അന്ധകാരത്തിനു നടുവിൽ തെളിക്കുന്ന കൈത്തിരി എന്നാണ് പ്രമുഖ ശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായ കാൾ സേഗൻ ശാസ്ത്രത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. അന്ധവിശ്വാസങ്ങൾ തിരിച്ചെത്തുന്ന ഇക്കാലത്ത് അവയെ ദൂരീകരിക്കുന്നതിന് ഉതകുന്ന ഒരു കൈത്തിരിയാണ് ഈ പുസ്തകം. ശാസ്ത്രസാഹിത്യപരിഷത്ത് 2003-ൽ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന്റെ അഞ്ചാം പതിപ്പാണിത് എന്ന വസ്തുത അതിന്റെ സ്വീകാര്യതയെ സൂചിപ്പിക്കുന്നു. ഡോ. കെ. പി. അരവിന്ദൻ, പ്രൊഫ. കെ. പാപ്പൂട്ടി, ഡോ. മനോജ് കോമത്ത്, പ്രൊഫ. എം. ശിവശങ്കരൻ, ഡോ. ആർ. വി. ജി. മേനോൻ എന്നീ അഞ്ചു വിദഗ്ധരുടെ പതിനൊന്നു ലേഖനങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
കേരളത്തിൽ ശാസ്ത്രവിജ്ഞാനം ഉന്നതതലങ്ങളിൽ വരെ നേടിയിട്ടുള്ളവർ ലക്ഷക്കണക്കിനുണ്ടെങ്കിലും അതിൽ ശാസ്ത്രബോധം സ്വായത്തമാക്കിയിട്ടുള്ളവർ വളരെ കുറച്ചേയുള്ളൂ എന്നതാണ് നിർഭാഗ്യകരമായ വസ്തുത. ഫിസിക്സിൽ ഡോക്ടറേറ്റ് ബിരുദം നേടിയവർ പുതിയ വീടിനു പാലുകാച്ചാൻ ജ്യോത്സ്യന്റെ അടുക്കൽ സമയം കുറിക്കാൻ പോകുന്നതും, സിവിൽ എഞ്ചിനീയർമാർ വാസ്തുദോഷ പരിഹാരം അന്വേഷിക്കുന്നതും, ജീവശാസ്ത്രവിജ്ഞാനം നേടിയവർ ഹോമിയോപ്പതി 'മരുന്നുകൾ' കഴിക്കുന്നതുമെല്ലാം ഇന്ന് അപൂർവ്വസംഭവങ്ങളൊന്നുമല്ല. എന്തുകൊണ്ടിങ്ങനെ? ന്യൂട്ടന്റെ ചലനനിയമങ്ങൾ ശരിയായി മനസ്സിലാക്കി അത് പ്രായോഗികതലത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് കൃത്യമായി അറിയാവുന്നവർക്കുപോലും ശാസ്ത്രബോധം ഇല്ലാതാകുന്നതിനു കാരണമെന്ത് എന്ന ചോദ്യത്തിനുത്തരം നല്കാൻ ഈ പുസ്തകം ശ്രദ്ധിക്കുന്നു. അനുഭവസിദ്ധാന്തം, അസത്യവൽക്കരണം, ആവർത്തനഭദ്രത - ഇതു മൂന്നുമാണ് ഒരു ശാസ്ത്രീയസിദ്ധാന്തത്തിന്റെ മൂലപ്രമാണങ്ങൾ എന്നും, സംശയാലുത്വം, സുതാര്യത, വിദഗ്ദ്ധ വിമർശനം എന്നിവയാണതിന്റെ പ്രവർത്തനരീതികൾ എന്നും മനസ്സിലാക്കാതെ പോയാൽ കുങ്കുമം ചുമക്കുന്ന കഴുതയെപ്പോലെ അന്ധവിശ്വാസങ്ങളുടെ പ്രവാചകരുടെ പുറകെ നടക്കാനായിരിക്കും ശാസ്ത്രജ്ഞാനമുള്ളവരുടെ ഗതി.
കിണറിന്റെ സ്ഥാനം കാണുന്ന ഡൗസിംഗ്, വേദാന്തസിദ്ധാന്തങ്ങൾ ക്വാണ്ഡം മെക്കാനിക്സിൽ അടിയുറച്ചതെന്നു പറയുന്നതിലെ യുക്തി, വാസ്തുശാസ്ത്രം, അതീന്ദ്രീയജ്ഞാനവും മറ്റ് അത്ഭുതസിദ്ധികളും, സൃഷ്ടിവാദം, ബുദ്ധിപര രൂപകൽപന, കപടവൈദ്യം - പ്രത്യേകിച്ചും ഹോമിയോപ്പതി, വെറുംകൈ ശസ്ത്രക്രിയ, ജൈവോർജ ചികിത്സകൾ, റെയ്‌ക്കി, പ്രാണിക് ചികിത്സ, പൊളാരിറ്റി ചികിത്സ, കാന്തചികിത്സ, ഫാർ ഇൻഫ്രാറെഡ് ചികിത്സ എന്നീ തട്ടിപ്പുകളെയെല്ലാം അതാത് വിഷയങ്ങൾ വേണ്ടവിധം വിശകലനം ചെയ്ത വിദഗ്ദ്ധർ പൊളിച്ചടുക്കുന്നുണ്ട്. ഇതിൽ ഏറ്റവും ദയനീയം ഹോമിയോപ്പതിയുടെ സ്ഥിതിയാണ്. സർക്കാർ പ്രോത്സാഹനം വൻതോതിൽ ലഭിക്കുന്ന ഈ ചികിത്സാരീതിയിലേക്ക് അതിലെ അശാസ്ത്രീയത മനസ്സിലാക്കാതെ നൂറുകണക്കിന് വിദ്യാർത്ഥികൾ എൻട്രൻസ് പരീക്ഷകൾ വഴി കടന്നുചെല്ലുന്നുണ്ട്. Multiple Personality Disorder അഥവാ ബഹുവ്യക്തിത്വരോഗം മനോരോഗചികിത്സകർ സൃഷ്ടിച്ചെടുത്ത മിഥ്യയാണെന്ന കെ. പി. അരവിന്ദന്റെ നിഗമനങ്ങൾ നമ്മെ ഞെട്ടിക്കുന്നു.
കേരള ശാസ്ത്രസാഹിത്യപരിഷത്ത് നിരവധി പ്രവർത്തനങ്ങൾ വഴി കേരളത്തിൽ വിജ്ഞാനത്തിന്റെ പാത തുറന്നുകൊടുക്കാൻ യത്നിക്കുന്നുണ്ടെങ്കിലും പൊതുവെ ഈ പ്രസ്ഥാനം ഒരു പരാജയമാണെന്നു സമ്മതിക്കാതെ വയ്യ. ശാസ്ത്രത്തിനുമുപരിയായി ഈ സംഘടന ഇടതുപക്ഷ രാഷ്ട്രീയത്തെ പ്രതിഷ്ഠിക്കുന്നു. പ്രത്യയശാസ്ത്രത്തിന്റെ തൊഴുത്തിൽ തങ്ങളുടെ സ്വതന്ത്രചിന്തയെ കെട്ടിയിട്ടിരിക്കുന്ന പണ്ഡിതന്മാർ അന്ധവിശ്വാസങ്ങൾക്കെതിരെ ഘോരഘോരം പ്രസംഗിക്കുമ്പോൾ സാധാരണജനങ്ങൾ അത് പുച്ഛത്തോടെ തള്ളിക്കളയുന്നതിൽ എന്താണത്ഭുതം? കെ. പി. അരവിന്ദൻ എഴുതിയ ആദ്യലേഖനം തന്നെ നോക്കൂ. "നീതിക്കും സമത്വത്തിനും വേണ്ടി പോരാടിയ പരമ്പരാഗത ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ശക്തമായ ആയുധങ്ങളായിരുന്നു യുക്തിയും ആധുനിക സയൻസും. മാർക്‌സും ലെനിനും മാവോയുമെല്ലാം പാശ്ചാത്യമുതലാളിത്തത്തിന്റെ ഒരു നിർമ്മിതി എന്നതിലപ്പുറമായി മനുഷ്യമോചനത്തിന് ഒഴിച്ചുകൂടാനാവാത്ത ചിന്താപദ്ധതിയായാണ് ശാസ്ത്രത്തെ കണ്ടത്" (പേജ് 20). എന്തുപറയുന്നു? മുൻവിധികളില്ലാതെ ശാസ്ത്രത്തെപ്പറ്റി പറയുമ്പോഴും അവിടെയും കിടക്കട്ടെ മാർക്സിസത്തിന്റെ ഒരു ചൂണ്ടക്കൊളുത്ത് എന്ന ഈ കുടിലബുദ്ധിയാണ് പരിഷത്തിന്റെ വളർച്ച മുരടിപ്പിച്ചുകളഞ്ഞത്.
പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
Book Review of 'Sasthravum Kapadashasthravum' by Kerala Sasthra Sahithya Parishad and written by a group of authors.
ISBN: 9789383330133

No comments:
Post a Comment