വിവിധ ക്ഷേത്രങ്ങളുടെ ഉത്ഭവ ഐതിഹ്യങ്ങളും പ്രതിഷ്ഠാവിശേഷങ്ങളും അനുഷ്ഠാനങ്ങളും വിവരിക്കുന്നുണ്ട്. കിളിരൂർ ഭഗവതി ക്ഷേത്രത്തിൽ ബുദ്ധനെ ഉപദേവതയായി ആരാധിക്കുന്നത് ബൗദ്ധസ്വാംശീകരണത്തിന്റെ ഉദാഹരണമായി കാണാം. ചില ക്ഷേത്രങ്ങളുടേയും ക്രിസ്ത്യൻ പള്ളികളുടേയും സ്ഥാപനം പന്ത്രണ്ടാം നൂറ്റാണ്ടിലോ അതിനുമുമ്പോ ആണെന്ന് കലിയുഗസംഖ്യ കണക്കാക്കി അനുമാനിക്കുന്നത് പൂർണമായും ശരിയാകണമെന്നില്ല.

ബുദ്ധമതത്തിന്റെ ആരാധനാലയങ്ങൾ പലയിടങ്ങളിലും കാണുന്നതുകൊണ്ട് അവ ക്രമേണ ഹൈന്ദവക്ഷേത്രങ്ങളായി മാറ്റപ്പെട്ടതാകാമെന്ന് ഗ്രന്ഥകാരൻ  ഊഹിക്കുന്നു. നീലംപേരൂരിൽ ബുദ്ധസങ്കല്പത്തിലുള്ള മഹാവിഷ്ണുപ്രതിഷ്ഠയുണ്ട്. ബുദ്ധമതത്തിനും മുൻപേ ഇവിടെ കാവുകൾ ഉണ്ടായിരുന്നു. കാവുകളിലെ വൃക്ഷദേവതയെ നാട്ടുകാർ കൊറ്റവൈ ആയി ആരാധിച്ചിരുന്നു. കൊറ്റവൈ ബുദ്ധമതക്കാർക്ക് യക്ഷിയും ഹൈന്ദവസമ്പ്രദായത്തിൽ ദുർഗ്ഗയും ആയിത്തീർന്നിരിക്കാം. കീഴ്ജാതിക്കാർക്കും ക്ഷേത്രസ്ഥാപനത്തിൽ നിർണ്ണായകപങ്കുണ്ടായിരുന്നതായി ക്ഷേത്രോത്ഭവ ഐതിഹ്യങ്ങൾ നിസ്സംശയം തെളിയിക്കുന്നു. പല ക്ഷേത്രങ്ങളിലേയും വിഗ്രഹങ്ങൾ കണ്ടെടുക്കുന്നത് പുലയർ തങ്ങളുടെ ദൈനംദിനപ്രയത്നത്തിനിടയിലാണ്. അവരുടെ ക്ഷേത്രസങ്കേതങ്ങൾ ബ്രാഹ്മണർ പിന്നീട് കൈവശപ്പെടുത്തി അവരെ തൊട്ടുകൂടാത്തവരായി പുറംതള്ളി എന്നുതന്നെയാണ് ഇവിടെ സൂചിപ്പിക്കപ്പെടുന്നത്. എന്നാൽ ബ്രാഹ്മണാധിപത്യം ചോദ്യം ചെയ്യപ്പെടാനാവാത്തതൊന്നുമായിരുന്നില്ല എന്നും കാണാം. 'കണ്ടപ്പോൾ വന്ദിച്ചില്ല' മുതലായ നിസ്സാരകാരണങ്ങളുടെ പേരിൽ നാടൻപ്രഭുക്കൾ ബ്രാഹ്മണരെ വധിക്കുന്ന നിരവധി ഐതിഹ്യങ്ങൾ ഇതിലുണ്ട്. തുടർന്ന് ജന്മംകൊള്ളുന്ന ബ്രഹ്മരക്ഷസ്സുകളെ വിവിധ ക്ഷേത്രങ്ങളിൽ കുടിയിരുത്തിയിരിക്കുന്നു. തെക്കുംകൂർ രാജാക്കന്മാരുടെ മതേതരവീക്ഷണം വളരെയധികം ഉദാഹരണങ്ങളിലൂടെ സമർത്ഥിക്കുന്നു. കൃസ്ത്യൻ പള്ളികൾ നിർമ്മിക്കുന്നതിനും വരുമാനമാർഗ്ഗങ്ങൾ ഏൽപ്പിക്കുന്നതിനും അവർ ഭൂമി സൗജന്യമായി നൽകി. മതവിശ്വാസങ്ങൾ അനുസരിക്കാത്ത കൃസ്ത്യാനികളെ ശിക്ഷിക്കുകപോലും ചെയ്തു. ക്ഷേത്രാവശ്യത്തിനുള്ള എണ്ണയും ശർക്കരയും കൃസ്ത്യാനി തൊട്ടാലേ ശുദ്ധമാവുകയുള്ളൂ എന്നും ഏർപ്പെടുത്തി. ഇതൊക്കെ ചെയ്തിട്ടും പോർച്ചുഗീസ് മെത്രാന്മാർ തിരിച്ചെങ്ങനെയാണ് പെരുമാറിയതെന്നും ഇതിൽ കാണാം. തെക്കുംകൂർ രാജാവിന്റെ സഹായസഹകരണങ്ങൾ നിർലോഭം സ്വീകരിച്ച അലക്സിസ് മെനസിസ് 'മിഥ്യാദേവതമാരെ പൂജിക്കാതെ ക്രിസ്തുവിന്റെ രക്ഷാമാർഗം സ്വീകരിക്കാൻ' രാജാവിനെ ഉപദേശിച്ചതായി അന്റോണിയോ ഗുവായ തന്റെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നു (പേജ് 59).

സ്ഥലനാമങ്ങളുടെ ഉല്പത്തി മാത്രമാണ് ഈ പുസ്തകം കാര്യമായിത്തന്നെ വിവരിച്ചുതരുന്നത്. ആ പ്രക്രിയയിൽ എല്ലാത്തരം വിവരങ്ങളും നമ്പൂതിരി സ്വീകരിക്കുന്നുണ്ട് - വാമൊഴി, ഐതിഹ്യം, ലിഖിതരേഖ എന്നിവ. എങ്കിലും വാമൊഴിക്കാണ് അല്പം കൂടുതൽ പ്രാധാന്യം നൽകുന്നത്. ദേവിയെ പ്രതിഷ്ഠിച്ചപ്പോൾ നിലത്തുറക്കാത്തതിനാൽ 'ഇവിടെ പാർക്ക്' എന്ന് പാക്കനാർ ശുണ്ഠിയെടുത്തുകൊണ്ട് ബിംബം ഉറപ്പിച്ചതിനാലാണ് 'പാക്ക്' എന്ന സ്ഥലപ്പേരുണ്ടായത്. സർപ്പക്കാവുകൾ തിങ്ങിനിറഞ്ഞ സ്ഥലം കാവാലയവും പിന്നീട് 'കാവാലവുമായി'. ഇതൊന്നും വസ്തുനിഷ്ഠമായ ഒരു കഥനരീതിയുടെ ആവിഷ്‌കാരമല്ല കാട്ടിത്തരുന്നത്. കപടശാസ്ത്രീയവീക്ഷണങ്ങൾ ഗ്രന്ഥകാരൻ പുലർത്തുന്നതിന്റെ ചില ഉദാഹരണങ്ങളും ചൂണ്ടിക്കാണിക്കാൻ കഴിയും. സൂര്യരശ്മിയിലെ വിഷാംശം സർപ്പങ്ങൾ ആഗിരണം ചെയ്യുന്നു എന്ന് ആധുനികശാസ്ത്രം കണ്ടെത്തിയിരിക്കുന്നതായി അവകാശപ്പെടുന്നത് യാതൊരടിസ്ഥാനവുമില്ലാത്ത ഒരു അന്ധവിശ്വാസം മാത്രമാണ്. ക്ഷേത്രത്തിലെ ദേവതയും തൊട്ടടുത്ത ക്രിസ്ത്യൻ ദേവാലയത്തിൽ ആരാധിക്കപ്പെടുന്ന വിശുദ്ധവ്യക്തിത്വവും സഹോദരങ്ങളാണെന്ന വിശ്വാസം ഒട്ടനവധി സ്ഥലങ്ങളിലുള്ളതായി രേഖപ്പെടുത്തുന്നു. എന്നാൽ അതിനോടൊപ്പംതന്നെ സഹോദരഭാവത്തിനുവിരുദ്ധമായ നിലപാടുകളും അപൂർവമായി കാണാം. ക്ഷേത്രദേവതയെ മന്ത്രശക്തിയിൽ വെല്ലുവിളിക്കുന്ന കത്തനാർമാർ രാജ്യത്തുണ്ടായിരുന്നു. മാന്ത്രികസിദ്ധിയിൽ അവർ ചിലപ്പോഴെല്ലാം ബ്രാഹ്മണരെ അതിജീവിക്കുന്നുമുണ്ടായിരുന്നു. തൊട്ടടുത്ത പള്ളിയിൽ ശക്തിയായി മണിയടിക്കുന്നത് അസഹ്യതയുണ്ടാക്കിയ ഒരു ദേവനെക്കുറിച്ചും ഇതിൽ സൂചിപ്പിക്കുന്നു.

തെക്കുംകൂർ രാജകുടുംബത്തിന്റെ പശ്ചാത്തലത്തിൽ കുറുപ്പംവീട്ടിൽ ഗോപാലപിള്ള എഴുതിയ 'റാണി മംഗളാബായി', 'തെക്കുംകൂർ റാണി', 'പോർക്കളത്തിന്റെ പിന്നിൽ' എന്നീ ചരിത്ര ആഖ്യായികകളുടെ സംക്ഷിപ്തവിവരണം പുസ്തകത്തിൽ അനുബന്ധമായി ചേർത്തിരിക്കുന്നു. പ്രാദേശികചരിത്രരചന മലയാളത്തിൽ ശക്തിപ്പെടുന്നതിന്റെ സൂചനയായി ഈ കൃതിയെ പരിഗണിക്കാവുന്നതാണ്. ഒട്ടേറെ രേഖകൾ പരിശോധിച്ചും നിരവധിയാളുകളുമായി അഭിമുഖങ്ങൾ നടത്തിയുമാണ് ഗ്രന്ഥകാരൻ വളരെയധികം വസ്തുതകൾ ശേഖരിച്ച് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. വസ്തുനിഷ്ഠതയുടെ കാര്യത്തിൽ അൽപ്പംകൂടി ശ്രദ്ധിക്കണമായിരുന്നു എന്നതാണ് ഇതിന്റെ ന്യൂനത. എങ്കിലും ബുദ്ധിമുട്ടില്ലാതെ അനായാസം വായിച്ചുപോകാവുന്ന ഈ കൃതി തെക്കുംകൂറിന്റെ രാജ്യവിജ്ഞാനകോശം തന്നെയാണ്.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Thekkumkoor - Charithravum Puravruthavum'
Author: N E Kesavan Namboothiri
Publisher: SPCS, 2014 (First)
ISBN: 978000019760
Pages: 328