Sunday, December 27, 2020

യവനദർശനം

പാശ്ചാത്യസംസ്കാരത്തിന്റെ അടിത്തറ ഗ്രീസിൽ ക്രി.മു. 600 മുതൽ 300 വരെ നീണ്ടുനിന്ന വിജ്ഞാനത്തിന്റേയും ബൗദ്ധിക അന്വേഷണത്തിന്റേയും പരമകാഷ്ഠയാണ്. എല്ലാ ജനതയിലും പുണ്യപുരുഷന്മാരുണ്ട്, പ്രവാചകന്മാരുണ്ട്, മതപരിഷ്കർത്താക്കളും ഉണ്ട്. പക്ഷേ പ്രാചീനകാലത്ത് ഇന്ത്യ, ചൈന, ഗ്രീസ് എന്നീ രാജ്യങ്ങൾ മാത്രമേ തത്വചിന്തകന്മാരെ വാർത്തെടുത്തിട്ടുള്ളൂ. തെയ്‌ൽസ്‌ മുതൽ അരിസ്റ്റോട്ടിൽ വരെ പതിനഞ്ചു പ്രമുഖചിന്തകരെയാണ് ഈ കൃതിയിൽ പരാമർശിച്ചിരിക്കുന്നത്. പത്രപ്രവർത്തനരംഗത്തെ ജോലിക്കുശേഷം പബ്ലിക് റിലേഷൻസ് വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച ശ്രീ. സെബാസ്റ്റ്യൻ പുതുവീട് ആണ് ഗ്രീക്ക് തത്വചിന്തയുടെ ഒരു പരിചായിക ആയ ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത്.


എന്താണ് തത്വചിന്ത എന്ന പരിശോധനയോടെയാണ് പ്രതിപാദനം തുടങ്ങുന്നത്. ഇന്ദ്രിയദ്വാരാ ലഭിക്കുന്ന അറിവുകളാണ് ശാസ്ത്രത്തിന്റെ അസംസ്കൃതവിഭവങ്ങൾ. എന്നാൽ ശാസ്ത്രദ്വാരാ ലഭിക്കുന്ന അറിവുകളാണ് തത്വചിന്തയുടെ അസംസ്കൃതവിഭവങ്ങൾ. ശാസ്ത്രം അവസാനിക്കുന്നിടത്ത് തത്വചിന്ത ആരംഭിക്കുന്നു. രണ്ടായാലും പ്രകൃതിയിലെ രഹസ്യങ്ങളുടെ ചുരുളഴിക്കാനാണ് ഉപയോഗിക്കപ്പെടുന്നത്. പക്ഷേ, പ്രപഞ്ചത്തിന്റേയോ ജീവന്റേയോ നിഗൂഢതയെ അന്തിമമായി അനാവരണം ചെയ്യാൻ മനുഷ്യബുദ്ധിക്ക് സാദ്ധ്യമായേക്കില്ല.അതോടെ മനുഷ്യരാശിയുടെ ബൗദ്ധികവ്യാപാരം അസ്തമിക്കും, ശാസ്ത്രങ്ങൾ നിലയ്ക്കും, കലകൾ നിരർത്ഥകമാകും. ഭാവനാമണ്ഡലത്തിലായാലും ചിന്താമണ്ഡലത്തിലായാലും മനുഷ്യനെ കർമപ്രബുദ്ധനാക്കുന്നത് പ്രപഞ്ചത്തിന്റെ ഈ നിഗൂഢതയാണ്.


ലോകത്തിന്റേയും ജീവികളുടേയും ഘടനാസവിശേഷതകളേയും അവയുടെ ചലനാത്മകതയ്ക്കു കാരണമായ ജീവബലത്തേയും കുറിച്ച് ഗ്രീസിലെ ചിന്തകർ മനനം കൊണ്ട് പല നിഗമനങ്ങളിലും ചെന്നെത്തി. യവനരുടെ ഉത്തരങ്ങൾ തൃപ്തികരമാണോ എന്നത് മറ്റൊരു വിഷയമാണ്. പ്രശ്നപരിഹാരത്തിനായി യുക്തിയുടേയും വിചാരത്തിന്റേയും മാർഗം അവലംബിച്ചു എന്നിടത്താണ് യവനചിന്തകർ വ്യത്യസ്തരാകുന്നത്. ഇത് എല്ലാ തലമുറകൾക്കും ഉത്തേജനമായി. മനുഷ്യസമൂഹങ്ങളേയും അവയെ ഏകോപിപ്പിച്ചു നയിക്കുന്ന രാഷ്ട്രവ്യവസ്ഥയെക്കുറിച്ചുമൊക്കെ വിശദമായ പഠനങ്ങൾ നടത്തിയ ഈ മഹത്തുക്കൾ അവതരിപ്പിക്കുന്ന മറുപടികൾ കാലാതിശായിയായ നിത്യസത്യങ്ങളൊന്നുമല്ല. പ്രാചീന ഗ്രീക്ക് ജനതയുടെ സദാചാരധാരണകളുടെ ചട്ടക്കൂടുകളിൽ അവരുടെ ധിഷണ ഒതുങ്ങിനിന്നു. പ്ളേറ്റോവും അരിസ്റ്റോട്ടിലുമെല്ലാം അടിമവ്യവസ്ഥയെ അംഗീകരിച്ചുവെന്നുമാത്രമല്ല, തങ്ങൾ വിഭാവനം ചെയ്ത മാതൃകാസമൂഹങ്ങളുടെ അടിത്തറ തന്നെ അടിമസമ്പ്രദായത്തിൽ ഉറപ്പിക്കുകയും ചെയ്തു. ഇവരെല്ലാം ജനാധിപത്യ രീതികളേയും തുറന്നെതിർത്തു. തത്വചിന്തകനായ ഒരു രാജാവിന്റെ (philosopher king) ഏകാധിപത്യമോ ഏതാനും പ്രഭുക്കളുടെ കൂട്ടമായുള്ള ഭരണമോ സാധാരണപൗരന്മാർക്ക് സ്വാധീനമുള്ള ഒരു ഭരണരീതിയെക്കാൾ മെച്ചമാണെന്ന് അവർ വിശ്വസിച്ചു.


ഗ്രീക്ക് ചിന്തകരുടെ ശ്രമം പ്രാപഞ്ചിക പ്രതിഭാസങ്ങൾക്ക് പ്രകൃതിപരമായിത്തന്നെ വിശദീകരണം നൽകലായിരുന്നു. ഈ പ്രാഥമികശ്രമങ്ങൾ പിന്നീട് നവോത്ഥാന കാലഘട്ടത്തിൽ ജിജ്ഞാസാഭരിതമായ യൂറോപ്യൻ മനസ്സിനെ ശരിയായ ചോദ്യങ്ങളിലേക്കും പിന്നീട് അവിടെനിന്ന് ശരിയായ ഉത്തരങ്ങളിലേക്കും നയിച്ചു. പാശ്ചാത്യശാസ്ത്രത്തിന്റേയും തത്വചിന്തയുടേയും ഉപജ്ഞാതാവായി കരുതപ്പെടുന്നത് മിലേറ്റസിലെ തെയ്‌ൽസ്‌ ആണ്. ഡെമോക്രിറ്റസിന്റെ അണുസിദ്ധാന്തം അതിന്റെ ആധുനികകാലത്തെ ശാസ്ത്രസിദ്ധാന്തത്തിന് സർവഥാ അർഹനായ മുൻഗാമിയായി. പൈതഗോറസ്, എംപിഡൊക്ലിസ് എന്നിവർ പുനർജന്മവിശ്വാസം വെച്ചുപുലർത്തി. മാംസവർജ്ജനം കൂടിയായപ്പോൾ ആശയപരമായി അവർ ഭാരതീയചിന്തകരുടെ ഉറ്റബന്ധുക്കളുമായി. ഇതിൽ പൈതഗോറസ് എന്ന ബഹുമുഖപ്രതിഭ മട്ടത്രികോണത്തിന്റെ കർണ്ണവുമായി ബന്ധപ്പെട്ട ഗണിതസമവാക്യത്തിലൂടെ നമ്മുടെ കൊച്ചുകുട്ടികൾക്കുപോലും സുപരിചിതനാണ്.


ഗ്രീക്ക് തത്വചിന്ത പൂത്തുലഞ്ഞത് പ്ളേറ്റോവിലും അദ്ദേഹത്തിന്റെ ശിഷ്യനായ അരിസ്റ്റോട്ടിലിലുമായിരുന്നു. ഗ്രന്ഥകാരൻ രണ്ടു വിശദമായ അദ്ധ്യായങ്ങളിലൂടെ ഇതിന്റെ കൂടുതൽ വിവരങ്ങൾ നൽകുന്നുണ്ടെങ്കിലും അവ അൽപ്പം ക്ലേശകരം തന്നെയാണ്. ഒരു ആദർശരാഷ്ട്രവ്യവസ്ഥ പ്ളേറ്റോ വിഭാവനം ചെയ്യുന്നത് 'റിപ്പബ്ലിക്ക്' എന്ന കൃതിയിലൂടെയാണ്. തന്റെ സമൂഹത്തിൽ മൂന്നു വിഭാഗങ്ങളെയാണ് പ്ളേറ്റോ സങ്കൽപ്പിക്കുന്നത് - ഭരണാധികാരികൾ, യോദ്ധാക്കൾ, കച്ചവടക്കാർ/കർഷകർ. ഇതിൽ മൂന്നാമത്തെ വിഭാഗത്തിന് അധികാരങ്ങൾ നൽകേണ്ടതില്ല. ആദർശരാഷ്ട്രമെന്നാൽ അദ്ദേഹത്തിന് അരിസ്റ്റോക്രസിയാണ്. രാഷ്ട്രീയ അവകാശങ്ങളുടെ തുല്യമായ വിഭജനമെന്നാൽ വെറും മൂഢത്വവും! ആധുനികകാലത്ത് മാംസത്തിനായി ജീവിവർഗ്ഗങ്ങളെ പരിപാലിച്ചുവളർത്തുന്നതിനു സമാനമായ ഒരു രീതിയാണ് തന്റെ ആദർശരാഷ്ട്രത്തിലെ ഭരണാധികാരികളെ സൃഷ്ടിക്കാൻ അദ്ദേഹം മുന്നോട്ടുവെക്കുന്നത്. അരോഗദൃഢഗാത്രരായ ദമ്പതികളിൽ ജനിക്കുന്ന ശിശുക്കളെ ഏറ്റെടുത്ത് സ്റ്റേറ്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ സമൂഹമായി വളർത്തിക്കൊണ്ടുവരണം. പലതരം ശുദ്ധീകരണങ്ങളിലൂടെ കഴിവു കുറഞ്ഞവരെ പുറത്താക്കാവുന്നതാണ്. അങ്ങനെ ഒഴിവാക്കപ്പെടുന്നവരെ മാറ്റിനിർത്തി ബാക്കിയാകുന്നവർക്ക് അൻപതാം വയസ്സിൽ ഭരണാധികാരം നൽകപ്പെടും. ഇങ്ങനെയുള്ള രാജ്യത്ത് ഭരണം നടത്തുന്ന രാജർഷിയുടെ ഇച്ഛയാണ് നീതിയും നിയമവും. അത്തരം സമൂഹങ്ങളിൽ കലാസൃഷ്ടികളും കവിതയും രചിക്കുന്നതുപോലും മതപരവും ധാർമികവുമായ ലക്ഷ്യങ്ങൾ മുൻനിർത്തിയായിരിക്കണം. അരിസ്റ്റോട്ടിൽ പ്രകൃതിശാസ്ത്രപരമായ വിഷയങ്ങളിലും ആഭിമുഖ്യം നിലനിർത്തി. അരിസ്‌റ്റോട്ടിലിനുശേഷം അദ്ദേഹത്തോട് കുറച്ചൊക്കെ കിടനിൽക്കുന്ന ഒരു ചിന്തകനെ കണ്ടെത്താൻ പാശ്ചാത്യലോകത്തിന് രണ്ടായിരത്തിൽപ്പരം വർഷം കാത്തിരിക്കേണ്ടിവന്നു.


തത്വചിന്തയാണ് ചിന്താവിഷയമെന്നതുകൊണ്ടാകാം ഒരു ഘട്ടത്തിലും ഈ പുസ്തകം വായനക്കാർക്ക് ആസ്വാദ്യകരമാകുന്നില്ല. വിൽ ഡ്യൂറന്റിന്റെ 'The Story of Philosophy' ഈ കടമ്പ എത്ര ആസ്വാദ്യകരമായാണ് മറികടന്നത്! സോക്രട്ടീസിന്റെ കുറ്റവിചാരണയും അദ്ദേഹം ചെയ്ത തെറ്റ് എന്താണെന്നുള്ളതും അല്പംകൂടി പൊലിപ്പിക്കാമായിരുന്നു. ലേഖകൻ ബെർട്രൻഡ് റസ്സലിന്റെ വ്യാഖ്യാനങ്ങളെ മാത്രമാണ് പല ഘട്ടങ്ങളിലും ആശ്രയിക്കുന്നതെന്നത് ഒരു പോരായ്മയായി കണക്കാക്കേണ്ടിവരും.


പുസ്തകം ശുപാർശ ചെയ്യുന്നു.

Book review of 'Yavanadarshanam' by Sebastian Puthuveed
Publisher: DC Books, 1983
ISBN: Nil
Pages: 132

No comments:

Post a Comment