Monday, December 30, 2019

സംഘകാലത്തെ ജനജീവിതം

മലയാളഭാഷയുടെ ഉത്ഭവവും വികാസവും തമിഴിന്റെ കളിത്തൊട്ടിലിലായിരുന്നതിനാൽ ആ ഭാഷയിലെ ആദ്യകാല സാഹിത്യരചനകളായ സംഘം കൃതികൾ നമ്മുടെ പാരമ്പര്യത്തിന്റേയും സ്രോതസ്സാണ്. രാഷ്ട്രധർമ്മം, സാമൂഹ്യബന്ധങ്ങൾ, പ്രണയം എന്നിങ്ങനെ ജീവിതത്തിന്റെ സമസ്ത മേഖലകളേയും സ്പർശിക്കുന്ന ഈ പ്രാചീന സാഹിത്യസമാഹാരം മാത്രമാണ് അക്കാലത്തെ ജനങ്ങളുടെ ജീവിതരീതിയും, സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയസ്ഥിതികളും ഒട്ടൊക്കെ അറിയാൻ നമ്മെ പ്രാപ്തരാക്കുന്നത്. വടക്ക് തിരുപ്പതിയും തെക്ക് കന്യാകുമാരിയും കിഴക്കും പടിഞ്ഞാറും കടൽത്തിരകളും അതിരിടുന്ന പ്രാചീന തമിഴകത്തിനെ സാംസ്കാരികമായി ഏകീകരിച്ച സംഘസാഹിത്യം ഇവിടത്തെ ആധുനികജനതയുടെ പല അടയാളങ്ങളിലേയും ഗുപ്തസാന്നിദ്ധ്യമാണ്. അതുതന്നെയാണ് ഈ കൃതികളുടെ കാലികപ്രസക്തിയും. ഔപചാരികവിദ്യാഭ്യാസത്തിനുശേഷം അദ്ധ്യാപനവൃത്തിയിലേർപ്പെട്ട ഗ്രന്ഥകർത്താവായ ശ്രീ. ജേക്കബ് നായത്തോട് കഥയും നോവലുമായി നിരവധി രചനകൾ നിർവഹിച്ചിട്ടുണ്ട്.

സംഘകാലകൃതികളിൽനിന്ന് നമുക്കാദ്യമായി മനസ്സിലാക്കാൻ കഴിയുന്നത് ഗോത്രവ്യവസ്ഥയിൽനിന്ന് കുടുംബവ്യവസ്ഥയിലേക്കുള്ള സ്പഷ്ടമായ മാറ്റമാണ്. മൻറത്തിൽനിന്ന് കുടികളിലേക്കു നീങ്ങിയ ജനത സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനം കാലിവളർത്തലിൽനിന്ന് കൃഷിയിലേക്ക് മാറ്റിസ്ഥാപിച്ചു. ഈ നിർണായകഘട്ടത്തിൽ സ്ത്രീയുടെ സ്ഥാനം പുരുഷന്റേതിൽനിന്ന് വളരെ താഴ്ന്ന ഒരു നിലവാരത്തിലേക്ക് അധഃപതിച്ചതായി ഗ്രന്ഥകാരൻ നിരീക്ഷിക്കുന്നു. എന്നാൽ ഇതിന് വിപരീതമായ ഒരഭിപ്രായവും പുസ്തകത്തിൽ മറ്റൊരിടത്ത് കാണുന്നുണ്ട്. സംഘകാലത്ത് പ്രണയവിവാഹമാണ് കൂടുതലായി നടന്നിരുന്നതെന്ന് അകനാനൂറിലെ പാട്ടുകളിലെ തെളിവുകൾ വെച്ച് ലേഖകൻ ഊഹിക്കുന്നു. ഇത് പൂർണമായും ശരിയാകാനിടയില്ല. എല്ലാ ഭാഷകളിലും എക്കാലത്തും കവികളും കഥാകാരന്മാരും ഊന്നൽ കൊടുത്തിരുന്ന ഒന്നാണ് പ്രണയം. കർക്കശമായ പർദ്ദാ സമ്പ്രദായം നിലനിന്നിരുന്ന ഇടങ്ങളിൽപ്പോലും ജനങ്ങളുടെ മനസ്സിൽ സ്ഥാനം നേടിയിരുന്നത് പ്രണയവിഷയകമായ സാഹിത്യമാണ്. അങ്ങനെയിരിക്കേ അത് അക്കാലത്തെ സമൂഹത്തിന്റെ ഒരു നേർ പ്രതിഫലനമാണെന്നു കരുതുക വയ്യ. എല്ലാ പ്രാചീനസമുദായങ്ങളിലും സ്ത്രീ അടിച്ചമർത്തപ്പെട്ടിരുന്നു എന്നു വാദിക്കുന്ന ലേഖകൻ പഴയ നിയമത്തിലെ ചില ഉദ്ധരണികളും നൽകുന്നു. എന്നാൽ പാലസ്തീനിലെ സ്ത്രീകൾക്ക് യേശു ഒരു ആശ്വാസമായി ഉയർന്നുവന്നതെങ്ങനെ എന്ന ദീർഘമായ വാദം (പേജ് 165) പുസ്തകത്തിന്റെ ചർച്ചാവിഷയവുമായി പൊരുത്തപ്പെടുന്നില്ല.

സൈന്ധവതീരത്തെ പ്രാചീന നാഗരികത അക്രമികളായി കടന്നു വന്ന ആര്യന്മാർ നശിപ്പിച്ചുവെന്നും അതിൽനിന്ന് രക്ഷ തേടി ദക്ഷിണദേശത്തേക്ക് ഓടിവന്ന് അവിടെ വാസമുറപ്പിച്ചവരാണ് ദ്രാവിഡരെന്നും ഒരു വിശ്വാസം ചില ചരിത്രകാരന്മാരും അന്ധമായ ദ്രാവിഡാഭിമാനം മനസ്സിൽ പേറുന്നവരും സൂക്ഷിക്കുന്നുണ്ട്. എന്നാൽ സംഘകൃതികളിലെ പല പരാമർശങ്ങളും ഈ വാദത്തിന്റെ മുനയൊടിക്കുന്നതാണ്. വൈദികമതം ആര്യന്മാരുടെ സൃഷ്ടിയാണല്ലോ. അപ്പോൾ അതിനെ പ്രകീർത്തിക്കുന്ന ഭാഗങ്ങൾ ദ്രാവിഡരുടെ പ്രഥമസാഹിത്യസംരംഭമായ സംഘകാല രചനകളിൽ കാണാൻ പാടില്ലാത്തതാണ്. എന്നാൽ വൈദിക ദൈവങ്ങളെ ആരാധിച്ചിരുന്നവരാണ് തമിഴകത്തെ ജനങ്ങൾ എന്ന് ഇവ അസന്നിഗ്ദ്ധമായി തെളിയിക്കുന്നു. നാലു തിണൈകളിൽ വേദകാലത്തെ ആരാധനാമൂർത്തികളാണ് 'നില ദേവത' എന്നറിയപ്പെടുന്നത് - മരുതത്തിണൈയിൽ ഇന്ദ്രൻ, പാലൈയിൽ വനദുർഗ്ഗ, നെയ്തലിൽ വരുണൻ, മുല്ലൈയിൽ വിഷ്ണു. മാത്രവുമല്ല, പുത്രകാമേഷ്ടി അടക്കമുള്ള യാഗങ്ങൾ രാജാക്കന്മാർ ധാരാളമായി നടത്തിയിരുന്നുവെന്നും അതിന് കാർമ്മികത്വം വഹിക്കുന്ന ബ്രാഹ്മണരെ ആദരിക്കുകയും ധാരാളം സമ്മാനങ്ങൾ നൽകി സന്തോഷിപ്പിക്കുകയും ചെയ്തിരുന്നതായി പല പാട്ടുകളും രേഖപ്പെടുത്തുന്നു. സതി പോലുള്ള ആചാരങ്ങളും നടപ്പിലായിരുന്നു. ബുദ്ധമതവും ഇവിടെ വ്യാപകമായി പ്രചരിച്ചിരുന്നതായിട്ടാണ് കാണുന്നത്. കേരളത്തിൽ ശാസ്താവായ അയ്യപ്പനോടൊപ്പം ആദരിക്കപ്പെടുന്ന വാവർ 'ബാവരി' എന്ന ബുദ്ധാചാര്യനായിരിക്കാൻ സാദ്ധ്യതയുണ്ട് എന്ന് ജേക്കബ് നായത്തോട് അഭിപ്രായപ്പെടുന്നു.

സംഘകൃതികളിൽനിന്ന് ധാരാളമായ ഉദ്ധരണികൾ ഈ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. ശ്രംഖലകളായി നീളുന്ന അലങ്കാരങ്ങൾ ഇവയുടെ പ്രത്യേകതയാണ്. ഇന്ന് നമുക്ക് കാര്യമായ പരിചയമില്ലാത്ത ഈ അണിയിച്ചൊരുക്കിയ ഭാഷ കൗതുകം പകരുന്നതാണ്. സംഘകാല സമൂഹത്തിൽനിന്ന് ആധുനിക കാലത്തേക്കു നീളുന്ന ആശയപരമായ പൊക്കിൾക്കൊടിബന്ധം ഗ്രന്ഥകർത്താവ് കൃത്യമായി കണ്ടെത്തുന്നു. നാം ഇന്നും വെച്ചുപുലർത്തുന്ന പല അന്ധവിശ്വാസങ്ങളുടേയും - പല്ലി ചിലക്കുന്ന ശബ്ദം, ശകുനങ്ങൾ, കാക്ക വിരുന്നു വിളിക്കുന്നുവെന്ന സങ്കല്പം, ബാധയൊഴിപ്പിക്കൽ മുതലായവ - അടിസ്ഥാനം സംഘകാലത്തുതന്നെ ഉറച്ചിരുന്നു. എന്തിനേറെ, കേരളത്തിലെ വളരുന്ന മദ്യാസക്തി പോലും സംഘകാലത്തും കാണപ്പെട്ടിരുന്നു എന്ന വസ്തുത രസകരമാണ്. അക്കാലത്തും മദ്യം ഒരവശ്യവസ്തുവായിരുന്നെന്നും 'കൊടി കെട്ടിയ മദ്യശാലകൾ' വഴി അത് നാടെങ്ങും വിതരണം ചെയ്തിരുന്നുവെന്നും ലേഖകൻ കണ്ടെത്തുന്നു.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.


Book Review of 'Sanghakaalathe Janajeevitham' by Jacob Nayathode
ISBN: 9789386112583

Sunday, December 15, 2019

ഇന്ത്യൻ കപ്പലോട്ടത്തിന്റെ ചരിത്രം

മൂന്നുവശവും സമുദ്രത്താൽ ചുറ്റപ്പെട്ടതും പ്രാചീനകാലം മുതലേ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള വ്യാപാരത്തിൽ നിർണായക പങ്കുവഹിച്ചിട്ടുള്ളതുമായ രാജ്യമാണ് ഇന്ത്യ. കടൽ കടക്കുന്നതിനെതിരെ മദ്ധ്യകാലത്തെങ്ങോ നിലവിൽ വന്ന ഒരു നിരോധനത്തിനുമുമ്പ് നമ്മുടെ നാവികർ ഇന്ത്യൻ മഹാസമുദ്രത്തിൽ നിർണായകസ്ഥാനം നേടിയിരുന്നു. ഇന്ത്യൻ കപ്പലോട്ടത്തെ കുറഞ്ഞ നിരക്കുകൾ നൽകി കഴുത്തുഞെരിച്ചിരുന്ന ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നയങ്ങളിൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തോടെ മാറ്റങ്ങൾ വന്നുതുടങ്ങി. എങ്കിലും സ്വാതന്ത്ര്യാനന്തരമാണ് ഈ മേഖല ചിറകുവിരിക്കാൻ തുടങ്ങിയത്. ഇന്ത്യൻ കപ്പലോട്ടത്തിന്റെ ചരിത്രം ആഖ്യാനം ചെയ്യുന്ന ആദ്യ മലയാളകൃതിയാണിത്. ഉപന്യാസകനും നിരൂപകനുമായ ഡോ. ടി. ആർ. രാഘവൻ കപ്പൽ ഗതാഗതമേഖലയിലെ പ്രമുഖ പൊതുമേഖലാസ്ഥാപനമായ ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ സീനിയർ എക്സിക്യൂട്ടീവായി 34 വർഷം ജോലിചെയ്തു.അദ്ദേഹത്തിന്റെ പി.എച്ച്.ഡി ഗവേഷണപ്രബന്ധത്തെ അടിസ്ഥാനമാക്കി രചിച്ചതാണ് ഈ പുസ്തകം.

സംഘകാലം മുതലുള്ള വസ്തുതകൾ പരാമർശിക്കുന്നുണ്ടെങ്കിലും ഗ്രന്ഥകാരൻ പ്രധാനമായി ഊന്നൽ നൽകിയിരിക്കുന്നത് പത്തൊൻപതാം നൂറ്റാണ്ടും അതിനുശേഷവുമുള്ള വസ്തുതകളിലേക്കാണ്. ആ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ കപ്പൽ ഗതാഗതം സ്ഥായിയായ മാറ്റങ്ങളിലൂടെ കടന്നുപോയി. കപ്പൽപ്പായക്കു പകരം നീരാവിയും തടിക്കുപകരം ഉരുക്കും ദൂരവ്യാപകമായ പരിവർത്തനങ്ങൾ ആ മേഖലയിൽ സൃഷ്ടിച്ചു. ഇന്ത്യൻ സംരംഭകർ തുടക്കം മുതലേ ഈ മാറ്റങ്ങളെ സ്വാംശീകരിച്ചുകൊണ്ട് രംഗത്തിറങ്ങി എന്നതാണ് ആഹ്ലാദകരമായ ഒരു വസ്തുത. പതിനെട്ടാം നൂറ്റാണ്ടിൽത്തന്നെ വാഡിയമാർ മുംബൈയിൽ കപ്പൽ നിർമ്മാണം ആരംഭിച്ചു.

ഇന്ത്യൻ കപ്പലോട്ടമേഖലയിലെ പ്രഥമ സംരംഭകരെ മൂക്കുകയറിടാൻ ബ്രിട്ടീഷ് നാവികരും കോളനി സർക്കാരും ചേർന്നുനടത്തിയ കുടിലനീക്കങ്ങളെ ഈ പുസ്തകം തുറന്നുകാണിക്കുന്നു. ബ്രിട്ടീഷ് കപ്പലുകളിൽ കൊണ്ടുവരുന്നതും ഇന്ത്യൻ കപ്പലുകളിൽ കൊണ്ടുവരുന്നതുമായ ചരക്കുകൾക്ക് വ്യത്യസ്ത ഇറക്കുമതിച്ചുങ്കമാണ് ചാർത്തിയിരുന്നത് - യഥാക്രമം ഏഴരയും പതിനഞ്ചും ശതമാനം. 1914-ൽ പെനിൻസുലാർ & ഓറിയന്റൽ (P&O), ബ്രിട്ടീഷ് ഇന്ത്യൻ സ്റ്റീം നാവിഗേഷൻ കമ്പനികൾ ലയിച്ചതോടെ പൂർവ്വാധികം ശക്തമായ ബ്രിട്ടീഷ് നാവികമേഖല നിരക്കുകൾ കുത്തനെ കുറച്ചുകൊണ്ട് അവരോടു മത്സരിക്കുന്ന പുത്തൻ ഇന്ത്യൻ കമ്പനികളെ കുത്തുപാളയെടുപ്പിച്ചു. ജനാധിപത്യപരമായ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ടതല്ലെങ്കിലും അക്കാലത്തെ നിയമനിർമ്മാണ സഭകളിൽ ഇന്ത്യൻ അംഗങ്ങൾ എത്ര വീറും വാശിയോടെയുമാണ് രാജ്യതാല്പര്യങ്ങൾ സംരക്ഷിക്കാൻ ഇടപെട്ടിരുന്നതെന്ന് ഈ പുസ്തകം വ്യക്തമാക്കുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യമെന്നത് കോൺഗ്രസ്സ് എന്നൊരു പാർട്ടി നടത്തിയ ഒറ്റയാൻ സമരത്തിന്റെ ഫലമായി വെള്ളിത്താലത്തിൽ വെച്ചുനീട്ടിയതാണെന്ന മട്ടിലുള്ള ലളിതവത്കരിക്കപ്പെട്ട ചരിത്രപുസ്തകങ്ങൾ മാത്രം വായിച്ചവർക്ക് ഇതൊരു പുതിയ വെളിപാടായിരിക്കും.

വിവിധ വ്യക്തികൾ രചിച്ച ആമുഖം, അവതാരിക, പരിപ്രേക്ഷ്യം, ഉപക്രമം എന്നിങ്ങനെ നിരവധി കടമ്പകൾ കടന്നിട്ടുവേണം വായനക്കാർ പുസ്തകത്തിന്റെ കാമ്പിലേക്കു പ്രവേശിക്കാൻ. ഒരു ഗവേഷണപ്രബന്ധത്തിനേക്കാൾ കവിഞ്ഞ വായനാക്ഷമതയൊന്നും ഒരു ഭാഗത്തും ഈ കൃതി പ്രദർശിപ്പിക്കുന്നുമില്ല. 1870-കളിൽ രൂപം കൊണ്ട ബോംബെ, കൽക്കത്ത പോർട്ട് ബോർഡുകളിലെ മുഴുവൻ അംഗങ്ങളുടേയും പേരുകൾ പോലും നിരനിരയായി എഴുതിവെക്കുന്നു. പുസ്തകത്തിലെമ്പാടും കാണുന്ന അച്ചടിപ്പിശകുകൾ, പ്രത്യേകിച്ചും വർഷങ്ങൾ പരാമർശിക്കുമ്പോൾ, ഒരു റഫറൻസ് ഗ്രന്ഥം എന്ന നിലയിലുള്ള പുസ്തകത്തിന്റെ നിലവാരത്തിൽ മങ്ങലുണ്ടാക്കുന്നു.

വായനാക്ഷമമല്ലാത്ത ഈ കൃതി സാധാരണ അനുവാചകർക്കായി ശുപാർശ ചെയ്യുന്നില്ല.

Book Review of 'Indian Kappalottathinte Charithram' by T R Raghavan
ISBN: 9788120038844
 

Saturday, November 23, 2019

മഹാബലി എന്ന മിത്തും ഓണത്തിന്റെ ചരിത്രവും

മനുഷ്യസമത്വത്തിന്റെ മൂർത്തീകരണമെന്ന നിലയിൽ മഹാബലിയെന്ന അസുരരാജാവ് മലയാളിയുടെ ഗോത്രജനിതകത്തിൽ ലയിച്ചുചേർന്നിരിക്കുകയാണ്. നമ്മുടെ സമൂഹത്തിന്റെ സംയുക്ത അധമബോധം (collective inferiority complex) മഹാബലിയെ എല്ലാവരുടേയും ആരെങ്കിലുമാക്കി മാറ്റി. ചിലർക്കദ്ദേഹം സവർണവെറിക്കടിപ്പെട്ട ദളിത് പ്രമാണിയാണ്, മറ്റു ചിലർക്ക് ഉത്തരഭാരതത്തിന്റെ കടന്നുകയറ്റത്തിന്റെ വിജയമാണ്, ഇനിയും ചിലർക്ക് പ്രാക്തനകമ്യൂണിസത്തിന്റെ തകർച്ചയുടെ നാഴികക്കല്ലുമാണ്. മഹാബലി കേരളീയ സ്വത്വത്തിന്റെ നിർവചനഘടകമായതെങ്ങനെ എന്നും, അതെന്നാണ് സംഭവിച്ചതെന്നുമുള്ള ഒരു അന്വേഷണമാണ് ഈ കൃതി. കേരളത്തേയും മഹാബലിയേയും ഘടിപ്പിക്കുന്ന അസന്നിഗ്ദ്ധവും രേഖാമൂലവുമായ തെളിവിന് പതിനാറാം നൂറ്റാണ്ടിന്റെ അന്ത്യത്തെക്കാൾ പഴക്കമില്ല. ജേക്കബ് ഫെനിഷ്യോ എന്നൊരു പോർച്ചുഗീസ് പാതിരി ആ ഭാഷയിലെഴുതിയ ഒരു പുസ്തകത്തിലാണ് മഹാബലി ജനങ്ങളെ കാണാനെത്തുന്ന ദിവസമാണ് ഓണമെന്നു പ്രതിപാദിക്കുന്നത്. അതിനുമപ്പുറം പ്രാചീന, മദ്ധ്യകാലങ്ങളിൽ രൂപം കൊണ്ട മതപരമായ സാഹിത്യത്തേയും ഐതിഹ്യങ്ങളേയും വിശകലനം ചെയ്യുകയാണ് ഈ കൃതി. ലേഖകനായ ശ്രീ. കെ. ടി. രവിവർമ്മ കർമ്മം കൊണ്ട് മുംബൈയിൽ ജീവശാസ്ത്ര പ്രൊഫസ്സർ ആയിരുന്നെങ്കിലും ഈ പുസ്തകത്തിൽ കാണുന്ന ഗവേഷണമികവും വിശകലനപാടവവും അവിശ്വസനീയമാംവിധം ഒരു യഥാർത്ഥ ചരിത്രകാരന്റേതാണ്.

മഹാബലിയേയും വാമനനേയും ലേഖകൻ ഭാരതത്തിലെ പ്രാചീനഗ്രന്ഥങ്ങളിൽ തിരഞ്ഞു കണ്ടുപിടിക്കുന്നു. ഋഗ്വേദത്തിലെ ത്രിവിക്രമമിത്തിൽ നിന്നാണ് എല്ലാറ്റിന്റേയും പ്രാഥമികമായ ഉൽപ്പത്തി. ത്രിവിക്രമം എന്നാൽ മൂന്നു കാൽവെപ്പുകൾ എന്ന അർത്ഥത്തിൽ വിഷ്ണു ലോകത്രയത്തെ മൂന്നു കാൽവെപ്പുകളാൽ വിശേഷമായി നിർമ്മിച്ചുവെന്ന് ഋഗ്വേദത്തിൽ പറയുന്നു. മൂന്നാമത്തെ കാൽവെപ്പിന് എന്തോ സവിശേഷതയുണ്ടെന്ന സങ്കൽപ്പവും ഇതിൽ കാണാം. പക്ഷേ, വാമനനോ ബലിയോ കാണുന്നില്ലെന്നു മാത്രമല്ല, ജനങ്ങളുടെ ഉത്കർഷയാണ് ത്രിവിക്രമങ്ങൾ സ്ഥാപിക്കുന്നതും. വിഷ്ണുവിന്റെ വാമനരൂപത്തെക്കുറിച്ചുള്ള ആദ്യ പരാമർശം വേദങ്ങളുടെ അനുബന്ധം എന്നു കരുതാവുന്ന ബ്രാഹ്മണങ്ങളിലാണ്. ഇവിടെയാണ് അസുരന്മാർക്കെതിരെ വിഷ്ണു ആദ്യമായി വാമനവേഷമെടുക്കുന്നത്. കിഴക്കേ കടലിന്റെ തീരത്താണ് ബലിയുടെ രാജ്യമെങ്കിലും പരാജിതനായ ബലിയെ എന്തുചെയ്തുവെന്ന് രാമായണത്തിലും മഹാഭാരതത്തിലും പറയുന്നില്ല. ആദ്യം വൈദികമതാനുഭാവിയായി ഉയരുകയും പിന്നീട് ഏതോ അബ്രാഹ്മണമതത്തെ പിന്താങ്ങുകയും ചെയ്ത ഏതോ വടക്കേ ഇന്ത്യൻ രാജാവായിരിക്കാം വേദേതിഹാസങ്ങളിലെ ബലി എന്ന് ഗ്രന്ഥകാരൻ ഊഹിക്കുന്നു.

നീണ്ടതും കുറിയതുമായ ഏതാണ്ട് മുപ്പതോളം ആഖ്യാനങ്ങൾ വാമന-ബലി മിത്തിനെ പുരസ്കരിച്ച് പുരാണങ്ങളിൽ കാണാനുണ്ട്. ബലി ഒരു മാതൃകാരാജാവായി ആദ്യം അവതരിക്കുന്നത് പുരാണങ്ങളിലാണ് - സനാതനധർമ്മത്തേയും ബ്രാഹ്മണരേയും പരിപാലിച്ചുപോന്ന ഒരു വിഷ്ണുഭക്തൻ! അതിനാൽത്തന്നെ ബലിയുടെ സദ്ഭരണത്തിന് ബ്രാഹ്മണരുടെ പിന്തുണ ഉണ്ടായിരുന്നു എന്ന് ന്യായമായും കരുതാം. ബലി മിത്തിന് ചരിത്രനായകരോടുള്ള വിധേയത്വവും രവിവർമ്മയുടെ പരിഗണനാവിഷയമാകുന്നു. മഹാഭാരതത്തിലെ ബലിയുടെ പ്രചോദനം അശോകചക്രവർത്തിയും, പുരാണങ്ങളിലെ വൈഷ്ണവഭക്തനായ ബലിയുടെ പ്രാഗ്‌രൂപം സാതവാഹന പരമ്പരയിലെ ഗൗതമീപുത്ര ശതകർണിയുമാണ്. ദേവാലയങ്ങളിൽ പ്രതിഷ്ഠിക്കപ്പെട്ട് പൂജാവിധികൾ തുടങ്ങിയത് ഹിന്ദുദൈവങ്ങൾക്കല്ലെന്നും യക്ഷന്മാർക്കാണെന്നുമാണ് ലേഖകന്റെ നിഗമനം. പിന്നീട് പുരാണദൈവങ്ങളുടെ സ്വാധീനം വളർന്നുവന്നപ്പോൾ യക്ഷന്മാർ പിന്തള്ളപ്പെട്ടു. അത്തരം മൂർത്തികളിൽ രാമൻ, വരാഹം, നരസിംഹം എന്നിവർക്കൊപ്പം ബലിയുടെ വിഗ്രഹവും ആരാധിക്കപ്പെട്ടിരുന്നു.

മദ്ധ്യകാല ഭാരതീയ ജനപദങ്ങളിൽ ബലി എങ്ങനെ അനുസ്മരിക്കപ്പെട്ടിരുന്നു എന്ന ചോദ്യത്തിനും ഈ പുസ്തകം ഉത്തരം നൽകുന്നുണ്ട്. ദീപപ്രതിപദം എന്ന പേരിൽ ആരംഭിച്ച ബലിയുടെ വാർഷികഉത്സവം ദീപാവലി തന്നെയാണ്. ഹിന്ദുമത വികാസം ലക്ഷ്യമാക്കി നാട്ടുകാർ ആരാധിച്ചിരുന്ന ബലിയെ പുരാണകർത്താക്കൾ സൽസ്വഭാവിയായി സ്വീകരിച്ചു. എങ്കിലും മഹാഭാരതത്തിൽ എന്തുകൊണ്ട് ബലിയോട് ശത്രുതാമനോഭാവം കൈക്കൊണ്ടു എന്ന് ഗ്രന്ഥകർത്താവ് പറയുന്നില്ല. തന്റെ കർമ്മമണ്ഡലം എന്ന നിലയിൽ മഹാരാഷ്ട്രയെക്കുറിച്ച് ആഴത്തിൽ പഠിച്ചിരിക്കാനിടയുള്ള രവിവർമ്മ അവിടത്തെ ബലി ആരാധനാനുഷ്ഠാനവും കേരളത്തിലെ 'ചേട്ടയെ കളയലും' തമ്മിൽ സാമ്യം കണ്ടെത്തുന്നു. അതിനൊപ്പം നിൽക്കുന്ന ആചാരങ്ങളത്രേ ഗുജറാത്തിലെ അഡാഘോ-ബഡാഘോവും ഭവിഷ്യോത്തര പുരാണത്തിലെ അലക്ഷ്മി കളയലും. കാർഷിക വിളവെടുപ്പുത്സവത്തോടനുബന്ധിച്ച് സമൃദ്ധിക്കുവേണ്ടിയുള്ള പ്രാർത്ഥന എന്ന നിലയ്ക്കാണ് കേരളത്തിനുപുറത്തും ബലി ആരാധനയുടെ തുടക്കം.

സ്വാഭാവികമായും നാം ഉറ്റുനോക്കുന്നത് കേരളത്തിൽ ഓണാഘോഷം തുടങ്ങിയത് ഏതുകാലത്താണെന്നും മഹാബലി മിത്ത് അതിനോട് കൂട്ടിച്ചേർക്കപ്പെട്ടത് എങ്ങനെയാണെന്നുമുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങളാണ്. പേരുപോലുമറിയാത്ത ഒരു നാടോടി ആചാരം, ഹൈന്ദവീകരണത്തോടുകൂടി നിലവിൽവന്ന ഓണമെന്ന ക്ഷേത്രോത്സവം, പരദേശത്തുനിന്നും സംക്രമിച്ച ബലി ആരാധന എന്നിവയുടെയെല്ലാം സമ്മിശ്രരൂപമാണ് മലയാളികളുടെ ദേശീയോത്സവം. മാങ്കുടി മരുതനാർ എന്ന സംഘകാല കവി രചിച്ച 'മതുരൈ കാഞ്ചി' എന്ന കാവ്യത്തിലാണ് ഓണത്തെക്കുറിച്ചുള്ള ആദ്യപരാമർശം കാണുന്നത്. ഇത് ക്രി.വ. 4-5 നൂറ്റാണ്ടുകളിലാണ്. 'അവുണരെ അകറ്റിയ സുവർണ്ണമാലയണിഞ്ഞ മായോന്റെ പ്രീതിക്കായാണ്' ഓണം ആചരിക്കപ്പെടുന്നത് എന്നാണദ്ദേഹം കുറിക്കുന്നത്. മായോൻ വിഷ്ണുവാണ്. പിന്നീട് കുലശേഖരസാമ്രാജ്യത്തിന്റെ തകർച്ചയോടെ ബ്രാഹ്മണമേധാവിത്വം ശക്തി പ്രാപിച്ചപ്പോൾ രാജ്യമുപേക്ഷിച്ച പെരുമാളിന്റെ സ്മരണാർത്ഥം ബ്രാഹ്മണേതര ജനവിഭാഗങ്ങൾ മഹാബലി മിത്തിനെ ഓണാഘോഷവുമായി 11-13 നൂറ്റാണ്ടുകളിൽ ബന്ധിപ്പിച്ചു എന്ന് ഗ്രന്ഥകാരൻ സമർത്ഥിക്കുന്നു.

ഈ ഗ്രന്ഥരചനയുടെ ഭാഗമായി ലേഖകൻ നടത്തിയ പഠനങ്ങൾ അതിശയകരമാംവിധം വിപുലമാണ്. വേദങ്ങൾ, പുരാണങ്ങൾ, ഇതിഹാസങ്ങൾ, സംഘകാല കൃതികൾ എന്നിവയെല്ലാം ഇദ്ദേഹം അരച്ചുകലക്കി കുടിച്ചിട്ടുണ്ട്. ബലി ആരാധനയുമായി ബന്ധപ്പെട്ട ശില്പങ്ങളുടെ രേഖാചിത്രങ്ങളും ഇതിൽ കാണാം. ഒരു തികഞ്ഞ ഗവേഷണഗ്രന്ഥം തന്നെയാണീ കൃതി. എങ്കിലും വൈദിക-ഇതിഹാസ കാലങ്ങളിലെ മതത്തെ 'ഹിന്ദു' എന്ന് വിശേഷിപ്പിക്കുന്നത് ശുദ്ധചരിത്രകാരന്മാരെ അലോസരപ്പെടുത്തിയേക്കാം.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.


Book Review of 'Mahabali Enna Mythum Onathinte Charithravum' by K T Ravivarma
ISBN: 9788126451395

Wednesday, November 6, 2019

ഫാഷിസ്റ്റ് കാലത്തെ ബഷീർ

2014-ൽ നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതിനുശേഷം നാം നിരന്തരമായി കേട്ടുവരുന്ന വായ്ത്താരിയാണ് ഫാസിസം എന്നത്. കുറേക്കൂടി തീവ്രമായി പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന ചിന്തകർ ഉപയോഗിക്കുന്ന പദമാണ് ഫാഷിസം! അക്ഷരസ്ഫുടത നോക്കണമല്ലോ. എന്നാൽ, ഭരിക്കുന്ന സർക്കാരിനെ ഫാസിസ്റ്റ് എന്നു വിളിക്കുന്നതിനുള്ള സ്വാതന്ത്ര്യം ജനാധിപത്യ രാജ്യങ്ങളിലല്ലേ ലഭ്യമാകൂ എന്ന ഒരൊറ്റ ചോദ്യത്തിനുമുൻപിൽ ഇവരുടെ ബഡായികൾ കാറ്റുപോയ ബലൂൺ പോലെയാകും. ചൈനയിലോ, ഉത്തര കൊറിയയിലോ, ക്യൂബയിലോ ഉള്ള ബുദ്ധിജീവികൾക്ക് അത്തരമൊരു അവകാശത്തെക്കുറിച്ച് സ്വപ്നം കാണുന്നതുപോലും പ്രതിവിപ്ലവപരവും ആത്മഹത്യാപരവുമായ ഒരു ബൂർഷ്വാ നടപടിയായിരിക്കും. അതേസമയം അമേരിക്കൻ ഐക്യനാടുകളിലോ, ബ്രിട്ടനിലോ, ഇന്ത്യയിലോ ഈ തോന്ന്യവാസമൊക്കെ അനുവദിക്കുകയും ചെയ്യും. എസ്. കെ. പൊറ്റക്കാട് അദ്ദേഹത്തിന്റെ ബ്രിട്ടീഷ് പര്യടനത്തിനിടെ നിരീക്ഷിച്ച ഒരു സംഭവമാണ് ഇവിടെ ഓർമ്മ വരുന്നത്. ലണ്ടനിലെ ഹൈഡ് പാർക്ക് പ്രതിഷേധക്കാർക്ക് തങ്ങളുടെ വാദങ്ങൾ വിളിച്ചുപറയുന്നതിനുള്ള ഒരു വേദിയാണ്. അവിടെയൊരു വ്യക്തി തന്റെ പ്രസംഗത്തിനിടെ 'ബ്രിട്ടീഷ് ഡോഗ്സ്' എന്ന് പലതവണ ഉപയോഗിക്കുന്നുണ്ടായിരുന്നു. പൊറ്റക്കാടിനെ അത്ഭുതപ്പെടുത്തിയ വസ്തുത ആ 'ബ്രിട്ടീഷ് നായ്ക്കൾ' അയാൾക്കെതിരെ കുരച്ചുചാടുന്നതിനുപകരം കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തതെന്നതാണ്. അതാണ് ജനാധിപത്യത്തിന്റെ സഹിഷ്ണുത, പ്രതിപക്ഷ ബഹുമാനം എന്നീ വരദാനങ്ങൾ. മലയാളത്തിന്റെ സ്വകാര്യ അഭിമാനമായ ശ്രീ. വൈക്കം മുഹമ്മദ് ബഷീർ തന്റെ യൗവ്വനകാലത്ത് ബ്രിട്ടീഷ് സർക്കാരിനേയും, തിരുവിതാംകൂറിൽ സർ. സി. പി നേതൃത്വം നൽകിയ സർക്കാരിനേയും എതിർത്തതിനാൽ ഭരണകൂടത്തിന്റെ മർദ്ദനമുറകൾ ഏറ്റുവാങ്ങാനിടയായിരുന്നു. ആ കാലഘട്ടത്തെ അനുസ്മരിക്കുകയാണ് 'ഫാഷിസ്റ്റ് കാലത്തെ ബഷീർ' എന്ന ശീർഷകം. അതോടൊപ്പംതന്നെ ഇക്കാലത്ത് വളരെയധികം 'ചെലവാകുന്ന' ഫാസിസത്തെക്കുറിച്ചുള്ള ഒരു ചർച്ചയും ലക്‌ഷ്യം വെച്ചാണ് എം. ഏ. റഹ്‌മാൻ ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ബഷീറിന്റെ സാഹിത്യപ്രപഞ്ചത്തെക്കാളുപരി ബഷീർ എന്ന വ്യക്തിയുടെ വികാസപരിണാമങ്ങളാണ് ഈ പുസ്തകത്തിൽ ചർച്ച ചെയ്യപ്പെടുന്നത്. ശുദ്ധ മലയാളലിപിയിൽ ശുദ്ധ മുസ്ലിം ജീവിതം സമ്പൂർണമായി രേഖപ്പെടുത്തുന്ന ആദ്യത്തെ സർഗാത്മക കൃതിയായ 'ന്റുപ്പാപ്പാക്കൊരാനേണ്ടാർന്ന്' (1951) എന്ന ബഷീർ കൃതി അറബിമലയാളത്തിന്റെ ഇടുങ്ങിയ തെരുവുകളിൽനിന്ന് മുസ്ലിം സാഹിത്യത്തെ മലയാളഭാഷയുടെ രാജവീഥിയിലേക്ക് വഴിതിരിച്ചുവിട്ടു. തനിക്ക് പരിചയമുള്ള കഥാപാത്രങ്ങളേയും ഇതിവൃത്തങ്ങളേയും ബഷീർ ആവിഷ്കരിച്ചപ്പോൾ അവ ഇസ്‌ലാമികമായിപ്പോയതിൽ യാതൊരത്ഭുതവുമില്ല. എന്നാൽ അതിന്റെ പേരിൽ ബഷീറിയൻ പ്രതിഭയുടെ സമ്പൂർണ്ണ കൈകർത്തൃത്വ അവകാശമാണ് ഇസ്‌ലാമിന്റെ പേരിൽ റഹ്‌മാനെപ്പോലുള്ള പണ്ഡിതർ ആവശ്യപ്പെടുന്നത്. 'പേർഷ്യൻ ഭൂമികയിൽനിന്നാരംഭിക്കുന്ന സൂഫികളുടെ സത്യാന്വേഷണവും, മനുഷ്യപ്പറ്റും, ചരാചരസ്നേഹവും, ദാർശനികവുമായ ചിരിയുമാണ് ബഷീർ സ്വാംശീകരിച്ചത്' (പേജ് 59) എന്ന മട്ടിലുള്ള അഭിപ്രായങ്ങൾ തട്ടിമൂളിക്കുവാൻ ഗ്രന്ഥകാരനെ പ്രേരിപ്പിക്കുന്നത് ഈ മിഥ്യാഭിമാനമാണ്. കേരളീയ ആവിഷ്കാരപാരമ്പര്യത്തിനു വെളിയിലല്ല ബഷീറിന്റെ പ്രതിഭ. അല്ലെങ്കിലും 'ദൈവം എന്നൊന്നില്ലെങ്കിൽ എന്റെയാവശ്യത്തിനുവേണ്ടിയെങ്കിലും ഞാനൊരു ദൈവത്തെ ഉണ്ടാക്കും' എന്നു പ്രഖ്യാപിച്ച കലാകാരനെ മദ്ധ്യപൗരസ്ത്യദേശത്തിന്റെ സാഹിത്യചട്ടക്കൂടിൽ എങ്ങനെ ഒതുക്കാൻ സാധിക്കും? സ്വാതന്ത്ര്യസമരത്തിലെ അദ്ദേഹത്തിന്റെ പങ്കാളിത്തം പോലും 'അറേബ്യയിൽ നിന്നും വന്ന് കേരളത്തിന്റെ ദേശീയതയോട് കൂറുപുലർത്തിയ സയ്യിദുകളുടെ പാരമ്പര്യത്തിന്റെ' ഫലമാണെന്നാണ് ഗ്രന്ഥകർത്താവ് സ്ഥാപിക്കുന്നത്.

മലബാർ ലഹള പോലുള്ള വർഗീയകലാപങ്ങളെ ഹിന്ദു ജാതിമേധാവിത്വത്തിനെതിരായുള്ള പോരാട്ടമാക്കി വെള്ളപൂശാൻ റഹ്‌മാൻ കഠിനാദ്ധ്വാനം ചെയ്യുന്നുണ്ട്. അല്ലെങ്കിലും പിന്നോക്ക, ദളിത് വിഭാഗങ്ങളുടെ അപ്പോസ്തലന്മാരായി സ്വയം നടിക്കുന്നവരാണ് മുസ്ലിം വർഗ്ഗീയവാദികൾ. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രത്തിലാണ് ഈ നയത്തിന്റെ ജനിതക ഉറവിടം. ഈ അടവുനയം ബ്രിട്ടീഷ് ഭരണകാലത്തെ മുസ്ലിം ലീഗിന്റെ സന്തതിയുമാണ്. അവരുടെ മോഹനവാഗ്ദാനങ്ങളിൽ വിശ്വസിച്ച് പാക്കിസ്ഥാനിലേക്കു കുടിയേറിയ ദളിത് നേതാവ് ജോഗേന്ദ്രനാഥ് മണ്ഡലിന്റെ ദുരിതപർവ്വം ഇനിയും വേണ്ടവിധം വിലയിരുത്തപ്പെട്ടിട്ടില്ല. പാക്കിസ്ഥാനിലെ ആദ്യ മന്ത്രിസഭയിൽ നിയമ-തൊഴിൽ മന്ത്രിയായ മണ്ഡൽ മൂന്നുവർഷത്തിനുശേഷം ഇന്ത്യയിലേക്ക് തിരിച്ചോടിവന്നു. മുസ്ലിം ലീഗിന്റെ ഭരണത്തിനുകീഴിൽ മനുഷ്യൻ എന്ന പരിഗണന പോലും ലഭിക്കാതെവന്നത് അദ്ദേഹത്തിന്റെ കണ്ണുതുറപ്പിച്ചു. മലബാറിലെ വർഗീയലഹളകളെല്ലാം റഹ്‌മാൻ ഇങ്ങനെ സൂത്രത്തിൽ സവർണ്ണർക്കെതിരായ പോരാട്ടമാക്കി മാറ്റുകയാണ്. 1836 മുതൽ 1921 വരെ ബ്രിട്ടീഷുകാർക്കെതിരേയും സവർണജന്മിമാരുടെ ജാതിവിവേചനത്തിനെതിരേയും മലബാറിൽ 83 കലാപങ്ങൾ അരങ്ങേറി എന്നദ്ദേഹം അവകാശപ്പെടുന്നു (പേജ് 49).

വ്യക്തിപരമായ ആരാധന മാത്രം കൈമുതലാക്കി ഒരു പുസ്തകം വിജയിപ്പിക്കാനാവില്ല എന്നതിന്റെ വ്യക്തമായ തെളിവാണീ കൃതി. ബഷീറിനെ സാഹിത്യപരമായി വിമർശിക്കുന്നവർക്കെതിരെ റഹ്‌മാൻ ഉറഞ്ഞുതുള്ളുന്നു. സുകുമാർ അഴീക്കോടിനെ അദ്ദേഹം വിശേഷിപ്പിക്കുന്നത് 'മന്ദബുദ്ധി' എന്നും 'അയാൾ' എന്നുമാണ് (പേജ് 96). ഗുപ്തൻ നായർ, പവനൻ എന്നിവരും ആരോപണവിധേയമാകുന്നുണ്ട്. അവർ ചെയ്ത 'കുറ്റം' ബഷീറിനെ വിമർശിച്ചു എന്നതുമാത്രവും! കാര്യമായ ബുദ്ധിമുട്ടൊന്നും കൂടാതെ വായിച്ചുപോകാവുന്ന ഈ പുസ്തകത്തിൽ 1929-ൽ ആരംഭിച്ച വൻ സാമ്പത്തികമാന്ദ്യത്തെ (Great Depression) 'മഹാ വിഷാദകാലം' എന്നു പരിഭാഷപ്പെടുത്തുന്നത് കഷ്ടമായിപ്പോയി.

പുസ്തകം ശുപാർശ ചെയ്യുന്നു.


Book Review of 'Fascist Kaalathe Basheer' by M A Rehman
ISBN: 9789387334885

Friday, October 25, 2019

ആലാപനസ്മൃതി

മലയാളചലച്ചിത്രഗാനരംഗത്ത് ശ്രീ. ടി. പി. ശാസ്തമംഗലത്തിന്റെ സ്ഥാനം ഒരു വിജ്ഞാനകോശത്തിനു സമാനമാണ്. ഫുഡ് കോർപ്പറേഷനിലെ ജോലിക്കിടയിലും ഈ മനുഷ്യൻ സമാഹരിച്ച വിവരങ്ങൾ ഗാനശാഖയുടെ സകല മുഖങ്ങളേയും സ്പർശിക്കുന്നതാണ്. ഗാനം രചിച്ചതാരെന്നോ, അതിന് സംഗീതം നൽകിയതാരെന്നോ ഉള്ള അമേച്വർ താല്പര്യങ്ങളിൽ ഒതുങ്ങിനിൽക്കുന്നതല്ല ശാസ്തമംഗലത്തിന്റെ ഭൂമിക. ആ ഗാനത്തിന്റെ ചലച്ചിത്രത്തിലും അല്ലാതെയുമുള്ള പശ്ചാത്തലവും, അതിന്റെ അണിയറശില്പികളുമായുള്ള ഗാഢബന്ധങ്ങളും അദ്ദേഹത്തിന് ഒരു പകരക്കാരനെ കണ്ടെത്താനുള്ള ശ്രമം ദുഷ്കരമാക്കുന്നു.

ഒരു ഗാനത്തിന്റെ മൂന്നു പ്രധാന ഘട്ടങ്ങളാണ് രചന, സംഗീതസംവിധാനം, ആലാപനം എന്നത്. ഈ മൂന്നു രംഗങ്ങളിലും ശക്തമായ സ്വാധീനം ചെലുത്തി മൺമറഞ്ഞുപോയ കലാകാരന്മാരെ അനുസ്മരിക്കുന്നതിനായി ഗാനസ്മൃതി, സംഗീതസ്മൃതി, ആലാപനസ്മൃതി എന്നിങ്ങനെ മൂന്നു പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ഒരു പരമ്പര ഗ്രന്ഥകാരൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ മൂന്നാമത്തേതായ, ഗായകരെ പരാമർശിക്കുന്ന 'ആലാപനസ്മൃതി'യാണ് ഈ പുസ്തകം.

ചലച്ചിത്രഗാനസരണി ഉത്ഭവിച്ചതിനുശേഷം ഇന്നുവരെ അതിൽ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന 26 ഗായകരുടെ ജീവചരിത്രമാണ് ഈ കൃതി ഉൾക്കൊള്ളുന്നത്. ഏ. എം. രാജ, പി. ബി. ശ്രീനിവാസ്, കെ. പി. ബ്രഹ്മാനന്ദൻ എന്നീ ഗായകരേയും പി. ലീല, ജാനമ്മ ഡേവിഡ്, സ്വർണലത മുതലായ ഗായികമാരേയും നാമീ താളുകളിൽ കണ്ടുമുട്ടുന്നു. അവരുടെയൊക്കെ ജീവിതങ്ങളിലെ അധികം അറിയപ്പെടാത്ത വസ്തുതകളും വായനക്കാർക്കുവേണ്ടി ലേഖകൻ നിരത്തിവെക്കുന്നു. യേശുദാസ് എന്ന ഗന്ധർവപ്രതിഭയുടെ പ്രഭാവലയത്തിൽ നിറം മങ്ങിപ്പോയ താരകളാണ് മലയാളത്തിലെ പുരുഷഗായകർ.  എങ്കിലും, അവരുടെ കഴിവുകൾ നിറമാർന്ന സന്ദർഭങ്ങളിലൂടെ ഈ ലേഖനങ്ങൾ വെളിവാക്കുന്നു. അവരെല്ലാവരും ചേർന്നതാണ് മലയാളഗാനലോകം എന്ന് അനുവാചകർ അങ്ങനെ തിരിച്ചറിയുന്നു.

ലേഖനങ്ങളുടെ രചനാരീതി എല്ലാറ്റിലും മാറ്റമില്ലാതെ തുടരുന്നതിനാൽ അല്പം വൈരസ്യം ജനിപ്പിക്കുന്നു. അല്പം ജീവചരിത്രം, ഗാനരംഗത്തേക്കു കടന്നുവന്ന രീതി, പാടിയ പ്രധാനഗാനങ്ങൾ, മരണം എന്നിങ്ങനെ എല്ലാ അദ്ധ്യായങ്ങളും പ്രവചനാത്മകമായ ഘടന പുലർത്തുന്നവയാണ്. ഇത്തരമൊരു കൃതിയിൽ ഇത് ഒഴിച്ചുകൂടാനാവാത്തതാണെന്നു വാദിക്കാമെങ്കിലും ഇത് പുസ്തകത്തെ ഒരു വിജ്ഞാനകോശത്തിന്റെ ആസ്വാദനനിലവാരത്തിലേക്ക് താഴ്ത്തിക്കളയുന്നു.

പുസ്തകം ഗാനപ്രേമികൾക്കായി ശുപാർശ ചെയ്യുന്നു.


Book Review of 'Aalapanasmrithi' by T P Sasthamangalam
ISBN: 9788120045422

Sunday, September 8, 2019

സ്വാതി തിരുനാൾ

കഴിഞ്ഞ നൂറ്റാണ്ടിനുമുന്നിലേക്കു നോക്കിയാൽ കേരളത്തിന് കലാപരമായി ദേശീയനിരയിൽ പ്രാമുഖ്യം ലഭിക്കത്തക്ക സംഭാവനകളൊന്നും നൽകാൻ കഴിഞ്ഞിരുന്നില്ല എന്നുകാണാൻ കഴിയും. ഒരു കാളിദാസനോ, തുളസീദാസോ, തുക്കാറാമോ ഈ മണ്ണിൽ ജന്മമെടുത്തില്ല. കേരളത്തിന്റെ ഭാഗധേയം പുനർനിർവചിക്കപ്പെട്ടത് പത്തൊൻപതാം നൂറ്റാണ്ടിലാണ്, അതിൽത്തന്നെ തിരുവിതാംകൂറിലുമാണ്. ആ നൂറ്റാണ്ടിന്റെ അന്ത്യത്തോടെ സംഗീതത്തിൽ സ്വാതി തിരുനാൾ രാമവർമ്മ രാജാവും ചിത്രരചനയിൽ രവിവർമ്മയും കേരളത്തിന്റെ യശസ്സുയർത്തി. കർണാടക സംഗീതത്തിൽ തന്റേതായ പാത വെട്ടിത്തുറന്ന സ്വാതി തിരുനാൾ മുപ്പത്തിനാലാമത്തെ വയസ്സിൽ ദിവംഗതനായെങ്കിലും സംഗീതത്തിലെ ത്രിമൂർത്തികളായ ത്യാഗരാജൻ, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമശാസ്ത്രി എന്നിവരുടെ സമകാലീനനുമായിരുന്നു. ജനനത്തിനുമുമ്പേ രാജത്വം ഉറപ്പിച്ചിരുന്ന അദ്ദേഹം പതിനെട്ടുവർഷക്കാലത്തെ ഭരണത്തിലൂടെ രാജ്യത്തിന്റെ ആധുനികവൽക്കരണത്തിന്റെ ആധാരശിലകളും പാകി. സംസ്ഥാന പബ്ലിക് റിലേഷൻസ് ഡയറക്ടർ എന്ന നിലയിൽ വിരമിച്ചതിനുശേഷം എഴുത്തുകാരൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ശ്രീ. കെ. അശോകനാണ് ഈ പുസ്തകത്തിന്റെ രചയിതാവ്.

നാനൂറില്പരം സംഗീതകൃതികൾ രചിച്ചുവെങ്കിലും സ്വാതി തിരുനാളിന് അദ്ദേഹം അർഹിച്ചിരുന്ന കീർത്തി ലഭിച്ചിരുന്നില്ല. ഇതിനൊരു പ്രധാനകാരണമായി ഗ്രന്ഥകാരൻ കാണുന്നത് സംഗീതത്രിമൂർത്തികളെപ്പോലെ വിപുലമായ ഒരു ശിഷ്യസഞ്ചയം അദ്ദേഹത്തിനുണ്ടായിരുന്നില്ല എന്നതാണ്. രാജാവ് എന്ന നിലയിൽ പദ്മനാഭസ്വാമി ക്ഷേത്രത്തിലും മറ്റധികാര സ്ഥാനങ്ങളിലും തന്റെ കൃതികൾ ആലപിക്കാൻ ചട്ടം കെട്ടിയ സ്വാതി തിരുനാൾ രാജ്യത്തിനുപുറത്തേക്ക് അവ വ്യാപിപ്പിക്കാൻ വേണ്ടവിധം ശ്രദ്ധിച്ചില്ല. അവസാനമാകുമ്പോഴേക്കും രാജ്യകാര്യങ്ങൾ അദ്ദേഹത്തിന്റെ മനോനിലയെ ഉലക്കാനും തുടങ്ങിയിരുന്നു. മറ്റുഭാഷകൾ അഭ്യസിക്കുന്നതിൽ അദ്ദേഹം കാണിച്ച ഉത്സാഹം അമ്പരപ്പിക്കുന്നതായിരുന്നു. ഹിന്ദിയിൽ നടത്തിയ സ്വാതി രചനകൾ ഇന്നും സംഗീതകാരന്മാർ ഉത്തരേന്ത്യയിൽ ആലപിച്ചുവരുന്നു. സംഗീതകൃതികളെക്കുറിച്ചുള്ള സാമാന്യം ദീർഘവും, സാങ്കേതികപദങ്ങൾ നിർലോഭം ഉപയോഗിച്ചുകൊണ്ടുമുള്ള വിവരണം സാധാരണവായനക്കാരെ കുഴപ്പത്തിലാക്കുമെങ്കിലും ഇത്തരമൊരു പുസ്തകത്തിൽ അതിന്റെ കടമ കൃത്യമായും, പൂർണ്ണമായും നിർവഹിക്കുന്നു.

രാഷ്ട്രീയ, ഭരണരംഗങ്ങളിൽ സ്വാതി തിരുനാളിന്റെ സംഭാവനകളുടെ വിമർശനപരമായ ഒരവലോകനം ഈ കൃതിയിൽ കാണുന്നില്ല. പുരോഗമനപരമായ നിരവധി പ്രവർത്തനങ്ങൾ അദ്ദേഹം നടത്തിയെങ്കിലും ആചാരവിശ്വാസങ്ങൾക്കുവേണ്ടി പൊതുധനം ധൂർത്തടിക്കുന്നതിൽ ആക്ഷേപാർഹമായി ഒന്നുംതന്നെ കണ്ടില്ല. വൻതോതിൽ പണം ചെലവിട്ടുനടത്തിയ തുലാപുരുഷദാനം, ഹിരണ്യഗർഭം എന്നീ ക്രിയകൾ ക്ഷേത്രസ്വത്ത് വർദ്ധിപ്പിച്ചുവെങ്കിലും രാജ്യത്തിന് യാതൊരു നേട്ടവും വാഗ്ദാനം ചെയ്തില്ല. രാജ്യം രാജാവിന്റെ സ്വകാര്യസ്വത്താണെന്ന ധാരണ പൂർണ്ണമായും അസ്തമിച്ചിരുന്നിട്ടില്ലാത്ത ആ കാലത്തെയോർത്ത് പിൽക്കാലം അദ്ദേഹത്തിന് മാപ്പുനൽകും. രാജാവിന്റെ പ്രതിനിധി എന്ന നിലയിൽ ദിവാൻ ദൈനംദിന ഭരണം ഏറ്റെടുക്കുന്നതിനു മുമ്പുള്ള ഘട്ടമായതിനാൽ ബ്രിട്ടീഷ് റെസിഡന്റുമായി സ്വാതി തിരുനാളിന് നേരിട്ടേറ്റുമുട്ടേണ്ടി വന്നു. ഇതദ്ദേഹത്തിന് മാനസികാസ്വാസ്ഥ്യം പ്രദാനം ചെയ്തതിനോടൊപ്പം അദ്ദേഹത്തിന്റെ ആയുസ്സിനേയും കാർന്നുതിന്നിരിക്കണം. വിഷാദരോഗം രാജാവിനെ വല്ലാതെ അലട്ടിയിരുന്നു. 

സ്വാതി തിരുനാൾ കൃതികൾ അദ്ദേഹം രചിച്ചതല്ലെന്നും, രാജസദസ്സിനെ അലങ്കരിച്ചിരുന്ന തഞ്ചാവൂർ ചതുഷ്ടയം എന്നറിയപ്പെട്ടിരുന്ന നാലു സഹോദരന്മാരാണ് അതിന്റെ യഥാർത്ഥ കർത്താക്കൾ എന്നൊരു വിവാദപരമായ ലേഖനം പ്രസിദ്ധ തമിഴ്‌ വാരികയായ കുമുദം 1982-ൽ പ്രസിദ്ധപ്പെടുത്തിയിരുന്നു. പ്രചാരം വർദ്ധിപ്പിക്കുന്നതിനായി ഇത്തരം വിവാദങ്ങൾ കൊഴുപ്പിക്കുന്നത് പത്ര-മാസികകളുടെ ജന്മസ്വഭാവമാണല്ലോ! മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയിട്ടില്ലെന്നും, ഷേക്‌സ്‌പിയർ കൃതികൾ മറ്റാരോ രചിച്ചതാണെന്നും, 2004-ലെ സുനാമി അണുവിസ്ഫോടനത്തിന്റെ ഫലമായുണ്ടായതാണെന്നുമൊക്കെയുള്ള അവകാശവാദങ്ങളുടെ കൂട്ടത്തിൽ ഇതിനെയും കണ്ടാൽ മതി. എങ്കിലും സുപ്രസിദ്ധ കവിയും, ഗാനരചയിതാവുമായിരുന്ന വയലാർ രാമവർമ്മയായിരുന്നു ഈ ദുഷ്പ്രചാരണത്തിന് തുടക്കം കുറിച്ചത് എന്നറിയുന്നത് മലയാളികളെ ആകെ വേദനിപ്പിക്കുന്നു.

പുസ്തകം ശുപാർശ ചെയ്യുന്നു.


Book Review of 'Swathi Thirunal' by K Ashokan
ISBN: 9788184231229

Saturday, July 20, 2019

സി. കേശവൻ എന്ന പോരാളി



കേരളത്തിന്റെ ആധുനികവൽക്കരണത്തിലേക്കു നയിച്ച ഒരു സുപ്രധാന നടപടിയായിരുന്നു 1936-ലെ ക്ഷേത്രപ്രവേശന വിളംബരം. ഇത്തരമൊരു സുപ്രധാന തീരുമാനത്തിലേക്ക് തിരുവിതാംകൂർ മഹാരാജാവിനെ നയിച്ച ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് 1933-ൽ തുടങ്ങിയ നിവർത്തന പ്രക്ഷോഭണം. ഭരണത്തിൽ പങ്കാളിത്തം ആവശ്യപ്പെട്ടുകൊണ്ട് ഈഴവ-ക്രിസ്ത്യൻ-മുസ്ലീം സമുദായങ്ങൾ ഒന്നിച്ചു നിന്ന് സംഘടിപ്പിച്ച ഈ പ്രക്ഷോഭസമരം അടഞ്ഞ പല കണ്ണുകളേയും തുറപ്പിച്ചു, പല ബധിരകർണങ്ങളേയും ശ്രവണയുക്തമാക്കി. മതം മാറിയാൽ തങ്ങൾക്ക് ലഭിക്കുന്ന അവകാശങ്ങളെങ്കിലും മതം മാറാതെ തന്നെ അനുവദിക്കണം എന്ന പിന്നോക്കജാതിക്കാരുടെ ദയനീയമായ അപേക്ഷകൾ പോലും സവർണ്ണവർഗ്ഗം പുച്ഛത്തോടെ തള്ളിക്കളഞ്ഞിരുന്ന കാലം! ഈഴവർ മതം മാറണം എന്ന ആവശ്യം ആ സമുദായത്തിൽ ഉയർന്നുവന്നുകൊണ്ടിരുന്നു. എന്നാൽ ഇതൊരു പൊള്ളയായ ഭീഷണി മാത്രമാണെന്ന് അധികാരി വർഗത്തിന് നല്ല ബോധ്യമുണ്ടായിരുന്നു. മതം മാറാൻ സമുദായാംഗങ്ങൾക്കും സത്യത്തിൽ താൽപര്യമുണ്ടായിരുന്നില്ല. 'പഴകിയാൽ പാമ്പും നന്ന്' എന്നാണല്ലോ പ്രമാണം. എന്നാൽ നിവർത്തനപ്രസ്ഥാനം പഴഞ്ചൻ ധാരണകളെ അപ്പാടെ തൂത്തെറിഞ്ഞു. ഹൈന്ദവേതര സമുദായങ്ങളുമായി അടുത്തിടപഴകിയതുവഴി ഈഴവർ വൻതോതിൽ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം നടത്തിയേക്കും എന്ന നില സംജാതമായി. ഈ കാലഘട്ടത്തിലാണ് ക്രാന്തദർശിയായ സി. പി. രാമസ്വാമി അയ്യരുടെ ഉപദേശപ്രകാരം മഹാരാജാവ് ശ്രീചിത്തിരതിരുനാൾ എല്ലാ ഹൈന്ദവജാതികൾക്കും സർക്കാർ വക ക്ഷേത്രങ്ങൾ തുറന്നുകൊടുത്തത്. നിവർത്തന പ്രക്ഷോഭണത്തിന്റെ നെടുനായകനായിരുന്നു പിന്നീട് തിരുക്കൊച്ചിയിൽ മന്ത്രിയും പ്രധാനമന്ത്രിയുമായിരുന്ന ശ്രീ. സി. കേശവൻ. അദ്ദേഹത്തിന്റെ പോരാട്ടവീര്യം വിശദമാക്കുന്നതാണ് ഈ പുസ്തകം. സർക്കാർ സർവീസിൽ ദീർഘകാലം മനോരോഗവിദഗ്ധനായി ജോലി ചെയ്തതിനു ശേഷം വിരമിച്ച ഡോ. പി. കെ. സുകുമാരൻ ആണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്.

പ്രവർത്തനകാലത്ത് ഉജ്ജ്വലതേജസ്സോടെ ജ്വലിച്ചു നിന്ന സി. കേശവൻ എന്ന താരകം രാഷ്ട്രീയത്തിൽ നിന്ന് സ്വയം വിരമിക്കൽ നടത്തിയത് 1950-കളിലാണ്. അതിനാൽത്തന്നെ കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി കേരളത്തിന്റെ സാമൂഹ്യമനസ്സിലില്ലാത്ത ഒരു നേതാവിനെ ഇപ്പോൾ അവതരിപ്പിക്കുന്നതിന്റെ സാംഗത്യം എന്ത് എന്നതാണ് പ്രാഥമികമായി ഉയരുന്ന ചോദ്യം. ഗ്രന്ഥകാരനു നേരെ നീളുന്ന ഈ ശരത്തിന്റെ വഴിയിൽ നിന്ന് അദ്ദേഹം വഴുതി മാറുന്നു. ‘ജീവിതസമരം’ എന്ന മാതൃകാപരമായ ഒരു ആത്മകഥ കേശവൻ രചിച്ചിട്ടുള്ളതിനാൽ വളരെയധികം വ്യക്തിപരമായ വിവരങ്ങൾ നമുക്കു ലഭ്യമാകുകയും ചെയ്യുന്നു.  ഈ പുസ്തകത്തിന്റെ ഏതാണ്ട് മുഴുവൻ ഭാഗങ്ങളും ‘ജീവിതസമര’ത്തിൽ നിന്ന് കടം കൊണ്ടവയാണ് . മൂലഗ്രന്ഥം അപൂർണ്ണമായതിനാൽ 1938-നു ശേഷമുള്ള ജീവിതകഥ ഈ ഗ്രന്ഥത്തിലും ഇല്ല. ‘സി. കേശവന്റെ പ്രസംഗങ്ങൾ’ എന്ന മറ്റൊരു കൃതി കൂടി ആധാരമാക്കിയിട്ടുണ്ടെങ്കിലും പ്രാഥമിക റഫറൻസുകൾ ഒന്നും തന്നെ പരിശോധിച്ചിട്ടില്ലാത്തതിനാൽ ഗവേഷണപരമായി ഈ കൃതി യാതൊരു മൂല്യവും പുലർത്തുന്നില്ല. സർക്കാർ ഉത്തരവുകളോ രേഖകളോ പഴയ വർത്തമാനപത്രങ്ങൾ പോലുമോ ലേഖകൻ കണക്കിലെടുത്തിട്ടില്ല. ഇത്തരമൊരു ജീവചരിത്രരചനയുടെ രൂപകൽപ്പന പോലും ശരിയല്ലെന്നേ പറയേണ്ടതുള്ളൂ.

‘ഒരമ്പലം നശിച്ചാൽ അത്രയും അന്ധവിശ്വാസം കുറഞ്ഞു’ എന്ന ക്രൂരമെങ്കിലും വിഖ്യാതമായ അഭിപ്രായം സി. കേശവന്റേതാണ്. നൂറ്റാണ്ടുകളായി തുടർന്നിരുന്ന നിന്ദ്യമായ ജാതി വിവേചനത്തിന്റെ മുറിപ്പാടുകൾ ആത്മാവിൽ ഏറ്റുവാങ്ങിയിരുന്ന ഒരു തലമുറയുടെ വികാരം മുറ്റിനിൽക്കുന്ന ഒരു പ്രതിഷേധപ്രകടനം എന്ന നിലയിൽ മാത്രം ഇതിനെ കണ്ടാൽ മതി. കേശവൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് എസ്.എൻ.ഡി.പിയിലും പ്രവർത്തിച്ചിരുന്നു. എന്നാൽ അതിനുപരിയായി ജാതിപരിഗണന മൂലം നേട്ടമുണ്ടാക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നോ എന്ന സംശയം ഉണർത്തുന്ന വിധത്തിൽ ഒരു സംഭവം ഈ പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. എസ്.എൻ.ഡി.പി നേതാവായിരുന്ന എം. ഗോവിന്ദൻ തിരുവനന്തപുരത്ത് മുൻസിഫായിരിക്കുന്ന കാലം. നിയമനാധികാരം ഉണ്ട്. അവിടെ ഒരു ഗുമസ്തജോലി ഒഴിവുണ്ടെന്നറിഞ്ഞ് അപേക്ഷിച്ച കേശവന്റെ ആഗ്രഹം അദ്ദേഹം സാധിച്ചു കൊടുത്തില്ല. മാത്രവുമല്ല, ഒരു നായരെയാണ് ആ സ്ഥാനത്ത് നിയമിച്ചതും. ദാരിദ്ര്യമുള്ള തനിക്ക് ആ ജോലി തരാതിരുന്നതിലുള്ള രോഷം കേശവൻ അദ്ദേഹത്തോട് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു (പേജ് 88).

‘ജീവിതസമരം’ വായിച്ചിട്ടുള്ളവർ ഈ പുസ്തകം വായിക്കണമെന്നില്ല. പുതുതായി ഒന്നും ഇതിലില്ല. സി. കേശവന്റെ ജീവിതത്തിലെ സംഭവബഹുലവും ജനമധ്യത്തിലുള്ളതുമായ പതിനാറു വർഷങ്ങൾ പരാമർശിക്കാൻ വിട്ടുപോയത് അക്ഷന്തവ്യമായ തെറ്റാണ്. അതിനുപകരം അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെ സതീർഥ്യരുടെ പേരുകൾ എഴുതിവച്ചിരിക്കുന്നത് ഒരു പ്രയോജനവും ഉണ്ടാക്കുന്നില്ല. ഇതു നോക്കൂ.! “കേശവന്റെ സഹപാഠികൾ വറീത്, കൃഷ്ണൻ, കെ. കെ. പൽപ്പു, കാക്കു, ടി. ഇ. കേശവൻ, രണ്ടു മുസ്ലിം കുട്ടികൾ, നാരായണി എന്ന പെൺകുട്ടി എന്നിവരായിരുന്നു” (പേജ് 29). മുസ്ലിം കുട്ടികൾക്കു മാത്രം പേരില്ല! ഇത്തരമൊരു പുസ്തകമാണ് സാഹിത്യപ്രവർത്തക സഹകരണ സംഘം ‘നവോത്ഥാന നായകർ’ എന്ന പരമ്പരയിൽ പ്രസിദ്ധീകരിക്കുന്നത് എന്നോർക്കുമ്പോൾ നാം ലജ്ജകൊണ്ട് തലകുനിക്കുക തന്നെ വേണം.

പുസ്തകം ശുപാർശ ചെയ്യുന്നില്ല.

Book review of C. Kesavan Enna Porali by Dr. P K Sukumaran
ISBN 9789388163231


Saturday, July 6, 2019

കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രം

ശാസ്ത്രീയമായ കുറ്റാന്വേഷണം എല്ലായ്പ്പോഴും വലിയതോതിൽ ജനശ്രദ്ധയെ ആകർഷിക്കുന്നു. പലപ്പോഴും കുറ്റാരോപിതരെ കണ്ടെത്തുന്നതുവരെയുള്ള സംഭവങ്ങളേ വർത്തമാനപ്പത്രങ്ങളും ദൃശ്യമാധ്യമങ്ങളും കൈകാര്യം ചെയ്യുകയുള്ളൂ. തെളിവുകൾ വിദഗ്ദ്ധമായി കണ്ടെത്തുന്നതും അവ തീരെ പ്രതീക്ഷിക്കാത്ത ഒരാളെ കുറ്റവാളിയാക്കുന്നതുമെല്ലാം ആ രംഗത്തെ സാങ്കേതികവിദഗ്ദ്ധരുടെ ഓർമ്മക്കുറിപ്പുകളിലൂടെ മാത്രമേ പൊതുജനങ്ങൾക്ക് ലഭ്യമാവുകയുള്ളൂ. മലയാളത്തിൽ അത്തരം വിദഗ്ദ്ധരിൽ അഗ്രഗണ്യനാണ് ഫോറൻസിക് രംഗത്ത് ഉന്നതമായ പദവികൾ വഹിച്ചിരുന്ന ഡോ. ബി. ഉമാദത്തൻ. രണ്ടുദിവസം മുൻപാണ് അദ്ദേഹം നിര്യാതനായത്. ഫോറൻസിക് വിഭാഗത്തിലെ പതിറ്റാണ്ടുകളായ പ്രവൃത്തിപരിചയം നിരവധി ബഹുമതികൾ അദ്ദേഹത്തെ തേടിവരാൻ ഇടയാക്കിയിട്ടുണ്ട്. കേരളപ്പിറവിയുടെ അറുപതാം വാർഷികവേളയിൽ 'നാം എവിടെ നിൽക്കുന്നു' എന്ന ചോദ്യത്തിനുത്തരമായി നിരവധി മേഖലകളിലെ പ്രവീണരുടെ ലേഖനങ്ങൾ കോർത്തിണക്കി പ്രസിദ്ധീകരിച്ച 'കേരളം @ 60' എന്ന പരമ്പരയിലെ ഒരു ലക്കമാണ് ഈ പുസ്തകം.

കുറ്റാന്വേഷണത്തെക്കുറിച്ചു പറയുമ്പോൾ പോലീസ് വകുപ്പിന്റെ ഉത്ഭവത്തെക്കുറിച്ചും പറയാതെ വയ്യല്ലോ. പൊതുജനങ്ങളുമായി ദൈനംദിന കാര്യങ്ങളിൽ ഇടപെടുന്ന പോലീസിനെ മാത്രമേ നമുക്കു പരിചയമുള്ളൂ. എന്നാൽ അത് മഞ്ഞുമലയുടെ അഗ്രം മാത്രമേ ആകുന്നുള്ളൂവെന്നും ക്രമസമാധാനപാലനപ്രക്രിയയുടെ അനുബന്ധസേവനങ്ങളായ കുറ്റാന്വേഷണം, ശാസ്ത്രീയ പരീക്ഷണശാലകൾ, ആശയവിനിമയം, വാഹനസൗകര്യങ്ങൾ, പരിശീലനം എന്നിങ്ങനെ ഓരോ മേഖലയിലും കർമ്മനിരതരായ നിരവധി ഉദ്യോഗസ്ഥർ പ്രവൃത്തിയെടുക്കുന്നുവെന്ന് ഈ പുസ്തകം കാട്ടിത്തരുന്നു. പോലീസിന്റെ തലപ്പത്ത് മാറിമാറിവരുന്ന ഉന്നത ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തുന്നതോടൊപ്പം അവരുടെ പ്രധാനസംഭാവനകളും വിവരിക്കുന്നു. ഗ്രന്ഥകാരന് ഉന്നത ഉദ്യോഗസ്ഥരുമായി ഉണ്ടായിരുന്ന അടുത്ത ബന്ധം ചിലരെയെങ്കിലും വെള്ളപൂശാനും ഉപയോഗിക്കുന്നുവോ എന്ന സംശയം വായനക്കാരിൽ ഉണ്ടാകുന്നു. അടിയന്തരാവസ്ഥയോടടുപ്പിച്ച് വ്യാപകമായ മനുഷ്യാവകാശലംഘനങ്ങൾ നടത്തിയ ചില ഉദ്യോഗസ്ഥർ പോലും ഈ കൃതിയിൽ വീരനായകരായി പാടിപ്പുകഴ്ത്തപ്പെടുന്നതു കാണാം. പൊലീസിലെ ബ്യൂറോക്രസിയുമായുള്ള അടുപ്പം അതിലെ സ്ഥാനചലനങ്ങളും സ്ഥാനക്കയറ്റങ്ങളും വരെ വിശദമായി വിവരിക്കുന്നതരത്തിൽ പ്രകടമാണ്.

ഉമാദത്തൻ ഒരു ചരിത്രകാരനല്ല. അദ്ദേഹം തന്നെ പ്രസ്താവിക്കുന്നത് താൻ ചരിത്രം ഗൗരവമായി വായിച്ചത് ഈ ഗ്രന്ഥത്തിന്റെ രചനക്കുവേണ്ടിയാണെന്നാണ്. എങ്കിലും കേരളത്തിന്റെ സാമാന്യം വിശദമായ ഒരു വിവരണം ഇതിൽ നൽകുന്നുണ്ട്. അത് വിഷയവുമായി വളരെ അടുത്ത ഒരു പൊക്കിൾക്കൊടി ബന്ധം പുലർത്തുന്നുമില്ല. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ ഘടകങ്ങളുടെ ചരിത്രം വെവ്വേറെ പ്രതിപാദിക്കുന്നതുവഴി ആവർത്തനങ്ങളും ചരിത്രപരമായ അബദ്ധങ്ങളും വൃഥാസ്ഥൂലതയും ഉണ്ടാകുന്നു. ഏകദേശം 90 പേജുകളാണ് - പുസ്തകത്തിന്റെ മൂന്നിലൊന്നോളം - ഇതിനായി നീക്കിവെച്ചിരിക്കുന്നത്. ആധുനികകാലത്തെ ചരിത്രത്തിനായി ഏതോ ഇടതുപക്ഷ പ്രസിദ്ധീകരണത്തെയാണ് ആശ്രയിച്ചിരിക്കുന്നതെന്നു തോന്നുന്നു. കോൺഗ്രസ്സിനേയും അത് നേതൃത്വം നൽകുന്ന മുന്നണിയേയും പ്രതിപാദിക്കാൻ വലതുമുന്നണി എന്ന പദമാണ് ഉടനീളം ഉപയോഗിക്കുന്നത്.  കഴിഞ്ഞകാലങ്ങളിലെ ജനശ്രദ്ധ നേടിയ ഏതാനും കേസുകളുടെ വിവരങ്ങൾ ഇതിലും നല്കിയിട്ടുണ്ടെന്നത് വായനക്കാരെ ആകർഷിക്കും. കഥാപാത്രങ്ങളുടെ പേരുകൾ മാറ്റിയിട്ടുണ്ടെങ്കിലും കഴിഞ്ഞ ഏതാനും വർഷങ്ങളിലെ പത്രങ്ങൾ വായിച്ചിട്ടുള്ളവർക്ക് അവ വ്യക്തമായി തിരിച്ചറിയാൻ സാധിക്കുന്നു. പക്ഷേ ഈ കഥകൾ പുസ്തകത്തിന്റെ പ്രാഥമിക ലക്ഷ്യവുമായി എങ്ങനെ യോജിച്ചുപോകും എന്നത് ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ്. ചുരുക്കിപ്പറഞ്ഞാൽ ഈ പുസ്തകത്തിന് ലക്ഷണമൊത്ത ഒരു ഘടന ഇല്ല എന്നുതന്നെ മനസ്സിലാക്കേണ്ടി വരും.

അനായാസമായ വായന മാത്രമേ ഉദ്ദേശിക്കുന്നുള്ളൂവെങ്കിൽ ഈ പുസ്തകം നല്ലൊരു തെരഞ്ഞെടുപ്പായിരിക്കും. വിശകലനം ഇതിന്റെ നിഘണ്ടുവിലില്ല. വിമർശനാത്മകമായ യാതൊരു വീക്ഷണവും ഗ്രന്ഥകർത്താവ് വെച്ചുപുലർത്തുന്നില്ല. ഇക്കാരണങ്ങൾ കൊണ്ടുതന്നെ ഗൗരവപൂർണ്ണമായ വായന ആഗ്രഹിക്കുന്നവർ ഈ കൃതിയെ ഒഴിവാക്കുന്നതായിരിക്കും ഉചിതം.

Book Review of 'Keralathinte Kuttanweshana Charithram' by Dr. B Umadathan
ISBN: 9788126474103



Tuesday, July 2, 2019

ആത്മകഥ

മലയാളസാഹിത്യത്തറവാട്ടിലെ കാരണവരാണ് തകഴി എന്ന ശിവശങ്കരപ്പിള്ള. ജ്ഞാനപീഠത്തിന്റെ തിളക്കം കേരളത്തിന്റെ നാലതിരുകൾക്കുള്ളിലെത്തിച്ച വിരലിലെണ്ണാവുന്നവരിൽ ഒരാൾ. കാലത്തിന്റെ നാൽക്കവലയിൽ മലയാള സാഹിത്യം സന്ദേഹിച്ചുനിന്ന ഒരു വേളയിൽ സംശയലേശമെന്യേ നോവലിന്റെ വഴിയേ അതിനെ തിരിച്ചുവിട്ട പ്രഗത്ഭരിൽ പ്രമുഖൻ. ജനസാമാന്യത്തിന്റെ കൗതുകം സിനിമയിലേക്കുതിരിയുന്ന ഘട്ടമെത്തിയപ്പോൾ യാതൊരു മടിയും കൂടാതെ തന്റെ കൃതികളെ പുതിയ മാധ്യമത്തിനു യോജിച്ച രീതിയിൽ മാറ്റാനനുവദിച്ച ക്രാന്തദർശി. അങ്ങനെ ഒട്ടൊരു വിശേഷണങ്ങൾ അർഹിക്കുന്ന കൈരളിയുടെ മഹാനായ ഒരു പുത്രനാണ് തകഴി ശിവശങ്കരപ്പിള്ള. അദ്ദേഹത്തിന്റെ ജീവിതകഥ സ്വയം വിവരിക്കുന്ന ഈ പുസ്തകം ആധുനികസാഹിത്യത്തിന്റെ വികാസപരിണാമത്തിന്റേയും കൂടി കഥ പറയുന്നുണ്ട്. തകഴി ഒരു വക്കീലായിരുന്നു എന്ന വാസ്തവം ഒരുപക്ഷേ പലർക്കും അജ്ഞാതമായിരിക്കാം. ആ അനശ്വര കഥാകാരനിലെ വ്യക്തിയേയും, അദ്ദേഹത്തിന്റെ അനുഭവങ്ങളിലൂടെ ആ സമൂഹത്തേയും തുറന്നുകാണിക്കുന്ന ഈ പുസ്തകം ഏവർക്കും താല്പര്യമുണർത്തുന്ന ഒന്നാണ്.

തകഴിയുടെ ബാല്യം കേരളത്തിൽ വൻതോതിലുള്ള സാമൂഹ്യമാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരുന്ന ഒരു ഇടവേളയായിരുന്നു. സാധനങ്ങളുടേയും സേവനങ്ങളുടേയും കൈമാറ്റത്തിനുവേണ്ടി പണം ഉപയോഗിച്ചുതുടങ്ങിയ കാലമായിരുന്നു അത്. നെൽകൃഷി മാത്രമായിരുന്നു അതുവരെ എല്ലാ കുടുംബങ്ങളുടേയും ഉപജീവനമാർഗം. ഭൂമി കയ്യിലുണ്ടായിരുന്ന സവർണ്ണജാതിക്കാർ കൃഷി നടത്തിച്ചു. അവരുടെ നെൽപ്പാടങ്ങളിൽ താഴ്ന്ന ജാതിക്കാർ അടിമകളെപ്പോലെ  പണിയെടുത്ത് ജീവൻ നിലനിർത്താൻ മാത്രം ആവശ്യമായ നെല്ല് പകരം വാങ്ങി. ഇത് കൂലിയായിരുന്നില്ല എന്നു മാത്രമല്ല, അത് അളക്കുമ്പോൾ അവരെ വ്യാപകമായി വഞ്ചിക്കുകയും ചെയ്യുമായിരുന്നു. പച്ചക്കറികൾ മിക്കവയും സ്വയം ഉൽപ്പാദിപ്പിക്കുന്നവയായിരുന്നു. അവ കടകളിൽ വാങ്ങാൻ കിട്ടുന്നതോ, ഓണമോ മറ്റു ഉത്സവദിനങ്ങളോടടുപ്പിച്ചോ മാത്രവും. വീടുകളിൽ വെളിച്ചത്തിനായി ഉപയോഗിച്ചിരുന്നത് പുന്നക്കയെണ്ണയായിരുന്നു. അങ്ങനെ പുറമേനിന്ന് സാധനങ്ങളോ സേവനങ്ങളോ വാങ്ങേണ്ട അവസരങ്ങൾ വളരെ കുറവായിരുന്നു. അത്യാവശ്യഘട്ടങ്ങളിൽ നെല്ലു കൊടുത്താണ് അവ വാങ്ങിയിരുന്നത്. സാങ്കേതികവിദ്യയുടെ ഗുണഫലങ്ങൾ സാവധാനത്തിലാണെങ്കിലും ഗ്രാമങ്ങളിലേക്ക് അരിച്ചെത്തിയിരുന്നു. മണ്ണെണ്ണ വീടുകളിൽ ഉജ്വലപ്രകാശം പരത്തി. ബോട്ടുകളും ബസ്സുകളും പ്രത്യക്ഷപ്പെട്ടത് യാത്രാസമയം കുത്തനെ വെട്ടിച്ചുരുക്കി. കുട്ടനാടൻ പാടശേഖരങ്ങളിലെ വെള്ളം വറ്റിച്ചുകളയാൻ മൂന്നാഴ്ച്ചയോളം ചക്രം ചവിട്ടേണ്ടിയിരുന്നിടത്ത് എൻജിൻ ഘടിപ്പിച്ച പമ്പുകൾ രണ്ടുദിവസം കൊണ്ട് ആ പണി നിറവേറ്റി. എന്നാൽ ഇവക്കെല്ലാം കൂലി പണമായിത്തന്നെ കൊടുക്കേണ്ടിവന്നു. ഇത് മിച്ചമുള്ള നെല്ല് കമ്പോളത്തിൽ വിൽക്കാൻ കർഷകരെ നിർബന്ധിതരാക്കി. അങ്ങനെ വിറ്റുകിട്ടുന്ന പണം കൊണ്ട് അടുത്ത കൊയ്ത്തുവരെയുള്ള ചെലവുകൾ നിർവഹിക്കണമായിരുന്നു. പണം കയ്യിൽവന്നത് അത് സ്വരുക്കൂട്ടിവെക്കാനുള്ള പ്രവണതക്കു വളമേകി. നല്ല തുണിത്തരങ്ങളും ജീവിതസൗകര്യങ്ങളും പണം മുടക്കിയാൽ കിട്ടുമെന്നിരിക്കേ കൂട്ടുകുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ഏവരും വിസമ്മതിച്ചു. 'നാം പണിയെടുത്ത് മറ്റു വല്ലവരുടേയും സന്തതികളെ പോറ്റണോ?' എന്ന മന്നത്തു പദ്മനാഭന്റെ ചോദ്യം കാട്ടുതീ പോലെ പടർന്നുപിടിച്ചു. സ്വന്തം സഹോദരിയുടെ മക്കളായ അനന്തരവരാണ് ഈ സന്തതികൾ എന്ന വസ്തുത തറവാട്ടംഗങ്ങൾ സൗകര്യപൂർവം വിസ്മരിച്ചു. തറവാടുകളെല്ലാം അന്തഃഛിദ്രവും കോടതിവഴക്കുകളും മൂലം തകർന്നടിഞ്ഞു. ആളോഹരി വീതംവെക്കൽ നിയമപ്രകാരം നടപ്പായതോടെ ഇന്നത്തെ അണുകുടുംബങ്ങൾ പിറവിയെടുത്തു. തനിക്കു പ്രിയപ്പെട്ട അമ്മാവന്മാർ എത്ര പെട്ടെന്നാണ് ശത്രുക്കളായി മാറിയതെന്ന് തകഴി ഈ ഓർമ്മക്കുറിപ്പിലൂടെ വിവരിക്കുന്നു.

പുതിയ തലമുറ സുന്ദരന്മാരുടേയും സുന്ദരികളുടേയുമാണെന്ന് തകഴി അത്ഭുതപൂർവ്വം രേഖപ്പെടുത്തുന്നു. തനിക്കു പരിചയമുണ്ടായിരുന്നവരുടെ മക്കളും ചെറുമക്കളുമാണോ ഇവർ എന്നദ്ദേഹം ആശ്ചര്യപ്പെടുന്നു. നാടിന്റെ സാമൂഹ്യ, സാമ്പത്തികത്തലങ്ങളിൽ വന്നുചേർന്ന കുതിച്ചുചാട്ടം തന്നെയാണിതിന്റെ കാരണം. അന്നൊക്കെ ധനികരും ദരിദ്രരും തമ്മിൽ കാഴ്ച്ചയിൽ വലിയ അന്തരമില്ലായിരുന്നു. അരയിൽ ഒരു കോണകമോ ഒറ്റമുണ്ടോ തന്നെയായിരുന്നു പൊതുവായ വേഷവിധാനം. ഭക്ഷണവും എല്ലാവരും മിതമായിത്തന്നെ കഴിച്ചു. ധനികരുടെ കയ്യിൽ കൂടുതലായി ഉണ്ടായിരുന്നത് പത്തായത്തിൽ ധാരാളമായി കിടന്നിരുന്ന നെല്ലു മാത്രമായിരുന്നു. അതുകൊടുത്താൽ വാങ്ങാൻ കിട്ടുന്ന സാധനങ്ങൾ വളരെ പരിമിതവും. താഴ്ന്ന ജാതിക്കാരുടെ കൈവശം ഉണ്ടായിരുന്നത് അവരുടെ അദ്ധ്വാനശേഷി മാത്രമായിരുന്നു. എങ്കിലും അത് തമ്പുരാന്റെ പാടത്തുമാത്രം ഉപയോഗിക്കേണ്ട ആവശ്യമില്ലാതായി. സമ്പദ്‌വ്യവസ്ഥയുടെ വളർച്ച മികച്ച പോഷകമൂല്യമുള്ള ആഹാരം കഴിക്കുന്നതിനും, നല്ല വസ്ത്രങ്ങൾ ഉപയോഗിക്കുന്നതിനും, സൗന്ദര്യവർദ്ധക വസ്തുക്കൾ കൈക്കലാക്കുന്നതിനും ജനങ്ങളെ പ്രാപ്തരാക്കി. ശാരീരികവും ഭൗതികവുമായി കൈവരിച്ച ശ്രേഷ്ഠതക്ക് ഇതുതന്നെയായിരുന്നു കാരണം.

വിദ്യാഭ്യാസകാലത്തുതന്നെ സാഹിത്യരംഗത്തേക്കു കാലെടുത്തുകുത്തിയിരുന്ന തകഴിയുടെ ഭാവനക്ക് സുലഭമായി അസംസ്കൃതവസ്തുക്കൾ നൽകിയത് അമ്പലപ്പുഴയിൽ അദ്ദേഹം വക്കീലായിരുന്ന കാലഘട്ടമാണ്. തൊഴിലാളിപ്രസ്ഥാനവുമായി ആഭിമുഖ്യം പുലർത്തിയിരുന്നതിനാൽ അവരെ പ്രതിയാക്കിയുള്ളതും അവർക്കിടയിലുള്ളതുമായ നിരവധി കേസുകളും രേഖകളും പഠിക്കാനിടവന്നതാണ് കയർ, രണ്ടിടങ്ങഴി മുതലായ മാസ്റ്റർപീസുകളിലേക്ക് നയിച്ചത്.ആഹാരത്തിനായുള്ള കൃഷി എന്ന മുൻകാല സമ്പദ്‌വ്യവസ്ഥയിൽനിന്ന് ഉപജീവനത്തിനായി വക്കീൽപ്പണി എന്ന ആധുനികവ്യവസ്ഥയിലേക്ക് നീന്തിക്കയറാനായെങ്കിലും സാഹിത്യരചന ഒരു കുടുംബത്തെ നയിച്ചുകൊണ്ടുപോകുന്നതിനുള്ള ഉറപ്പായ മാർഗ്ഗം ഒരിക്കലുമായിരുന്നില്ല. ധാരാളം എഴുതാനാഗ്രഹിക്കുന്ന ഒരു സാഹിത്യകാരൻ യാന്ത്രികമായ കോടതിനടപടികളുടെ മടുപ്പിക്കുന്ന നൈരന്തര്യത്തിൽ ശ്വാസം മുട്ടുന്നത് ഇവിടെ നമുക്കു കാണാവുന്നതാണ്. ഭാഷാസാഹിത്യത്തിൽ ഒരു വസന്തപ്പകർച്ചയുടെ സൗരഭ്യം കടന്നുവന്ന ഘട്ടമായിരുന്നു അത്. ചെറുതെങ്കിലും കൃതികൾ സ്ഥിരമായി അച്ചടിച്ചു പ്രസിദ്ധപ്പെടുത്താൻ പാങ്ങുള്ള സഹൃദയരും പ്രസ്സുകളും രംഗത്തുവന്നുകഴിഞ്ഞിരുന്നു. പുസ്തകപ്രസാധനം ഒരു കച്ചവടമായി മാറുന്നത് ഡി. സി. കിഴക്കേമുറിയുടെ രംഗപ്രവേശത്തോടെയാണ്. ഏറെക്കാലം എഴുത്തുകാരുടെ പ്രസിദ്ധീകരണശാലയുമായി സഹകരിച്ചു പ്രവർത്തിച്ചതിനുശേഷം അതിന്റെ പരാജയങ്ങൾ പൂർണമായി മനസ്സിലാക്കിയതിനെത്തുടർന്നാണ് ഡി. സി. പ്രസാധനത്തിലേക്കു തിരിഞ്ഞത്. വ്യാവസായികമായും സാംസ്കാരികമായും തീർത്തും ശരിയായിരുന്ന ആ നടപടി ഇന്ന് ഡി. സി. ബുക്സിനെ കേരളത്തിലെ ഏറ്റവും വലിയ പ്രസാധകരാക്കിത്തീർത്തു. അതുകൊണ്ടാണോ കിഴക്കേമുറിയെ പേരിനുപോലും വിമർശിച്ചുകൊണ്ടുള്ള ഒരു പ്രസ്താവം പോലും ഒരു പുസ്തകത്തിലും കാണാനില്ലാത്തത്?

കൃത്യമായ ഒരു ചട്ടക്കൂടിൽ ഒതുക്കിയിട്ടില്ലെങ്കിലും അനായാസമായി വായിച്ചുപോകാവുന്ന ഒരു നല്ല പുസ്തകമാണിത്. ബാല്യം, വക്കീൽക്കാലം, സാഹിത്യരചന എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായി തിരിക്കാവുന്ന ആ ജീവിതം ഒരു കാലഘട്ടത്തിന്റെ നേർദർപ്പണമാണെന്നു പറഞ്ഞാൽ അതിലൊട്ടും അതിശയോക്തിയില്ല. മരുമക്കത്തായത്തിൽനിന്ന് ആളോഹരി വീതംവെപ്പിലേക്കുപോയ തറവാടുകളുടെ ജീവരക്തം ഈ വരികൾക്കിടയിൽ തുള്ളിതുള്ളിയായി വീഴുന്നതുപോലെ തോന്നും. പിശുക്കനെന്ന പേരുണ്ടായിരുന്നുവെങ്കിലും ഉദാരത പുലർത്തേണ്ടിടത്ത് അദ്ദേഹം അതുതന്നെ ചെയ്തു. നാലു പെൺമക്കളുള്ള ഒരാൾ പിശുക്കനാകാതിരിക്കുന്നത് എങ്ങനെയാണ്? കമ്യൂണിസ്റ്റ് അനുഭാവം ഒരു സമയത്ത് തകഴി പ്രദർശിപ്പിച്ചിരുന്നുവെങ്കിലും സാഹിത്യകാരന്മാരുടെ സംഘടന പിടിച്ചെടുക്കാൻ പാർട്ടി ശ്രമിച്ചപ്പോൾ അതിനെ എതിർക്കുകയും ചെയ്തു. ഭാര്യയായ കമലാക്ഷിയമ്മ എന്ന കാത്തക്കുവേണ്ടി നീക്കിവച്ചിരിക്കുന്ന ഒരദ്ധ്യായം ഒരായുഷ്കാലത്തിന്റെ നിസ്വാർത്ഥസ്നേഹത്തിനായി അർപ്പിച്ചിരിക്കുന്ന ഒരു പനിനീർ പുഷ്പമാണ്.

തകഴിയുടെ ബാല്യകാലത്തു സംഭവിച്ച ദായക്രമപരിഷ്കരണം വരുത്തിയ സാമൂഹ്യമാറ്റങ്ങളെക്കുറിച്ച് മുകളിൽ സൂചിപ്പിച്ചുവല്ലോ. അങ്ങനെ ഒരു വലിയ പരിണാമം തനിക്കു ചുറ്റും നൃത്തം വെക്കുന്നതുകണ്ടും പഠിച്ചും വളർന്ന തകഴി പക്ഷേ ആധുനികകാലത്തിന്റെ മാറ്റങ്ങളെ പൂർണമായും ഉൾക്കൊള്ളാനാവാത്തതുപോലെ തോന്നിപ്പിക്കുന്നു. ഈ മാറ്റങ്ങളെ നയിക്കുന്ന ചാലകശക്തി എന്തെന്ന് തിരിച്ചറിയാനും അദ്ദേഹം ശ്രമിക്കുന്നില്ല. യുവത്വവുമായി ഇപ്പോഴും ഇടപഴകിക്കഴിയാനാണ് തനിക്കിഷ്ടമെന്നു പ്രഖ്യാപിക്കുമ്പോഴും, തലമുറകളുടെ വിടവ് തന്നെ സംബന്ധിച്ചിടത്തോളം ഇല്ലെന്ന് സ്വയം വിശ്വസിക്കുമ്പോഴും, തകഴി ക്രമേണ പുതിയ തലമുറയുടെ ചക്രവാളത്തിനു താഴേക്കുപോകുന്നത് അദ്ദേഹം മനസ്സിലാക്കിയിരുന്നെന്നുവേണം കരുതാൻ. കീഴാളജനതയുടെ വിചാരങ്ങളും വികാരങ്ങളും കാച്ചിക്കുറുക്കി അവതരിപ്പിച്ച തകഴി അതേ സാമ്പത്തികകാരണങ്ങൾ അവരുടെ ജീവിതനിലവാരം വർദ്ധിപ്പിച്ചുകൊണ്ട് ആഡംബരഭ്രമം വർദ്ധിപ്പിക്കുന്നതുകണ്ട് അസ്വസ്ഥനാകുന്നു. ഇതാണ് ഒരാൾക്ക് എന്തെല്ലാം ജീവിതസൗകര്യങ്ങൾ വേണമെന്ന് സ്റ്റേറ്റ് തീരുമാനിക്കണമെന്നുള്ള അഭിപ്രായങ്ങളിലേക്കു നയിക്കുന്നത്.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Athmakatha' by Thakazhi
ISBN: 9798184230597

Tuesday, June 18, 2019

കുട്ടിച്ചാത്തൻ, അയ്യപ്പൻ, ശാസ്താവ്



കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളീയരുടെ ശ്രദ്ധ ഏറ്റവുമധികം പിടിച്ചു പറ്റുന്ന ഒരു തീർത്ഥാടനകേന്ദ്രമാണ് ശബരിമല. യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ കോലാഹലങ്ങളും തുടർന്നുണ്ടായ ഹിന്ദു ധ്രുവീകരണവും ഭരണാധികാരികളുടെ ഉറക്കം കെടുത്തി. വളരെയധികം പ്രത്യേകതകളുള്ള ഒരു ക്ഷേത്രമാണ് ശബരിമല. പ്രത്യേകവേഷവിധാനങ്ങൾ, സവിശേഷമായ വ്രതചര്യകൾ, അനന്യമായ ശരണമന്ത്രങ്ങൾ, യുവതികൾക്കുള്ള പ്രവേശവിലക്ക് എന്നിങ്ങനെ അവ നീണ്ടുപോകുന്നു. താഴ്ന്ന ജാതിക്കാരെ ക്ഷേത്രങ്ങൾക്കു വെളിയിൽ നിർത്തിയിരുന്ന കാലത്തും ശബരിമലയിൽ അവർക്ക് കയറാമായിരുന്നു. ശബരിമലയിലെ ആരാധനാമൂർത്തിയായ സ്വാമി അയ്യപ്പൻ വിഷ്ണു-ശിവസംഗമത്തിലൂടെ ജന്മമെടുത്തതാണെന്നാണ് ഐതിഹ്യം. എന്നാൽ ചരിത്രദൃഷ്ടിയിലൂടെ നോക്കുമ്പോൾ ഒട്ടനവധി സിദ്ധാന്തങ്ങൾ പണ്ഡിതർ മുന്നോട്ടുവെക്കുന്നുണ്ട്. അനിഷേധ്യമായ ചരിത്രരേഖകളോ പുരാവസ്തുക്കളോ ലഭ്യമല്ലാത്തതിനാൽ തങ്ങളുടെ വാദങ്ങൾ ഖണ്ഡിക്കപ്പെടുമോ എന്ന ശങ്കയില്ലാതെ ആർക്കും കയറി മേയാവുന്ന ഒരു മേഖലയാണിത്. ‘കാറ്റുള്ളപ്പോൾ തൂറ്റണം’ എന്ന തത്വമനുസരിച്ച് ലേഖകനും പ്രസാധകനും പരമാവധി ആദായമുണ്ടാക്കാവുന്ന സമയം വിവാദം കത്തിനിൽക്കുമ്പോഴാണ്. അതനുസരിച്ചുതന്നെയാണ് ശ്രീ. രാമാനന്ദും ഡി. സി ബുക്‌സും ഈ ഗ്രന്ഥം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നതും.

ചരിത്രപുസ്തകങ്ങളിൽ സഹായകമായി ഒന്നുംതന്നെ ലഭ്യമല്ലാത്തതിനാൽ പുരാവൃത്തങ്ങൾ, തോറ്റങ്ങൾ എന്നിവയിൽനിന്നാണ് രാമാനന്ദ് പ്രചോദനം ഉൾക്കൊള്ളുന്നത്. പുരാവൃത്തം എന്നാൽ താൻ ഉദ്ദേശിക്കുന്നത്  myth എന്ന ഇംഗ്ലീഷ് പദം ആണെന്ന് പിന്നീട് വ്യക്തമാക്കുന്നുണ്ട്. ഇങ്ങനെ കടംകഥകളുടേയും കെട്ടുകഥകളുടേയും ചുമലിലേറി ഒരു ജനതതിയുടെ വിശ്വാസങ്ങളെ വെല്ലുവിളിക്കുന്നതിലെ ഔചിത്യബോധം ഗ്രന്ഥകർത്താവിനെ തെല്ലും അലട്ടുന്നില്ല.

അയ്യപ്പൻ അഥവാ ശാസ്താവ് എന്ന വൈദിക ദൈവമാണ് ഇന്ന് ശബരിമലയിൽ വാണരുളുന്നത്. എന്നാൽ ഈ വൈദികവൽക്കരണം പിന്നീടു നടന്നതാണെന്നാണ് ഈ പുസ്തകം വാദിക്കുന്നത്. അതിനു മുൻപ് അവിടെ എന്താണുണ്ടായിരുന്നത് എന്നാണല്ലോ നാം സ്വാഭാവികമായും ചോദിക്കുക. വ്യക്തമായ ഒരു മറുപടിയോ എന്നാണീ പരിവർത്തനം നടന്നത് എന്നതിനെക്കുറിച്ച് ഒരു ഊഹം പോലുമോ ഗ്രന്ഥകാരന്റെ കൈവശമില്ല. മൂന്നു സാധ്യതകളാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്. സംഘകാലത്തെ സമരദേവതയായ കൊറ്റവൈയും മകൻ ചാത്തനുമാണ് യഥാക്രമം മാളികപ്പുറത്തമ്മയും അയ്യപ്പനുമത്രേ. അതല്ലെങ്കിൽ പുലിപ്പാണി എന്ന സിദ്ധഗുരുവിന്റെ സമാധിയാണ് ശബരിമല. അതും നിങ്ങൾക്കു ബോധ്യമാവുന്നില്ലെങ്കിൽ ഇതാ പിടിച്ചോളൂ ബുദ്ധമതവുമായൊരു ബന്ധം - നീലകണ്ഠ അവലോകിതേശ്വരൻ എന്ന ബോധിസത്വനാണ് അയ്യപ്പൻ, ഖദിരവനി താര എന്ന ദേവതയാണ് മാളികപ്പുറത്തമ്മ. എന്നാൽ കേരളത്തിൽ ബുദ്ധമതം മുൻപു കരുതിയിരുന്നതുപോലെ അത്ര വ്യാപകമായി പ്രചരിച്ചിരുന്നില്ല എന്നുകൂടി കൂട്ടത്തിൽ സമർത്ഥിക്കുന്നതിനാൽ വാദമുഖങ്ങളുടെ മുനയൊടിയുന്നു. മൂന്നു സാദ്ധ്യതകളും പരസ്പരവിരുദ്ധങ്ങളാണെന്ന വസ്തുത എന്തുകൊണ്ടോ അദ്ദേഹം ശ്രദ്ധിക്കുന്നില്ല.

യുക്തിക്ക് നിരക്കാത്ത സഹായകവാദങ്ങൾ പുസ്തകത്തിന്റെ പ്രസക്തിയെത്തന്നെ ചോദ്യം ചെയ്യുന്നു. കേരളത്തിലെ ആദി പരദേവത കല്ലടിക്കോട് കരിനീലി ആണെന്ന തീർപ്പിന്റെ ആധാരശില ഏതോ നാടൻ പാട്ടാണ്. കരിനീലി എന്ന പേരിൽ നിന്നാണത്രേ കരിമല, നീലിമല എന്നിവ ഉണ്ടായത്. അതുപോലെ സംഘകാലത്തെ കുറിഞ്ചിനിലത്തിന്റെ നായകനായ ചേയോൻ ആണ് ചാത്തനായി മാറിയതെന്ന് നാം കണ്ണുമടച്ചു വിശ്വസിച്ചു കൊള്ളണം. ശബരിമല സിദ്ധഗുരുവായ പുലിപ്പാണിയുടെ സമാധി ആണെന്ന വാദം ബാലിശവും പരിഹാസ്യവുമാണ്.  പതിനെട്ട് എന്നത് സിദ്ധരുടെ സംഖ്യയായതിനാൽ പതിനെട്ടാം പടി എങ്ങനെ ഉണ്ടായി എന്ന് പിന്നീട് അന്വേഷിക്കേണ്ട ആവശ്യമില്ലല്ലോ. എന്നാൽ പുലിപ്പാണിയുടെ പേര് പ്രമുഖ സിദ്ധകേന്ദ്രമായ ചതുരഗിരിയിൽ നിന്ന് ലഭിച്ച രേഖകളിൽ കാണുന്നില്ല എന്ന് ഗ്രന്ഥകർത്താവ് ജാള്യതയോടെ സമ്മതിക്കുന്നുണ്ട് (പേജ് 70). ഈ വിശ്വാസം ആധുനികകാലത്ത് രൂപപ്പെട്ടതാണോ എന്നുപോലും അന്വേഷിക്കാത്തിടത്താണ് ഈ കൃതിയുടെ ഉപയോഗശൂന്യത വെളിവാകുന്നത്. ശബരിമല മാത്രമല്ല തിരുപ്പതി, പഴനി മുതലായ പല മഹാക്ഷേത്രങ്ങളും ഓരോരോ സിദ്ധഗുരുവിന്റെ സമാധി ആണെന്നാണ് സിദ്ധർ വിശ്വസിക്കുന്നത്.

തീർത്തും അവൈദികമായ ആരാധനാപദ്ധതികളിലേക്ക് വൈദികമതത്തിന്റെ കടന്നുവരവിന്റെ ചരിത്രമാണ് ചാത്തൻ എന്ന ആദിദ്രാവിഡമൂർത്തി ശാസ്താവായി മാറുന്നതിൽ നമുക്കു കാണാൻ സാധിക്കുന്നത് എന്ന ലേഖകന്റെ നിഗമനം ഭാഗികമായി ശരിയാണെങ്കിലും അതിന് ഉപോൽബലകമായ തെളിവുകൾ അദ്ദേഹം നിരത്തുന്നില്ല. മിത്തുകളെ സത്യമായി എണ്ണുന്നത് ആരേയും എവിടേയും എത്തിക്കുകയില്ല. ബ്രാഹ്മണരുടെ ബൗദ്ധിക-സാംസ്കാരിക അധിനിവേശം മാത്രമാണ് ഈ മാറ്റത്തിനു പിന്നിൽ എന്നീ പുസ്തകം തീരുമാനിക്കുന്നതിന് ഒരേയൊരു അടിസ്ഥാനം പലപ്രാവശ്യം ഈ തത്വം ആവർത്തിക്കുന്നുണ്ട് എന്നതുമാത്രമാണ്.

പുസ്തകം ശുപാർശ ചെയ്യുന്നില്ല.

Book review of 'Kuttichathan, Ayyappan, Shasthav' by R. Ramanand
ISBN 9789352826483


Monday, June 3, 2019

എഴുത്തച്ഛന്റെ കല: ചില വ്യാസഭാരത പഠനങ്ങളും



മലയാളസാഹിത്യത്തിന് നാമിന്നോർമ്മിക്കുമ്പോൾ ലജ്ജ തോന്നിപ്പിക്കുന്ന ഒരു ഭൂതകാലം ഉണ്ടായിരുന്നു. സർഗശക്തിയുടെ മൊട്ടുകൾ നുള്ളിക്കളയുന്ന ജാതിവ്യവസ്ഥ സമൂഹത്തെ ചവിട്ടിമെതിക്കവേ, മനുഷ്യന്റെ പുരുഷാർത്ഥങ്ങൾ ഊണ്, ഉറക്കം, സംഭോഗം എന്നിവ മാത്രമാണെന്നു ദൃഢമായി വിശ്വസിച്ച നമ്പൂതിരിബ്രാഹ്മണർ സാഹിത്യത്തിന്റെ ഫലഭൂയിഷ്ഠമായ ഭൂമിയിൽ ലൈംഗികഅരാജകത്വത്തിന്റെ വിത്തുകൾ നൂറുമേനി കൊയ്തെടുത്തു. മലയാളവും സംസ്കൃതവും സ്വതന്ത്രമായി ഇടകലർത്തിക്കൊണ്ടുള്ള മണിപ്രവാളകവിതകൾ രചനയുടെ കുത്തക നേടി. ആധുനികസമൂഹത്തിന്റെ പൊതുവേദികളിൽ ഉച്ചരിക്കാൻപോലും ആവാത്തവിധം അശ്ലീലത നിറഞ്ഞ അവയായിരുന്നു ഒരു കാലഘട്ടത്തിൽ നമ്മുടെ പൈതൃകത്തെ പ്രതിനിധീകരിച്ചിരുന്നത്. ഇതിനൊരു മാറ്റം വരുത്തിയത് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനാണ്. ശുദ്ധമായ വിഷ്ണുഭക്തിയും ആധുനികമായ ഭാഷയും പ്രയോഗിച്ച് രൂപപ്പെടുത്തിയെടുത്ത അദ്ധ്യാത്മരാമായണം, ഭാരതം കിളിപ്പാട്ടുകൾ ആധുനികമലയാളഭാഷയുടെ നെടുംതൂണുകളായി. പ്രമുഖസാഹിത്യകാരനും ചിന്തകനുമായിരുന്ന ശ്രീ. പി. കെ. ബാലകൃഷ്ണൻ ഭാഷയുടെ ആ പിതാമഹന്റെ കലയേയും രചനാശൈലിയേയും വിലയിരുത്തുന്ന ഏതാനും അധ്യായങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ കൃതി. എഴുത്തച്ഛന്റെ സർഗ്ഗപ്രതിഭയെ ഉത്തേജിപ്പിച്ച മഹാകൃതികളുടെ പശ്ചാത്തലസമഗ്രതയിൽ എഴുത്തച്ഛൻ കൃതികളുടെ വിവിധ ഭാവതലങ്ങളേയും രചനാവിധാനങ്ങളേയും അപഗ്രഥിച്ച് എഴുത്തച്ഛന്റെ മനസ്സും കർമ്മവും കണ്ടറിയാനുള്ള ഒരു ശ്രമം.

ശ്രീരാമഭക്തി വഴിഞ്ഞൊഴുകുന്ന ഒരു ഗ്രന്ഥതർജ്ജമയാണ് അദ്ധ്യാത്മരാമായണം കിളിപ്പാട്ട്. എന്നാൽ മൂലകൃതിയെ വെല്ലുന്ന തരത്തിൽ ഭാവനാചാതുര്യവും ഭക്തിരസവും പകർന്നു നൽകാൻ എഴുത്തച്ഛനു സാധിച്ചതിനാൽ ഇത് അദ്ദേഹത്തിന്റെ സ്വന്തം കൃതി എന്നു കരുതുന്നതിൽ തെറ്റില്ല. കണ്ണശ്ശകവികളിൽ നിന്ന് സ്വീകരിച്ചിരിക്കുന്ന ഏതാനും അനുകരണങ്ങൾ ബാലകൃഷ്ണൻ നിരത്തി വെക്കുന്നുണ്ട്. എങ്കിലും ഈ രചന വെളിച്ചം കണ്ട കാലത്ത് അവ പൊതുജനശ്രദ്ധ നേടിയില്ല എന്നുതന്നെ ഊഹിക്കേണ്ടിവരും. മലയാളഭാഷ എഴുത്തച്ഛനായി കരുതി വെച്ച സിംഹാസനം ഒരു മരണാനന്തര ബഹുമതിയായിരുന്നു. അതും ആചാര്യരുടെ മരണത്തിനു ശേഷം നിരവധി തലമുറകൾ കടന്നുപോയതിനു ശേഷം. എഴുത്തച്ഛന്റെ പിൻമുറക്കാർ ആരാണെന്ന് ആ കുടുംബത്തിലെ പിന്നീടുള്ള തലമുറക്കാർക്ക് പോലും ഓർത്തെടുക്കാനാകാത്ത വിധത്തിൽ അവഗണനയുടെ ചെളിക്കൂന ആ കൃതിക്കു മുകളിൽ നൂറ്റാണ്ടുകളോളം പടർന്നു കിടന്നു.

ഭാരതീയ ഇതിഹാസങ്ങളിൽ വലിപ്പത്തിൽ മുമ്പൻ മഹാഭാരതമാണല്ലോ. പൂർണ്ണരൂപത്തിൽ ഒന്നേകാൽ ലക്ഷം ശ്ലോകങ്ങൾ അടങ്ങുന്ന ഈ ബൃഹദ്കഥയുടെ യഥാർത്ഥ കാമ്പ് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. കുരു-പാഞ്ചാലജനതകൾ തമ്മിലുള്ള സംഘട്ടനമാണിതിന്റെ മൂലകഥയെന്നും  കൗരവരാജാക്കന്മാരുടെ ദുരന്തഗാഥയായാണ് അതിന്റെ നിർമ്മിതി എന്നും ഗ്രന്ഥകാരൻ അഭിപ്രായപ്പെടുന്നു. 8800 ശ്ലോകങ്ങളിൽ ഒതുങ്ങിനിന്നിരുന്ന ആ കേന്ദ്രബിന്ദുവിനെ പിന്നീടുള്ള കൂട്ടിച്ചേർക്കലുകളിലൂടെ നായകരെ പ്രതിനായകരാക്കി എന്നുമാത്രമല്ല, സഹസ്രാബ്ദങ്ങളിലെ നീതിശാസ്ത്രങ്ങളെ പ്രാചീനതയുടെ മേലങ്കി അണിയിച്ച് ആ ഇതിഹാസത്തിന്റെ പുറമ്പോക്കുകളിലേക്ക് കെട്ടഴിച്ചുവിട്ടു. വൈഷ്ണവഭക്തിപ്രസ്ഥാനങ്ങൾ കൗരവരുടെ അസുരവത്കരണത്തിൽ ഒരു പ്രമുഖ പങ്കു വഹിച്ചിട്ടുണ്ട്. എങ്കിലും മൊത്തത്തിൽ പരിശോധിക്കുമ്പോൾ ഭാരതത്തിലെ കഥാപാത്രങ്ങൾ ഗുണദോഷസമ്മിശ്രരാണ്. എഴുത്തച്ഛന്റെ കൃഷ്ണഭക്തി കഥ പറയുന്ന കിളിമകളേയും മനസ്സാ സ്വാധീനിക്കയാൽ മഹാഭാരതകഥയിൽ പോലും കൃഷ്ണപരിപ്രേക്ഷ്യം സ്ഥാപിച്ചെടുക്കുന്നു. ഇവിടെ എഴുത്തച്ഛനു നേർക്കും ഗ്രന്ഥകർത്താവ് ആരോപണം നീട്ടുന്നുണ്ട്. കുരുവംശകഥ യഥാവിധം സംക്ഷേപിക്കാതെ കൃഷ്ണഭക്തിയുടെ ഒഴുക്കിലൂടെ നീങ്ങുന്ന ആഖ്യാനം മൂലകൃതിയുമായി പരിചയമില്ലാത്ത വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു. വ്യാസഭാരതത്തിന്റേയും കഥാപാത്രങ്ങളുടേയും സ്വത്വത്തെ കുറിച്ച് കിളിപ്പാട്ടിൽ നിന്ന് അവർ സ്വീകരിക്കുന്ന ധാരണകൾ തെറ്റായിരിക്കും. പർവ്വം തിരിച്ചുള്ള ശ്ലോകങ്ങളുടെ കണക്കും കിളിപ്പാട്ടിൽ അവയുടെ അനുപാതരഹിതമായ ശേഖരവും ഇതിനെ ബലപ്പെടുത്തുന്നു. എന്തിനേറെ, യാദവവംശത്തിന്റെ അന്ത്യം വിവരിക്കുന്ന മൗസലപർവ്വം ഈ ഏകപക്ഷീയദർശനത്തിന്റെ പാരമ്യത വെളിവാക്കുന്നു. മദ്യപിച്ച് ലക്കുകെട്ട യാദവർ ഒന്നും രണ്ടും പറഞ്ഞ് കലഹിച്ച് ആയുധങ്ങളുമായി പരസ്പരം ചാടിവീണ് ‘ചത്തും കൊന്നും അടങ്ങിയ’ കഥയെ ആചാര്യപാദർ കൃഷ്ണവിഗ്രഹത്തിന് ഊനം തട്ടാത്ത രീതിയിൽ കൈകാര്യം ചെയ്തിരിക്കുന്നു.

ഭാരതം കിളിപ്പാട്ടാണ് ബാലകൃഷ്ണൻ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. അതിനൊരു കാരണവുമുണ്ട്. അദ്ദേഹത്തിന്റെ പ്രിയകഥാപാത്രമായ കർണ്ണൻ അവിടെയാണുള്ളത്. ആവിഷ്കാരത്തിന്റെ സൗഭാഗ്യപൂർണ്ണതയിൽ സ്വന്തം സ്രഷ്ടാവിനെത്തന്നെ ആശ്ചര്യമഗ്നനാക്കുന്ന കഥാപാത്രമാണ് വ്യാസഭാരതത്തിലെ കർണ്ണൻ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതല്ലെങ്കിൽ ഏറ്റവും മനോഹരമായ കഥാപാത്രം കർണ്ണനാണെന്ന മനോനിലയെ സാധൂകരിക്കുന്ന ഒന്നാണ് ‘വ്യാസന്റെ കർണ്ണൻ’ എന്ന അധ്യായം. ‘ഇനി ഞാൻ ഉറങ്ങട്ടെ’ എന്ന പി കെ ബാലകൃഷ്ണന്റെ സുവിഖ്യാതമായ നോവലിൽ കർണനാണ് കേന്ദ്രകഥാപാത്രം എന്ന കാര്യം ഇവിടെ ശ്രദ്ധേയമാണ്.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book review of 'Ezhuthachante Kala: Chila Vyasabharatha Padanangalum’ by P K Balakrishnan
ISBN 9788126421329