Friday, August 23, 2024

വാരാണസി

ശാശ്വതനഗരം (eternal city) എന്ന് റോമിനെ സൂചിപ്പിക്കാറുണ്ടെങ്കിലും ഇന്ത്യയിൽ ആ വിശേഷണത്തിന് അർഹയാകുന്നത് കാശിയെന്ന വാരാണസി തന്നെയാണ്. മൂവായിരം വർഷങ്ങൾക്കുമുമ്പുമുതലെങ്കിലും ജനിമൃതികളുടെ വരവുചെലവുകൾ ശരിപ്പെടുത്തുന്നതിനായി തീർത്ഥാടകർ അവിടെയെത്തിയിരുന്നു, ഇപ്പോഴും എത്തുന്നു. ഇനിയുമൊരായിരം കൊല്ലങ്ങൾ കഴിഞ്ഞാൽ ഒരുപക്ഷേ അപ്പോഴും. ഭാവിതലമുറയുടെ ഹിതങ്ങളെ നിസ്സാരവത്കരിച്ചുകൊണ്ടല്ല ഇതെഴുതുന്നത്. ആയിരം കൊല്ലം കൊണ്ടൊന്നും മരണത്തിന്റെ രഹസ്യങ്ങളെ മനുഷ്യൻ തിരിച്ചറിയാനിടയില്ല എന്ന ഉത്തമവിശ്വാസം കൊണ്ടാണ്. അന്നും ഒരു നചികേതസ്സ് ആകാംക്ഷയോടെയും തെല്ല് അക്ഷമയോടെയും ആ ചോദ്യത്തിന് ഉത്തരം തേടുന്നുണ്ടാവും. പ്രകൃതി അന്നും അതിനുത്തരം നൽകാൻ മടിച്ചുനിൽക്കും. 2002-ൽ പുറത്തുവന്ന എം. ടി. വാസുദേവൻ നായരുടെ ഏറ്റവും അവസാനത്തെ നോവലാണ് വാരണാസി. വാർദ്ധക്യത്തിലേക്കു കാലൂന്നിയ കോളേജ് അദ്ധ്യാപകനായ സുധാകരൻ മൂന്നു പതിറ്റാണ്ടുകൾക്കുമുമ്പ് വസിച്ചിരുന്ന വാരണാസിയിലേക്ക് തിരിച്ചെത്തുന്നതും ഏതാനും ദിവസങ്ങൾക്കുശേഷം ആ ജീവിതത്തിന്റെ കെട്ടുപാടുകളിൽനിന്ന് മുക്തി നേടി അടുത്ത ഇടത്താവളത്തിലേക്ക് പോകാൻ തയ്യാറെടുക്കുന്നതുമാണ് ഇതിലെ ഇതിവൃത്തം. മലയാളത്തിലായാലും ഇംഗ്ലീഷിലായാലും ആഖ്യായികാ (fiction) വിഭാഗത്തിൽപ്പെടുന്ന കൃതികൾ വളരെ വിരളമായേ ഇവിടെ വിശകലനം ചെയ്തിട്ടുള്ളൂ. അവതന്നെ മാറ്റിവെക്കാൻ തോന്നാത്ത വല്ല ത്രില്ലറുകളോ മറ്റോ ആയിരിക്കുകയും ചെയ്യും. ഫിക്ഷൻ നിരൂപണം ചെയ്യാനുള്ള ബൗദ്ധികമായ പ്രായപൂർത്തി കൈവന്നിട്ടില്ല എന്ന തോന്നലാണതിന്റെ കാരണം. ലൈബ്രറിയിൽനിന്ന് അടുത്ത സെറ്റ് പുസ്തകങ്ങൾ എടുക്കുന്നതിനിടയിൽ വന്ന അഞ്ചുദിവസത്തെ യാദൃശ്ചിക ഇടവേളയാണ് മുൻപ് വാങ്ങിവെച്ചിരുന്ന ഈ കൃതി വായിക്കാനിടയാക്കിയത്. വാരാണസി സന്ദർശിക്കുന്നതിനുമുമ്പേ അതിനെക്കുറിച്ചുള്ള രചനകൾ കഴിയാവുന്നത്ര വായിക്കണമെന്ന ആഗ്രഹം പുറമേയും.

വാരാണസി നഗരം ഈ നോവലിലെ നായകനോളം തന്നെ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ്. മരണം ഇവിടെ പേടിപ്പെടുത്തുന്ന ഒന്നല്ല. ഭാരതത്തിന്റെ എല്ലാ കോണുകളിൽനിന്നും സംസാരചക്രത്തിൽനിന്നുള്ള നിത്യമോചനം കാംക്ഷിച്ച് ആയിരങ്ങൾ ഈ നഗരത്തിലേക്കൊഴുകിയെത്തുന്നു. മറ്റെവിടെയും ആസന്നമരണനായ രോഗിപോലും ജീവിതത്തിന്റേതായ ഒരു ദിവസം കൂടി കൊതിക്കുമ്പോൾ ഇവിടെ എത്രയും നേരത്തേ കെട്ടുപാടുകളിൽനിന്ന് സ്വതന്ത്രരാവാനാണ്  അവർ ആഗ്രഹിക്കുന്നത്. ഹരിശ്ചന്ദ്രന്റെ കാലംതൊട്ടേ അണയാത്ത തീയും അതിനെ പരിപാലിക്കുന്ന ജാതിവിഭാഗങ്ങളും ഹൈന്ദവസമൂഹത്തിലെ ജാതിവ്യവസ്ഥയെത്തന്നെയാണ് ചോദ്യം ചെയ്യുന്നത്. നല്ല ജീവിതം കിട്ടാത്തവരാണ് ഭൂമിയിൽ അധികവും. അതുകൊണ്ടുതന്നെ നല്ല മരണമെങ്കിലും അവർ കാശിയിൽ ആഗ്രഹിക്കുന്നത് അതിമോഹമാവില്ലല്ലോ. വാരണാസിയുടെ ആത്മാവാണ് ഗംഗാ നദി. അവൾ ഉണരുന്നതും ഉറങ്ങുന്നതും ആ നഗരത്തിന്റെ സമൂഹജീവിതത്തിന്റെ ഉയർച്ചതാഴ്ചകളുമായി അഭേദ്യമായി ബന്ധപ്പെട്ടുകൊണ്ടാണ്. അസിഘട്ടിലെ സൂര്യോദയത്തിന്റെ ഒരു മനോഹരമായ വാങ്മയദൃശ്യം ഈ കൃതിയിലുണ്ട്: "ആദ്യപ്രകാശത്തിന്റെ കുഞ്ഞിക്കൈകൾ തട്ടിവിളിക്കുന്നു,  അമ്മ (ഗംഗാ നദി) ഉണരുന്നു. അലകളിളകാൻ തുടങ്ങുന്നു. ഉടയാടകൾ ഒതുക്കുകയാണ്. തീരത്തുകിടക്കുന്ന തോണികളെ ഓളങ്ങൾ തട്ടിയുണർത്തുന്നു. ഗംഗാപുത്രന്മാർ ദിവസത്തിന്റെ തുടക്കമായെന്നറിഞ്ഞ് തോണി മാറ്റിക്കെട്ടുന്നു. ഘാട്ടിയകളുടെ കുടകൾ ഉയരുന്നു. ശീതളാദേവിയുടെ ക്ഷേത്രത്തിൽനിന്ന് മണിയടി കേൾക്കുന്നു". ആ ഘട്ടത്തിലാണ് കാശി വിട്ടുപോകുന്നില്ല എന്ന് ഒരു കഥാപാത്രം തീരുമാനമെടുക്കുന്നത്.

എം.ടിയുടെ കഥാപാത്രങ്ങളെ ഇത്രയും ജനകീയമാക്കിയത് അവർ പ്രേക്ഷകരുമായി പുലർത്തുന്ന തന്മയീഭാവം മൂലമാണെന്ന് ഒരഭിപ്രായമുണ്ട്. ഇത് എത്രത്തോളം ശരിയാണെന്നത് സംശയമുള്ള കാര്യമാണ്. കുടുംബപ്രാരാബ്ധങ്ങളുടെ വേവലാതികളില്ലാത്ത, നല്ല ധൈര്യമുള്ള ഒരു കൂട്ടം മനുഷ്യരെയാണ് എം.ടി തന്റെ കൃതികളിൽ വരച്ചിട്ടത്. കിട്ടിയ ഉദ്യോഗം ഉപേക്ഷിക്കാൻ മടിച്ച് ആയുഷ്കാലം അടിമജീവിതം നയിക്കുന്ന സാധാരണക്കാരല്ല അവർ. ഈ നോവലിലെ എല്ലാവരുംതന്നെ അവരുടെ ഹൃദയത്താൽ നയിക്കപ്പെടുന്നവരാണ്, തലച്ചോറിനാൽ അല്ല. സ്വതന്ത്രരതിയുടെ കടുംനിറങ്ങൾ വാരിയൊഴിക്കുന്നതിനും എം.ടി മടി കാണിക്കാറില്ലെന്ന വസ്തുത ഈ കൃതിയിലും സാധൂകരിക്കപ്പെടുന്നു. നായകകഥാപാത്രത്തിന്റേയും അയാളുടെ ഇണകളുടേയും പേരുകളിൽ മാത്രമേ ഭാരതീയത മുഴങ്ങുന്നുള്ളൂ. അവയുടെ പാത്രരചനയും കഥാഗതിയും ആവിഷ്കാരശൈലിയുമൊക്കെ തികഞ്ഞ പാശ്ചാത്യം തന്നെയാണ്. തന്റെ ലൈംഗികത സൃഷ്ടിക്കുന്ന പ്രശ്നങ്ങളിൽനിന്ന് ഓടിയൊളിക്കാനായി വാരണാസിയിലെത്തുന്ന നായകൻ അയാളുടെ ഓട്ടം അവിടെയും നിർത്തുന്നില്ല. ഒടുവിൽ മൂന്നു പതിറ്റാണ്ടുകൾക്കുശേഷം അവസാനമെന്നോണം കാശിയിൽ അയാൾ മടങ്ങിയെത്തുമ്പോഴും അയാളുടെ മുൻകാല ഇണയെ എം.ടി യാദൃശ്ചികമെന്നോണം മുന്നിൽ കൊണ്ടുവന്നുനിർത്തുന്നുണ്ട്. കാലം ശരീരത്തിൽ വരുത്തിയ മാറ്റങ്ങൾ മൂലം അവൾ അയാളെ തിരിച്ചറിയാതിരിക്കുന്നുവെന്നതാണ് ഈ നോവലിനെ അല്പമെങ്കിലും ഹൃദയസ്പർശിയാക്കുന്നത്. കാശി ധർമ്മത്തിന്റെയും മോക്ഷത്തിന്റെയും മാത്രമല്ല, കാമത്തിന്റെയും നഗരമാണെന്ന് ഈ കൃതി പ്രസ്താവിക്കുന്നു.

ജീവിതത്തിന്റെ ചോദനകൾക്കുമപ്പുറം ആത്മാവിന്റെ യാത്രകളേയും ഈ കൃതി അടയാളപ്പെടുത്തുന്നു. 'എങ്ങനെ ഞാനിവിടെ വന്നു' എന്ന് ഒരു കഥാപാത്രം ചോദിക്കുന്നത് തത്വചിന്താപരമായി ആലോചിച്ചാൽ സ്വന്തം അസ്തിത്വത്തിന്റെ ഉണ്മയിലേക്കൊരു വെളിച്ചം വീശലാണ്. ആർജ്ജിതപാപങ്ങളുടെ ഭാണ്ഡവും പേറി, മുജ്ജന്മസ്മരണകളില്ലാതെ ജന്മാന്തരയാത്രകൾ നടത്തുന്ന ആത്മാക്കളുടെ ഇടത്താവളം മാത്രമാണ് മനുഷ്യജീവിതം എന്ന ദർശനത്തെ സാക്ഷാൽക്കരിക്കുകയാണ് ഇതിലെ കഥാപാത്രങ്ങൾ. നായകനായ സുധാകരൻ ആത്മപിണ്ഡം അർപ്പിച്ച് ഈ ജന്മത്തിൽനിന്ന് ആത്മീയമായി വിടവാങ്ങുമ്പോൾ വാരണാസിയെ ഇടത്താവളം എന്നുതന്നെയാണ് വിളിക്കുന്നത്. ആ വിടവാങ്ങൽ നടന്നുകഴിഞ്ഞതുകൊണ്ടാവാം പഴയ നായികയെ വീണ്ടും കണ്ടുമുട്ടുമ്പോൾ തന്നെ തിരിച്ചറിയാതിരുന്ന അവളെ പറഞ്ഞുബോദ്ധ്യപ്പെടുത്താൻ മിനക്കെടാതെ ഒരപരിചിതനായി യാത്ര തുടരാൻ അയാൾ തയ്യാറാകുന്നത്.

ഗ്രന്ഥകാരന്റെ വരളുന്ന സർഗ്ഗവൈഭവവും ഈ നോവലിൽ വ്യക്തമാകുന്നു. 2002-ൽ പുറത്തിറങ്ങിയ ഇതിലെ കഥ സമകാലികമാണെങ്കിലും അതിന്റെ കാതലായ സിംഹഭാഗവും മുപ്പതുവർഷം മുൻപത്തെ നായകന്റെ സ്മരണകളെയാണ് വിവരിക്കുന്നത്. 1960-70 കളിലെ യുവത്വത്തിന്റെ ബിംബങ്ങളും ആശയങ്ങളും തന്നെയേ എം.ടി.ക്ക് ഇപ്പോഴും പറയാനുള്ളൂ എന്നല്ലേ ഇതിന്റെ ധ്വനി? നമ്പൂതിരിയുടെ രേഖാചിത്രങ്ങൾ കൃതിക്ക് അനിതരസാധാരണമായ ആഴം നല്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അടിസ്ഥാന കഥാതന്തുവിന്റെ ഉപരിപ്ലവത ആ ഉദ്യമത്തെ നിഷ്ഫലമാക്കുന്നു. വാരാണസിയെന്ന ഭാരതത്തിന്റെ സാംസ്കാരികപ്രതിഷ്ഠയെ വായനക്കാരനുമായി കുറച്ചൊന്ന് അടുപ്പിക്കുന്നതിൽ കൃതി വിജയിച്ചിരിക്കുന്നുവെന്നത് തർക്കമറ്റ വസ്തുതയാണ്.

ഈ പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Varanasi' by M T Vasudevan Nair
Publisher: Current Books, 2023 (First published 2002)
ISBN: 9788122613674
Pages: 177

Thursday, August 8, 2024

അമ്പിളിക്കുട്ടന്മാർ

1969 ജൂലൈ 21 മനുഷ്യചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ദിവസമായിരുന്നു. സൗരയൂഥത്തിലെ നിരവധി ഗോളങ്ങളിൽ ഒന്നു മാത്രമായ ഭൂമിയിൽ അധിവസിച്ചിരുന്ന മനുഷ്യൻ എന്ന ജീവി തന്റെ ഗോളത്തിന്റെ അതിരുകൾ കവച്ചുവെച്ചുകൊണ്ട് മറ്റൊരു ഗോളത്തിൽ അന്ന് പറന്നിറങ്ങി. ഒരാളെ സംബന്ധിച്ചിടത്തോളം ചെറിയൊരു കാൽവെയ്പു മാത്രമായിരുന്നു അതെങ്കിലും മനുഷ്യരാശിക്ക് വലിയൊരു കുതിച്ചുചാട്ടം തന്നെയായിരുന്നു. സൃഷ്ടിക്കുശേഷമുള്ള ഏറ്റവും മഹത്തായ ദിവസം എന്നാണ് ആ ദിനം വിശേഷിപ്പിക്കപ്പെട്ടത്. പിന്നെ മൂന്നു വർഷത്തിനിടയിൽ പത്തുപേർ കൂടി ചന്ദ്രനിലിറങ്ങി. എന്നാൽ 1990-കളിൽ ഒരുകൂട്ടം ഗൂഢാലോചനാ സിദ്ധാന്തക്കാർ പൊടുന്നനെ പ്രത്യക്ഷപ്പെട്ടു. ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങിയിട്ടില്ലെന്നും ആ യാത്രയുടെ നിശ്ചലചിത്രങ്ങളും വീഡിയോകളും നാസ ഭൂമിയിൽത്തന്നെ കൃത്രിമമായി ചിത്രീകരിച്ചതാണെന്നുമായിരുന്നു അവരുടെ വാദം. വളരെയധികം മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റിയ ഈ ബാലിശവാദത്തെ ഏറ്റെടുക്കാനും നിരവധി പേരുണ്ടായി. ഈ കേരളത്തിൽപ്പോലും ഇതിനെ പിന്തുണച്ചുകൊണ്ട് ആളുകൾ പുസ്തകമെഴുതി. കൃത്യവും വസ്തുനിഷ്ഠവുമായ തെളിവുകളുടെ സഹായത്തോടെ ശാസ്ത്രജ്ഞർ ഈ വാദത്തെ തള്ളിക്കളഞ്ഞുവെങ്കിലും ശാസ്ത്രവിരുദ്ധവും മതാധിഷ്ഠിതവുമായ ഇടുങ്ങിയ ചിന്താഗതി വെച്ചുപുലർത്തുന്നവർ ഇപ്പോഴും ഈ വാദം ഉയർത്തുന്നുണ്ട്. സ്വന്തമായ വിവേചനബുദ്ധി ഉപയോഗിച്ച് സത്യത്തെക്കുറിച്ച് ആലോചിക്കാതെ വിവാദവിഷയങ്ങൾ ആവർത്തിച്ച് മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ വെമ്പൽ കൊള്ളുന്ന ചിന്താശൂന്യരായ ഇത്തരം വികടബുദ്ധികളെയാണ് രവിചന്ദ്രൻ 'അമ്പിളിക്കുട്ടന്മാർ' എന്നു വിശേഷിപ്പിക്കുന്നത്. ഗ്രന്ഥകാരന്റെ പുസ്തകങ്ങൾ ഇതിനുമുൻപും ഇവിടെ നിരൂപണം ചെയ്തിട്ടുള്ളതിനാൽ അദ്ദേഹത്തെ പരിചയപ്പെടുത്തേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. 
 
എന്തുകൊണ്ടാണ് ഒരു കൂട്ടം ആളുകൾ വ്യക്തമായും നടന്ന ഒരു യഥാർത്ഥസംഭവത്തെ കണ്ണുംപൂട്ടി എതിർക്കുന്നത് എന്നാണ് രവിചന്ദ്രൻ ആദ്യമായി പരിശോധിക്കുന്നത്. പ്രകടമായ ശാസ്ത്രവിരുദ്ധതയും ഉത്തരാധുനിക (post-modernism) ഭ്രമവുമാണ് ഇക്കൂട്ടരുടെ കൈമുതൽ. ഉത്തരാധുനികചിന്ത എന്താണെന്നും ഇവിടെ വിശദീകരിക്കുന്നു. കേവലയാഥാർഥ്യം എന്നൊന്നില്ലെന്നും ഓരോരുത്തർക്കും യഥാർത്ഥമെന്നു തോന്നിപ്പിക്കുന്ന എന്തും ഒരുപോലെയാണ് കൈകാര്യം ചെയ്യേണ്ടതെന്നുമാണ് അതുപറയുന്നത്. യുക്തിയും അന്ധവിശ്വാസവും ഉത്തരാധുനികചിന്തയെ സംബന്ധിച്ചിടത്തോളം തുല്യപ്രാധാന്യവും പ്രസക്തിയുമുള്ള രണ്ടു വ്യാഖ്യാനങ്ങൾ മാത്രമാണ്. ഓരോരോ യാഥാർഥ്യങ്ങളെ സൂചിപ്പിക്കുന്ന സാമൂഹ്യനിർമ്മിതികൾ മാത്രമാണവ. ഉത്തരാധുനികതാവാദമെന്ന കപടചിന്തയിൽ എന്തും സാദ്ധ്യമാണ്. യുക്തിചിന്തയുടെ പൊളിച്ചടുക്കലാണ് ഉത്തരാധുനികതയുടെ ലക്‌ഷ്യം. ഇതിനെ മാറ്റിനിർത്തിയാൽ മതചിന്തയും ചാന്ദ്രയാത്രയെ ഉൾക്കൊള്ളാനാവാതെ വിഷമിക്കുന്നതുകാണാം. ചന്ദ്രനെ ആരാധിക്കാത്ത പുരാതനഗോത്രങ്ങൾ കുറവാണ്. ആ ദൈവത്തിൽ ചെന്നിറങ്ങുക എന്നത് അവർക്ക് അചിന്ത്യവും. ഇതുകൂടാതെ ശാസ്ത്രനേട്ടങ്ങളെ വിലകുറച്ചുകാണിക്കുക, അതിനെ ചെറുതാക്കി സംശയം പ്രകടിപ്പിക്കുക തുടങ്ങിയ നിലപാടുകൾക്ക് പിന്തിരിപ്പൻ സമൂഹങ്ങളിൽ നല്ല വേരുറപ്പ് കാണാം. വമ്പൻ നേട്ടങ്ങളെ അവഹേളിക്കുമ്പോൾ കിട്ടുന്ന പ്രതിലോമകരമായ മാനസികസംതൃപ്തി വേറെയും.

ചാന്ദ്രദൗത്യം ലക്ഷക്കണക്കിന് ആളുകൾ ടി.വി.യിലൂടെ ലൈവ് ആയി നേരിട്ടുകണ്ടതാണ്. കൂടാതെ ആയിരക്കണക്കിന് ആളുകൾ അമേരിക്കയിലും പുറത്തുമായി ദൗത്യവുമായി നേരിട്ട് ബന്ധപ്പെട്ട ജോലികൾ ചെയ്തിട്ടുള്ളതുമാണ്. ഇത്ര വലിയ ഒരു പദ്ധതി പോലും വ്യാജമാണെന്നും കൺകെട്ടാണെന്നുമൊക്കെ വാദിക്കുന്നവർക്ക് ഭൂതകാലത്ത്  എഴുതപ്പെട്ട രേഖകൾ പോലുമില്ലാത്ത കാര്യങ്ങൾ എങ്ങനെയൊക്കെ വളച്ചൊടിക്കാൻ സാധിക്കുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. ദൗത്യത്തിന്റെ വിജയം ലഭ്യമാക്കിയ വസ്തുതകളെക്കുറിച്ച് പുസ്തകം അല്പം വിശദമായിത്തന്നെ പ്രതിപാദിക്കുന്നു. 363 കിലോ ചാന്ദ്രശില ആറുതവണയായി സഞ്ചാരികൾ ഭൂമിയിൽ എത്തിച്ചു. ഇവ ഇപ്പോഴും ഗവേഷകർക്ക് ലഭ്യമാണ്. എന്തെങ്കിലും വഞ്ചന ഇതിലുണ്ടായിരുന്നെങ്കിൽ ചന്ദ്രനിലെത്താൻ അമേരിക്കയുടെ തൊട്ടുപിറകിലുണ്ടായിരുന്ന സോവിയറ്റ് യൂണിയൻ അതു പുറത്തുവിടുമായിരുന്നു. എന്നാൽ അവർ അപ്പോളോ ദൗത്യവിജയം പലകുറി സ്ഥിരീകരിച്ചിട്ടുണ്ട്. ചന്ദ്രനിൽ നിന്ന് മനുഷ്യസഹായമില്ലാതെ ശിലകൾ ശേഖരിച്ച് ഭൂമിയിലെത്തിക്കുന്ന സാങ്കേതികവിദ്യ മാത്രമേ സോവിയറ്റ് യൂണിയന് സ്വായത്തമായിരുന്നുള്ളൂ. മനുഷ്യദൗത്യങ്ങൾ അവരുടെ കൈപ്പിടിയിലൊതുങ്ങിയില്ല. ആറുതവണ ആളെയിറക്കുകയും ആവശ്യത്തിന് സാമ്പിളുകൾ ശേഖരിക്കുകയും ചന്ദ്രനെക്കുറിച്ച് സാമാന്യം നന്നായി പഠിക്കുകയും ചെയ്തതോടെ കൂടുതൽ യാത്രകൾ കൊണ്ട് വിശേഷിച്ച് പ്രയോജനമില്ലെന്ന് അമേരിക്ക മനസ്സിലാക്കി. വമ്പിച്ച പണച്ചെലവ് സോവിയറ്റ് യൂണിയനെ ചാന്ദ്രമനുഷ്യദൗത്യങ്ങളിൽ അമേരിക്കയുടെ എതിരാളിയല്ലാതാക്കി. ഭൂമിയിൽ പിടിമുറുക്കാൻ ചന്ദ്രനിൽ പോയിട്ട് കാര്യമില്ലെന്നു മനസ്സിലായതും അമേരിക്ക യാത്രകൾ ഉപേക്ഷിക്കാൻ കാരണമായി. വീണ്ടും വീണ്ടും ഉപയോഗിക്കാവുന്ന വിക്ഷേപണവാഹനമായ സ്പേസ് ഷട്ടിലുകളിലേക്കാണ് അമേരിക്ക പിന്നീട് ശ്രദ്ധയൂന്നിയത്.

ചാന്ദ്രയാത്ര തട്ടിപ്പാണെന്നു വാദിക്കുന്നവരുടെ പ്രധാന ആരോപണങ്ങളെല്ലാം രവിചന്ദ്രൻ വിശദമായിത്തന്നെ ഇതിൽ ഖണ്ഡിക്കുന്നു. ചന്ദ്രോപരിതലത്തിലെ നിഴലുകൾ, പാറിക്കളിക്കുന്ന പതാക, യാത്രികരുടെ നടപ്പിന്റെ സവിശേഷതകൾ, തിരികെ പുറപ്പെട്ടുവന്നതിന്റെ രീതികൾ എന്നിങ്ങനെ കേൾക്കുന്ന മാത്രയിൽ ശരിയായിരിക്കുമോ എന്ന സംശയമുണർത്തുന്ന വാദമുഖങ്ങളുടെ മുനയൊടിക്കുന്നതിൽ ഗ്രന്ഥകാരൻ വിജയിച്ചിരിക്കുന്നു. തന്റെ സ്വതസിദ്ധശൈലിയിൽ ആരോപണങ്ങൾ തെറ്റാണെന്നു തെളിയിക്കുന്നതോടൊപ്പം അവ എത്രമാത്രം വിഡ്ഢിത്തം നിറഞ്ഞതും പരിഹാസ്യവുമാണെന്നും സ്ഥാപിക്കുന്നു. എന്നാൽ ശാസ്ത്രത്തെ അന്ധമായി വിശ്വസിക്കുന്നതാണ് അതിനെ ചോദ്യം ചെയ്യുന്നതിനേക്കാൾ അശാസ്ത്രീയം എന്നുള്ളതുകൊണ്ട് വസ്തുതകളെ വായനക്കാർ നേരിട്ടു മനസ്സിലാക്കുന്നതാണ് കൂടുതൽ അഭികാമ്യം. രവിചന്ദ്രന്റെ വാക്കുകളെയല്ല, അതിലടങ്ങിയ വസ്തുതകളെയാണ് തിരിച്ചറിയേണ്ടതും സ്വാംശീകരിക്കേണ്ടതും.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
 
മുൻപ് ഇവിടെ നിരൂപണം ചെയ്തിട്ടുള്ള രവിചന്ദ്രന്റെ പുസ്തകങ്ങൾ
 

Book review of 'Ambilikkuttanmar - Chaandrayathrayum Goodalochanaasiddhanthangalum' by C. Ravichandran
Publisher: DC Books, 2016 (First)
ISBN: 9788126467433
Pages: 192