Friday, March 25, 2016

രാജാരവിവർമ്മയും ചിത്രകലയും

മലയാളത്തിന്റെ അനശ്വര ചിത്രകാരനാണ് രാജാരവിവർമ്മ. എണ്ണഛായാമാധ്യമത്തിലൂടെ അദ്ദേഹം രചിച്ച ഇതിഹാസസമാനമായ ചിത്രങ്ങൾ കൊച്ചുകേരളത്തിന്റെ പ്രശസ്തി ലോകമെങ്ങും പരത്തി. കിളിമാനൂർ കൊട്ടാരത്തിലെ 'ചിത്രമെഴുത്തു തമ്പുരാൻ' നാട്ടുരാജ്യങ്ങളുടെ അതിരുകളേയും ഭേദിച്ചു വളർന്നു. മാറിമാറി വന്ന രാജപരമ്പരകളുടെ വാത്സല്യമേറ്റ് സ്വച്ഛമായി ഒഴുകിയ ഭാരതീയ ചിത്രകല പക്ഷേ ഔറംഗസീബ് എന്ന കരിമ്പാറക്കെട്ടിന്റെ ബന്ധനത്തിൽ തടഞ്ഞുനിന്നുപോയിരുന്നു. രണ്ടു നൂറ്റാണ്ടുകൾക്കുശേഷം പാശ്ചാത്യ സങ്കേതങ്ങൾ ഉപയോഗിച്ച് ആ ശിലാബന്ധനത്തിൽ നിന്ന് ദേശീയ ചിത്രകലയെ രക്ഷിച്ചതിന്റെ ക്രെഡിറ്റ് രവിവർമ്മയ്ക്ക് അവകാശപ്പെട്ടതാണ്. പാശ്ചാത്യരീതിയുടെ അന്ധമായ അനുകരണം എന്നൊക്കെ വിമർശകർ പരിഹസിച്ചിരുന്നുവെങ്കിലും ഭാരതീയ ശൈലിയുടെ സമഞ്ജസമായ മിശ്രണമാണ് രവിവർമ്മയുടെ ചിത്രങ്ങളെ ഇത്ര ജനകീയമാക്കിയത്‌. നാട്ടിലും വിദേശങ്ങളിലുമുള്ള നിരവധി പ്രദർശനങ്ങളിൽ ആ ചിത്രങ്ങൾ പുരസ്കാരങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. 1893-ലെ വിഖ്യാതമായ സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗം മുഴങ്ങിയ വേദിക്കരികിൽ രവിവർമ്മയുടെ ചിത്രങ്ങളുമുണ്ടായിരുന്നു. മുപ്പതാമത്തെ വയസ്സിൽ തന്റെ പ്രവൃത്തിമണ്ഡലം കേരളത്തിനു പുറത്തേക്ക് പറിച്ചുനട്ട ചിത്രകാരൻ ബറോഡ, മൈസൂർ, ബോംബെ എന്നിവിടങ്ങളിൽ ദീർഘകാലം പ്രവർത്തിച്ചു. ബറോഡയിലേയും മൈസൂരിലേയും രാജധാനികളിൽ അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. ജനങ്ങളിലേക്ക് ചിത്രകല എത്തിക്കുക എന്ന ലക്ഷ്യത്തോടെ വൻതുക ചെലവഴിച്ചു തുടങ്ങിയ ബോംബെയിലെ ലിത്തോഗ്രാഫിക് പ്രസ്സ് ഭീമമായ നഷ്ടത്തിലാണ് ചിത്രകാരനെ കൊണ്ടെത്തിച്ചത്. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കേ, ഇന്നത്തെ നിലക്ക് വലിയ പ്രായമൊന്നുമല്ലാത്ത 58-ൽ പ്രമേഹബാധിതനായിട്ടായിരുന്നു അദ്ദേഹത്തിന്റെ നിര്യാണം.

രവിവർമ്മയുടെ നാട്ടുകാരനും, എഴുത്തുകാരനും, നാടൻ പാട്ട്, നാടോടിക്കലകൾ എന്നിവയിലൊക്കെ ഗവേഷണം നടത്തിയിട്ടുമുള്ള കിളിമാനൂർ ചന്ദ്രൻ ആണ് ഈ കൃതിയുടെ കർത്താവ്‌. കിളിമാനൂർ രാജകുടുംബവുമായുള്ള സൗഹൃദം നിരവധി വിവരങ്ങൾ അദ്ദേഹത്തിന് ലഭ്യമാകാൻ ഇടയാക്കി. പക്ഷേ, ചില അവസരങ്ങളിലെങ്കിലും യഥാർത്ഥ സംഭവങ്ങൾ തുറന്നു വിവരിക്കാൻ അദ്ദേഹം തയ്യാറാകാത്തതും ഈ സൗഹൃദം കാരണമാകാം. ആയില്യം തിരുനാൾ മഹാരാജാവ് രവിവർമ്മയുടെ രക്ഷാധികാരിയായിരുന്നെങ്കിലും പിന്നീടവർ തമ്മിൽ തെറ്റാനിടയായ കാരണങ്ങൾ വിശ്വാസയോഗ്യമായ വിധത്തിൽ ലേഖകൻ പരാമർശിക്കുന്നില്ല. നിരവധി ചിത്രങ്ങളുടെ പിന്നാമ്പുറക്കഥകൾ ചന്ദ്രൻ വിവരിക്കുന്നുണ്ട്. ഹംസദമയന്തി ചിത്രത്തിൽ ദമയന്തിയുടെ പ്രായക്കൂടുതൽ ചിത്രം കാണാനെത്തിയ ഒരു ബ്രാഹ്മണൻ പരിഹാസരൂപേണ ചൂണ്ടിക്കാട്ടുന്നതും അത് യഥാർത്ഥമായ ആർജ്ജവത്തോടെ രവിവർമ്മ എങ്ങനെ സ്വീകരിച്ചു എന്നതും വായനക്കാരിൽ മതിപ്പു വർദ്ധിപ്പിക്കുന്നു. ചിത്രകലാകുലപതി അയ്യായിരത്തോളം ചിത്രങ്ങൾ എഴുതിയിട്ടുണ്ടെങ്കിലും വിരലിലെണ്ണാവുന്നവയുടെ പാർശ്വകഥകൾ മാത്രമേ പുസ്തകത്തിൽ കാണുന്നുള്ളൂ. ഗ്രന്ഥത്തിലുടനീളം കാണുന്ന അച്ചടിപ്പിശകുകൾ വളരെക്കൂടുതലാണ്. ഇത് ചിന്ത പബ്ലിഷേഴ്സിന്റെ പ്രൂഫ്‌ റീഡർമാരെക്കുറിച്ച് സഹതാപമർഹിക്കുന്ന ഒരു വികാരമാണ് വായനക്കാരിൽ ഉണ്ടാക്കുന്നത്. ഓരോ ഖണ്ഡികയിലും ഒരു തെറ്റെങ്കിലുമുണ്ടെന്നു തോന്നുന്നു. ചിത്രകലയുടെ കുലപതിയുടെ ജീവചരിത്രം വളരെ വിശദവും സത്യസന്ധവുമായിത്തന്നെ കിളിമാനൂർ ചന്ദ്രൻ പ്രതിപാദിക്കുന്നുണ്ടെങ്കിലും, ഹാവേൽ, ആനന്ദകുമാരസ്വാമി മുതലായ നിരൂപകരുടെ വിമർശനങ്ങളേയും, അബനീന്ദ്രനാഥ ടാഗോറിന്റെ നേതൃത്വത്തിലുണ്ടായ ബംഗാളി ശൈലിക്കാരുടെ എതിർപ്പിന്റെയും താത്വികമായ അടിത്തറ ഗ്രന്ഥകാരൻ നൽകുന്നില്ലെന്നു മാത്രമല്ല, ഇവരുടെ വിമർശനങ്ങൾക്ക് സ്വയം മറുപടി നല്കുകയുമാണ് ചെയ്യുന്നത്.

രവിവർമ്മയുടെ ചിത്രകലാജീവിതത്തിൽ തിരുവിതാംകൂർ രാജാക്കന്മാർ സൃഷ്ടിച്ച മാർഗതടസ്സങ്ങൾ ലേഖകൻ വിശദമായിത്തന്നെ വിവരിക്കുന്നുണ്ട്. കേവലം ഒരു പ്രജ തന്നെക്കാൾ വിശ്രുതനായി വളരുന്നതിലുള്ള അസൂയയായിരുന്നോ അതിനു പിന്നിൽ? അതോ തങ്ങൾ ഭയഭക്തിബഹുമാനത്തോടെ മാത്രം വീക്ഷിച്ചിരുന്ന ബ്രിട്ടീഷ് റസിഡന്റ്, ഗവർണർമാർ, വൈസ്രോയിമാർ, രാജകുമാരൻമാർ എന്നിവർ രവിവർമ്മയുടെ മുന്നിൽ ആദരവോടെ പെരുമാറിയതിലുള്ള ഈർഷ്യയോ? കിളിമാനൂർ കൊട്ടാരത്തിൽ നിന്ന് സേതുലക്ഷ്മിഭായി തമ്പുരാട്ടിയേയും സേതുപാർവതിഭായി തമ്പുരാട്ടിയേയും തിരുവിതാംകൂർ രാജകുടുംബത്തിലേയ്ക്ക് ദത്തെടുക്കുന്നതിന് രാജാവിന്റെ താല്പര്യങ്ങൾ തടസ്സം നിന്നപ്പോൾ ആ വിഘ്നത്തെ ഭസ്മീകരിക്കാൻ രവിവർമ്മയ്ക്ക് തന്റെ സുഹൃത്തായിരുന്ന അന്നത്തെ വൈസ്രോയി കഴ്സൺ പ്രഭുവിനെ നേരിൽകണ്ട്‌ വിവരമറിയിക്കുകയേ വേണ്ടിയിരുന്നുള്ളൂ. ആയില്യം തിരുനാൾ തുടക്കത്തിൽ ചിത്രകാരനെ വളരെയധികം സഹായിച്ചിരുന്നുവെങ്കിലും പിന്നീട് ആ ബന്ധത്തിൽ അസ്വാരസ്യങ്ങൾ കടന്നുകൂടി. തുടർന്ന് അധികാരം ഏറ്റെടുത്ത വിശാഖം തിരുനാൾ ഒരു ബദ്ധശത്രുവിനെപ്പോലെയാണ് പെരുമാറിയിരുന്നത്. ഈ രാജാവിന്റെ ഒളിയമ്പുകളിൽ നിന്ന് രക്ഷ തേടിയാണ് രവിവർമ്മ തിരുവിതാംകൂറിലെ മുൻ ദിവാനും പിന്നീട് ബറോഡ ദിവാനുമായ സർ. ടി. മാധവറാവുവിന്റെ സഹായത്തോടെ ബറോഡയിലേക്കു പോയത്. അതിനുശേഷം അധികാരത്തിലേറിയ ശ്രീമൂലം തിരുനാളും വ്യത്യസ്തനായിരുന്നില്ല. വിദേശയാത്ര രവിവർമ്മയുടെ നിറവേറാതെ പോയ ആഗ്രഹമായി അവശേഷിച്ചത് അതിന് രാജകീയ അനുമതി ലഭിക്കാതിരുന്നതുകൊണ്ടാണ്. പുറംലോകം രവിവർമ്മയെ ആദരിക്കുന്നതിൽ പരസ്പരം മത്സരിച്ചുകൊണ്ടിരുന്നപ്പോൾ കേരളം അദ്ദേഹത്തിനു സമ്മാനിച്ചത് ക്രൂരമായ അവഗണനയും മാനസിക പീഡനവുമാണ്. ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തിന് കൈസർ -എ-ഹിന്ദ്‌ എന്ന അപൂർവബഹുമതി ചാർത്തിക്കൊടുത്തപ്പോൾ ശ്രീമൂലം തിരുനാൾ ചെയ്തത് രാജാരവിവർമ്മയ്ക്ക് പേരിന്റെ കൂടെ 'രാജാ' എന്നു ചേർക്കാൻ അവകാശമില്ലെന്നു പ്രഖ്യാപിക്കുന്ന വിധി പുറപ്പെടുവിക്കണമെന്ന് ബ്രിട്ടീഷ് കോടതിയോട് അപേക്ഷിക്കുകയാണ്. കോടതി ആ വാദം പക്ഷേ നിർദാക്ഷിണ്യം തള്ളി.

ഈ പുസ്തകത്തിൽനിന്നു വെളിവാകുന്ന മറ്റൊരു കാര്യം രവിവർമ്മയും തന്റെ അനുജനായിരുന്ന രാജരാജവർമ്മയുമായി ഉണ്ടായിരുന്ന മാതൃകാപരമായ ബന്ധമാണ്. പതിനെട്ടാം വയസ്സിൽ തന്റെ മുപ്പതുകാരനായ ജ്യേഷ്ഠനോടൊപ്പം പരദേശയാത്രക്കു പുറപ്പെട്ട രാജരാജവർമ്മ 27 വർഷങ്ങൾക്കുശേഷം ഇൻഫെക്ഷൻ ബാധിച്ചു മരണമടയുന്നതുവരെ രവിവർമ്മയുടെ സുഹൃത്തും, സഹചാരിയും, അനുജനും, സേവകനും, മാനേജരുമൊക്കെയായിരുന്നു. അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകളിൽകൂടിയാണ് പല സംഭവങ്ങളും ഇന്നു നാമറിയുന്നത്. രാജരാജവർമ്മയുടെ ഉറച്ച ഇംഗ്ലീഷ് പാണ്ഡിത്യമാണ് ബ്രിട്ടീഷ് പ്രഭുക്കളുടെ ഇഷ്ടസുഹൃത്തായി രവിവർമ്മയെ മാറ്റിയെടുത്തത്. ജ്യേഷ്ഠനേക്കാൾ ഒട്ടും കഴിവുകുറഞ്ഞ ചിത്രകാരനായിരുന്നില്ല അനുജനും എന്നു മാത്രമല്ല, പ്രകൃതിദൃശ്യങ്ങൾ പകർത്തുന്നതിൽ ജ്യേഷ്ഠനേക്കാൾ ഒരു പടി മുന്നിലുമായിരുന്നത്രേ. സംശയമുള്ളവർ തിരുവനന്തപുരത്തെ ശ്രീചിത്ര ആർട്ട് ഗാലറിയിലേക്കൊന്നു പോവുകയേ വേണ്ടൂ. രാജരാജവർമ്മയുടെ എണ്ണംപറഞ്ഞ ഇരുപതോളം ചിത്രങ്ങൾ അവിടെ സൂക്ഷിക്കുന്നുണ്ട്. ഭാരതീയ കുടുംബമൂല്യങ്ങളുടെ ദൃഢതയ്ക്കുദാഹരണമായി എടുത്തുകാട്ടാവുന്ന ഈ ബന്ധം രാമലക്ഷ്മണന്മാരുടേതിനു സമാനമായിരുന്നു. പക്ഷേ രാജരാജവർമ്മ എന്തുനേടി എന്ന ചോദ്യം വേദനാജനകമായ ഒരോർമ്മയായി വായനക്കാരുടെ മനസ്സുകളെ മഥിക്കുന്നു. മരണക്കിടക്കയിൽ കിടന്നുകൊണ്ട് സ്വന്തം ഭാര്യക്ക് ഒന്നും നല്കാൻ കഴിഞ്ഞില്ല എന്നു വിലപിക്കുന്ന ആ കുഞ്ഞനുജന്റെ കഥ തന്നെ ഒരു ജീവചരിത്രമായി പ്രസിദ്ധീകരിക്കാനുള്ള വക നിറഞ്ഞതാണ്‌. അദ്ദേഹത്തിന്റെ മരണത്തിനുശേഷം ഒരു വർഷത്തിനുള്ളിൽ തന്നെ രവിവർമ്മയും കാലം ചെയ്തു.

രവിവർമ്മയുടെ ജീവിതവും കലയും തന്മയത്വത്തോടെ പ്രതിപാദിക്കുന്ന ഈ കൃതി നിർബന്ധമായും വായിച്ചിരിക്കേണ്ടതാണ്. വിഖ്യാതമായ എട്ടു ചിത്രങ്ങളുടെ കളർപ്ലേറ്റുകൾ പുസ്തകത്തെ കൂടുതൽ ആകർഷകമാക്കുന്നു. പദസൂചി ഉൾക്കൊള്ളിക്കാത്തത് ഒരു പോരായ്മയായും ചൂണ്ടിക്കാട്ടാം.

Book Review of 'Rajaravivarmayum Chithrakalayum' by Kilimanoor Chandran,
ISBN 9789382167747, Published by Chintha Publishers

Sunday, March 20, 2016

ദൈവത്തിന്റെ രാഷ്ട്രീയം

കേരളത്തിലെ പ്രമുഖ മുസ്ലിം ബുദ്ധിജീവികളിൽ ഒരാളാണ് ശ്രീ. ഹമീദ് ചേന്നമംഗലൂർ എന്ന ധാരണ ആരെങ്കിലും വെച്ചുപുലർത്തുന്നുണ്ടെങ്കിൽ അത് തെറ്റാണെന്നും, മുഖ്യധാരയിൽ തന്നെ അദ്ദേഹത്തിന് ഇരിപ്പിടം അവകാശപ്പെടാവുന്നതാണെന്നും വെളിവാക്കുന്ന കൃതി. സമാധാന അന്തരീക്ഷം നിലനില്ക്കുന്ന കേരളത്തിലെ മുസ്ലീങ്ങളിൽ ഉത്തരേന്ത്യയിലെ ചിലയിടങ്ങളിൽ നിലനില്ക്കുന്ന പ്രശ്നങ്ങളും, പാലസ്തീൻ പോലുള്ള അന്താരാഷ്ട്ര പ്രശ്നങ്ങളും കുത്തിവെച്ച് അവരെ പാർശ്വവല്ക്കരിക്കാനുള്ള കുത്സിത ശ്രമം നടത്തുന്ന ജമാ അത്തെ ഇസ്ലാമിയുടെ നീക്കങ്ങളെ ഈ പുസ്തകം അനാവരണം ചെയ്യുന്നു.

1941-ലാണ് ജമാ അത്തെ ഇസ്ലാമി അബുൽ അലാ മൗദൂദി സ്ഥാപിക്കുന്നത്. അതിന് കാരണമായതാകട്ടെ തീവ്ര മതാന്ധതയും. ജനാധിപത്യം, മതനിരപേക്ഷത, മതസ്വാതന്ത്ര്യം എന്നീ ആശയങ്ങളൊക്കെ മനുഷ്യനിർമ്മിതങ്ങളാണെന്നും, സമൂഹം ദൈവസൃഷ്ടമായ സമ്പ്രദായങ്ങളെ മാത്രമേ ആശ്രയിക്കേണ്ടതുള്ളു എന്നുമാണ് മൗദൂദിയുടെ വാദം. ഇതിനായി ലോകത്തിൽ നിലകൊള്ളുന്ന എല്ലാ ഭരണവ്യവസ്ഥകളും ബലപ്രയോഗത്തിലൂടെ തകർത്തെറിഞ്ഞ് ഇസ്ലാമികഭരണവ്യവസ്ഥ എങ്ങും നടപ്പാക്കുകയാണ് സംഘടനയുടെ ലക്ഷ്യം. മറ്റു മതങ്ങളെല്ലാം ശരി അത്ത് വ്യവസ്ഥ ചെയ്യുന്ന മതനികുതി നല്കി രണ്ടാംതരം പൗരൻമാരായി ജീവിക്കുക. സിറിയയിലും ഇറാഖിലുമൊക്കെ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യ നാം കണ്ടുതീർന്നിട്ടില്ലല്ലോ! ഇതരമതസ്ഥരായ പുരുഷന്മാരെയൊക്കെ കൊന്നൊടുക്കി അവരുടെ സ്ത്രീകളെ ലൈംഗിക അടിമകളാക്കി വെച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ നിന്ദ്യമായ വാഴ്ച ഇന്ത്യയിലും വരണം എന്നതാണ് ആ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. മതനിരപേക്ഷതയെക്കുറിച്ച് മൗദൂദിയുടെ അഭിപ്രായം നോക്കുക - "മുസൽമാൻമാരെ സംബന്ധിച്ചിടത്തോളം ഞാനിതാ അവരോട് തുറന്നു പ്രസ്താവിക്കുന്നു: ആധുനിക മതേതര ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിനും ഈമാനിനും കടകവിരുദ്ധമാണ്. നിങ്ങളതിന്റെ മുൻപിൽ സർവാത്മനാ തലകുനിക്കുകയാണെങ്കിൽ നിങ്ങളുടെ വിശുദ്ധ ഖുർആനെ പിറകോട്ട് വലിച്ചെറിയലായിരിക്കും. നിങ്ങളതിന്റെ സ്ഥാപനത്തിലും നടത്തിപ്പിലും പങ്കുവഹിക്കുകയാണെങ്കിൽ നിങ്ങളുടെ തിരുദൂതനോട് ചെയ്യുന്ന കടുത്ത വഞ്ചനയായിരിക്കും. നിങ്ങളതിന്റെ കൊടി പിടിക്കുകയാണെങ്കിൽ നിങ്ങളുടെ ദൈവത്തിനെതിരെ രാജ്യദ്രോഹക്കൊടി ഉയർത്തലായിരിക്കും. ഏതൊരു പരിശുദ്ധ ഇസ്ലാമിന്റെ പേരിൽ മുസ്ലീങ്ങളെന്നു നിങ്ങൾ സ്വയം അവകാശപ്പെടുന്നുവോ അതിന്റെ ആത്മാവും ഈ അവിശുദ്ധ വ്യവസ്ഥിതിയുടെ ആത്മാവും തമ്മിൽ തുറന്ന സമരത്തിലാണ്. അതിന്റെ ഓരോ ഘടകവും ഇതിന്റെ ഓരോ ഘടകവുമായി സന്ധിയില്ലാത്ത യുദ്ധമാണ്. പ്രസ്തുത വ്യവസ്ഥിതിയുമായി ഇസ്ലാം യോജിക്കുന്ന ഒരു പോയിന്റുമില്ല. ആ വ്യവസ്ഥിതി അധികാരം വാഴുന്നിടത്ത് ഇസ്ലാം വെറും ജലരേഖയായിരിക്കും. ഇസ്ലാമിനു സ്വാധീനമുള്ള ദിക്കിൽ ആ വ്യവസ്ഥയ്ക്ക് സ്ഥാനമുണ്ടാവുകയില്ല" (പേജ് 85-86). മതസ്വാതന്ത്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായം കൂടി കാണുക: "നമ്മുടെ അധികാരപരിധിയിൽ മുസ്ലിമായ ഒരാളെ ഇസ്ലാം ഉപേക്ഷിച്ച് മറ്റൊരു മതമോ മാർഗമോ സ്വീകരിക്കാൻ നാം അനുവദിക്കുന്നില്ലെങ്കിൽ അതിൽ നിന്നും മനസ്സിലാക്കാവുന്നത് ഇസ്ലാമിക ദേശത്ത് ഇസ്ലാമിനെതിരിൽ മറ്റേതെങ്കിലും ഒരു മതത്തിന്റെ പ്രഖ്യാപനമോ പ്രചാരണമോ നമുക്കു പൊറുപ്പിക്കാനാവില്ല എന്നാണ്. മറ്റു മതങ്ങൾക്കോ ചിന്താപദ്ധതികൾക്കോ പ്രചാരണാവകാശം നല്കലും മുസ്ലിം മറ്റൊരു മതം സ്വീകരിക്കുന്നത് കുറ്റകൃത്യമായി കാണലും പരസ്പരം ഒത്തുപോവില്ല. രണ്ടാമത്തെ നിയമം  ആദ്യം പറഞ്ഞ അവകാശത്തെ സ്വമേധയാ റദ്ദ് ചെയ്യുന്നു. അതായത്, മതപരിത്യാഗിയെ കൊല്ലണം എന്ന നിയമം തന്നെ മതി ഇസ്ലാമിന്റെ അധികാരപരിധിയിൽ അപരമതങ്ങളുടെ പ്രചാരണം ഇസ്ലാം പൊറുപ്പിക്കുന്ന പ്രശ്നമില്ല എന്ന തീർപ്പിലെത്താൻ" (പേജ് 90). ജമാ അത്തെ ഇസ്ലാമിയുടെ ഇന്ത്യയിലെ അതിജീവനതന്ത്രം വെറും പ്രായോഗികതയിൽ നിന്ന് ഉളവായതാണ്. ന്യൂനപക്ഷമായ കാലത്തോളം തനിനിറം പുറത്തുകാട്ടാതെ മതനിരപേക്ഷതയുടെ ആനുകൂല്യങ്ങൾ അനുഭവിക്കുക, തങ്ങൾ ഭൂരിപക്ഷമോ അധികാരത്തിൽ നിർണായക സ്വാധീനമോ ചെലുത്തുന്ന കാലത്ത് ഇസ്ലാമിക ഭരണവ്യവസ്ഥ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുക എന്നതാണത്.

സ്വാഭാവികമായും മൗദൂദി പാക്കിസ്ഥാൻ രൂപീകരണത്തെ എതിർത്തു. ഇന്ത്യയിലെ ചെറിയൊരു ഭാഗത്ത് ജിന്ന വിഭാവനം ചെയ്ത മതനിരപേക്ഷമായ പാക്കിസ്ഥാനു പകരം ഇന്ത്യാ ഉപഭൂഖണ്ഡമാകെ ഇസ്ലാമികഭരണം സ്ഥാപിക്കുക എന്നതായിരുന്നു മൗദൂദി ഉദ്ദേശിച്ചത്. 33 വയസ്സുവരെ പാശ്ചാത്യ ജീവിതശൈലി പിന്തുടർന്നിരുന്ന മൗദൂദിയിൽ ഹെഗൽ, ഗ്രാംഷി, മാർക്സ് എന്നിവരുടെ ആശയസ്വാധീനവും ചോരണവും ലേഖകൻ ആരോപിക്കുന്നു. 1946-നു ശേഷം പാക്കിസ്ഥാൻ ഒരു യാഥാർത്ഥ്യമാവുമെന്ന് ഉറപ്പായതോടെ അദ്ദേഹം അതിനെ ഇസ്ലാമികവല്ക്കരിക്കാനുള്ള ശ്രമത്തിലായി, വിഭജനാനന്തരം പാകിസ്ഥാനിലേക്കു കുടിയേറുകയും ചെയ്തു.

തന്റെ വാദഗതികളെ ഉറച്ച അടിത്തറയിലും വ്യക്തമായ പദ്ധതികളിലും ഉറപ്പിച്ചു നിർത്താനുള്ള ഹമീദ് ചേന്നമംഗലൂരിന്റെ കഴിവ് അന്യാദൃശമാണ്. മതമൗലികവാദം ലോകത്തു വളരാനിടയാക്കിയ പത്തൊൻപതാം നൂറ്റാണ്ടിലെ പാശ്ചാത്യ സാമൂഹ്യ ചുറ്റുപാടുകളെ ഉദാത്തമായ രീതിയിൽ വരച്ചു കാണിക്കുന്നു. 70-കളിലെ എണ്ണപ്പണക്കൊഴുപ്പും 80-കളിലെ അമേരിക്കൻ സാമ്പത്തിക-ആയുധ സഹായങ്ങളും മുസ്ലിം മതമൗലിക സംഘടനകളെ ഗണ്യമായ തോതിൽ വളർത്തി. അതിന്റെ ചുവടുപിടിച്ച് ജമാ അത്തെ ഇസ്ലാമി 90-കളിൽ കേരളത്തിൽ പുനരുത്ഥാനം ചെയ്തു. തങ്ങളുടെ വിഭാഗീയതത്വശാസ്ത്രത്തെ സമർത്ഥമായി മുഖംമൂടിയണിയിച്ചുകൊണ്ട് സമൂഹമദ്ധ്യത്തിൽ സ്വീകാര്യത നേടാൻ മൗദൂദിസ്റ്റുകൾ നടത്തുന്ന യത്നങ്ങളും ലേഖകൻ പ്രതിപാദിക്കുന്നു. ഹിന്ദു സമൂഹത്തിലെ ഐക്യം വളർന്നുവരുന്നത് തടയാനായി ദളിത്‌ സ്വത്വവാദികളെ ആനയിച്ചു കൊണ്ടുനടക്കുമ്പോൾ പോലും ജമാ അത്തെ ഇസ്ലാമി സ്വന്തം സ്ഥാപനങ്ങളിൽ ഒന്നിൽപ്പോലും ഇക്കൂട്ടരെ ഏഴയലത്ത് അടുപ്പിക്കുന്നില്ല. എല്ലാ ജനകീയ സമരങ്ങളിലും സംഘടനയും അതിന്റെ യുവജനവിഭാഗമായ സോളിഡാരിറ്റിയും രംഗത്തു വരുന്നു - തങ്ങളുടെ സമരമുറകൾ എങ്ങനെയെന്നു കാണിച്ച് പേരെടുക്കാൻ മാത്രം.

കേരളമുസ്ലീങ്ങളിലെ ഭീതിദമായ ഇസ്ലാമികവൽക്കരണ ശ്രമങ്ങൾ തുറന്നു കാണിക്കുന്ന ഈ കൃതി ഓരോ മലയാളിയും വായിച്ചിരിക്കേണ്ടതാണ്.

Tuesday, March 15, 2016

സ്പന്ദിക്കുന്ന അസ്ഥിമാടം

ചങ്ങമ്പുഴയുടെ സമാധി
"ചങ്ങമ്പുഴ എങ്ങനെയാണ് മരിച്ചത്?" എന്ന് കഴിഞ്ഞ ദിവസം ഭാര്യ ചോദിച്ചപ്പോഴാണ് ചങ്ങമ്പുഴ എങ്ങനെയാണ് മരിച്ചത് എന്ന് ആദ്യമായി ചിന്തിച്ചത്. ഇപ്പോൾ വിക്കിപീഡിയ ഉള്ളപ്പോൾ വിവരം ലഭിക്കാൻ യാതൊരു ബുദ്ധിമുട്ടുമില്ലല്ലോ. നിമിഷങ്ങൾക്കകം തന്നെ മലയാളത്തിന്റെ അനശ്വര പ്രേമഗായകൻ 37 വയസ്സു തികയുന്നതിനു മുൻപ് ക്ഷയരോഗബാധിതനായാണ് അന്തരിച്ചത് എന്ന വിവരം ലഭിച്ചു. സന്തതസഹചാരിയായിരുന്ന ഇടപ്പള്ളി രാഘവൻ പിള്ള ആത്മഹത്യ ചെയ്തതിനുശേഷം ഒരു വ്യാഴവട്ടത്തിനുള്ളിൽ തന്നെ ചങ്ങമ്പുഴയും ഇഹലോകവാസം വെടിഞ്ഞു. ഇത്രയുമൊക്കെ തെരഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ശവകുടീരം സന്ദർശിക്കണമെന്ന ആഗ്രഹം ശക്തമായി.

ഒരു ശനിയാഴ്ച വൈകുന്നേരം അഞ്ചുമണി കഴിഞ്ഞപ്പോഴാണ് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നിന്ന് വെറും 200 മീറ്റർ അകലെയുള്ള സ്മാരകത്തിൽ എത്തിയത്. പടിഞ്ഞാറേക്ക് ചാഞ്ഞുകഴിഞ്ഞിരുന്ന സൂര്യൻ ജോലിസമയം കഴിഞ്ഞ് വീടുകളിലേക്ക് ധൃതിപിടിച്ചു നടന്നുനീങ്ങിയിരുന്ന സ്ത്രീകളെപ്പോലെ തന്റെ ജോലി തീർത്ത് അല്പം വിശ്രമിക്കാനുള്ള തത്രപ്പാടിലായിരുന്നു. ദീർഘചതുരാകൃതിയിലുള്ള കൃഷ്ണശിലയിൽ തീർത്ത ചങ്ങമ്പുഴ സ്മാരകത്തിനു മീതെ ഒരു സമചതുരമണ്ഡപവും അതിനോടുചേർന്ന് ചാരുബെഞ്ചുകൾ ഓരം ചേർത്തിട്ടിരിക്കുന്ന ദീർഘചതുരാകൃതിയിലുള്ള മറ്റൊരു മണ്ഡപവും കാണാം. ഒരാൾപ്പൊക്കത്തിലുള്ള കമ്പിവേലി റോഡിൽനിന്ന് സ്മാരകത്തെ വേർതിരിച്ചു നിർത്തുന്നു. ആകെയുള്ള വാതിൽ താഴിട്ടു പൂട്ടിയിട്ടുമുണ്ട്. തൊട്ടുപുറകിലുള്ള പുരയിടത്തിൽനിന്ന് വേലിയുടെ ശല്യമില്ലാതെ അരമതിൽ കവച്ചുകടന്നാൽ സ്മാരകത്തിലെത്താം. ചുരുക്കിപ്പറഞ്ഞാൽ, മാന്യന്മാരെ മാത്രം അകറ്റിനിർത്താൻ സഹായിക്കുന്ന ഒരു സംവിധാനം.

'സ്പന്ദിക്കുന്ന അസ്ഥിമാടം' എന്ന കവിതയിലെ ചില വരികൾ കല്ലറയുടെ മുകളിൽ കൊത്തിവെച്ചിട്ടുണ്ട്. പക്ഷേ പാല പൂത്ത പരിമളം പാതിരയെ പുണർന്നൊഴുകുമ്പോഴും, മഞ്ഞണിഞ്ഞ മഞ്ജുചന്ദ്രിക മദാലസയായി നൃത്തമാടുമ്പോഴും മാത്രമല്ല, കൊടുംവേനലിന്റെ ദിനാന്ത്യങ്ങളിലൊന്നിൽ ജീവിതാധ്വാനത്തിന്റെ സ്വേദകണികകളെ ഉപ്പുരസമാർന്ന കാറ്റ് ആറ്റിത്തണുപ്പിക്കുമ്പോഴും ആ കല്ലറയ്ക്കുള്ളിൽ സ്പന്ദനങ്ങൾ കേൾക്കാം. മലയാള കവിതയിലെ നവീനപ്രസ്ഥാനം വെട്ടിത്തെളിയിച്ച പ്രതിഭയുടെ സ്പന്ദനങ്ങൾ കാലങ്ങൾ കടന്നും നമ്മെ തേടിവരുന്നത് ഇവിടെ നിങ്ങൾക്കനുഭവപ്പെടും.

അല്പസമയം കല്ലറയ്ക്കരികിൽ (വേലിക്കു വെളിയിൽ നിന്നുകൊണ്ട്) ചെലവഴിച്ചതിനുശേഷം ചങ്ങമ്പുഴ പാർക്കിലേക്കു നീങ്ങി. നഗരമദ്ധ്യത്തിലാണെങ്കിലും ഇടപ്പള്ളി ഗ്രാമത്തിന്റെ ഭാവഹാവാദികളും കാത്തു സൂക്ഷിക്കുന്നുണ്ടെന്ന് പാർക്കിലെ സന്ദർശകരെ കണ്ടാൽ തോന്നും. ഒരു ഭാഗത്ത് ചെസ്സ്‌ കളി കൊണ്ടുപിടിച്ചു നടക്കുന്നു. ഓരോ നഗരവും അതാതിന്റേതായ ഒരു വിനോദം കണ്ടെത്തുന്നു. തൃശ്ശൂരിലെ തേക്കിൻകാട് മൈതാനിയിൽ ഈ സമയത്ത് ഗുലാൻ പെരിശ് തകർക്കുകയായിരിക്കും. പത്തോ പന്ത്രണ്ടോ പേർ പരിസരം തന്നെ വിസ്മരിച്ചുകൊണ്ട് കറുപ്പും വെളുപ്പും മാത്രമുള്ള ഒരു ലോകത്തിൽ തന്ത്രങ്ങളും നീക്കങ്ങളും മെനഞ്ഞുകൊണ്ടിരുന്നു. കാരംസ് കളിയും പത്രവായനയും അടുത്തുതന്നെ നടക്കുന്നു. മെയിൻ റോഡിനെ അഭിമുഖീകരിച്ചുകൊണ്ട് കവിയുടെ അർദ്ധകായപ്രതിമ നിലകൊള്ളുന്നു. സാമ്പ്രദായിക ലോകത്തോടുള്ള ധിക്കാരം മുഴുവൻ പാറിപ്പറന്ന മുടിയോടു കൂടിയ ആ പ്രതിമയിൽ ആവാഹിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രസിദ്ധമായ കവിതാശകലങ്ങളും വർണപ്പലകകളിൽ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. സ്ഥലം വളരെ കുറച്ചേയുള്ളൂവെങ്കിലും അത് ഏറ്റവും ഫലപ്രദമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഒരു മൂലയ്ക്കായി സ്ഥാപിച്ചിരിക്കുന്ന യുദ്ധവിമാനം അരോചകമാണ്.

പാർക്കിനു നടുവിലായി മേൽക്കൂരയോടുകൂടിയ ഓപ്പൺ എയർ ഓഡിറ്റോറിയം സ്ഥിതി ചെയ്യുന്നു. ഏ. കെ. ആന്റണി എം.പിയുടെ ഫണ്ട് ഉപയോഗിച്ചാണ് ഓഡിറ്റോറിയം നിർമ്മിച്ചിരിക്കുന്നത്. എന്നിട്ടും കാശു തികയാതെ വന്നതുകൊണ്ട് സ്റ്റേജ് പണിയാൻ കെ. ബാബു എം.എൽ.ഏയുടെ ഫണ്ട് കൂടി വേണ്ടിവന്നു. വലിയ അക്ഷരങ്ങളിൽ ഈ വിവരങ്ങൾ അരികെ എഴുതിവെച്ചിരിക്കുന്നു. നമ്മുടെ രാഷ്ട്രീയക്കാർ എത്ര നിസ്വാർത്ഥസേവനമാണ് നാടിനുവേണ്ടി ചെയ്യുന്നത്! സ്വന്തം തറവാട്ടിലെ ഫണ്ട് എടുത്തുപോലും നാട്ടുകാരെ സേവിക്കാൻ മാത്രം ആത്മാർത്ഥതയുള്ള ഉരുപ്പടികൾ!

ഓഡിറ്റോറിയത്തിൽ ഇടപ്പള്ളി സംഗീത സഭയുടെ നെയ്യാറ്റിൻകര വാസുദേവൻ‌ അനുസ്മരണസമ്മേളനവും അവാർഡ് ദാനവും നടക്കുകയായിരുന്നു. ചേർത്തല രംഗനാഥശർമ്മയാണ് അവാർഡ്‌ ജേതാവ്. 6.30ന് അദ്ദേഹത്തിന്റെ സംഗീതക്കച്ചേരിയുമുണ്ട്. ആറുമണിയോടെ നൂറോളം പേർ സദസ്സിലുണ്ടായിരുന്നു. ഓരോരുത്തരായി വന്നുകൊണ്ടുമിരിക്കുന്നു. പ്രാസംഗികർ എല്ലാവരും നെയ്യാറ്റിൻകരയേയും അവാർഡ്‌ ഏർപ്പെടുത്തിയവരേയും പുകഴ്ത്തിക്കൊണ്ടിരുന്നു. ശാസ്ത്രീയസംഗീതം ആസ്വദിക്കാൻ കഴിവുള്ള ഇത്രയും ആളുകൾ ഇപ്പോഴും ഉണ്ടെന്നത് ആശ്വാസകരം തന്നെയാണ്.

ചെറുതായി മഴ പൊടിയാൻ തുടങ്ങിയതോടെ അന്നത്തെ പര്യടനം അവസാനിപ്പിച്ച് കൂടണഞ്ഞു. 'സ്പന്ദിക്കുന്ന അസ്ഥിമാടത്തിലെ' വരികൾ അപ്പോഴും മനസ്സിൽ നിറഞ്ഞിരുന്നു.

താരകകളെ കാണ്മിതോ നിങ്ങൾ
താഴെയുള്ളൊരീ പ്രേതകുടീരം
ഹന്ത! യിന്നതിൻ ചിത്ത രഹസ്യം
എന്തറിഞ്ഞൂ ഹാ! ദുരസ്തർ നിങ്ങൾ
പാല പൂത്തു പരിമളമെത്തി
പാതിരയെ പുണർന്നൊഴുകുമ്പോൾ
മഞ്ഞണിഞ്ഞൂ മദാലസയായി
മഞ്ജുചന്ദ്രിക നൃത്തമാടുമ്പോൾ
മന്ദമന്ദം പൊടിപ്പതായ് കേൾക്കാം
സ്പന്ദനങ്ങളീ കല്ലറയ്കുള്ളിൽ....

Friday, March 11, 2016

മാതൃഭൂമിയുടെ പ്രവാചകനിന്ദ

ഹഹഹഹ....

LOL (laughing out  loud) എന്ന പ്രയോഗത്തിനു പകരം വെയ്ക്കാൻ മറ്റൊന്നും കിട്ടാത്തതുകൊണ്ടാണ്.  മാതൃഭൂമിയുടെ ഇപ്പോഴത്തെ സ്ഥിതി കണ്ടാൽ മറ്റെന്താണ്‌ ചെയ്യുക?

കഴിഞ്ഞ കുറെ മാസങ്ങളായി മാതൃഭൂമി പത്രവും അതിന്റെ അനുബന്ധമായ ടി.വി. ചാനലും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മൊത്തക്കച്ചവടം ഏറ്റെടുത്തുകൊണ്ട് ഓരോ ദിവസവും കുറേശെയായി ചില്ലറ വില്പന നടത്തുകയായിരുന്നല്ലോ. ജെ.എൻ.യു വിൽ രാജ്യദ്രോഹമുദ്രാവാക്യങ്ങൾ വിളിച്ചിരുന്നു എന്ന് പകൽ പോലെ വ്യക്തമാണെങ്കിലും, അത് അഭിപ്രായസ്വാതന്ത്ര്യമായി ദുർവ്യാഖ്യാനം ചമയ്ക്കുകയാണ് മാതൃഭൂമി ചെയ്തിരുന്നത്. ദുർഗാദേവിയെ വേശ്യ എന്നു വിളിച്ചു എന്ന ആരോപണം ഉയർന്നപ്പോഴും അത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ നാം തൊണ്ട തൊടാതെ വിഴുങ്ങി.

അങ്ങനെ കളിച്ചു കളിച്ച് ഉന്നതങ്ങളിൽ വിരാജിക്കുമ്പോഴാണ് പത്രത്തിന്റെ കൂലിയെഴുത്തുകാർക്ക് ആത്മവിശ്വാസം നെറുകയിൽ കയറിയത്. യൂണിഫോം സിവിൽ കോഡ് ആവശ്യമാണെന്ന ജസ്റ്റീസ് കമാൽ പാഷയുടെ പ്രസംഗവും വന്നപ്പോൾ ഒരു കൊട്ട് ഇസ്ലാമിനു നേരെയും കിടക്കട്ടെ എന്ന് അവർ ചിന്തിച്ചുപോയതിന് കുറ്റം പറയാനൊക്കുമോ?

എന്നാൽ ഹിന്ദു ദൈവങ്ങളെ തെറി വിളിക്കുന്നതുപോലെ മുസ്ലിം വികാരങ്ങളെ വ്രണപ്പെടുത്തിയാൽ പണി കിട്ടും എന്ന് എത്ര പെട്ടെന്നാണ് അവർക്ക് മനസ്സിലായത്! മാർച്ച്‌ 9-ന് പ്രസിദ്ധപ്പെടുത്തിയ കോഴിക്കോട്, തൃശൂർ എഡിഷനുകളിലെ 'നഗരം' പതിപ്പിൽ പ്രവാചകനായ മുഹമ്മദിനെതിരെ (സ) സോഷ്യൽ മീഡിയയിൽ വന്ന ഒരു കമന്റ് അതേപടി പകർത്തിവെയ്ക്കുകയാണ് മാതൃഭൂമി ചെയ്തത്. വസ്തുതാപരമായി ആ പരാമർശം ശരിയാണോ തെറ്റാണോ എന്നെനിക്കറിയില്ല. പക്ഷേ അതോടൊപ്പം കാണുന്ന ഭാഷാശൈലി പരമാവധി അവഹേളിക്കുക എന്ന ലക്ഷ്യം മാത്രമുള്ളതാണ്. '......ന്റെ സൂക്കേടാണെന്നറിയില്ലേ' എന്നൊക്കെയുള്ള വാചകങ്ങൾ സോഷ്യൽ മീഡിയയിൽ കുഴപ്പമില്ലായിരിക്കാം, പക്ഷേ ആബാലവൃദ്ധം ജനങ്ങൾ വായിക്കുന്ന ഒരു പത്രത്തിൽ അത് പ്രത്യക്ഷപ്പെടാൻ പാടില്ലായിരുന്നു എന്നത് തർക്കമില്ലാത്ത സംഗതിയാണ്.

പത്രം പുറത്തുവന്ന അന്നുതന്നെ പ്രതിഷേധം ഇരമ്പി. നാടെങ്ങും മാതൃഭൂമി പത്രം കത്തിക്കുകയും വരിസംഖ്യ റദ്ദു ചെയ്യുകയും ചെയ്തു. പത്രമോഫീസുകളിലേയ്ക്ക് തീവ്രവാദമനോഭാവം പുലർത്തുന്ന സംഘടനകൾ മാർച്ച്‌ നടത്തുകയും അസഭ്യവർഷം ചൊരിയുകയും ചെയ്തു. അടുത്ത ദിവസം തന്നെ നിർവ്യാജം ഖേദം പ്രകടിപ്പിച്ചുകൊണ്ട് മുഖം രക്ഷിക്കാൻ മാതൃഭൂമി ശ്രമിച്ചെങ്കിലും അതേറ്റ ലക്ഷണമില്ല. വൈകുന്നേരമായപ്പോഴേക്കും കുറ്റക്കാരായ മൂന്നു ജീവനക്കാരെ സസ്പെൻഡ് ചെയ്തുകൊണ്ട് പ്രതിഷേധം ശമിക്കുമോ എന്നു നോക്കുകയാണ് മാനേജ്‌മെന്റ്. ഇതുകൊണ്ടും അടങ്ങിയില്ലെങ്കിൽ അവരുടെ ഫോട്ടോയും വിലാസവും പ്രസിദ്ധപ്പെടുത്തി കയ്യോ കാലോ വെട്ടാൻ അവസരം നല്കുമായിരിക്കും!

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട്ടു മത്സരിച്ച് എട്ടുനിലയിൽ പൊട്ടിയ വലിയ പത്രമുതലാളിക്ക് ഇതൊരു പ്രശ്നമല്ലായിരിക്കും. അങ്ങേയറ്റത്തെ മതേതരജാടയുമായി നടക്കുന്ന ഇദ്ദേഹം പൊതുജനങ്ങളെ എങ്ങനെയെങ്കിലും സേവിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യസഭാ സീറ്റ് ഇരന്നുവാങ്ങിയതേയുള്ളല്ലോ. പക്ഷേ കല്പറ്റ മണ്ഡലത്തിൽ നിയമസഭയിലേക്ക് മത്സരിക്കാൻ കുപ്പായവും തയ്പ്പിച്ചുവെച്ചിരിക്കുന്ന കൊച്ചുമുതലാളിയുടെ ഗതി എന്താകും എന്ന് കണ്ടുതന്നെ അറിയണം. മാതൃഭൂമിയുടെ ഫേസ്ബുക്ക്‌ പേജിലാണെങ്കിൽ തെറിയഭിഷേകമാണ്. 19 ലക്ഷത്തോളം ലൈക്കുകൾ ഉണ്ടായിരുന്ന പേജിന് 60,000-ഓളം ലൈക്കുകൾ നഷ്ടമായി. ഓരോ വാർത്തയ്ക്കും കമന്റ് എന്ന രീതിയിൽ തീവ്രവാദികൾ താണ്ഡവനൃത്തമാടുകയാണ്. ഏറ്റവും വലിയ തമാശ അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടി മാതൃഭൂമി പേനയുന്തിക്കൊണ്ടിരുന്നപ്പോൾ അതിനെ കയ്യടിച്ചു പ്രോൽസാഹിപ്പിച്ചവർ തന്നെയാണ് ഒന്നു തെറ്റിയപ്പോൾ തന്തക്കു വിളിക്കുന്നതെന്നാണ്.

മാതൃഭൂമിയ്ക്കു മാത്രമല്ല, എല്ലാ പത്രങ്ങൾക്കും ചാനലുകൾക്കും ഇതൊരു പാഠമാണ്. നിങ്ങൾക്കു ലഭിക്കുന്ന സ്വാതന്ത്ര്യം എത്ര വലുതാണ്‌ എന്നു തിരിച്ചറിയാതെ എവിടെവരെ പോകാം എന്ന മട്ടിൽ നിങ്ങൾ പൊറാട്ടുനാടകമാടുമ്പോൾ ആരെയാണ് പാലൂട്ടി വളർത്തിക്കൊണ്ടിരിക്കുന്നത് എന്നു മനസ്സിലാക്കണം. അതോടൊപ്പം തന്നെ ശത്രുവിന്റെ ശത്രു മിത്രം എന്ന മട്ടിൽ നിങ്ങൾ താലോലിക്കുന്ന ന്യൂനപക്ഷവർഗീയത സഹിഷ്ണുതയുടെ അളവുകോലിലൊന്നും ഒതുങ്ങാത്തതാണെന്നും. ഒന്നു മാത്രം ഓർക്കുക. മാതൃഭൂമിയുടെ ഫേസ്ബുക്ക്‌ പേജ് വൃത്തികേടാക്കിക്കൊണ്ടിരിക്കുന്നവർ വെറും മുപ്പതോ നാല്പതോ ആളുകൾ മാത്രമാണ്. മിക്കവരും ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരും. തീവ്രവാദ കാഴ്ചപ്പാടുകൾ പുലർത്തുന്ന ഇവരിൽ അൽ-ഖൈദയും ഇസ്ലാമിക് സ്റ്റേറ്റുമൊക്കെ ഉണ്ടാകും. ആ പ്രൊഫൈലുകളുടെ വിവരങ്ങൾ രഹസ്യാന്വേഷണ ഏജൻസികൾക്ക് ഉടനടി കൈമാറുകയാണ് ഇനി വേണ്ടത്.

ഹഹഹഹ....

മതേതരപ്രേമം മൂത്ത് തീവ്രവാദത്തിന്റെ കാളസർപ്പങ്ങളെ പാലൂട്ടി വളർത്തുന്ന ഈ പത്രത്തിന്റെ ഗതികേടിൽ ഒന്നുകൂടി ചിരിക്കാതെന്തു ചെയ്യും!

Saturday, March 5, 2016

കനയ്യയെന്ന കാമ്പസ് രാഷ്ട്രീയക്കാരൻ

രാഷ്ട്രീയപ്പകയുടെ ചോരയൊഴുകിയ എഴുപതുകളും എൺപതുകളും കേരളത്തിലെ കോളേജ് കാമ്പസുകളിൽ നിഷ്പക്ഷത എന്നത് വിലയില്ലാത്ത ഒരു വസ്തുവാക്കി മാറ്റി. പനാമയിലേയും നിക്കരാഗ്വയിലേയും 'നീറുന്ന' പ്രശ്നങ്ങളിൽ പ്രതിഷേധിച്ച് കേരളത്തിലെ കോളേജ് കുമാരന്മാരും കുമാരികളും പഠിപ്പുമുടക്കി സിനിമാ തിയേറ്ററുകളിൽ നൂൺഷോയും മാറ്റിനിയുമൊക്കെ കണ്ടുനടന്നു. മാസത്തിൽ 30 രൂപ മാത്രം എൻജിനീയറിങ്ങിന് ഫീസ്‌ നൽകുമ്പോൾ (1993-ലെ കണക്ക് - ഇപ്പോഴത്തെ വിലനിലവാരം വെച്ച് 140 രൂപ) പഠനത്തിന് വിലയുണ്ടാവില്ലല്ലോ. സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വരവോടെയാണ് സ്ഥിതി മാറാൻ തുടങ്ങിയത്. പഠനം എന്നത് ചെലവുള്ള ഒരു കാര്യമാണെന്നു കണ്ടപ്പോഴാണ് കാമ്പസുകളിൽ രാഷ്ട്രീയം നിരോധിക്കുകയോ അല്ലെങ്കിൽ നിയന്ത്രിക്കുകയോ ചെയ്യേണ്ടതാണെന്ന ബോധം മലയാളിക്കുണ്ടായത്.

കാതങ്ങൾക്കകലെ ദില്ലിയിൽ ജവഹർലാൽ നെഹ്രു സർവകലാശാല (ജെ.എൻ.യു) എന്ന സർവ കലകളും കൊടികുത്തി വാഴുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമുണ്ട്. കമ്യൂണിസ്റ്റ് പാർട്ടിയിലെ വെയിലുകൊള്ളാത്ത ചോക്കളേറ്റ് നേതാക്കൾക്ക് ജനകീയ സമരങ്ങൾ നയിച്ച വൃദ്ധനേതാക്കളുടെ തലയിൽ ചവിട്ടി പോളിറ്റ് ബ്യൂറോയിലെത്താൻ സഹായിക്കുന്ന സ്ഥാപനം. പക്ഷേ കളിച്ചു കളിച്ച് പാക്കിസ്ഥാന് സിന്ദാബാദ് വിളിക്കാൻ മുട്ടുന്ന വിധത്തിൽ വിദ്യാർഥികൾ വളർന്നത് നമ്മളാരും അറിഞ്ഞില്ല. സ്വാഭാവികമായും തിരിച്ചടി ഉണ്ടായി. യൂണിയൻ നേതാവിനെ കയ്യോടെ പിടിച്ച് മൂന്നാഴ്ച അകത്തിട്ടതോടെ തങ്ങളല്ല മുദ്രാവാക്യം വിളിച്ചതെന്നും പുറത്തുനിന്നെത്തിയ ആരോ ആണെന്നും ആയി വാദം. അത്രയും നല്ലത്.

കർശനമായ വ്യവസ്ഥകളോടെ ഹൈക്കോടതിയുടെ ജാമ്യവും നേടി ഇറങ്ങിയ കനയ്യകുമാറിന്റെ തട്ടുപൊളിപ്പൻ പ്രസംഗത്തിന്റെ പുറകെ ആണ് പപ്പരാസികൾ ഇപ്പോൾ. തങ്ങളുടെ മക്കൾ പഠിക്കുന്ന സ്ഥാപനങ്ങളിൽ കാമ്പസ് രാഷ്ട്രീയം പാടില്ലെന്നു വാദിക്കുന്നവർ പോലും, രാഷ്ട്രീയം മാറ്റിവെച്ച് കനയ്യയോട് പഠനത്തിൽ ശ്രദ്ധിക്കാൻ പറഞ്ഞ വെങ്കയ്യ നായിഡുവിന്റെ നെഞ്ചത്തു കയറുന്നതു കാണുമ്പോഴാണ് ഇരട്ടത്താപ്പിന് കയ്യും കാലും വെച്ചവർ നമ്മുടെ കൂട്ടത്തിലുണ്ടെന്ന് നാം അറിയുന്നത്.