Sunday, May 31, 2020

ഓർമ്മകളിലെ ബ്രിസ്റ്റോ

കേരളം പരശുരാമൻ മഴുവെറിഞ്ഞ് കടലലകളെ മെരുക്കി നേടിയതാണെന്ന ഐതിഹ്യം ഒരു മിത്ത് മാത്രമാണ്. എന്നാൽ ആധുനിക കൊച്ചി തുറമുഖത്തിന്റെ വികാസം ഈ കഥയേയും അതിശയിപ്പിക്കുന്ന ഒരു പച്ച യാഥാർഥ്യമാണ്. കൊച്ചിയിലെ ദിവാനായിരുന്ന ആർ. കെ. ഷൺമുഖം ചെട്ടി നഗരത്തെ 'അറബിക്കടലിന്റെ രാജ്ഞി' എന്നാദ്യമായി വിശേഷിപ്പിക്കാനിടയാക്കിയത് തുറമുഖത്തിന്റെ അഭൂതപൂർവമായ വളർച്ചയാണ്.കൊച്ചിക്കായലിന്റെ മുഖത്ത് നൂറ്റാണ്ടുകളായി അടിഞ്ഞുകൂടിയിരുന്ന മണൽത്തിട്ട മണ്ണുമാന്തിക്കപ്പലുപയോഗിച്ച് നീക്കം ചെയ്ത് പഴയ വെണ്ടുരുത്തി ദ്വീപിനോട് ചേർത്തു നിക്ഷേപിച്ച്, കായലിന്റെ പ്രവേശനദ്വാരത്തിന് ആഴം വർദ്ധിപ്പിച്ച് കപ്പൽച്ചാലാക്കി  മാറ്റി, 1928-ൽ ഉത്‌ഘാടനം നടത്തിയതിനുപിന്നിൽ പ്രവർത്തിച്ച തുറമുഖത്തിന്റെ ചീഫ് എൻജിനീയറും ബ്രിട്ടീഷുകാരനുമായ സർ റോബർട്ട് ബ്രിസ്റ്റോയെ അദ്ദേഹത്തിന്റെ ജന്മശതാബ്ദിവേളയിൽ ഉചിതമായി അനുസ്മരിച്ചതിന്റെ ബാക്കിപത്രമാണ് ഈ പുസ്തകം. തുറമുഖ ട്രസ്റ്റ് ചെയർമാനായിരുന്ന ടി. എൻ. ജയചന്ദ്രൻ അദ്ധ്യക്ഷനായ ഒരു സമിതി സമാഹരിച്ച അനുസ്മരണങ്ങളാണ് ഇവിടെ കാണുന്നത്.

മൂന്നുഭാഗങ്ങളായി സംവിധാനം ചെയ്തിരിക്കുന്ന ഈ കൃതിയുടെ ആദ്യഭാഗം ബ്രിസ്റ്റോവിനുമുമ്പുള്ള കൊച്ചിയെ കാട്ടിത്തരുന്നു. 1341-ലെ ഭീകരമായ വെള്ളപ്പൊക്കം നിമിത്തം കൊടുങ്ങല്ലൂരുണ്ടായിരുന്ന തുറമുഖം മണ്ണടിഞ്ഞ് ഉപയോഗശൂന്യമാവുകയും കൊച്ചിയിൽ പുതിയ അഴി തുറന്നുകിട്ടുകയും ചെയ്തു. നഗരത്തിന്റെ വളർച്ച അന്നു തുടങ്ങിയെന്നനുമാനിക്കാം. കൊച്ചിയെപ്പറ്റിയുള്ള ആദ്യ ചരിത്രപരാമർശം ചൈനീസ് നാവികനായ മാഹുവാന്റേതായിരുന്നു, ഏതാണ്ട് 1420-കളിൽ. അന്നത്തെ കൊച്ചി രാജ്യം തീർത്തും ദുർബലമായ ഒന്നായിരുന്നു. സ്വന്തം കോവിലകത്തിന്റെ മേൽക്കൂരയിലെ ഓല മാറ്റി ഓടുമേയാനുള്ള അവകാശത്തിനുപോലും സാമൂതിരിയുടെ കാൽക്കീഴിൽ അപേക്ഷിക്കേണ്ടിയിരുന്ന ഒരു നിർഭാഗ്യവാൻ! പോർച്ചുഗീസുകാരുടെ വരവോടെ കൊച്ചിയുടെ ശുക്രദശ തെളിഞ്ഞു. അതിനേക്കാളുപരി കൊച്ചിക്കു ഗുണകരമായത് പോർച്ചുഗീസുകാരും സാമൂതിരിയുമായി വളർന്നുവന്ന ശത്രുതയായിരുന്നു. തുടർന്ന് തുറമുഖം അഭിവൃദ്ധി പ്രാപിച്ചു. എങ്കിലും അഴിമുഖത്തെ മണൽത്തിട്ട സുഗമമായ കപ്പൽസഞ്ചാരത്തിന് തടസ്സം സൃഷ്ടിച്ചു. 

രണ്ടാം ഭാഗം ബ്രിസ്റ്റോയെക്കുറിച്ചുതന്നെയുള്ള ഓർമ്മക്കുറിപ്പുകളാണ്. തുറമുഖവികസനത്തിനായുള്ള പദ്ധതികൾ എട്ടു പതിറ്റാണ്ടുകാലം സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ അലമാരകളിൽ ഉറങ്ങിയിരുന്ന കാലത്താണ് 1920-ൽ ബ്രിസ്റ്റോ എന്ന കൊച്ചിയുടെ പരശുരാമൻ എത്തിച്ചേരുന്നത്. നാലു സർക്കാരുകൾ - ഇന്ത്യ, മദ്രാസ് പ്രവിശ്യ, കൊച്ചി, തിരുവിതാംകൂർ നാട്ടുരാജ്യങ്ങൾ - നിർമാണച്ചെലവ് പങ്കിട്ട പദ്ധതിക്ക് സാങ്കേതികമികവിനേക്കാൾ ആവശ്യമുണ്ടായിരുന്നത് നയതന്ത്രജ്ഞതയായിരുന്നു. മദ്രാസ് ഗവർണറും പിന്നീട് ഇന്ത്യയുടെ വൈസ്രോയിയുമായിരുന്ന വില്ലിംഗ്ഡൺ പ്രഭുവിന്റെ നിർലോഭമായ സഹായം അദ്ദേഹത്തിനു ലഭിച്ചു. അതിനാലാണ് കുഴിച്ചെടുത്ത മണ്ണിട്ടുനികത്തി ഉയർത്തിയ ദ്വീപിന് വൈസ്രോയിയുടെ പേരു നൽകപ്പെട്ടത്. 1928-ൽ നിർമ്മാണം പൂർത്തിയായ തുറമുഖം 1936-ൽ മേജർ ആയി പ്രഖ്യാപിക്കപ്പെട്ടു. തന്റെ ദൗത്യം പൂർത്തിയാക്കിയ ചാരിതാർഥ്യവുമായി ബ്രിസ്റ്റോ 1941-ൽ തന്റെ ജന്മദേശത്തേക്കു തിരിച്ചുപോയി. എൺപത്തിയാറാമത്തെ വയസ്സിൽ 1966-ൽ അദ്ദേഹം നിര്യാതനായി. ബ്രിസ്റ്റോ പിരിഞ്ഞുപോയ നിമിഷത്തിൽ നിന്നും ഒരു കണ്ടെയ്നർ ടെർമിനൽ അല്ലാതെ സാങ്കേതികമായി ഏറെ മുന്നേറാൻ കൊച്ചിക്കു സാധിച്ചിട്ടില്ല. സൂയസ് കനാലിൽ കടക്കാൻ കഴിയുന്ന ഏതു കപ്പലിനും കൊച്ചിയിൽ അടുക്കാൻ കഴിയണം എന്ന ഉദ്ദേശത്തോടെ വിഭാവനം ചെയ്ത മുപ്പതടി ഡ്രാഫ്റ്റുള്ള കപ്പലുകൾ മാത്രമേ ഇന്നും ഇവിടെ അടുക്കുന്നുള്ളൂ.

പുസ്തകത്തിന്റെ അവസാനഭാഗം ബ്രിസ്റ്റോയെക്കുറിച്ചുള്ള മുൻ തുറമുഖത്തൊഴിലാളികളുടെ ഓർമ്മകളാണ്. ഒരു വിരമിക്കൽ ചടങ്ങിലെ അനുസ്മരണപ്രസംഗങ്ങളുടെ നിലവാരമേ അവയ്ക്കുള്ളൂ. വ്യക്തിജീവിതത്തിൽ അദ്ദേഹം ദയാദാക്ഷിണ്യമില്ലാത്ത കണിശക്കാരനായിരുന്നുവെന്ന് നമുക്കിതിൽ വായിക്കാം. ശബ്ദകോലാഹലങ്ങൾ വെറുത്തിരുന്ന അദ്ദേഹത്തിന്റെ വസതിക്കുമുന്നിലൂടെ നാട്ടുകാരുടെ ആഘോഷ ഘോഷയാത്രകൾ പോലും നിശ്ശബ്ദരായേ കടന്നുപോകാൻ പാടുണ്ടായിരുന്നുള്ളൂ. വീടിനുമുന്നിൽ തെരുവുനായ്ക്കളുടെ കടിപിടി കണ്ടിട്ടും അവയെ ആട്ടിയോടിക്കാതിരുന്ന രണ്ടു വാച്ച്മാൻമാരെ അദ്ദേഹം പിരിച്ചുവിടുക പോലും ചെയ്തു. സായിപ്പും ഭാര്യയും ജോലിസ്ഥലത്തുവന്നപ്പോൾ കളിയാക്കി ചിരിച്ചു എന്ന കുറ്റത്തിനാണ് മറ്റൊരാളെ പുറത്താക്കിയത്. ബംഗ്ളാവിലെ എലിശല്യം ഒഴിവാക്കുന്നതിന്റെ ഭാഗമായി വില്ലിംഗ്ഡൺ ദ്വീപിലെ മുഴുവൻ എലികളേയും നശിപ്പിക്കുവാനായി പന്ത്രണ്ടു പേരെ തുറമുഖത്ത് നിയമിക്കുകയും ചെയ്തു. ഇന്നു നമ്മളിതിനെ അധികാര ദുർവിനിയോഗമെന്നൊക്കെയാണ് വിളിക്കുക. ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത കൂടി ഇവിടെ വിവരിക്കുന്നുണ്ട്. ബ്രിസ്റ്റോ ഫോർട്ട് കൊച്ചിയിൽ താമസിക്കുന്ന കാലത്ത് സമ്പന്നനും പ്രമാണിയുമായ നായർ സമുദായത്തിൽ പെടുന്ന ഒരയൽവക്കക്കാരന്റെ വസതിയിൽ വിവാഹാവശ്യത്തിന് തട്ടാനെ വരുത്തി സ്വർണാഭരണങ്ങൾ പണിയിക്കുകയായിരുന്നു. ശബ്ദശല്യം സഹിക്കാതെ വന്നപ്പോൾ സായിപ്പ് അടുത്തവീട്ടിൽ ചെന്ന് തട്ടാനെ മർദ്ദിച്ചു. അയൽക്കാരൻ അതു കേസാക്കി. കേസിൽ അകത്തുപോയേക്കുമെന്ന നില വന്നപ്പോൾ ബ്രിസ്റ്റോ കൊല്ലങ്കോട് രാജാവിനെ സമീപിച്ച് അദ്ദേഹത്തിന്റെ സ്വാധീനഫലമായി കേസ് പിൻവലിപ്പിക്കുകയാണുണ്ടായത്. ഇതിന്റെ നന്ദിസൂചകമെന്നോണം തൃശൂർ-കൊല്ലങ്കോട് റെയിൽപ്പാത പണികഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ബ്രിസ്റ്റോ നിരന്തരം ദില്ലിയിലേക്ക് കത്തുകൾ എഴുതിയിരുന്നുവത്രേ!

പോർച്ചുഗീസുകാരുടെ വരവോടെയാണ് കൊച്ചി വ്യാപാരാഭിവൃദ്ധിയിലേക്ക് നീങ്ങിയതെന്ന വസ്തുത നാം നേരത്തേ കണ്ടുവല്ലോ. എന്നാൽ അവരുടെ യാത്രയുടെ ഉദ്ദേശലക്ഷ്യങ്ങൾ വ്യാപാരം ചെയ്യാൻ സുഗന്ധദ്രവ്യങ്ങളും മതം മാറ്റാൻ മനുഷ്യരും ആയിരുന്നുവെന്നത് ഒരു രഹസ്യമൊന്നുമായിരുന്നില്ല. കോഴിക്കോട്ട് കപ്പലിറങ്ങിയ ആദ്യ പോർച്ചുഗീസുകാരൻ പറഞ്ഞതുതന്നെ 'we came to seek Christians and spices' എന്നായിരുന്നു. മതപരിവർത്തന യത്നങ്ങളുടെ ഭാഗമായി പ്രാദേശികഭാഷകളിൽ മതപ്രസിദ്ധീകരണങ്ങൾ ആവശ്യമായി വന്നു. സ്വാഭാവികമായും മലയാളലിപിയിൽ അച്ചുകളും അച്ചുകൂടങ്ങളും വിദ്യാലയങ്ങളും വൈദേശികാധിപത്യം നിലനിന്ന മേഖലകളിൽ സ്ഥാപിക്കപ്പെട്ടു. ഇതെല്ലാം മലയാളഭാഷയുടെ വികാസത്തിന് വലിയതോതിൽ സഹായകമായി എന്നതിന് രണ്ടുപക്ഷമില്ല. എന്നാൽ ഈ ഗൂഢോദ്ദേശ്യത്തോടെയുള്ള സേവനങ്ങളെ പർവ്വതീകരിച്ചുകാണിക്കുകയാണ് ചില ലേഖനകർത്താക്കൾ ചെയ്യുന്നത്. 'കൊച്ചിയിൽ ഉദിച്ച നവോത്ഥാനസൂര്യൻ' എന്ന അദ്ധ്യായത്തിന്റെ രചയിതാവായ ജോൺ ഓച്ചന്തുരുത്ത് അവരിലൊരാളാണ്. പറങ്കികളുടെ ഭാഷാ-വിദ്യാഭ്യാസപരമായ പ്രവർത്തനങ്ങളെ വാനംമുട്ടെ പുകഴ്ത്തുന്ന ഇദ്ദേഹം, നമ്മെ ആക്രമിച്ചുകീഴടക്കിയതിന് നാം പറങ്കികളോട് നന്ദി രേഖപ്പെടുത്തണമെന്നുപോലും ആവശ്യപ്പെടുമോ എന്നു സംശയിച്ചുപോകാം. ഭാരതീയമായ കെട്ടുപാടുകൾ ക്രിസ്ത്യൻ ആരാധനാസമ്പ്രദായത്തിൽനിന്ന് പൂർണമായും മുറിച്ചെറിഞ്ഞ ഉദയംപേരൂർ സൂനഹദോസ് എന്ന മതസമ്മേളനം ജാതീയമായ ചില ഉച്ചനീചത്വങ്ങളേയും കടലാസിലെങ്കിലും നിരോധിക്കുകയുണ്ടായി. ഈയൊരു വസ്തുതയെ മുൻനിർത്തി സൂനഹദോസ് സംഘടിപ്പിച്ച ഗോവാ മെത്രാപ്പോലീത്ത അലക്സിസ് മെനസിസിനെ 'ആധുനികകേരളത്തിന്റെ പിതാവ്' എന്നു വിശേഷിപ്പിക്കുന്ന ഓച്ചന്തുരുത്തിന്റെ ലേഖനത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം പരിഹാസ്യമായ അതിശയോക്തികളും അവകാശവാദങ്ങളും കാണാം.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.


Book Review of 'Ormmakalile Bristow' by a group of authors
Published by D C Books in 1982
 

Thursday, May 28, 2020

ഗോവിന്ദം ഭജഃ മൂഢമതേ

ലോക്ക്ഡൗൺ മൂലം പുസ്തകങ്ങൾ കിട്ടാതായതോടെ 28 കൊല്ലം മുൻപുവായിച്ച ഒരു പുസ്തകത്തിന്റെ പുനർവായനയാണിത്. മുഖ്യമായും 1980-കളിലെ കേരളീയസമൂഹത്തിന്റെ ജീർണ്ണതകളും പുഴുക്കുത്തുകളും വെളിവാക്കുന്ന ഈ കൃതി ഇപ്പോൾ വായിക്കുമ്പോഴും പഴയ മൂർച്ച കാത്തുസൂക്ഷിക്കുന്നതായി അനുഭവപ്പെടും. സക്കറിയയുടെ തൂലികയുടെ ശക്തി പറഞ്ഞറിയിക്കേണ്ട ആവശ്യമില്ലല്ലോ. സാഹിത്യം, സംസ്കാരം, മതം, മലയാളിയുടെ സ്വത്വം, പിന്നെ രാഷ്ട്രീയം എന്നിങ്ങനെ നിരവധി മേഖലകളെ സ്പർശിക്കുന്ന 22 ലേഖനങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം.

ചില വിഷയങ്ങളിൽ സക്കറിയ ദർശിച്ച ഭൂമികയിൽ മാറ്റം വന്നുകഴിഞ്ഞതായി കാണാൻ കഴിയും. ഉദാരവൽക്കരണത്തിനും കമ്യൂണിസത്തിന്റെ തകർച്ചക്കും മുൻപെഴുതിയ അദ്ധ്യായങ്ങളിൽ സമൂഹം പുതിയൊരു സരണിയിലേക്ക് ചുവടുമാറ്റി ചവുട്ടിയേക്കാം എന്നൊരു വന്യമായ സ്വപ്നം പോലും കാണുന്നില്ല. കേരള സാംസ്കാരികവകുപ്പ് പ്രസിദ്ധീകരിക്കുന്ന ആനുകാലികങ്ങളിലെ സംസ്കൃതാതിപ്രസരത്തെപ്പറ്റി 1985-ൽ എഴുതിയ ആക്ഷേപം ഇപ്പോൾ പ്രസക്തമായിക്കൊള്ളണമെന്നില്ല. ലോക്ക്ഡൗൺ കാലത്ത് ദൂരദർശൻ പുനഃസംപ്രേഷണം ചെയ്ത 'രാമായണം' വീണ്ടും വൻ ജനപ്രീതി പിടിച്ചുപറ്റിയ പശ്ചാത്തലത്തിൽ 1980-കളിൽ അത് ആദ്യമായി സ്വീകരണമുറികളിൽ എത്തിയപ്പോഴുള്ള സക്കറിയയുടെ നിരീക്ഷണങ്ങൾ കൗതുകത്തോടെ വായിക്കാനായി. ടെലിവിഷൻ രാമായണത്തിന്റെ അടിസ്ഥാനപരമായ തകരാറ് അതിന്റെ സൗന്ദര്യബോധത്തിലാണ്. ഏറ്റവും കീഴേക്കിടയിലുള്ള കച്ചവടസിനിമ പോലും നമ്മുടെ പുരാണേതിഹാസങ്ങളെ ഇതിലേറെ ആത്മാർത്ഥതയോടെയും ആദരവോടെയുമാണ് സമീപിച്ചിരുന്നത്. ഈ വീക്ഷണത്തോട് നമുക്കും യോജിക്കാനാകുമെങ്കിലും രാമായണത്തിന്റെ സംപ്രേഷണം ഉത്തരേന്ത്യൻ നിയോ-കൊളോണിയലിസത്തിന്റെ ഉപകരണമാണെന്നും അത് ദ്രാവിഡരെ തച്ചുടക്കുമെന്നുമുള്ള ചിന്ത കാടുകയറിയുള്ളതാണ്. അതുപോലെ വികലമായ ധാരണയാണ് കേരളത്തിലെ സമ്പദ്‌വ്യവസ്ഥ മുച്ചൂടും തകരുമെന്നും അപ്പോൾ മലയാളികൾ ദില്ലിക്കു ചുറ്റിലുമുള്ള ദേശീയ തലസ്ഥാനമേഖലയിലേക്ക് കുടിയേറുകമാത്രമേ പോംവഴിയുള്ളൂ എന്നതും!

കമ്യൂണിസത്തിന്റെ ജീവിതചക്രത്തിലെ ഏറ്റവും അത്ഭുതകരമായ കാര്യം അത് കാര്യമായ മരണവെപ്രാളമൊന്നും കാണിക്കാതെ അപ്രത്യക്ഷമായി എന്നതാണ്. 1988-ലോ എന്തിന്, 1989-ൽ പോലുമോ തൊട്ടടുത്ത വർഷം ഈ പ്രത്യയശാസ്ത്രം എന്നെന്നേക്കുമായി ഇല്ലാതാകുമെന്ന് ആർക്കെങ്കിലും പ്രവചിക്കാൻ സാധിക്കുമായിരുന്നോ? സ്വാഭാവികമായും 1980-കളുടെ ആദ്യപകുതിയിൽ എഴുതപ്പെട്ട ലേഖനങ്ങളിൽ നല്ലൊരു ഭാഗവും കമ്യൂണിസത്തിന്റെ കേരളത്തിലെ അവതാരത്തിന്റെ ഘടനാപരമായ ന്യൂനതകളും ആശയവ്യാകരണത്തിലെ വമ്പൻ പിഴവുകളും ചൂണ്ടിക്കാണിക്കാനായി ഉപയോഗിക്കുന്നു. കേരള കമ്യൂണിസത്തിന്റെ ആരംഭകാലം മാദകമായ ഒരു കെട്ടുകഥ മാത്രമാണെന്ന് ഗ്രന്ഥകാരൻ അഭിപ്രായപ്പെടുന്നു. കമ്യൂണിസം കേരളത്തിലിന്ന് മാന്യമായ ഒരു തൊഴിലാണ്, കാരണം അത് ഇന്നത്തെ മദ്ധ്യവർഗ്ഗങ്ങൾക്ക് ചെലവാക്കാനുള്ള പണം ഖജനാവ് കാലിയാക്കി എത്തിച്ചുകൊടുക്കുന്ന പ്രക്രിയയുടെ ജനയിതാവാണ്. കേരളത്തിൽ നടന്ന വിപ്ലവസംരംഭങ്ങളുടെ സാംസ്കാരികമായ ഏക മുതൽക്കൂട്ട് കെ.പി.ഏ.സിയുടെ നാടകഗാനങ്ങൾ മാത്രമാണ്. വിപ്ലവം പുതുപ്പണക്കാരുടെ മക്കളുടേയും ഇടത്തരം ബുദ്ധിജീവികളുടേയും ഒരു പാഴ്‌സമയ വിനോദം മാത്രമായി കേരളത്തിൽ രൂപാന്തരം പ്രാപിച്ചു. ഇടത്തരക്കാരുടെ അവകാശസംരക്ഷണ ശക്തിയായി മാർക്സിസം അധഃപതിക്കുകയും ചെയ്തു.

സക്കറിയയുടെ ശബ്ദം വീണ്ടും ഉയർന്നുപൊങ്ങുന്നത് അടിയന്തിരാവസ്ഥ കവർന്നെടുത്ത സ്വാതന്ത്ര്യത്തെയോർത്ത് വിലപിക്കാനും ശക്തമായ ഭാഷയിൽ അപലപിക്കാനുമാണ്. അടിയന്തിരാവസ്ഥക്കുശേഷം നടത്തിയ തെരഞ്ഞെടുപ്പിലും കേരളം ഇന്ദിരാഗാന്ധിയുടെ പാർട്ടിയെ ജയിപ്പിച്ചതിൽ അദ്ദേഹം രോഷാകുലനാവുന്നു. അതോടൊപ്പം കേരളത്തിലെ പൊള്ളയായ രാഷ്ട്രീയ പ്രബുദ്ധതയുടെ മുഖംമൂടി വലിച്ചുചീന്തുകയും ചെയ്യുന്നു. 'മലയാളികളുടെ മായാലോകം', 'ന്യൂറംബർഗിന്റെ പ്രസക്തി ഇവിടെ', 'അനുതാപമില്ലാത്ത സ്ത്രീ', 'ധർമപുരാണം - ചില സാമൂഹ്യചിന്തകൾ' എന്നീ നാലു ലേഖനങ്ങൾ സ്വേച്ഛാധിപത്യത്തിന്റെ വെല്ലുവിളിക്കപ്പെടാത്ത അപ്രമാദിത്വത്തിനു നേർക്കുള്ള ഉറച്ച വെല്ലുവിളിയാണ്. ഇന്ത്യൻ ജനാധിപത്യത്തിലെ ഒരു തീരാക്കളങ്കമായ അടിയന്തിരാവസ്ഥക്ക് കാരണക്കാരായവർക്കും അക്കാലത്ത് ജനസമൂഹത്തിനുമേൽ അധികാരഭ്രാന്തിൽ അഴിഞ്ഞാടിയ നേതാക്കൾക്കും തക്കതായ ശിക്ഷ കൊടുക്കാനോ അത്തരമൊരവസ്ഥ ആവർത്തിക്കില്ലെന്നുറപ്പു വരുത്താനോ സാധിക്കാഞ്ഞത് നമ്മുടെ ജനാധിപത്യത്തിന്റെ ഗുരുതരമായ ബലഹീനതയാണ്. ഒരുപക്ഷേ സഞ്ജയ് ഗാന്ധി വിമാനാപകടത്തിൽ കൊല്ലപ്പെട്ടില്ലായിരുന്നെങ്കിൽ ഇന്ദിരയുടെ വധത്തിനുശേഷം അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രി പോലും ആയിത്തീർന്നേനെ! കുറ്റവാളികൾ മൂട്ടിലെ പൊടിയും തട്ടി സ്വതന്ത്രരായി നടന്നകലുന്നത് നമ്മുടെ വ്യവസ്ഥയുടെ പാപഭാരം തന്നെയാണ്.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.


Book Review of 'Govindam Bhaja Moodamathe' by Zachariah
ISBN: 8171301851

Friday, May 22, 2020

അയ്യങ്കാളി

പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിൽ ജാതിവ്യവസ്ഥയുടെ കാർക്കശ്യം മൂലം ഭ്രാന്താലയമെന്നു വിളിക്കപ്പെട്ടിരുന്ന കേരളം സാമൂഹ്യപുരോഗതിയുടെ മാപകങ്ങളിൽ കുതിച്ചുകയറിയതിനുപിന്നിൽ സാമൂഹ്യപരിഷ്കർത്താക്കളുടെ ഒരു നീണ്ട നിരയുണ്ടായിരുന്നു. ഓരോ സമുദായത്തിലും തനതായ നവീകരണവാദികൾ സാമൂഹികമായ അസമത്വങ്ങൾ ദൂരീകരിക്കാനായി പടപൊരുതി. ശ്രീനാരായണഗുരു, ചട്ടമ്പി സ്വാമികൾ, അയ്യങ്കാളി, പണ്ഡിറ്റ് കറുപ്പൻ, വി. ടി. ഭട്ടതിരിപ്പാട് മുതലായ ആചാര്യന്മാർ അവരവരുടെ സമുദായങ്ങളെ നവോത്ഥാനത്തിന്റെ നറുപ്രഭാതം ദൃശ്യമാക്കി. ഈഴവരടക്കമുള്ള സമുദായങ്ങൾ തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും ആയിരുന്നെങ്കിലും ജാതിപരമായ അടിമത്തം കൂടുതലായി ബാധിച്ചിരുന്നത് പുലയരെയാണ്. അവരുടെ രാജാവെന്നു വിശേഷിപ്പിക്കാവുന്ന വിധത്തിൽ ഉയർന്നുവന്ന അയ്യങ്കാളിയാണ് ഈ കൃതിയുടെ കേന്ദ്രബിന്ദു. അധഃസ്ഥിതവർഗ്ഗങ്ങളുടെ ചരിത്രകാരനായ തിരുവൻ ഹീരാ പ്രസാദ് എന്ന ടി. എച്ച്. പി. ചെന്താരശ്ശേരിയാണ് ഇതിന്റെ കർത്താവ്. 1979-ൽ വെളിച്ചം കണ്ട ഇതിന്റെ അഞ്ചാമത്തെ പതിപ്പാണ് 2009-ൽ പുറത്തിറങ്ങിയ ഈ പുസ്തകം.

മറ്റു സാമൂഹ്യപരിഷ്കർത്താക്കളിൽനിന്നു വ്യത്യസ്തമായി അനീതിയെ നേരിടുന്നതിൽ ഹിംസ അയ്യങ്കാളി തീർത്തും ഒഴിവാക്കിയിരുന്നില്ല. എതിരാളികൾ തങ്ങളെ കായികമായി നേരിടുമ്പോഴും ആയുധമെടുക്കുമ്പോഴും അതേ നാണയത്തിൽത്തന്നെ തിരിച്ചടിച്ചത് രഹസ്യമായാണെങ്കിലും ശത്രുക്കളുടെ പോലും ആദരവും മതിപ്പും പിടിച്ചുപറ്റി. അശക്തന്റെ അഹിംസ പരിഹാസ്യമാംവിധം വിലയില്ലാത്ത ഒരു രാഷ്ട്രീയനാടകം മാത്രമാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. 1912-ൽ നെടുമങ്ങാട് ചന്തയിലും പിന്നെ കഴക്കൂട്ടത്തും പുലയർ പൊതുവഴി ഉപയോഗിച്ചതിനെ എതിർത്ത മുസ്ലീങ്ങളെ അയ്യങ്കാളി ഒറ്റക്കാണ് നേരിട്ടത്. പെരിനാട് കലാപത്തിലാകട്ടെ ഭരണശക്തി മുഴുവനായും കൈപ്പിടിയിലുണ്ടായിരുന്ന നായർ സമുദായത്തിനെ 'കണ്ണിനു കണ്ണ്, പല്ലിനു പല്ല്' എന്ന രീതിയിൽ നിലക്കുനിർത്തി. മാത്രവുമല്ല, കേരളത്തിലാദ്യമായി കർഷകത്തൊഴിലാളികളെ അണിനിരത്തി ഒരു സമരമുഖം വെട്ടിത്തുറന്നതും അയ്യങ്കാളിയായിരുന്നു. പുലയക്കുട്ടികളെ സർക്കാർ അനുവദിച്ചിട്ടും വിദ്യാലയങ്ങളിൽ പ്രവേശിപ്പിക്കുവാൻ നായർ പ്രമാണികൾ തയ്യാറാകാതിരുന്നപ്പോൾ അവരുടെ കൃഷിയിടങ്ങളിൽ തങ്ങൾ പണിയെടുക്കുകയില്ല എന്നു പ്രഖ്യാപിച്ചുകൊണ്ടും കൂലിക്കൂടുതൽ ആവശ്യപ്പെട്ടുകൊണ്ടും 1913-14 വർഷങ്ങളിൽ അധഃകൃത ജനത നടത്തിയ വിജയകരമായ പണിമുടക്ക് കേരളത്തിലെ സാമൂഹ്യപുരോഗതിയുടെ പാതയിലെ സുപ്രധാനമായ നാഴികക്കല്ലായിരുന്നു. കേരളീയ നവോത്ഥാനത്തിന്റെ പിതൃത്വം ഇടതുപക്ഷത്തിനുമേൽ ചാർത്തിക്കൊടുക്കുവാൻ വെമ്പൽ കൂട്ടുന്ന അക്കാദമിക ചരിത്രകാരൻമാർ അയ്യങ്കാളിയുടെ സമരത്തെ തമസ്കരിച്ചുകളഞ്ഞതിൽ അത്ഭുതത്തിനവകാശമില്ലല്ലോ! അധഃസ്ഥിതരുടെ നിയമപരമായ വഴക്കുകൾ തീർക്കുന്നതിനായി സമുദായകോടതികൾ സ്ഥാപിച്ചുകൊണ്ട് ഒരു സമാന്തരഭരണവ്യവസ്ഥയുടെ വിത്തുകളും അദ്ദേഹം മുളപ്പിച്ചെടുത്തു.

ജാതിവ്യവസ്ഥയുടെ നുകത്തിനുള്ളിൽ ശ്വാസംമുട്ടിയിരുന്ന താഴ്ന്ന ജാതിക്കാർ വ്യാവസായികാടിസ്ഥാനത്തിൽ മതപരിവർത്തനം നടത്തിയിരുന്ന വിദേശ മിഷനറിമാർക്ക് ഒരക്ഷയപാത്രമായിരുന്നു. മതം മാറാനുദ്ദേശിക്കുന്ന ഒരുവനോട് 'പോകരുത്' എന്നഭ്യർത്ഥിക്കുവാനുള്ള ധാർമിക അവകാശം ഹിന്ദു സമൂഹത്തിനും ഉണ്ടായിരുന്നില്ല. മനുഷ്യർ എന്ന പരിഗണന പോലും നല്കാതിരുന്നവരോട് മതം മാറരുത് എന്ന് എങ്ങനെ അവർക്ക് ആവശ്യപ്പെടാൻ സാധിക്കും? എന്നാൽ സാമൂഹ്യ പരിഷ്കർത്താക്കളെല്ലാം തന്നെ മതപരിവർത്തനത്തെ ശക്തിയായി എതിർത്തു. നിർബന്ധിതമെന്ന മട്ടിൽ നടത്തപ്പെട്ടിരുന്ന മതംമാറ്റത്തെ എതിർത്തുകൊണ്ട് അയ്യങ്കാളി മഹാരാജാവിന് ഒരു ഭീമഹർജി സമർപ്പിച്ചു. അദ്ദേഹത്തെ മതപരിവർത്തനത്തിന് നിർബന്ധിക്കുന്നുവെന്നും മാർഗ്ഗംകൂടലുകൾ നിമിത്തം ഹൈന്ദവരായ തന്റെ ജനത സംഖ്യയിൽ കുറഞ്ഞുവരുന്നുവെന്നും അതിൽ ബോധിപ്പിച്ചിരുന്നു. നിർബന്ധിത മതപരിവർത്തനം കർശനമായി തടഞ്ഞുകൊണ്ട് രാജകല്പന ഉടൻ പുറത്തിറങ്ങി. തുടർന്ന് സദാനന്ദസ്വാമിയുടെ പിന്തുണയോടെ ബ്രഹ്മനിഷ്ഠാമഠം സംഘത്തിന്റെ ഒരു സഭ അയ്യങ്കാളിയുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു. മഠം ആത്മീയകാര്യങ്ങളിലേ ശ്രദ്ധ ചെലുത്തിയിരുന്നുള്ളൂ. സാമൂഹ്യ, സാമ്പത്തിക, അവസരസമത്വത്തിനുവേണ്ടി പുതുക്രിസ്ത്യാനികളേയും ഉൾപ്പെടുത്തി സാധുജനപരിപാലനസംഘം 1907-ൽ നിലവിൽ വന്നു.

സവർണ്ണർ തങ്ങൾക്കു നിഷേധിച്ചിരുന്ന അവകാശങ്ങൾ ഒന്നൊന്നായി കണക്കുപറഞ്ഞ് വാങ്ങിയെടുത്തുകൊണ്ടിരുന്നപ്പോഴും ഹിന്ദുമതം ഉപേക്ഷിക്കാൻ അയ്യങ്കാളി തയ്യാറായില്ല. തന്റെ വർഗ്ഗക്കാരിലൊരാൾ മതം മാറിയാലും അയാളെ സ്വജനമായിത്തന്നെ ആ വലിയ മനസ്സ് കണക്കാക്കി. എന്നാൽ ആ ഹൃദയവിശാലത്വം അവർ തിരികെ പ്രദർശിപ്പിക്കാതിരുന്നപ്പോൾ അദ്ദേഹം ശക്തമായി ഇടപെട്ടു. അയ്യങ്കാളിയെ കൂടാതെ കൂടുതൽ പുലയ അംഗങ്ങളെ ശ്രീമൂലം പ്രജാസഭയിലേക്ക് നാമനിർദേശം ചെയ്തപ്പോൾ പുതുകൃസ്ത്യാനിയായ ചരതൻ സോളമൻ സഭാംഗമായി. എന്നാൽ 1913-ലെ സഭായോഗത്തിൽ പുലയകൃസ്ത്യാനികളുടെ മാത്രം പ്രതിനിധി എന്ന നിലയിൽ പ്രസംഗം തുടങ്ങിയതോടെ സഭയിൽവെച്ചുതന്നെ അയ്യങ്കാളി അയാളെ നിലക്കുനിർത്തി. പുതുതായി മതം മാറിയവരുടെ മനോഭാവത്തിൽ അദ്ദേഹം അതൃപ്തനുമായിരുന്നു. വറചട്ടിയിൽനിന്ന് എരിതീയിലേക്കാണ് അവർ പോയതെന്നായിരുന്നു ആ മഹാത്മാവിന്റെ അഭിപ്രായം. 1921-ൽ എരുമേലിക്കടുത്ത് സവർണ്ണകൃസ്ത്യാനികൾ അധഃകൃതർക്ക് സർക്കാർ പതിച്ചുകൊടുത്ത വനഭൂമി കയ്യേറാൻ ശ്രമിച്ചതിനെത്തുടർന്ന് എണ്ണൂറാംവയൽ ലഹള എന്നറിയപ്പെട്ട പ്രക്ഷോഭണത്തിലൂടെ ഭൂമി അയ്യങ്കാളി തിരിച്ചുപിടിച്ചു. മാത്രവുമല്ല, ഏതാനും വർഷങ്ങൾക്കുശേഷം പാറായി തരകന്റെ നേതൃത്വത്തിൽ ചേർത്തലയിൽ നടന്ന കൂട്ടമതപരിവർത്തനം അദ്ദേഹം ഇടപെട്ടു നിർത്തിവെപ്പിക്കുകയും ചെയ്തു.

ഗ്രന്ഥത്തിന്റെ ഏതാണ്ട് പകുതിഭാഗവും താഴ്ന്ന ജാതിക്കാർ പൊതുവായും പുലയർ പ്രത്യേകിച്ചും അനുഭവിച്ചുപോന്ന യാതനകളുടെ വിവരണങ്ങളാണ് നീട്ടിയും പരത്തിയും പ്രസ്താവിച്ചിരിക്കുന്നത്. അവ വിജ്ഞാനപ്രദമാണെങ്കിലും മറ്റു ചരിത്രകാരന്മാരുടെ കൃതികളിലും ധാരാളമായി കാണപ്പെടുന്നതാണ്. അവയിൽ നിന്നാണ് ഇതിൽ പലതും കടമെടുത്തിരിക്കുന്നതും. അയ്യങ്കാളിയുടെ 1920-നു ശേഷമുള്ള പ്രവർത്തനം കാര്യമായി വിവരിക്കുന്നതേയില്ല. ആ വിടവ് ഗ്രന്ഥകാരൻ നികത്തുന്നത് മുകളിൽ സൂചിപ്പിച്ച പീഡനപർവ്വം നിരത്തിവെച്ചുകൊണ്ടുമാണ്. അയ്യങ്കാളി എന്ന മനുഷ്യന്റെ വ്യക്തിജീവിതവും ഒരു പരിധി വരെ അദ്ദേഹത്തിന്റെ കുടുംബാന്തരീക്ഷത്തെക്കുറിച്ചുള്ള വിവരങ്ങളും വായനക്കാർ പ്രതീക്ഷിക്കുന്നുവെങ്കിലും ചെന്താരശ്ശേരി അവരെ തീർത്തും നിരാശപ്പെടുത്തുന്നു. 1941-ൽ അയ്യങ്കാളിയെന്ന പുലയരാജാവിന്റെ മരണവും ലേഖകൻ മൗനത്തിന്റെ കട്ടിപ്പുതപ്പിൽ ഒളിപ്പിക്കുന്നു. അങ്ങനെ നോക്കുമ്പോൾ ഈ ജീവചരിത്രം അപൂർണമെന്നുതന്നെ വിശേഷിപ്പിക്കേണ്ടിവരും.

പുസ്തകം ശുപാർശ ചെയ്യുന്നു.


Book Review of 'Ayyankali' by T. H. P. Chentharassery
ISBN: 8177051040

Saturday, May 16, 2020

സർ സി. പി. യെ വധിക്കാൻ ശ്രമിച്ച കെ.സി.എസ്. മണി

ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യ വൈദേശിക ആധിപത്യത്തിനുകീഴിലുള്ള ഒരു പ്രധാനഖണ്ഡവും നാട്ടുരാജാക്കന്മാരുടെ ഭരണത്തിലുള്ള അഞ്ഞൂറോളം ദേശങ്ങളുടേയും ഒരു സഞ്ചയമായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബ്രിട്ടീഷ് പ്രവിശ്യകളിൽ മാത്രമേ പ്രവർത്തിച്ചിരുന്നുള്ളൂ. നാട്ടുരാജ്യങ്ങളിൽ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളല്ല, മറിച്ച് ഉത്തരവാദഭരണം സ്ഥാപിക്കാനുള്ള പ്രക്ഷോഭങ്ങളാണ് നിലവിലുണ്ടായിരുന്നത്. 1946-ൽ നെഹ്രുവിന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണസംവിധാനം നിലവിൽ വന്നുവെങ്കിലും തിരുവിതാംകൂറിൽ ദിവാനായ സർ. സി. പി. രാമസ്വാമി അയ്യർ രാജഭരണം തുടർന്നുകൊണ്ടുപോകുന്നതിനുള്ള കരുനീക്കങ്ങൾ നടത്തുകയായിരുന്നു. വേണ്ടത്ര മുൻകരുതലോ ആസൂത്രണമോ ഭാവനപോലുമോ ഇല്ലാതെ അരങ്ങേറിയ പുന്നപ്ര-വയലാർ സമരങ്ങൾ വാസ്തവത്തിൽ ജനകീയസമരങ്ങളുടെ മുനയൊടിക്കുകയാണുണ്ടായത് -  വേലുപ്പിള്ള പ്രഭാകരന്റെ തമിഴ് പുലികളുടെ അന്ത്യത്തോടെ ശ്രീലങ്കയിൽ തമിഴർ പാർശ്വവൽക്കരിക്കപ്പെട്ടതുപോലെ. സായുധസമരത്തെ പരാജയപ്പെടുത്തിയ സർക്കാർ സമാധാനപരമായ ജനകീയസമരങ്ങളെ കണക്കിലെടുക്കുകപോലും ചെയ്തില്ല. പുന്നപ്ര-വയലാറിനെത്തുടർന്ന് രാജ്യത്തുനിലനിന്ന കരിനിയമങ്ങൾ പ്രക്ഷോഭനായകരുടെ ആത്മവീര്യം കെടുത്തി. അവസരം മുതലെടുത്തുകൊണ്ട് സർ. സി. പി. തിരുവിതാംകൂർ സ്വതന്ത്രരാജ്യമായിത്തീരുമെന്നു പ്രഖ്യാപിക്കുകയും പുതുതായി രൂപം കൊള്ളുന്ന പാകിസ്ഥാനിലേക്ക് ഒരു വ്യാപാര പ്രതിനിധിയെ നിയോഗിക്കുകയും ചെയ്തു. ആശയും ജീവനുമറ്റ കമ്യൂണിസ്റ്റ് പ്രസ്ഥാനം നിശ്ചേതനമായി നിൽക്കേ, സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കൾ ഭഗത് സിംഗ് മാതൃകയിൽ സി. പി.യെ വധിക്കാൻ ഒരു പദ്ധതിക്ക് രൂപം നൽകി. കുമ്പളത്ത് ശങ്കുപ്പിള്ള, എൻ. ശ്രീകണ്ഠൻ നായർ എന്നിവർ നയിച്ച ഈ ഗൂഢാലോചന കെ. സി. എസ്. മണി എന്ന തമിഴ് ബ്രാഹ്‌മണയുവാവ് പ്രാവർത്തികമാക്കി. ആക്രമണത്തിലെ പാളിച്ച മൂലം ദിവാനെ വധിക്കാൻ സാധിച്ചില്ലെങ്കിലും മുഖത്തും കഴുത്തിലും സാരമായ പരിക്കുകൾ ഏൽപ്പിക്കാനായി. സി. പി. അധികം താമസിയാതെ തിരുവിതാംകൂർ വിടുകയും രാജ്യം ഏതാനും ദിവസങ്ങൾക്കകം ഇന്ത്യൻ യൂണിയനിൽ ലയിക്കുകയും ചെയ്തു. അധികമാരും അറിയാത്ത മണിയെ പരിചയപ്പെടുത്തുന്നതോടൊപ്പം തിരുവിതാംകൂറിലെ അന്നത്തെ രാഷ്ട്രീയസാഹചര്യങ്ങൾ വിശദീകരിക്കുകയും ചെയ്യുന്ന ഈ ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത് കേരളകൗമുദി ദിനപത്രത്തിൽ ദീർഘകാലം എഡിറ്ററായിരുന്ന ജി. യദുകുലകുമാറാണ്.

പട്ടന്മാരെന്നറിയപ്പെടുന്ന തമിഴ് ബ്രാഹ്മണർ വിദ്യാസമ്പന്നരും അതോടൊപ്പം പേടിത്തൊണ്ടന്മാരുമാണെന്ന സാമാന്യധാരണയെ തകർക്കുന്ന ഒരു വ്യക്തിത്വമാണ് അമ്പലപ്പുഴ സ്വദേശിയായ കെ. ചിദംബര സുബ്രമണ്യയ്യർ എന്ന കെ. സി. എസ്. മണി. അദ്ദേഹത്തിന്റെ പിതാവും പരസ്യമായ അടിക്കും തല്ലിനുമൊന്നും മടിച്ചുനിന്നിരുന്നില്ല. മാനസിക അസ്വാസ്ഥ്യത്തെത്തുടർന്ന് ചെറുപ്പത്തിൽ മണിയെ അദ്ദേഹം അമ്പലക്കുളത്തിലേക്ക് വലിച്ചെറിയുകപോലും ഉണ്ടായിട്ടുണ്ട്. മൂത്ത സഹോദരി വൈവാഹികപ്രശ്നങ്ങളെത്തുടർന്ന് ലൗകികജീവിതം ഉപേക്ഷിച്ച് ചെന്നൈയിൽ സന്യാസിനീമഠത്തിൽ ചേർന്നതോടെ വീടിനോട് വിരക്തി തോന്നിയ മണി ശ്രീകണ്ഠൻ നായരുടെ പ്രേരണയിൽ രാഷ്ട്രീയത്തിലേക്ക് തിരിയുകയാണുണ്ടായത്. പ്രസ്ഥാനത്തിനുവേണ്ടി കൊല്ലിനും കൊലയ്ക്കും തയ്യാറായ മണിയെ സോഷ്യലിസ്റ്റ് പാർട്ടി വിദഗ്ദ്ധമായി ഉപയോഗിച്ചു. മണിയുടെ നിശ്ചയദാർഢ്യം പരിശോധിച്ചറിയുന്നതിനായി തിരുവനന്തപുരത്ത് സി. പി. സത്രത്തിനുമുന്നിലുള്ള സർ. സി. പി. യുടെ പ്രതിമ രാത്രിയിൽ രഹസ്യമായി അടിച്ചുടയ്ക്കുക എന്ന ദൗത്യവും അദ്ദേഹം ഏറ്റെടുക്കുകയുണ്ടായി. 

സ്വാതന്ത്ര്യത്തിലേക്കുള്ള സമരപാതയിൽ സമാധാനമാർഗ്ഗത്തിലൂടെ മാത്രമേ ചലിക്കാവൂ എന്ന ഗാന്ധിയൻ ആഹ്വാനത്തെ ഗ്രന്ഥകർത്താവ് തള്ളിക്കളയുന്നു. അല്ലെങ്കിലും ദേശീയരാഷ്ട്രീയത്തിൽത്തന്നെ പലതവണ സ്വാതന്ത്ര്യപ്രസ്ഥാനം അക്രമത്തിലേക്ക് വഴുതിവീഴുന്നത് നാം കണ്ടിട്ടുള്ളതല്ലേ? ഭീകരപ്രവർത്തനം മർദ്ദകരുടെ ചങ്കിൽ ഭീതിയുടെ ചിറകടി സൃഷ്ടിക്കുകയും മർദ്ദിതലക്ഷങ്ങളിൽ ആശയുടേയും പ്രതികാരത്തിന്റേയും ഉദ്ധാരണത്തിന്റേയും പ്രതീക്ഷ വളർത്തും എന്നാണ് യദുകുലകുമാർ അഭിപ്രായപ്പെടുന്നത് (പേജ് 69). ത്യാഗത്തിന്റെ ഒരു മുഖം കൊണ്ടുമാത്രം ഇന്ത്യൻ സ്വാതന്ത്ര്യചരിത്രരചന പൂർത്തിയാകുന്നില്ല. ഹിംസയുടെ ആവേശകരമായ മുത്തുകൾ കൂടി അതിൽ കോർത്തിടേണ്ടതാണ്. ഇത്തരത്തിൽ മണിയുടെ ആക്രമണത്തിന് സൈദ്ധാന്തികമായ ഒരടിത്തറ കൂടി ഗ്രന്ഥകാരൻ പണിതുയർത്തുന്നു. 

വസ്തുനിഷ്ഠമായ ഒരു വിശകലനത്തിൽ ഭഗത് സിംഗ് ചെയ്തതിനേക്കാൾ എത്രയോ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങളാണ് മണി സൃഷ്ടിച്ചത് എന്ന് നമുക്കു കാണാൻ കഴിയും. പ്രൊബേഷൻ പോലും പൂർത്തിയാക്കിയിട്ടില്ലായിരുന്ന ബ്രിട്ടീഷുകാരനായ ഒരു അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടിനെ വെടിവെച്ചു കൊലപ്പെടുത്തിയതിനാണ് ഭഗത് സിംഗിനും കൂട്ടാളികളായ രാജ്‌ഗുരു, സുഖ്ദേവ് എന്നിവർക്കും വധശിക്ഷ ലഭിച്ചത്. ആ പോലീസുദ്യോഗസ്ഥന്റെ മരണം പഞ്ചാബിലെ രാഷ്ട്രീയത്തിൽ ഒരു ചലനവും സൃഷ്ടിച്ചതുമില്ല. എന്നാൽ ദിവാനായ സർ. സി. പി. ആക്രമണത്തെത്തുടർന്ന് ഉടനടി രാജ്യം വിട്ടോടുകയും സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപിക്കാനിരുന്ന രാജാവ് ഒരു ബാഹ്യ ഇടപെടലും കൂടാതെ ഇന്ത്യയിൽ ലയിക്കാൻ തീരുമാനിക്കുകയും ചെയ്തു. പക്ഷേ കെ. സി. എസ്. മണി ആക്രമണത്തിനുശേഷം അപ്രതീക്ഷിതമായി വൈദ്യുതിവിളക്കുകൾ അണഞ്ഞപ്പോൾ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയാണുണ്ടായത്. വളരെനാൾ ഒളിവിൽ കഴിഞ്ഞ അദ്ദേഹത്തെ ഒൻപതു മാസങ്ങൾക്കുശേഷമാണ് അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് കേസ് കോടതിയിൽ എത്തിയപ്പോൾ അദ്ദേഹം കുറ്റം നിഷേധിച്ചു. തെളിവില്ലാത്തതിനാൽ വെറുതെ വിടുകയും ചെയ്തു. കുറ്റം ഏൽക്കാതിരുന്നതും ജയിൽ ശിക്ഷ വാങ്ങാതിരുന്നതുമാണ് മണിയുടെ പേര് ചരിത്രത്തിലൊരിടത്തും രേഖപ്പെടുത്താതെ പോയതിനു കാരണം. അജ്ഞാതനായ ആരോ ദിവാനെ ആക്രമിച്ചു എന്നാണ് ഔദ്യോഗിക ചരിത്രരേഖകൾ ഇപ്പോഴും രേഖപ്പെടുത്തുന്നത്. മാത്രവുമല്ല, നിരവധിപേർ തങ്ങളാണ് സി. പി.യെ വെട്ടിയത് എന്ന അവകാശവാദവുമായി രംഗത്തുവരുവാനും ഇതിടയാക്കി.

ഈ ഗ്രന്ഥം 1986-ലാണ് ആദ്യമായി പ്രസിദ്ധപ്പെടുത്തുന്നത്. സംഭവം നടന്ന് നാലു ദശകങ്ങൾക്കുശേഷം അതുമായി ബന്ധപ്പെട്ട്  ജീവിച്ചിരിക്കുന്നവരുടെ അനുഭവസാക്ഷ്യങ്ങളിലൂടെ രൂപപ്പെടുത്തിയതാണ് ഈ കൃതി. എങ്കിലും നാടകീയമായ വിധത്തിൽ, എന്നാൽ സത്യസന്ധമായും, സംഭവപരമ്പരകളെ ഇതിൽ പുനരാഖ്യാനം ചെയ്തുകാണുന്നു. മണിയെ കണ്ടുമുട്ടിയവരുടെ മനോവ്യാപാരങ്ങൾ പോലും ഒരു ഇതിഹാസസമാനമായ മുന്നൊരുക്കത്തിന്റെ മട്ടിൽ ചിത്രീകരിക്കുന്നത് വായനക്കാർക്ക് ഹൃദ്യമായി അനുഭവപ്പെടുന്നു. കേരളചരിത്രത്തിലെ സുപ്രധാനമായ ഒരദ്ധ്യായത്തിൽ തിങ്ങിനിറഞ്ഞിരുന്ന കൂരിരുൾ വലിയൊരളവിൽ നീക്കിക്കളയുന്ന പ്രകാശഗോപുരമായി ഈ പുസ്തകം വർത്തിക്കുന്നു.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.


Book Review of 'Sir. C. P. ye Vadhikkan Shramicha K. C. S. Mani' by G. Yadukulakumar
ISBN: Nil