Thursday, July 21, 2016

ബലിയാടുകളുടെ വംശാവലി

പ്രാചീനകാലത്തെ ഭാരതം സാംസ്കാരികവും സാങ്കേതികവിദ്യാപരവുമായ കാര്യങ്ങളിൽ അഗ്രഗണ്യരായിരുന്നു എന്ന മട്ടിലുള്ള വാദങ്ങൾ നാം സ്ഥിരമായി കേൾക്കാറുള്ള ഒന്നാണ്. വിമാനങ്ങൾ, സർജറി എന്നിവയൊക്കെ പണ്ടേക്കുപണ്ടേ ഇവിടെയുണ്ടായിരുന്നു എന്ന അഭിപ്രായം അതർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയേണ്ടതാണ്. പ്രാചീന ഭാരതത്തിൽ എന്തൊക്കെയുണ്ടായിരുന്നാലും നിന്ദ്യമായ ജാതിവ്യവസ്ഥയിലൂന്നിയ വിവേചനം അവയെല്ലാം നിഷ്പ്രഭമാക്കുന്നു. നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ടിരുന്ന ഹിന്ദുമതത്തിലെ ദലിതർ പത്തൊൻപതാം നൂറ്റാണ്ടിൽ കേരളത്തിലെത്തിയ പാശ്ചാത്യ മിഷനറിമാരെ ആവേശത്തോടെയാണ് സ്വീകരിച്ചത്. കൂട്ടത്തോടെ ക്രിസ്തുമതത്തിൽ ചേരുന്നത് തങ്ങളുടെ അവശതകളെ നീക്കം ചെയ്യുമെന്ന് ആ പാവങ്ങൾ വിശ്വസിച്ചു. എന്നാൽ കൃസ്തീയ വിഭാഗങ്ങളിലേക്ക് മുൻപേ മതപരിവർത്തനം നടത്തിയെത്തിയിരുന്ന സവർണവിഭാഗങ്ങൾ ദലിതരെ തങ്ങളുടെ സമുദായത്തിൽപെട്ടവരായി കണക്കാക്കിയില്ല. ജാതിവിവേചനം മുമ്പത്തെപ്പോലെയോ ഒരുപക്ഷേ അതിൽ കൂടുതലായോ തുടർന്നപ്പോൾ ഒരു വിഭാഗം ദലിതർ ഹിന്ദുമതത്തിലേക്ക് മടങ്ങിപ്പോയി. മറ്റൊരു വിഭാഗം സുറിയാനി കൃസ്ത്യാനികൾ കൂടി അംഗങ്ങളായ സി. എസ്. ഐ സഭയിൽ തങ്ങൾക്കു നീതി ലഭിക്കുകയില്ല എന്നു മനസ്സിലാക്കിയതിനെത്തുടർന്ന് സെപ്പറേറ്റ് അഡ്മിനിസ്ട്രേഷൻ പ്രസ്ഥാനം മുഖേന 1966-ൽ പുതിയ ഒരു ആംഗ്ലിക്കൻ മഹായിടവക സ്ഥാപിച്ചു. മിഷനറിമാർ കേരളത്തിലെത്തിയതു മുതൽ പുതിയ സഭ രൂപം കൊള്ളുന്നതുവരെയുള്ള 150 വർഷത്തെ ചരിത്രമാണ് ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. ഗ്രന്ഥകാരനായ ശ്രീ. ടി. എം. യേശുദാസൻ സി. എം. എസ്. കോളേജിൽ ഇംഗ്ലീഷ് വകുപ്പ് മേധാവിയായി വിരമിച്ചതിനുശേഷം ഹൈദരാബാദിൽ വിസിറ്റിംഗ് പ്രൊഫസ്സറായിരുന്നു. ദലിത് പ്രശ്നങ്ങളുടെ ശക്തനായ വക്താവായ ലേഖകൻ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

സി. എം. എസ്, എൽ. എം. എസ് എന്നീ സഭകളിൽ സുറിയാനി കൃസ്ത്യാനികളും ദലിതരും അംഗങ്ങളായിരുന്നു. എന്നാൽ ദലിതരെ ഒരു തരത്തിലും വെച്ചുപൊറുപ്പിക്കാൻ സവർണഹിന്ദുക്കൾ മതം മാറിയവരാണ് തങ്ങൾ എന്നവകാശപ്പെട്ടിരുന്ന സുറിയാനികൾ തയ്യാറായിരുന്നില്ല. ദലിതർ പള്ളികളിൽ പ്രവേശിച്ചപ്പോൾ അവർ പുറത്തേക്കോടി. സെമിത്തേരിയിൽ അടക്കം ചെയ്തിരുന്ന ഒരു ദലിതന്റെ ജഡം മാന്തി പുറത്തിട്ട സംഭവവും യേശുദാസൻ വിവരിക്കുന്നുണ്ട്. ആരോപണങ്ങൾ ഉണ്ടാകുമ്പോഴൊക്കെ ദലിതരോടൊപ്പം ആർഭാടമായി പന്തിഭോജനം നടത്തുന്നതിലൊതുങ്ങി സുറിയാനി കൃസ്ത്യാനികളുടെ ഉൽപതിഷ്ണുത്വം.യേശുക്രിസ്തു തച്ചന്റെ മകനാണെന്നും അദ്ദേഹത്തിന്റെ ശിഷ്യർ മുക്കുവരാണെന്നും ഉപദേശിച്ച പുരോഹിതനോട് പ്രാർത്ഥനയ്ക്കുശേഷം യേശുവും ശിഷ്യന്മാരും പ്രഭുകുടുംബത്തിൽ ജനിച്ചവരാണെന്ന് പ്രസംഗിക്കാനഭ്യർത്ഥിച്ച സംഭവവും പുസ്തകത്തിൽ കാണാം. മിഷനറിമാർ തുടക്കത്തിൽ മലങ്കര സഭയുമായി യോജിച്ചാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ ദലിതരോടുള്ള മിഷനറി ആഭിമുഖ്യം പ്രകടമായതോടെ മലങ്കര സഭ 1836-ൽ എല്ലാ ബന്ധവും വിടർത്തി. അവർ അകന്നുപോയതോടെ മാത്രമാണ് മിഷനറിമാരും അടിമകളെ (ദലിതരെ) തങ്ങളുടെ സഭയിൽ ചേർക്കാൻ തയ്യാറായത്. ഇതിന്റെ ഫലമായിരുന്നു 1854-ൽ കൈപ്പറ്റയിൽ നടന്ന കൂട്ട മതപരിവർത്തനം.

വൻതോതിൽ ദലിതരെ മതം മാറ്റിയിട്ടും അവർക്ക് തുല്യ അവകാശങ്ങൾ അനുവദിച്ചുകൊടുക്കാൻ മിഷനറിമാരോ സഭയ്ക്കുള്ളിൽ തന്നെയുള്ള സുറിയാനികളോ തയ്യാറായില്ല എന്ന വസ്തുത നിരവധി ഉദാഹരണങ്ങളിലൂടെ യേശുദാസൻ സാക്ഷ്യപ്പെടുത്തുന്നു. സ്വയം വിതച്ചു വളർന്ന പ്രസ്ഥാനം എന്നാണ് അദ്ദേഹം ദലിത് സഭാശ്രമങ്ങളെ വിശേഷിപ്പിക്കുന്നതുതന്നെ. പ്രകൃത്യാ അലസന്മാരും മോഷ്ടാക്കളുമായ അടിമകൾ മതപരിവർത്തനത്തിലൂടെ അദ്ധ്വാനശീലരും വിശ്വസ്തരുമായി മാറുമെന്നും അതുവഴി യജമാനന് കൂടുതൽ ലാഭമുണ്ടാകുന്നതുമൂലം കൃസ്ത്യൻ അടിമകൾക്ക് മാർക്കറ്റിൽ കൂടുതൽ വില കിട്ടുമെന്നും ബോദ്ധ്യപ്പെടുത്തിക്കൊണ്ട് മിഷനറിമാർ അടിമകളുടെ മതപരിവർത്തനത്തിന് ഉടമകളുടെ സമ്മതം അഭ്യർത്ഥിച്ചു (പേജ് 62). ഭൗതികനേട്ടങ്ങൾക്കായുള്ള സഭയുടെ പരിപാടികളെല്ലാം സുറിയാനികൾക്കു വെളിയിൽ പ്രചരിച്ചില്ല. സുറിയാനി കൃസ്ത്യാനികൾക്ക് ജനനാനന്തരപുരോഗതിയും 'നല്ല' അടിമകൾക്ക് മരണാനന്തരവിമോചനവും എന്നതായിരുന്നു മിഷനറി സുവിശേഷം എന്ന് ലേഖകൻ വ്യക്തമാക്കുന്നു. ദലിതരുടെ ദയനീയ അവസ്ഥകൊണ്ടും അവരെ സ്വന്തം മതത്തിൽ വിശ്വസിക്കുന്നവരെന്ന് സവർണഹിന്ദുക്കൾ അംഗീകരിക്കാത്തതുകൊണ്ടും മതപരിവർത്തനത്തെ 'മതാരോഹണം' എന്ന സംജ്ഞ കൊണ്ടാണ് യേശുദാസൻ ഉടനീളം വിവരിക്കുന്നത്. ഹിന്ദുമതത്തിന്റെ സ്ഥാനം താഴെയാണെന്നൊന്നും അദ്ദേഹം ഉദ്ദേശിക്കുന്നുണ്ടാവില്ല. മാത്രവുമല്ല, സ്വാതന്ത്ര്യാനന്തരം ഭരണഘടന സമ്മാനിച്ച പട്ടികജാതി ആനുകൂല്യങ്ങൾ ലഭിക്കാതെ വന്നപ്പോൾ തിരികെ ഹിന്ദുമതത്തിലേക്ക് മതം മാറിയ അവശകൃസ്ത്യാനികളുടെ പ്രവൃത്തിയെ മതാവരോഹണം എന്നും സൂചിപ്പിക്കുന്നില്ല. ദലിതർ തികച്ചും പ്രായോഗികമായ സമീപനമാണ് ഇക്കാര്യത്തിൽ അവലംബിച്ചത്. കോളനിവാഴ്ചയുടെ ഉപാധികളായ മിഷനറി പ്രവർത്തനങ്ങളെ സവർണക്കൊളോണിയലിസത്തിനെതിരെ ദലിത് വിമോചനത്തിന്റെ ഉപാധികളാക്കി മാറ്റുവാൻ അവർ സ്വീകരിച്ച മാർഗം മാത്രമായിരുന്നു മതാരോഹണം (പേജ് 58). ബ്രിട്ടീഷ് ഭരണകാലത്ത് മിഷനറിമാർ ചില്ലറപ്പുള്ളികളൊന്നുമായിരുന്നില്ല. 1913-ൽ ബിഷപ്പ് ഗിൽ എന്ന മിഷനറി ഒരു മതംമാറ്റകേന്ദ്രമായ ഒറ്റിയാംകുന്ന് സന്ദർശിക്കാനാഗ്രഹിച്ചപ്പോൾ തന്റെ കാറിൽ സഞ്ചരിക്കാൻ പറ്റിയ ഒരു റോഡ് അങ്ങോട്ടു നിർമ്മിക്കാൻ തിരുവിതാംകൂർ ദിവാനോടാവശ്യപ്പെടുകയാണ് ചെയ്തത്. വെറും 65 ദിവസം കൊണ്ട് ആ റോഡ് പൂർത്തിയായി (പേജ് 57). ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദം മതപരിവർത്തനക്കാരുടെ ശനിദശയായിരുന്നു. അയ്യൻകാളിയുടെ സാധുജനപരിപാലനസംഘം ദലിതരുടെ ഹിന്ദുവേരുകൾ ശക്തമാക്കിയപ്പോൾ, പൊയ്കയിൽ യോഹന്നാന്റെ പ്രത്യക്ഷരക്ഷാദൈവസഭയും പാമ്പാടി ജോൺ ജോസഫിന്റെ ചേരമർ മഹാജനസഭയും ദലിത് പ്രശ്നം കൃസ്തീയസഭകളിലെ നിരന്തര തലവേദനയായി നിലനിർത്തി.

 ചരിത്രരേഖകൾ ലഭ്യമല്ലാത്ത ഒരു കാലഘട്ടത്തെയോ, അഥവാ ചരിത്രം ജനിക്കുന്നതിനുമുമ്പുള്ള സംഭവപരമ്പരയുടെ കാര്യത്തിലോ നാം സാഹിത്യകൃതികളും കഥകളും ചരിത്രസൃഷ്ടിയുടെ അവലംബമാക്കാറുണ്ട്. വേദാനന്തര ഇന്ത്യയുടെ ചരിത്രം മിക്കവാറും പുനഃസൃഷ്ടിച്ചെടുത്തിരിക്കുന്നത് പുരാണകഥകളിലെ സൂചനകളിൽ നിന്നാണല്ലോ. എന്നാൽ യേശുദാസൻ ഒരു പടി കൂടി കടന്ന് കേവലം നൂറോ നൂറ്റമ്പതോ വർഷങ്ങൾക്കുമുമ്പുള്ള ദലിത് പീഡനങ്ങൾക്കുദാഹരണങ്ങളായി എടുത്തുകാണിക്കുന്നത് കഥകളിലും നോവലുകളിലുമൊക്കെ വിവരിച്ചിരിക്കുന്ന ഭാവനാസൃഷ്ടികളാണ്. സാഹിത്യകാരന്മാരുടെ ഭാവനയിൽ വിരിഞ്ഞ കഥകൾ സത്യമാണെന്ന് എങ്ങനെ സ്ഥാപിക്കാനാവും? ഇത് വളരെ വ്യാപകമായ രീതിയിൽ എടുത്ത് പയറ്റിയിട്ടുണ്ടുതാനും. ഘാതകവധം (പേജ് 34), ഒരു ദയനീയ സംഭവം (പേജ് 36), ചോരപ്പരിശം (പേജ് 38), പുല്ലേലിക്കുഞ്ചു (പേജ് 50), സംവത്സരങ്ങൾ (പേജ് 81, 96), മുക്കണി (പേജ് 101) എന്നീ സാഹിത്യസൃഷ്ടികളിൽനിന്നുള്ള സാങ്കല്പികകഥകളാണ് ലേഖകൻ ദലിത് പീഡനസംഭവങ്ങളായി അവതരിപ്പിക്കുന്നത്. മിഷനറിമാരെ അദ്ദേഹം തുറന്നുകാണിക്കുന്നുണ്ടെങ്കിലും ബൈബിൾ മാത്രമാണ് ദലിതരുടെ രക്ഷാമാർഗ്ഗമെന്നും അതിലെ ബാബിലോണിയൻ, ഈജിപ്ഷ്യൻ അടിമത്തം ഇസ്രായേൽ ജനത തകർത്തതുമെല്ലാം ദളിതർക്കു പ്രചോദനമാകുമെന്നു പറയുന്നത് പുസ്തകത്തിന്റെ ഗൗരവസ്വഭാവം നഷ്ടപ്പെടുത്തുന്നു. ബൈബിളിന്റെ ഭാഷ ദലിതർ നെഞ്ചിലേറ്റി എന്നൊക്കെ വാദിക്കുന്നത് ദലിത് രാഷ്ട്രീയത്തിന് മതമുണ്ട് എന്നു സംശയിക്കാനിടവരുത്തും. ഗ്രന്ഥകാരൻ ഉടനീളം പാശ്ചാത്യ ചിന്തകരുടെ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും പുട്ടിന് പീര ഇടുന്നതുപോലെ ചേർത്തിട്ടുണ്ട്. ഇവയിൽ പലതും സാഹചര്യങ്ങളുമായി ബന്ധമില്ലാത്തതും പാണ്ഡിത്യപ്രദർശനത്തിനുമാത്രം സഹായകവുമാണ്. റോമൻ യാക്കോബ്സൻ, ഏണസ്റ്റ് ട്രോൽട്ഷ്, റിച്ചാർഡ് നീബൂർ, ബനഡിക്ട് ആൻഡേഴ്‌സൺ എന്നിവരുടെ ഘടാഘടിയൻ ഉദ്ധരണികൾ പുസ്തകത്തിലുണ്ട്.പുലപ്പേടി, മണ്ണാപ്പേടി എന്നീ അനാചാരങ്ങൾ കൊല്ലവർഷം 871-ൽ തിരുവിതാംകൂറിൽ നിർത്തൽ ചെയ്തിരുന്നു. ഇത് ചരിത്രത്തിൽനിന്നും സമുദായത്തിൽനിന്നുമുള്ള ദലിതരുടെ പുറത്താക്കലാണെന്ന യേശുദാസന്റെ വാദം ചരിത്രപരമായ അജ്ഞതയിൽനിന്നുടലെടുത്തതാണ്. (വിക്കിപീഡിയയിൽ ഇതു വായിക്കുക). ആ അനാചാരങ്ങൾ എന്തായിരുന്നു എന്നു പരിശോധിച്ചിരുന്നെങ്കിൽ അവയെ എത്രയും പെട്ടെന്ന് നിർത്തലാക്കേണ്ടതായിരുന്നു എന്ന് അദ്ദേഹവും യോജിച്ചേനേ. ഗ്രന്ഥത്തിന്റെ മൂന്നാം ഭാഗം ആംഗ്ലിക്കൻ മഹായിടവക പരിവർത്തിത ദലിതർക്കായി സ്ഥാപിക്കാൻ രൂപംകൊണ്ട പ്രസ്ഥാനത്തിന്റെ യോഗനടപടികളായി അധഃപതിക്കുന്നു. ഇതിനായി ജന്മംകൊണ്ട സംഘടനയായ ബി. സി. സി. എഫിന്റെ ഭാരവാഹിപ്പട്ടിക പോലും മുഴുവനായി അടിച്ചുചേർത്തിട്ടുണ്ട്.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of Baliyadukalude Vamshavali by T M Yesudasan
ISBN: 8177051795
 

No comments:

Post a Comment