പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ധാരാളമായി ബ്രിട്ടനിൽ വിദ്യാഭ്യാസം നടത്തുന്ന രീതി നിലവിൽ വന്നു. സ്വതന്ത്ര ചിന്തയുടേയും ലിബറൽ ആശയങ്ങളുടേയും സ്വാധീനം അവർ സ്വാംശീകരിക്കുകയും പിന്നീട് ഭാരതത്തിന്റെ വികാസത്തിനായി വിനിയോഗിക്കുകയും ചെയ്തു. എങ്കിലും മലയാളത്തിൽ അത്തരം ആളുകളോ അവർ ഇംഗ്ലണ്ടിൽ നേരിട്ട വസ്തുതകളുമായി സാധാരണ ജനങ്ങൾക്ക് പരിചയമോ ഉണ്ടായിരുന്നില്ല. ബാരിസ്റ്റർ ജി. പരമേശ്വരൻ പിള്ള 1897-ൽ മൂന്നുമാസം ലണ്ടനിലും പാരീസിലുമായി ചുറ്റിസഞ്ചരിച്ചതിന്റെ വിശദ വിവരങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ചെന്നൈയിൽ താൻ ജോലിചെയ്യുന്ന പത്രത്തിലേക്ക് ആഴ്ചയിൽ ഒന്ന് എന്ന നിരക്കിൽ എഴുതപ്പെട്ട പന്ത്രണ്ടു കത്തുകളായിട്ടാണ് അദ്ധ്യായങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്. ഇത് മലയാളത്തിലെ രണ്ടാമത്തെ സഞ്ചാരസാഹിത്യ ഗ്രന്ഥമാണ്. പാറേമ്മാക്കിൽ തോമാ കത്തനാരുടെ 'വർത്തമാനപുസ്തകം അഥവാ റോമായാത്ര' എന്ന ആദ്യപുസ്തകം 1778 മുതൽ 1786 വരെ കത്തനാർ നടത്തിയ വിദേശയാത്ര വിവരിക്കുന്നു. തിരുവിതാംകൂർ രാജാവുമായുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് ചെന്നൈയിൽ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കേണ്ടി വന്നയാളാണ് ജി. പരമേശ്വരൻ പിള്ള എന്ന ജി. പി. പിള്ള.
ഈ പുസ്തകം ഇംഗ്ലീഷിലാണ് രചിക്കപ്പെട്ടതെങ്കിലും സി. പി. ശങ്കുണ്ണിമേനോന്റെ പരിഭാഷ അതിനെ ഒരുത്തമ മലയാളകൃതി തന്നെയായി വായനക്കാർക്ക് അനുഭവപ്പെടുത്തുന്നു. നൂറു വർഷം മുൻപത്തെ മലയാളഗദ്യം ആധുനികഭാഷയിൽനിന്ന് പ്രകടമായിത്തന്നെ വ്യത്യസ്തമാണെങ്കിലും സുഗമമായ വായനക്ക് തടസ്സം സൃഷ്ടിക്കുന്നില്ല. ഒരു വിനോദസഞ്ചാരിയുടെ അനുഭവങ്ങൾ എന്ന നിലയിലാണ് ഈ കൃതി ശ്രദ്ധേയമാകുന്നത്. ലണ്ടനിലെ തെരുവുകളിലും വാടകയ്ക്കു ലഭിക്കുന്ന താമസസ്ഥലങ്ങളിലും ക്ഷുരകൻ, ഭക്ഷണശാല എന്നിവിടങ്ങളിലും എന്താണ് പ്രതീക്ഷിക്കേണ്ടതെന്നും എന്താണ് ലഭ്യമാകുകയെന്നും അവ കൃത്യമായി പരിചയപ്പെടുത്തുന്നു. ഫലിതരസം അടിമുടി നിറഞ്ഞുനിൽക്കുന്ന ശൈലിയോടൊപ്പംതന്നെ നർമഭാവന വഴിഞ്ഞൊഴുകുന്ന നിരവധി രേഖാചിത്രങ്ങളും കാണാം. ഖണ്ഡികകൾ ചിലപ്പോഴെല്ലാം നിരവധി പേജുകളിലായി പടർന്നുകിടക്കുന്നത്രയും വലുതാണ്. സമാനമായ മലയാളപദങ്ങൾ കണ്ടെത്താൻ പരിഭാഷകൻ വിഷമിക്കുന്ന സന്ദർഭങ്ങളും ഉണ്ട്. തീവണ്ടി പ്ലാറ്റ്‌ഫോമിനെ 'വണ്ടി വന്നുനിൽക്കുന്ന തിണ്ണ' എന്നു വിശേഷിപ്പിക്കുന്നത് അത്തരത്തിൽ ഒന്നാണ്. ഇന്ത്യാക്കാർ വിവേചനമൊന്നും നേരിടുന്നില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നതോടൊപ്പം ബ്രിട്ടീഷുകാരുടെ അമിതമായ മദ്യപാനശീലത്തെ ഗ്രന്ഥകാരൻ വിമർശിക്കുകയും ചെയ്യുന്നു.
ലണ്ടനിലെ ഹൈഡ് പാർക്കിൽ ദശാബ്ദങ്ങൾക്കുശേഷം എസ്. കെ. പൊറ്റെക്കാട് നിരീക്ഷിച്ച പ്രാസംഗിക സമൂഹം പിള്ളയുടെ കാലത്തും വീറോടെ തങ്ങളുടെ ഭാഗം വാദിച്ചിരുന്നു - കാണാനും കേൾക്കാനും ആരുമില്ലെങ്കിലും. ലേഖകന്റെ നർമ്മബോധം ആത്മവിമർശനത്തിലൂടെയും വെളിവാകുന്നു. ഇംഗ്ലണ്ടിൽ ബാരിസ്റ്റർ പരീക്ഷയ്ക്കു പഠിക്കുവാൻ ബുദ്ധി കൊണ്ട് അധികപ്രയത്നമൊന്നും ആവശ്യമില്ലെന്ന് അദ്ദേഹം സമ്മതിക്കുന്നു. അതിനാൽ ഇന്ത്യയിൽനിന്ന് പഠിപ്പിനായി വന്നവർ ഭാഗ്യശാലികളാണ്. 'നല്ല ഭക്ഷണം കഴിക്കും, വിശേഷപ്പെട്ട മദ്യം സേവിക്കും, വിശേഷപ്പെട്ട മാതിരിയിൽ ഉടുക്കും, പലപ്പോഴും വാടകവീടിന്റെ ഉടമസ്ഥയുമായിട്ടോ അവളുടെ മകളുമായിട്ടോ അല്പം രഹസ്യവും ഉണ്ടാകും' എന്നിങ്ങനെയായിരുന്നുവത്രേ ഒട്ടു മിക്ക ഇന്ത്യൻ വിദ്യാർത്ഥികളുടേയും നില. ഇംഗ്ലണ്ടിൽ പഠനത്തിനൊരുങ്ങിയ ഗാന്ധിജിയോട് മാംസാഹാരം കഴിക്കരുതെന്നും സ്ത്രീകളുമായി സഹവസിക്കരുതെന്നും അദ്ദേഹത്തിന്റെ അമ്മ പ്രതിജ്ഞ ചെയ്യിച്ചു വാങ്ങിയിരുന്നത് ഓർക്കുക. പിള്ളയുടെ ചില നിരീക്ഷണങ്ങൾ വളരെ കൗതുകകരമാണ്. പാരീസിലെ സ്ത്രീകൾക്ക് ബ്രിട്ടീഷ് സ്ത്രീകളുടെ കവിളത്തുള്ളതിനേക്കാൾ രക്തപ്രസാദം കൊണ്ടുകാണുന്ന പ്രഭ കുറവാണെങ്കിലും അവരെ കാണാൻ കൗതുകമുണ്ടെന്നും അവർക്കു നടക്കാൻ പ്രയാസമില്ലെന്നുമുള്ള നിരീക്ഷണം വായനക്കാരെ രസിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്.
ലേഖകൻ ബ്രിട്ടീഷ് യാത്ര ചെയ്ത 1897-ൽ ഇന്ത്യയിലെ ദേശീയപ്രസ്ഥാനം ശൈശവദശയിലായിരുന്നു. സമരങ്ങളോ പ്രക്ഷോഭങ്ങളോ അതിന്റെ ഭാഗമായിക്കഴിഞ്ഞിരുന്നില്ല. പരാതികൾ വ്യവസ്ഥാപിത മാർഗങ്ങളിലൂടെ ഉന്നയിക്കുകയും ഔദ്യോഗികപാതകളിലൂടെ യാചനയായും നിവേദനമായും അവതരിപ്പിച്ച് പരിഹാരമാർഗ്ഗങ്ങൾ തേടുക എന്ന പരിമിതമായ ലക്ഷ്യങ്ങളേ അന്നുണ്ടായിരുന്നുള്ളൂ. സ്വതന്ത്രനും സ്വേച്ഛാധിപത്യത്തിനെതിരെ ശക്തമായ നിലപാടുകൾ എടുത്തിട്ടുള്ളവനുമായ ജി. പി. പിള്ളക്ക് പക്ഷേ ഇന്ത്യ ബ്രിട്ടീഷ് ബന്ധം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും സാധിച്ചിരുന്നില്ല എന്നു കാണാൻ കഴിയും. തിരുവിതാംകൂറിൽ അവഗണന നേരിട്ടിരുന്ന ഈഴവ സമുദായത്തിന്റെ പ്രശ്നങ്ങൾ ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിച്ച് അധികൃതശ്രദ്ധ നേടിയെടുക്കുന്നതിനായിട്ടാണ് അദ്ദേഹത്തിന്റെ യാത്ര വിഭാവനം ചെയ്തിരുന്നത്. മടക്കയാത്രയിൽ ഭാരതത്തിന്റെ ഭാവിഭാഗധേയത്തെക്കുറിച്ചും അദ്ദേഹം ചില അഭിപ്രായങ്ങൾ പുറപ്പെടുവിക്കുന്നു. ഇന്ത്യ ബ്രിട്ടനോടൊപ്പം ജയിക്കുകയോ നശിക്കുകയോ വേണമെന്നും ഇത് യാഥാർഥ്യമാക്കാനുള്ള ഏകമാർഗം ഇന്ത്യയിൽ ബ്രിട്ടീഷുകാരും ഇന്ത്യാക്കാരും തമ്മിൽ യോജിപ്പിനുള്ള തടസ്സം ഇല്ലായ്മ ചെയ്ത് രണ്ടിടത്തേയും യോഗക്ഷേമങ്ങൾ ഒന്നാക്കിത്തീർക്കുന്നതുമാണ് എന്നാണ് അദ്ദേഹം കരുതുന്നത് (പേജ് 175).
പുസ്തകം ശുപാർശ ചെയ്യുന്നു.
പുസ്തകം ശുപാർശ ചെയ്യുന്നു.
Book Review of 'Londonum Parissum' by Barrister G. P. Pillai
Publisher: DC Books, 1982 (First published 1897)
ISBN: Nil
Pages: 176
No comments:
Post a Comment