ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യ വൈദേശിക ആധിപത്യത്തിനുകീഴിലുള്ള ഒരു പ്രധാനഖണ്ഡവും നാട്ടുരാജാക്കന്മാരുടെ ഭരണത്തിലുള്ള അഞ്ഞൂറോളം ദേശങ്ങളുടേയും ഒരു സഞ്ചയമായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബ്രിട്ടീഷ് പ്രവിശ്യകളിൽ മാത്രമേ പ്രവർത്തിച്ചിരുന്നുള്ളൂ. നാട്ടുരാജ്യങ്ങളിൽ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളല്ല, മറിച്ച് ഉത്തരവാദഭരണം സ്ഥാപിക്കാനുള്ള പ്രക്ഷോഭങ്ങളാണ് നിലവിലുണ്ടായിരുന്നത്. 1946-ൽ നെഹ്രുവിന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണസംവിധാനം നിലവിൽ വന്നുവെങ്കിലും തിരുവിതാംകൂറിൽ ദിവാനായ സർ. സി. പി. രാമസ്വാമി അയ്യർ രാജഭരണം തുടർന്നുകൊണ്ടുപോകുന്നതിനുള്ള കരുനീക്കങ്ങൾ നടത്തുകയായിരുന്നു. വേണ്ടത്ര മുൻകരുതലോ ആസൂത്രണമോ ഭാവനപോലുമോ ഇല്ലാതെ അരങ്ങേറിയ പുന്നപ്ര-വയലാർ സമരങ്ങൾ വാസ്തവത്തിൽ ജനകീയസമരങ്ങളുടെ മുനയൊടിക്കുകയാണുണ്ടായത് - വേലുപ്പിള്ള പ്രഭാകരന്റെ തമിഴ് പുലികളുടെ അന്ത്യത്തോടെ ശ്രീലങ്കയിൽ തമിഴർ പാർശ്വവൽക്കരിക്കപ്പെട്ടതുപോലെ. സായുധസമരത്തെ പരാജയപ്പെടുത്തിയ സർക്കാർ സമാധാനപരമായ ജനകീയസമരങ്ങളെ കണക്കിലെടുക്കുകപോലും ചെയ്തില്ല. പുന്നപ്ര-വയലാറിനെത്തുടർന്ന് രാജ്യത്തുനിലനിന്ന കരിനിയമങ്ങൾ പ്രക്ഷോഭനായകരുടെ ആത്മവീര്യം കെടുത്തി. അവസരം മുതലെടുത്തുകൊണ്ട് സർ. സി. പി. തിരുവിതാംകൂർ സ്വതന്ത്രരാജ്യമായിത്തീരുമെന്നു പ്രഖ്യാപിക്കുകയും പുതുതായി രൂപം കൊള്ളുന്ന പാകിസ്ഥാനിലേക്ക് ഒരു വ്യാപാര പ്രതിനിധിയെ നിയോഗിക്കുകയും ചെയ്തു. ആശയും ജീവനുമറ്റ കമ്യൂണിസ്റ്റ് പ്രസ്ഥാനം നിശ്ചേതനമായി നിൽക്കേ, സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കൾ ഭഗത് സിംഗ് മാതൃകയിൽ സി. പി.യെ വധിക്കാൻ ഒരു പദ്ധതിക്ക് രൂപം നൽകി. കുമ്പളത്ത് ശങ്കുപ്പിള്ള, എൻ. ശ്രീകണ്ഠൻ നായർ എന്നിവർ നയിച്ച ഈ ഗൂഢാലോചന കെ. സി. എസ്. മണി എന്ന തമിഴ് ബ്രാഹ്‌മണയുവാവ് പ്രാവർത്തികമാക്കി. ആക്രമണത്തിലെ പാളിച്ച മൂലം ദിവാനെ വധിക്കാൻ സാധിച്ചില്ലെങ്കിലും മുഖത്തും കഴുത്തിലും സാരമായ പരിക്കുകൾ ഏൽപ്പിക്കാനായി. സി. പി. അധികം താമസിയാതെ തിരുവിതാംകൂർ വിടുകയും രാജ്യം ഏതാനും ദിവസങ്ങൾക്കകം ഇന്ത്യൻ യൂണിയനിൽ ലയിക്കുകയും ചെയ്തു. അധികമാരും അറിയാത്ത മണിയെ പരിചയപ്പെടുത്തുന്നതോടൊപ്പം തിരുവിതാംകൂറിലെ അന്നത്തെ രാഷ്ട്രീയസാഹചര്യങ്ങൾ വിശദീകരിക്കുകയും ചെയ്യുന്ന ഈ ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത് കേരളകൗമുദി ദിനപത്രത്തിൽ ദീർഘകാലം എഡിറ്ററായിരുന്ന ജി. യദുകുലകുമാറാണ്.
പട്ടന്മാരെന്നറിയപ്പെടുന്ന തമിഴ് ബ്രാഹ്മണർ വിദ്യാസമ്പന്നരും അതോടൊപ്പം പേടിത്തൊണ്ടന്മാരുമാണെന്ന സാമാന്യധാരണയെ തകർക്കുന്ന ഒരു വ്യക്തിത്വമാണ് അമ്പലപ്പുഴ സ്വദേശിയായ കെ. ചിദംബര സുബ്രമണ്യയ്യർ എന്ന കെ. സി. എസ്. മണി. അദ്ദേഹത്തിന്റെ പിതാവും പരസ്യമായ അടിക്കും തല്ലിനുമൊന്നും മടിച്ചുനിന്നിരുന്നില്ല. മാനസിക അസ്വാസ്ഥ്യത്തെത്തുടർന്ന് ചെറുപ്പത്തിൽ മണിയെ അദ്ദേഹം അമ്പലക്കുളത്തിലേക്ക് വലിച്ചെറിയുകപോലും ഉണ്ടായിട്ടുണ്ട്. മൂത്ത സഹോദരി വൈവാഹികപ്രശ്നങ്ങളെത്തുടർന്ന് ലൗകികജീവിതം ഉപേക്ഷിച്ച് ചെന്നൈയിൽ സന്യാസിനീമഠത്തിൽ ചേർന്നതോടെ വീടിനോട് വിരക്തി തോന്നിയ മണി ശ്രീകണ്ഠൻ നായരുടെ പ്രേരണയിൽ രാഷ്ട്രീയത്തിലേക്ക് തിരിയുകയാണുണ്ടായത്. പ്രസ്ഥാനത്തിനുവേണ്ടി കൊല്ലിനും കൊലയ്ക്കും തയ്യാറായ മണിയെ സോഷ്യലിസ്റ്റ് പാർട്ടി വിദഗ്ദ്ധമായി ഉപയോഗിച്ചു. മണിയുടെ നിശ്ചയദാർഢ്യം പരിശോധിച്ചറിയുന്നതിനായി തിരുവനന്തപുരത്ത് സി. പി. സത്രത്തിനുമുന്നിലുള്ള സർ. സി. പി. യുടെ പ്രതിമ രാത്രിയിൽ രഹസ്യമായി അടിച്ചുടയ്ക്കുക എന്ന ദൗത്യവും അദ്ദേഹം ഏറ്റെടുക്കുകയുണ്ടായി.
സ്വാതന്ത്ര്യത്തിലേക്കുള്ള സമരപാതയിൽ സമാധാനമാർഗ്ഗത്തിലൂടെ മാത്രമേ ചലിക്കാവൂ എന്ന ഗാന്ധിയൻ ആഹ്വാനത്തെ ഗ്രന്ഥകർത്താവ് തള്ളിക്കളയുന്നു. അല്ലെങ്കിലും ദേശീയരാഷ്ട്രീയത്തിൽത്തന്നെ പലതവണ സ്വാതന്ത്ര്യപ്രസ്ഥാനം അക്രമത്തിലേക്ക് വഴുതിവീഴുന്നത് നാം കണ്ടിട്ടുള്ളതല്ലേ? ഭീകരപ്രവർത്തനം മർദ്ദകരുടെ ചങ്കിൽ ഭീതിയുടെ ചിറകടി സൃഷ്ടിക്കുകയും മർദ്ദിതലക്ഷങ്ങളിൽ ആശയുടേയും പ്രതികാരത്തിന്റേയും ഉദ്ധാരണത്തിന്റേയും പ്രതീക്ഷ വളർത്തും എന്നാണ് യദുകുലകുമാർ അഭിപ്രായപ്പെടുന്നത് (പേജ് 69). ത്യാഗത്തിന്റെ ഒരു മുഖം കൊണ്ടുമാത്രം ഇന്ത്യൻ സ്വാതന്ത്ര്യചരിത്രരചന പൂർത്തിയാകുന്നില്ല. ഹിംസയുടെ ആവേശകരമായ മുത്തുകൾ കൂടി അതിൽ കോർത്തിടേണ്ടതാണ്. ഇത്തരത്തിൽ മണിയുടെ ആക്രമണത്തിന് സൈദ്ധാന്തികമായ ഒരടിത്തറ കൂടി ഗ്രന്ഥകാരൻ പണിതുയർത്തുന്നു.
വസ്തുനിഷ്ഠമായ ഒരു വിശകലനത്തിൽ ഭഗത് സിംഗ് ചെയ്തതിനേക്കാൾ എത്രയോ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങളാണ് മണി സൃഷ്ടിച്ചത് എന്ന് നമുക്കു കാണാൻ കഴിയും. പ്രൊബേഷൻ പോലും പൂർത്തിയാക്കിയിട്ടില്ലായിരുന്ന ബ്രിട്ടീഷുകാരനായ ഒരു അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടിനെ വെടിവെച്ചു കൊലപ്പെടുത്തിയതിനാണ് ഭഗത് സിംഗിനും കൂട്ടാളികളായ രാജ്‌ഗുരു, സുഖ്ദേവ് എന്നിവർക്കും വധശിക്ഷ ലഭിച്ചത്. ആ പോലീസുദ്യോഗസ്ഥന്റെ മരണം പഞ്ചാബിലെ രാഷ്ട്രീയത്തിൽ ഒരു ചലനവും സൃഷ്ടിച്ചതുമില്ല. എന്നാൽ ദിവാനായ സർ. സി. പി. ആക്രമണത്തെത്തുടർന്ന് ഉടനടി രാജ്യം വിട്ടോടുകയും സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപിക്കാനിരുന്ന രാജാവ് ഒരു ബാഹ്യ ഇടപെടലും കൂടാതെ ഇന്ത്യയിൽ ലയിക്കാൻ തീരുമാനിക്കുകയും ചെയ്തു. പക്ഷേ കെ. സി. എസ്. മണി ആക്രമണത്തിനുശേഷം അപ്രതീക്ഷിതമായി വൈദ്യുതിവിളക്കുകൾ അണഞ്ഞപ്പോൾ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയാണുണ്ടായത്. വളരെനാൾ ഒളിവിൽ കഴിഞ്ഞ അദ്ദേഹത്തെ ഒൻപതു മാസങ്ങൾക്കുശേഷമാണ് അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് കേസ് കോടതിയിൽ എത്തിയപ്പോൾ അദ്ദേഹം കുറ്റം നിഷേധിച്ചു. തെളിവില്ലാത്തതിനാൽ വെറുതെ വിടുകയും ചെയ്തു. കുറ്റം ഏൽക്കാതിരുന്നതും ജയിൽ ശിക്ഷ വാങ്ങാതിരുന്നതുമാണ് മണിയുടെ പേര് ചരിത്രത്തിലൊരിടത്തും രേഖപ്പെടുത്താതെ പോയതിനു കാരണം. അജ്ഞാതനായ ആരോ ദിവാനെ ആക്രമിച്ചു എന്നാണ് ഔദ്യോഗിക ചരിത്രരേഖകൾ ഇപ്പോഴും രേഖപ്പെടുത്തുന്നത്. മാത്രവുമല്ല, നിരവധിപേർ തങ്ങളാണ് സി. പി.യെ വെട്ടിയത് എന്ന അവകാശവാദവുമായി രംഗത്തുവരുവാനും ഇതിടയാക്കി.
ഈ ഗ്രന്ഥം 1986-ലാണ് ആദ്യമായി പ്രസിദ്ധപ്പെടുത്തുന്നത്. സംഭവം നടന്ന് നാലു ദശകങ്ങൾക്കുശേഷം അതുമായി ബന്ധപ്പെട്ട് ജീവിച്ചിരിക്കുന്നവരുടെ അനുഭവസാക്ഷ്യങ്ങളിലൂടെ രൂപപ്പെടുത്തിയതാണ് ഈ കൃതി. എങ്കിലും നാടകീയമായ വിധത്തിൽ, എന്നാൽ സത്യസന്ധമായും, സംഭവപരമ്പരകളെ ഇതിൽ പുനരാഖ്യാനം ചെയ്തുകാണുന്നു. മണിയെ കണ്ടുമുട്ടിയവരുടെ മനോവ്യാപാരങ്ങൾ പോലും ഒരു ഇതിഹാസസമാനമായ മുന്നൊരുക്കത്തിന്റെ മട്ടിൽ ചിത്രീകരിക്കുന്നത് വായനക്കാർക്ക് ഹൃദ്യമായി അനുഭവപ്പെടുന്നു. കേരളചരിത്രത്തിലെ സുപ്രധാനമായ ഒരദ്ധ്യായത്തിൽ തിങ്ങിനിറഞ്ഞിരുന്ന കൂരിരുൾ വലിയൊരളവിൽ നീക്കിക്കളയുന്ന പ്രകാശഗോപുരമായി ഈ പുസ്തകം വർത്തിക്കുന്നു.
പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
Book Review of 'Sir. C. P. ye Vadhikkan Shramicha K. C. S. Mani' by G. Yadukulakumar
ISBN: Nil

No comments:
Post a Comment