മുല്ലമംഗലത്ത് രാമൻ ഭട്ടതിരിപ്പാട് (1908-2001) എന്ന എം.ആർ.ബി ഒരു ശ്രദ്ധേയനായ സാഹിത്യകാരനും സാമൂഹികപ്രവർത്തകനുമായിരുന്നു. നമ്പൂതിരി സമുദായത്തിലെ പരിഷ്കരണപ്രസ്ഥാനത്തിൽ അദ്ദേഹം വി. ടി. ഭട്ടതിരിപ്പാടിനൊപ്പം തോളോടുതോൾ ചേർന്ന് യാഥാസ്ഥിതികത്വത്തിനെതിരെ പൊരുതി. കുട്ടിക്കാലം വേദാഭ്യസനത്തിനായി ഉഴിഞ്ഞുവെച്ചതിനാൽ സ്‌കൂളിലോ കോളേജിലോ പോയി പഠിക്കുവാനുള്ള അവസരവും സൗകര്യവും നഷ്ടപ്പെട്ടു. എങ്കിലും മലയാളത്തിലും സംസ്കൃതത്തിലും ഇംഗ്ലീഷിലും സ്വയംപരിജ്ഞാനം നേടി. നാടകം, കവിത, ഉപന്യാസം, സഞ്ചാരസാഹിത്യം എന്നീ രംഗങ്ങളിലെല്ലാം മികച്ച സംഭാവനകൾ നൽകി. കേരള സംഗീതനാടക അക്കാദമിയുടെ മുഖപത്രമായ 'കേളി' മാസികയുടെ പത്രാധിപരായി പതിനേഴു കൊല്ലത്തോളം സേവനമനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകളാണ് പന്ത്രണ്ട് അദ്ധ്യായങ്ങളിലായി സംഗ്രഹിച്ചിരിക്കുന്ന ഈ കൃതി. 1986-ലാണ് ഇതിന്റെ പ്രസാധനം നിർവഹിക്കപ്പെട്ടിരിക്കുന്നത്.
സാഹിതിയുടെ നിരവധി മേഖലകളിൽ വ്യാപരിച്ചിരുന്നതുകൊണ്ടായിരിക്കാം 'സാഹിത്യനിരൂപണം എന്റെ ദൃഷ്ടിയിൽ' എന്ന അദ്ധ്യായത്തിലൂടെ ലളിതമായ ഭാഷയിൽ ഒരു നിരൂപകനുണ്ടായിരിക്കേണ്ട ഗുണഗണങ്ങളെപ്പറ്റി ഏതാനും പേജുകളിലൂടെ വർണ്ണിക്കുന്നത്. നിരൂപകൻ നിഷ്പക്ഷമതിയായി പഠനങ്ങൾ നടത്തുകയും തദ്വാരാ വായനക്കാരുടെ അദ്ധ്യാപകനായിരിക്കേണ്ടതുമാണ്. വ്യക്തിപരമായ മുൻവിധികൾ ചിലപ്പോഴൊക്കെ വിമർശനത്തിന്റെ തീവ്രതയെ സ്വാധീനിച്ചേക്കാമെന്ന സാമാന്യതത്വത്തിന് എം.ആർ.ബി വഴങ്ങിക്കൊടുക്കുമ്പോൾത്തന്നെ സ്തുതിയും ശകാരവും കാടുകേറിപ്പോകരുതെന്ന് ഉപദേശിക്കുകയും ചെയ്യുന്നു. തന്നിൽ നിക്ഷിപ്തമായ ഉത്തരവാദിത്വബോധം മറന്ന് തൂലികയെടുത്തു കളിക്കുകയുമരുത്. മലയാളനിരൂപണത്തിലെ സ്പഷ്ടമായ മൂന്നു തലമുറമാറ്റങ്ങളേയും അവയെ ബൗദ്ധികമായി വേർതിരിക്കുന്ന അതിർവരമ്പുകളെയും അദ്ദേഹം നിരീക്ഷിക്കുന്നു. സി. പി. അച്യുതമേനോനാണ് മലയാളത്തിലെ വിമർശനപരമായ നിരൂപണപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്. അടുത്ത തലമുറയിലെ എം. പി. പോൾ, മുണ്ടശ്ശേരി എന്നിവരിലൂടെ കാലത്തിന്റെ കണ്ണാടിയാണ് സാഹിത്യം എന്ന നിലയിലെത്തി. വീണ്ടും പി. ശങ്കുണ്ണി നായർ, സുകുമാർ അഴീക്കോട്, എം. അച്യുതൻ എന്നിവരിലേക്കെത്തിയപ്പോൾ പാശ്ചാത്യ വിമർശനശൈലികളേയും പൗരസ്ത്യ വിമർശനസിദ്ധാന്തങ്ങളേയും സമഞ്ജസമായി സമ്മേളിപ്പിച്ചുകൊണ്ടുള്ള ഒരു വിമർശന കലാതത്വശാസ്ത്രം രൂപപ്പെടുത്തപ്പെട്ടു.
ഓരോ സംഭവങ്ങളും ഗ്രന്ഥകാരനിൽ ചെലുത്തിയ സ്വാധീനത്തിന്റെ സ്വാഭാവികമായ ബഹിർസ്ഫുരണങ്ങളാണ് ഈ ലേഖനങ്ങൾ. പന്തിരുകുലത്തെ ഓർമ്മിപ്പിക്കുന്ന ആ പന്ത്രണ്ടിൽ അവസാനത്തേതായ 'കറുത്ത സംക്രമസന്ധ്യ' പദ്യത്തിലുമാണ്. കാര്യമായ ഗവേഷണമൊന്നും അവയ്ക്കു പിന്നിലില്ല. ഒളപ്പമണ്ണ മനയ്ക്കലെ സന്ദർശനത്തെക്കുറിച്ചാണ് അതിൽ രണ്ടെണ്ണം. കോട്ടയ്ക്കലെ ഡോ. പി. കെ. വാര്യരുടെ ഷഷ്ടിപൂർത്തി ആഘോഷങ്ങളിൽ പങ്കുകൊള്ളാനാവാതെ വന്നതിനെത്തുടർന്ന് പിന്നീടൊരു ദിവസം അദ്ദേഹത്തെ സന്ദർശിച്ചതിനെക്കുറിച്ചാണ് ഒരു അദ്ധ്യായത്തിന്റെ ഉള്ളടക്കം. വാര്യരുടെ ജന്മശതാബ്ദി ഈ കഴിഞ്ഞ ദിവസം കൊണ്ടാടിയതുകൂടി ഓർക്കുമ്പോൾ കാലത്തിന്റെ തിരിമുറിയാത്ത ആ കുത്തൊഴുക്കിൽ വായനക്കാർ കൂടി പങ്കാളികളാവുന്നു. അല്പം രാഷ്ട്രീയവും ചിലപ്പോൾ കടന്നുവരുന്നുണ്ട്. തലയിൽനിന്ന് കിരീടവും കാലിൽനിന്ന് സ്വർണപാദുകങ്ങളും തെറിച്ചുപോയ നിലയിൽ കിടക്കുന്ന പശുവും കിടാവും അദ്ദേഹത്തെ ഖിന്നനാക്കുന്നു. 'പശുവും കിടാവും' കോൺഗ്രസ്സിന്റെ തെരഞ്ഞെടുപ്പുചിഹ്നമായിരുന്നുവെന്നോർക്കുക. മാത്രവുമല്ല, തെരഞ്ഞെടുപ്പിൽ തോറ്റ കോൺഗ്രസ്സിന്റെ കൊടി കുട്ടികൾ കത്തിക്കുന്നതു കണ്ടപ്പോൾ ലേഖകന്റെ 'ഉള്ളു ചുട്ടു' (പേജ് 20). ഒരാളെ പ്രശംസിക്കുന്നതോടൊപ്പം മറ്റൊരാൾക്കുനേരെ ഒളിയമ്പെയ്യുന്നതും കാണാം. അദ്ദേഹം മഹാകവി വള്ളത്തോളിനെപ്പറ്റി എഴുതുന്നത് 'കവിതാതേജസ്സിന്റെ തേനലരുകൾ വിരിഞ്ഞുനിൽക്കുന്ന ആ കൈകൾ പട്ടിനും വളയ്ക്കും വേണ്ടി നീണ്ടിട്ടില്ല' എന്നാണ്. ഒറ്റനോട്ടത്തിൽ നിരുപദ്രവമെന്നു തോന്നുമെങ്കിലും ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത് 1922-ൽ മഹാകവി എന്ന നിലയിൽ വെയിൽസ് രാജകുമാരനിൽനിന്ന് കുമാരനാശാൻ പട്ടും വളയും സ്വീകരിച്ചതിനെയാണ്. ഉന്നതജാതിക്കാരായ കവികളുടേയും ആശാന്റേയും സാമൂഹ്യപരിപ്രേക്ഷ്യങ്ങൾ വ്യത്യസ്തമാണെന്ന യാഥാർഥ്യം എം.ആർ.ബി കണ്ടില്ലെന്നു തോന്നുന്നു. മാത്രവുമല്ല, ആശാൻ വിമർശനത്തിനതീതനല്ലാത്തതിനാൽ ഇത്തരം ഒളിയമ്പുകളുടെ ആവശ്യം ഉണ്ടായിരുന്നോ എന്ന സംശയം ന്യായമായും ജനിക്കുന്നു.
രചനയിലെ കാവ്യാത്മകത ലേഖനങ്ങൾക്ക് ഒരു പ്രത്യേകചൈതന്യം നൽകുന്നു. ഇത്തരം അലങ്കരിക്കപ്പെട്ട ഭാഷ ആധുനികരസനയ്ക്ക് പഥ്യമാകുമോ എന്നറിയില്ല. എങ്കിലും വായിച്ചിടത്തോളം ഇത് വായനക്കാർക്ക് കൂടുതൽ ആസ്വാദ്യത പ്രദാനം ചെയ്യുന്നതായിട്ടാണ് അനുഭവപ്പെടുന്നത്. ഒളപ്പമണ്ണ മനയുടെ മുറ്റത്തേക്ക് പോക്കുവെയിൽ വീഴുന്നതിനെ 'സന്ധ്യ തുടുത്ത അലരിപ്പൂക്കൾ പറിച്ച് നിഴലുകളുടെ മടിക്കുത്തിലേക്ക് ചൊരിഞ്ഞുകൊടുക്കുന്നതായിട്ടാണ്' വിവരിക്കുന്നത്. മറ്റൊരിക്കൽ വായിച്ച കവിതയെക്കുറിച്ച് 'ആ പൂന്തേനൂറുന്ന പൂജാപുഷ്പത്തിലെ കമ്രങ്ങളായ പല വരികളും എന്നിലൂടെ കമ്പി മീട്ടിക്കൊണ്ട് കടന്നുപോയി' എന്നും അഭിപ്രായപ്പെടുന്നു. ഇത്തരം അലങ്കാരങ്ങളാൽ സമ്പന്നമാണ് ഈ കൃതി.
പുസ്തകം ശുപാർശ ചെയ്യുന്നു.
പുസ്തകം ശുപാർശ ചെയ്യുന്നു.
Book Review of 'Suvarnachayakal' by M.R.B
DC Books, 1986
ISBN: Nil
Pages: 84
No comments:
Post a Comment