Saturday, December 5, 2020

തുറന്ന മനസ്സോടെ

കേരളത്തിനകത്തും പുറത്തുമുള്ള നിരവധി പത്രങ്ങളിലും വാർത്താ ഏജൻസികളിലും പതിറ്റാണ്ടുകളുടെ പ്രവർത്തനപരിചയമുള്ള ആദരണീയനായ പത്രപ്രവർത്തകനാണ് ശ്രീ. കെ. എം. റോയ്. മംഗളം ദിനപത്രത്തിന്റെ ജനറൽ എഡിറ്റർ ആയിരിക്കവേ 'തുറന്ന മനസ്സോടെ' എന്ന പേരിൽ എല്ലാ തിങ്കളാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഒരു പംക്തി അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. ഏതാണ്ട് ഇരുപതു വർഷക്കാലത്തോളം നീണ്ടുനിന്ന ആ പരമ്പരയിൽ 2010 മുതൽ 2013 വരെയുള്ള കാലയളവിലെ തെരഞ്ഞെടുത്ത 49 ലേഖനങ്ങളാണ് ഈ കൃതിയിലുള്ളത്. ഊഹിക്കാവുന്നതുപോലെ പല ലേഖനങ്ങളും അതെഴുതിയ കാലഘട്ടത്തിലെ സമസ്യകളുമായി ബന്ധപ്പെട്ടതായതിനാൽ അവയ്ക്ക് വർത്തമാനകാല പ്രസക്തി ഉണ്ടായേക്കില്ല. എങ്കിലും കേരളത്തിന്റെ വികസനം നേരിടുന്ന തടസ്സങ്ങൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയും ദൃശ്യമാദ്ധ്യമങ്ങളുടേയും ധാർമിക അപചയം തുടങ്ങിയ വിഷയങ്ങളിൽ റോയിയുടെ അഭിപ്രായങ്ങളുടെ പ്രസക്തി ഇന്നും നിലനിൽക്കുന്ന ഒന്നാണ്. ജസ്റ്റിസ് കെ. ടി. തോമസിന്റെ അവതാരികയോടെ പ്രസിദ്ധീകൃതമായ ഈ പുസ്തകം കേരളസമൂഹത്തിന്റെ ശക്തിദൗർബല്യങ്ങളെ സൂക്ഷ്മദൃഷ്ടിയോടെ വിലയിരുത്തുന്ന ഒരു ജേർണലിസ്റ്റിന്റെ ഇരുത്തം വന്ന തൂലികയിൽനിന്ന് പുറത്തുവന്നതാണ്.

 

പല ലേഖനങ്ങളിലും റോയ് നടത്തുന്ന വിമർശനം നിശിതമാണ്; അതിനിരയാവുന്ന വ്യക്തികളേയും പ്രസ്ഥാനങ്ങളേയും ഇരുത്തിച്ചിന്തിപ്പിക്കുന്നതുമാണ്. രാഷ്ട്രീയ പ്രവർത്തകരും രാഷ്ട്രീയ പ്രസ്ഥാനങ്ങളുമാണ് അദ്ദേഹത്തിന്റെ സ്ഥിരം വേട്ടമൃഗങ്ങൾ. ദൃശ്യ മാദ്ധ്യമങ്ങളേയും ഒരളവുവരെ അച്ചടി മാദ്ധ്യമങ്ങളെപ്പോലും വെറുതെ വിടുന്നുമില്ല. എന്നാൽ കച്ചവടതാല്പര്യങ്ങളുള്ള മതസ്ഥാപനങ്ങളേയും കൃത്യവിലോപം വരുത്തിയ ജുഡീഷ്യറിയേയും വിമർശിക്കേണ്ടുന്ന അവസരങ്ങളിൽ അതാതുമേഖലകളിലെ ഒരു സുപ്രധാനവ്യക്തി നടത്തുന്ന സ്വയംവിമർശനത്തിന്റെ ബാക്കിപത്രം എന്ന നിലയിൽ മാത്രമാണ് ഗ്രന്ഥകാരൻ ഇടപെടുന്നത്. പക്ഷേ ആ വസ്തുതകളെല്ലാം ജനസാമാന്യത്തിന് മുൻപേതന്നെ പകൽവെളിച്ചം പോലെ സ്പഷ്ടവുമാണ്. കൃസ്ത്യൻ സഭകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കച്ചവടതാല്പര്യങ്ങളെ വിമർശിച്ചുകൊണ്ടുള്ള കർദിനാൾ ആലഞ്ചേരിയുടെ ലേഖനവും പീഡനക്കേസുകളിൽ നീതി വൈകുന്നതിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അൽത്തമാസ് കബീർ ഹൈക്കോടതികൾക്കയച്ച കത്തും ഏറ്റുപിടിച്ചുകൊണ്ട് ആ സ്ഥാപനങ്ങളെ ഈ വിഷയങ്ങളിൽ ആക്രമിക്കുന്ന പുസ്തകത്തിലെ ശൈലി പയറ്റിത്തെളിഞ്ഞ ഒരു ധീര പത്രപ്രവർത്തകന് അത്രയൊന്നും ഭൂഷണമല്ല. സ്വന്തം നിലയ്ക്ക് ഈ വീഴ്ചകൾ കണ്ടെത്താൻ ലേഖകന് കഴിയുന്നില്ലെന്നുണ്ടോ?


സാധാരണയായി മാധ്യമപ്രവർത്തകർ ഒഴിവാക്കിവിടുന്ന ചില വിഭാഗങ്ങളെ റോയ് ഇവിടെ തുറന്നുകാണിക്കുന്നു. ആത്മവഞ്ചനയും ഭീരുത്വവുമാണ് നമ്മുടെ സാംസ്കാരികനായകരുടെ പ്രധാന മുഖമുദ്രകൾ എന്ന ആക്ഷേപം സത്യം മാത്രമാണെങ്കിലും സാമൂഹ്യപ്രവർത്തകർ ഉറക്കെ വിളിച്ചുപറയാത്തതാണ്. പരിസ്ഥിതിപ്രവർത്തകരുടെ ഇരട്ടത്താപ്പും യഥാർത്ഥ ഉദ്ദേശ്യലക്ഷ്യങ്ങളും നിന്ദാർഹമാണെന്ന് ഈ കൃതി തറപ്പിച്ചുപറയുന്നു. ആലപ്പുഴയിലെ കരിമണൽ ഖനനം, കൂടംകുളം ആണവനിലയം എന്നിങ്ങനെ രാജ്യത്തിനും ജനങ്ങൾക്കും ഉപകാരപ്രദമായ പദ്ധതികളെ വിദേശധനത്തിന്റെ പിന്തുണയോടെ പരിസ്ഥിതിവാദികൾ അട്ടിമറിക്കാൻ ശ്രമിക്കുന്നു. അവരെ നിലക്കുനിർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അക്കാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ രാഷ്ട്രീയമായി എതിർത്തുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വികസനമാതൃക സ്വായത്തമാക്കാൻ കേരളം പരിശ്രമിക്കണമെന്ന് ഗ്രന്ഥകർത്താവ് ആവശ്യപ്പെടുന്നു.


പത്രപ്രവർത്തകർ ജനങ്ങളുടെ നാഡിമിടിപ്പുകൾ അറിയുന്നവരാണെന്നാണ് വെയ്പ്പ്. എന്നാൽ ഇവിടെ ചില കാര്യമായ അബദ്ധങ്ങളും ഗ്രന്ഥകാരന് പിണയുന്നുണ്ട്. 2013 ഏപ്രിലിൽ എഴുതിയ ഒരു ലേഖനത്തിൽ അദ്ദേഹം പറയുന്നത് നരേന്ദ്ര മോദി ഭാവിയിൽ പ്രധാനമന്ത്രിയാകുന്നതിന് ഒരു സാദ്ധ്യതയും അദ്ദേഹം കാണുന്നില്ലെന്നതാണ് (പേജ് 78). കൃത്യം ഒരു വർഷത്തിനുശേഷം മോദി പ്രധാനമന്ത്രിപദത്തിൽ എത്തുകയും ചെയ്തു. 2011-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നേരിയ ഭൂരിപക്ഷത്തിൽ അധികാരത്തിലേറാൻ കഴിഞ്ഞത് വോട്ടെടുപ്പിന് തൊട്ടുമുൻപ് ഏ. കെ. ആന്റണി കേന്ദ്രമന്ത്രിയെന്ന നിലയിൽ കേരളത്തിൽ നടത്തിയ അഞ്ചുദിവസത്തെ പ്രസംഗപര്യടനമാണെന്ന വിലയിരുത്തൽ ഒരു വിലകുറഞ്ഞ രാഷ്ട്രീയഫലിതം മാത്രമാണ് (പേജ് 85). സ്തോഭജനകമായ തലക്കെട്ടുകൾ നൽകിയിരിക്കുന്നത് പത്രവായനക്കാരെ ആകർഷിക്കുന്നതിനായിരിക്കണം. 'കൊച്ചി മെട്രോ റെയിൽ ഇല്ലെങ്കിൽ കേരളം കായലിൽ മുങ്ങുമോ' എന്ന ശീർഷകം അത്തരത്തിൽ ഒന്നാണ്.


രാഷ്ട്രീയത്തെ ഒന്നടങ്കം അധിക്ഷേപിക്കുന്ന നിരവധി ലേഖനങ്ങൾ ഈ കൃതിയിൽ കാണാം. ഇടതുമുന്നണിയേയും പ്രത്യേകമായി കടന്നാക്രമിക്കുന്നുണ്ട്. എന്നാൽ ഗ്രന്ഥകാരൻ വെച്ചുപുലർത്തുന്ന വ്യക്തമായ കോൺഗ്രസ് ചായ്‌വ് ഒരു കല്ലുകടി പോലെ വായനക്കാർക്ക് അനുഭവപ്പെടും. കോൺഗ്രസ്സിൽ തന്നെ ഉമ്മൻ ചാണ്ടിയോടും ഏ. കെ. ആന്റണിയോടും മാത്രമേയുള്ളൂ ഈ ചങ്ങാത്തം! കേന്ദ്രത്തിലെ മൻമോഹൻ സിംഗ് സർക്കാരിനോടും അദ്ദേഹത്തിന് വിധേയത്വമുണ്ട്. 2ജി സ്പെക്ട്രം ഇടപാടിൽ സി.ഏ.ജി കണ്ടെത്തിയ വൻ അഴിമതി കണക്കുകളിലെ പിശകാണെന്നും അത്രയൊന്നും കോടികൾ വരില്ലെന്നും റോയ് ആശ്വസിക്കുന്നു. ആന്റണിയുടെ ഗുണഗണങ്ങൾ തരം കിട്ടുമ്പോഴെല്ലാം പാടിപ്പുകഴ്ത്തുന്നുവെങ്കിലും സ്വാശ്രയ കോളജുകളിൽ കഴുത്തറപ്പൻ ഫീസ് ഈടാക്കാൻ മാനേജ്‌മെന്റുകൾക്ക് അവസരമൊരുക്കിയത് ആന്റണിക്ക് സംഭവിച്ച ബോധപൂർവമോ അല്ലാത്തതോ ആയ ഒരു തെറ്റാണെന്നത് സൗകര്യപൂർവം വിസ്മരിക്കുന്നു. സ്വാശ്രയ കോളജുകളിൽ പകുതിസീറ്റുകളിൽ സർക്കാർ ഫീസ് എന്ന ഉറപ്പ് മെത്രാന്മാരിൽനിന്ന് എഴുതിവാങ്ങിയില്ല എന്ന തെറ്റ് ഹൃദയവേദനയോടെ ആദർശധീരൻ ആന്റണി ഏറ്റുപറഞ്ഞുവത്രേ! മൂന്നുപ്രാവശ്യം മുഖ്യമന്ത്രിയായ ഒരാളാണ് ഇത്രയും നിർണായകമായ ഒരു കാര്യത്തിൽ വാക്കാലുള്ള ഉറപ്പും മേടിച്ച് വീട്ടിൽ പോയി സ്വസ്ഥമായി കിടന്നുറങ്ങിയതെന്നത് എന്തൊരു വിരോധാഭാസമാണ്! എന്നാൽ കേരള മെത്രാൻ സമിതിയുടെ വക്താവായ ഒരു മെത്രാൻ ലേഖകനോട് പറഞ്ഞത് അങ്ങനെ യാതൊരുറപ്പും അവർ ആന്റണിക്ക് നൽകിയിട്ടില്ല എന്നാണ്. അപ്പോൾ ആരാണ് നുണ പറയുന്നത്?


എഡിറ്റോറിയൽ ശൈലിയിലുള്ള വിമർശനങ്ങളെല്ലാം ഒരച്ചിൽ വാർത്തെടുത്തിരിക്കുന്നതുപോലുണ്ട്. തന്റെ വാദങ്ങൾ സ്ഥാപിക്കാൻ സഹായകമായ വിധത്തിലുള്ള കെട്ടുകഥകൾ ചരിത്രമെന്ന രൂപേണ അവതരിപ്പിക്കുന്നത് വായനക്കാരെ തെറ്റിദ്ധരിപ്പിക്കും. രജപുത്രരുമായുള്ള യുദ്ധത്തിൽ ബാബർ കുറെ പശുക്കളെ തന്റെ സൈന്യത്തിനുമുന്നിൽ നിറുത്തി യുദ്ധം ചെയ്തുതുടങ്ങിയെന്നും രജപുത്രർ ആക്രമിക്കാൻ മടിച്ചുനിന്ന സമയം കൊണ്ട് സമർഖണ്ഡിൽനിന്ന് (മധ്യേഷ്യയിലെ!) കൂടുതൽ സൈനികരെ ഇറക്കി യുദ്ധം ജയിച്ചുവെന്നുമുള്ള കഥ എവിടെനിന്നു കിട്ടിയെന്നറിയില്ല.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Thuranna Manassode' by K M Roy
Olive Publications, 2014
ISBN: 9789383756223
Pages: 242
 

No comments:

Post a Comment