കേരളത്തിലെ സാംസ്കാരികനായകരിൽ പ്രമുഖനായിരുന്നു പരേതനായ സുകുമാർ അഴീക്കോട്. സമൂഹത്തിൽ അനീതി കാണുന്നതായി തനിക്കു തോന്നിയാൽ അതിനെതിരെ അതിശക്തമായി അദ്ദേഹം ശബ്ദമുയർത്തിയിരുന്നു. പരന്ന വായനയും ആഴത്തിലുള്ള അറിവും സാഹിത്യ-തത്വചിന്താ മേഖലകളിൽ അദ്ദേഹത്തെ വ്യത്യസ്തനാക്കിയിരുന്നു. തത്വമസി പോലെ ഭാരതീയ തത്വചിന്തയുടെ കാതലായ സന്ദേശം വായനക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വിളമ്പിയ കൃതികൾ വളരെയധികമില്ല. സാഹിത്യവിമർശനത്തിലും അഴീക്കോട് നിർഭയവും നിർദ്ദയവുമായി തൂലിക ചലിപ്പിച്ചു. എങ്കിലും അവസാനകാലങ്ങളിൽ മറ്റുള്ളവർ തന്നെ പൂജിച്ചും ബഹുമാനിച്ചുമൊക്കെ കഴിഞ്ഞുകൊള്ളണം എന്നൊരു തോന്നൽ അദ്ദേഹത്തിൽ ഉണ്ടായിരുന്നതായി കരുതേണ്ടിവരുന്നു. വേണ്ടത്ര പരിചയമില്ലാത്ത വിഷയങ്ങളിൽപ്പോലും അഭിപ്രായം പ്രകടിപ്പിക്കുകയും ആ രംഗത്തെ വിദഗ്ദ്ധർ അതിനെ എതിർത്താൽ അവർക്കുനേരെ വാക്ശരങ്ങൾ ചൊരിഞ്ഞ് നിർവീര്യരാക്കുന്നതും അഴീക്കോടൻ ശൈലിയുടെ ഭാഗമായി മാറിയിരുന്നു. 2010-നോടടുത്ത് വിവിധ പത്രമാസികകളിലായി അദ്ദേഹം എഴുതിയ 24 ലേഖനങ്ങളുടെ സമാഹാരമാണ് ഈ കൃതി. ഈ തെരഞ്ഞെടുപ്പ് നടത്തിയത് ഗ്രന്ഥകാരൻ തന്നെയാണ്. പ്രസിദ്ധീകരിച്ച കാലത്തിനുശേഷവും ശ്രദ്ധിക്കപ്പെടേണ്ട ചില മൂല്യങ്ങളും കാര്യങ്ങളും ഉള്ളതുകൊണ്ടാണ് വീണ്ടും വായിക്കപ്പെടുക എന്ന ഉദ്ദേശത്തോടെ ഈ പുസ്തകം പ്രസിദ്ധീകരിച്ചതെന്ന് അഴീക്കോട് ഓർമ്മപ്പെടുത്തുന്നു.
അവകാശവാദങ്ങൾക്കൊത്ത നിലവാരം ഒരൊറ്റ ലേഖനവും പുലർത്തുന്നില്ല എന്നതാണ് വായനക്കാർ തുടക്കം മുതലേ ഖേദപൂർവ്വം ശ്രദ്ധിക്കുന്ന ഒരു സംഗതി. സമകാലിക വിഷയങ്ങളെക്കുറിച്ചാണ് എല്ലാ ലേഖനങ്ങളും. എന്നാൽ അവയിലൊന്നും ഒരു തുറന്ന മനസ്സോ, പുതിയ വസ്തുതകളെ മനസ്സിലാക്കി അതിനനുസരണമായ വിലയിരുത്തലോ ഒന്നും കാണാൻ കഴിയുന്നില്ല. തന്റെ രാഷ്ട്രീയ താല്പര്യങ്ങളേയും അതിൽനിന്നുണ്ടാകുന്ന മുൻവിധികളേയും വേദപ്രമാണങ്ങളാക്കിയാണ് അദ്ദേഹം ലോകത്തെ കാണുന്നത്. പല അദ്ധ്യായങ്ങളും ഞായറാഴ്ച കുർബാനക്കുശേഷമുള്ള ഇടവക വികാരിയുടെ സന്മാർഗപ്രസംഗങ്ങളുടെ മാതൃകയിലാണ് വാർത്തെടുത്തിരിക്കുന്നത്. പുസ്തകത്തിന്റെ ശീർഷകം തന്നെ ഇതിന് ഉദാഹരണമാണ്. ഉദ്ദിഷ്ടകാര്യങ്ങൾ സാധിച്ചുകിട്ടാൻ ദേവാലയങ്ങളിൽ ഉയർന്ന തുകയ്ക്കുള്ള കാഴ്ചദ്രവ്യങ്ങൾ സമർപ്പിക്കുന്നതിനുപിന്നിലെ ധാർമികതയെയാണ് ചോദ്യം ചെയ്യുന്നത്. ദൈവത്തെ നാം നമ്മുടെ രൂപത്തിൽ സൃഷ്ടിക്കുന്നതുവഴി വിലപിടിച്ച വസ്തുക്കൾ സമ്മാനമായി കൊടുത്താൽ എളുപ്പത്തിൽ പ്രസാദിപ്പിക്കാൻ സാധിക്കും എന്ന നില വരുത്തി. അതാണ് 'ഈശ്വരന്റെ കഷ്ടകാലം'. അഴീക്കോടിന്റെ ഈ വാദം തീർത്തും ബാലിശമാണെന്ന് അല്പം ചിന്തിച്ചാൽ മനസ്സിലാകും. പ്രോഗ്രസ്സിവ് ടാക്സേഷൻ എന്ന തത്വം എല്ലാ മേഖലകളിലും നിലനിൽക്കുന്നു. ദരിദ്രനായ ഒരാൾ നൂറു രൂപ ദാനം ചെയ്യുമ്പോൾ തത്തുല്യമായ സാമ്പത്തികത്യാഗം ഒരു ധനികനെ സംബന്ധിച്ചിടത്തോളം പതിനായിരമോ ലക്ഷമോ വന്നേക്കാം. ഇന്ന് ലോകത്തിൽ നിലനിൽക്കുന്ന രീതിയും അതല്ലേ? ഗ്രന്ഥകാരന്റെ എതിർപ്പ് ആചാരങ്ങളുടെ നേർക്കു കൂടിയാണ്. മനുഷ്യൻ നന്നായാൽ മതി എന്ന് ശ്രീനാരായണ ഗുരു അഭിപ്രായപ്പെട്ടു - മതമേതായാലും മതി. ആചാരപ്രധാനമായി മതത്തെ അവതരിപ്പിക്കുന്ന പുരോഹിതന്മാരാണ് ഭീകരതയുടെ സൃഷ്ടാക്കൾ എന്ന് പുസ്തകം പറഞ്ഞുവെക്കുന്നു.
പാർലമെന്റംഗങ്ങളുടെ ശമ്പളവർദ്ധനവിനെതിരെ അഴീക്കോട് വാളെടുക്കുന്നു. കൂടുതൽ അധികാരങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് നല്ല ശമ്പളം നൽകിയില്ലെങ്കിൽ അവർ അഴിമതിയിലേക്കുതിരിയും എന്നത് പ്രതീക്ഷിക്കാവുന്നതല്ലേ? രാഷ്ട്രീയം വളരെ റിസ്കുള്ള ഒരു പ്രൊഫഷനാണ്. നിരവധി പേർ രാഷ്ട്രീയത്തിൽ ഇറങ്ങുന്നുണ്ടെങ്കിലും അതിൽ വളരെക്കുറച്ചുപേർക്ക് മാത്രമേ ഔദ്യോഗികസ്ഥാനങ്ങളിൽ എത്താൻ സാധിക്കുന്നുള്ളൂ. അവരിൽത്തന്നെ പലർക്കും അടുത്ത തെരഞ്ഞെടുപ്പിൽ ജയിക്കുമോ എന്നും ഉറപ്പില്ല. അത്രയധികം അപായസാദ്ധ്യതയുള്ള ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് സമാനമായ വിധത്തിൽ വേതനവും പെൻഷൻ ആനുകൂല്യങ്ങളും നൽകേണ്ടിവരും. ജനാധിപത്യം ചെലവുള്ള ഒരേർപ്പാടാണ്. ജനസേവനം ജോലിയല്ലെന്നുള്ള ഭംഗിവാക്കുകൾ മുഖവിലക്കെടുക്കേണ്ടതില്ല. അഴീക്കോട് തന്നെ 1962-ൽ ലോക്‌സഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ട ആളാണ്. അന്ന് ജയിച്ചിരുന്നുവെങ്കിൽ അദ്ദേഹം ശമ്പളം വാങ്ങുമായിരുന്നില്ലേ? ഇതെല്ലാം വെറും ആത്മവഞ്ചനയായേ വായനക്കാർക്ക് തോന്നുന്നുള്ളൂ. ബഹിരാകാശ ഗവേഷണം, സൈനികച്ചെലവുകൾ എന്നിവക്കെതിരെയും മെക്കിട്ടുകേറുന്നതു കാണുമ്പോഴാണ് എത്ര ഇടുങ്ങിയതാണ് നമ്മുടെ സാഹിത്യനായകന്റെ ചിന്താനഭസ്സ് എന്നു വെളിവാകുന്നത്. ഈ മേഖലകളിൽ ചെലവഴിക്കുന്ന തുകയുടെ പകുതിയുടെ പകുതിയുണ്ടെങ്കിൽ ഈ നാട്ടിലെ പാവങ്ങൾക്ക് ശുദ്ധജലം എത്തിച്ചു കൊടുക്കാമായിരുന്നുവത്രേ. പത്താളുടെ ആഹാരം അകത്താക്കുന്ന ഒരു ഭീമൻ വീട്ടിൽ ആകെ ചെയ്യുന്നത് വെള്ളം കോരൽ ആണെന്നതുപോലെയാണ് ഗ്രന്ഥകാരൻ കണ്ടെത്തുന്ന ഉപമ. കടുത്ത അമേരിക്കൻ വിരുദ്ധത ഓരോ വരിയിലും വമിക്കുന്നതുകാണാം. ആണവകരാർ, ആണവവൈദ്യുതി, എക്സ്പ്രസ്സ് ഹൈവേ, പാർശ്വഫലങ്ങളുള്ള ആധുനിക വൈദ്യശാസ്ത്രം എന്നിവയെയെല്ലാം തനി പിന്തിരിപ്പൻ മനോഭാവത്തോടെ എതിർക്കുന്നു.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ വരേണ്യവർഗ്ഗങ്ങൾക്കു യോജിച്ച നയങ്ങളെ അഴീക്കോട് നിശിതമായി വിമർശിക്കുന്നു. രാഷ്ട്രീയമായ ആശയസംഹിതയിലുള്ള വിശ്വാസദാർഢ്യം, ജനസേവനത്തിന്റെ പാരമ്പര്യം, ധീരമായ പെരുമാറ്റം, പ്രഭാഷണത്തിന്റെ ആകർഷകത്വം, ഇന്ത്യയിലെ എല്ലാ ദേശ-മത വർഗ്ഗങ്ങളിലും പെട്ടവർക്ക് പ്രിയങ്കരൻ - ഇതൊക്കെയാണ് ഒരു പ്രധാനമന്ത്രിക്കു വേണ്ടതായ വ്യക്തിവൈഭവങ്ങൾ. ഇതിൽ ഒന്നുപോലും സിംഗിന് ഉണ്ടായിരുന്നില്ലെന്നത് തർക്കമറ്റ വസ്തുതയാണ്. ജീവിതകാലം മുഴുവൻ ഉദ്യോഗസ്ഥനായിരുന്ന് വൈദേശികരിൽനിന്നുപോലും ശമ്പളം പറ്റിയ ഒരാളെ ഒരു രാജ്യവും പ്രധാനമന്ത്രിയായി അവരോധിക്കില്ല. ചില നല്ല പ്രസംഗങ്ങൾ അദ്ദേഹം എഴുതി വായിച്ചിട്ടുണ്ട്. വാടിവീഴുന്ന പഴുക്കിലകൾ പോലെ പ്രവർത്തനശേഷി നഷ്ടപ്പെട്ടവരുടെ വായയിൽനിന്ന് പുറത്തുചാടുന്ന ഉശിരൻ പദധോരണി എന്നാണതിനെ ലേഖകൻ വിലയിരുത്തുന്നത്.
പുസ്തകം ശുപാർശ ചെയ്യുന്നു.
No comments:
Post a Comment