Sunday, June 6, 2021

തെണ്ടികളുടെ രാജാപ്പാർട്ട്

ഏ. പി. ഉദയഭാനു (1915-1999) സാഹിത്യകാരൻ, സ്വാതന്ത്ര്യസമരസേനാനി, പത്രപ്രവർത്തകൻ, കോൺഗ്രസ് നേതാവ് എന്നീ നിലകളിലെല്ലാം വളരെ പ്രശസ്തി നേടിയ വ്യക്തിയാണ്. പുതിയ തലമുറക്ക് അദ്ദേഹം അത്ര സുപരിചിതനല്ല, എന്തെന്നാൽ ഏകദേശം പതിനഞ്ചോളം പുസ്തകങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെങ്കിലും അവയിൽ ഒരു മാസ്റ്റർപീസിനെ കണ്ടെത്താൻ ബുദ്ധിമുട്ടായിരിക്കും. നർമത്തിൽ ചാലിച്ചെഴുതിയ ലഘു ഉപന്യാസങ്ങളുടെ പേരിലാണ് ഉദയഭാനു സാഹിത്യലോകത്ത് അറിയപ്പെടുന്നത്. നർമമൊക്കെയുണ്ടെങ്കിലും അവയിലെ സാമൂഹ്യവിമർശനം പലപ്പോഴും നിശിതവും കുറിക്കു കൊള്ളുന്നതുമായിരിക്കും. പലപ്പോഴും സാധാരണമെന്നുകരുതി നാം വിട്ടുകളയുന്ന പല സംഭവങ്ങൾക്കും നാം കാണാത്ത മറ്റൊരു തലമുണ്ടെന്നുകൂടി ഈ ലേഖനങ്ങൾ കാണിച്ചുതരുന്നു. അത്തരം 25 ഹൃസ്വലേഖനങ്ങളുടെ ഒരു സമാഹാരമാണ് ഈ കൃതി. ലോക്ക്ഡൗൺ മൂലം ലൈബ്രറി പ്രവർത്തിക്കാതായതോടെ കൈവശമുള്ള പഴയ പുസ്തകങ്ങളൊക്കെ പൊടി തട്ടിയെടുത്തപ്പോൾ കിട്ടിയതാണ് 1982-ൽ പുറത്തുവന്ന ഈ പുസ്തകം. ഏതാണ്ട് മുപ്പതുവർഷം മുമ്പ് ഒരിക്കൽ വായിച്ചതാണെങ്കിലും രണ്ടാമതൊരു വായനയിലും വിരസത അനുഭവപ്പെട്ടില്ലെന്നു മാത്രമല്ല, മുൻപു കാണാതിരുന്ന ചില വസ്തുതകൾ കണ്ടെത്താനുമായി.

സാഹിത്യകാരന്മാർ പൊതുവേ ഇടതുപക്ഷചായ്‌വ്‌ പ്രകടിപ്പിക്കുന്ന കേരളത്തിൽ അതിന് നേർവിപരീതമായി നിൽക്കുന്ന ഉദയഭാനു വ്യത്യസ്തത പുലർത്തുന്നു. പബ്ലിക് സർവീസ് കമ്മീഷൻ അംഗമായിരുന്ന അദ്ദേഹം പദവികൾ തന്റെ ജന്മസ്വഭാവത്തിൽ മാറ്റങ്ങൾ വരുത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കയ്യിലൊന്നും സ്വന്തമായില്ലാതെ പദവികളുടെ ബലത്തിൽ കൃത്രിമമായി മേനി നടിക്കുന്നതിനെ 'തെണ്ടികൾ രാജാപ്പാർട്ട്' കെട്ടുന്നതുപോലെ എന്നാണ് അദ്ദേഹം പരിഹസിക്കുന്നത്. ഇതുതന്നെയാണ് ഗ്രന്ഥശീർഷകമായി ഭവിച്ച ഒരു ലേഖനത്തിന്റേയും കാതൽ. പദവികൾ നല്ലതാണ്, അവ നമ്മുടെ ജന്മവാസനകളെ തേച്ചുമിനുക്കി സമൂഹനന്മക്കായി ഉപയോഗിക്കാൻ സാധിക്കുമെങ്കിൽ. തിരുവിതാംകൂറിൽ നിലനിന്നിരുന്ന വിശ്വാസങ്ങളിലും ആചാരങ്ങളിലും ഗ്രന്ഥകാരൻ പൂർണ്ണമനസ്സോടെ പങ്കുകൊണ്ടു. ക്ഷേത്രദർശനം വിധിയാംവണ്ണം നടത്തിയതിൽ അഭിമാനവും ആശ്വാസവും കൊള്ളുന്ന സാഹിത്യകാരന്മാർ ഏറെയില്ല കേരളത്തിൽ. ആറാട്ടിനും പൂജയെടുപ്പിനും ആചാരപരമായി എഴുന്നെള്ളുന്ന, പേരിൽ മാത്രം രാജത്വമുള്ള, തിരുവിതാംകൂറിലെ രാജപ്രമുഖനെ തെരുവീഥിയിൽ അനുഗമിക്കാൻ വെമ്പൽ കൊള്ളുന്ന മനസ്സും നമുക്കിതിൽ കാണാം. ആലുംമൂട്ടിൽ ചാന്നാരുടെ കുടുംബത്തിൽ ജനിച്ച ഉദയഭാനു ജന്മം കൊണ്ട് പിന്നോക്കസമുദായക്കാരനാണെങ്കിലും കുടുംബവൈശിഷ്ട്യത്താൽ തിരുവിതാംകൂറിലെ പ്രമുഖ കുടുംബപരമ്പരയിലെ ഒരു കണ്ണിയാണ്. ഈ അഭിജാതസ്വഭാവം ലേഖനപരമ്പരയിൽ ഇടയ്ക്കിടെ തിരനോട്ടം നടത്തുന്നുമുണ്ട്.

പുസ്തകത്തിന്റെ അവതാരിക രചിച്ച പ്രൊഫ. ജി. കുമാരപിള്ള പ്രൗഢിയിൽ അതിനെ ഒരു സമഗ്രനിരൂപണത്തിന്റെ നിലവാരത്തിലേക്കുയർത്തി. പുസ്തകത്തിൽനിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് അത് കൃത്യമായി വായനക്കാരെ പറഞ്ഞുമനസ്സിലാക്കി. ഉദയഭാനുവിന്റെ ചില നിരീക്ഷണങ്ങൾ പിൽക്കാലത്ത് സത്യമായി വന്ന ചില ഉദാഹരണങ്ങളും ഇതിലുണ്ട്. കത്തുകൾക്ക് തപാൽ പിൻകോഡ് ഉപയോഗിക്കുന്നതുപോലെ മനുഷ്യർക്കും പിൻകോഡ് വേണ്ടതാണെന്നുള്ള നിരീക്ഷണം ആധാറിന്റെ വരവോടെ യാഥാർത്ഥ്യമായി (ആസ്ത്മാ അപ്പൂപ്പൻ എന്ന ലേഖനം). സ്വന്തം പേരിലുള്ള ഒരു റോഡ് ദൂരദിക്കിൽ കണ്ടതിനെത്തുടർന്നുണ്ടായ വൃഥാഭിമാനം അത് മറ്റൊരു വ്യക്തിയെ ഉദ്ദേശിച്ചുള്ളതാണെന്നു വ്യക്തമായപ്പോൾ ഇല്ലാതായതിനെ പൊതുപ്രവർത്തകർക്ക് യോജിച്ച ഒരു പാഠമായി ഉൾക്കൊള്ളാവുന്നതാണ്.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Thendikalude Rajapart' by A P Udayabhanu
Publisher: DC Books, 1982
ISBN: Nil
Pages: 140
 

No comments:

Post a Comment