Wednesday, December 2, 2020

ബ്രാഹ്മണ്യ വിമർശം

ഭാരതീയസമൂഹം ഉയർച്ചതാഴ്ചകൾ നിറഞ്ഞ നിരവധി നിരവധി ജാതികളുടെ ഒരു ശേഖരമാണ്. ബ്രാഹ്മണരടങ്ങുന്ന ഉയർന്ന ജാതിക്കാർ താഴ്ന്നവരെ വലിയതോതിൽ ദ്രോഹിക്കുകയും അവരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളായ വഴിനടപ്പ്, പൊതുകിണറുകളിൽ നിന്നുള്ള വെള്ളമെടുപ്പ്, നല്ല വസ്ത്രങ്ങൾ ധരിക്കുക എന്നിവയെല്ലാം തടഞ്ഞിരുന്നു. ഒരു നൂറ്റാണ്ടിലധികം കാലത്തെ സാമൂഹ്യപരിഷ്കരണങ്ങളുടെ ഭാഗമായി വളരെയധികം പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ജാതീയ അടിമത്തം ഇപ്പോഴും തുടരുന്നതായി വിശ്വസനീയമായ റിപ്പോർട്ടുകൾ ഉണ്ട്. എങ്കിലും അവയെല്ലാം ഇവിടത്തെ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടേയും തദ്വാരാ നിയമവ്യവസ്ഥയുടേയും നഗ്നമായ ലംഘനമാണെന്ന വസ്തുത പരക്കെ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. വ്യക്തമായും ഇന്ന് ഭരണകൂടം ഇരകൾക്കൊപ്പമാണ്. മുൻകാലങ്ങളിലുള്ളതിന് വിപരീതമായി ജാതീയമായ അക്രമങ്ങൾക്കെതിരെ വ്യക്തമായ ദിശാബോധത്തോടെയാണ് നാം നീങ്ങുന്നത്. എങ്കിലും ഒരു വിഭാഗം ബുദ്ധിജീവികൾ ജാതികൾ തമ്മിലുള്ള ശത്രുത എക്കാലവും തുടരണമെന്നാഗ്രഹിക്കുന്നു. എരിതീയിൽ എണ്ണയൊഴിക്കുന്നതിനുവേണ്ടി മുൻകാല അക്രമങ്ങളുടെ പട്ടിക അവർ യാന്ത്രികമായി നിരത്തിക്കൊണ്ടിരിക്കും. അനുരഞ്ജനത്തിന്റെ പാത അവർ ആഗ്രഹിക്കുന്നില്ല. ദളിത് വിഭാഗങ്ങളെക്കൊണ്ട് മറ്റുള്ളവർക്കെതിരെ ആയുധമെടുപ്പിക്കുന്നതിനാണ് ഇവർ ഊന്നൽ നൽകുന്നത്. ഈ മാവോയിസ്റ്റ് ബുദ്ധിജീവികളുടെ ലക്‌ഷ്യം ചൈനയുടെ താല്പര്യങ്ങളനുസരിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്തലും! ശ്രീ. കെ. മുരളി എഞ്ചിനീയറിംഗ് പഠനത്തിനിടെ നക്സലിസത്തിലേക്ക് വഴിതിരിഞ്ഞ ഒരു വിപ്ലവകാരിയാണ്. കൂടെയുള്ളവർ പലരും പിന്തിരിഞ്ഞിട്ടും അദ്ദേഹം താൻ തെരഞ്ഞെടുത്ത പാതയിലൂടെ ഇപ്പോഴും മുന്നോട്ടുപോകുന്നു. 2015-ൽ അറസ്റ്റ് ചെയ്യപ്പെട്ട് നാലര വർഷത്തോളം യർവാദാ ജയിലിൽ കഴിയവേ എഴുതപ്പെട്ട പുസ്തകമാണിത്.


തടങ്കലിലിരിക്കേ കിട്ടാൻ എളുപ്പമായ പുസ്തകം എന്ന നിലയിൽ ബാലഗംഗാധര തിലകിന്റെ 'ഗീതാരഹസ്യം' എന്ന പുസ്തകത്തിൽനിന്ന് ലഭിച്ച തത്വശാസ്ത്രപരമായ ആശയങ്ങളുടെ വെളിച്ചത്തിൽ ബ്രാഹ്മണ്യത്തിന് ഒരു പുതിയ വിമർശം ചമയ്ക്കുകയാണീ കൃതി. വിമർശനമെന്നാൽ കണ്ണും പൂട്ടിയുള്ള ഒരു ആക്രമണം തന്നെയാണ്! ബ്രാഹ്മണ്യത്തിന്റെ ഏറ്റവും മഹത്തായ സംഭാവനയായി ഘോഷിക്കപ്പെടുന്ന അദ്വൈതദർശനം സ്വന്തം മൂലതത്വങ്ങളെ ആശ്രയിച്ച് നിൽക്കാൻ പോലും കെല്പില്ലാത്തതാണെന്നാണ് ആരോപണം. മാവോയിസത്തിന്റെ ഉച്ചസ്ഥായിയിലുള്ള വായ്ത്താരി പുസ്തകത്തിലുടനീളം കേൾക്കാം. ബ്രാഹ്മണ്യം മാത്രമല്ല, ലേഖകന് ശത്രുതയുള്ള എന്തും 'ദല്ലാൾ-ഉദ്യോഗസ്ഥമേധാവിത്വ ബൂർഷ്വാസിയുടേയും നാടുവാഴിത്തഭൂപ്രഭുക്കളുടേയും സാമ്രാജ്യത്വത്തിന്റേയും' താല്പര്യങ്ങളെ സേവിക്കുന്നു. The quick brown fox jumps over the lazy dog എന്ന വാചകത്തിൽ ഇംഗ്ലീഷിലെ 26 അക്ഷരങ്ങളും ഉണ്ട് എന്നു പറയുന്നതുപോലെ മേല്പറഞ്ഞ വാചകത്തിൽ മാവോയിസത്തിന്റെ വിമർശനാത്മകമായ മുഴുവൻ പദശേഖരവും അടങ്ങുന്നു. ജയിലിൽ റഫറൻസ് ഗ്രന്ഥങ്ങളുടെ അഭാവവും ലേഖകന്റെ മറാഠി ഭാഷയിലെ പരിചയക്കുറവും 'ഗീതാരഹസ്യ'ത്തിന്റെ വ്യാഖ്യാനത്തിൽ പാകപ്പിഴകൾ സൃഷ്ടിച്ചേക്കാം എന്നൊരു മുൻ‌കൂർ ജാമ്യം തുടക്കത്തിലേ എടുത്തുവെക്കുന്നു. തിലകിനെ അദ്ദേഹത്തിന്റെ പേരിന്റെ മറാഠി ഉച്ചാരണമായ 'ഠിളക്ക്' എന്ന് അഭിസംബോധന ചെയ്യുന്നത് കൗതുകകരമാണ്.


ബ്രാഹ്മണ്യത്തിനെതിരെയുള്ള ഈ വിമർശനകൃതിയിൽ ബ്രാഹ്മണ്യം എന്താണെന്നു നിർവചിക്കാത്തത് ഒരു കനത്ത പോരായ്മയാണ്. ചിലയിടങ്ങളിൽ ശരവ്യർ ബ്രാഹ്മണരാണ്, മറ്റിടങ്ങളിൽ ഹിന്ദുമതമാണ്, ഇനിയുമൊരിടത്ത് ഇന്ത്യൻ ദേശീയത, പിന്നെ മദ്ധ്യവർഗ്ഗം എന്നിങ്ങനെ ഗ്രന്ഥകാരന്റെ ശത്രുക്കളുടെ നിര പെരുകുന്നു. ഇവയെല്ലാറ്റിനേയും ബ്രാഹ്മണ്യത്തിന്റെ കുടക്കീഴിൽ ഒന്നിച്ചണിനിരത്തുന്നു. കായികവും മാനസികവുമായ അദ്ധ്വാനങ്ങൾ തമ്മിലുള്ള വൈരുദ്ധ്യം നിലനിൽക്കുന്നിടത്തോളംകാലം ബ്രാഹ്മണ്യവും നിലനിൽക്കും (പേജ് 35) എന്ന വാദത്തിൽ ബ്രാഹ്മണ്യത്തിന്റെ ഏതു മുഖത്തെയാണ് ഉദ്ദേശിക്കുന്നതെന്നു വ്യക്തമല്ല. മുഴുവൻ ഉപഭൂഖണ്ഡവും വ്യാപിച്ചുകിടക്കുന്നതാണ് ഭാരതമെന്നാണ് ബ്രാഹ്മണ്യസ്വപ്നമെങ്കിലും ആര്യാവർത്തവും അതിലെ ജനങ്ങളുമാണ് ശ്രേഷ്ഠർ എന്ന ധാരണയിൽനിന്ന് ഉടലെടുക്കുന്ന വംശീയവെറി കാമ്പിൽ തന്നെ അത് നിലനിർത്തിപ്പോരുന്നുണ്ട് എന്ന് മുരളി ആരോപിക്കുന്നു. ബ്രാഹ്മണ്യത്തോടുള്ള വെറുപ്പിന്റെ തീവ്രതയിൽ ചിലപ്പോൾ അദ്ദേഹത്തിന്റെ സമനില തെറ്റുന്നതായും തോന്നിപ്പോകുന്നു. 'മനുഷ്യജന്മത്തെ എന്തോ മഹത്തായ കാര്യമായാണ് ബ്രാഹ്മണ്യം കണക്കാക്കുന്നത്' (പേജ് 17) എന്ന വൃഥാവാദം അതിനുദാഹരണമാണ്. ഇന്ത്യയിലെ സകല രാഷ്ട്രീയപ്രസ്ഥാനങ്ങളും പ്രത്യേകിച്ച് പാർലമെന്ററി ഇടതുപക്ഷവും ബ്രാഹ്മണ്യ പ്രതീകങ്ങൾക്കുമേൽ അവകാശമുന്നയിക്കാൻ ആർ.എസ്.എസ്സുമായി മത്സരത്തിലാണ് (പേജ് 31).


അദ്വൈതത്തെ ഈ ഗ്രന്ഥം നിശിതമായി വിമർശിക്കുന്നു. ഒപ്പം തന്നെ അതിന്റെ അടിസ്ഥാന ആശയങ്ങളെ സുതാര്യമായി സംഗ്രഹിക്കുകയും ചെയ്യുന്നു. ഇത് അമിതമായ ലളിതവൽക്കരണമാകുന്നുണ്ടോ എന്ന സംശയം ബാക്കിനിൽക്കും. ആധുനികകാലത്ത് അദ്വൈതത്തിനു ലഭിച്ച ഉന്നതപദവിക്കുകാരണം കൊളോണിയൽ പൗരസ്ത്യവാദമാണ്. ഇത് ആത്മീയതയുടെ ഔന്നത്യം നിലനിർത്തിയ ആര്യൻ സുവർണകാലത്തെക്കുറിച്ചുള്ള പൗരസ്ത്യവാദ ധാരണയുടെ ഭാഗവുമാണ്. വിശിഷ്ടാദ്വൈതവും ദ്വൈതവാദവും ഇതിന്റെ ഫലമായി നിഗൂഢ ദാർശനികവ്യവഹാരങ്ങളുടെ വിദൂരമേഖലകളിലേക്ക് തള്ളിനീക്കപ്പെട്ടു. സർവ്വതിലും നിറഞ്ഞിരിക്കുന്ന നിർഗുണബ്രഹ്മത്തെക്കുറിച്ചും അതുമായി ഒരാളുടെ ആത്മാവിനുള്ള ഐക്യത്തെക്കുറിച്ചുള്ള തിരിച്ചറിവുമായി താരതമ്യം ചെയ്‌താൽ ദൈവം, സ്വർഗം എന്നിവയെല്ലാം നിസ്സാരമാണ് എന്ന ഉപനിഷത്തുക്കളിലെ ചിന്താസരണി ആദിശങ്കരൻ വിട്ടുവീഴ്ചയില്ലാതെ പാലിച്ചു. ജ്ഞാനം എന്നു വിളിക്കപ്പെടുന്ന അത്തരം അവബോധമാണ് ജനിമൃതികളുടെ നിതാന്ത പ്രവർത്തനത്തിൽനിന്നുള്ള മോക്ഷത്തിലേക്കുള്ള പാത. ഈ ദാർശനിക ഉന്നതങ്ങളിൽ കടിച്ചുതൂങ്ങിക്കിടക്കാതെ മതത്തിന്റെ സാമൂഹ്യധർമ്മങ്ങളായ ആശ്വാസത്തിന്റേയും സാമൂഹ്യസഹഭാവത്തിന്റേയും കടമകൾ നിർവചിക്കുന്നതിനായി മായ എന്ന പേരിൽ അത് ദൈവത്തെ കൂട്ടിനുവിളിച്ചു. ഐന്ദ്രികപ്രപഞ്ചത്തെക്കുറിച്ച് സ്വന്തം നിലയിൽ എന്തെങ്കിലും വിശദീകരണങ്ങൾ നൽകാനുള്ള സാദ്ധ്യതകളെ അതിന്റെ കേവല ഏകാത്മവാദം ഇല്ലാതാക്കി. ദ്വൈതവാദത്തിന്റെ ദർശനങ്ങൾ ഉൾപ്പെടുത്തിയാണ് ഈ വിഷമസന്ധിയിൽ നിന്ന് അത് രക്ഷപ്പെടുന്നത്.


രൂക്ഷവിമർശനങ്ങളുടെ നൈരന്തര്യത്തിനിടയിലും ബ്രാഹ്മണ്യത്തിന്റെ ചില നല്ല വശങ്ങൾ വകവെച്ചുകൊടുക്കുന്നുണ്ട്. സ്വന്തം മതശാസ്ത്ര ചട്ടക്കൂടിനകത്ത് മറ്റു മതവിശ്വാസങ്ങൾക്കും ഇടമനുവദിക്കാനാകുമെന്നതാണ് ബ്രാഹ്മണ്യത്തിന്റെ അതുല്യത (പേജ് 83). സെമിറ്റിക് മതങ്ങൾ, ബുദ്ധമതം മുതലായ ഏകദൈവാധിഷ്ഠിത മതങ്ങളിൽനിന്നും ഇത് അതിനെ വ്യത്യസ്തമാക്കുന്നു. ഈ വിശ്വാസങ്ങളുടെ മൂലതത്വങ്ങൾ തന്നെ മറ്റു മതങ്ങൾക്ക് ഇടമനുവദിക്കുന്നില്ല. അപരമായതിന് ഇടം അനുവദിക്കുന്നതുവഴി ബ്രാഹ്മണ്യം അവയെ ഒരു പരിധി വരെ ബഹുമാനിക്കുന്നു എന്നുകൂടി ഗ്രന്ഥകാരൻ പറഞ്ഞുവെക്കുന്നു. ബുദ്ധമതം ഒരു നിരീശ്വരമതമാണെന്ന ധാരണ വെച്ചുപുലർത്തുന്ന വായനക്കാരെ ഈ അഭിപ്രായം അത്ഭുതപ്പെടുത്തും. അതിനെ അസഹിഷ്ണുതയുടെ കാര്യത്തിൽ സെമിറ്റിക് മതങ്ങളുമായി താരതമ്യം ചെയ്യുന്നതിലുള്ള ഔചിത്യമില്ലായ്മ മുരളി പരിഗണനാവിഷയമാക്കുന്നില്ല.


അർബൻ നക്സലുകൾ എന്നറിയപ്പെടുന്ന മാവോയിസ്റ്റ് ബുദ്ധിജീവിഗണത്തിലെ ഒരു പ്രമുഖ സാന്നിദ്ധ്യമാണ് ഗ്രന്ഥകർത്താവ്. മദ്ധ്യ-പൂർവ ഭാരതത്തിലെ കാടുകളിൽ രാജ്യത്തിനെതിരെ പടപൊരുതുന്ന മാവോയിസ്റ്റ് തീവ്രവാദികൾക്ക് ആശയപരമായും സാധനസാമഗ്രികളുടെ ലഭ്യതാപരമായും പരിരക്ഷയൊരുക്കുക എന്നതാണ് ഇവരുടെ പ്രാഥമികദൗത്യം. മോഷ്ടാവ് വീടിനകത്ത് വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നുകൊണ്ടിരിക്കുമ്പോൾ ആരെങ്കിലും വരുന്നുണ്ടോ എന്നു നോക്കാൻ പുറത്തു നിർത്തിയിരിക്കുന്ന കൂട്ടാളികളുടെ കർമ്മമാണ് ഈ ബുദ്ധിജീവികൾ നിറവേറ്റിക്കൊണ്ടിരിക്കുന്നത്. മാവോയിസത്തിന്റെ ആശയപരവും പ്രായോഗികപരവുമായ കടംകഥകൾ ഈ പുസ്തകത്തിലെ ഓരോ വരിയിലും നിറഞ്ഞുനിൽക്കുന്നു. ഒന്നായിരിക്കുന്ന എല്ലാം വിപരീതങ്ങളുടെ ഐക്യമാണെന്ന് ചൂണ്ടിക്കാണിക്കുകവഴി ഏകാത്മവാദത്തിന്റെ എല്ലാ സാധ്യതകളേയും മാർക്സിസം പ്രകടമാക്കിയെന്നാണ് മുരളിയുടെ അവകാശവാദം. തികച്ചും സാങ്കല്പികമായ ഒരു താരതമ്യത്തിനുപോലും പ്രത്യയശാസ്ത്രപരമായ വർഗ്ഗസമരത്തെ അദ്ദേഹം കയ്യൊഴിയുന്നില്ല. ധ്യാനത്തിന്റെ സവിശേഷതകളെക്കുറിച്ചുള്ള ഈ വാചകം ശ്രദ്ധിക്കൂ: "ധ്യാനാവസ്ഥയിൽ ഒരു മുതലാളിക്ക് തന്റെ തൊഴിലാളികളുമായി സഹഭാവത്തിലാകാൻ കഴിഞ്ഞേക്കാം. എന്നാൽ സാധാരണ അവസ്ഥയിൽ മുതലാളിയായി തുടർന്നുകൊണ്ട് അതിനു കഴിയില്ല" (പേജ് 93). ധ്യാനത്തിൽപ്പോലും മുതലാളി വില്ലനാണ്! 'സന്ദേശം' എന്ന ചലച്ചിത്രത്തിലെ കപടവിപ്ലവകാരിയായ ശ്രീനിവാസന്റെ കഥാപാത്രം പറയുന്ന "അച്ഛനായിരുന്നോ, ഞാൻ വിചാരിച്ചു ഏതോ കുത്തകമുതലാളിയാണെന്ന്" എന്ന സംഭാഷണം കാലാതീതമായ ഉൾക്കാഴ്ചയാകുന്നത് ഇങ്ങനെയൊക്കെയാണ്.


ഇന്ത്യൻ ദേശീയതയുടെ നേർക്കുള്ള തികഞ്ഞ പുച്ഛമാണ് ഈ കൃതിയുടെ മറ്റൊരു സവിശേഷത. കോളനിവൽക്കരണത്തെത്തുടർന്നുണ്ടായ വെറുമൊരു യാദൃശ്ചികതയായിരുന്നുവത്രേ അത്. ഇന്ത്യൻ ദേശീയവാദം കപടബോധമാണെന്നും അതൊരു തലതിരിഞ്ഞ യാഥാർഥ്യമാണെന്നും സ്ഥാപിക്കാൻ ശ്രമിക്കുന്നതോടൊപ്പം തമിഴ്, മറാത്ത എന്നിവയൊക്കെയാണ് യഥാർത്ഥ ദേശീയത എന്നും വാദിക്കുന്നു. ഇവിടെ ഒരു മറുചോദ്യം പ്രസക്തമാണ്. തിബത്ത്, ഷിൻജിയാങ് എന്നിങ്ങനെ ചൈന ആക്രമിച്ചു കയ്യടക്കി വെച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ ദേശീയതകളെപ്പറ്റി ഗ്രന്ഥകാരന്റെ അഭിപ്രായമറിയാൻ വായനക്കാർ ആഗ്രഹിക്കുന്നു - ചൈനീസ് യജമാനന്മാരെ പിണക്കിക്കൊണ്ട് ഒരു അഭിപ്രായം അദ്ദേഹം നൽകാൻ ഇടയില്ലെന്നറിയാമെങ്കിലും! ജാതിപരമായും ദേശീയബോധത്തിൽ വ്യതിയാനങ്ങൾ വന്നേക്കും. പുലയരും നായന്മാരും മലയാളികൾ ആണെങ്കിലും പുലയർ അത്രത്തോളം മലയാളിത്തമില്ലാത്തവർ ആണെന്ന് മുരളി പ്രഖ്യാപിക്കുന്നു (പേജ് 134). ദേശീയതയുടെ ബിംബങ്ങളെയും ഈ കൃതി ചെളിവാരിയെറിയാൻ ശ്രമിക്കുന്നു. വന്ദേമാതരഗീതത്തിന്റെ രചയിതാവായ ബങ്കിംചന്ദ്ര ചാറ്റർജി ഗ്രന്ഥകാരനെ സംബന്ധിച്ചിടത്തോളം 'ദല്ലാൾ ബുദ്ധിജീവിയാണ്' (പേജ് 141). ഗാന്ധിജിയെ പുസ്തകത്തിലുടനീളം സംബോധന ചെയ്തിരിക്കുന്നത് എം. കെ. ഗാന്ധിയെന്നാണ്.


ഒരു രാഷ്ട്രത്തിലെ പൗരന്മാർ തങ്ങളുടെ ദേശീയതയെ ചോദ്യം ചെയ്യുന്ന അഭിപ്രായങ്ങളേയും നേരിടണം എന്ന യുക്തിയുടെ അടിസ്ഥാനത്തിൽ ഈ കൃതി ശുപാർശ ചെയ്യുന്നു.

 
Book Review of 'Brahmanya Vimarsham' by K. Murali
Publisher: Pusthaka Prasadhaka Sangham, 2020
ISBN: 9789388646550
Pages: 159

 

No comments:

Post a Comment