Saturday, December 31, 2016

കള്ളപ്പണവേട്ട - മിഥ്യയും യാഥാർത്ഥ്യവും

കേരളത്തിന്റെ ധനകാര്യമന്ത്രിയായ തോമസ് ഐസക്ക് നവം. 8-ന് പ്രഖ്യാപിക്കപ്പെട്ട നോട്ട് പിൻവലിക്കലിന്റെ ഏറ്റവും ശക്തനായ എതിരാളിയാണ്. മോദിയുടെ പ്രഖ്യാപനം വന്ന് ഒരു മണിക്കൂറിനുള്ളിൽത്തന്നെ ഈ നടപടി പരാജയപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. തുടർന്ന് ഫേസ് ബുക്കിൽ നിരവധി കുറിപ്പുകൾ അദ്ദേഹം പ്രസിദ്ധീകരിച്ചു. പുതിയ പരിഷ്കരണത്തിനെതിരെ ജനങ്ങളെ പരിഭ്രാന്തരാക്കുക മാത്രമാണ് ഐസക്കിനു ചെയ്യാൻ കഴിഞ്ഞത് എന്ന ആരോപണം ശക്തിയാർജിക്കുമ്പോഴും നോട്ട് നിരോധനത്തിനെതിരെ പ്രചാരവേല സംഘടിപ്പിക്കലായിരുന്നു ധനമന്ത്രിയുടെ ദൗത്യം. ഏറ്റവും ഒടുവിൽ കോട്ടക്കൽ ആര്യവൈദ്യശാലയിൽ സുഖചികിത്സ നടത്തുന്നതിനിടയിൽ ഫേസ് ബുക്ക് പോസ്റ്റുകളും മറ്റഭിപ്രായങ്ങളും ക്രോഡീകരിച്ചു പ്രസിദ്ധപ്പെടുത്തിയിരിക്കുന്നതാണ് 'കള്ളപ്പണവേട്ട - മിഥ്യയും യാഥാർത്ഥ്യവും' എന്ന ഈ പുസ്തകം.

തീർത്തും ഒരു പാർട്ടി പ്രസിദ്ധീകരണമായ ഈ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് സി. പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. കള്ളപ്പണം എങ്ങനെ ഉണ്ടാകുന്നു, നവം.8-ലെ നടപടി സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിക്കും എന്നതിന്റെ പാർട്ടിയുടെ വീക്ഷണം, കേരളത്തെ ഈ നടപടി എങ്ങനെ സ്വാധീനിക്കുന്നു, സഹകരണപ്രസ്ഥാനത്തിന്റെ വീഴ്ചയിൽ നിന്ന് എങ്ങനെ കരകയറാം, കാഷ്‌ലെസ്സ് സമ്പദ്‌വ്യവസ്ഥ എന്ത്, എന്തിന്, എങ്ങനെ എന്നിങ്ങനെ നിരവധി വിഷയങ്ങൾ പുസ്തകം കൈകാര്യം ചെയ്യുന്നു. ചോദ്യം - ഉത്തരം എന്ന വിധത്തിലാണ് പുസ്തകം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇതിൽ കാഷ്‌ലെസ്സ് ഇക്കോണമിയെക്കുറിച്ചുള്ള പരാമർശങ്ങൾ വിജ്ഞാനദായകമാണ്. നികുതിപിരിവിലുണ്ടാകുന്ന വർദ്ധന, കള്ളപ്പണത്തിന്റെ തടയൽ എന്നിവയൊക്കെ പുതിയ വ്യവസ്ഥയിൽ സാദ്ധ്യമാകും എന്ന് ഗ്രന്ഥകർത്താവ് സമ്മതിക്കുന്നു. എന്നാൽ അതോടൊപ്പം തന്നെ, "പണിയെത്തിക്കൂ, പട്ടിണി മാറ്റൂ, പിന്നീടാകാം കമ്പ്യൂട്ടർ" എന്ന പഴയ മുദ്രാവാക്യത്തിന്റെ ഓർമ്മ തികട്ടിവരുന്നതുകൊണ്ടാകാം "ആദ്യം സമ്പദ്ഘടന വികസിക്കട്ടെ, എന്നിട്ടാകാം കാഷ്‌ലെസ്സ്" എന്നു പറഞ്ഞുവെക്കുന്നു (പേജ് 80). ഫേസ് ബുക്കിൽ ഐസക്കിന്റെ പോസ്റ്റുകളിൽ എതിരഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവരെ തെറിവിളിക്കാർ എന്നാണദ്ദേഹം വിശേഷിപ്പിക്കുന്നത്. സാമൂഹ്യമാദ്ധ്യമങ്ങളുടെ ശക്തിയാണ് എതിരഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം നൽകുക എന്നത്. മോദിയുടേയും മറ്റ് ബി. ജെ. പി നേതാക്കളുടേയും പോസ്റ്റുകൾക്കു കീഴിലും നമുക്കിത് കാണാൻ കഴിയും. അവരാരും ഐസക്കിനെപ്പോലെ അസ്വസ്ഥരായി കണ്ടിട്ടില്ല. പാർട്ടി സെക്രട്ടറിയുടെ തിരുമൊഴി പഞ്ചപുച്ഛമടക്കി അണികൾ അനുസരിച്ചിരുന്ന പഴയ സോവിയറ്റ് സമ്പ്രദായത്തിന്റെ തകർച്ച ഐസക്കിനെ ഗൃഹാതുരനാക്കുന്നുണ്ടെന്നു തോന്നുന്നു.

ഒരു അക്കൗണ്ടിന് ആഴ്ചയിൽ 24000 രൂപയേ പിൻവലിക്കാൻ സാധിക്കൂ എന്ന നിബന്ധനയെ പുസ്തകത്തിൽ രൂക്ഷമായി വിമർശിക്കുന്നുണ്ട്. കുടുംബത്തിന്റെ ഒരാഴ്ചയിലെ എല്ലാ ചെലവുകളും ഇതിൽ ഒതുക്കണം എന്നദ്ദേഹം വ്യസനിക്കുന്നു. ആഴ്ചയിൽ 24000 രൂപ ചെലവുള്ള കുടുംബത്തിന് ഡെബിറ്റ് കാർഡ് ഉണ്ടാവില്ലേ എന്നും, ഭാര്യക്കും ഭർത്താവിനും വെവ്വേറെ അക്കൗണ്ടുകൾ ഉണ്ടെങ്കിൽ 48000 രൂപ പിൻവലിക്കാമല്ലോ എന്നുമൊക്കെയുള്ള ലോജിക്കൽ ചിന്തകൾ നമ്മുടെ ധനമന്ത്രിയെ അലട്ടുന്നില്ല. അല്ലെങ്കിലും സാമാന്യബുദ്ധി പാർട്ടി ഓഫീസിൽ പണയം വെച്ചുകഴിഞ്ഞാൽ 'പിന്നെ ചെയ്യുന്നതൊക്കെയും യാന്ത്രികമായിരിക്കുമല്ലോ'! എങ്കിലും കേരളത്തിലെ സിംഹഭാഗം കുടുംബങ്ങളിലും ആഴ്ച പോയിട്ട് ഒരു മാസം 24000 രൂപ ചെലവുണ്ടാകില്ല എന്ന വസ്തുതയെ മറികടക്കാൻ അദ്ദേഹം പൊക്കിക്കൊണ്ടുവരുന്നത് കോട്ടയത്തെ മൊത്തവ്യാപാരിയായ നാരായണൻ നമ്പൂതിരിയുടെ ആത്മഹത്യയാണ്. സ്വാഭാവികമായ കാരണങ്ങളാൽ ക്യൂ നിൽക്കുന്നതിനിടെ എൺപതോളം പേർ മരണമടഞ്ഞതായി നാം പത്രങ്ങളിൽ വായിച്ചുവെങ്കിലും ഐസക്ക് ഈ മരണങ്ങളൊന്നും കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുന്നതിനായി ഉപയോഗിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഒരു ബ്രാഹ്മണന്റെ മരണം എന്ന പാപം മതിയാകും മോദിയെ തളക്കാൻ എന്നാണദ്ദേഹം ചിന്തിക്കുന്നതെന്നു തോന്നുന്നു. കള്ളപ്പണത്തിന്റെ കൂത്തരങ്ങാണ് റിയൽ എസ്റ്റേറ്റ് മേഖല എന്ന് നമുക്കെല്ലാമറിയാം. നാട്ടിൽ അദ്ധ്വാനിച്ചു ജീവിക്കുന്നവർക്ക് എത്തിപ്പിടിക്കാനാവാത്തവിധം ഭൂമിവില കയറിപ്പോയത് കള്ളപ്പണത്തിന്റെ കളിയായിരുന്നു. ആ മേഖല നവം. 8-നു ശേഷം സ്തംഭിച്ചു എന്നതാണ് ലേഖകനെ വേദനിപ്പിക്കുന്ന മറ്റൊരു വസ്തുത.

കള്ളപ്പണം ഉണ്ടാകുന്നത് എങ്ങനെ എന്ന് ലേഖകൻ വിശദീകരിക്കുന്നു. അത് വായിക്കുന്നവരെ "അയ്യോ, ഇതായിരുന്നോ കള്ളപ്പണം, ഇതിലിത്ര കുഴപ്പമുണ്ടോ?" എന്നു ചിന്തിപ്പിക്കുന്ന വിധത്തിൽ കൗശലത്തോടെ മെനഞ്ഞെടുത്ത ഉദാഹരണങ്ങൾ സഹിതമാണ് വിശദീകരണം. നാം ഡോക്ടർക്ക് 500 രൂപ കൺസൽറ്റേഷൻ ഫീസ് കൊടുക്കുമ്പോൾ അതിന് രസീത് നൽകാത്തതുകൊണ്ട് അത് കള്ളപ്പണമാണ്, നിയമവിധേയമായി സമ്പാദിച്ച 20 ലക്ഷം രൂപ മകളുടെ പ്രൊഫഷണൽ കോളേജ് പ്രവേശനത്തിന് കാപ്പിറ്റേഷൻ ഫീസായി നൽകുമ്പോൾ രസീത് നൽകാത്തതുകൊണ്ട് അതും കള്ളപ്പണം - ഇതാണ് ഉദാഹരണങ്ങൾ! എന്നാൽ കള്ളപ്പണത്തിന്റെ മുഖ്യസ്രോതസ്സായ സർക്കാർ തലത്തിലെ കൈക്കൂലി ഐസക്ക് അറിഞ്ഞ മട്ടില്ല. അദ്ദേഹം സ്വയം കൈകാര്യം ചെയ്യുന്ന വാണിജ്യനികുതി വകുപ്പ് സർവാംഗം അഴിമതിയിൽ മുങ്ങിക്കുളിച്ചുനിൽക്കുകയാണ്. ഈ വകുപ്പിലെ ഉദ്യോഗസ്ഥന്മാരും ചെക്ക് പോസ്റ്റുകളിലെ ജീവനക്കാരും ദിനംപ്രതി പതിനായിരങ്ങൾ സമ്പാദിക്കുമ്പോഴും ഐസക്കിന്റെ കള്ളപ്പണം ഡോക്ടറുടെ ഫീസായ അഞ്ഞൂറു രൂപയാണ്. സാധാരണക്കാരും കള്ളപ്പണം സൃഷ്ടിക്കുന്നതിൽ പങ്കാളികളാണെന്നു വരുത്തിത്തീർക്കാനുള്ള ആ കുറുക്കൻ ബുദ്ധി ശ്രദ്ധിച്ചോ?

വാണിജ്യബാങ്കുകളും പുതുതലമുറ ബാങ്കുകളും സംഘടിതമായി കള്ളപ്പണം വെളുപ്പിക്കുന്നതിനുദാഹരണമായി കോബ്രാപോസ്റ്റിന്റെ വെളിപ്പെടുത്തൽ ലേഖകൻ ഉപയോഗിക്കുന്നു. അതിന്റെ രീതികൾ നോക്കുമ്പോൾ സഹകരണസംഘങ്ങളും അതുതന്നെയല്ലേ ചെയ്യുന്നത് എന്നു സംശയിച്ചുപോകും. കേന്ദ്രസർക്കാരിന്റെ നടത്തിപ്പുകളെ വിമർശിക്കുന്ന കൂട്ടത്തിൽ പുതിയനോട്ടിനു പാകമായ ATM മെഷീൻ മുൻകൂട്ടി ഓർഡർ ചെയ്തില്ല എന്നു കുറ്റപ്പെടുത്തുന്നു. നിലവിലുള്ള ഒരൊറ്റ യന്ത്രം പോലും മാറ്റാതെ പുനഃക്രമീകരണം നടത്തി പുതിയ നോട്ട് വിതരണം ചെയ്യാൻ സാധിച്ച സ്ഥിതിക്ക് എന്തിനാണ് പുതിയ മെഷീൻ? പുതിയ 2000 രൂപയുടെ കള്ളനോട്ട് നവം.12-ന് പുറത്തിറങ്ങിയത് റിസർവ്വ് ബാങ്കിന്റെ പോരായ്മയാണത്രേ. ഇതിലെ വങ്കത്തരം നാം കാണാതെ പോകരുത്. ഏതൊരു നോട്ടും പകർത്തി കള്ളനോട്ട് ഉണ്ടാക്കാൻ സാധിക്കും. എന്നാൽ ഇതുവരെ ഇറങ്ങിയവയൊക്കെ വെറും കളർ ഫോട്ടോകോപ്പികൾ മാത്രമായിരുന്നു. 1800 രൂപ വിലമതിക്കുന്ന ഒരു കളർ ഇങ്ക്‌ജെറ്റ് പ്രിൻറർ കൈവശമുള്ള ആർക്കും സാധിക്കുന്ന ഒന്ന്. അവ വളരെ പെട്ടെന്നുതന്നെ പിടിക്കപ്പെടുകയും ചെയ്തു.

ഒട്ടനവധി പ്രവചനങ്ങൾ ഗ്രന്ഥകർത്താവ് നൽകുന്നുണ്ട്. ദേശീയവരുമാനത്തിൽ 3 ലക്ഷം കോടിയുടെ ഇടിവ്, നോട്ടടിക്കുന്നതിന് 128000 കോടി ചെലവ്, വർഷാന്ത്യത്തോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 75-ലേക്ക്, സംഘടിതമേഖലയിൽ ലോക്ക്ഔട്ടുകളും ലേ ഓഫുകളും വരാനിരിക്കുന്നതേയുള്ളൂ എന്നിങ്ങനെ പോകുന്നു ഗീർവാണങ്ങൾ. നോട്ട് നിരോധിക്കാൻ പോകുന്ന വിവരം മുൻകൂട്ടി അറിഞ്ഞതുകൊണ്ടാണ് ജനാർദ്ദൻ റെഡ്‌ഡിക്ക് മകളുടെ വിവാഹം കെങ്കേമമായി നടത്താൻ സാധിച്ചത് എന്നു പറയുമ്പോൾ കേരളവ്യവസായിയായ ബിജു രമേശും മുൻകൂട്ടി അറിഞ്ഞിരുന്നോ എന്നദ്ദേഹം പറയുന്നില്ല. കറൻസി പിൻവലിക്കൽ മൂലം റാബി വിള വിസ്തൃതി കുറഞ്ഞു എന്നാദ്യം കൊട്ടിഘോഷിച്ച ഐസക്ക് കണക്കുകൾ പുറത്തുവന്നപ്പോൾ മലക്കം മറിഞ്ഞ് ആന്ധ്ര, കർണാടക, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളിൽ കൃഷി കുറഞ്ഞു എന്നായി. ശരിയാണ്, പക്ഷേ അതിന്റെ കാരണം മൺസൂൺ മഴയുടെ ഈ സംസ്ഥാനങ്ങളിലെ ലഭ്യതക്കുറവാണ്. സെപ്റ്റംബർ അവസാനം മുതൽ ഈ മേഖലയിലെ വളം വിൽപ്പനയിലെ മാന്ദ്യം അതാണ് സൂചിപ്പിക്കുന്നത് - അല്ലാതെ നോട്ട് നിരോധനമല്ല.

നോട്ട് പരിഷ്കരണവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ നടപടികളിൽ ഏറ്റവും ശക്തമായി ആക്രമിക്കപ്പെട്ടത് സഹകരണമേഖലയോടുള്ള കർശനനിലപാടായിരുന്നു. ഗ്രന്ഥകാരൻ ഈ പ്രശ്നം വ്യക്തമാക്കാൻ കാര്യമായി യത്നിച്ചിട്ടുണ്ട്. സാധാരണക്കാരിൽ സാധാരണക്കാരുടെ നിക്ഷേപമേഖലയായ സഹകരണ സംഘങ്ങളെ സംരക്ഷിക്കണം എന്നദ്ദേഹം പലവുരു ആവർത്തിക്കുന്നു. സഹകരണമേഖലയെ സംരക്ഷിക്കണം എന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായം ഉണ്ടാകാനിടയില്ല. എങ്കിലും പ്രാഥമിക സംഘങ്ങൾ കള്ളപ്പണം ഭദ്രമായി നിക്ഷേപിക്കാനുള്ള സുരക്ഷിത കേന്ദ്രങ്ങളാണെന്നത് വ്യക്തമാണ്. ഐസക്ക് നിരത്തുന്ന കണക്കുകൾ തന്നെ ആ വസ്തുത പറയാതെ പറയുന്നുണ്ട്. കേരളത്തിൽ ബാങ്ക് ശാഖകളുടെ എണ്ണത്തിൽ സഹകരണമേഖല 33% മാത്രം പ്രാതിനിദ്ധ്യം അവകാശപ്പെടുമ്പോൾ ഡെപ്പോസിറ്റ് ചെയ്ത തുകയുടെ 60% കയ്യടക്കുന്നു. ഇന്ത്യയിലെ ബാങ്ക് നിക്ഷേപങ്ങളിൽ 10% മാത്രം കേരളത്തിലുള്ളപ്പോൾ സഹകരണമേഖലയിലെ രാജ്യത്തെ 70% നിക്ഷേപവും കേരളത്തിലാണെന്നതാണ് അമ്പരപ്പിക്കുന്ന കാര്യം. അതുപോലെ ഇന്ത്യയിലെ 7% മാത്രം നിക്ഷേപം പ്രാഥമികസംഘങ്ങളിലുള്ളപ്പോൾ കേരളത്തിലത് 50% ആണ്. ഇതൊക്കെ സാധാരണക്കാരന്റെ പണമാണോ? കാർഷികവായ്പകൾ സംഘങ്ങൾ നൽകുമ്പോൾ അതിന് വാണിജ്യബാങ്കുകളേക്കാൾ എത്രയോ കൂടുതൽ പലിശയാണ് ചുമത്തുന്നത്! സഹകരണസംഘങ്ങളിൽ അനുവദിച്ച വായ്പ്പത്തുക പിൻവലിക്കാതെ അക്കൗണ്ടുകളിൽ തന്നെ കിടക്കുന്നതുകൊണ്ടാണ് നിക്ഷേപം ഉയർന്നതായി തോന്നുന്നതെന്ന വിചിത്രമായ വാദവും ഐസക്ക് ഉന്നയിക്കുന്നു. നിക്ഷേപപലിശയ്ക്ക് ആദായനികുതി ചുമത്താത്തതുകൊണ്ടാണ് സഹകരണസംഘങ്ങളിൽ വൻതോതിൽ നിക്ഷേപങ്ങൾ എത്തുന്നത്. KYC നിബന്ധനകൾ പാലിക്കാത്തതിനാൽ ആരുടെ പണമാണെന്നുപോലും തിരിച്ചറിയാനാവാത്ത സ്ഥിതി. സ്വിസ്സ് ബാങ്കുകളിലും ഇങ്ങനെയാണെന്നു കേട്ടിട്ടുണ്ട്. അവിടെ അക്കൗണ്ടുകൾക്ക് ഒരു കോഡ് നമ്പർ മാത്രമേ ഉണ്ടായിരിക്കൂ. സഹകരണവകുപ്പ് 25 ലക്ഷം രൂപയ്ക്കുമേൽ നിക്ഷേപമുണ്ടെങ്കിൽ പലിശക്ക് നികുതി കണക്കാക്കുമെന്നു പറയുന്നു. എന്നാൽ ഏതൊരാൾക്കും എത്ര അക്കൗണ്ട് വേണമെങ്കിലും തിരിച്ചറിയൽ രേഖകളില്ലാതെ തുടങ്ങാമെന്നതിനാൽ ഈ നിബന്ധന നോക്കുകുത്തി മാത്രമാകുന്നു. പ്രാഥമികസംഘങ്ങളിലെ നിക്ഷേപകരെല്ലാം ചുറ്റുവട്ടത്തുള്ളവരായതുകൊണ്ട് KYC രേഖകളുടെ ആവശ്യമില്ലെന്ന മണ്ടൻ നിലപാടും ഐസക്ക് സ്വീകരിക്കുന്നു (പേജ് 65).

നോട്ട് നിരോധനതീരുമാനം ആരാണ് കൈക്കൊണ്ടത് എന്നതിനെപ്പറ്റി അദ്ദേഹം ഫേസ് ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. അത് ഒന്നുകൂടി പരിഷ്കരിച്ച് 'അർത്ഥക്രാന്തി' എന്ന സംഘടനയുടെ ആശയമായിരുന്നു എന്നാണ് പുസ്തകത്തിൽ കാണിച്ചിരിക്കുന്നത്. അതിന്റെ കാരണമോ? അർത്ഥക്രാന്തിയുടെ അവകാശവാദങ്ങളെ പ്രധാനമന്ത്രി ഖണ്ഡിച്ചില്ല എന്നതും! ഈ പുസ്തകത്തിൽ വ്യാപകമായ തോതിൽ അക്ഷരത്തെറ്റുകൾ നിറഞ്ഞിരിക്കുന്നു. ധൃതി പിടിച്ചുള്ള അച്ചടി ഒരു കാരണമാകാം. എന്നാൽ നിർണായകമായ സ്ഥിതിവിവരക്കണക്കുകളിൽപോലും അച്ചടിപ്പിശകുകൾ കാണുമ്പോൾ വെറും രണ്ടായിരം കോപ്പികൾ പോലും തെറ്റുകൂടാതെ അച്ചടിക്കാൻ സാധിക്കാത്തവരാണോ കോടിക്കണക്കിന് നോട്ടുകൾ തെറ്റുകൂടാതെ അച്ചടിച്ചു വിതരണം ചെയ്യുന്ന റിസർവ്വ് ബാങ്കിനെ കുറ്റം പറയുന്നതെന്ന് നാം അത്ഭുതപ്പെടും. സാമ്പത്തികശാസ്ത്രപരമായ ഗഹനമായ വിഷയങ്ങളൊന്നും ഇതിൽ കൈകാര്യം ചെയ്തിട്ടില്ല. പ്രധാനമായും ഒരു രാഷ്ട്രീയപ്രസംഗമായി മാത്രം ഇതിനെ കണ്ടാൽ മതി. പുസ്തകം അച്ചടിച്ചുതീരുവാനുള്ള കാലതാമസം കൊണ്ടാണോ ഇടതുമുന്നണിയുടെ മനുഷ്യച്ചങ്ങല മുൻ നിശ്ചയത്തിൽനിന്നും ഒരു ദിവസം വൈകിപ്പിച്ചതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

പുസ്തകം ശുപാർശ ചെയ്യുന്നു.

No comments:

Post a Comment