ചരിത്രം ഏവരെയും ആകർഷിക്കുന്ന ഒരു വിഷയമാണ്. അതുകൊണ്ടുതന്നെ മറ്റു വിഷയങ്ങളിൽ വിദഗ്ധരായവർ പോലും ചരിത്രരചന നടത്തുന്നത് ഇടയ്ക്കിടെ കാണുന്നുണ്ട്. എന്നാൽ വിഷയത്തിലുള്ള പാണ്ഡിത്യവും താല്പര്യവും മാത്രം കൈമുതലാക്കി ചരിത്രരചനയുടെ രീതിശാസ്ത്രമറിയാതെ പുറത്തിറങ്ങുന്ന പുസ്തകങ്ങൾ വായനക്കാരെ കുറച്ചൊന്നുമല്ല തെറ്റിദ്ധരിപ്പിക്കുന്നത്. ഇതിനു തീർത്തും അപവാദമാണ് വേലായുധൻ പണിക്കശ്ശേരിയുടെ രചനകൾ. സർക്കാർ സർവീസിൽ ജോലി നോക്കുന്നതിനിടയിലും കറതീർന്ന നിരവധി പുസ്തകങ്ങൾ രചിച്ച് മലയാള സാംസ്കാരികരംഗത്ത് അദ്ദേഹം ഖ്യാതി നേടി. പ്രത്യേകിച്ചൊരു തലക്കെട്ടിലും ഒതുക്കാനാവാത്ത ഒൻപതു ലേഖനങ്ങളുടെ സമാഹാരമാണ് ഈ കൃതി. അക്കൂട്ടത്തിലൊരു ലേഖനത്തിന്റെ ശീർഷകമാണ് പുസ്തകത്തിന്റേയും തലക്കെട്ട്.
അവലംബിക്കുന്ന മൂലഗ്രന്ഥങ്ങളുടെ ബാഹുല്യവും വൈവിധ്യവും പണിക്കശ്ശേരിയെ വ്യത്യസ്തനാക്കുന്നു. നാളന്ദ, തക്ഷശില, വിക്രമശില, വളഭി എന്നിങ്ങനെ പ്രാചീനഭാരതത്തിലെ വിജ്ഞാനകേന്ദ്രങ്ങളെ പുസ്തകം പരിചയപ്പെടുത്തുന്നു. ബഖ്തിയാർ ഖിൽജി നാളന്ദ നശിപ്പിക്കുന്ന വിവരണം നമ്മെ അതിയായി വേദനിപ്പിക്കും. മൂന്നു കൂറ്റൻ ഗ്രന്ഥശാലകളിലെ വിലമതിക്കാനാവാത്ത കയ്യെഴുത്തുകൃതികൾ തീവെച്ചു നശിപ്പിക്കാൻ ഖിൽജിക്ക് മൂന്നുമാസം വേണ്ടിവന്നു എന്ന ഒറ്റവസ്തുത മാത്രം മതി ഇത്തരം ആക്രമണങ്ങൾ രാജ്യത്തിന്റെ സാംസ്കാരികപാരമ്പര്യത്തിൽ നടത്തിയ കടന്നുകയറ്റങ്ങൾ തിരിച്ചറിയാൻ. ഏതാനും ലേഖനങ്ങൾ കേരളചരിത്രത്തിൽ നിന്നെടുത്തവയാണ്. കൊടുങ്ങല്ലൂർ പട്ടണത്തിന്റെ പ്രാധാന്യം, ബുദ്ധ - ജൈന - യഹൂദമതങ്ങളുടെ സ്വാധീനവും പ്രസക്തിയും, കേരളീയജീവിതത്തിൽ പിന്നോക്കസമുദായങ്ങളുടെ ചരിത്രപരമായ കാൽപ്പാടുകൾ എന്നിവയൊക്കെ ഈ ലേഖനസമാഹാരത്തിലുൾപ്പെടുന്നു.
മാമാങ്കത്തിന്റെ ചടങ്ങുകളും രീതികളും പരിശോധിക്കുന്ന അദ്ധ്യായം വളരെ വിജ്ഞാനപ്രദമാണ്. രണ്ടര നൂറ്റാണ്ടുമുമ്പ് - 1755-ൽ - നിലച്ചുപോയ ഈ ഉത്സവം പുനരാരംഭിക്കുന്നത് കേരളത്തിന്റെ സാമൂഹിക - സാംസ്‌കാരിക - ടൂറിസം മേഖലകളിൽ പുത്തനുണർവ് സൃഷ്ടിച്ചേക്കുമെന്നതിനാൽ ബന്ധപ്പെട്ടവരുടെ ശ്രദ്ധ പതിയുന്നത് ഉത്തമമായിരിക്കും. പ്രതിപാദിക്കപ്പെടുന്ന ചരിത്രസ്ഥലങ്ങളിൽ ലേഖകൻ വ്യക്തിപരമായി സന്ദർശനം നടത്തിയിട്ടില്ലെന്നാണ് തോന്നുന്നത്. അത്തരം യാത്രകൾ ലേഖനങ്ങളെ ഗുണപരമായി വളരെയധികം മാറ്റങ്ങൾ നേടുവാൻ സഹായിക്കുമായിരുന്നു.
ആധികാരികമാണ് പണിക്കശ്ശേരിയുടെ രചനയെങ്കിലും ചിലയിടങ്ങളിൽ അൽപ്പം പൊരുത്തക്കേടുകളും തലപൊക്കുന്നു. ഹാരപ്പയിലെ ജനങ്ങൾ സാക്ഷരരായിരുന്നുവെന്നും അവർ ചിത്രലിപിയിൽ എഴുതിയിരുന്നുവെന്നും പറയുന്നത് ചരിത്രകാരന്മാർ സാർവത്രികമായി അംഗീകരിക്കുന്ന ഒരു വസ്തുതയല്ല. അതുപോലെതന്നെ ബി.സി. ആറാം നൂറ്റാണ്ടിൽ സൈറസിന്റെ കീഴിൽ യഹൂദർക്ക് പിതൃരാജ്യത്ത് പീഡനങ്ങൾ അനുഭവിക്കേണ്ടിവന്നപ്പോൾ അവർ കേരളത്തിൽ പ്രാണരക്ഷാർത്ഥം അഭയം തേടി എന്ന പരാമർശം (പേജ് 38) തീർത്തും തെറ്റാണെന്നു പറയേണ്ടിയിരിക്കുന്നു. കാൽദിയൻ ചക്രവർത്തിയായിരുന്ന നെബൂഖദ് നെസ്സർ ബാബിലോണിൽ അടിമകളാക്കിയിരുന്ന യഹൂദസമൂഹത്തെ സ്വതന്ത്രരാക്കുകയാണ് ബാബിലോൺ ആക്രമിച്ചുകീഴടക്കിയ അക്കേമെനിഡ് ചക്രവർത്തിയായ സൈറസ് ചെയ്തത്. കേരളത്തിൽ യഹൂദർ പണ്ടുതന്നെ എത്തിയിരുന്നു എന്നു സ്ഥാപിക്കാൻ ഈ പരാമർശം ആവശ്യമില്ലെങ്കിൽപോലും തെറ്റായ വിവരങ്ങൾ നൽകുന്നത് പുസ്തകത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തും.
ടിപ്പു സുൽത്താനെക്കുറിച്ച് പ്രതിപാദിക്കുന്ന അദ്ധ്യായം അദ്ദേഹത്തെ കേരളീയർ എന്തുകൊണ്ടു വെറുക്കുന്നു എന്ന സമസ്യക്കുത്തരം നൽകുന്നു. സുൽത്താൻ പൊതുവെ ഹിന്ദു വിരുദ്ധനായിരുന്നില്ല. ശ്രീരംഗപട്ടണം കോട്ടയ്ക്കുള്ളിലെ ക്ഷേത്രങ്ങൾ, മൈസൂരിലെ ഭരണച്ചുമതലയിലുണ്ടായിരുന്ന നിരവധി ഹിന്ദുക്കൾ, ശങ്കരാചാര്യർ സ്ഥാപിച്ച ശൃംഗേരി മഠവുമായി ടിപ്പുവിനുണ്ടായിരുന്ന അടുത്ത ബന്ധം എന്നിവയൊക്കെ പണിക്കശ്ശേരി വിവരിക്കുന്നുണ്ട്. എന്നാൽ കേരളത്തിൽ അദ്ദേഹം മറ്റൊരു തലത്തിലാണ് പെരുമാറിയത്. യുദ്ധം ചെയ്തു കീഴടക്കിയ പ്രദേശം എന്ന നിലയിലും, അക്കാലത്തെ കേരളത്തിലെ അയഞ്ഞ സദാചാരമൂല്യങ്ങളും, ബഹുഭർത്തൃത്വം, സംബന്ധം എന്നീ കുത്തഴിഞ്ഞ വിവാഹക്രമങ്ങളുമെല്ലാം ടിപ്പുവിനെ രോഷാകുലനാക്കി. ഇത്തരം അനാചാരങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ തദ്ദേശീയരെ ഇസ്‌ലാമിലേക്കു മതപരിവർത്തനം ചെയ്യുമെന്നദ്ദേഹം ഭീഷണിപ്പെടുത്തി. പലയിടത്തും ക്ഷേത്രങ്ങൾ തകർക്കുകയും നിർബന്ധിത മതപരിവർത്തനങ്ങൾ നടത്തുകയും ചെയ്തു. പുതിയ ഭരണ, സാമൂഹിക പരിഷ്കരണങ്ങൾക്കു നേരെ പുറംതിരിഞ്ഞു നിന്നവരാണ് ടിപ്പുവിന്റെ വിമർശകർ എന്ന ലേഖകന്റെ അഭിപ്രായം പലരേയും ചൊടിപ്പിക്കുമെന്നു തീർച്ച. ടിപ്പുവിനെക്കുറിച്ചുള്ള ചില പരാമർശങ്ങൾ ശരിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കടുംകറുപ്പുനിറമായിരുന്ന ടിപ്പു സുൽത്താന്റെ ശരീരഘടന ചിത്രങ്ങളിൽ കാണുന്നതുവെച്ചുനോക്കുമ്പോൾ സീദികൾ എന്നറിയപ്പെടുന്ന ആഫ്രിക്കൻ അടിമകളുടെ പിന്മുറക്കാരനായിരുന്നോ എന്ന് ചില ചരിത്രകാരന്മാർ സംശയിക്കുന്നുണ്ട്. എന്നാൽ ഗ്രന്ഥകാരൻ അദ്ദേഹത്തെ ശൈഖ് മൊയിനുദ്ദീൻ ചിസ്തിയുടെ തലമുറയിൽപെട്ടയാളായി ചിത്രീകരിക്കുന്നത് എത്രകണ്ട് ശരിയാണ്? ദിണ്ടിഗലിലെ സൈന്യത്തലവനായിരുന്ന ടിപ്പുവിന്റെ പിതാവ് ഹൈദരാലി ഖാൻ അന്നത്തെ സുഖലോലുപനായിരുന്ന മൈസൂർ രാജാവിന് രാജ്യകാര്യങ്ങളിലോ പ്രജകളുടെ ക്ഷേമകാര്യങ്ങളിലോ താല്പര്യമുണ്ടാകാതിരുന്നതുകൊണ്ടാണ് രാജ്യഭരണം അട്ടിമറിയിലൂടെ കൈക്കലാക്കിയത് എന്നുംമറ്റുമുള്ള കഥകൾ ഒഴിവാക്കുന്നതായിരുന്നു ഭംഗി. അതുപോലെതന്നെയാണ് ടിപ്പു പുലികളുമായി മല്ലയുദ്ധം നടത്തിയിരുന്നതുപോലുള്ള അമർ ചിത്രകഥാനിലവാരത്തിലുള്ള സൂചനകളും.
പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
Book Review of 'Nalanda - Thakshashila' by Velayudhan Panikkassery
ISBN: 9788124020647

No comments:
Post a Comment