ഇന്ത്യൻ രാഷ്ട്രീയത്തിൽ അകാലത്തിൽ പൊലിഞ്ഞുപോയ ഒരു തിളങ്ങുന്ന വിളക്കായിരുന്നു ദീനദയാൽ ഉപാദ്ധ്യായ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഭാരതീയ ജനസംഘം എന്ന കക്ഷി ദേശീയതലത്തിൽ കോൺഗ്രസ്സിനുപിന്നിൽ രണ്ടാമതെത്തി. രാഷ്ട്രീയം പ്രക്ഷുബ്ധതയിലേക്കും ഇന്ദിരാഗാന്ധിയിലേക്കും ഒഴുകിയ 1960-കളുടെ അന്ത്യത്തിൽ ദീനദയാൽ ഉപാദ്ധ്യായയുടെ മൃതശരീരം യു.പിയിലെ മുഗൾസരായ് റെയിൽവേ സ്റ്റേഷനുസമീപം റെയിൽപാളത്തിനരികെ കണ്ടെത്തി. പൊലീസിന് കണ്ടെത്താനായത് മോഷണശ്രമത്തിനിടെ സംഭവിച്ച കൊലപാതകമായിരിക്കാം എന്നു മാത്രമാണ്. പ്രതികളെ ഒരിക്കലും കണ്ടെത്തിയതുമില്ല. ഉപാദ്ധ്യായയുടെ മരണം സൃഷ്ടിച്ച ഒഴിവിലേക്കാണ് അടുത്ത തലമുറയിലെ വാജ്പേയി - അദ്വാനിമാർ കടന്നുവന്നത്. കോൺഗ്രസ് രാഷ്ട്രീയത്തിലെ മൂല്യശോഷണവും തന്മൂലം രാഷ്ട്രത്തിന്റെ ആത്മാവിൽ സംഭവിച്ച ശക്തിക്ഷയവും തിരിച്ചറിഞ്ഞ അദ്ദേഹം ഏകാത്മമാനവവാദം (integral humanism) എന്ന സിദ്ധാന്തത്തിലൂടെ ഭാരതസംസ്കൃതിയുടെ പുനരുത്ഥാനത്തിനായി യത്നിച്ചു. അനവധി വർഷങ്ങളിലായി എഴുതപ്പെട്ടിട്ടുള്ളതും പ്രസംഗങ്ങളിലൂടെ പ്രസിദ്ധമായതുമായ ലേഖനങ്ങളുടെ ഒരു സമാഹാരമാണ് ഈ കൃതി. 1960-കളുടെ മദ്ധ്യത്തിലാണ് ഈ കൃതിയുടെ പ്രേരകശക്തിയായ രാഷ്ട്രീയഘടകങ്ങൾ പ്രവർത്തിച്ചിരുന്നതെങ്കിലും കാലാതിവർത്തിയായ പ്രസക്തി ഇതിനുള്ളതായി കാണാൻ കഴിയും.
ബ്രിട്ടീഷ് ഭരണകാലത്ത് വിദേശികളായ അധിനിവേശക്കാരെ ഓടിക്കുന്നതിനായി രാഷ്ട്രം ഒറ്റക്കെട്ടായി നിലകൊണ്ടുവെങ്കിലും സ്വാതന്ത്ര്യാനന്തരം 'ഇനിയെന്ത്?' എന്ന ചോദ്യത്തിന് ഉത്തരം നൽകുന്നതിൽ അന്നത്തെ ഭരണവർഗം അമ്പേ പരാജയപ്പെട്ടു. ഭാരതീയ തത്വചിന്തയുടേയും ജീവിതവീക്ഷണത്തിന്റേയും കാലാനുസൃതമായ പുനരാവിഷ്കരണം ഉണ്ടായില്ലെന്നു മാത്രമല്ല, വിദേശ ആശയങ്ങളുടെ അന്ധമായ അനുകരണത്തിലൂടെ ജനതയുടെ ചാലകശക്തി ദുർബലമാക്കി. കമ്യൂണിസ്റ്റുകൾ റഷ്യൻ ആശയങ്ങളുടെ സ്തുതിപാഠകരായപ്പോൾ നെഹ്രുവും കൂട്ടാളികളും ബ്രിട്ടനിലെ സോഷ്യലിസ്റ്റ് ആശയങ്ങൾ വിമർശനരഹിതമായി പകർത്തിവെച്ചു. ഉപാദ്ധ്യായ വിഭാവനം ചെയ്യുന്ന ഭാരതീയസ്വത്വത്തിന്റെ അടിസ്ഥാനത്തിൽ സ്വതന്ത്രഭാരതം കെട്ടിപ്പടുക്കുക എന്ന അടിസ്ഥാന സമീപനം പ്രേരണയിൽ തിലകൻ, അരവിന്ദ ഘോഷ്, ഗാന്ധി എന്നിവരുടെ നിലപാടുകളിൽനിന്ന് ഏറെയൊന്നും വിഭിന്നമല്ല. എന്നാൽ പുരോഗതിക്ക് പുറംതിരിഞ്ഞു നിൽക്കുന്നതുമല്ല ഈ നയം. മനുഷ്യവിജ്ഞാനം എന്ന്, എവിടെ ഉണ്ടായതായാലും വേണ്ടില്ല, അവയിൽ സ്ഥായിയും ശാശ്വതവുമായുള്ളവയെ മനുഷ്യസമുദായത്തിന്റെ പൊതുമുതലായി കാണണം. ഇവയിൽ നമ്മുടെ നേട്ടങ്ങളെ കാലാനുകൂലമാക്കിയും പുറത്തുനിന്നുള്ളവയെ ദേശാനുകൂലമാക്കിയും സ്വീകരിക്കണം.
മറ്റു രാഷ്ട്രങ്ങളിൽനിന്നും സമൂഹത്തിന്റെ സംഘാടന രീതികൾ എങ്ങനെ ഭാരതത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നു കാണാൻ ലേഖകൻ വിശദമായി ശ്രമിക്കുന്നു. വിദേശാനുകരണം പാടില്ല എന്നു പറയുമ്പോൾ അതിനു പകരം വെക്കാൻ തദ്ദേശീയമായ ഒരു കാര്യപരിപാടി ആവശ്യമാണല്ലോ. ഭാരതീയജീവിതത്തിന്റെ പ്രധാനതത്വം അതിന്റെ സംസ്കാരം അഥവാ ധർമ്മമാണ്. ഇതിന്റെയർത്ഥം ഭൗതികപ്രധാനമായ രാജനീതിക്ക് നമ്മുടെ ദൃഷ്ടിയിൽ ഒരു മഹത്വവും ഇല്ലായിരുന്നു എന്നല്ല, അതിനെ കേവലം ജീവിതസുഖത്തിന് കാരണമായും സംസ്കാരത്തെ സമ്പൂർണജീവിതമായും കണ്ടു എന്നതാണ്. പുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്ന സംജ്ഞകൾ ആ പദങ്ങളുടെ സംസ്കൃതരൂപം ഉത്തരേന്ത്യൻ നേതാക്കൾ ഉപയോഗിക്കുന്ന അർത്ഥത്തിലാണ് ഉൾക്കൊള്ളേണ്ടത്. ഭാരതീയ ജീവിതരീതി ചൂഷണത്തിന് എതിരാണെന്ന് ഗ്രന്ഥകാരൻ സമർത്ഥിക്കുന്നു. വ്യക്തിയുടെ പ്രയത്നം കൊണ്ടോ കുടുംബാടിസ്ഥാനത്തിലുള്ള ഉടമസ്ഥാവകാശം കൊണ്ടോ വലിയ തോതിൽ അസമത്വവും ചൂഷണവും ഉണ്ടാകാൻ സാദ്ധ്യതയില്ല. അതിനാൽ സാധാരണഗതിയിൽ ഉത്പാദനത്തിന്റെ അടിസ്ഥാനം വ്യക്തിയോ കുടുംബമോ ആയിരിക്കണം. വ്യവസായരംഗത്ത് കുടിൽ വ്യവസായങ്ങൾ അടിസ്ഥാനഘടകമാകണം. ഉപാദ്ധ്യായ ഈ ഭാഗങ്ങളെല്ലാം വിശദമായിത്തന്നെ പ്രതിപാദിച്ചിട്ടുണ്ടെങ്കിലും പല പ്രായോഗികവശങ്ങളേയും ലളിതവൽക്കരിക്കുകയും ഭാരതീയമായതിനെ ചിലപ്പോഴെല്ലാം ആദർശവൽക്കരിച്ചിട്ടുമില്ലേ എന്ന് നമുക്ക് സംശയം തോന്നാം.
ദേശം, രാജ്യം, രാഷ്ട്രം, ജനത എന്നീ സാങ്കേതിക പദങ്ങളുടെ സൂക്ഷ്മമായ നിർവചനം ഉപാദ്ധ്യായ നൽകുന്നു. രാജനീതിപരമായ പുതിയൊരു ചിന്താധാരയുടെ ബീജാവാപമാണ് ഇതിലൂടെ സാദ്ധ്യമാകുന്നത്. തകർന്ന ഇസങ്ങളുടെ ശ്മശാനഭൂമിയായ ലോകരാഷ്ട്രീയത്തിൽ ഈ പുത്തൻ ആശയങ്ങളുടെ പ്രസക്തി പരീക്ഷിച്ചു നോക്കേണ്ടതുണ്ട്. വ്യക്തിയെപ്പോലെ രാഷ്ട്രത്തിനും വ്യക്തിത്വമുണ്ട്. അനവധി ആളുകൾ ഏതെങ്കിലും പ്രത്യേക ലക്ഷ്യത്തിനുവേണ്ടി ഒരു ഭരണഘടനയുടെ അടിസ്ഥാനത്തിൽ ഒത്തുചേരുന്നതുപോലെയല്ല രാഷ്ട്രത്തിന്റെ ഉത്പത്തി. അത് സ്വയം ജനിക്കുന്നതും അതിലെ അംഗങ്ങൾക്ക് തങ്ങൾ അധിവസിക്കുന്ന ദേശത്തോട് നിർവ്യാജമായ മമതാബന്ധം തോന്നേണ്ടതുമാണ്. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നീ ഭൂഭാഗങ്ങളിൽ കോളനി രാജ്യങ്ങൾ സ്ഥാപിച്ച വെള്ളക്കാർ അവിടെ തദ്ദേശവാസികളേയും ചേർത്തുനിർത്തുന്ന ഒരു രാഷ്ട്രനിർമ്മാണത്തിൽ പങ്കാളികളായില്ല. മറ്റൊരു വിദൂരദേശത്തോടുള്ള സ്നേഹമാണ് അവരുടെ ചലനങ്ങളെ നിർവചിച്ചത്. ഒരു ഭൂപ്രദേശത്തിന് ദേശം എന്ന പേരു ലഭിക്കണമെങ്കിൽ അതിനെ മാതൃഭാവത്തോടെ കരുതുന്ന ജനം ഉണ്ടാകണം. ഭാരതമാതാവിന് ജയ് വിളിക്കാൻ മടിക്കുന്നവർ ഇവിടെ 'ജനം' എന്ന പേരിന് അർഹരാകുന്നില്ല. ഈ ഘട്ടത്തിൽ ഒരു രാഷ്‌ട്രത്തിലെ ഏകജനതയുടെ സാമൂഹ്യമായ മൂലപ്രകൃതിയെ 'ചിതി' എന്ന പേരിൽ ഉപാദ്ധ്യായ പരിചയപ്പെടുത്തുന്നു. ഏതേത് ആദർശങ്ങളുടെ സാക്ഷാൽക്കാരത്തിനുവേണ്ടിയാണോ രാഷ്ട്രം ആവിർഭവിക്കുന്നത്, അവയോട് നീതി പുലർത്തുന്നിടത്തോളം കാലം ചിതി നിലനിൽക്കും. ചിതിയിൽ ജാഗ്രത്തും ഏകീകൃതവുമായിത്തീർന്ന സമഷ്ടിയുടെ സ്വാഭാവിക ക്ഷാത്രശക്തിയെ 'വിരാട്' എന്നു വിളിക്കുന്നു. വിരാട് രാജ്യത്തിന്റെ പ്രാണനാണ്, ചിതി ആത്മാവും.
സ്വാതന്ത്ര്യത്തിനുശേഷം രാഷ്ട്രത്തിന് ആത്മവിശ്വാസം കൈമോശം വന്നതായി ഉപാദ്ധ്യായ വിലയിരുത്തുന്നു. വിദേശങ്ങളിൽനിന്ന് കടം വാങ്ങിയ വിചാരധാരകളിൽ നമ്മുടെ രാഷ്ട്രത്തിന്റെ സംസ്കാരമോ സഭ്യതയോ നിഴലിക്കുന്നില്ല. വേരുകൾ നഷ്ടപ്പെട്ട അത്തരമൊരു ഭരണക്രമത്തിൽ സ്വാതന്ത്ര്യം സഫലമാവുകയില്ല. സമൂഹകേന്ദ്രീകൃതമായ ഏഷ്യൻ സംസ്കാരവും വ്യക്തികേന്ദ്രീകൃതമായ പാശ്ചാത്യ സമ്പ്രദായത്തിനും മദ്ധ്യേ വ്യക്തികളും സമൂഹങ്ങളും തമ്മിലുള്ള സമഞ്ജസമായ ബന്ധങ്ങളാണ് ഭാരതീയസംസ്കാരത്തിന്റെ മുഖമുദ്ര. സ്വാതന്ത്ര്യസമരകാലത്ത് നഷ്ടപ്പെട്ട ജനകീയൈക്യം ഭാരതീയ സംസ്കൃതിയിലേക്കൊരു പുനഃപ്രതിഷ്ഠയിലൂടെ വീണ്ടും സ്ഥാപിച്ചെടുക്കാൻ കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
ഭാരതീയവിചാരകേന്ദ്രം ഡയറക്ടറായിരുന്ന യശശ്ശരീരനായ പി. പരമേശ്വരന്റെ അവതാരിക ഗ്രന്ഥഭാഗങ്ങളെ ഭംഗിയായി വായനക്കാർക്ക് പരിചയപ്പെടുത്തുന്നു. ഉപാദ്ധ്യായയുടെ ശൈലിയും പദസ്വാധീനവും സുഗമമായ വായന അത്രയെളുപ്പത്തിൽ സാദ്ധ്യമാക്കുകയില്ല. എങ്കിലും ആ ആശയങ്ങൾ നിരവധി അദ്ധ്യായങ്ങളിൽ പ്രതിപാദിക്കപ്പെട്ടിട്ടുള്ളതിനാൽ ഒരു സമഗ്രചിത്രം ലഭിക്കുന്നതിന് ഏറെ ബുദ്ധിമുട്ടേണ്ടതില്ല. പ്രസാധനത്തിനുശേഷം അര നൂറ്റാണ്ടു കഴിഞ്ഞെങ്കിലും ഉപാദ്ധ്യായയുടെ ആശയങ്ങൾ കാലികപ്രസക്തിയോടെ ഇന്നും നിലനിൽക്കുന്നത് നമ്മെ ആശ്ചര്യപ്പെടുത്തുന്നു.
പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
Book Review of 'Swathanthryathinte Safalyam' by Deendayal Upadhyaya
Kurukshetra Prakashan, 1996
ISBN: Nil
Pages: 152
No comments:
Post a Comment