Friday, July 8, 2016

പോർട്ടുഗീസ് ഡച്ച് ആധിപത്യം കേരളത്തിൽ

ഒരു ദേശത്തിന്റെ ചരിത്രനിർമിതിക്ക് പല തലങ്ങളുണ്ട്. പല കാലങ്ങളിൽ സഞ്ചാരികളായി അവിടെ എത്തിയവരുടെ വിവരണങ്ങളിൽനിന്നും ചരിത്രം ഉണ്ടാകുന്നു. കേരളത്തിൽ പല കാലങ്ങളിലായി എത്തിയിട്ടുള്ള വിദേശസഞ്ചാരികളുടെ ഓർമ്മക്കുറിപ്പുകളിൽനിന്നും അക്കാലത്തെ കേരളത്തിലെ ഗതിവിഗതികൾ ക്രോഡീകരിച്ചിട്ടുള്ള ചരിത്രകാരന്മാരിൽ പ്രധാനിയാണ് ശ്രീ. വേലായുധൻ പണിക്കശേരി. ഒട്ടനവധി പുസ്തകങ്ങൾ അദ്ദേഹം ഈ രീതിയിൽ രചിച്ചിട്ടുണ്ട്. അതിലൊന്നാണ് ഏകദേശം 1500 CE മുതൽ 1800 CE  വരെയുള്ള പോർച്ചുഗീസ്-ഡച്ച് ആധിപത്യത്തിന്റെ കഥപറയുന്ന ഈ പുസ്തകം. ഭാരതത്തിലേക്കൊരു കച്ചവടപ്പാതയും, കൂട്ടത്തിൽ ഇന്ത്യ, ചൈന, അബിസീനിയ എന്നിവിടങ്ങളിലെവിടെയോ ഭരിച്ചുകൊണ്ടിരുന്നു എന്നു വിശ്വസിക്കപ്പെട്ടിരുന്ന പ്രെസ്റ്റർ ജോൺ എന്ന കൃസ്ത്യൻ രാജാവിനേയും കണ്ടുപിടിക്കാനുദ്ദേശിച്ച് പോർച്ചുഗീസുകാർ നടത്തിയ യാത്രകൾ കേരള ചരിത്രത്തിൽ ഒരു പുത്തനദ്ധ്യായം സൃഷ്ടിക്കുകയായിരുന്നു. വാസ്കോ ഡി ഗാമയാണ് കടൽ മാർഗം കേരളത്തിൽ വന്ന ആദ്യ യൂറോപ്പുകാരൻ എന്നു നാം പറയുമെങ്കിലും അത് പൂർണമായും ശരിയല്ല. ഗാമയ്ക്കും പത്തുവർഷം മുൻപ് പിറോ ഡി കോവിലോ എന്ന പോർച്ചുഗീസുകാരൻ അറബിവേഷം ധരിച്ച് അറബിക്കപ്പലുകളിലൊന്നിൽ കേരളത്തിൽ ഒരു ചാരനായി എത്തിയിരുന്നു. ദാസനും വിജയനും നൂറ്റാണ്ടുകൾ മുൻപുതന്നെ മാതൃകകൾ ഉണ്ടായിരുന്നു എന്നു വേണം കരുതാൻ! ഗാമയ്ക്കും പന്ത്രണ്ടു വർഷം മുൻപ് ബർത്തലൂമ്യോ ഡയസ് ഗുഡ് ഹോപ്പ് മുനമ്പ് കപ്പലിൽ ചുറ്റിക്കഴിഞ്ഞിരുന്നു. ഈ രണ്ടുപേരുടേയും വിവരങ്ങൾ തുറന്നിട്ട ഒരു കപ്പൽപ്പാതയിലൂടെ സഞ്ചരിച്ച് 1498-ൽ കേരളത്തിലെത്തുക മാത്രമേ ഗാമ ചെയ്തിട്ടുള്ളൂ.

ഒരു കച്ചവടക്കാരൻ കുത്തകക്കച്ചവടം നടത്തിക്കൊണ്ടിരിക്കുന്ന കമ്പോളത്തിൽ അതേ വസ്തുക്കൾ വാണിജ്യം ചെയ്യാനായി മറ്റൊരു വ്യാപാരി എത്തുന്നത് അവർ തമ്മിൽ സംഘർഷത്തിനു വഴിവെക്കുമല്ലോ. കുരുമുളകും കറുവപ്പട്ടയുമൊക്കെ കയറ്റി അയച്ചിരുന്നത് അറബി വണിക്കുകൾ  മുഖേനയായിരുന്നതുകൊണ്ട് അവരും പോർച്ചുഗീസുകാരും സംഘട്ടനത്തിന്റെ പാതയിലൂടെ മുന്നേറി. അറബികളുടെ കുത്തക തകർക്കുന്നതിനുവേണ്ടിയാണ് ആയിരക്കണക്കിനു കിലോമീറ്ററുകൾ താണ്ടി അപകടം നിറഞ്ഞ പുതിയൊരു ജലപാത കണ്ടെത്തി പറങ്കികൾ കേരളത്തിലെത്തിയതെന്നുകൂടി ഓർക്കണം. മൂറുകൾ എന്നറിയപ്പെട്ടിരുന്ന അറബി വ്യാപാരികളുടെ അഹങ്കാരവും തൻപ്രമാണിത്തവും സകലസീമകളേയും ലംഘിച്ചുകൊണ്ടിരുന്നു. നാടൻ മുസ്ലിം വ്യാപാരികൾക്ക് കുറഞ്ഞ വില കൊടുക്കുക, തുറമുഖച്ചുങ്കം കൊടുക്കാതിരിക്കുക എന്നീ നടപടികൾ അവർ പിന്തുടർന്നിരുന്നു.പറങ്കികളുമായുണ്ടായ പോരാട്ടത്തിൽ കോയപ്പക്കി മുതലായ കേരളീയ മുസ്ലിങ്ങളിലെ ഒരു വിഭാഗം പോർച്ചുഗീസ് പക്ഷത്താണ് നിലയുറപ്പിച്ചത് എന്നത് ശ്രദ്ധേയമാണ്. അഹിംസ ഗാമയുടെ നയമായിരുന്നില്ല. അക്രമത്തെ അക്രമം കൊണ്ടുനേരിടുക എന്ന വഴിയിലൂടെ പറങ്കികൾ മുന്നോട്ടു പോയപ്പോൾ കൊടുംക്രൂരതയുടെ പുതിയ അദ്ധ്യായങ്ങൾ രചിക്കുകയായിരുന്നു അവർ. ഈ സംഭവങ്ങളെ ഒരു ചരിത്രകാരന്റെ നിർവികാരതയോടെ സമീപിക്കുന്നതിനുപകരം പണിക്കശേരി ജ്വലിച്ചുപൊങ്ങുകയും കോപാക്രാന്തനായി ജല്പിക്കുന്നതുമൊക്കെയാണ് നാം കാണുന്നത്. 'ചെന്നായ്ക്കൾ', 'വഞ്ചകപ്പരിഷകൾ' എന്നൊക്കെ അദ്ദേഹം പോർച്ചുഗീസുകാരെ വിശേഷിപ്പിക്കുന്നത് ഈ പശ്ചാത്തലത്തിലാണ് നാം വിലയിരുത്തേണ്ടത്. ആഗോളതലത്തിൽ മുസ്ലിങ്ങളും മറ്റുള്ളവരും തമ്മിൽ നടന്ന യുദ്ധങ്ങളുടെ മറ്റൊരു പതിപ്പുമാത്രമാണ് അറബ് - പോർച്ചുഗീസ് സമരങ്ങൾ. സാധാരണയായി അങ്ങനെയൊരു യുദ്ധമുണ്ടായാൽ നാം ഇന്ത്യക്കാർ നിൽക്കേണ്ടത് മുസ്ലിം പക്ഷത്തായിരിക്കണം എന്ന ലൊടുക്കു മതേതരവാദിയുടെ എല്ലാ ലക്ഷണങ്ങളും പണിക്കശേരി പ്രദർശിപ്പിക്കുന്നുണ്ട്. പറങ്കികളും ഡച്ചുകാരും തമ്മിൽ സംഘട്ടനം നടക്കുമ്പോൾ നാം ആരുടെയെങ്കിലും പക്ഷം പിടിക്കാറുണ്ടോ? അതുപോലെ തന്നെയല്ലേ, പറങ്കികളും അറബികളും തമ്മിൽ അടി നടന്നാലും? കുഞ്ഞാലി മരയ്ക്കാരുടെ കാര്യമാകുമ്പോൾ ലേഖകൻ ആവേശം കൊണ്ട് കരഞ്ഞുപോകുന്നതുപോലെ തോന്നുന്നു. ആ ഭാഗങ്ങളും ഗോവിന്ദൻകുട്ടി വടക്കൻ പാട്ട് സിനിമകൾക്കെഴുതിയിരുന്ന തിരക്കഥയും തമ്മിൽ വലിയ ഭേദമൊന്നുമില്ല. കുഞ്ഞാലി സാമൂതിരിയുടെ ആനയുടെ വാലു മുറിച്ചുകളഞ്ഞതും അദ്ദേഹത്തിന്റെ നായർ പടയാളികളെ അപമാനിച്ചതുമൊക്കെ സാമൂതിരി ഇരന്നുവാങ്ങിച്ചതാണെന്ന മട്ടിലാണ് പണിക്കശേരിയുടെ പോക്ക്.

അറബി മുസ്ലിങ്ങളും യൂറോപ്പിലെ കൃസ്ത്യാനികളും തമ്മിലുള്ള ശണ്ഠയാണ് പോർച്ചുഗലിന്റെ ഉദയത്തിനു കാരണമായതെങ്കിൽ കൃസ്തീയ വിഭാഗങ്ങൾ തമ്മിലുള്ള വഴക്കാണ് അതിന്റെ അസ്തമനത്തിനും കാരണഭൂതമായത്. 1580-ൽ ഫിലിപ്പ് രണ്ടാമൻ രാജാവ് പോർച്ചുഗലും സ്പെയിനും ഒരൊറ്റ രാജ്യമാക്കി ഭരണത്തിലേറിയപ്പോൾ മാർപാപ്പയുടെ നിർദേശപ്രകാരം പ്രൊട്ടസ്റ്റന്റ് വ്യാപാരികളെ ലിസ്ബണിൽ നിന്ന് വിലക്കി. ഇന്ത്യയിലും കിഴക്കൻ ഏഷ്യയിലും നിന്ന് എത്തിക്കൊണ്ടിരുന്ന സുഗന്ധദ്രവ്യങ്ങൾ ലിസ്ബണിൽ നിന്ന് വാങ്ങി യൂറോപ്പിന്റെ വിവിധഭാഗങ്ങളിൽ എത്തിച്ചിരുന്ന ഡച്ച്, ബ്രിട്ടീഷ് വ്യാപാരികൾക്ക് ഇത് തിരിച്ചടിയായി ഭവിച്ചു. ഇന്ത്യയിലേക്ക് നേരിട്ട് കച്ചവടം നടത്തുന്നതിന് ഈ ഉപരോധം ആ രാജ്യങ്ങളെ പ്രേരിപ്പിച്ചു. അഴിമതിയും കെടുകാര്യസ്ഥതയും നടമാടിയിരുന്ന പോർച്ചുഗീസ് വ്യാപാരസാമ്രാജ്യത്തിന് ഡച്ച്,  ഇംഗ്ലീഷ് കമ്പനികളെ ചെറുക്കാനായില്ല. 1663-ൽ കൊച്ചിയിൽ നടന്ന യുദ്ധത്തിലെ പരാജയം പോർച്ചുഗലിനെ കെട്ടുകെട്ടിച്ചു. അടുത്ത നൂറ്റാണ്ടിൽ ഇംഗ്ലീഷ് ഈസ്ററ് ഇന്ത്യാ കമ്പനി ഡച്ചുകാരുടേയും കഥ കഴിച്ചു.

പറങ്കികളോളം ക്രൂരന്മാരല്ലായിരുന്ന ഡച്ചുകാരുടെ നേതൃത്വത്തിലാണ് കേരളീയ സസ്യങ്ങളുടെ സമഗ്ര നിഘണ്ടു എന്നറിയപ്പെടുന്ന ഹോസ്തൂസ് ഇൻഡിക്കൂസ് മലബാറിക്കസ് പ്രസിദ്ധപ്പെടുത്തുന്നത്. കേരളീയ വിജ്ഞാനനഭസ്സിലെ ഈ അരുണോദയം അർഹിക്കുന്ന പ്രാധാന്യത്തോടെ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ഇട്ടി അച്യുതൻ എന്ന ഈഴവ വൈദ്യന്റെ മുഖ്യകാർമികത്വത്തിലാണ് ഈ പുസ്തക രചന നടന്നത്. അദ്ദേഹത്തിന്റെ സംഭാവന അനിഷേധ്യമാണെന്നിരിക്കേ, ഇട്ടി അച്യുതന്റെ പ്രയത്നത്തെ പർവ്വതീകരിച്ചുകാണിക്കാനുള്ള പ്രവണതയും ഗ്രന്ഥകാരനിൽ കാണുന്നു.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Portuguese - Dutch Adhipatyam Keralathil' by Velayudhan Panikkassery

No comments:

Post a Comment