ചെന്നകേശവ ക്ഷേത്രം |
ചെന്നകേശവ ക്ഷേത്രത്തിനു മുമ്പിൽ ഞങ്ങൾ വണ്ടി നിർത്തി. പതിമൂന്നാം നൂറ്റാണ്ടിൽ ഹൊയ്സാല രാജാക്കന്മാർ പണികഴിപ്പിച്ച ഈ വാസ്തുവിസ്മയം കാലപ്പഴക്കത്തിന്റെ തളർച്ചക്കിടയിലും ഒരു ദൃശ്യവിസ്മയമായി തലയുയർത്തിനിന്നു. പണ്ടെന്നോ നഷ്ടപ്പെട്ടുപോയ കലശം പക്ഷേ ഈ ഏകകൂട ക്ഷേത്രഗോപുരത്തിന്റെ ആഭിജാത്യം നഷ്ടപ്പെടുത്തുന്നില്ല. 16 വശങ്ങളുള്ള നക്ഷത്രത്തിന്റെ ആകൃതിയിൽ പണിചെയ്ത 'ജഗതി' എന്നറിയപ്പെടുന്ന അമ്പലത്തറയ്ക്കു മുകളിൽ സർവാംഗം മാസ്മരികമായ ശിലാശില്പങ്ങളും കൊത്തുപണികളുമായി ചെന്നകേശവ ക്ഷേത്രത്തിന്റെ കൽഭിത്തികൾ ഞങ്ങളെ സ്വാഗതം ചെയ്തു. സിംഹവുമായി മൽപ്പിടുത്തം നടത്തുന്ന പോരാളിയുടെ വിഖ്യാതമായ ഹൊയ്സാല രാജചിഹ്നം ഇവിടെ കാണാനായില്ല.
ക്ഷേത്രവളപ്പിൽ കടന്ന് ഏതാനും ഫോട്ടോകൾ എടുത്തുകഴിഞ്ഞപ്പോഴാണ് ഒരു പാർശ്വവാതിൽ തുറന്ന് ഞങ്ങളെ എത്തിനോക്കുന്ന ധോത്തി മാത്രം ധരിച്ച ഒരു വൃദ്ധനെ ഞങ്ങൾ ശ്രദ്ധിച്ചത്. നെറ്റിയിലെ നേരെ മുകളിലേക്കു വരച്ചിരിക്കുന്ന ഇരട്ട ഭസ്മക്കുറികളും പൂണൂലും അയാൾ ഒരു വൈഷ്‌ണവപൂജാരിയാണെന്നു വിളിച്ചറിയിച്ചു. ചോദിക്കാതെ വളപ്പിൽ കടന്നതിന് മുഖത്ത് ദ്വേഷ്യഭാവമുണ്ടോ എന്നു ശ്രദ്ധിച്ച ഞങ്ങൾക്കു കാണാനായത് സ്വാഗതഭാവത്തിലുള്ള ഒരു പുഞ്ചിരിയാണ്. പാദരക്ഷകൾ പുറത്ത് അഴിച്ചുവെച്ചതിനാൽ ചുട്ടുപൊള്ളുന്ന കൽപാളികൾ പാകിയ തറയിലൂടെ ഞങ്ങൾ ധൃതിയിൽ നടന്ന് മുൻവശത്തെ ക്ഷേത്രവാതിലിൽ എത്തി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പരിരക്ഷണയിലുള്ള ക്ഷേത്രമാണെങ്കിലും സമീപവാസികൾ സ്ഥിരമായി പൂജ ചെയ്യുന്നുണ്ടിവിടെ. മണ്ഡപത്തിലേക്കു കടന്ന ഞങ്ങൾക്ക് അതിന്റെ ഒരറ്റത്തായി ശ്രീകോവിൽ കാണാമായിരുന്നു. പൂജാരി ലൈറ്റുകൾ ഓൺ ചെയ്തതോടെ മനോഹരമായ ഒരു വിഷ്ണുവിഗ്രഹം ദൃശ്യമായി. 'ചെന്ന' എന്ന കന്നഡ വാക്കിന്റെ അർത്ഥം മനോഹരം എന്നാണ്. കേശവൻ പിന്നെ വിഷ്ണുവുമാണല്ലോ. ഹാസനിലും പരിസരപ്രദേശങ്ങളിലുമായി നിരവധി ചെന്നകേശവ ക്ഷേത്രങ്ങളുണ്ട്. ബേലൂരിലേതാണ് ഏറ്റവും പ്രസിദ്ധവും കൊത്തുപണികൾ നിറഞ്ഞതും. എങ്കിലും മൊസാലെ ഹോസഹള്ളി, ആനക്കെരെ എന്നിവിടങ്ങളിലെ ചെന്നകേശവ ക്ഷേത്രങ്ങളും അതിമനോഹരങ്ങളാണ്.
ഞങ്ങൾ മണ്ഡപത്തിനുള്ളിലെ ചുമർശില്പങ്ങൾ കണ്ടാസ്വദിച്ചു നിൽക്കുമ്പോൾ പൂജാരി ശ്രീകോവിലിന്റെ ഇരുമ്പുകമ്പികൾ കൊണ്ടുനിർമ്മിച്ച വാതിൽ തുറന്ന് പൂജ തുടങ്ങി. ഇത് ഞങ്ങളെ അല്പമൊന്ന് അമ്പരപ്പിക്കാതിരുന്നില്ല. വന്നിരിക്കുന്നവരുടെ ജാതിയോ മതമോ ഒന്നും അന്വേഷിക്കാതെ, ഞങ്ങളുടെ കൂടി നന്മയ്ക്കെന്ന് അദ്ദേഹം വിശ്വസിക്കുന്ന ഏതോ ആരാധനയുടെ ഭാഗമായി പൂജാരി ഏതോ മന്ത്രങ്ങൾ ചൊല്ലി വിഗ്രഹത്തെ പലവട്ടം ആരതി ഉഴിഞ്ഞു. ഏതു മതവിശാസിയായാലും ഏതോ വിദൂരദേശത്തുനിന്ന് ചെന്നകേശവനെ കാണാനായി വന്ന ഞങ്ങൾക്കുവേണ്ടി പൂജ ചെയ്യാൻ തോന്നിയത് അദ്ദേഹത്തിന്റെ നല്ല മനസ്സ്. സത്യത്തിൽ മതവൈരത്തിന്റെ തീക്കനലുകളാടുന്ന ലോകത്തിനു നടുവിൽ സമാധാനത്തിന്റെ നിറകുടമാകാൻ ഭാരതത്തിനു കഴിയുന്നതും ഈ സഹിഷ്ണുത കൊണ്ടുതന്നെയല്ലേ?
ഏതാനും നിമിഷങ്ങൾ നീണ്ട പൂജയ്ക്കൊടുവിൽ പ്രസാദം നിറച്ച തളിക അദ്ദേഹം ഞങ്ങളുടെ നേരെ നീട്ടി. ടൂറിസ്റ്റുകൾ എന്ന നിലയിൽ മാത്രം ഈ ക്ഷേത്രം സന്ദർശിച്ച ഞങ്ങൾ ഇത്രയും പരിഗണന ലഭിച്ചതിൽ അത്ഭുതസ്തബ്ധരായി. പ്രസാദം സ്വീകരിച്ചതിനുശേഷം ചെറിയ നാണയത്തുട്ടുകൾ മാത്രം കിടന്നിരുന്ന ആ തളികയിൽ ഒരു നൂറുരൂപ നോട്ട് വെച്ചുകൊടുത്തപ്പോൾ കുലീനനെങ്കിലും ദാരിദ്ര്യത്തിന്റെ മറയ്ക്കാനാവാത്ത ചിഹ്നങ്ങൾ ശരീരത്തിൽ പേറിയിരുന്ന ആ വൃദ്ധൻ ഒരു നിമിഷം ശക്തിയായി ഒന്നു ചുമച്ചു, അതിനുശേഷം തല പതിയെ ഒന്നുകുനിച്ച് ഞങ്ങളെ അഭിവാദ്യം ചെയ്തു. വളരെക്കാലത്തിനുശേഷം ഒരു നല്ല കാര്യം ചെയ്തതിലുള്ള സന്തോഷം ഞങ്ങളെ പെട്ടെന്നു വലയം ചെയ്തു. അല്പസമയത്തിനുശേഷം സന്ദർശനം പൂർത്തിയാക്കി ഞങ്ങൾ വണ്ടിതിരിക്കവേ പൂജാരി കൈയുയർത്തി യാത്രാമംഗളങ്ങൾ നേർന്നു.
ഉച്ചവെയിലിൽ പൊടിപറക്കുന്ന ചെമ്മൺപാതയിലൂടെ ഞങ്ങളുടെ വണ്ടി മുന്നോട്ടു നീങ്ങിയപ്പോൾ ഞാൻ തിരിഞ്ഞുനോക്കി. ഇനിയൊരിക്കലും കാണാനിടയില്ലാത്ത സഞ്ചാരികൾക്ക് ആശീർവാദങ്ങളുമായി ആ വൃദ്ധൻ മെല്ലെ കൈവീശിക്കൊണ്ടിരുന്നു.
No comments:
Post a Comment