Wednesday, December 16, 2020

സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ

ഉന്നത അക്കാദമിക് യോഗ്യതകളുള്ള മിടുക്കന്മാർ സിവിൽ സർവീസിൽ തിളങ്ങാതെ പോകുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്. രാജു നാരായണസ്വാമിയാണ് അതിൽ പ്രഥമഗണനീയൻ. ഏതുദ്യോഗത്തിൽ ഇരുന്നാലും അല്പകാലത്തിനുള്ളിൽ സകലരുടേയും വിദ്വേഷം പിടിച്ചുപറ്റി മറ്റൊരു ലാവണത്തിലേക്ക് അദ്ദേഹം യാത്രയാകുന്നതാണ് നാം സാധാരണ കണ്ടുവരുന്നത്. ഈ ശ്രേണിയിലെ മറ്റൊരംഗമാണ് ശ്രീ. ജേക്കബ് തോമസ്. കൃഷിശാസ്ത്രത്തിലെ ഗവേഷണബിരുദത്തിനുശേഷം ഇന്ത്യൻ പോലീസ് സർവീസിൽ പ്രവേശിച്ച തോമസ് മുപ്പതുവർഷത്തെ സേവനകാലത്ത് അത്രതന്നെ സ്ഥലംമാറ്റങ്ങളും വാങ്ങിച്ച് ഒരിടത്തും വ്യക്തിമുദ്ര പതിപ്പിക്കാൻ സാധിക്കാതെപോയ ഉദ്യോഗസ്ഥനാണ്. യൂണിഫോം ഇട്ട പദവികളിൽ അധികകാലം ഇരിക്കാനുമായില്ല. സകലയിടത്തും ഗ്രന്ഥകാരൻ അഴിമതി കണ്ടെത്തുന്നതുമൂലം സഹപ്രവർത്തകരുമായും മേലുദ്യോഗസ്ഥരുമായും രാഷ്ട്രീയനേതാക്കളുമായും പിണങ്ങിനടക്കലായിരുന്നു അദ്ദേഹത്തിന്റെ സർവീസ് ജീവിതം. സ്രാവുകൾ എന്ന ശീർഷകത്തിലൂടെ അദ്ദേഹം അർത്ഥമാക്കുന്നത് ഇവരെയൊക്കെത്തന്നെയാണ്. ഏറ്റവും ഘ്രാണശക്തിയുള്ള ഒരു ജീവിയാണല്ലോ സ്രാവ്. രക്തത്തിന്റെ നേരിയ സാന്നിദ്ധ്യം പോലും തിരിച്ചറിഞ്ഞ് കീഴ്പ്പെടുന്ന ഇരയെ മുഴുവനായോ കഷണങ്ങളായോ വിഴുങ്ങുകയാണ് അവയുടെ രീതി. അത്ര അപകടകാരികളായ കുറെ മനുഷ്യർക്കൊപ്പം കഴിച്ചുകൂട്ടിയ വർഷങ്ങളാണ് തോമസ് ഈ കൃതിയിൽ വിവരിക്കുന്നത്.

 

തെറ്റു ചെയ്യാതിരിക്കുക, തെറ്റിനു കൂട്ടുനിൽക്കാതിരിക്കുക, തെറ്റുകണ്ടാൽ ചോദ്യം ചെയ്യുക, തെറ്റുവരുന്ന വഴികൾ അടയ്ക്കുക എന്നീ നാലുകാര്യങ്ങളാണ് ലേഖകന്റെ ഔദ്യോഗികജീവിതത്തിന്റെ നിർവഹണരീതി. എന്നാൽ തനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങളിൽ മറ്റുള്ളവരുടെ ബുദ്ധിമുട്ട് അദ്ദേഹം വകവെച്ചുമില്ല. അഗ്നിശമന വകുപ്പിന്റെ മേധാവിയായിരിക്കേ ഫ്‌ളാറ്റ് സമുച്ചയങ്ങൾക്ക് വകുപ്പിന്റെ എതിർപ്പില്ലാരേഖ ലഭ്യമാക്കാനുള്ള ചട്ടങ്ങൾ കർക്കശമാക്കിയതോടെ വളരെയധികം ഫ്‌ളാറ്റുടമകൾ പ്രതിസന്ധിയിലായി. തോമസ് അതിനെ വീക്ഷിച്ചത് റിയൽ എസ്റ്റേറ്റ് ലോബിയുടെ നിയമവിരുദ്ധനടപടികളായാണ്. എന്നാൽ ഫ്‌ളാറ്റിന്റെ പണവുമടച്ച് കയറിത്താമസിക്കാനായി ആകാംക്ഷാപൂർവം കാത്തിരുന്ന ആയിരങ്ങളാണ് ഈ മുട്ടാപ്പോക്കും നിയമതടസ്സങ്ങളും വഴി നിരാശരായത്. ഇതിന്റെ ഫലമായിട്ടാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അദ്ദേഹത്തെ ഒരു പത്രസമ്മേളനത്തിനിടയിൽ വെച്ച് 'ജനവിരുദ്ധൻ' എന്നു വിശേഷിപ്പിച്ചത്.

 

ജേക്കബ് തോമസ് മേധാവിയായിരിക്കേ നടപ്പാക്കാൻ ശ്രമിച്ച മറ്റൊരുകാര്യം അഴിമതി നടക്കാനുള്ള സാദ്ധ്യതകൾ ലഘൂകരിക്കലാണ്. സൈബർ മേഖലയിലെ സാധ്യതകൾ ഇതിനുവേണ്ടി ഉപയോഗപ്പെടുത്തി. എന്നാൽ കരാറുകാരുടെ ഒത്തുകൂടൽ (cartelization) തടയാൻ ഇ-ടെൻഡർ സഹായകമായി എന്ന കണ്ടെത്തൽ വെറും അവകാശവാദം മാത്രമാണ്. മറ്റൊരു നിർദ്ദേശമായിരുന്ന പ്രിവന്റീവ് വിജിലൻസ് ദൈനംദിന പ്രവർത്തികളെ ദീർഘമായ കാലതാമസത്തിൽ പെടുത്താൻ മാത്രമേ ഉപകരിക്കുമായിരുന്നുള്ളൂ. എല്ലാ ഫയലുകളും വിജിലൻസിന്റെ പ്രതിനിധി കൂടി കണ്ട് അഭിപ്രായം പറഞ്ഞാലേ പാസാക്കാനാവൂ എന്നു വന്നാൽ സർക്കാരും ജനങ്ങളും വിജിലൻസ് ചട്ടങ്ങൾക്കുവേണ്ടിയാണ് നിലനിൽക്കുന്നതെന്നു വരുന്നു. അഴിമതിക്കാരെ പിടികൂടി നടപടികൾ എടുക്കുന്നതിനുപകരം അഴിമതിക്കുള്ള അവസരങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് യാഥാർഥ്യവുമായുള്ള ഒരു പൂച്ചയും എലിയും കളി മാത്രമാണ്. അഴിമതിക്കാർ അപ്പോഴും എന്തെങ്കിലും പഴുത് കണ്ടുപിടിക്കുകയും ചെയ്യും. ലേഖകൻ സർക്കാർ സർവീസിലിരിക്കേ ദാരിദ്ര്യനിർമ്മാർജ്ജനം ലക്‌ഷ്യം വെച്ചുകൊണ്ടുള്ള 'ദർശൻ' പോലുള്ള സന്നദ്ധസംഘടനകളിലും വളരെ ക്രിയാത്മകമായി പ്രവർത്തിച്ചിരുന്നു. പിന്നീടുവന്ന കുടുംബശ്രീ കൂട്ടായ്മയുടെ മാതൃകയായിരുന്നു ഇതെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.

 

സർക്കാർ സർവീസിന്റേയും പൊതുമേഖലാ സ്ഥാപനങ്ങളുടേയും പ്രവർത്തനത്തിലെ പൊതുവായ പാഴ്‌ച്ചെലവുകളും പാഴാക്കിക്കളയുന്ന മാനവവിഭവശേഷിയും വെളിപ്പെടുത്തുന്ന പരാമർശങ്ങൾ ചിലയിടങ്ങളിൽ കാണാം. സംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷന്റെ മേധാവിയായിരിക്കേ തിരുവല്ലം കുന്നിലുള്ള അവരുടെ ചിത്രാഞ്ജലി സ്റ്റുഡിയോ നവീകരിക്കാൻ തീരുമാനിച്ചു. ആ ജോലികൾ ജീവനക്കാർ തന്നെ സസന്തോഷം ഏറ്റെടുത്തു. കാടും പടലും അവർ തന്നെ വെട്ടിത്തെളിച്ച് അൻപതേക്കർ സ്ഥലത്ത് മരങ്ങളും ചെടികളും നട്ടുപിടിപ്പിച്ചു. ഈ കൂട്ടായ്മയും അർപ്പണബോധവും അഭിനന്ദനാർഹം തന്നെയാണെങ്കിലും അത്രയും ജീവനക്കാർ ഇത്രയും ദിവസം അവരുടെ സാധാരണ ജോലികളിൽനിന്ന് മാറിനിന്നിട്ടും സ്ഥാപനത്തിന്റെ പ്രവർത്തനത്തെ ബാധിച്ചില്ലെങ്കിൽ അതിലെ ജീവനക്കാരുടെ എണ്ണത്തെക്കുറിച്ച് എന്തു സൂചനയാണ് ഈ പ്രവൃത്തി നൽകുന്നതെന്ന് ഗ്രന്ഥകർത്താവ് ആലോചിച്ച മട്ടില്ല. അദ്ദേഹത്തിന്റെ മറ്റൊരു പദ്ധതി സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങൾക്കുവേണ്ടി കോർപ്പറേഷനെക്കൊണ്ട് പരസ്യചിത്രങ്ങൾ തയ്യാറാക്കുന്നതിനായിരുന്നു. സർക്കാർ സ്ഥാപനമായതുകൊണ്ട് ടെൻഡർ വിളിക്കാതെതന്നെ ഓർഡറുകൾ ലഭിക്കുമല്ലോ. എന്നാൽ ഇവിടെയും തുറന്ന മത്സരത്തെ നേരിടാനുള്ള കഴിവില്ലായ്മയാണ് കൂടുതൽ പ്രകടമാകുന്നത്. ടെൻഡർ വിളിച്ചാൽ കെ.എസ്.എഫ്.ഡി.സി കരാർ നേടുകയില്ല. എന്നാൽ ടെൻഡർ വിളിക്കാതെയാണെങ്കിൽ ഉയർന്ന തുകക്ക് പണി ഏറ്റെടുക്കാനുമാകും. ഇവിടെയും ആത്യന്തികമായി നഷ്ടം സർക്കാരിനും നികുതിദായകരായ ജനങ്ങൾക്കുമല്ലേ? 


ഒരു ആത്മകഥയിൽനിന്ന് പ്രതീക്ഷിക്കുന്ന തുറന്ന വിവരണം ഈ കൃതിയിൽ കാണുന്നില്ല. തൊഴിൽപരമായ വിവാദങ്ങളിൽ പെടുമ്പോൾ പോലും അതിന്റെ വിശദവിവരങ്ങൾ നൽകാതെ അഴകൊഴമ്പൻ രീതിയിൽ ഒഴിഞ്ഞുമാറാനാണ് തോമസ് ശ്രമിക്കുന്നത്. കാര്യങ്ങൾ വ്യക്തമായി പറയാതെ 'തെക്കൻ പ്രദേശങ്ങളിലെ ഉന്നതനേതാവ്' എന്നും മറ്റുമുള്ള മഞ്ഞപ്പത്രശൈലിയിലുള്ള പരാമർശങ്ങൾ പുസ്തകത്തിന്റെ വായനാക്ഷമതയെയാണ് ഇടിച്ചുതാഴ്ത്തുന്നത്. നിരവധി ചിത്രങ്ങൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അവയിൽ അനേകം കുടുംബചിത്രങ്ങളും നല്കിയിരിക്കുന്നതിന്റെ പ്രസക്തി പിടികിട്ടുന്നില്ല. ഗ്രന്ഥകാരന്റെ വല്യപ്പൻ മരിച്ച ദിവസം മൃതദേഹത്തിനുചുറ്റും ബന്ധുക്കൾ നിരന്നു നിൽക്കുന്നതാണ് ഒരു ഫോട്ടോ! സ്വന്തം ഭാര്യാപിതാവും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമാണ് മറ്റൊരു ചിത്രത്തിൽ. ഇതൊന്നുമല്ല പച്ചയായ ജീവിതചിത്രീകരണം. വിവിധ സ്ഥാപനങ്ങളിൽ തന്റെ നേതൃത്വത്തിൽ തുടങ്ങിവെച്ച പരിപാടികളും പദ്ധതികളും അനുബന്ധമായി ചേർത്തിരിക്കുന്നത് പൊങ്ങച്ചമായി മാത്രമേ കാണാൻ സാധിക്കൂ. അവയിൽ മിക്കവാറും എല്ലാംതന്നെ എങ്ങുമെത്തിയില്ല താനും! കാര്യമായ സംഭാവനകൾ ഒന്നുംതന്നെ നൽകാൻ സാധിച്ചിട്ടില്ലെങ്കിലും കൃത്യമായ സമയങ്ങളിൽ സ്ഥാനക്കയറ്റങ്ങളും രാഷ്ട്രപതിയുടെ ശ്രേഷ്ഠസേവനത്തിനുള്ള മെഡലും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. രേഖാചിത്രങ്ങൾ വരക്കുന്നതിനുള്ള ലേഖകന്റെ കഴിവ് വളരെയധികം ഹൃദ്യമായ ചിത്രങ്ങളിലൂടെ ഈ കൃതിയിൽ വെളിവാകുന്നു.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Sravukalkkoppam Neenthumbol' by Jacob Thomas
Publisher: Current Books Thrissur, 2017
ISBN: 9788122613957
Pages: 240
 

No comments:

Post a Comment