Wednesday, December 28, 2016

ഒരു ജന്മം

കേരളരാഷ്ട്രീയം പൊതുവെ ഇടതുപക്ഷച്ചായ്‌വ് പ്രകടിപ്പിക്കുന്ന ഒന്നാണ്. അതിൽ തന്നെ മാർക്സിസ്റ്റ് പാർട്ടിയുടെ സ്വാധീനം നിഷേധിക്കാനാവാത്തതും. അച്ചടക്കത്തിന്റെ പര്യായമായിരുന്ന ഈ പാർട്ടിയിൽ ആദ്യമായി കലാപക്കൊടി ഉയർത്തി, രാഷ്ട്രീയജീവിതം തകരാതെ ശേഷിച്ച നേതാവായിരുന്നു ശ്രീ. എം. വി. രാഘവൻ. പാർട്ടിയിൽനിന്നുള്ള പുറത്താക്കൽ എല്ലാ നേതാക്കളുടേയും രാഷ്ട്രീയ കരിയർ അവസാനിപ്പിച്ചപ്പോൾ രാഘവൻ സ്വന്തം പാർട്ടി രൂപീകരിച്ച് സി. പി. എമ്മിനെതിരെ വിജയകരമായി ചെറുത്തുനിന്നു. മാതൃപാർട്ടിക്കുവേണ്ടി കൊണ്ടും കൊടുത്തും ഗുണ്ടായിസം തന്നെ ഉപയോഗിച്ചും വളർന്ന എം. വി. ആർ പുറത്താക്കപ്പെട്ടതിനുശേഷം ശാരീരികമായ അക്രമങ്ങൾ നിരവധി നേരിട്ടു. അദ്ദേഹത്തിന്റെ ആത്മകഥയാണീ പുസ്തകം. കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ കേരളരാഷ്ട്രീയത്തിന്റെ ഒരു പരിച്ഛേദമാണ് സാമാന്യം ദൈർഘ്യമുള്ള ഈ ഗ്രന്ഥം. ജനശ്രദ്ധയിൽ എത്തിപ്പെടാത്ത പലസംഭവങ്ങളും അദ്ദേഹം പരിശോധിക്കുന്നു, ഉന്നതന്മാരെന്നു കരുതിയിരുന്ന പല നേതാക്കന്മാരുടേയും യഥാർത്ഥസ്വഭാവം തുറന്നുകാട്ടുന്നു.

പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടി രാഷ്ട്രീയത്തിലിറങ്ങിയ എം. വി. ആർ പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റായി അധികാരരാഷ്ട്രീയത്തിൽ പ്രവേശിച്ചു. എം. എൽ. ഏ, മന്ത്രി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാർട്ടി വളണ്ടിയർമാർ എന്ന പേരിൽ 1967-ൽ ഗുണ്ടാസംഘം രൂപീകരിക്കുന്നതിലും അടിതടവുകൾ, തോക്ക് എന്നിവ കൈകാര്യം ചെയ്യുന്നതിലും ജില്ലാ സെക്രട്ടറി ആയിരിക്കേ ശ്രദ്ധ ചെലുത്തി. DYFI സ്ഥാപിക്കുന്നതിലും അദ്ദേഹം സുപ്രധാനപങ്ക് വഹിച്ചിട്ടുണ്ട്. നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ഉയർച്ചയും താഴ്ചയും ശ്രദ്ധാപൂർവം വീക്ഷിക്കുന്നതുകൊണ്ട് അതിന്റെ വസ്തുനിഷ്ഠമായ വിവരണം നൽകുന്നു.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ കാര്യമായ പങ്കൊന്നും വഹിക്കാനില്ലാതിരുന്ന കമ്യൂണിസ്റ്റ് പാർട്ടി 1947-ൽ നേടിയ സ്വാതന്ത്ര്യം അപര്യാപ്തമാണെന്നു സമർത്ഥിക്കുകയും പുതുതായി ജന്മമെടുത്ത ദേശീയ സർക്കാരിനുനേരെ സായുധസമരം പ്രഖ്യാപിക്കുന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു. പുതിയ സർക്കാരിന്റെ ബാലാരിഷ്ടതകൾ ചൂഷണം ചെയ്ത് ഭൂപ്രദേശങ്ങൾ കയ്യടക്കാമെന്നും, വേണ്ടത്ര പ്രദേശങ്ങൾ കൈക്കലാക്കിക്കഴിഞ്ഞാൽ സോവിയറ്റ് സഹായത്തോടെ അധികാരം പിടിച്ചടക്കാമെന്നുമായിരുന്നു കമ്യൂണിസ്റ്റ് നേതൃത്വത്തിന്റെ മനപ്പായസം. എന്നാൽ നെഹ്രു ശക്തമായ സൈനികനീക്കങ്ങളിലൂടെ സായുധകമ്യൂണിസ്റ്റുകളുടെ നട്ടെല്ലൊടിച്ചു. കൈപൊള്ളുമെന്നു മനസ്സിലായതോടെ കമ്യൂണിസ്റ്റ് പാർട്ടി തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിലേക്കു മടങ്ങിപ്പോയി. അങ്ങനെയിരിക്കെയാണ് 1962-ൽ ചൈന ഇന്ത്യയെ ആക്രമിച്ചത്. ഇത് പിളർപ്പിലേക്കു നീങ്ങിക്കൊണ്ടിരുന്ന കമ്യൂണിസ്റ്റ് പാർട്ടിയിൽ ഭിന്നതക്ക് ആക്കം കൂട്ടി എന്ന് ലേഖകൻ സ്ഥാപിക്കുന്നു. ഡാങ്കെയുടെ നേതൃത്വത്തിൽ നാഷണൽ കൗൺസിലിലെ ഭൂരിപക്ഷം ചൈനയെ ആക്രമണകാരിയായി കരുതുകയും നെഹ്രുവിന്റെ നിലപാടിനോട് ആഭിമുഖ്യം പുലർത്തുകയും ചെയ്തു. സുന്ദരയ്യയുടെയും രണദിവെയുടെയും നേതൃത്വത്തിൽ മറ്റൊരു വിഭാഗം ചൈനീസ് അനുകൂലനിലപാട് സ്വീകരിച്ചു (പേജ് 49). യുദ്ധം ചെയ്തു മുന്നേറുന്ന ചൈനയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്ന ഒരു രാഷ്ട്രീയപ്പാർട്ടി ഇന്ത്യയിൽ! ഡാങ്കെയുടെ എതിർപ്പും രാജ്യസ്നേഹം കൊണ്ടൊന്നുമായിരുന്നില്ല. ആ വിഭാഗത്തിന്റെ യജമാനന്മാരായിരുന്ന സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടി ചൈനീസ് ആക്രമണത്തെ എതിർത്തതുകൊണ്ടായിരുന്നു ഇത്.

മാർക്സിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന കാലത്തെ രാഘവൻ സ്മരിക്കുന്നത് അച്ചടക്കമുള്ള പാർട്ടി പ്രവർത്തകന്റെ റോളിലാണ്. പതിറ്റാണ്ടുകൾക്കുശേഷവും സത്യം മറച്ചുവെച്ചുകൊണ്ട് പാർട്ടി നിലപാടുകളെ പിന്താങ്ങുന്ന വിചിത്രമായ വസ്തുതയും നമ്മൾ കാണുന്നു. ഈ ന്യായവാദത്തിന് പിന്തുണയെന്ന പേരിൽ കൊണ്ടുവരുന്നതോ, ദേശാഭിമാനി പത്രത്തിന്റെ റിപ്പോർട്ടുകളും! അടിയന്തരാവസ്ഥക്കാലത്തെ അതിക്രമങ്ങൾ കുറെയൊക്കെ രാഘവൻ വെളിപ്പെടുത്തുന്നു. രാജൻ, വർക്കല വിജയൻ, നാദാപുരം കണ്ണൻ, വെള്ളത്തൂവൽ ദാസ് എന്നിവരുടെ കസ്റ്റഡി മരണങ്ങൾ, മലയിൻകീഴ് വിക്രമൻ, ഗുരുവായൂർ വേണുഗോപാലൻ എന്നിവരുടെ പോലീസിന്റെ പിടിയിൽനിന്നുള്ള തിരോധാനം എന്നിവയൊക്കെ അതിൽപ്പെടും. സി. പി. ഐയിലെ സി. അച്യുതമേനോൻ മുഖ്യമന്ത്രിയായി വാഴുമ്പോഴാണ് ഇതൊക്കെ അരങ്ങേറിയത്. ദേശാഭിമാനി പത്രം നാവടക്കി സെൻസറിംഗിന് വിധേയമായി. അതിന്റെ പത്രാധിപരായിരുന്ന പി. ഗോവിന്ദപ്പിള്ള ബിർളയുടെ ഫെലോഷിപ്പോടെ മൈസൂരിൽ ഗവേഷണം നടത്തുകയുമായിരുന്നു.

ഇ. എം. എസ്, ഇ. കെ. നായനാർ എന്നീ സമുന്നതനേതാക്കളുടെ വ്യക്തിത്വങ്ങളിലെ അത്ര ശോഭനമല്ലാത്ത ചില മുഖങ്ങൾ എം. വി. ആർ തുറന്നുകാണിക്കുന്നു. 1957-ൽ ഒന്നാം കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ സാരഥ്യമേറ്റെടുക്കാൻ ഡൽഹിയിൽ ചെറിയ പ്രവർത്തനമൊക്കെ നടത്തിക്കഴിഞ്ഞിരുന്ന ഇ. എം. എസ്സിനെ എം. എൻ. ഗോവിന്ദൻ നായർ വിളിച്ചുവരുത്തിയതായിരുന്നെങ്കിലും ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ ഇ. എം. എസ് എം. എന്നെതിരെ ചതിക്കുഴികൾ തീർത്തു. 1964-ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി പിളർപ്പിലേക്കു നീങ്ങിയപ്പോൾ ഏതുവിഭാഗമാണ് ശക്തം എന്നു നിരീക്ഷിച്ചുകൊണ്ട് കയ്യാലപ്പുറത്തെ തേങ്ങയായി ഇ. എം. എസ് നിലകൊണ്ടു (പേജ് 53). അദ്ദേഹത്തെ ഗ്രന്ഥകാരൻ അവസരവാദിയെന്നു വിശേഷിപ്പിക്കുന്നില്ല, എന്നാൽ അവസരത്തിനൊത്തു മാറാൻ മിടുക്കനായിരുന്നു എന്നു രേഖപ്പെടുത്തുന്നു (പേജ് 54). ദീർഘവീക്ഷണമില്ലാത്ത രാഷ്ട്രീയനയങ്ങൾ ഭരണത്തിന്റെ തണലിൽ നടപ്പിൽ വരുത്തിയ ഇ. എം. എസ് ഒട്ടേറെ തൊഴിലാളികളെ ദുരിതത്തിലാഴ്ത്തി. ബീഡിത്തൊഴിലാളി മിനിമം വേജസ് ആക്ട് പ്രാബല്യത്തിലായതോടെ ബീഡിക്കമ്പനികളെല്ലാം മംഗലാപുരത്തേക്കു മാറ്റി. അതോടെ പതിനായിരങ്ങൾക്ക് തൊഴിൽ നഷ്ടമായി പട്ടിണിയിലേക്കു വലിച്ചെറിയപ്പെട്ടു. 1980-ൽ ഇ. കെ. നായനാരെ മുഖ്യമന്ത്രിയാക്കിയത് ഇ. എം. എസ്സിന് ഇഷ്ടമായിരുന്നില്ല. ഇതിന് പ്രതികാരമെന്നോണം സി. പി. എം മന്ത്രിമാരുടെ എണ്ണം വെട്ടിക്കുറച്ച് രാഘവന് മന്ത്രിസ്ഥാനം നിഷേധിച്ചു. തന്റെ മകനെ ഉയർത്തിക്കൊണ്ടുവരാനും പരമാചാര്യൻ കാര്യമായിത്തന്നെ ശ്രമിച്ചു. 'ഭാവിയിലെ ധനകാര്യമന്ത്രി' എന്ന വിശേഷണമൊക്കെ ചാർത്തിക്കൊടുത്തിരുന്നെങ്കിലും ശ്രീധരൻ നമ്പൂതിരിപ്പാട് മത്സരിച്ചയിടത്തൊക്കെ ദയനീയമായി തോൽവിയടഞ്ഞു.

നായനാരുടെ അധികാരത്തോടുള്ള ആർത്തിയാണ് ഈ പുസ്തകത്തിൽ നഗ്നമാക്കപ്പെടുന്നത്. 1971-ൽ സുരക്ഷിതസീറ്റായ പാലക്കാട് സമുന്നതനായ ഏ. കെ. ജിയെ മത്സരിപ്പിക്കാൻ പാർട്ടി തയ്യാറായപ്പോൾ ആ സീറ്റ് തനിക്കുവേണമെന്ന് നായനാർ ആവശ്യപ്പെട്ടു. പാർട്ടി ഈ അവകാശവാദം പരിഹാസത്തോടെ തള്ളുകയും നായനാരെ കാസർഗോഡ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കുകയും ചെയ്തു. ഉത്സാഹം നഷ്ടപ്പെട്ട അദ്ദേഹം അവിടെ മത്സരിച്ചുതോറ്റു. തുടർന്ന് 1974-ൽ ഇരിക്കൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടിയേ പറ്റൂ എന്ന് അദ്ദേഹം ശഠിച്ചതിന്റെ ഫലമായി സംസ്ഥാന സെക്രട്ടറിയായിരുന്ന നായനാർ കീഴ് വഴക്കം ലംഘിച്ച് മത്സരിച്ചുജയിച്ചു. നായനാർ മൂന്നുതവണ മുഖ്യമന്ത്രിയായതും മറ്റു മൂന്നു സഖാക്കളുടെ അവകാശത്തെ ചവിട്ടിമെതിച്ചുകൊണ്ടായിരുന്നു - 1980-ൽ ടി. കെ. രാമകൃഷ്ണൻ, 1987-ൽ ഗൗരിയമ്മ, 1996-ൽ വി. എസ്സ്. അച്യുതാനന്ദൻ.

ഇതൊരു ആത്മകഥയാണെങ്കിലും രാഘവൻ എന്ന വ്യക്തിയുടെ സ്വകാര്യജീവിതം ഒരിക്കലും കഥനവിഷയമാക്കുന്നതേയില്ല. കേരളരാഷ്ട്രീയത്തെ മൂന്നാമതൊരു വ്യക്തിയുടെ കണ്ണിലൂടെയാണ് അധികസമയവും നോക്കിക്കാണുന്നത്. കാലപരമായ തുടർച്ച പുസ്തകത്തിന്റെ ഉള്ളടക്കം കാത്തുസൂക്ഷിക്കുന്നുണ്ടെങ്കിലും ആശയങ്ങൾ വസ്തുനിഷ്ഠമായിട്ടല്ല പ്രതിപാദിച്ചിരിക്കുന്നത്. എം. വി. ആറിന്റെ പാർട്ടിയിൽനിന്നുള്ള പുറത്താകലിനുകാരണമായ ബദൽ രേഖയുമായി ബന്ധപ്പെട്ട സംഭവങ്ങൾ യാതൊരു ഗൗരവവും നൽകാതെയാണ് വിവരിക്കുന്നത്. അതുപോലെതന്നെ സി. പി. എം രാഘവനെ രണ്ടുംകല്പിച്ച് എതിർക്കാൻ തുടങ്ങുന്നത് കൂത്തുപറമ്പ് വെടിവെപ്പിൽ തങ്ങളുടെ അഞ്ചു പ്രവർത്തകർ കൊല്ലപ്പെടുന്നതിലൂടെയാണ്. അക്രമം ഉണ്ടാകുമെന്നതിനാൽ ആ വഴി പോകരുതെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടും രാഘവൻ വഴങ്ങാതിരുന്നതുകൊണ്ടാണ് അതിക്രമങ്ങൾ മൂർച്ഛിച്ച് വെടിവെപ്പിലേക്കു നയിച്ചത്. എന്നാൽ പുസ്തകത്തിൽ കുറ്റം മുഴുവൻ പോലീസിന്റെ തലയിൽ കെട്ടിവെക്കുന്നു. അക്രമം ഉണ്ടാകുമെന്ന് രാഘവൻ അറിഞ്ഞില്ല എന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. എന്നാൽ മറ്റൊരു മന്ത്രിയായിരുന്ന എൻ. രാമകൃഷ്ണൻ പാതിവഴിയിൽ പരിപാടി ഉപേക്ഷിച്ച് തിരിച്ചുപോയത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുന്നതുമില്ല.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of "Oru Janmam' by M V Raghavan
ISBN: 9788126425945

No comments:

Post a Comment