നിരവധി സാഹിത്യകാരന്മാർ നമുക്കിടയിൽ ജന്മമെടുത്ത് മൺമറഞ്ഞു പോയിട്ടുണ്ട്. അവരെ വിമർശനബുദ്ധ്യാ വിശകലനം ചെയ്ത നിരൂപകരും വളരെയധികം ഉണ്ടായിട്ടുണ്ട്. അവരുടെയെല്ലാം ഇടയിൽ വിജ്ഞാനസമഗ്രതയുടെ ഉത്തുംഗതയിൽ വിരാജിക്കുന്ന പണ്ഡിതകുലഗുരുവാണ് എം. കെ. സാനു. അദ്ദേഹത്തിന്റെ സ്വന്തം പേരിൽത്തന്നെ പരസ്പരവിരുദ്ധങ്ങളായ അർത്ഥങ്ങൾ സമ്മേളിച്ചിരിക്കുന്നതുകാണാം. 'സാനു' എന്ന പദത്തിന് 'താഴ്‌വര' എന്നും 'പർവ്വതശിഖരം' എന്നും അർത്ഥങ്ങൾ ശബ്ദതാരാവലിയിൽ കൊടുത്തിരിക്കുന്നു. തീർത്തും വിപരീതമായ രണ്ടു സങ്കേതങ്ങളെ ഒരൊറ്റ പദമുപയോഗിച്ച് വിവക്ഷിച്ച ആദിമഭാഷാകാരൻ പർവതം ഒരിക്കലും കണ്ടിട്ടില്ലാത്തയാളാണോ എന്നു തോന്നിപ്പോയേക്കാം. വി. ടി. ഭട്ടതിരിപ്പാട്, ആർ. സുഗതൻ, എൻ. കൃഷ്ണപിള്ള, യുക്തിവാദി എം. സി. ജോസഫ്, മുണ്ടശ്ശേരി, കുറ്റിപ്പുഴ കൃഷ്ണപിള്ള, പി. കേശവദേവ് എന്നിങ്ങനെ ഏഴ് വിഖ്യാത സാഹിത്യകാരന്മാരോ സാംസ്കാരികനായകരോ ആയ മഹദ്‌വ്യക്തികളെക്കുറിച്ചുള്ള സ്മൃതിചിത്രങ്ങളാണ് ഈ കൃതിയിൽ ചേർത്തിരിക്കുന്നത്. പരാമർശവിധേയരായവരെല്ലാം കാലയവനികക്കുള്ളിൽ മറഞ്ഞുകഴിഞ്ഞുവെന്നത് 'താഴ്‌വരയിലെ സന്ധ്യയെ' കൂടുതൽ ഹൃദയസ്പർശിയാക്കുന്നു. 1940-കൾ മുതൽ 1980-കൾ വരെയുള്ള നാലു പതിറ്റാണ്ടുകാലത്തെ സ്മരണകൾ സംഗ്രഹിച്ച ഈ പുസ്തകം പ്രസാധനം ചെയ്തിരിക്കുന്നത് 1992-ലാണ്.
'കൈരളിയുടെ കഥ' എന്ന പ്രൗഢഗ്രന്ഥത്തിന്റെ കർത്താവായ എൻ. കൃഷ്ണപിള്ളയുടെ അദ്ധ്യാപനമികവും ജ്ഞാനതൃഷ്ണയും അനുവാചകരിൽ അത്ഭുതാദരങ്ങൾ ഉണർത്തുന്നു. നല്ല അദ്ധ്യാപകൻ എന്ന സങ്കൽപം സാനു നിർവചിക്കുന്നത് ശ്രദ്ധേയവും ഇവിടെ സൂചിപ്പിക്കേണ്ടതുമാണ് - "തന്റെ പ്രത്യേകമായ വിഷയത്തിൽ മാത്രമായി നല്ല അദ്ധ്യാപകന്റെ താല്പര്യം ഒതുങ്ങുകയില്ല. ജീവിതത്തേയും ജീവിതത്തിന് പശ്ചാത്തലമൊരുക്കുന്ന ലോകത്തേയും അധികമധികം മഹത്വപൂർണ്ണമാക്കിത്തീർക്കാൻ അയാൾ പ്രതിജ്ഞാബദ്ധനായിരിക്കും. ആ പ്രതിബദ്ധതയുടെ ഭാഗമായിട്ടാണ് തന്റെ വിജ്ഞാനമേഖലയെ അയാൾ എപ്പോഴും കാണുക. ജീവിതത്തിന്റേയും ലോകത്തിന്റേയും നേർക്ക് സ്വന്തമായ ഒരു സമീപനം ഉണ്ടായിരിക്കുകയും, ആ സമീപനത്തിൽ നിന്നുരുത്തിരിയുന്ന വികാരം അദ്ധ്യാപനരീതിയുടെ സവിശേഷഭാഗമായിരിക്കുകയും ചെയ്യും. അദ്ധ്യാപകന്റെ വ്യക്തിത്വം നാം വേർതിരിച്ചറിയുന്നത് അവിടെ വെച്ചാണ്" (പേജ് 57-8). സ്‌കൂളിലും കോളേജിലുമായി നിരവധി പതിറ്റാണ്ടുകളുടെ അദ്ധ്യാപനപാരമ്പര്യമുള്ള സാനുവിന്റെ ഈ ദർപ്പണത്തിലൂടെ നോക്കുമ്പോൾ കൃഷ്ണപിള്ളയിലെ അദ്ധ്യാപകന്റെ പ്രതിച്ഛായ ജീവിതത്തേക്കാൾ വളരെ വലുതായി കാണപ്പെടുന്നതിൽ അത്ഭുതമില്ല. പാരമ്പര്യം എന്നത് ഇരുളടഞ്ഞ, തുറക്കാത്ത ഒരു മുറിയല്ലെന്നും അത് മലർക്കെ തുറന്നിട്ടിരിക്കുന്നതും, പുതിയ യാഥാർഥ്യങ്ങളെ ഉൾക്കൊള്ളാൻ തക്കവിധം വിശാലവുമാണെന്നു ദ്യോതിപ്പിക്കുന്ന കൃഷ്ണപിള്ളയുടെ അഭിപ്രായം യാഥാസ്ഥിതികത്വത്തിനു നേർക്കുള്ള ഒരു കൂരമ്പാണ്. പുരാതനകാലം മുതൽക്കേ നിലനിന്നുപോരുന്നവ മാത്രമല്ല പാരമ്പര്യം. ഇടക്ക് പുതുതായി സൃഷ്ടിക്കുന്നവയും പാരമ്പര്യത്തിന്റെ ഭാഗമാണ്. അന്യസംസ്‌കാരത്തിൽനിന്ന് കടംകൊണ്ട് നാം പുതുതായവതരിപ്പിക്കുന്ന രൂപങ്ങളും നാളെ പാരമ്പര്യത്തിന്റെ ഭാഗമായി മാറും. നാടകങ്ങളുടെ അവതരണസമ്പ്രദായത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെടുന്നതെങ്കിലും അത് എല്ലാ മേഖലകളിലും ബാധകമാണ്. പാശ്ചാത്യ സംഗീതോപകരണമായ വയലിൻ നമ്മുടെ ശാസ്ത്രീയസംഗീത പാരമ്പര്യത്തിന്റെ പറിച്ചെറിയാനാവാത്ത ഭാഗമായി മാറിയത് ഭാരതീയ സംസ്കാരത്തിന്റെ ചലനാത്മകത വിളിച്ചോതുന്നുമുണ്ട്.
സോദ്ദേശ്യസാഹിത്യം ഒരുകാലത്ത് മലയാളത്തിൽ രൂക്ഷമായ ആശയസംഘട്ടനങ്ങൾക്ക് വഴിമരുന്നിട്ട ഒന്നാണ്. കല കലക്കുവേണ്ടിയല്ല, മറിച്ച് സമൂഹത്തിനും ജീവിതത്തിനും വേണ്ടിയാണ് എന്ന വാദം സാഹിത്യത്തിൽ ഒരു നൂതന പാത വെട്ടിത്തുറന്നു. ക്രമേണ കലാ-സാംസ്കാരിക മേഖലകളിൽ സർക്കാർ നിയന്ത്രണവും മാർഗനിർദേശവും അവശ്യം വേണ്ടതാണെന്ന ധാരണ ഇതുമൂലം ബലപ്പെടുകയും ചെയ്തു. അക്കാദമികൾ, അവാർഡുകൾ എന്നിവ വഴി സാഹിത്യകാരന്മാരുടെ കൂറ് ഭരണകർത്താക്കളും അവരെ നിയന്ത്രിക്കുന്ന ഇടതുരാഷ്ട്രീയക്കാരും ഉറപ്പിച്ചുനിർത്തി. സാനു പോലും രാഷ്ട്രീയലേബലിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചു പരാജയപ്പെട്ട ആളാണെന്നോർക്കുക! എന്നാൽ സോദ്ദേശ്യസാഹിത്യകാരന്മാർക്ക് രാജഭരണകാലത്തെ അധികാരഘടന യാതൊരു പിന്തുണയും നല്കിയില്ലെന്നുമാത്രമല്ല, അവരെ തല്ലിക്കെടുത്താൻ അത് പരിശ്രമിക്കുകയും ചെയ്തു. വി.ടി.യുടേയും കേശവദേവിന്റേയും രചനകൾ ആ ജനുസ്സിൽ പെടുന്നവയാണ്. കർമ്മരംഗത്തുനിന്ന് അനുഭവങ്ങളും കരുത്തും നേടി സാഹിത്യസൃഷ്ടി നിർവഹിക്കുക എന്നതാണ് ദേവിന്റെ വീക്ഷണം. എന്നാൽ സാനു പലപ്പോഴും മുഖ്യധാരയിൽനിന്ന് മാറിനിൽക്കുന്നു. അനുഭവത്തോടൊപ്പമോ, ഒരുപക്ഷേ അതിനേക്കാളധികമോ പ്രാമുഖ്യം ആവിഷ്കാരകൗശലത്തിനായിരിക്കണം എന്നാണ് അദ്ദേഹത്തിന്റെ മതം. രചനാപരമായ ശിക്ഷണം, ഭാഷ എന്ന മാധ്യമം കലാപരമായ ലക്ഷ്യത്തോടെ പ്രയോഗിക്കുന്നതിനുള്ള പരിശീലനം എന്നിവയും ചിന്തയും ഭാവനയും സാധാരണക്കാരിലേക്കെത്തിക്കാനുള്ള ത്വരയുടെ അടിസ്ഥാനഘടകങ്ങളാണ്.
ഗൗരവവും വിനോദവും ഇടകലർത്തിയെഴുതുന്ന സാനുവിന്റെ ഓർമ്മകൾ വ്യക്തിപരമായ സ്വഭാവസവിശേഷതകളേയും സവിസ്തരം തുറന്നുകാണിക്കുന്നു. തൊട്ടടുത്തുള്ള കടയിൽ സോഡ പൊട്ടിക്കുന്ന ശബ്ദം പോലും കുറ്റിപ്പുഴ കൃഷ്ണപിള്ളയെ അസ്വസ്ഥനാക്കുന്നത് നമുക്ക് കൗതുകകരമായി അനുഭവപ്പെടും. വിശ്വസാഹിത്യത്തെക്കുറിച്ചുള്ള ഗ്രന്ഥകാരന്റെ പരന്ന വിജ്ഞാനം വായനക്കാരെ അതിശയിപ്പിക്കുന്ന ഒന്നാണ്. പ്രാചീന ഗ്രീക്ക് നാടകങ്ങൾ മുതൽ ആധുനിക യൂറോപ്യൻ-അമേരിക്കൻ നിരൂപണ സങ്കേതങ്ങൾ വരെ അദ്ദേഹത്തിന്റെ നാവിൻ തുമ്പിൽ അയത്നലളിതമായി നൃത്തം ചെയ്യുന്നു.
പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
Book Review of 'Thazhvarayile Sandhya' by M K Sanoo
ISBN: 817130186X

No comments:
Post a Comment