Monday, June 29, 2020

താഴ്‌വരയിലെ സന്ധ്യ

നിരവധി സാഹിത്യകാരന്മാർ നമുക്കിടയിൽ ജന്മമെടുത്ത് മൺമറഞ്ഞു പോയിട്ടുണ്ട്. അവരെ വിമർശനബുദ്ധ്യാ വിശകലനം ചെയ്ത നിരൂപകരും വളരെയധികം ഉണ്ടായിട്ടുണ്ട്. അവരുടെയെല്ലാം ഇടയിൽ വിജ്ഞാനസമഗ്രതയുടെ ഉത്തുംഗതയിൽ വിരാജിക്കുന്ന പണ്ഡിതകുലഗുരുവാണ് എം. കെ. സാനു. അദ്ദേഹത്തിന്റെ സ്വന്തം പേരിൽത്തന്നെ പരസ്പരവിരുദ്ധങ്ങളായ അർത്ഥങ്ങൾ സമ്മേളിച്ചിരിക്കുന്നതുകാണാം. 'സാനു' എന്ന പദത്തിന് 'താഴ്‌വര' എന്നും 'പർവ്വതശിഖരം' എന്നും അർത്ഥങ്ങൾ ശബ്ദതാരാവലിയിൽ കൊടുത്തിരിക്കുന്നു. തീർത്തും വിപരീതമായ രണ്ടു സങ്കേതങ്ങളെ ഒരൊറ്റ പദമുപയോഗിച്ച് വിവക്ഷിച്ച ആദിമഭാഷാകാരൻ പർവതം ഒരിക്കലും കണ്ടിട്ടില്ലാത്തയാളാണോ എന്നു തോന്നിപ്പോയേക്കാം. വി. ടി. ഭട്ടതിരിപ്പാട്, ആർ. സുഗതൻ, എൻ. കൃഷ്ണപിള്ള, യുക്തിവാദി എം. സി. ജോസഫ്, മുണ്ടശ്ശേരി, കുറ്റിപ്പുഴ കൃഷ്ണപിള്ള, പി. കേശവദേവ് എന്നിങ്ങനെ ഏഴ് വിഖ്യാത സാഹിത്യകാരന്മാരോ സാംസ്കാരികനായകരോ ആയ മഹദ്‌വ്യക്തികളെക്കുറിച്ചുള്ള സ്മൃതിചിത്രങ്ങളാണ് ഈ കൃതിയിൽ ചേർത്തിരിക്കുന്നത്. പരാമർശവിധേയരായവരെല്ലാം കാലയവനികക്കുള്ളിൽ മറഞ്ഞുകഴിഞ്ഞുവെന്നത് 'താഴ്‌വരയിലെ സന്ധ്യയെ' കൂടുതൽ ഹൃദയസ്പർശിയാക്കുന്നു. 1940-കൾ മുതൽ 1980-കൾ വരെയുള്ള നാലു പതിറ്റാണ്ടുകാലത്തെ സ്മരണകൾ സംഗ്രഹിച്ച ഈ പുസ്തകം പ്രസാധനം ചെയ്തിരിക്കുന്നത് 1992-ലാണ്.

'കൈരളിയുടെ കഥ' എന്ന പ്രൗഢഗ്രന്ഥത്തിന്റെ കർത്താവായ എൻ. കൃഷ്ണപിള്ളയുടെ അദ്ധ്യാപനമികവും ജ്ഞാനതൃഷ്ണയും അനുവാചകരിൽ അത്ഭുതാദരങ്ങൾ ഉണർത്തുന്നു. നല്ല അദ്ധ്യാപകൻ എന്ന സങ്കൽപം സാനു നിർവചിക്കുന്നത് ശ്രദ്ധേയവും ഇവിടെ സൂചിപ്പിക്കേണ്ടതുമാണ് - "തന്റെ പ്രത്യേകമായ വിഷയത്തിൽ മാത്രമായി നല്ല അദ്ധ്യാപകന്റെ താല്പര്യം ഒതുങ്ങുകയില്ല. ജീവിതത്തേയും ജീവിതത്തിന് പശ്ചാത്തലമൊരുക്കുന്ന ലോകത്തേയും അധികമധികം മഹത്വപൂർണ്ണമാക്കിത്തീർക്കാൻ അയാൾ പ്രതിജ്ഞാബദ്ധനായിരിക്കും. ആ പ്രതിബദ്ധതയുടെ ഭാഗമായിട്ടാണ് തന്റെ വിജ്ഞാനമേഖലയെ അയാൾ എപ്പോഴും കാണുക. ജീവിതത്തിന്റേയും ലോകത്തിന്റേയും നേർക്ക് സ്വന്തമായ ഒരു സമീപനം ഉണ്ടായിരിക്കുകയും, ആ സമീപനത്തിൽ നിന്നുരുത്തിരിയുന്ന വികാരം അദ്ധ്യാപനരീതിയുടെ സവിശേഷഭാഗമായിരിക്കുകയും ചെയ്യും. അദ്ധ്യാപകന്റെ വ്യക്തിത്വം നാം വേർതിരിച്ചറിയുന്നത് അവിടെ വെച്ചാണ്" (പേജ് 57-8). സ്‌കൂളിലും കോളേജിലുമായി നിരവധി പതിറ്റാണ്ടുകളുടെ അദ്ധ്യാപനപാരമ്പര്യമുള്ള സാനുവിന്റെ ഈ ദർപ്പണത്തിലൂടെ നോക്കുമ്പോൾ കൃഷ്ണപിള്ളയിലെ അദ്ധ്യാപകന്റെ പ്രതിച്ഛായ ജീവിതത്തേക്കാൾ വളരെ വലുതായി കാണപ്പെടുന്നതിൽ അത്ഭുതമില്ല. പാരമ്പര്യം എന്നത് ഇരുളടഞ്ഞ, തുറക്കാത്ത ഒരു മുറിയല്ലെന്നും അത് മലർക്കെ തുറന്നിട്ടിരിക്കുന്നതും, പുതിയ യാഥാർഥ്യങ്ങളെ ഉൾക്കൊള്ളാൻ തക്കവിധം വിശാലവുമാണെന്നു ദ്യോതിപ്പിക്കുന്ന കൃഷ്ണപിള്ളയുടെ അഭിപ്രായം യാഥാസ്ഥിതികത്വത്തിനു നേർക്കുള്ള ഒരു കൂരമ്പാണ്. പുരാതനകാലം മുതൽക്കേ നിലനിന്നുപോരുന്നവ മാത്രമല്ല പാരമ്പര്യം. ഇടക്ക് പുതുതായി സൃഷ്ടിക്കുന്നവയും പാരമ്പര്യത്തിന്റെ ഭാഗമാണ്. അന്യസംസ്‌കാരത്തിൽനിന്ന് കടംകൊണ്ട് നാം പുതുതായവതരിപ്പിക്കുന്ന രൂപങ്ങളും നാളെ പാരമ്പര്യത്തിന്റെ ഭാഗമായി മാറും. നാടകങ്ങളുടെ അവതരണസമ്പ്രദായത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെടുന്നതെങ്കിലും അത് എല്ലാ മേഖലകളിലും ബാധകമാണ്. പാശ്ചാത്യ സംഗീതോപകരണമായ വയലിൻ നമ്മുടെ ശാസ്ത്രീയസംഗീത പാരമ്പര്യത്തിന്റെ പറിച്ചെറിയാനാവാത്ത ഭാഗമായി മാറിയത് ഭാരതീയ സംസ്കാരത്തിന്റെ ചലനാത്മകത വിളിച്ചോതുന്നുമുണ്ട്.

സോദ്ദേശ്യസാഹിത്യം ഒരുകാലത്ത് മലയാളത്തിൽ രൂക്ഷമായ ആശയസംഘട്ടനങ്ങൾക്ക് വഴിമരുന്നിട്ട ഒന്നാണ്. കല കലക്കുവേണ്ടിയല്ല, മറിച്ച് സമൂഹത്തിനും ജീവിതത്തിനും വേണ്ടിയാണ് എന്ന വാദം സാഹിത്യത്തിൽ ഒരു നൂതന പാത വെട്ടിത്തുറന്നു. ക്രമേണ കലാ-സാംസ്കാരിക മേഖലകളിൽ സർക്കാർ നിയന്ത്രണവും മാർഗനിർദേശവും അവശ്യം വേണ്ടതാണെന്ന ധാരണ ഇതുമൂലം ബലപ്പെടുകയും ചെയ്തു. അക്കാദമികൾ, അവാർഡുകൾ എന്നിവ വഴി സാഹിത്യകാരന്മാരുടെ കൂറ് ഭരണകർത്താക്കളും അവരെ നിയന്ത്രിക്കുന്ന ഇടതുരാഷ്ട്രീയക്കാരും ഉറപ്പിച്ചുനിർത്തി. സാനു പോലും രാഷ്ട്രീയലേബലിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചു പരാജയപ്പെട്ട ആളാണെന്നോർക്കുക! എന്നാൽ സോദ്ദേശ്യസാഹിത്യകാരന്മാർക്ക് രാജഭരണകാലത്തെ അധികാരഘടന യാതൊരു പിന്തുണയും നല്കിയില്ലെന്നുമാത്രമല്ല, അവരെ തല്ലിക്കെടുത്താൻ അത് പരിശ്രമിക്കുകയും ചെയ്തു. വി.ടി.യുടേയും കേശവദേവിന്റേയും രചനകൾ ആ ജനുസ്സിൽ പെടുന്നവയാണ്. കർമ്മരംഗത്തുനിന്ന് അനുഭവങ്ങളും കരുത്തും നേടി സാഹിത്യസൃഷ്ടി നിർവഹിക്കുക എന്നതാണ് ദേവിന്റെ വീക്ഷണം. എന്നാൽ സാനു പലപ്പോഴും മുഖ്യധാരയിൽനിന്ന് മാറിനിൽക്കുന്നു. അനുഭവത്തോടൊപ്പമോ, ഒരുപക്ഷേ അതിനേക്കാളധികമോ പ്രാമുഖ്യം ആവിഷ്കാരകൗശലത്തിനായിരിക്കണം എന്നാണ് അദ്ദേഹത്തിന്റെ മതം. രചനാപരമായ ശിക്ഷണം, ഭാഷ എന്ന മാധ്യമം കലാപരമായ ലക്ഷ്യത്തോടെ പ്രയോഗിക്കുന്നതിനുള്ള പരിശീലനം എന്നിവയും ചിന്തയും ഭാവനയും സാധാരണക്കാരിലേക്കെത്തിക്കാനുള്ള ത്വരയുടെ അടിസ്ഥാനഘടകങ്ങളാണ്.

ഗൗരവവും വിനോദവും ഇടകലർത്തിയെഴുതുന്ന സാനുവിന്റെ ഓർമ്മകൾ വ്യക്തിപരമായ സ്വഭാവസവിശേഷതകളേയും സവിസ്തരം തുറന്നുകാണിക്കുന്നു. തൊട്ടടുത്തുള്ള കടയിൽ സോഡ പൊട്ടിക്കുന്ന ശബ്ദം പോലും കുറ്റിപ്പുഴ കൃഷ്ണപിള്ളയെ അസ്വസ്ഥനാക്കുന്നത് നമുക്ക് കൗതുകകരമായി അനുഭവപ്പെടും. വിശ്വസാഹിത്യത്തെക്കുറിച്ചുള്ള ഗ്രന്ഥകാരന്റെ പരന്ന വിജ്ഞാനം വായനക്കാരെ അതിശയിപ്പിക്കുന്ന ഒന്നാണ്. പ്രാചീന ഗ്രീക്ക് നാടകങ്ങൾ മുതൽ ആധുനിക യൂറോപ്യൻ-അമേരിക്കൻ നിരൂപണ സങ്കേതങ്ങൾ വരെ അദ്ദേഹത്തിന്റെ നാവിൻ തുമ്പിൽ അയത്നലളിതമായി നൃത്തം ചെയ്യുന്നു.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.


Book Review of 'Thazhvarayile Sandhya' by M K Sanoo
ISBN: 817130186X

Saturday, June 6, 2020

ആമ്പല്‍പൊയ്ക

2012 ജൂണിൽ കുത്തിക്കുറിച്ചു വെച്ചിരുന്നത് ഇപ്പോഴാണ് കയ്യിൽ വന്നത്. താഴെ വായിക്കുക.
 ------------------------------------------------

പെരിയാറിനു കുറുകെ മാറമ്പിള്ളിയേയും തിരുവൈരാണിക്കുളത്തേയും ബന്ധിപ്പിച്ചുകൊണ്ട് ഉയര്‍ന്നുവന്നതാണ് പുതിയ ശ്രീമൂലം പാലം. കുറെ നാളായി വിചാരിച്ചിരുന്നതാണെങ്കിലും ഈ അടുത്ത ദിവസമാണ് അതിലൂടെ യാത്ര ചെയ്തത്. 
 
പ്രതീകാത്മക ചിത്രം

ഭക്തിയും വിപണിയില്‍ വില്‍ക്കാവുന്ന ചരക്കാണെന്ന് കാട്ടിത്തന്ന തിരുവൈരാണിക്കുളം ക്ഷേത്രം ആദ്യമായി കണ്ടു. 

ഇടുങ്ങിയ വഴികളും വിജനമായ പാതകളും പിന്നിട്ട് നീങ്ങിയപ്പോഴാണ് ആ മനോഹരമായ കാഴ്ച കണ്ടത്, എയര്‍പോര്‍ട്ടിന്റെ മതിലിനോട് ചേര്‍ന്ന് ഒരു സുന്ദരമായ ആമ്പല്‍പൊയ്ക. 

ചെകിടടപ്പിക്കുന്ന ശബ്ദത്തോടെ അറേബ്യന്‍ മരുഭൂമിയിലേക്ക് പറന്നുയരുന്ന യന്ത്രപ്പക്ഷിയുടെ ചിറകടിയൊച്ചകളെ കേട്ടില്ലെന്നു നടിച്ച്, കരിവണ്ടുകളെ മാറില്‍ ചാര്‍ത്തി, കാലത്തെ വെല്ലുവിളിച്ചുകൊണ്ട്, ആ കൊച്ചുപൂക്കള്‍ ചിരിച്ചുനില്‍ക്കുകയാണ്! 

ഒഴുകി നടക്കുന്ന ഇലകളില്‍ വെയില്‍കാഞ്ഞിരുന്ന കുഞ്ഞുതവളകള്‍ എന്നെ കൌതുകത്തോടെ  തലയുയര്‍ത്തിനോക്കി. വിമാനത്തിന്റെ അടുത്തു വരുന്ന ഇരമ്പല്‍ ഭൂമിയെ വിറപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ 'എന്താണീ ശല്യ'മെന്ന് മനസ്സിലാകാതെ കണ്ണുകളില്‍ ആശയക്കുഴപ്പത്തിന്റെ സന്ദേഹവുമായി അവ വെള്ളത്തിന്റെ ശാന്തതയിലേക്കു തന്നെ മടങ്ങി. 

വികസനത്തിന്റെ കുത്തൊഴുക്കിലും തങ്ങളെ കുടിയൊഴിപ്പിക്കാന്‍ മറന്നുപോയ മനുഷ്യനെ പരിഹസിച്ചുകൊണ്ട്‌, യുഗങ്ങളായി തങ്ങളുടെ കുത്തകയായ ഇരമ്പലുമായി കൊച്ചുവണ്ടുകള്‍ അവിടെയെങ്ങും പാറിനടന്നു. 

സമയം പടിഞ്ഞാറന്‍ ആകാശത്തെ ചെമ്പനീരില്‍ മുക്കാന്‍ തുടങ്ങിയിരുന്നു. സഫലമായ ഒരു ദിവസത്തെ ജീവിതത്തിന്റെ നിറവില്‍ ആമ്പല്‍പ്പൂക്കള്‍ നിത്യശാന്തിയുടെ മടിത്തട്ടില്‍ കണ്ണടക്കാന്‍ തുടങ്ങിയപ്പോള്‍, എന്റെ യാത്ര മുഴുമിപ്പിക്കാനായി ഞാന്‍ തിടുക്കം കൂട്ടിയകന്നു.

വൈലോപ്പിള്ളിയും മറ്റും

പ്രസിദ്ധരായ എഴുത്തുകാരെ ആദരിക്കുക എന്നത് എല്ലാ നാടുകളിലും നടപ്പുള്ള ഒരു രീതിയാണ്. സാഹിത്യകാരന്മാരെ അവരുടെ കൃതികളിലൂടെ മാത്രമേ ആസ്വാദകർ പരിചയപ്പെടേണ്ടതുള്ളൂ എന്നൊരു ചിന്താധാര നിലവിലുണ്ടെങ്കിലും അതിനുമപ്പുറം അവരുടെ വ്യക്തിജീവിതം കൂടി ചിലപ്പോഴെല്ലാം വായനക്കാർ തേടിപ്പോകുന്നു. എഴുത്തുകാരനിലെ പച്ചയായ മനുഷ്യനെ ഒരു മറയുമില്ലാതെ അവതരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ കൃതി രചിക്കപ്പെട്ടിരിക്കുന്നത്. വൈലോപ്പിള്ളി, വിലാസിനി, പുനത്തിൽ കുഞ്ഞബ്ദുള്ള, കെ. ടി. മുഹമ്മദ്, കുഞ്ഞുണ്ണി, പാലാ നാരായണൻ നായർ എന്നിവരെ പരിചയപ്പെടുത്തുന്ന ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ഗ്രന്ഥകാരന്റെ മറ്റു കൃതികളുടെ പേരുകൾ നോക്കിയാൽ 'വീണ്ടും വരുന്നു വസന്തരാത്രികൾ', 'പണ്ഡിറ്റ്ജിയുടെ രഹസ്യങ്ങൾ', 'ഒരു പതിനേഴുകാരിയും മൂന്നു നഗരങ്ങളും', 'ലേഡി ചാറ്റർലിയുടെ പുത്രി' എന്നിങ്ങനെയുള്ള ശീർഷകങ്ങൾ കാണാമെങ്കിലും ഈ പുസ്തകം തീർത്തും ഗൗരവമായിത്തന്നെ അതിന്റെ പ്രതിപാദ്യവിഷയം കൈകാര്യം ചെയ്യുന്നു. 1978-ൽ പ്രസിദ്ധീകരിച്ച 'പൂർണ്ണത തേടുന്ന അപൂർണ്ണബിന്ദുക്കൾ' എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗമാണിത്. വി.ബി.സി. നായർ മലയാളരാജ്യം, കേരള ജനത എന്നീ പത്രങ്ങളുടെ സഹപത്രാധിപരും മലയാളനാട് വാരികയുടെ പത്രാധിപരുമായിരുന്നു.

സാഹിത്യകാരന്മാരുടെ ജനിച്ചുവളർന്ന ചുറ്റുപാടുകൾ അവരുടെ സാഹിത്യജീവിതത്തെ കണിശമായും സ്വാധീനിക്കുമല്ലോ. ജനിച്ചുവളർന്ന ഗ്രാമത്തിന്റെ ഓർമ്മകളിൽ മിതഭാഷിയായ വൈലോപ്പിള്ളി പോലും വാചാലനാവുന്നത് നമ്മളിതിൽ കാണുന്നു. ഇന്ന് മെട്രോ നഗരമായി മാറിക്കഴിഞ്ഞ പണ്ടത്തെ കലൂർ ഗ്രാമത്തിലെ വൈലോപ്പിള്ളി കുടുംബത്തിൽ ജനിച്ച അദ്ദേഹം 17 മുതൽ 45 വയസ്സുവരെ അവിടെയിരുന്നെഴുതി. മാനസികരോഗിയായ സ്വന്തം മാതാവിന്റെ അന്ത്യം കണ്ടുനിൽക്കേണ്ടിവന്നയാളാണ് പുനത്തിൽ. താരതമ്യേന ഉയർന്ന നിലയിൽ ജീവിച്ചിരുന്ന എം. കെ. മേനോൻ വിലാസിനി എന്ന പേരു സ്വീകരിച്ച കഥ രസകരവുമാണ്. സിംഗപ്പൂരിലെ 'ഇന്ത്യൻ മൂവി ന്യൂസ്' എന്ന പ്രസിദ്ധീകരണത്തിന്റെ പ്രചാരം വർദ്ധിപ്പിക്കാൻ തുളസി, സുഷ, വിലാസിനി എന്നീ തൂലികാനാമങ്ങളിൽ ലേഖനങ്ങൾ  എഴുതിത്തുടങ്ങിയ പത്രാധിപരായ മൂർക്കനാട് കൃഷ്ണൻകുട്ടി മേനോൻ എന്ന എം. കെ. മേനോൻ അതിലൊരെണ്ണം തന്റെ ശാശ്വതമായ പേരായി മാറുമെന്ന് സ്വപ്നേപി വിചാരിച്ചുകാണില്ല. പ്രചാരം പത്തിരട്ടിയായി വർദ്ധിക്കുകയും വിലാസിനിക്ക് നൂറുകണക്കിന് കത്തുകൾ ലഭിച്ചുതുടങ്ങുകയും ചെയ്തപ്പോൾ 'ഇതു കൊള്ളാമല്ലോ' എന്നദ്ദേഹം വിചാരിച്ചുകാണും.

ചിലപ്പോഴെല്ലാം തന്റെ പഠനവസ്തുക്കളായ സാഹിത്യകാരന്മാരുടെ ജീവിതാവസ്ഥകളെ വായനക്കാരെ സ്പർശിക്കുന്ന വിധത്തിൽ അവതരിപ്പിക്കാൻ വി.ബി.സി.ക്കു സാധിക്കുന്നുണ്ട്. കുഞ്ഞുണ്ണി മാഷിന്റെ ജീവിതത്തിലെ ഏകാന്തത പുസ്തകം അടച്ചുവെച്ചാലും നമ്മുടെ മനസ്സുകളിൽ തെല്ലു വേദനയോടെ നിറയും. പ്രത്യേകിച്ചും അദ്ധ്യാപകവൃത്തിയിൽനിന്നുള്ള വിരമിക്കലിനുശേഷവും ഏതെങ്കിലും സ്ത്രീ മാഷിന്റെ ജീവിതത്തിലേക്കു കടന്നുവന്നാൽ ഒരു കുടുംബം കെട്ടിപ്പടുക്കാൻ ശ്രമിക്കുമോ എന്ന ചോദ്യത്തിന് 'അറിയില്ല' എന്ന ഉത്തരം വായിക്കുമ്പോൾ. എന്നാൽ മറ്റു സാഹിത്യകാരന്മാരിലെ ചില സവിശേഷതകൾ നമ്മെ ചിന്താക്കുഴപ്പത്തിലാക്കുകയും ചെയ്യും. വൈലോപ്പിള്ളി സ്‌കൂൾ പഠനകാലത്ത് ഉച്ചപ്പട്ടിണിയായിരുന്നു എന്ന വസ്തുത വായനക്കാരിൽ സഹാനുഭൂതിയോടെ അലകൾ സൃഷ്ടിക്കരുത്. അതിനു കാരണമായത് സ്‌കൂളിൽ മറ്റു ജാതിക്കാരുമായി ഇടപഴകുന്നതിനാൽ ഊണു കഴിക്കുന്നതിനുമുമ്പ് കുളിക്കാൻ സൗകര്യമുണ്ടാകാഞ്ഞതുകൊണ്ടാണ്! ദാരിദ്ര്യവും അന്ധവിശ്വാസവും മനുഷ്യനെ പട്ടിണി കിടത്തും. അല്ലെങ്കിലും അന്ധവിശ്വാസമെന്നത് ആത്മാവിലെ ദാരിദ്ര്യമല്ലേ? എന്നിരിക്കിലും ഇന്റർമീഡിയറ്റിനു പഠിക്കുമ്പോൾ പോലും മറ്റു കുട്ടികൾക്കറിവുണ്ടായിരുന്ന കവിതാസങ്കേതങ്ങൾ വൈലോപ്പിള്ളിക്കറിയാമായിരുന്നില്ല എന്നത് നമ്മെ അത്ഭുതപ്പെടുത്തും. സമസ്യാപൂരണമെന്നാൽ നൽകപ്പെട്ട അവസാനവരിക്കുമുന്നിൽ മൂന്നു വരികൾ കൂട്ടിച്ചേർക്കുകയാണെന്ന കാര്യം പോലും അദ്ദേഹത്തിനറിയാമായിരുന്നില്ലത്രേ!

പുസ്തകം ശുപാർശ ചെയ്യുന്നു.


Book Review of 'Vailoppilliyum Mattum' by V. B. C. Nair
Published by  D C Books, March 1986
 

Tuesday, June 2, 2020

ദിഗാരുവിലെ ആനകൾ

എഴുത്തുകാരൻ, പത്രപ്രവർത്തകൻ, ചലച്ചിത്ര വിമർശകനും സംവിധായകനും എന്ന നിലകളിലെല്ലാം പ്രശസ്തനായ 'ചിന്ത രവി' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കെ. രവീന്ദ്രൻ മദ്ധ്യ, ഉത്തര-പൂർവ്വേന്ത്യൻ വനാന്തരങ്ങളിലേക്കു നടത്തിയ യാത്രകളുടെ അലങ്കാരങ്ങളില്ലാത്ത വിവരണമാണ് ഈ പുസ്തകം. ഒരു ഗൈഡിന്റെ സഹായം കൂടാതെ ഏതാനും സുഹൃത്തുക്കൾക്കൊപ്പം അദ്ദേഹം ഗോത്രവർഗ്ഗക്കാർ അധിവസിക്കുന്ന ഗ്രാമങ്ങളിൽ ആഴ്ചകളോളം പാർത്തു, പലപ്പോഴും അവരുടെ സാംസ്കാരികപരിപാടികളിൽ അവരിലൊരാളായി, ആ ഗോത്രചേതനയുടെ അംബാസഡറുമായി. 1975-80 കാലഘട്ടത്തിൽ അന്നത്തെ മദ്ധ്യപ്രദേശ് സംസ്ഥാനത്തെ ബസ്തർ വനങ്ങളിലും, ആസാം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വനമേഖലകളിലും രവീന്ദ്രൻ സഞ്ചരിച്ച ദിനങ്ങളുടെ ചൂടുമാറാത്ത സ്മരണകളാണിവിടെ വായനക്കാരുമായി പങ്കുവെക്കുന്നത്. ദിഗാരു എന്ന നദി അരുണാചൽ പ്രദേശിലൂടെയാണ് ഒഴുകുന്നത്. ഒഴുക്ക് വളരെ ശക്തമായതിനാൽ അവിടെ കടത്തുതോണികൾ ഉപയോഗിക്കാൻ സാദ്ധ്യമല്ല. പാലമെന്നത് അവിടത്തുകാർ കേട്ടിട്ടുപോലുമുള്ള ഒരു വസ്തുവല്ല. ആനകളുടെ പുറത്തേറിയാണ് അവിടെ നദി കടക്കുക. അത്തരമൊരു നദി കടക്കലിനിടെ ഉണ്ടായ സ്തോഭജനകമായ ഒരു സംഭവത്തിന്റെ വിവരണമായ അദ്ധ്യായത്തിന്റെ ശീർഷകം തന്നെയാണ് പുസ്തകത്തിനും. ആകെ ഒൻപത് അദ്ധ്യായങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ആധുനിക ഭാരതസമൂഹങ്ങളിൽ 'സ്ത്രീ ശാക്തീകരണം' എന്നത് സ്ത്രീകളെ ചോദ്യം ചെയ്യാതെ കയറൂരിവിടുകയാണെന്ന ഒരു സങ്കല്പം തീവ്ര ഫെമിനിസ്റ്റുകളെങ്കിലും വെച്ചുപുലർത്തുന്നുണ്ട്. സ്ത്രീകൾക്കു ലഭിച്ചിരുന്ന പല അവകാശങ്ങളും സമൂഹം വിക്ടോറിയൻ പിതൃ-കേന്ദ്രീകൃതവ്യവസ്ഥയിലേക്കു മാറിയതോടെ നഷ്ടപ്പെടാനിടയായി. അവിവാഹിതരായ യുവതീയുവാക്കൾക്ക്  സ്വതന്ത്രമായി ഇടപഴകാൻ അനുവാദമുള്ള ഖോത്തൂൾ എന്ന നിശാഗൃഹങ്ങൾ ബസ്തറിലെ മൂരിയാ ഗോത്രവർഗ്ഗ കുടിയിടങ്ങളിൽ കണ്ടതിനെപ്പറ്റി രവീന്ദ്രൻ വിശദമായി പ്രതിപാദിക്കുന്നത് കൗതുകകരമായി അനുഭവപ്പെടും. ഖോത്തൂൾ എന്ന പൊതുനിശാഗൃഹങ്ങളിൽ നിരവധി മിഥുനങ്ങൾ പുതപ്പുകളുടെ മറവിൽ സർവതന്ത്ര സ്വതന്ത്രരായി അന്തിയുറങ്ങുന്നു. വിവാഹപൂർവ പ്രണയബന്ധങ്ങളെ നിയന്ത്രിക്കുവാനുള്ള അംഗീകൃത വർഗ്ഗസ്ഥാപനം എന്ന നിലയിൽ മിക്ക ആദിവാസി യുവാക്കളും ഇത്തരം നിശാഗൃഹങ്ങളിൽ വെച്ചാവും ഭാവിവധുവിനെ കണ്ടെത്തുന്നത്. ഒരു യുവാവിന്റേയോ യുവതിയുടേയോ ഖോത്തൂൾ കാലം ഒരു ഇണയിൽ പരിമിതപ്പെടുത്തുവാൻ ചട്ടങ്ങൾ അനുവദിക്കുന്നില്ല. ഖോത്തൂളിലെ പ്രണയലൈംഗികബന്ധങ്ങൾക്ക് വിവാഹബാധ്യതയുമില്ല. എങ്കിലും ഗർഭസ്ഥശിശുവിന്റെ പിതാവാരെന്ന് നിർണ്ണയിക്കാൻ സാധിക്കാതെ വരുന്നത് പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം മോശം നടപടിയായും കരുതിവരുന്നു. അത്തരമൊരു സന്ധിയിലാണ് മൂരിയാ ഗോത്രത്തിൽ ജനിക്കാൻ കഴിയാതെ പോയതിൽ ഗ്രന്ഥകാരൻ ഖേദിക്കുന്നത്! ഇത്തരം പ്രണയാനുനയങ്ങൾ ഒറീസ്സയിലെ ഖോണ്ടുകൾക്കിടയിലും നിലനിൽക്കുന്നതായി അദ്ദേഹം നിരീക്ഷിക്കുന്നു.

ഗോത്രമേഖലകളിലെ സർക്കാർ സംവിധാനങ്ങളിൽ നിറഞ്ഞുനിൽക്കുന്ന അഴിമതിയെക്കുറിച്ച് രവീന്ദ്രൻ ക്ഷോഭത്തോടെ രേഖപ്പെടുത്തുന്നു. ജനങ്ങളെ നാഗരികതയിലേക്ക് കൊണ്ടുവരിക എന്ന ലക്‌ഷ്യം കൂടി ഉള്ളതിനാൽ ഓരോ കുടുംബവും സർക്കാർ യന്ത്രവുമായി പല തലങ്ങളിൽ ഇടപെടേണ്ടിവരുന്നു. 20 ഏക്കർ ഭൂമി വീതം നൽകി നിരവധി കുടുംബങ്ങൾ ചേരുന്ന ഒരു സംഘത്തെ ഗ്രാമങ്ങളായി കുടിയിരുത്തുന്നു. വിത്തുകളും, ഒരു ജോഡി കാളകളും, കൃഷിക്കാവശ്യമായ ഉപദേശവും സൗജന്യമായി ലഭിക്കും. പല ഗ്രാമങ്ങളിലേക്കും അദ്ധ്യാപകരെ നിയമിച്ചിരിക്കുന്നു. രണ്ടുമൂന്നു ഗ്രാമങ്ങൾക്കു പൊതുവായി ഒരു ഗ്രാമസേവകനുമുണ്ടാവും. എന്നാൽ അർപ്പണബോധമില്ലാത്ത, നഗരവാസികളായ ജീവനക്കാർ വനങ്ങളിൽ ജോലിയെടുക്കേണ്ടിവരുന്നത് ഒരു ശിക്ഷയായാണ് കരുതിപ്പോരുന്നത്. അത്തരക്കാർ ഈ വ്യവസ്ഥയെ നിയന്ത്രിക്കുന്നതുമൂലം അവയുടെ ഗുണഫലങ്ങൾ താഴെത്തട്ടിൽ എത്താതെ വരുന്നു. ചിലയിടങ്ങളിലെല്ലാം ഗോത്രവർഗ്ഗങ്ങളുടെ സാമൂഹ്യഘടന സർക്കാർ അംഗീകരിക്കുകയും ചെയ്യുന്നു. ഗോത്രനേതാക്കളായ മാംജി, പട്ടേൽ, സർപ്പഞ്ച് എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന തലവന്മാർക്ക് സർക്കാർ വേതനം നൽകുന്നു. 1980-കളോടടുപ്പിച്ച് എഴുതപ്പെട്ടിരിക്കുന്നതു കൊണ്ടായിരിക്കാം മാവോയിസ്റ്റ് ശല്യത്തെക്കുറിച്ച് യാതൊരു പരാമർശവും പുസ്തകത്തിലില്ല.

ഈ കൃതി ശുപാർശ ചെയ്യുന്നു.


Book Review of 'Digaaruvile Aanakal' by K. Raveendran
ISBN: Nil
Publisher: DC Books, 1983