കേരളം പരശുരാമൻ മഴുവെറിഞ്ഞ് കടലലകളെ മെരുക്കി നേടിയതാണെന്ന ഐതിഹ്യം ഒരു മിത്ത് മാത്രമാണ്. എന്നാൽ ആധുനിക കൊച്ചി തുറമുഖത്തിന്റെ വികാസം ഈ കഥയേയും അതിശയിപ്പിക്കുന്ന ഒരു പച്ച യാഥാർഥ്യമാണ്. കൊച്ചിയിലെ ദിവാനായിരുന്ന ആർ. കെ. ഷൺമുഖം ചെട്ടി നഗരത്തെ 'അറബിക്കടലിന്റെ രാജ്ഞി' എന്നാദ്യമായി വിശേഷിപ്പിക്കാനിടയാക്കിയത് തുറമുഖത്തിന്റെ അഭൂതപൂർവമായ വളർച്ചയാണ്.കൊച്ചിക്കായലിന്റെ മുഖത്ത് നൂറ്റാണ്ടുകളായി അടിഞ്ഞുകൂടിയിരുന്ന മണൽത്തിട്ട മണ്ണുമാന്തിക്കപ്പലുപയോഗിച്ച് നീക്കം ചെയ്ത് പഴയ വെണ്ടുരുത്തി ദ്വീപിനോട് ചേർത്തു നിക്ഷേപിച്ച്, കായലിന്റെ പ്രവേശനദ്വാരത്തിന് ആഴം വർദ്ധിപ്പിച്ച് കപ്പൽച്ചാലാക്കി മാറ്റി, 1928-ൽ ഉത്‌ഘാടനം നടത്തിയതിനുപിന്നിൽ പ്രവർത്തിച്ച തുറമുഖത്തിന്റെ ചീഫ് എൻജിനീയറും ബ്രിട്ടീഷുകാരനുമായ സർ റോബർട്ട് ബ്രിസ്റ്റോയെ അദ്ദേഹത്തിന്റെ ജന്മശതാബ്ദിവേളയിൽ ഉചിതമായി അനുസ്മരിച്ചതിന്റെ ബാക്കിപത്രമാണ് ഈ പുസ്തകം. തുറമുഖ ട്രസ്റ്റ് ചെയർമാനായിരുന്ന ടി. എൻ. ജയചന്ദ്രൻ അദ്ധ്യക്ഷനായ ഒരു സമിതി സമാഹരിച്ച അനുസ്മരണങ്ങളാണ് ഇവിടെ കാണുന്നത്.
മൂന്നുഭാഗങ്ങളായി സംവിധാനം ചെയ്തിരിക്കുന്ന ഈ കൃതിയുടെ ആദ്യഭാഗം ബ്രിസ്റ്റോവിനുമുമ്പുള്ള കൊച്ചിയെ കാട്ടിത്തരുന്നു. 1341-ലെ ഭീകരമായ വെള്ളപ്പൊക്കം നിമിത്തം കൊടുങ്ങല്ലൂരുണ്ടായിരുന്ന തുറമുഖം മണ്ണടിഞ്ഞ് ഉപയോഗശൂന്യമാവുകയും കൊച്ചിയിൽ പുതിയ അഴി തുറന്നുകിട്ടുകയും ചെയ്തു. നഗരത്തിന്റെ വളർച്ച അന്നു തുടങ്ങിയെന്നനുമാനിക്കാം. കൊച്ചിയെപ്പറ്റിയുള്ള ആദ്യ ചരിത്രപരാമർശം ചൈനീസ് നാവികനായ മാഹുവാന്റേതായിരുന്നു, ഏതാണ്ട് 1420-കളിൽ. അന്നത്തെ കൊച്ചി രാജ്യം തീർത്തും ദുർബലമായ ഒന്നായിരുന്നു. സ്വന്തം കോവിലകത്തിന്റെ മേൽക്കൂരയിലെ ഓല മാറ്റി ഓടുമേയാനുള്ള അവകാശത്തിനുപോലും സാമൂതിരിയുടെ കാൽക്കീഴിൽ അപേക്ഷിക്കേണ്ടിയിരുന്ന ഒരു നിർഭാഗ്യവാൻ! പോർച്ചുഗീസുകാരുടെ വരവോടെ കൊച്ചിയുടെ ശുക്രദശ തെളിഞ്ഞു. അതിനേക്കാളുപരി കൊച്ചിക്കു ഗുണകരമായത് പോർച്ചുഗീസുകാരും സാമൂതിരിയുമായി വളർന്നുവന്ന ശത്രുതയായിരുന്നു. തുടർന്ന് തുറമുഖം അഭിവൃദ്ധി പ്രാപിച്ചു. എങ്കിലും അഴിമുഖത്തെ മണൽത്തിട്ട സുഗമമായ കപ്പൽസഞ്ചാരത്തിന് തടസ്സം സൃഷ്ടിച്ചു.
രണ്ടാം ഭാഗം ബ്രിസ്റ്റോയെക്കുറിച്ചുതന്നെയുള്ള ഓർമ്മക്കുറിപ്പുകളാണ്. തുറമുഖവികസനത്തിനായുള്ള പദ്ധതികൾ എട്ടു പതിറ്റാണ്ടുകാലം സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ അലമാരകളിൽ ഉറങ്ങിയിരുന്ന കാലത്താണ് 1920-ൽ ബ്രിസ്റ്റോ എന്ന കൊച്ചിയുടെ പരശുരാമൻ എത്തിച്ചേരുന്നത്. നാലു സർക്കാരുകൾ - ഇന്ത്യ, മദ്രാസ് പ്രവിശ്യ, കൊച്ചി, തിരുവിതാംകൂർ നാട്ടുരാജ്യങ്ങൾ - നിർമാണച്ചെലവ് പങ്കിട്ട പദ്ധതിക്ക് സാങ്കേതികമികവിനേക്കാൾ ആവശ്യമുണ്ടായിരുന്നത് നയതന്ത്രജ്ഞതയായിരുന്നു. മദ്രാസ് ഗവർണറും പിന്നീട് ഇന്ത്യയുടെ വൈസ്രോയിയുമായിരുന്ന വില്ലിംഗ്ഡൺ പ്രഭുവിന്റെ നിർലോഭമായ സഹായം അദ്ദേഹത്തിനു ലഭിച്ചു. അതിനാലാണ് കുഴിച്ചെടുത്ത മണ്ണിട്ടുനികത്തി ഉയർത്തിയ ദ്വീപിന് വൈസ്രോയിയുടെ പേരു നൽകപ്പെട്ടത്. 1928-ൽ നിർമ്മാണം പൂർത്തിയായ തുറമുഖം 1936-ൽ മേജർ ആയി പ്രഖ്യാപിക്കപ്പെട്ടു. തന്റെ ദൗത്യം പൂർത്തിയാക്കിയ ചാരിതാർഥ്യവുമായി ബ്രിസ്റ്റോ 1941-ൽ തന്റെ ജന്മദേശത്തേക്കു തിരിച്ചുപോയി. എൺപത്തിയാറാമത്തെ വയസ്സിൽ 1966-ൽ അദ്ദേഹം നിര്യാതനായി. ബ്രിസ്റ്റോ പിരിഞ്ഞുപോയ നിമിഷത്തിൽ നിന്നും ഒരു കണ്ടെയ്നർ ടെർമിനൽ അല്ലാതെ സാങ്കേതികമായി ഏറെ മുന്നേറാൻ കൊച്ചിക്കു സാധിച്ചിട്ടില്ല. സൂയസ് കനാലിൽ കടക്കാൻ കഴിയുന്ന ഏതു കപ്പലിനും കൊച്ചിയിൽ അടുക്കാൻ കഴിയണം എന്ന ഉദ്ദേശത്തോടെ വിഭാവനം ചെയ്ത മുപ്പതടി ഡ്രാഫ്റ്റുള്ള കപ്പലുകൾ മാത്രമേ ഇന്നും ഇവിടെ അടുക്കുന്നുള്ളൂ.
പുസ്തകത്തിന്റെ അവസാനഭാഗം ബ്രിസ്റ്റോയെക്കുറിച്ചുള്ള മുൻ തുറമുഖത്തൊഴിലാളികളുടെ ഓർമ്മകളാണ്. ഒരു വിരമിക്കൽ ചടങ്ങിലെ അനുസ്മരണപ്രസംഗങ്ങളുടെ നിലവാരമേ അവയ്ക്കുള്ളൂ. വ്യക്തിജീവിതത്തിൽ അദ്ദേഹം ദയാദാക്ഷിണ്യമില്ലാത്ത കണിശക്കാരനായിരുന്നുവെന്ന് നമുക്കിതിൽ വായിക്കാം. ശബ്ദകോലാഹലങ്ങൾ വെറുത്തിരുന്ന അദ്ദേഹത്തിന്റെ വസതിക്കുമുന്നിലൂടെ നാട്ടുകാരുടെ ആഘോഷ ഘോഷയാത്രകൾ പോലും നിശ്ശബ്ദരായേ കടന്നുപോകാൻ പാടുണ്ടായിരുന്നുള്ളൂ. വീടിനുമുന്നിൽ തെരുവുനായ്ക്കളുടെ കടിപിടി കണ്ടിട്ടും അവയെ ആട്ടിയോടിക്കാതിരുന്ന രണ്ടു വാച്ച്മാൻമാരെ അദ്ദേഹം പിരിച്ചുവിടുക പോലും ചെയ്തു. സായിപ്പും ഭാര്യയും ജോലിസ്ഥലത്തുവന്നപ്പോൾ കളിയാക്കി ചിരിച്ചു എന്ന കുറ്റത്തിനാണ് മറ്റൊരാളെ പുറത്താക്കിയത്. ബംഗ്ളാവിലെ എലിശല്യം ഒഴിവാക്കുന്നതിന്റെ ഭാഗമായി വില്ലിംഗ്ഡൺ ദ്വീപിലെ മുഴുവൻ എലികളേയും നശിപ്പിക്കുവാനായി പന്ത്രണ്ടു പേരെ തുറമുഖത്ത് നിയമിക്കുകയും ചെയ്തു. ഇന്നു നമ്മളിതിനെ അധികാര ദുർവിനിയോഗമെന്നൊക്കെയാണ് വിളിക്കുക. ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത കൂടി ഇവിടെ വിവരിക്കുന്നുണ്ട്. ബ്രിസ്റ്റോ ഫോർട്ട് കൊച്ചിയിൽ താമസിക്കുന്ന കാലത്ത് സമ്പന്നനും പ്രമാണിയുമായ നായർ സമുദായത്തിൽ പെടുന്ന ഒരയൽവക്കക്കാരന്റെ വസതിയിൽ വിവാഹാവശ്യത്തിന് തട്ടാനെ വരുത്തി സ്വർണാഭരണങ്ങൾ പണിയിക്കുകയായിരുന്നു. ശബ്ദശല്യം സഹിക്കാതെ വന്നപ്പോൾ സായിപ്പ് അടുത്തവീട്ടിൽ ചെന്ന് തട്ടാനെ മർദ്ദിച്ചു. അയൽക്കാരൻ അതു കേസാക്കി. കേസിൽ അകത്തുപോയേക്കുമെന്ന നില വന്നപ്പോൾ ബ്രിസ്റ്റോ കൊല്ലങ്കോട് രാജാവിനെ സമീപിച്ച് അദ്ദേഹത്തിന്റെ സ്വാധീനഫലമായി കേസ് പിൻവലിപ്പിക്കുകയാണുണ്ടായത്. ഇതിന്റെ നന്ദിസൂചകമെന്നോണം തൃശൂർ-കൊല്ലങ്കോട് റെയിൽപ്പാത പണികഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ബ്രിസ്റ്റോ നിരന്തരം ദില്ലിയിലേക്ക് കത്തുകൾ എഴുതിയിരുന്നുവത്രേ!
പോർച്ചുഗീസുകാരുടെ വരവോടെയാണ് കൊച്ചി വ്യാപാരാഭിവൃദ്ധിയിലേക്ക് നീങ്ങിയതെന്ന വസ്തുത നാം നേരത്തേ കണ്ടുവല്ലോ. എന്നാൽ അവരുടെ യാത്രയുടെ ഉദ്ദേശലക്ഷ്യങ്ങൾ വ്യാപാരം ചെയ്യാൻ സുഗന്ധദ്രവ്യങ്ങളും മതം മാറ്റാൻ മനുഷ്യരും ആയിരുന്നുവെന്നത് ഒരു രഹസ്യമൊന്നുമായിരുന്നില്ല. കോഴിക്കോട്ട് കപ്പലിറങ്ങിയ ആദ്യ പോർച്ചുഗീസുകാരൻ പറഞ്ഞതുതന്നെ 'we came to seek Christians and spices' എന്നായിരുന്നു. മതപരിവർത്തന യത്നങ്ങളുടെ ഭാഗമായി പ്രാദേശികഭാഷകളിൽ മതപ്രസിദ്ധീകരണങ്ങൾ ആവശ്യമായി വന്നു. സ്വാഭാവികമായും മലയാളലിപിയിൽ അച്ചുകളും അച്ചുകൂടങ്ങളും വിദ്യാലയങ്ങളും വൈദേശികാധിപത്യം നിലനിന്ന മേഖലകളിൽ സ്ഥാപിക്കപ്പെട്ടു. ഇതെല്ലാം മലയാളഭാഷയുടെ വികാസത്തിന് വലിയതോതിൽ സഹായകമായി എന്നതിന് രണ്ടുപക്ഷമില്ല. എന്നാൽ ഈ ഗൂഢോദ്ദേശ്യത്തോടെയുള്ള സേവനങ്ങളെ പർവ്വതീകരിച്ചുകാണിക്കുകയാണ് ചില ലേഖനകർത്താക്കൾ ചെയ്യുന്നത്. 'കൊച്ചിയിൽ ഉദിച്ച നവോത്ഥാനസൂര്യൻ' എന്ന അദ്ധ്യായത്തിന്റെ രചയിതാവായ ജോൺ ഓച്ചന്തുരുത്ത് അവരിലൊരാളാണ്. പറങ്കികളുടെ ഭാഷാ-വിദ്യാഭ്യാസപരമായ പ്രവർത്തനങ്ങളെ വാനംമുട്ടെ പുകഴ്ത്തുന്ന ഇദ്ദേഹം, നമ്മെ ആക്രമിച്ചുകീഴടക്കിയതിന് നാം പറങ്കികളോട് നന്ദി രേഖപ്പെടുത്തണമെന്നുപോലും ആവശ്യപ്പെടുമോ എന്നു സംശയിച്ചുപോകാം. ഭാരതീയമായ കെട്ടുപാടുകൾ ക്രിസ്ത്യൻ ആരാധനാസമ്പ്രദായത്തിൽനിന്ന് പൂർണമായും മുറിച്ചെറിഞ്ഞ ഉദയംപേരൂർ സൂനഹദോസ് എന്ന മതസമ്മേളനം ജാതീയമായ ചില ഉച്ചനീചത്വങ്ങളേയും കടലാസിലെങ്കിലും നിരോധിക്കുകയുണ്ടായി. ഈയൊരു വസ്തുതയെ മുൻനിർത്തി സൂനഹദോസ് സംഘടിപ്പിച്ച ഗോവാ മെത്രാപ്പോലീത്ത അലക്സിസ് മെനസിസിനെ 'ആധുനികകേരളത്തിന്റെ പിതാവ്' എന്നു വിശേഷിപ്പിക്കുന്ന ഓച്ചന്തുരുത്തിന്റെ ലേഖനത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം പരിഹാസ്യമായ അതിശയോക്തികളും അവകാശവാദങ്ങളും കാണാം.
പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
Book Review of 'Ormmakalile Bristow' by a group of authors
Published by D C Books in 1982

No comments:
Post a Comment