Tuesday, December 22, 2020

ശബരിമല അയ്യപ്പൻ - മലഅരയ ദൈവം

ജാതിഭേദങ്ങളില്ലാതെ കേരളത്തിലെ ഹൈന്ദവജനതയുടെ ആരാധനാമൂർത്തിയാണ് ശബരിമല ധർമ്മശാസ്താവ് അഥവാ അയ്യപ്പൻ. മറ്റുള്ള ഹിന്ദു ആരാധനാകേന്ദ്രങ്ങളിൽനിന്ന് നിരവധി വ്യത്യസ്തതകൾ കാത്തുസൂക്ഷിക്കുന്ന ക്ഷേത്രമാണ് ശബരിമല. മറ്റിടങ്ങളിൽ അഹിന്ദുക്കളെ തടയുമ്പോൾ ഇവിടെ ജാതി-മതഭേദമെന്യേ എല്ലാ പുരുഷന്മാർക്കും പത്തുവയസ്സിനു താഴെയും അമ്പതിനുമുകളിലും പ്രായമുള്ള സ്ത്രീകൾക്കും പ്രവേശനമുണ്ട്. അയ്യപ്പൻ നിത്യബ്രഹ്മചാരിയാണെന്നും ആ ചര്യക്ക് തടസ്സം സൃഷ്ടിക്കാനിടയുള്ള യുവതികളെ പ്രവേശിപ്പിക്കരുതെന്നും ഉള്ളത് വിശ്വാസപരമായ ഒരു നിയന്ത്രണമാണ്. അയ്യപ്പൻ ഗൃഹസ്ഥാശ്രമത്തിൽ ഇരിക്കുന്ന ക്ഷേത്രങ്ങളിൽ എല്ലാ സ്ത്രീകൾക്കും പ്രവേശനമുണ്ട്. അങ്ങനെയിരിക്കേ ഇതിൽ ഭരണഘടനാ പ്രശ്നങ്ങളും ലിംഗവിവേചനവും ആരോപിക്കുന്നത് വിരോധാഭാസമാണ്. നിങ്ങൾ അയ്യപ്പനെന്ന ദൈവത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ നിലവിലുള്ള ഐതിഹ്യങ്ങളും വിശ്വാസങ്ങളും ഉൾക്കൊള്ളേണ്ടതുണ്ട്. വോളിബോളിന്റെ നിയമങ്ങൾ അനുസരിച്ച് ഫുട്ബോൾ കളിക്കാനാവില്ലല്ലോ. പന്ത് കൈകൊണ്ടു പിടിക്കുന്നത് എന്റെ ഭരണഘടനാ അവകാശമാണെന്നു വാദിച്ചുകൊണ്ട് ഫുട്ബോൾ മൈതാനത്തിറങ്ങിയാൽ നിങ്ങൾ പരിഹാസപാത്രമാകും. ദൈവത്തിനെങ്ങനെ ബ്രഹ്മചാരിയാകാൻ സാധിക്കും എന്നു ചോദിക്കാൻ തീർച്ചയായും എല്ലാവർക്കും അവകാശമുണ്ട്. പക്ഷേ അത് ശബരിമലയുടെ വിശ്വാസപ്രമാണങ്ങളുമായി ഒത്തുപോകുന്നതല്ല. അത്തരമൊരാൾ അവിടെ പോകാതിരിക്കുന്നതല്ലേ കൂടുതൽ നല്ലത്? 2018-ൽ യുവതീപ്രവേശവിവാദം കത്തിജ്വലിച്ചപ്പോൾ ശബരിമല പല വിധത്തിലും പൊതുചർച്ചയ്ക്ക് വിഷയീഭവിച്ചു. കാനനമദ്ധ്യത്തിലെ ഈ ക്ഷേത്രം ഗിരിവർഗ്ഗക്കാരായ മലഅരയരുടെ സേനാനായകനായിരുന്ന അയ്യപ്പന്റേതാണെന്നും അതിനെ സവർണ്ണവൽക്കരിച്ച് അതിന്റെ യഥാർത്ഥ അവകാശികളെ പുറത്താക്കിയിരിക്കുന്നതാണെന്നും വാദിക്കുന്ന ഈ പുസ്തകത്തിന്റെ രചയിതാവ് എം.ജി. സർവകലാശാലയിലെ ഡെപ്യൂട്ടി രെജിസ്ട്രാറും ഐക്യ മലഅരയ മഹാസഭയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ശ്രീ. പി. കെ. സജീവ് ആണ്.

 

ശബരിമല ഐതിഹ്യങ്ങൾ വിശദമായി ലേഖകൻ പ്രതിപാദിക്കുന്നു. ഭൂതനാഥോപാഖ്യാനം, കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ പരാമർശങ്ങൾ എന്നിങ്ങനെ നിലവിലുള്ള ഐതിഹ്യങ്ങൾ സാമാന്യം വിസ്താരത്തോടെതന്നെ വിവരിക്കുന്നു. ഇതിനൊപ്പം മലഅരയ ഐതിഹ്യങ്ങളേയും വായനക്കാർക്ക് പരിചയപ്പെടുത്തുന്നുണ്ട്. കണ്ടൻ, കറുത്തമ്മ എന്നീ മലഅരയ ദമ്പതിമാരുടെ മകനായ അയ്യപ്പൻ മറവപ്പടയെന്ന ചോളസൈന്യത്തെ നേരിടാൻ പന്തളരാജാവിന്റെ സേനാനായകനായി സേവനമനുഷ്ഠിച്ചു. പന്തളരാജാവിന് അദ്ദേഹത്തോട് പുത്രനിർവിശേഷമായ സ്നേഹം തോന്നുകയും പിന്നീടുള്ള കുറെ ഭാഗങ്ങൾ - പുലിപ്പാൽ തേടിപ്പോകുന്നതുപോലുള്ളവ - സാധാരണ ഐതിഹ്യങ്ങളുമായി സമാനത പുലർത്തുന്നതുമാണ്.ശബരിമല തീർത്ഥയാത്രയിലെ കല്ലിടൽ, ശരംകുത്ത് എന്നീ ആചാരങ്ങൾ മറവപ്പടയുമായി നടന്ന യുദ്ധത്തിന്റെ ഓർമ്മ പുതുക്കുന്നതാണെന്ന് ഈ കൃതി വാദിക്കുന്നു. അയ്യപ്പൻ മലഅരയ യോദ്ധാവാണെന്ന വാദത്തിനു പിൻബലമായി സാമുവേൽ മെറ്റിറിന്റെ 'വേട്ടക്കാരനായ ദൈവം' എന്ന പരാമർശവും നിരത്തുന്നു. നൂറ്റാണ്ടു യുദ്ധത്തിൽ ചോളർക്കെതിരെ ചേരസൈന്യത്തിന്റെ ചാവേർപ്പടയുടെ നായകനാണ് അയ്യപ്പൻ. 

 

മലഅരയ സമുദായം പ്രാചീന കേരളത്തിലെ ആയ് വംശത്തിന്റെ പിന്മുറക്കാരാണെന്ന് സജീവ് അവകാശപ്പെടുന്നു. സംഘകാലത്ത് നാഗർകോവിൽ മുതൽ തിരുവല്ല വരെയുള്ള പ്രദേശങ്ങളിലാണ് ഇവരുടെ ആധിപത്യം സ്ഥാപിക്കപ്പെട്ടിരുന്നത്. ചോള-പാണ്ഡ്യ സംഘട്ടനങ്ങളെത്തുടർന്ന് ഈ രാജവംശം ശബരിമല ഉൾപ്പെടെയുള്ള മലനിരകളിലേക്ക് താമസം മാറ്റാൻ നിർബന്ധിതരായി. മലയിലെ രാജാക്കന്മാർ അഥവാ മലഅരചർ എന്ന പദം ലോപിച്ചാണ് ഇന്നത്തെ മലഅരയർ എന്ന നാമം രൂപം കൊണ്ടത്. ആയ് വംശത്തിന് പിന്നീട് തിരുവിതാംകൂറായ വേണാട് രാജവംശവുമായും ബന്ധമുണ്ടായിരുന്നു. ഓണക്കാലത്ത് ഗിരിവർഗ്ഗക്കാരും മലഅരയ വിഭാഗത്തിലെ അംഗങ്ങളുമായ കാണിക്കാർ കാഴ്ചദ്രവ്യങ്ങളുമായി ഇപ്പോഴും തിരുവിതാംകൂർ രാജവംശത്തെ കാണാൻ പോകുന്നതും അവർക്ക് കൊട്ടാരത്തിൽ ലഭിക്കുന്ന ബഹുമാന്യപദവിയും ഇതിന്റെ ലക്ഷണങ്ങളാണ്. ശബരിമലയും പരിസരപ്രദേശങ്ങളും നൂറ്റാണ്ടുകളായി മലഅരയരുടെ വലിയ ജനവാസമേഖലയാണ്. ക്ഷേത്രത്തിലെ പൂജാദികർമ്മങ്ങൾ നിർവഹിച്ചിരുന്നത് കരിമല അരയൻ എന്ന ഗിരിവർഗ്ഗ പ്രമുഖനായിരുന്നു. അവസാനപൂജാരിയായിരുന്ന കോന്തിയെ 1930-35 കാലഘട്ടത്തിൽ സ്ഥാനഭൃഷ്ടനാക്കി താഴമൺ മഠത്തിന് താന്ത്രിക അധികാരങ്ങൾ നൽകി.

 

മലഅരയ സമുദായത്തിന്റെ അവകാശവാദം സാധൂകരിക്കാനായി നിരവധി വസ്തുതകൾ ഗ്രന്ഥകാരൻ അവതരിപ്പിക്കുന്നുണ്ട്. വ്രതദീക്ഷ ഏറ്റതിനുശേഷമുള്ള ചടങ്ങുകൾ മറ്റുള്ളവരുടേതിനേക്കാൾ തീവ്രമായ ഭക്തിവികാരം നിറഞ്ഞതാണ്. എല്ലാവരും 41 ദിവസത്തെ വ്രതം നോറ്റ് മണ്ഡലകാലത്തു മാത്രമേ ക്ഷേത്രദർശനം നടത്തുകയുള്ളൂ. അതിൽത്തന്നെ ഏഴു ദിവസം സ്വന്തം വീടുപേക്ഷിച്ച് കുടിൽ കെട്ടിയാണ് വസിക്കുക. മകരവിളക്കു ദിവസം പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയിക്കുന്നത് മലഅരയ സമുദായക്കാരായിരുന്നു. തേനഭിഷേകം, പഞ്ചാലങ്കാര പൂജ എന്നിങ്ങനെ അനേകം പൂജാദികളായ അവകാശങ്ങൾ ഉണ്ടായിരുന്നത് ക്രമാനുഗതമായി നിർത്തൽ ചെയ്യപ്പെട്ടു. പകരം നടപ്പിലാക്കപ്പെട്ട ചിട്ടകളെ ഈ പുസ്തകം ശക്തമായി വിമർശിക്കുന്നു. അർത്ഥശൂന്യമായ പദങ്ങളും വിശേഷണങ്ങളും ഏകാഗ്രത വെടിഞ്ഞുള്ള രചനയും നിറഞ്ഞ ഒരു സൃഷ്ടിയാണ് ഹരിവരാസനം (പേജ് 97) എന്ന ആരോപണം വിശ്വാസികളെ ഞെട്ടിക്കും. 1950-ൽ ശബരിമല ക്ഷേത്രം തീ വെച്ചു നശിപ്പിക്കപ്പെടുകയും വിഗ്രഹത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്തു. പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും മലനിരകളിൽ തോട്ടങ്ങൾ ഉണ്ടായിരുന്ന വൻ ധനികരായ ഏതാനും ക്രിസ്തീയ വിശ്വാസികളുടെ പേരുകളാണ് ഇതിനെപ്പറ്റി അന്വേഷിച്ച ഡി.ഐ.ജി. കേശവമേനോൻ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ അതും മലഅരയരുടെ അവകാശങ്ങളുടെ നേർക്കുള്ള ബ്രാഹ്മണ്യത്തിന്റെ കുതിരകയറ്റമാണെന്നാണ് സജീവ് പ്രഖ്യാപിക്കുന്നത്.

 

കാര്യഗൗരവത്തോടെയുള്ള ഒരു ആഖ്യാനശൈലി ഈ കൃതി പുലർത്തുന്നില്ല. ചരിത്രപരമായ വിശ്വാസ്യത അവകാശപ്പെടുന്നുണ്ടെങ്കിലും അതു സ്ഥാപിക്കുന്നതിനുള്ള തെളിവുകളൊന്നും നിരത്തുന്നില്ല. മാളികപ്പുറത്തമ്മ അയ്യപ്പന്റെ പ്രേമഭാജനമായിരുന്ന ചീരപ്പൻചിറയിലെ ഗുരുപുത്രി ലളിതയാണെന്ന ഐതിഹ്യവിവരണത്തിനുശേഷം 'ലളിത എന്ന പെൺകുട്ടിയുമായി അയ്യപ്പൻ പ്രണയത്തിലായി എന്നു വിശ്വസിക്കാൻ തക്കവിധമുള്ള ഒരു തെളിവും ഇപ്പോൾ നിലവിലില്ല' (പേജ് 111) എന്ന വാദം ബാലിശമാണ്. മാളികപ്പുറത്തമ്മ ദ്രാവിഡദേവതയായ കൊറ്റവൈ ആണെന്ന നിഗമനമാകാം കൂടുതൽ ശരി.

 

ആധുനിക ഹൈന്ദവസമൂഹം ശബരിമല ക്ഷേത്രത്തെ സ്വാംശീകരിച്ച് അതിന്റെ യഥാർത്ഥ അവകാശികളായ മലഅരയ സമുദായത്തെ പുറത്താക്കി എന്ന പരിഭവമാണ് ഈ പുസ്തകത്തിന്റെ രചനാഹേതു. എന്നാൽ ഇതിനെ മതങ്ങൾ തമ്മിലുള്ള ഒരു സംഘട്ടനമായി വ്യാഖ്യാനിക്കാനാവില്ല. ശബരിമലയുടെ ദൈവിക ഐതിഹ്യങ്ങളെ ചെറിയ മാറ്റങ്ങളോടെ നിലവിലുള്ള ഹിന്ദു വിശ്വാസസംഹിതയിലേക്ക് തന്മയത്വത്തോടെ തുന്നിച്ചേർക്കുകയാണുണ്ടായത്. മാത്രവുമല്ല, വ്രതനിഷ്ഠയുടെയും ആചാരപ്രമാണങ്ങളുടേയും കാര്യത്തിൽ സമതലവാസികളേക്കാൾ വിശ്വാസദൃഢതയും അർപ്പണബോധവും പ്രകടിപ്പിക്കുന്നത് മലഅരയ സമുദായമാണെന്നും കാണാം. അതിനാൽ ആ സമുദായാംഗങ്ങളെ ശബരിമല ക്ഷേത്രനടത്തിപ്പിൽ കൂടുതലായി പങ്കെടുപ്പിക്കേണ്ടത് ആവശ്യമാണ്.

 

ക്രിസ്ത്യൻ മിഷനറി ആയിരുന്ന സാമുവൽ മെറ്റിറിന്റെ 'Native Life in Travancore' എന്ന പുസ്തകത്തിലെ 'The Hill Tribes' എന്ന അദ്ധ്യായം ഇംഗ്ലീഷിൽ തന്നെ അനുബന്ധമായി ഇതോടൊപ്പം ചേർത്തിട്ടുണ്ട്. മലഅരയ, കാണിക്കാർ വിഭാഗങ്ങളുടെ വിവിധ ആചാരങ്ങളും ജീവിതരീതികളും ആദ്യമായി പരിഷ്കൃതസമൂഹത്തെ അറിയിച്ച പുസ്തകമെന്ന നിലയിൽ മെറ്റിറിന്റെ കൃതി സവിശേഷപരിഗണന അർഹിക്കുന്നു. എങ്കിലും മതപരിവർത്തനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്ന മെറ്റിറിന്റെ പല നിരീക്ഷണങ്ങളും യാതൊരു പ്രതിപക്ഷ ബഹുമാനവുമില്ലാത്തതും തികഞ്ഞ അവജ്ഞ നിറഞ്ഞതുമായി കാണപ്പെടുന്നു. പക്ഷേ പത്തൊൻപതാം നൂറ്റാണ്ടിൽ, കോളനിവാഴ്ചയുടെ പരകോടിയിൽ, കീഴാളജനതയുടെ ജീവിതത്തെപ്പറ്റി ഒരു വെള്ളക്കാരൻ എഴുതിയ പുസ്തകത്തിൽ ഇങ്ങനെ കാണപ്പെടുന്നതിൽ അതിശയിക്കാനും ഒന്നുമില്ല. ശബരിമലയിലെ ബൗദ്ധസ്വാധീനത്തെക്കുറിച്ച് സജീവ് ഒന്നിലേറെ തവണ പരാമർശിക്കുന്നുവെങ്കിലും അതിന്റെ വിശദവിവരങ്ങളൊന്നും നൽകുന്നില്ല. ക്ഷേത്രം ദേവസ്വം ബോർഡ് പിടിച്ചടക്കിയതിന്റെ ചരിത്രരേഖകളും ഗ്രന്ഥകാരൻ നൽകുന്നില്ല. അവയെല്ലാം വെറും ആരോപണങ്ങളായിത്തന്നെ അവശേഷിക്കുന്നു. ശബരിമലയിലെ യുവതീപ്രവേശനത്തെക്കുറിച്ച് തന്റെ സ്വന്തം അഭിപ്രായം ഗ്രന്ഥകർത്താവ് വെളിപ്പെടുത്തുന്നില്ല എന്നതുകൂടി ശ്രദ്ധാർഹമാണ്.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Sabarimala Ayyappan - Mala Araya Daivam' by P K Sajeev
Publisher: DC Books, 2019 (First)
ISBN: 9789352825868
Pages: 175

 

No comments:

Post a Comment