Friday, March 25, 2016

രാജാരവിവർമ്മയും ചിത്രകലയും

മലയാളത്തിന്റെ അനശ്വര ചിത്രകാരനാണ് രാജാരവിവർമ്മ. എണ്ണഛായാമാധ്യമത്തിലൂടെ അദ്ദേഹം രചിച്ച ഇതിഹാസസമാനമായ ചിത്രങ്ങൾ കൊച്ചുകേരളത്തിന്റെ പ്രശസ്തി ലോകമെങ്ങും പരത്തി. കിളിമാനൂർ കൊട്ടാരത്തിലെ 'ചിത്രമെഴുത്തു തമ്പുരാൻ' നാട്ടുരാജ്യങ്ങളുടെ അതിരുകളേയും ഭേദിച്ചു വളർന്നു. മാറിമാറി വന്ന രാജപരമ്പരകളുടെ വാത്സല്യമേറ്റ് സ്വച്ഛമായി ഒഴുകിയ ഭാരതീയ ചിത്രകല പക്ഷേ ഔറംഗസീബ് എന്ന കരിമ്പാറക്കെട്ടിന്റെ ബന്ധനത്തിൽ തടഞ്ഞുനിന്നുപോയിരുന്നു. രണ്ടു നൂറ്റാണ്ടുകൾക്കുശേഷം പാശ്ചാത്യ സങ്കേതങ്ങൾ ഉപയോഗിച്ച് ആ ശിലാബന്ധനത്തിൽ നിന്ന് ദേശീയ ചിത്രകലയെ രക്ഷിച്ചതിന്റെ ക്രെഡിറ്റ് രവിവർമ്മയ്ക്ക് അവകാശപ്പെട്ടതാണ്. പാശ്ചാത്യരീതിയുടെ അന്ധമായ അനുകരണം എന്നൊക്കെ വിമർശകർ പരിഹസിച്ചിരുന്നുവെങ്കിലും ഭാരതീയ ശൈലിയുടെ സമഞ്ജസമായ മിശ്രണമാണ് രവിവർമ്മയുടെ ചിത്രങ്ങളെ ഇത്ര ജനകീയമാക്കിയത്‌. നാട്ടിലും വിദേശങ്ങളിലുമുള്ള നിരവധി പ്രദർശനങ്ങളിൽ ആ ചിത്രങ്ങൾ പുരസ്കാരങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. 1893-ലെ വിഖ്യാതമായ സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗം മുഴങ്ങിയ വേദിക്കരികിൽ രവിവർമ്മയുടെ ചിത്രങ്ങളുമുണ്ടായിരുന്നു. മുപ്പതാമത്തെ വയസ്സിൽ തന്റെ പ്രവൃത്തിമണ്ഡലം കേരളത്തിനു പുറത്തേക്ക് പറിച്ചുനട്ട ചിത്രകാരൻ ബറോഡ, മൈസൂർ, ബോംബെ എന്നിവിടങ്ങളിൽ ദീർഘകാലം പ്രവർത്തിച്ചു. ബറോഡയിലേയും മൈസൂരിലേയും രാജധാനികളിൽ അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. ജനങ്ങളിലേക്ക് ചിത്രകല എത്തിക്കുക എന്ന ലക്ഷ്യത്തോടെ വൻതുക ചെലവഴിച്ചു തുടങ്ങിയ ബോംബെയിലെ ലിത്തോഗ്രാഫിക് പ്രസ്സ് ഭീമമായ നഷ്ടത്തിലാണ് ചിത്രകാരനെ കൊണ്ടെത്തിച്ചത്. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കേ, ഇന്നത്തെ നിലക്ക് വലിയ പ്രായമൊന്നുമല്ലാത്ത 58-ൽ പ്രമേഹബാധിതനായിട്ടായിരുന്നു അദ്ദേഹത്തിന്റെ നിര്യാണം.

രവിവർമ്മയുടെ നാട്ടുകാരനും, എഴുത്തുകാരനും, നാടൻ പാട്ട്, നാടോടിക്കലകൾ എന്നിവയിലൊക്കെ ഗവേഷണം നടത്തിയിട്ടുമുള്ള കിളിമാനൂർ ചന്ദ്രൻ ആണ് ഈ കൃതിയുടെ കർത്താവ്‌. കിളിമാനൂർ രാജകുടുംബവുമായുള്ള സൗഹൃദം നിരവധി വിവരങ്ങൾ അദ്ദേഹത്തിന് ലഭ്യമാകാൻ ഇടയാക്കി. പക്ഷേ, ചില അവസരങ്ങളിലെങ്കിലും യഥാർത്ഥ സംഭവങ്ങൾ തുറന്നു വിവരിക്കാൻ അദ്ദേഹം തയ്യാറാകാത്തതും ഈ സൗഹൃദം കാരണമാകാം. ആയില്യം തിരുനാൾ മഹാരാജാവ് രവിവർമ്മയുടെ രക്ഷാധികാരിയായിരുന്നെങ്കിലും പിന്നീടവർ തമ്മിൽ തെറ്റാനിടയായ കാരണങ്ങൾ വിശ്വാസയോഗ്യമായ വിധത്തിൽ ലേഖകൻ പരാമർശിക്കുന്നില്ല. നിരവധി ചിത്രങ്ങളുടെ പിന്നാമ്പുറക്കഥകൾ ചന്ദ്രൻ വിവരിക്കുന്നുണ്ട്. ഹംസദമയന്തി ചിത്രത്തിൽ ദമയന്തിയുടെ പ്രായക്കൂടുതൽ ചിത്രം കാണാനെത്തിയ ഒരു ബ്രാഹ്മണൻ പരിഹാസരൂപേണ ചൂണ്ടിക്കാട്ടുന്നതും അത് യഥാർത്ഥമായ ആർജ്ജവത്തോടെ രവിവർമ്മ എങ്ങനെ സ്വീകരിച്ചു എന്നതും വായനക്കാരിൽ മതിപ്പു വർദ്ധിപ്പിക്കുന്നു. ചിത്രകലാകുലപതി അയ്യായിരത്തോളം ചിത്രങ്ങൾ എഴുതിയിട്ടുണ്ടെങ്കിലും വിരലിലെണ്ണാവുന്നവയുടെ പാർശ്വകഥകൾ മാത്രമേ പുസ്തകത്തിൽ കാണുന്നുള്ളൂ. ഗ്രന്ഥത്തിലുടനീളം കാണുന്ന അച്ചടിപ്പിശകുകൾ വളരെക്കൂടുതലാണ്. ഇത് ചിന്ത പബ്ലിഷേഴ്സിന്റെ പ്രൂഫ്‌ റീഡർമാരെക്കുറിച്ച് സഹതാപമർഹിക്കുന്ന ഒരു വികാരമാണ് വായനക്കാരിൽ ഉണ്ടാക്കുന്നത്. ഓരോ ഖണ്ഡികയിലും ഒരു തെറ്റെങ്കിലുമുണ്ടെന്നു തോന്നുന്നു. ചിത്രകലയുടെ കുലപതിയുടെ ജീവചരിത്രം വളരെ വിശദവും സത്യസന്ധവുമായിത്തന്നെ കിളിമാനൂർ ചന്ദ്രൻ പ്രതിപാദിക്കുന്നുണ്ടെങ്കിലും, ഹാവേൽ, ആനന്ദകുമാരസ്വാമി മുതലായ നിരൂപകരുടെ വിമർശനങ്ങളേയും, അബനീന്ദ്രനാഥ ടാഗോറിന്റെ നേതൃത്വത്തിലുണ്ടായ ബംഗാളി ശൈലിക്കാരുടെ എതിർപ്പിന്റെയും താത്വികമായ അടിത്തറ ഗ്രന്ഥകാരൻ നൽകുന്നില്ലെന്നു മാത്രമല്ല, ഇവരുടെ വിമർശനങ്ങൾക്ക് സ്വയം മറുപടി നല്കുകയുമാണ് ചെയ്യുന്നത്.

രവിവർമ്മയുടെ ചിത്രകലാജീവിതത്തിൽ തിരുവിതാംകൂർ രാജാക്കന്മാർ സൃഷ്ടിച്ച മാർഗതടസ്സങ്ങൾ ലേഖകൻ വിശദമായിത്തന്നെ വിവരിക്കുന്നുണ്ട്. കേവലം ഒരു പ്രജ തന്നെക്കാൾ വിശ്രുതനായി വളരുന്നതിലുള്ള അസൂയയായിരുന്നോ അതിനു പിന്നിൽ? അതോ തങ്ങൾ ഭയഭക്തിബഹുമാനത്തോടെ മാത്രം വീക്ഷിച്ചിരുന്ന ബ്രിട്ടീഷ് റസിഡന്റ്, ഗവർണർമാർ, വൈസ്രോയിമാർ, രാജകുമാരൻമാർ എന്നിവർ രവിവർമ്മയുടെ മുന്നിൽ ആദരവോടെ പെരുമാറിയതിലുള്ള ഈർഷ്യയോ? കിളിമാനൂർ കൊട്ടാരത്തിൽ നിന്ന് സേതുലക്ഷ്മിഭായി തമ്പുരാട്ടിയേയും സേതുപാർവതിഭായി തമ്പുരാട്ടിയേയും തിരുവിതാംകൂർ രാജകുടുംബത്തിലേയ്ക്ക് ദത്തെടുക്കുന്നതിന് രാജാവിന്റെ താല്പര്യങ്ങൾ തടസ്സം നിന്നപ്പോൾ ആ വിഘ്നത്തെ ഭസ്മീകരിക്കാൻ രവിവർമ്മയ്ക്ക് തന്റെ സുഹൃത്തായിരുന്ന അന്നത്തെ വൈസ്രോയി കഴ്സൺ പ്രഭുവിനെ നേരിൽകണ്ട്‌ വിവരമറിയിക്കുകയേ വേണ്ടിയിരുന്നുള്ളൂ. ആയില്യം തിരുനാൾ തുടക്കത്തിൽ ചിത്രകാരനെ വളരെയധികം സഹായിച്ചിരുന്നുവെങ്കിലും പിന്നീട് ആ ബന്ധത്തിൽ അസ്വാരസ്യങ്ങൾ കടന്നുകൂടി. തുടർന്ന് അധികാരം ഏറ്റെടുത്ത വിശാഖം തിരുനാൾ ഒരു ബദ്ധശത്രുവിനെപ്പോലെയാണ് പെരുമാറിയിരുന്നത്. ഈ രാജാവിന്റെ ഒളിയമ്പുകളിൽ നിന്ന് രക്ഷ തേടിയാണ് രവിവർമ്മ തിരുവിതാംകൂറിലെ മുൻ ദിവാനും പിന്നീട് ബറോഡ ദിവാനുമായ സർ. ടി. മാധവറാവുവിന്റെ സഹായത്തോടെ ബറോഡയിലേക്കു പോയത്. അതിനുശേഷം അധികാരത്തിലേറിയ ശ്രീമൂലം തിരുനാളും വ്യത്യസ്തനായിരുന്നില്ല. വിദേശയാത്ര രവിവർമ്മയുടെ നിറവേറാതെ പോയ ആഗ്രഹമായി അവശേഷിച്ചത് അതിന് രാജകീയ അനുമതി ലഭിക്കാതിരുന്നതുകൊണ്ടാണ്. പുറംലോകം രവിവർമ്മയെ ആദരിക്കുന്നതിൽ പരസ്പരം മത്സരിച്ചുകൊണ്ടിരുന്നപ്പോൾ കേരളം അദ്ദേഹത്തിനു സമ്മാനിച്ചത് ക്രൂരമായ അവഗണനയും മാനസിക പീഡനവുമാണ്. ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തിന് കൈസർ -എ-ഹിന്ദ്‌ എന്ന അപൂർവബഹുമതി ചാർത്തിക്കൊടുത്തപ്പോൾ ശ്രീമൂലം തിരുനാൾ ചെയ്തത് രാജാരവിവർമ്മയ്ക്ക് പേരിന്റെ കൂടെ 'രാജാ' എന്നു ചേർക്കാൻ അവകാശമില്ലെന്നു പ്രഖ്യാപിക്കുന്ന വിധി പുറപ്പെടുവിക്കണമെന്ന് ബ്രിട്ടീഷ് കോടതിയോട് അപേക്ഷിക്കുകയാണ്. കോടതി ആ വാദം പക്ഷേ നിർദാക്ഷിണ്യം തള്ളി.

ഈ പുസ്തകത്തിൽനിന്നു വെളിവാകുന്ന മറ്റൊരു കാര്യം രവിവർമ്മയും തന്റെ അനുജനായിരുന്ന രാജരാജവർമ്മയുമായി ഉണ്ടായിരുന്ന മാതൃകാപരമായ ബന്ധമാണ്. പതിനെട്ടാം വയസ്സിൽ തന്റെ മുപ്പതുകാരനായ ജ്യേഷ്ഠനോടൊപ്പം പരദേശയാത്രക്കു പുറപ്പെട്ട രാജരാജവർമ്മ 27 വർഷങ്ങൾക്കുശേഷം ഇൻഫെക്ഷൻ ബാധിച്ചു മരണമടയുന്നതുവരെ രവിവർമ്മയുടെ സുഹൃത്തും, സഹചാരിയും, അനുജനും, സേവകനും, മാനേജരുമൊക്കെയായിരുന്നു. അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകളിൽകൂടിയാണ് പല സംഭവങ്ങളും ഇന്നു നാമറിയുന്നത്. രാജരാജവർമ്മയുടെ ഉറച്ച ഇംഗ്ലീഷ് പാണ്ഡിത്യമാണ് ബ്രിട്ടീഷ് പ്രഭുക്കളുടെ ഇഷ്ടസുഹൃത്തായി രവിവർമ്മയെ മാറ്റിയെടുത്തത്. ജ്യേഷ്ഠനേക്കാൾ ഒട്ടും കഴിവുകുറഞ്ഞ ചിത്രകാരനായിരുന്നില്ല അനുജനും എന്നു മാത്രമല്ല, പ്രകൃതിദൃശ്യങ്ങൾ പകർത്തുന്നതിൽ ജ്യേഷ്ഠനേക്കാൾ ഒരു പടി മുന്നിലുമായിരുന്നത്രേ. സംശയമുള്ളവർ തിരുവനന്തപുരത്തെ ശ്രീചിത്ര ആർട്ട് ഗാലറിയിലേക്കൊന്നു പോവുകയേ വേണ്ടൂ. രാജരാജവർമ്മയുടെ എണ്ണംപറഞ്ഞ ഇരുപതോളം ചിത്രങ്ങൾ അവിടെ സൂക്ഷിക്കുന്നുണ്ട്. ഭാരതീയ കുടുംബമൂല്യങ്ങളുടെ ദൃഢതയ്ക്കുദാഹരണമായി എടുത്തുകാട്ടാവുന്ന ഈ ബന്ധം രാമലക്ഷ്മണന്മാരുടേതിനു സമാനമായിരുന്നു. പക്ഷേ രാജരാജവർമ്മ എന്തുനേടി എന്ന ചോദ്യം വേദനാജനകമായ ഒരോർമ്മയായി വായനക്കാരുടെ മനസ്സുകളെ മഥിക്കുന്നു. മരണക്കിടക്കയിൽ കിടന്നുകൊണ്ട് സ്വന്തം ഭാര്യക്ക് ഒന്നും നല്കാൻ കഴിഞ്ഞില്ല എന്നു വിലപിക്കുന്ന ആ കുഞ്ഞനുജന്റെ കഥ തന്നെ ഒരു ജീവചരിത്രമായി പ്രസിദ്ധീകരിക്കാനുള്ള വക നിറഞ്ഞതാണ്‌. അദ്ദേഹത്തിന്റെ മരണത്തിനുശേഷം ഒരു വർഷത്തിനുള്ളിൽ തന്നെ രവിവർമ്മയും കാലം ചെയ്തു.

രവിവർമ്മയുടെ ജീവിതവും കലയും തന്മയത്വത്തോടെ പ്രതിപാദിക്കുന്ന ഈ കൃതി നിർബന്ധമായും വായിച്ചിരിക്കേണ്ടതാണ്. വിഖ്യാതമായ എട്ടു ചിത്രങ്ങളുടെ കളർപ്ലേറ്റുകൾ പുസ്തകത്തെ കൂടുതൽ ആകർഷകമാക്കുന്നു. പദസൂചി ഉൾക്കൊള്ളിക്കാത്തത് ഒരു പോരായ്മയായും ചൂണ്ടിക്കാട്ടാം.

Book Review of 'Rajaravivarmayum Chithrakalayum' by Kilimanoor Chandran,
ISBN 9789382167747, Published by Chintha Publishers

No comments:

Post a Comment