എഴുത്തുകാരൻ, പത്രപ്രവർത്തകൻ, ചലച്ചിത്ര വിമർശകനും സംവിധായകനും എന്ന നിലകളിലെല്ലാം പ്രശസ്തനായ 'ചിന്ത രവി' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കെ. രവീന്ദ്രൻ മദ്ധ്യ, ഉത്തര-പൂർവ്വേന്ത്യൻ വനാന്തരങ്ങളിലേക്കു നടത്തിയ യാത്രകളുടെ അലങ്കാരങ്ങളില്ലാത്ത വിവരണമാണ് ഈ പുസ്തകം. ഒരു ഗൈഡിന്റെ സഹായം കൂടാതെ ഏതാനും സുഹൃത്തുക്കൾക്കൊപ്പം അദ്ദേഹം ഗോത്രവർഗ്ഗക്കാർ അധിവസിക്കുന്ന ഗ്രാമങ്ങളിൽ ആഴ്ചകളോളം പാർത്തു, പലപ്പോഴും അവരുടെ സാംസ്കാരികപരിപാടികളിൽ അവരിലൊരാളായി, ആ ഗോത്രചേതനയുടെ അംബാസഡറുമായി. 1975-80 കാലഘട്ടത്തിൽ അന്നത്തെ മദ്ധ്യപ്രദേശ് സംസ്ഥാനത്തെ ബസ്തർ വനങ്ങളിലും, ആസാം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വനമേഖലകളിലും രവീന്ദ്രൻ സഞ്ചരിച്ച ദിനങ്ങളുടെ ചൂടുമാറാത്ത സ്മരണകളാണിവിടെ വായനക്കാരുമായി പങ്കുവെക്കുന്നത്. ദിഗാരു എന്ന നദി അരുണാചൽ പ്രദേശിലൂടെയാണ് ഒഴുകുന്നത്. ഒഴുക്ക് വളരെ ശക്തമായതിനാൽ അവിടെ കടത്തുതോണികൾ ഉപയോഗിക്കാൻ സാദ്ധ്യമല്ല. പാലമെന്നത് അവിടത്തുകാർ കേട്ടിട്ടുപോലുമുള്ള ഒരു വസ്തുവല്ല. ആനകളുടെ പുറത്തേറിയാണ് അവിടെ നദി കടക്കുക. അത്തരമൊരു നദി കടക്കലിനിടെ ഉണ്ടായ സ്തോഭജനകമായ ഒരു സംഭവത്തിന്റെ വിവരണമായ അദ്ധ്യായത്തിന്റെ ശീർഷകം തന്നെയാണ് പുസ്തകത്തിനും. ആകെ ഒൻപത് അദ്ധ്യായങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ആധുനിക ഭാരതസമൂഹങ്ങളിൽ 'സ്ത്രീ ശാക്തീകരണം' എന്നത് സ്ത്രീകളെ ചോദ്യം ചെയ്യാതെ കയറൂരിവിടുകയാണെന്ന ഒരു സങ്കല്പം തീവ്ര ഫെമിനിസ്റ്റുകളെങ്കിലും വെച്ചുപുലർത്തുന്നുണ്ട്. സ്ത്രീകൾക്കു ലഭിച്ചിരുന്ന പല അവകാശങ്ങളും സമൂഹം വിക്ടോറിയൻ പിതൃ-കേന്ദ്രീകൃതവ്യവസ്ഥയിലേക്കു മാറിയതോടെ നഷ്ടപ്പെടാനിടയായി. അവിവാഹിതരായ യുവതീയുവാക്കൾക്ക് സ്വതന്ത്രമായി ഇടപഴകാൻ അനുവാദമുള്ള ഖോത്തൂൾ എന്ന നിശാഗൃഹങ്ങൾ ബസ്തറിലെ മൂരിയാ ഗോത്രവർഗ്ഗ കുടിയിടങ്ങളിൽ കണ്ടതിനെപ്പറ്റി രവീന്ദ്രൻ വിശദമായി പ്രതിപാദിക്കുന്നത് കൗതുകകരമായി അനുഭവപ്പെടും. ഖോത്തൂൾ എന്ന പൊതുനിശാഗൃഹങ്ങളിൽ നിരവധി മിഥുനങ്ങൾ പുതപ്പുകളുടെ മറവിൽ സർവതന്ത്ര സ്വതന്ത്രരായി അന്തിയുറങ്ങുന്നു. വിവാഹപൂർവ പ്രണയബന്ധങ്ങളെ നിയന്ത്രിക്കുവാനുള്ള അംഗീകൃത വർഗ്ഗസ്ഥാപനം എന്ന നിലയിൽ മിക്ക ആദിവാസി യുവാക്കളും ഇത്തരം നിശാഗൃഹങ്ങളിൽ വെച്ചാവും ഭാവിവധുവിനെ കണ്ടെത്തുന്നത്. ഒരു യുവാവിന്റേയോ യുവതിയുടേയോ ഖോത്തൂൾ കാലം ഒരു ഇണയിൽ പരിമിതപ്പെടുത്തുവാൻ ചട്ടങ്ങൾ അനുവദിക്കുന്നില്ല. ഖോത്തൂളിലെ പ്രണയലൈംഗികബന്ധങ്ങൾക്ക് വിവാഹബാധ്യതയുമില്ല. എങ്കിലും ഗർഭസ്ഥശിശുവിന്റെ പിതാവാരെന്ന് നിർണ്ണയിക്കാൻ സാധിക്കാതെ വരുന്നത് പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം മോശം നടപടിയായും കരുതിവരുന്നു. അത്തരമൊരു സന്ധിയിലാണ് മൂരിയാ ഗോത്രത്തിൽ ജനിക്കാൻ കഴിയാതെ പോയതിൽ ഗ്രന്ഥകാരൻ ഖേദിക്കുന്നത്! ഇത്തരം പ്രണയാനുനയങ്ങൾ ഒറീസ്സയിലെ ഖോണ്ടുകൾക്കിടയിലും നിലനിൽക്കുന്നതായി അദ്ദേഹം നിരീക്ഷിക്കുന്നു.
ഗോത്രമേഖലകളിലെ സർക്കാർ സംവിധാനങ്ങളിൽ നിറഞ്ഞുനിൽക്കുന്ന അഴിമതിയെക്കുറിച്ച് രവീന്ദ്രൻ ക്ഷോഭത്തോടെ രേഖപ്പെടുത്തുന്നു. ജനങ്ങളെ നാഗരികതയിലേക്ക് കൊണ്ടുവരിക എന്ന ലക്‌ഷ്യം കൂടി ഉള്ളതിനാൽ ഓരോ കുടുംബവും സർക്കാർ യന്ത്രവുമായി പല തലങ്ങളിൽ ഇടപെടേണ്ടിവരുന്നു. 20 ഏക്കർ ഭൂമി വീതം നൽകി നിരവധി കുടുംബങ്ങൾ ചേരുന്ന ഒരു സംഘത്തെ ഗ്രാമങ്ങളായി കുടിയിരുത്തുന്നു. വിത്തുകളും, ഒരു ജോഡി കാളകളും, കൃഷിക്കാവശ്യമായ ഉപദേശവും സൗജന്യമായി ലഭിക്കും. പല ഗ്രാമങ്ങളിലേക്കും അദ്ധ്യാപകരെ നിയമിച്ചിരിക്കുന്നു. രണ്ടുമൂന്നു ഗ്രാമങ്ങൾക്കു പൊതുവായി ഒരു ഗ്രാമസേവകനുമുണ്ടാവും. എന്നാൽ അർപ്പണബോധമില്ലാത്ത, നഗരവാസികളായ ജീവനക്കാർ വനങ്ങളിൽ ജോലിയെടുക്കേണ്ടിവരുന്നത് ഒരു ശിക്ഷയായാണ് കരുതിപ്പോരുന്നത്. അത്തരക്കാർ ഈ വ്യവസ്ഥയെ നിയന്ത്രിക്കുന്നതുമൂലം അവയുടെ ഗുണഫലങ്ങൾ താഴെത്തട്ടിൽ എത്താതെ വരുന്നു. ചിലയിടങ്ങളിലെല്ലാം ഗോത്രവർഗ്ഗങ്ങളുടെ സാമൂഹ്യഘടന സർക്കാർ അംഗീകരിക്കുകയും ചെയ്യുന്നു. ഗോത്രനേതാക്കളായ മാംജി, പട്ടേൽ, സർപ്പഞ്ച് എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന തലവന്മാർക്ക് സർക്കാർ വേതനം നൽകുന്നു. 1980-കളോടടുപ്പിച്ച് എഴുതപ്പെട്ടിരിക്കുന്നതു കൊണ്ടായിരിക്കാം മാവോയിസ്റ്റ് ശല്യത്തെക്കുറിച്ച് യാതൊരു പരാമർശവും പുസ്തകത്തിലില്ല.
ഈ കൃതി ശുപാർശ ചെയ്യുന്നു.
Book Review of 'Digaaruvile Aanakal' by K. Raveendran
ISBN: Nil
Publisher: DC Books, 1983

No comments:
Post a Comment