Friday, May 22, 2020

അയ്യങ്കാളി

പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിൽ ജാതിവ്യവസ്ഥയുടെ കാർക്കശ്യം മൂലം ഭ്രാന്താലയമെന്നു വിളിക്കപ്പെട്ടിരുന്ന കേരളം സാമൂഹ്യപുരോഗതിയുടെ മാപകങ്ങളിൽ കുതിച്ചുകയറിയതിനുപിന്നിൽ സാമൂഹ്യപരിഷ്കർത്താക്കളുടെ ഒരു നീണ്ട നിരയുണ്ടായിരുന്നു. ഓരോ സമുദായത്തിലും തനതായ നവീകരണവാദികൾ സാമൂഹികമായ അസമത്വങ്ങൾ ദൂരീകരിക്കാനായി പടപൊരുതി. ശ്രീനാരായണഗുരു, ചട്ടമ്പി സ്വാമികൾ, അയ്യങ്കാളി, പണ്ഡിറ്റ് കറുപ്പൻ, വി. ടി. ഭട്ടതിരിപ്പാട് മുതലായ ആചാര്യന്മാർ അവരവരുടെ സമുദായങ്ങളെ നവോത്ഥാനത്തിന്റെ നറുപ്രഭാതം ദൃശ്യമാക്കി. ഈഴവരടക്കമുള്ള സമുദായങ്ങൾ തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും ആയിരുന്നെങ്കിലും ജാതിപരമായ അടിമത്തം കൂടുതലായി ബാധിച്ചിരുന്നത് പുലയരെയാണ്. അവരുടെ രാജാവെന്നു വിശേഷിപ്പിക്കാവുന്ന വിധത്തിൽ ഉയർന്നുവന്ന അയ്യങ്കാളിയാണ് ഈ കൃതിയുടെ കേന്ദ്രബിന്ദു. അധഃസ്ഥിതവർഗ്ഗങ്ങളുടെ ചരിത്രകാരനായ തിരുവൻ ഹീരാ പ്രസാദ് എന്ന ടി. എച്ച്. പി. ചെന്താരശ്ശേരിയാണ് ഇതിന്റെ കർത്താവ്. 1979-ൽ വെളിച്ചം കണ്ട ഇതിന്റെ അഞ്ചാമത്തെ പതിപ്പാണ് 2009-ൽ പുറത്തിറങ്ങിയ ഈ പുസ്തകം.

മറ്റു സാമൂഹ്യപരിഷ്കർത്താക്കളിൽനിന്നു വ്യത്യസ്തമായി അനീതിയെ നേരിടുന്നതിൽ ഹിംസ അയ്യങ്കാളി തീർത്തും ഒഴിവാക്കിയിരുന്നില്ല. എതിരാളികൾ തങ്ങളെ കായികമായി നേരിടുമ്പോഴും ആയുധമെടുക്കുമ്പോഴും അതേ നാണയത്തിൽത്തന്നെ തിരിച്ചടിച്ചത് രഹസ്യമായാണെങ്കിലും ശത്രുക്കളുടെ പോലും ആദരവും മതിപ്പും പിടിച്ചുപറ്റി. അശക്തന്റെ അഹിംസ പരിഹാസ്യമാംവിധം വിലയില്ലാത്ത ഒരു രാഷ്ട്രീയനാടകം മാത്രമാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. 1912-ൽ നെടുമങ്ങാട് ചന്തയിലും പിന്നെ കഴക്കൂട്ടത്തും പുലയർ പൊതുവഴി ഉപയോഗിച്ചതിനെ എതിർത്ത മുസ്ലീങ്ങളെ അയ്യങ്കാളി ഒറ്റക്കാണ് നേരിട്ടത്. പെരിനാട് കലാപത്തിലാകട്ടെ ഭരണശക്തി മുഴുവനായും കൈപ്പിടിയിലുണ്ടായിരുന്ന നായർ സമുദായത്തിനെ 'കണ്ണിനു കണ്ണ്, പല്ലിനു പല്ല്' എന്ന രീതിയിൽ നിലക്കുനിർത്തി. മാത്രവുമല്ല, കേരളത്തിലാദ്യമായി കർഷകത്തൊഴിലാളികളെ അണിനിരത്തി ഒരു സമരമുഖം വെട്ടിത്തുറന്നതും അയ്യങ്കാളിയായിരുന്നു. പുലയക്കുട്ടികളെ സർക്കാർ അനുവദിച്ചിട്ടും വിദ്യാലയങ്ങളിൽ പ്രവേശിപ്പിക്കുവാൻ നായർ പ്രമാണികൾ തയ്യാറാകാതിരുന്നപ്പോൾ അവരുടെ കൃഷിയിടങ്ങളിൽ തങ്ങൾ പണിയെടുക്കുകയില്ല എന്നു പ്രഖ്യാപിച്ചുകൊണ്ടും കൂലിക്കൂടുതൽ ആവശ്യപ്പെട്ടുകൊണ്ടും 1913-14 വർഷങ്ങളിൽ അധഃകൃത ജനത നടത്തിയ വിജയകരമായ പണിമുടക്ക് കേരളത്തിലെ സാമൂഹ്യപുരോഗതിയുടെ പാതയിലെ സുപ്രധാനമായ നാഴികക്കല്ലായിരുന്നു. കേരളീയ നവോത്ഥാനത്തിന്റെ പിതൃത്വം ഇടതുപക്ഷത്തിനുമേൽ ചാർത്തിക്കൊടുക്കുവാൻ വെമ്പൽ കൂട്ടുന്ന അക്കാദമിക ചരിത്രകാരൻമാർ അയ്യങ്കാളിയുടെ സമരത്തെ തമസ്കരിച്ചുകളഞ്ഞതിൽ അത്ഭുതത്തിനവകാശമില്ലല്ലോ! അധഃസ്ഥിതരുടെ നിയമപരമായ വഴക്കുകൾ തീർക്കുന്നതിനായി സമുദായകോടതികൾ സ്ഥാപിച്ചുകൊണ്ട് ഒരു സമാന്തരഭരണവ്യവസ്ഥയുടെ വിത്തുകളും അദ്ദേഹം മുളപ്പിച്ചെടുത്തു.

ജാതിവ്യവസ്ഥയുടെ നുകത്തിനുള്ളിൽ ശ്വാസംമുട്ടിയിരുന്ന താഴ്ന്ന ജാതിക്കാർ വ്യാവസായികാടിസ്ഥാനത്തിൽ മതപരിവർത്തനം നടത്തിയിരുന്ന വിദേശ മിഷനറിമാർക്ക് ഒരക്ഷയപാത്രമായിരുന്നു. മതം മാറാനുദ്ദേശിക്കുന്ന ഒരുവനോട് 'പോകരുത്' എന്നഭ്യർത്ഥിക്കുവാനുള്ള ധാർമിക അവകാശം ഹിന്ദു സമൂഹത്തിനും ഉണ്ടായിരുന്നില്ല. മനുഷ്യർ എന്ന പരിഗണന പോലും നല്കാതിരുന്നവരോട് മതം മാറരുത് എന്ന് എങ്ങനെ അവർക്ക് ആവശ്യപ്പെടാൻ സാധിക്കും? എന്നാൽ സാമൂഹ്യ പരിഷ്കർത്താക്കളെല്ലാം തന്നെ മതപരിവർത്തനത്തെ ശക്തിയായി എതിർത്തു. നിർബന്ധിതമെന്ന മട്ടിൽ നടത്തപ്പെട്ടിരുന്ന മതംമാറ്റത്തെ എതിർത്തുകൊണ്ട് അയ്യങ്കാളി മഹാരാജാവിന് ഒരു ഭീമഹർജി സമർപ്പിച്ചു. അദ്ദേഹത്തെ മതപരിവർത്തനത്തിന് നിർബന്ധിക്കുന്നുവെന്നും മാർഗ്ഗംകൂടലുകൾ നിമിത്തം ഹൈന്ദവരായ തന്റെ ജനത സംഖ്യയിൽ കുറഞ്ഞുവരുന്നുവെന്നും അതിൽ ബോധിപ്പിച്ചിരുന്നു. നിർബന്ധിത മതപരിവർത്തനം കർശനമായി തടഞ്ഞുകൊണ്ട് രാജകല്പന ഉടൻ പുറത്തിറങ്ങി. തുടർന്ന് സദാനന്ദസ്വാമിയുടെ പിന്തുണയോടെ ബ്രഹ്മനിഷ്ഠാമഠം സംഘത്തിന്റെ ഒരു സഭ അയ്യങ്കാളിയുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു. മഠം ആത്മീയകാര്യങ്ങളിലേ ശ്രദ്ധ ചെലുത്തിയിരുന്നുള്ളൂ. സാമൂഹ്യ, സാമ്പത്തിക, അവസരസമത്വത്തിനുവേണ്ടി പുതുക്രിസ്ത്യാനികളേയും ഉൾപ്പെടുത്തി സാധുജനപരിപാലനസംഘം 1907-ൽ നിലവിൽ വന്നു.

സവർണ്ണർ തങ്ങൾക്കു നിഷേധിച്ചിരുന്ന അവകാശങ്ങൾ ഒന്നൊന്നായി കണക്കുപറഞ്ഞ് വാങ്ങിയെടുത്തുകൊണ്ടിരുന്നപ്പോഴും ഹിന്ദുമതം ഉപേക്ഷിക്കാൻ അയ്യങ്കാളി തയ്യാറായില്ല. തന്റെ വർഗ്ഗക്കാരിലൊരാൾ മതം മാറിയാലും അയാളെ സ്വജനമായിത്തന്നെ ആ വലിയ മനസ്സ് കണക്കാക്കി. എന്നാൽ ആ ഹൃദയവിശാലത്വം അവർ തിരികെ പ്രദർശിപ്പിക്കാതിരുന്നപ്പോൾ അദ്ദേഹം ശക്തമായി ഇടപെട്ടു. അയ്യങ്കാളിയെ കൂടാതെ കൂടുതൽ പുലയ അംഗങ്ങളെ ശ്രീമൂലം പ്രജാസഭയിലേക്ക് നാമനിർദേശം ചെയ്തപ്പോൾ പുതുകൃസ്ത്യാനിയായ ചരതൻ സോളമൻ സഭാംഗമായി. എന്നാൽ 1913-ലെ സഭായോഗത്തിൽ പുലയകൃസ്ത്യാനികളുടെ മാത്രം പ്രതിനിധി എന്ന നിലയിൽ പ്രസംഗം തുടങ്ങിയതോടെ സഭയിൽവെച്ചുതന്നെ അയ്യങ്കാളി അയാളെ നിലക്കുനിർത്തി. പുതുതായി മതം മാറിയവരുടെ മനോഭാവത്തിൽ അദ്ദേഹം അതൃപ്തനുമായിരുന്നു. വറചട്ടിയിൽനിന്ന് എരിതീയിലേക്കാണ് അവർ പോയതെന്നായിരുന്നു ആ മഹാത്മാവിന്റെ അഭിപ്രായം. 1921-ൽ എരുമേലിക്കടുത്ത് സവർണ്ണകൃസ്ത്യാനികൾ അധഃകൃതർക്ക് സർക്കാർ പതിച്ചുകൊടുത്ത വനഭൂമി കയ്യേറാൻ ശ്രമിച്ചതിനെത്തുടർന്ന് എണ്ണൂറാംവയൽ ലഹള എന്നറിയപ്പെട്ട പ്രക്ഷോഭണത്തിലൂടെ ഭൂമി അയ്യങ്കാളി തിരിച്ചുപിടിച്ചു. മാത്രവുമല്ല, ഏതാനും വർഷങ്ങൾക്കുശേഷം പാറായി തരകന്റെ നേതൃത്വത്തിൽ ചേർത്തലയിൽ നടന്ന കൂട്ടമതപരിവർത്തനം അദ്ദേഹം ഇടപെട്ടു നിർത്തിവെപ്പിക്കുകയും ചെയ്തു.

ഗ്രന്ഥത്തിന്റെ ഏതാണ്ട് പകുതിഭാഗവും താഴ്ന്ന ജാതിക്കാർ പൊതുവായും പുലയർ പ്രത്യേകിച്ചും അനുഭവിച്ചുപോന്ന യാതനകളുടെ വിവരണങ്ങളാണ് നീട്ടിയും പരത്തിയും പ്രസ്താവിച്ചിരിക്കുന്നത്. അവ വിജ്ഞാനപ്രദമാണെങ്കിലും മറ്റു ചരിത്രകാരന്മാരുടെ കൃതികളിലും ധാരാളമായി കാണപ്പെടുന്നതാണ്. അവയിൽ നിന്നാണ് ഇതിൽ പലതും കടമെടുത്തിരിക്കുന്നതും. അയ്യങ്കാളിയുടെ 1920-നു ശേഷമുള്ള പ്രവർത്തനം കാര്യമായി വിവരിക്കുന്നതേയില്ല. ആ വിടവ് ഗ്രന്ഥകാരൻ നികത്തുന്നത് മുകളിൽ സൂചിപ്പിച്ച പീഡനപർവ്വം നിരത്തിവെച്ചുകൊണ്ടുമാണ്. അയ്യങ്കാളി എന്ന മനുഷ്യന്റെ വ്യക്തിജീവിതവും ഒരു പരിധി വരെ അദ്ദേഹത്തിന്റെ കുടുംബാന്തരീക്ഷത്തെക്കുറിച്ചുള്ള വിവരങ്ങളും വായനക്കാർ പ്രതീക്ഷിക്കുന്നുവെങ്കിലും ചെന്താരശ്ശേരി അവരെ തീർത്തും നിരാശപ്പെടുത്തുന്നു. 1941-ൽ അയ്യങ്കാളിയെന്ന പുലയരാജാവിന്റെ മരണവും ലേഖകൻ മൗനത്തിന്റെ കട്ടിപ്പുതപ്പിൽ ഒളിപ്പിക്കുന്നു. അങ്ങനെ നോക്കുമ്പോൾ ഈ ജീവചരിത്രം അപൂർണമെന്നുതന്നെ വിശേഷിപ്പിക്കേണ്ടിവരും.

പുസ്തകം ശുപാർശ ചെയ്യുന്നു.


Book Review of 'Ayyankali' by T. H. P. Chentharassery
ISBN: 8177051040

No comments:

Post a Comment