ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ ഏറ്റവുമധികം ഊതിവീർപ്പിച്ച പെരുംനുണയാണ് അഹിംസ. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ ധാർമ്മികശക്തി കൊണ്ട്, ആയുധം കൈകൊണ്ടുതൊടാതെ, സമരസൈനികർ മുട്ടുകുത്തിച്ചു എന്നത് ചോദ്യം ചെയ്യപ്പെടാനാവാത്ത ഒരു ദൈവികവെളിപാട് പോലെ തലമുറകൾ തോറും കൈമാറി വരുന്നു. മഹാത്മജിയുടെ പല പ്രക്ഷോഭങ്ങളും തുടക്കത്തിൽ അക്രമരഹിതമായിരുന്നുവെങ്കിലും പിന്നീട് നിയന്ത്രണം കൈവിട്ടുപോവുകയും വ്യാപകമായ അക്രമങ്ങളിൽ അവസാനിക്കുകയും ചെയ്ത നിരവധി സന്ദർഭങ്ങളുണ്ട്. അഹിംസ ഭാരതീയസമൂഹത്തിന്റെ മുഖമുദ്രയായിട്ടൊന്നും ഒരിക്കലും സ്വീകരിച്ചിട്ടില്ല, പ്രത്യേകിച്ചും ഇരുപതാം നൂറ്റാണ്ടിന്റെ പൂർവാർദ്ധത്തിൽ. വർഗ്ഗീയലഹളകൾ ഏറ്റവും ഭീകരമായ വിധത്തിൽ രാജ്യത്ത് താണ്ഡവമാടിയ നാളുകളായിരുന്നു അവ. എങ്കിലും അഹിംസയുടെ കൊടിക്കീഴിലാണ് ഭാരതം സ്വതന്ത്രമായതെന്ന ആത്മവഞ്ചനയിൽ നാം അഭിരമിച്ചുകൊണ്ടേയിരിക്കുന്നു. എന്നാൽ അക്രമത്തിന്റേതായ ഒരു പാത സ്വാതന്ത്ര്യസമരം ഒരുകാലത്ത് ഉപയോഗിച്ചിരുന്നു എന്നതാണ് സത്യം. ധീരദേശാഭിമാനികൾ വ്യക്തിപരമായ വീര്യവും സാഹസികതയും ഒരുമിച്ചുചേർത്ത് ബ്രിട്ടീഷ് താല്പര്യങ്ങളേയും ചിഹ്നങ്ങളേയും വ്യക്തികളേയും കായികമായിത്തന്നെ ആക്രമിച്ചു. പിടിക്കപ്പെട്ടവർ ദീർഘകാലത്തെ ജയിൽവാസവും നാടുകടത്തലും തൂക്കുമരവുമെല്ലാം സസന്തോഷം വരിച്ചു. പക്ഷേ ക്രമേണ ഈ സായുധസമരങ്ങൾ അപ്രത്യക്ഷമായി. സർക്കാർ നടപ്പാക്കിയ കടുത്ത ശിക്ഷകളേക്കാളേറെ ഗാന്ധിജിയുടെ സമരമാർഗ്ഗങ്ങൾ ജനശ്രദ്ധ പിടിച്ചുപറ്റിയതാണ് അതിന്റെ പ്രത്യക്ഷമായ കാരണം എന്നു കാണാനാകും. വൈസ്രോയി ഹാർഡിഞ്ച് പ്രഭുവിനുനേരെ ദില്ലിയിൽ വെച്ച് ബോംബെറിഞ്ഞതിനുശേഷം വിപ്ലവപ്രസ്ഥാനത്തിന്റെ ശക്തി ക്രമാനുഗതമായി ക്ഷയിച്ചതോടെ സുഗമമായ പ്രവർത്തനത്തിനായി ജപ്പാനിൽ കുടിയേറിയ ധീരവിപ്ലവകാരിയായ റാഷ് ബിഹാരി ബോസിന്റെ ജീവിതകഥയാണ് ഈ പുസ്തകം.
വിപ്ലവപ്രസ്ഥാനങ്ങളിലെ ശക്തമായ സാന്നിദ്ധ്യമായിരുന്ന ധർമ്മവീരയാണ് ഈ കൃതിയുടെ രചയിതാവ്. I Threw the Bomb എന്ന ആ കൃതിയുടെ മലയാളപരിഭാഷ നിർവഹിച്ചിരിക്കുന്നത് പെരുന്ന കെ. എൻ. നായർ ആണ്. ബോസിന്റെ ഏറ്റവും ആധികാരികമായ ജീവചരിത്രം എന്നു വിശേഷിപ്പിക്കാവുന്ന ഇതിന് അവതാരിക എഴുതിയിരിക്കുന്നത് ജപ്പാനിൽ ബോസിന്റെ സഹപ്രവർത്തകനായിരുന്ന നായർ സാൻ എന്നു വിളിക്കപ്പെടുന്ന ഏ. എം. നായരാണ്. ജാപ്പനീസ് സമൂഹവുമായി വളരെ അടുത്ത തലങ്ങളിൽ ഇടപാടുകൾ നടത്തിയിരുന്ന റാഷ് ബിഹാരിയാണ് ശ്രീബുദ്ധൻ കഴിഞ്ഞാൽ ജപ്പാൻകാർ ഏറ്റവുമധികം അറിയുകയും ആദരിക്കുകയും ചെയ്യുന്ന ഇന്ത്യാക്കാരൻ എന്നാണ് നായർ സാൻ അഭിപ്രായപ്പെടുന്നത്.
തന്ത്രപരമായ മാർഗ്ഗങ്ങളിലൂടെ റാഷ് ബിഹാരി ബ്രിട്ടീഷ് പോലീസിന്റെ ഉറക്കം കെടുത്തി. സർക്കാർ ജീവനക്കാരനായി പ്രവർത്തിക്കുമ്പോൾത്തന്നെ അദ്ദേഹം അട്ടിമറികൾ വിജയകരമായി ആസൂത്രണം ചെയ്തുനടത്തുകയും രഹസ്യാന്വേഷകരുടെ ശ്രദ്ധ തന്നിൽ പതിയാതെ സൂക്ഷിക്കുകയും ചെയ്തു. 1912-ൽ ദില്ലിയിൽ ഒരു ഘോഷയാത്രക്കിടെ വൈസ്രോയിക്കുനേരെ ബോംബെറിഞ്ഞതിനുശേഷം അവിടെനിന്നു രക്ഷപ്പെട്ട് മണിക്കൂറുകൾക്കകം താൻ ജോലിചെയ്യുന്ന ഡെറാഡൂണിൽ ഒരു പൊതുയോഗം വിളിച്ചുകൂട്ടി ആ ബോംബാക്രമണത്തെ അദ്ദേഹം നിശിതമായി വിമർശിച്ചു! ആക്രമണത്തിൽ ആരും കൊല്ലപ്പെട്ടിരുന്നില്ല. പിന്നീട് വൈസ്രോയി ഹാർഡിഞ്ച് പോലും ഈ യോഗത്തെപ്പറ്റി തന്റെ ഔദ്യോഗികരേഖകളിൽ പരാമർശിച്ചിരുന്നു എന്നത് കൗതുകകരമാണ്. എന്നാൽ എക്കാലവും പ്രവർത്തനങ്ങൾ രഹസ്യമാക്കി വെക്കാൻ ആരാലും സാദ്ധ്യമാവുമായിരുന്നില്ല. കൂടുതൽ പ്രവർത്തകർ പിടിയിലായതോടെ ബോസ് ഒളിവിൽ പോവുകയും പിന്നീട് ജപ്പാനിലേക്ക് താമസം മാറ്റുകയും ചെയ്തു. അദ്ദേഹത്തെ അറസ്റ്റുചെയ്ത് ഇന്ത്യയിലേക്കയക്കാൻ ജപ്പാനുമേൽ ബ്രിട്ടീഷുകാർ സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ പിന്നീട് ഹോംഗ്കോങ്ങിലേക്കു പോവുകയായിരുന്ന ഒരു ജാപ്പനീസ് കപ്പലിനെ മറ്റൊരു ബ്രിട്ടീഷ് യുദ്ധക്കപ്പൽ നിയമരഹിതമായും പൈശാചികമായും ആക്രമിച്ച് 16 യാത്രക്കാരെ തട്ടിക്കൊണ്ടുപോയ സംഭവത്തോടെയാണ് ജപ്പാനിലെ പൊതുവികാരം ബ്രിട്ടനെതിരെ തിരിഞ്ഞതും ബോസിന് സുഗമമായി പുറത്തിറങ്ങി പ്രവർത്തിക്കാൻ സാധിക്കുകയും ചെയ്തത്. മാതൃഭൂമിക്കുവേണ്ടി ആത്മാഹുതി നടത്തുന്നത് വിശ്വാസപ്രമാണമാക്കിയിട്ടുള്ള യുദ്ധവീരന്മാരുടെ നാട് എന്ന നിലക്കാണ് 1915-ൽ ബോസ് ജപ്പാൻ തിരഞ്ഞെടുക്കുന്നത്. കൂടാതെ 1905-ൽ കൊച്ചുജപ്പാൻ ഭീമാകാരനായ റഷ്യയെ യുദ്ധത്തിൽ പരാജയപ്പെടുത്തുകയും ചെയ്തിരുന്നുവല്ലോ.
റാഷ് ബിഹാരിയും അരവിന്ദനും നയിച്ച വിപ്ലവപ്രസ്ഥാനങ്ങൾ റഷ്യയിലെ ഒക്ടോബർ വിപ്ലവത്തിനുമുമ്പാണ് തങ്ങളുടെ പ്രവർത്തനങ്ങളുടെ പരമകാഷ്ഠയിലെത്തിയത്. അതുകൊണ്ടുതന്നെ കമ്യൂണിസ്റ്റ് ആശയങ്ങൾ അവരെ സ്വാധീനിച്ചിരുന്നില്ല. രാജ്യത്തോടുള്ള അചഞ്ചലമായ സ്നേഹവും അതിന്റെ സംസ്കാരത്തോടുള്ള നിർവ്യാജമായ കൂറുമാണ് അവരെ നയിച്ചത്. വിപ്ലവപ്രസ്ഥാനത്തിൽ ചേരുന്നതിന് പ്രാപ്തനായ ഒരു ഗുരുവിന്റെ ശിക്ഷണത്തിൽ ഭഗവദ് ഗീതാപഠനം അനുപേക്ഷണീയമായ ഒരു മുന്നോടിയായിരുന്നു. അംഗമാകുന്ന ആൾ കാളിയുടെ മുമ്പാകെ ഒരു യജ്ഞം നടത്തേണ്ടിയിരുന്നു. പിന്നീട് ഉടവാളും പിടിച്ച് തലയിൽ ഗീതയുമായി അയാൾ ഇടത്തേ കാൽമുട്ടുമടക്കി പ്രണാമം ചെയ്യണം - അങ്ങനെയൊക്കെയായിരുന്നു അവരുടെ ഉപക്രമച്ചടങ്ങുകൾ. റാഷ് ബിഹാരി ഒരു തികഞ്ഞ ദൈവവിശ്വാസിയും നിഷ്കാമകർമ്മത്തിൽ വിശ്വസിച്ചിരുന്ന ആളുമായിരുന്നു. അതുകൊണ്ടായിരിക്കാം പിന്നീടുവന്ന ഇടതു വിപ്ലവകാരികൾ ഈ പ്രാഥമികപ്രസ്ഥാനങ്ങളെ തീർത്തും അവഗണിച്ചുകളഞ്ഞത്!
ആസാദ് ഹിന്ദ് ഫൗജ് അഥവാ INA രൂപീകരിച്ചത് റാഷ് ബിഹാരിയുടെ നേതൃത്വത്തിൽ 1942 ജൂണിൽ ബാങ്കോക്കിൽ കൂടിയ ഒരു സമ്മേളനത്തിൽ വെച്ചാണ്. സുഭാഷ് ചന്ദ്രബോസ് പിന്നീടിതിന്റെ നേതൃത്വം ഏറ്റെടുക്കുകയാണ് ഉണ്ടായത്. അതിനു വഴിയൊരുക്കിയത് സേനയുടെ ഭരണസമിതിയിൽ ഉടലെടുത്ത കടുത്ത അഭിപ്രായഭിന്നതയും. ജാപ്പനീസ് സൈന്യത്തിനുമുന്നിൽ കീഴടങ്ങുന്ന ബ്രിട്ടീഷ് സേനാദളങ്ങളിലെ ഇന്ത്യൻ സൈനികരെയാണ് ഐ.എൻ.ഏയിലേക്ക് ആകർഷിച്ചു ചേർത്തിരുന്നത്. യുദ്ധത്തടവുകാരനായി തടങ്കലിൽ കഴിയുന്നതിനേക്കാൾ മെച്ചമായ സാഹചര്യങ്ങളാണല്ലോ പൊരുതുന്ന ഒരു ഭടനുണ്ടാവുക! ഇതും കൂടുതലാളുകളെ ലഭിക്കുന്നതിനുള്ള ഒരു അനുകൂലഘടകമായിരുന്നു. ഇതുകൂടാതെ ആദ്യ ജനറലായിരുന്ന മോഹൻ സിംഗ് ഐ.എൻ.ഏയിൽ ചേരാൻ വിസമ്മതിച്ച ചില ഇന്ത്യൻ സൈനികരെ വെടിവെച്ചുകൊല്ലുകയും മർദ്ദിക്കുകയും ചെയ്യുമായിരുന്നുവത്രേ. ഇതിന്റെപേരിൽ റാഷ് ബിഹാരിയും സിംഗും തെറ്റിപ്പിരിഞ്ഞു. തുടർന്ന് മോഹൻ സിംഗിനെ ക്യാപ്റ്റനായി തരംതാഴ്ത്തിയതോടെ അദ്ദേഹം രാജിവെച്ചു പുറത്തുപോയി. ഈ ഘട്ടത്തിലാണ് സുഭാഷ് ചന്ദ്രബോസ് ജർമ്മനിയിൽനിന്ന് മടങ്ങിയെത്തി നേതൃസ്ഥാനം ഏറ്റെടുക്കുന്നത്.
കാര്യമാത്രപ്രസക്തമായ വിവരങ്ങൾ മാത്രമേ ഈ പുസ്തകത്തിലുള്ളൂ. വായനക്കാരെ രസിപ്പിക്കുക എന്നതിലുപരി ഒരു വിപ്ലവകാരിയുടെ ജീവിതകഥ കൂടുതൽ ജനങ്ങളെ അറിയിക്കുക എന്നതാണിതിന്റെ ദൗത്യം.
പുസ്തകം ശുപാർശ ചെയ്യുന്നു.
പുസ്തകം ശുപാർശ ചെയ്യുന്നു.
Book Review of 'Njan Viceroyiye Bomberinju' by Dharmaveera and translated by Perunna K N Nair
Publisher: DC Books, 1986
ISBN: Nil
Pages: 183