Thursday, May 28, 2020

ഗോവിന്ദം ഭജഃ മൂഢമതേ

ലോക്ക്ഡൗൺ മൂലം പുസ്തകങ്ങൾ കിട്ടാതായതോടെ 28 കൊല്ലം മുൻപുവായിച്ച ഒരു പുസ്തകത്തിന്റെ പുനർവായനയാണിത്. മുഖ്യമായും 1980-കളിലെ കേരളീയസമൂഹത്തിന്റെ ജീർണ്ണതകളും പുഴുക്കുത്തുകളും വെളിവാക്കുന്ന ഈ കൃതി ഇപ്പോൾ വായിക്കുമ്പോഴും പഴയ മൂർച്ച കാത്തുസൂക്ഷിക്കുന്നതായി അനുഭവപ്പെടും. സക്കറിയയുടെ തൂലികയുടെ ശക്തി പറഞ്ഞറിയിക്കേണ്ട ആവശ്യമില്ലല്ലോ. സാഹിത്യം, സംസ്കാരം, മതം, മലയാളിയുടെ സ്വത്വം, പിന്നെ രാഷ്ട്രീയം എന്നിങ്ങനെ നിരവധി മേഖലകളെ സ്പർശിക്കുന്ന 22 ലേഖനങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം.

ചില വിഷയങ്ങളിൽ സക്കറിയ ദർശിച്ച ഭൂമികയിൽ മാറ്റം വന്നുകഴിഞ്ഞതായി കാണാൻ കഴിയും. ഉദാരവൽക്കരണത്തിനും കമ്യൂണിസത്തിന്റെ തകർച്ചക്കും മുൻപെഴുതിയ അദ്ധ്യായങ്ങളിൽ സമൂഹം പുതിയൊരു സരണിയിലേക്ക് ചുവടുമാറ്റി ചവുട്ടിയേക്കാം എന്നൊരു വന്യമായ സ്വപ്നം പോലും കാണുന്നില്ല. കേരള സാംസ്കാരികവകുപ്പ് പ്രസിദ്ധീകരിക്കുന്ന ആനുകാലികങ്ങളിലെ സംസ്കൃതാതിപ്രസരത്തെപ്പറ്റി 1985-ൽ എഴുതിയ ആക്ഷേപം ഇപ്പോൾ പ്രസക്തമായിക്കൊള്ളണമെന്നില്ല. ലോക്ക്ഡൗൺ കാലത്ത് ദൂരദർശൻ പുനഃസംപ്രേഷണം ചെയ്ത 'രാമായണം' വീണ്ടും വൻ ജനപ്രീതി പിടിച്ചുപറ്റിയ പശ്ചാത്തലത്തിൽ 1980-കളിൽ അത് ആദ്യമായി സ്വീകരണമുറികളിൽ എത്തിയപ്പോഴുള്ള സക്കറിയയുടെ നിരീക്ഷണങ്ങൾ കൗതുകത്തോടെ വായിക്കാനായി. ടെലിവിഷൻ രാമായണത്തിന്റെ അടിസ്ഥാനപരമായ തകരാറ് അതിന്റെ സൗന്ദര്യബോധത്തിലാണ്. ഏറ്റവും കീഴേക്കിടയിലുള്ള കച്ചവടസിനിമ പോലും നമ്മുടെ പുരാണേതിഹാസങ്ങളെ ഇതിലേറെ ആത്മാർത്ഥതയോടെയും ആദരവോടെയുമാണ് സമീപിച്ചിരുന്നത്. ഈ വീക്ഷണത്തോട് നമുക്കും യോജിക്കാനാകുമെങ്കിലും രാമായണത്തിന്റെ സംപ്രേഷണം ഉത്തരേന്ത്യൻ നിയോ-കൊളോണിയലിസത്തിന്റെ ഉപകരണമാണെന്നും അത് ദ്രാവിഡരെ തച്ചുടക്കുമെന്നുമുള്ള ചിന്ത കാടുകയറിയുള്ളതാണ്. അതുപോലെ വികലമായ ധാരണയാണ് കേരളത്തിലെ സമ്പദ്‌വ്യവസ്ഥ മുച്ചൂടും തകരുമെന്നും അപ്പോൾ മലയാളികൾ ദില്ലിക്കു ചുറ്റിലുമുള്ള ദേശീയ തലസ്ഥാനമേഖലയിലേക്ക് കുടിയേറുകമാത്രമേ പോംവഴിയുള്ളൂ എന്നതും!

കമ്യൂണിസത്തിന്റെ ജീവിതചക്രത്തിലെ ഏറ്റവും അത്ഭുതകരമായ കാര്യം അത് കാര്യമായ മരണവെപ്രാളമൊന്നും കാണിക്കാതെ അപ്രത്യക്ഷമായി എന്നതാണ്. 1988-ലോ എന്തിന്, 1989-ൽ പോലുമോ തൊട്ടടുത്ത വർഷം ഈ പ്രത്യയശാസ്ത്രം എന്നെന്നേക്കുമായി ഇല്ലാതാകുമെന്ന് ആർക്കെങ്കിലും പ്രവചിക്കാൻ സാധിക്കുമായിരുന്നോ? സ്വാഭാവികമായും 1980-കളുടെ ആദ്യപകുതിയിൽ എഴുതപ്പെട്ട ലേഖനങ്ങളിൽ നല്ലൊരു ഭാഗവും കമ്യൂണിസത്തിന്റെ കേരളത്തിലെ അവതാരത്തിന്റെ ഘടനാപരമായ ന്യൂനതകളും ആശയവ്യാകരണത്തിലെ വമ്പൻ പിഴവുകളും ചൂണ്ടിക്കാണിക്കാനായി ഉപയോഗിക്കുന്നു. കേരള കമ്യൂണിസത്തിന്റെ ആരംഭകാലം മാദകമായ ഒരു കെട്ടുകഥ മാത്രമാണെന്ന് ഗ്രന്ഥകാരൻ അഭിപ്രായപ്പെടുന്നു. കമ്യൂണിസം കേരളത്തിലിന്ന് മാന്യമായ ഒരു തൊഴിലാണ്, കാരണം അത് ഇന്നത്തെ മദ്ധ്യവർഗ്ഗങ്ങൾക്ക് ചെലവാക്കാനുള്ള പണം ഖജനാവ് കാലിയാക്കി എത്തിച്ചുകൊടുക്കുന്ന പ്രക്രിയയുടെ ജനയിതാവാണ്. കേരളത്തിൽ നടന്ന വിപ്ലവസംരംഭങ്ങളുടെ സാംസ്കാരികമായ ഏക മുതൽക്കൂട്ട് കെ.പി.ഏ.സിയുടെ നാടകഗാനങ്ങൾ മാത്രമാണ്. വിപ്ലവം പുതുപ്പണക്കാരുടെ മക്കളുടേയും ഇടത്തരം ബുദ്ധിജീവികളുടേയും ഒരു പാഴ്‌സമയ വിനോദം മാത്രമായി കേരളത്തിൽ രൂപാന്തരം പ്രാപിച്ചു. ഇടത്തരക്കാരുടെ അവകാശസംരക്ഷണ ശക്തിയായി മാർക്സിസം അധഃപതിക്കുകയും ചെയ്തു.

സക്കറിയയുടെ ശബ്ദം വീണ്ടും ഉയർന്നുപൊങ്ങുന്നത് അടിയന്തിരാവസ്ഥ കവർന്നെടുത്ത സ്വാതന്ത്ര്യത്തെയോർത്ത് വിലപിക്കാനും ശക്തമായ ഭാഷയിൽ അപലപിക്കാനുമാണ്. അടിയന്തിരാവസ്ഥക്കുശേഷം നടത്തിയ തെരഞ്ഞെടുപ്പിലും കേരളം ഇന്ദിരാഗാന്ധിയുടെ പാർട്ടിയെ ജയിപ്പിച്ചതിൽ അദ്ദേഹം രോഷാകുലനാവുന്നു. അതോടൊപ്പം കേരളത്തിലെ പൊള്ളയായ രാഷ്ട്രീയ പ്രബുദ്ധതയുടെ മുഖംമൂടി വലിച്ചുചീന്തുകയും ചെയ്യുന്നു. 'മലയാളികളുടെ മായാലോകം', 'ന്യൂറംബർഗിന്റെ പ്രസക്തി ഇവിടെ', 'അനുതാപമില്ലാത്ത സ്ത്രീ', 'ധർമപുരാണം - ചില സാമൂഹ്യചിന്തകൾ' എന്നീ നാലു ലേഖനങ്ങൾ സ്വേച്ഛാധിപത്യത്തിന്റെ വെല്ലുവിളിക്കപ്പെടാത്ത അപ്രമാദിത്വത്തിനു നേർക്കുള്ള ഉറച്ച വെല്ലുവിളിയാണ്. ഇന്ത്യൻ ജനാധിപത്യത്തിലെ ഒരു തീരാക്കളങ്കമായ അടിയന്തിരാവസ്ഥക്ക് കാരണക്കാരായവർക്കും അക്കാലത്ത് ജനസമൂഹത്തിനുമേൽ അധികാരഭ്രാന്തിൽ അഴിഞ്ഞാടിയ നേതാക്കൾക്കും തക്കതായ ശിക്ഷ കൊടുക്കാനോ അത്തരമൊരവസ്ഥ ആവർത്തിക്കില്ലെന്നുറപ്പു വരുത്താനോ സാധിക്കാഞ്ഞത് നമ്മുടെ ജനാധിപത്യത്തിന്റെ ഗുരുതരമായ ബലഹീനതയാണ്. ഒരുപക്ഷേ സഞ്ജയ് ഗാന്ധി വിമാനാപകടത്തിൽ കൊല്ലപ്പെട്ടില്ലായിരുന്നെങ്കിൽ ഇന്ദിരയുടെ വധത്തിനുശേഷം അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രി പോലും ആയിത്തീർന്നേനെ! കുറ്റവാളികൾ മൂട്ടിലെ പൊടിയും തട്ടി സ്വതന്ത്രരായി നടന്നകലുന്നത് നമ്മുടെ വ്യവസ്ഥയുടെ പാപഭാരം തന്നെയാണ്.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.


Book Review of 'Govindam Bhaja Moodamathe' by Zachariah
ISBN: 8171301851

No comments:

Post a Comment