Sunday, December 5, 2021

ശബരിമല - ഹിന്ദുത്വ തന്ത്രങ്ങളും യാഥാർഥ്യവും

ശബരിമലയിൽ യുവതികൾക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി ആ വർഷത്തെ മണ്ഡലക്കാലത്ത് സൃഷ്ടിച്ച പുലിവാൽ നിസ്സാരമായിരുന്നില്ല. നോക്കുകൂലി, മലങ്കര സഭയിലെ പള്ളിത്തർക്കം എന്നിവയിലൊക്കെ കോടതിവിധികൾ ഫയലുകളിൽ ചിതലരിച്ചുകൊണ്ടിരിക്കേ ഈ വിഷയത്തിലെ വിധി കേരളസർക്കാർ വള്ളിപുള്ളി വിടാതെ നടപ്പാക്കാൻ തീരുമാനിച്ചു. ഹിന്ദുത്വകക്ഷികൾ ഭക്തരുടെ ഭാഗത്തും നിലയുറപ്പിച്ചതോടെ പലയിടങ്ങളിലും തെരുവുയുദ്ധസമാനമായ സംഭവങ്ങൾ അരങ്ങേറി. യുവതീപ്രവേശനത്തിന് അനുകൂലവും പ്രതികൂലവുമായ വാദമുഖങ്ങളുമായി സമൂഹം രണ്ടു ചേരികളായി തിരിഞ്ഞു. ടി.എസ്. ശ്യാംകുമാർ സംസ്കൃത സാഹിത്യത്തിൽ ഉന്നത ബിരുദങ്ങൾ വഹിക്കുന്ന പണ്ഡിതനും ക്ഷേത്രതന്ത്രങ്ങളിൽ ആഴത്തിലുള്ള വിജ്ഞാനം നേടിയ വ്യക്തിയുമാണ്. വിവാദം കത്തിനിന്നിരുന്ന കാലത്ത് രചിക്കപ്പെട്ടതാണ് ഈ കൃതി.
 
കേരളീയ ക്ഷേത്രങ്ങളിൽ പൂജാകർമ്മങ്ങളുടെ കുത്തകാവകാശം നേടിയിരിക്കുന്ന ബ്രാഹ്മണർക്ക് അയ്യപ്പനെ എങ്ങനെ പൂജിക്കാം എന്ന അറിവ് ഇല്ല എന്നു സ്ഥാപിക്കലാണ് ആദ്യഭാഗങ്ങളിൽ കാണുന്നത്. കേരളത്തിലെ ബ്രാഹ്മണർ ക്ഷേത്രപ്രതിഷ്ഠകൾക്കും താന്ത്രികാനുഷ്ഠാനങ്ങൾ നടത്തുന്നതിനുമായി രചിച്ച തന്ത്രഗ്രന്ഥങ്ങളിലും ശാസ്താവിന്റെ പൂജകൾ മാത്രമാണ് പരാമർശിച്ചിട്ടുള്ളത്. പ്രാചീന, മദ്ധ്യകാലഘട്ടങ്ങളിൽ ബ്രാഹ്മണർ അയ്യപ്പപൂജകൾ നടത്തിയിരുന്നില്ല എന്നതിന്റെ തെളിവായി ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നു. പുതിയൊരു ദൈവത്തെ കണ്ടുമുട്ടിയ അവർ അതുമായി സാമ്യമുള്ള തങ്ങളുടെ ദൈവികശ്രേണിയിലെ ഒരു ദേവന്റെ പൂജകൾ പകരം ഉപയോഗിച്ചു എന്നു മാത്രം. എന്നാൽ ഭാരതീയചരിത്രത്തിൽ മറ്റു ചില ആക്രമണകാരികൾ ചെയ്തതുപോലെ പഴയ ദേവന്റെ വിഗ്രഹം തച്ചുടച്ച് തങ്ങളുടെ ദൈവത്തിന്റെ ആരാധനാലയം നിർമ്മിക്കാതിരുന്ന പരമതബഹുമാനവും സ്വാംശീകരണവും ഗ്രന്ഥകാരന്റെ പരിഗണന നേടുന്നതേയില്ല. പകരം തന്ത്രഗ്രന്ഥങ്ങളിലെ സൂക്ഷ്മാംശങ്ങളിലെ പിഴവുകൾ കണ്ടെത്തി നിരത്തുന്നതിനാണ് സമയം ചെലവഴിക്കുന്നത്. തന്ത്രഗ്രന്ഥമായ ഭീമസംഹിതയിൽ ശാസ്താവിന്റെ പ്രതിമാലക്ഷണങ്ങളിൽ ഇടതുഭാഗത്തായി അപ്സരസ്സുകളായ മേനക, രംഭ എന്നിവരേയും സ്ഥാപിക്കണമെന്ന് നിർദ്ദേശിച്ചിട്ടുള്ളതിനാൽ ശാസ്താവ് നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്നു തെളിയുന്നു. മാത്രവുമല്ല, ഹരിഹരപുത്രനായ ശാസ്താവിന് പൂർണ്ണ, പുഷ്കല എന്നീ രണ്ടു ഭാര്യമാരും ഉണ്ട്. ബ്രാഹ്മണർ അയ്യപ്പൻകാവുകൾ ഏറ്റെടുക്കുന്നതിനുമുൻപാണ് തന്ത്രഗ്രന്ഥങ്ങൾ രചിക്കപ്പെട്ടതെന്നാണ് ഇവിടെ ഊഹിക്കുന്നത്.
 
താന്ത്രികഗ്രന്ഥങ്ങളിൽ എഴുതിവെക്കപ്പെട്ട ആരാധനാക്രമങ്ങൾ അയ്യപ്പന്റേതല്ലെന്നും, സമാനമായ ശാസ്താവിന്റെ പൂജാരീതികൾ അക്ഷരംപ്രതി നടപ്പിലാക്കാത്തതുവഴി പ്രാമാണികഗ്രന്ഥങ്ങളെ മാനിക്കാത്ത വിധത്തിലാണ് ശബരിമലയിലെ ക്ഷേത്രകർമ്മങ്ങൾ നടത്തപ്പെടുന്നതുമാണെന്നാണ് ഗ്രന്ഥകാരന്റെ മുഖ്യവാദം. എന്നാൽ ലക്ഷ്മി രാജീവ് എഴുതിയിരിക്കുന്ന അവതാരികയിലെ 'ഹിന്ദുമതം എന്നറിയപ്പെടുന്ന ആചാരാനുഷ്ഠാന ബഹുത്വവും സങ്കീർണമായ വിശ്വാസങ്ങളും ഭിന്നതകളും നിലനിൽക്കുന്ന മതത്തിലെ വിശ്വാസങ്ങൾക്ക് ഏകമുഖമല്ല ഉള്ളത്' എന്ന വാദത്തെ ഖണ്ഡിക്കുന്നതാണ് ഈ അഭിപ്രായം. മാത്രവുമല്ല, വിശ്വാസങ്ങൾ തന്നെ വൈവിധ്യമാർന്നതും കാലാന്തരത്തിൽ രൂപമാറ്റം ആർജ്ജിക്കുന്നതുമായ ഒന്നാണെന്നും അവർ സ്ഥാപിക്കുന്നു. സ്ത്രീകളെ ക്ഷേത്രത്തിൽനിന്ന് അകറ്റിനിർത്തുന്നത് ശാക്തികതന്ത്രപ്രകാരം സാധുവല്ല എന്നാണ് മറ്റൊരു വാദം. ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ സ്ത്രീകൾക്ക് അശുദ്ധി കൽപ്പിക്കുന്നില്ല. എന്നാൽ ശാക്തികസമ്പ്രദായം കേരളത്തിൽ പിന്തുടർന്നിരുന്നില്ല. തന്നെയുമല്ല, മനുസ്മൃതിയിൽ വിഗ്രഹപൂജ നടത്തുന്ന ബ്രാഹ്മണർക്കും പതിത്വം കൽപ്പിക്കുകയും അവരെ വർജ്ജിക്കണം എന്നും അനുശാസിക്കുന്നു. പരാശരമാധവീയം എന്ന ധർമശാസ്ത്രഗ്രന്ഥവും ഇതാവർത്തിക്കുന്നു. പ്രശ്നപരിഹാരം കണ്ടെത്തുന്നതിനായി ദേവപ്രശ്നം നടത്തുന്നതിനേയും ശ്യാംകുമാർ എതിർക്കുന്നു. തന്ത്രസമുച്ചയം മുതലായ താന്ത്രികഗ്രന്ഥങ്ങളിൽ പ്രായശ്ചിത്തം തന്ത്രി തന്നെ നിശ്ചയിച്ച് ചെയ്യിക്കണമെന്നാണ് കാണുന്നത്. എന്നാൽ 1650-ൽ ജ്യോതിഷത്തിന് പ്രാമാണ്യം നൽകിക്കൊണ്ട് രചിക്കപ്പെട്ട 'പ്രശ്നമാർഗം' എന്ന കൃതി പ്രചാരം നേടിയതോടെയാണ് ജ്യോതിഷികളും ബ്രാഹ്മണരും കൂട്ടായി ദേവപ്രശ്നവും മറ്റും നടത്താൻ തുടങ്ങിയത്.
 
ശബരിമല ഒരു 'മതേതര' ക്ഷേത്രമാണെന്നു സ്ഥാപിക്കാൻ ഗ്രന്ഥകർത്താവ് കഠിനപരിശ്രമം തന്നെ നടത്തുന്നുണ്ട്. ക്ഷേത്രത്തിലേക്ക് പൂജാസാമഗ്രികൾ എത്തിക്കുന്നതിന് നിയുക്തരായ വാവരുടെ കുടുംബക്കാർ എന്നു വിശ്വസിക്കപ്പെടുന്ന മുസ്ലിം വ്യാപാരിക്ക് പതിനെട്ടാംപടിക്കുതാഴെ സ്ഥലം അനുവദിക്കുന്നത് അവരുടെ മതവിശ്വാസത്തെ ബാധിക്കാത്ത തരത്തിലാണ്. 1908-ൽ ക്ഷേത്രത്തിലുണ്ടായ അഗ്നിബാധയെത്തുടർന്നുള്ള പുനർനിർമാണം മാവേലിക്കരയിലെ പോളച്ചിറക്കൽ കൊച്ചുമ്മൻ എന്ന ക്രിസ്ത്യാനിയായ കരാറുകാരനാണ് ഏറ്റെടുത്തുനടത്തിയത്. എന്നാൽ കൊച്ചുമ്മന്റെ ആത്മാർത്ഥമായ ഭക്തിയുടെ നിശ്വാസങ്ങൾ കാതോർത്താൽ ശബരിമലയിൽ കേൾക്കാമെന്നുള്ള നിരീക്ഷണം തീർത്തും ബാലിശവും ക്രിസ്തീയവിശ്വാസങ്ങളെ അവഹേളിക്കുന്നതുമാണ്. ലാഭത്തിനു വേണ്ടിയുള്ള ഒരു പ്രവൃത്തി ഒരുപക്ഷേ നൂറു ശതമാനവും ആത്മാർത്ഥമായിത്തന്നെ ചെയ്തുതീർത്തതാകാമെങ്കിലും അതിൽ ഭക്തിയുടെ അംശം കടന്നുകൂടുന്നതെങ്ങനെയാണ്? പ്രത്യേകിച്ചും വാവരും കൊച്ചുമ്മനും വിഗ്രഹാരാധന തീർത്തും നിഷിദ്ധമാക്കപ്പെട്ട മതവിശ്വാസികളായിരിക്കുമ്പോൾ? അതേസമയം തന്നെ ചില കാര്യങ്ങളിൽ ശ്യാംകുമാർ തന്ത്രപരമായ മൗനം ദീക്ഷിക്കുന്നു. മാറിവന്ന രാഷ്ട്രീയവും സാമൂഹികവുമായ കാരണങ്ങളാണ് ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടുകൂടി ശബരിമല ക്ഷേത്രം പ്രസിദ്ധിയിലെത്താൻ ഇടയായതെന്ന രാധിക ശേഖറിന്റെ കണ്ടെത്തലിനൊപ്പം (പേജ് 67), 1950-കളുടെ മദ്ധ്യത്തിലാണ് വളരെപ്പെട്ടെന്നുണ്ടായ ചില സവിശേഷ സാഹചര്യത്തിൽ ശബരിമല പ്രസിദ്ധമാകാൻ തുടങ്ങുന്നത് എന്ന് ഗ്രന്ഥകർത്താവും നിരീക്ഷിക്കുന്നു. പക്ഷേ, എന്താണാ സവിശേഷ സാഹചര്യം എന്നു വെളിപ്പെടുത്തേണ്ടത് അദ്ദേഹത്തിന്റെ അടിസ്ഥാനപരമായ കടമയാണെന്ന കാര്യം വിസ്മരിച്ചുകൊണ്ട് മൗനം ഭജിക്കുകയാണ് ചെയ്യുന്നത്.  1950-ൽ ക്ഷേത്രം വൻകിട ക്രിസ്ത്യൻ തോട്ടമുടമകൾ കത്തിച്ചുകളഞ്ഞതിനെയാണ് ഈ മാതിരി പൊതിഞ്ഞുവെളുപ്പിക്കാൻ ശ്രമിക്കുന്നത്. ഗ്രന്ഥകാരന്റെ ബൗദ്ധിക സത്യസന്ധത പൂജ്യമാണെന്ന് ഈയൊരൊറ്റ കാര്യത്തിൽ നിന്നുതന്നെ വെളിവാകുന്നു. സത്യം വെളിപ്പെടുത്താൻ ശ്യാംകുമാർ ആരെയാണ് ഭയക്കുന്നത്?
 
തന്ത്രഗ്രന്ഥങ്ങളിലെ വിവരങ്ങൾ നല്കുന്നതിനാലാണ് ഈ ഗ്രന്ഥം വ്യത്യസ്തമാകുന്നത്. എങ്കിലും ചിലപ്പോഴൊക്കെ അതിൽനിന്നു വ്യതിചലിച്ച് ഇടതു-ലിബറൽ രാഷ്ട്രീയ വിമർശനം കടന്നുവരുന്നതു കാണാം. അതുമൂലമുള്ള പരസ്പരവൈരുദ്ധ്യങ്ങളും ഒഴിവാക്കാനാകുന്നില്ല. കുട്ടിച്ചാത്തൻ താഴ്ന്ന ജാതിക്കാരുടെ ദേവതയാണെന്നു പ്രഖ്യാപിക്കുമ്പോൾ എന്തുകൊണ്ടാണ് പയ്യന്നൂരുള്ള കാളകാട്ടില്ലത്തെ നമ്പൂതിരിമാർ കരിങ്കുട്ടിച്ചാത്തനെ വിഷ്ണുരൂപത്തിൽ പ്രതിഷ്ഠ നടത്തി ആരാധിക്കുന്നത് എന്നു വ്യക്തമാക്കുന്നില്ല. വാവർ സ്വാമി ആയുർവേദഗുരുഭൂതനാണെന്ന് പന്തളരാജാവിന്റെ 1793-ലെ ചെപ്പേടിൽ രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ മുസ്ലീങ്ങളുടെ ആയുർവേദപാരമ്പര്യം തെരഞ്ഞുപോകുന്ന ഭാഗം വാസ്തവമാണെന്നു തോന്നുന്നില്ല.
 
യുവതീപ്രവേശന വിധിയാണ് ശബരിമലയിൽ 2018-ലുണ്ടായ സംഘർഷത്തിനു കാരണം. ഈ പുസ്തകം രചിക്കപ്പെടാനുള്ള കാരണവും അതുതന്നെ. അയ്യപ്പൻ എന്ന മലഅരയദൈവത്തെ ബ്രാഹ്മണർ ശാസ്താവെന്ന പേരിൽ ഏറ്റെടുത്തതാണെന്നും ലേഖകൻ വാദിക്കുന്നു. ശാസ്താവിന്റെ നടയിൽ യുവതികൾക്ക് പ്രവേശിച്ച് ആരാധന നടത്താൻ തന്ത്രവിധികൾ അനുവദിക്കുന്നുമുണ്ട്. അപ്പോൾ സ്വാഭാവികമായും ഉയരുന്ന ചോദ്യം അയ്യപ്പൻ എന്ന ഗോത്രദൈവത്തിനുമുന്നിൽ യുവതികൾ വരാൻ പാടുണ്ടോ എന്നതാണ്. കൗതുകകരമെന്നുതന്നെ പറയട്ടെ, മലഅരയ ഗോത്രവിഭാഗങ്ങൾ അയ്യപ്പനെ ആരാധിച്ചിരുന്നതിന്റെ യാതൊരു വിവരങ്ങളും ഇതിൽ കാണുന്നില്ല. അതുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളോ ഉല്പത്തികഥകളോ ഒന്നുംതന്നെ ഉൾക്കൊള്ളിക്കാത്തത് വിചിത്രവും, ഗോത്രവിഭാഗങ്ങളും യുവതീപ്രവേശം അനുവദിച്ചിരുന്നില്ല എന്ന വസ്തുത മറച്ചുവെക്കാനല്ലേ ഈ ഒഴിവാക്കൽ എന്ന സംശയം വായനക്കാരിൽ ജനിപ്പിക്കുന്നതുമാണ്. പ്രാമാണികത്വം അവകാശപ്പെടാനായിരിക്കണം മൂലഗ്രന്ഥങ്ങളിൽ നിന്നുള്ള ചില സംസ്കൃത ഉദ്ധരണികൾ അർത്ഥം വ്യക്തമാക്കാതെ ചേർത്തിട്ടുണ്ട്. 
 
നൂറായിരം എന്ന സംഖ്യയെ സൂചിപ്പിക്കാൻ ലക്ഷം എന്ന സംജ്ഞയാണ് ഇന്ത്യയിൽ പൊതുവെ നിലവിലുള്ളത്. പാശ്ചാത്യ സമ്പ്രദായത്തിലാകട്ടെ നൂറായിരം എന്നുതന്നെയാണ് ഉപയോഗിക്കുന്നത്. എന്നുമുതലാണ് ലക്ഷം ഉപയോഗത്തിലായത് എന്നു വ്യക്തമല്ല. ഈ പുസ്തകത്തിൽ 1794-ലെ ഒരു പന്തളം രേഖയിൽ രണ്ടു ലക്ഷത്തിനെ 'രണ്ടു നൂറായിരം' എന്നു വിവക്ഷിക്കുന്നത് ഈ സാഹചര്യത്തിൽ ശ്രദ്ധേയമാണ്.

ഗ്രന്ഥകാരന് എന്തൊക്കെയോ അജണ്ടകൾ ഉണ്ടെന്നും അതിന്റെ ഭാഗമായി ചില സത്യങ്ങൾ പൂർണമായും മറച്ചുപിടിക്കുകയും മറ്റു ചിലവ ഭാഗികമായി മാത്രം വെളിപ്പെടുത്തുന്നതുമാണ് ഈ കൃതിയെന്നും വായനക്കാർക്ക് അധികം താമസിയാതെ മനസ്സിലാകും എന്നതാണ് ഈ ഗ്രന്ഥത്തിന്റെ ദുർവിധി. എങ്കിലും താന്ത്രികഗ്രന്ഥങ്ങളിലെ ചില അറിവുകൾ വെളിപ്പെടുത്തുന്നതിനാൽ ഈ കൃതി ശുപാർശ ചെയ്യുന്നു. 
 
Book Review of 'Sabarimala - Hindutva Thanthrangalum Yatharthyavum' by T S Shyamkumar
Publisher: DC Books, 2019 (First)
ISBN: 9789352826629
Pages: 120
 
 

Sunday, November 14, 2021

അരനൂറ്റാണ്ടിലൂടെ

രാഷ്ട്രീയരംഗത്ത് പി. നാരായണൻ നായർ എന്ന നാമം ഇന്നത്തെ തലമുറക്ക് അത്ര സുപരിചിതമല്ല. 1906-ൽ അന്നത്തെ കൊച്ചി രാജ്യത്തിലെ ചേലക്കരയ്ക്കടുത്ത് ജനിച്ച അദ്ദേഹം അല്പനാളത്തെ അദ്ധ്യാപകവൃത്തിക്കുശേഷം ചെന്നെയിലേക്ക്‌ വണ്ടികയറി പത്രപ്രവർത്തനരംഗത്തു ചെന്നുപെട്ടു. ഏതാനും വർഷങ്ങൾക്കുള്ളിൽ വീണ്ടും മലബാറിൽ തിരിച്ചെത്തിയതിനുശേഷം ഇടതുപക്ഷ പത്രങ്ങൾ ഏറ്റെടുത്തു നടത്തുകയും കമ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണപ്രക്രിയയിൽ ഒരു സുപ്രധാന പങ്കു വഹിക്കുകയും ചെയ്തു. സ്വാതന്ത്ര്യത്തിനു മുൻപും പിൻപും പാർട്ടിക്കുവേണ്ടി നിരവധി തവണ അദ്ദേഹം ജയിൽ വാസം അനുഭവിക്കുകയുണ്ടായി. തുടർന്ന് 1956-ൽ മലബാർ ഉൾക്കൊള്ളുന്ന അന്നത്തെ മദ്രാസ് സംസ്ഥാനത്തുനിന്നും രാജ്യസഭാംഗമായി പാർലമെന്റിൽ എത്തി. ഒരു വട്ടം മാത്രമേ പാർലമെന്റംഗമായുള്ളൂ എങ്കിലും വിവിധ ഔദ്യോഗികപരിപാടികളിൽ പങ്കുകൊണ്ടുകൊണ്ട് ആ അവസരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിക്കാനും നിരവധി സാങ്കേതികപദ്ധതികളെക്കുറിച്ച് പഠിക്കാനും വിനിയോഗിച്ചു. അരനൂറ്റാണ്ടുകാലത്തെ പൊതുപ്രവർത്തനത്തിനുശേഷം ലേഖകൻ തന്റെ ജീവിതത്തിലേക്കു നടത്തുന്ന ഒരു തിരിഞ്ഞുനോട്ടമാണ് ഈ പുസ്തകം. വ്യക്തിപരമായ വിവരങ്ങൾ - പ്രത്യേകിച്ചും മുതിർന്നതിനുശേഷം - തീർത്തും ഒഴിവാക്കിയിരിക്കുന്ന ഈ പുസ്തകം 1920 മുതൽക്കുള്ള മലബാറിന്റെ ചരിത്രത്തിലെ മണ്മറഞ്ഞുകിടക്കുന്ന ഒട്ടേറെ അദ്ധ്യായങ്ങൾ വെളിപ്പെടുത്തുന്നു.

മലബാറിലെ തൊഴിലാളി-കർഷക-വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ വളർത്തിയെടുക്കാൻ നാരായണൻ നായർ നിർണായക സ്വാധീനം ചെലുത്തി. ഈ പ്രസ്ഥാനങ്ങളുടെ ഉദയവും വളർച്ചയും അതിനുവേണ്ടി താലൂക്കുകൾ തോറും നടത്തിയ സംഘാടനപ്രവർത്തനങ്ങളും ഓരോ താലൂക്കിലും അവയ്ക്കു നേതൃത്വം നൽകിയ പ്രാദേശിക നേതാക്കളുടെ പേരുകളുമെല്ലാം ഇതിൽ വായിക്കാം. ജന്മനാ കാഴ്ചശക്തി കുറവായിരുന്ന ഗ്രന്ഥകാരന് തടവുശിക്ഷ അനുഭവിക്കുന്നതിനിടെ പ്രത്യേകശ്രദ്ധ ലഭിക്കാതിരുന്നതിനാൽ ഒരു കണ്ണിന്റെ കാഴ്ച പൂർണമായി നഷ്ടപ്പെട്ടു. എങ്കിലും അതൊരു ത്യാഗമായിപ്പോലും വിവരിക്കാൻ മുതിരുന്നതിനുപകരം പാർട്ടിപരിപാടികളെ ആത്യന്തിക ലക്ഷ്യമാക്കി അവതരിപ്പിക്കുകയാണിവിടെ. സത്യത്തിനേക്കാളുപരി പാർട്ടി നിലപാടുകളാണ് നമുക്കിതിൽ കാണാൻ കഴിയുക. രാഷ്ട്രീയ പ്രകടനങ്ങളും ജാഥകളും അക്രമാസക്തമാകുമ്പോൾ പോലീസ് ലാത്തിച്ചാർജ് നടത്തുന്നത് സ്വാഭാവികമാണല്ലോ. ഏതു പാർട്ടി അധികാരത്തിൽ ഇരിക്കുമ്പോഴും ഇതെല്ലാം നടക്കാറുണ്ട്. എന്നാൽ ലേഖകൻ അത്തരം മർദ്ദനങ്ങളുടെ കർത്താക്കളായി കാണുന്നത് പോലീസും മർദ്ദകവർഗ്ഗങ്ങളും ചേർന്നുള്ള ഒരു സംഘമായിട്ടാണ്. 1921-ൽ മാപ്പിള ലഹളയെക്കുറിച്ച് പത്രങ്ങളിൽ വാർത്ത വരുന്നതിനുമുൻപുതന്നെ സ്വന്തം നാടായ ചേലക്കരയിലേക്ക് ഓടിവന്ന അഭയാർത്ഥികളിൽ നിന്ന് അദ്ദേഹത്തിന് നേരിട്ടറിയാൻ സാധിച്ചു. ലഹളയെക്കുറിച്ച് അമ്പരിപ്പിക്കുന്ന വാർത്തകളാണ് പ്രചരിച്ചതെന്ന് അദ്ദേഹം സമ്മതിക്കുന്നു. എങ്കിലും പതിറ്റാണ്ടുകൾക്കുശേഷം പാർട്ടിയുടെ കണ്ണട വെച്ചുനോക്കുമ്പോൾ അതൊരു കാർഷികകലാപമാണെന്നും ഓടിവന്ന അഭയാർത്ഥികൾ ആക്രമിക്കപ്പെട്ടവരല്ല, ആക്രമിക്കപ്പെടുന്നതിനുമുമ്പ് രക്ഷപ്പെട്ടവരാണെന്ന ന്യായത്തിൽ അവരുടെ വർണ്ണനകൾ തള്ളിക്കളയുകയാണ് ചെയ്യുന്നത്. മരിച്ചവർക്ക് കഥ പറയാനാവാത്തതിനാൽ അദ്ദേഹം പാർട്ടിയുടെ വിശദീകരണം കൊണ്ട് തൃപ്തിയടയുന്നു.

രണ്ടാം ലോകയുദ്ധത്തെ കമ്മ്യൂണിസ്റ്റ് പരിപ്രേക്ഷ്യത്തിലൂടെ നോക്കുമ്പോൾ കാണുന്ന വ്യക്തമായ രണ്ടു ഘട്ടങ്ങൾ ഈ കൃതിയിലും പ്രകടമാണ്. യുദ്ധാരംഭത്തിൽ ഹിറ്റ്‌ലർ സോവിയറ്റ് യൂണിയനുമായി അനാക്രമണ സന്ധിയുണ്ടാക്കി റഷ്യയുടെ ഇടപെടൽ ഒഴിവാക്കി. റഷ്യ യുദ്ധത്തിൽ ഇല്ലാത്തതിനാൽ ഇന്ത്യയിലും കമ്യൂണിസ്റ്റുകൾ ബ്രിട്ടീഷ് യുദ്ധശ്രമങ്ങളെ എതിർത്തു. സാമ്രാജ്യ ശക്തികൾ തമ്മിൽ തമ്മിൽ യുദ്ധം നടത്തുന്ന അവസരത്തെ സ്വാതന്ത്ര്യലബ്ധിക്കുവേണ്ടി ഉപയോഗപ്പെടുത്തണമെന്ന് ഇടതുപക്ഷം തീരുമാനിച്ചു. തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ത്യയിൽ നിരോധിക്കപ്പെട്ടു. എന്നാൽ 1941-ൽ ഹിറ്റ്‌ലർ അപ്രതീക്ഷിതമായി റഷ്യയെ കടന്നാക്രമിച്ചപ്പോൾ സ്ഥിതിഗതികൾ പൊടുന്നനെ മാറി. അതുവരെ സാമ്രാജ്യയുദ്ധമായിരുന്നത് അടുത്തനിമിഷം ജനകീയ യുദ്ധമായി മാറി. ഫാസിസ്റ്റ് ശക്തികൾക്കെതിരായ യുദ്ധത്തിൽ സോവിയറ്റ് യൂണിയനേയും ബ്രിട്ടൻ ഉൾപ്പെടുന്ന അതിന്റെ സഖ്യരാഷ്ട്രങ്ങളേയും സർവപ്രകാരേണയും സഹായിക്കേണ്ടതാണെന്ന ഉറച്ച നിലപാട് പാർട്ടി കൈക്കൊണ്ടു. അദ്ധ്വാനിക്കുന്ന വർഗ്ഗങ്ങളുടെ ആശാകേന്ദ്രമായ സോവിയറ്റ് യൂണിയനെ നിലനിർത്തേണ്ടതും സംരക്ഷിക്കേണ്ടതും പരമപ്രധാനമായ കർത്തവ്യമാണെന്ന് അവർ വിശ്വസിച്ചു. ഈ രണ്ടു നിലപാടും ഏതാനും താളുകൾക്കിടയിൽ മാറിമറിയുന്ന കൗതുകകരമായ കാഴ്ച ഈ പുസ്തകത്തിൽ കാണാം. സ്റ്റാലിന്റെ വ്യാജപ്രചാരണം ഗ്രന്ഥകാരൻ അന്ധമായി വിശ്വസിച്ചിരുന്നു. സാങ്കേതിക പുരോഗതിയിലും അടിസ്ഥാന വ്യവസായത്തിലെ ഉൽപ്പാദനത്തിലും സോഷ്യലിസ്റ്റ് രാജ്യങ്ങൾ മുതലാളിത്ത രാജ്യങ്ങളുടെ ഒപ്പമെത്തുകയും പലയിനങ്ങളിലും അവയെ കവച്ചുകടക്കുകയും ചെയ്തു എന്ന മട്ടിലുള്ള അഭിപ്രായങ്ങൾ ഇതിന്റെ തെളിവാണ്.

കമ്മ്യൂണിസ്റ്റ് ആശയധാരയെ മുറുകെപ്പിടിക്കുമ്പോഴും തനി ഭാരതീയമായ സാംസ്കാരികസങ്കല്പങ്ങളെ കയ്യൊഴിയാതെ നിർത്തുന്നതിൽ നാരായണൻ നായർ അനന്യമായ ഒരു മാതൃക കാട്ടിത്തരുന്നു. 'പഴമയുടേയും പുതുമയുടേയും വൈവിദ്ധ്യങ്ങൾ നിറഞ്ഞ നമ്മുടെ ഈ ഭാരതഭൂമി അതിമഹത്തായ ഒരു രാജ്യമാണെന്ന്' അദ്ദേഹം അഭിപ്രായപ്പെടുന്നു. പാർലമെന്റംഗമെന്ന നിലയിൽ വിവിധപ്രദേശങ്ങളിൽ നടത്തിയ യാത്രകളിലൂടെ ഈ രാജ്യത്തെ ഒരേ ചരടിൽ കോർത്തിണക്കുന്ന സവിശേഷമായ മൂല്യങ്ങളെ തിരിച്ചറിയുന്നതിൽ വർഗ്ഗസമരമോ സാർവദേശീയ തൊഴിലാളി ഐക്യമോ ഒന്നും തടസ്സമാകുന്നുമില്ല. ഈ ഗ്രന്ഥം അവസാനിപ്പിച്ചിരിക്കുന്നത് അദ്ധ്യാത്മരാമായണത്തിലെ ശിശുവായ ശ്രീരാമനെക്കുറിച്ച് മാതാവ് കൗസല്യ പാടുന്ന രണ്ടുവരികളോടെയാണ്.
 
"ലാളനാശ്ലേഷാദ്യനുരൂപമായൊരു
ബാലഭാവത്തെ മമ കാട്ടേണം ദയാനിധേ.."

ഈ പുസ്തകം 1973-ലാണ് രചിക്കപ്പെട്ടത്. അന്ന് നാരായണൻ നായർക്ക് 67 വയസ്സുണ്ടായിരുന്നു. അദ്ദേഹം എന്നാണ് നിര്യാതനായത് എന്ന വിവരം ലഭ്യമായില്ല. സോവിയറ്റ് യൂണിയനിലും കിഴക്കൻ യൂറോപ്പിലും കമ്യൂണിസം തകർന്നടിഞ്ഞ 1990-കളിൽ അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നോ എന്നും നിശ്ചയമില്ല. ആസന്നഭാവിയിൽത്തന്നെ ഇത്തരമൊരു ദുർവിധി തന്റെ പ്രസ്ഥാനത്തേയും അതിന്റെ ആശയസംഹിതയേയും കാത്തിരിക്കുന്നുവെന്ന ഒരു നേരിയ ലാഞ്ചന പോലും പുസ്തകത്തിലെവിടെയും കാണുന്നില്ല. വിവിധ രാജ്യങ്ങളിൽ ഭരണത്തിലിരുന്ന സോഷ്യലിസ്റ്റ് വ്യവസ്ഥിതിക്ക് എന്തെങ്കിലും കുറ്റമോ കുറവോ ഉള്ളതായ പരാമർശങ്ങളുമില്ല. ഇന്ത്യയിലെ യുവതലമുറയെ നേരിടുന്ന പ്രശ്നങ്ങൾ അദ്ദേഹം ക്രോഡീകരിക്കുന്നത് ഇങ്ങനെയാണ്: "ശാസ്ത്രീയ സോഷ്യലിസത്തിന്റെ അടിസ്ഥാനതത്വങ്ങളിൽത്തന്നെയാണോ നാം ഉറച്ചുനിൽക്കുന്നത്? ഇന്നത്തെ സമ്മിശ്ര സമ്പദ്‌വ്യവസ്ഥ എത്രകാലം തുടർന്നുപോകാം? ഉദാരമായ സമീപനം കൊണ്ടും ന്യായവാദം കൊണ്ടും പാർലമെന്റ് നിയമങ്ങൾ കൊണ്ടും മാത്രം കുത്തകകളേയും പ്രതിലോമശക്തികളേയും അമർച്ച ചെയ്യാൻ കഴിയുമോ? ഇടതുപക്ഷ ശക്തികൾക്ക് എന്തുകൊണ്ട് യോജിക്കാൻ കഴിയുന്നില്ല?" എന്നാൽ ഇന്നത്തെക്കാലത്ത് ഇതിലേതെങ്കിലും വിഷയത്തിന് യാതൊരു പ്രസക്തിയുമില്ല എന്ന വസ്തുത രാഷ്ട്രീയത്തിലെ തലമുറ മാറ്റത്തിന്റെ സൂചകമാണ്. തന്റെ രാഷ്ട്രീയജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ നൈരാശ്യമോ വ്യർത്ഥതാബോധമോ തോന്നാത്തതിന്റെ കാരണമായി ഗ്രന്ഥകാരൻ ചൂണ്ടിക്കാട്ടുന്നത് അദ്ദേഹത്തിന് സോഷ്യലിസത്തിലുള്ള വിശ്വാസവും മാനവരാശി സോഷ്യലിസത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന ബോധവുമാണ്!

എൻ. വി. കൃഷ്ണവാര്യരുടെ പ്രൗഢഗംഭീരമായ അവതാരിക ഈ കൃതിയുടെ അക്കാലത്തെ പ്രസക്തി പ്രകടമാക്കുന്നതോടൊപ്പം വൈയക്തികങ്ങളായ ആശാനൈരാശ്യങ്ങളേയും സുഖദുഃഖങ്ങളേയും പാടേ വിട്ടുകളഞ്ഞതിനെപ്പറ്റിയും സൂചിപ്പിക്കുന്നു. വ്യക്തിപരമായ വിവരങ്ങൾ വളരെ കുറച്ചേ ഇതിലുള്ളൂ. മാത്രവുമല്ല, സ്വന്തം ജീവിതത്തിൽ നേരിട്ടനുഭവമില്ലാത്തതും ബന്ധപ്പെടാത്തതുമായ പല കാര്യങ്ങളെക്കുറിച്ചും ഇതിൽ പരാമർശിക്കുന്നുണ്ട്. ആ അർത്ഥത്തിൽ ഈ ഗ്രന്ഥം ഒരു കാലഘട്ടത്തിന്റെ വിശകലനമായിത്തന്നെ കണക്കാക്കേണ്ടി വരും. 1962-ലെ ചൈനാ ആക്രമണവും തൊട്ടടുത്ത വർഷം പാർട്ടി പിളർന്നതും കാര്യമായി പരാമർശിക്കുന്നില്ല. വിവരണം ഈ സംഭവങ്ങളോടെ അവസാനിക്കുകയുമാണ്. ഈ രണ്ടു കാര്യങ്ങളുമായി ബന്ധപ്പെട്ട നടപടികളും ഇ.എം.എസ്സുമായുള്ള അഭിപ്രായവ്യത്യാസവും കൈകാര്യം ചെയ്യുന്ന ഒരു താൾ (പേജ് 225-6) പുസ്തകത്തിൽനിന്ന് ആരോ കീറിക്കളഞ്ഞ നിലയിലായിരുന്നതിനാൽ നിർണായകമായ ചില വിവരങ്ങൾ ലഭ്യമാകാതെ പോയി. രാഷ്ട്രീയ എതിരാളികളോട് യാതൊരു കാലുഷ്യവും ലേഖകൻ പ്രദർശിപ്പിക്കുന്നില്ല എന്നതും മറ്റ് കമ്മ്യൂണിസ്റ്റ് എഴുത്തുകാരുമായി താരതമ്യം ചെയ്യുമ്പോൾ എടുത്തുപറയേണ്ട സംഗതിയാണ്.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Aranoottandiloode' by P Narayanan Nair
Publisher: Kerala Sahitya Akademi, 1999 (First published 1973)
ISBN: Nil
Pages: 244
 

Sunday, October 24, 2021

സഖാവ് കൃഷ്ണപിള്ളയെ കടിച്ച പാമ്പ് ആര്?

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളും വളരെ ജനകീയനുമായിരുന്നു പി. കൃഷ്ണപിള്ള. പാർട്ടിയെ കെട്ടിപ്പടുത്തതിൽ അദ്ദേഹത്തിന്റെ സംഭാവന നിസ്തുലമാണ്. 1940-കളിൽ സംസ്ഥാന സെക്രട്ടറിയായിരിക്കേ അദ്ദേഹം പാർട്ടിപ്രവർത്തകരിൽനിന്ന് ആവശ്യപ്പെട്ട വിട്ടുവീഴ്ചയില്ലാത്ത അച്ചടക്കം ഏകാധിപത്യത്തിന്റെ വക്കോളമെത്തുകയും സഹപ്രവർത്തകരുടെ വലിയ അതൃപ്തി നേടുകയും ചെയ്തു. എന്നാൽ കമ്യൂണിസത്തിൽ ഇതൊന്നും പുത്തരിയായിരുന്നില്ല. കൃഷ്ണപിള്ളയുടെ മുന്നിലുണ്ടായിരുന്ന മാതൃക സ്റ്റാലിന്റേതായിരുന്നു. അങ്ങനെയിരിക്കേ ഇന്ത്യ സ്വാതന്ത്ര്യം നേടുകയും അത് കപടസ്വാതന്ത്ര്യമാണെന്നു വ്യാഖ്യാനിച്ചുകൊണ്ട് വിപ്ലവപോരാട്ടം തുടരാൻ ആഹ്വാനം നൽകുന്ന കൽക്കത്താ തീസിസ് കമ്യൂണിസ്റ്റ് പാർട്ടി അംഗീകരിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി തെലങ്കാനയിൽ ആയുധമേന്തിയുള്ള പ്രക്ഷോഭം ആരംഭിച്ചു. എന്നാൽ സായുധസമരം ഒരു ഭീകര തോൽവിയിലേ കലാശിക്കുകയുള്ളൂ എന്ന് പാർട്ടിക്ക് വളരെ പെട്ടെന്നുതന്നെ മനസ്സിലായി. തുടർന്ന് തീസിസ് അവതരിപ്പിച്ച പാർട്ടി സെക്രട്ടറി ബി. ടി. രണദിവെയുടെ മേൽ മുഴുവൻ ഉത്തരവാദിത്തവും കെട്ടിവെച്ച് അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കിക്കൊണ്ട് മറ്റു നേതാക്കൾ പാർലമെന്ററി രാഷ്ട്രീയം പരീക്ഷിക്കാനൊരുങ്ങി. എന്നാൽ യുദ്ധാഹ്വാനം മുഴക്കിയ 1948-ൽ പാർട്ടിയെ നിരോധിച്ചിരുന്നു. അതിനാൽ നേതാക്കൾ മുഴുവൻ ഒളിവിൽ പോയി. ഇതിന്റെ ഭാഗമായി ആലപ്പുഴക്കടുത്ത് മുഹമ്മയിലുള്ള പാർട്ടി അനുഭാവികളുടെ ഒരു തൊഴിലാളി ഭവനത്തിൽ കൃഷ്ണപിള്ള ഒളിവുജീവിതം ആരംഭിച്ചു. എന്നാൽ 1948 ആഗസ്റ്റ് 19-ന് രാവിലെ ആ വീട്ടിൽവെച്ച് സർപ്പദംശനമേറ്റ് അദ്ദേഹം മരണമടഞ്ഞു. പാർട്ടിയിലെ ഗ്രൂപ്പുവഴക്കിന്റെ ഭാഗമായി അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു എന്ന ആരോപണം അക്കാലത്തുതന്നെ കമ്മ്യൂണിസ്റ്റ് വിരുദ്ധർ ഉന്നയിച്ചിരുന്നു. അതിനെയൊന്നു പൊലിപ്പിച്ചു മിനുക്കാനുള്ള ഒരു ശ്രമമാണ് 2001-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകം. കോൺഗ്രസ്സിന്റെ മുഖപത്രമായ 'വീക്ഷണ'ത്തിൽ 1983-ൽ എഴുതിയ ഒരു ലേഖനപരമ്പരയാണ് ഇതിന്റെ അടിസ്ഥാനം. പ്രമുഖ പത്രപ്രവർത്തകനായിരുന്ന കെ. എം. ചുമ്മാർ പ്രത്യക്ഷത്തിൽത്തന്നെ കോൺഗ്രസ്സിനോടൊത്തു പ്രവർത്തിച്ചിരുന്ന ഒരാളാണ്.
 
കൃഷ്ണപിള്ളയെ ആദർശവൽക്കരിക്കാൻ ഉദ്ദേശിച്ചുകൊണ്ട് നിർമ്മിതമായ നിരവധി മിത്തുകളെ ലേഖകൻ പരിശോധിക്കുന്നു. പാമ്പുകടിയേറ്റശേഷം ശരീരം തളർന്നുകൊണ്ടിരിക്കുമ്പോൾ താൻ എഴുതിക്കൊണ്ടിരുന്ന ഒരു സംഘടനാ റിപ്പോർട്ടിന്റെ താഴെയായി 'സഖാക്കളേ, മുന്നോട്ട്' എന്നൊരു യാത്രാമൊഴി രേഖപ്പെടുത്തിയതായാണ് പരക്കെ വിശ്വസിക്കപ്പെടുന്നതെങ്കിലും ഇത് ശരിയല്ല. പിൽക്കാലത്ത് പ്രമുഖ തിരക്കഥാകൃത്തായിത്തീർന്ന എസ്. എൽ. പുരം സദാനന്ദനാണ് മരണശേഷം ആ രംഗത്തെത്തിയ പ്രമുഖ വ്യക്തി. അദ്ദേഹം പറയുന്നത്, 'എന്റെ കണ്ണിൽ ഇരുൾ വ്യാപിച്ചുവരുന്നു, എന്റെ ശരീരമാകെ തളരുകയാണ്, എന്തു സംഭവിക്കുമെന്ന് എനിക്കറിയാം' എന്നാണ് കൃഷ്ണപിള്ള എഴുതിയതെന്നാണ്. എന്തായാലും ആ റിപ്പോർട്ട് എവിടെയോ നഷ്ടപ്പെട്ടുപോയി അല്ലെങ്കിൽ പാർട്ടി അത് മുക്കിക്കളഞ്ഞു. എന്നാൽ ഇത്രയും സംഭവങ്ങളിൽനിന്ന് പാർട്ടിയിലെ എതിരാളികൾ ചായയിൽ വിഷം ചേർത്തു കൊടുത്താണ് അദ്ദേഹത്തെ വകവരുത്തിയത് എന്നു സ്ഥാപിക്കാൻ ശ്രമിക്കുന്ന ഗ്രന്ഥകർത്താവിന്റെ നിഗമനത്തിൽ എത്തിച്ചേരാൻ സാധിക്കില്ല.
 
കൃഷ്ണപിള്ളയുടെ മരണത്തിനുശേഷം ഏറെ വർഷങ്ങൾ കഴിഞ്ഞാണ് സ്മാരകഗ്രന്ഥങ്ങളും വിശേഷാൽ പ്രതികളുമൊക്കെ പുറത്തിറങ്ങുന്നത്. സ്വാഭാവികമായും അവയിൽ പരസ്പരവിരുദ്ധമായ വിവരണങ്ങളും ഭാവനാസൃഷ്ടികളുമൊക്കെ കടന്നുകൂടിയിട്ടുണ്ട്. ഈ അവ്യക്തതയെ കൊലപാതകത്തിന്റെ തെളിവുകളായി വ്യാഖ്യാനിക്കുന്നത് ആശയപരമായ പാപ്പരത്തമാണ്. പ്രകൃതിദുരന്തങ്ങളെപ്പോലും മനുഷ്യസൃഷ്ടികളായി ചിത്രീകരിക്കുന്ന ഗൂഢാലോചനാസിദ്ധാന്ത ഗോത്രത്തിൽ പെടുന്ന ഒരു കൃതിയാണിത്. കൃഷ്ണപിള്ളയുടെ മരണം വിഷപ്രയോഗത്തിലൂടെയാണെന്നു വാദിക്കുമ്പോൾ ആരാണതിനുപിന്നിൽ എന്നുകൂടി വ്യക്തമാക്കേണ്ടതുണ്ട്. ആ വീട്ടുകാരാണോ അദ്ദേഹത്തിനു വിഷം നൽകിയത്? എങ്കിൽ അവരെ അതിനു പ്രേരിപ്പിച്ചത് ആരൊക്കെയാണ്? ഇവിടെ ഇ.എം.എസ്സിനെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നതല്ലാതെ കാര്യമായൊന്നും നടക്കുന്നില്ല. അഖിലേന്ത്യാ നേതൃത്വം കളിച്ചു നടന്ന ഇ.എം.എസ്സിനെ സ്വന്തം താലൂക്കായ വള്ളുവനാട്ടിലെ 'പ്രായോഗിക രാഷ്ട്രീയ പ്രവർത്തനത്തിൽ' പങ്കെടുക്കാൻ നിർദ്ദേശിച്ചുകൊണ്ടുള്ള സർക്കുലർ കൃഷ്ണപിള്ള അയച്ചിരുന്നു. കേന്ദ്ര നേതൃത്വത്തെ ഇടപെടീച്ച് ഈ സർക്കുലർ ഇ.എം.എസ്സ് പിൻവലിപ്പിച്ചു. പാർട്ടിയുടെ മലബാർ കമ്മറ്റി പിരിച്ചുവിട്ടതും ഏകാധിപതിയെപ്പോലെ കൃഷ്ണപിള്ള പെരുമാറുന്നതും പലരിലും അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. പാർട്ടികാര്യങ്ങളെപ്പറ്റിയുള്ള ഒരു വാക്കുതർക്കത്തിനൊടുവിൽ ഏ.കെ.ജി കൃഷ്ണപിള്ളയെ അടിച്ചതായിപ്പോലും രേഖപ്പെടുത്തിക്കാണുന്നു (പേജ് 37). എന്നാൽ ഇതൊരു കൊലപാതകമാണെന്നതിന് വിശ്വസനീയമായതു പോയിട്ട് സാദ്ധ്യതയുള്ളത് എന്നുപോലും പറയാവുന്ന ഒരു ന്യായം നിരത്താൻ ഇതുകൊണ്ടൊന്നും ഗ്രന്ഥകാരന് സാധിക്കുന്നില്ല.

വെറും കക്ഷിരാഷ്ട്രീയപരമായ വാദങ്ങളും അബദ്ധധാരണകളും മാത്രം നിരത്തുന്ന ഈ പുസ്തകം ശുപാർശ ചെയ്യുന്നില്ല. 
 
Book Review of 'Krishnapillaye Kadicha Paampu Aaru?' by K M Chummar
Publisher: Haritham Books, 2001 (First)
ISBN: Nil
Pages: 64 

Thursday, September 2, 2021

ഈഴത്തുനാട് - ആദി ഇറാനിയൻ നാഗരികത

സമാനമായ ഉച്ചാരണവും എന്നാൽ വിഭിന്നമായ അർത്ഥവുമുള്ള നിരവധി വാക്കുകൾ വിവിധ ഭാഷകളിലുണ്ട്. ഉദാഹരണത്തിന്, ഇംഗ്ലീഷിലും മലയാളത്തിലും 'പുട്ട്' എന്ന പദമുണ്ട്. ഗോത്രീയമായി ബന്ധമില്ലാത്ത ഭാഷകളിലെ സമാനശബ്ദങ്ങൾക്ക് ഒരേ അർത്ഥം നൽകി വ്യാഖ്യാനിച്ചാൽ ഗുരുതരമായ പിഴവുകളിൽ ചെന്നുപെടാൻ സാദ്ധ്യതയുണ്ടെന്നുള്ളതിന്റെ വ്യക്തമായ ദൃഷ്ടാന്തമാണ് ഈ പുസ്തകം. 'ഈലം' എന്ന അതിപുരാതനമായ ഇറാനിയൻ നാഗരികതയെക്കുറിച്ചും അതിന് കേരളവുമായും, പ്രത്യേകിച്ച് ഈഴവ സമൂഹവുമായും ഉള്ള ബന്ധത്തെക്കുറിച്ചും സൂചിപ്പിക്കുന്നതാണ് ഈ ഗ്രന്ഥം. 'ഈലം' എന്ന വാക്ക് വാമൊഴിയായി 'ഈഴം' എന്നും വായിക്കാനാകും എന്ന യാദൃശ്ചികതയാണ് അടിസ്ഥാനരഹിതമായ ഈ വാദത്തിന്റെ കാതൽ. കുറ്റിക്കാട്ട് പുരുഷോത്തമ ചോൻ എന്നൊരു ഗ്രന്ഥകാരൻ ഇത്തരത്തിലുള്ള ചില രചനകൾ നടത്തിയതായി കണ്ടിട്ടുണ്ട്. ഈഴവർ ഉസ്‌ബെക്കിസ്ഥാനിൽനിന്ന് വന്നവരാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. പറഞ്ഞുനോക്കുമ്പോൾ ഉസ്‌ബെക് - ഉഴ്വെക് - ഇഴവക് - ഈഴവ എന്നു കിട്ടുമല്ലോ എന്നതായിരുന്നു അദ്ദേഹം പറഞ്ഞ ന്യായം. സർക്കാർ-അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ ധാരാളം ഒഴിവുസമയം തരുന്ന സൗകര്യപ്രദമായ ഒരു ജോലിയിൽനിന്ന് വിരമിച്ചവരും ചരിത്രത്തോട് താല്പര്യവും എന്നാൽ ചരിത്രരചനയുടെ നൂലാമാലകളെക്കുറിച്ച് യാതൊരു ധാരണയും ഇല്ലാത്ത, ചില ഉദ്യോഗസ്ഥന്മാരാണ് സാധാരണയായി ഇത്തരം പടപ്പുകൾക്കു പിന്നിലുണ്ടാവുക. ഇതിന്റെ രചയിതാവായ ശ്രീ. സി. രാജശേഖരൻ കൊച്ചി നഗരസഭയിൽനിന്ന് റവന്യൂ ഇൻസ്പെക്റ്ററായി വിരമിച്ച ദേഹമാണ്.
 
കേരളത്തിലെ ജനസമൂഹം ജാതി-മതഭേദങ്ങൾക്കതീതമായി ഒരൊറ്റ മനുഷ്യവംശം തന്നെയാണെന്നാണ് ജനിതകപഠനങ്ങൾ സൂചിപ്പിക്കുന്നത്. സ്വാഭാവികമായും അറബികളുടേയും പോർച്ചുഗീസുകാരുടേയും വരവോടെ വിവിധ സമുദായങ്ങളിൽ കലർപ്പുണ്ടായിട്ടുണ്ടെങ്കിലും അടിസ്ഥാനഘടന (base stock) ഒന്നുതന്നെയാണെന്നത് തർക്കമറ്റ വസ്തുതയാണ്. അതിനിടയിലാണ് ഈ ഗ്രന്ഥകർത്താവ് ഈഴവർ വംശശുദ്ധിയോടെ ഇറാനിൽനിന്ന് വന്നവരാണെന്നൊക്കെ അടിച്ചുവിടുന്നത്. ഇന്ത്യയിലെ ആദിമനിവാസികളായ ദ്രാവിഡർ തന്നെയാണത്രേ ഈഴവർ (പേജ് 17). അപ്പോൾ തമിഴ്‌നാട്ടിൽ ദ്രാവിഡർ എന്നവകാശപ്പെടുന്നവരും ഈഴവരും തമ്മിലുള്ള ബന്ധമെന്താണ്? ചരിത്രപരമായി നോക്കിയാൽ താരതമ്യേന നവീനമാണ് വടക്കൻ പാട്ടുകളെങ്കിലും അതിന് സംഘകൃതികളോടൊപ്പം പുരാതനത്വം ഇതിൽ നൽകുന്നു - ബി.സി. രണ്ടാം നൂറ്റാണ്ട്. ബി.സി. ആറാം നൂറ്റാണ്ടിൽ ഒരു ചേരരാജാവ് കത്തു കൊടുത്തയച്ചതിൻപ്രകാരം ഈലം നാട്ടുകാർ കെട്ടും കിടക്കയുമെടുത്ത് ഇവിടെയെത്തുകയും ചേർ-ഇലം എന്ന നാമധാതുക്കളുടെ മിശ്രണം വഴി ചേരലവും പിന്നീട് കേരളവും ആയിത്തീർന്നു എന്നാണ് വാദം. 
 
പരിഹാസ്യമായ നിരവധി സിദ്ധാന്തങ്ങളാൽ യാതൊരു വിശ്വാസ്യതയും അവശേഷിച്ചിട്ടില്ലാത്തതാണ് ഈ പുസ്തകം. ലോകത്ത് ആദ്യമായി പത്തുകല്പനകൾ ഉണ്ടാക്കിയ ഹമ്മുറാബി എന്ന ബാബിലോണിയൻ ചക്രവർത്തി ലാർസ എന്ന ഈലം നഗരം കീഴടക്കിയത് റിംസിൻ എന്നോ രാംസിൻ എന്നോ പേരുള്ള ഒരു രാജാവിനെ കീഴടക്കിയാണ്. രാംസിൻ എന്നാൽ രാമചന്ദ്രൻ എന്നാണത്രേ അർത്ഥം (പേജ് 31). ഈ ഘട്ടത്തിൽ ഒരു നിമിഷം ഇന്ദുലേഖയിലെ സൂരി നമ്പൂതിരിപ്പാട് പരാമർശിക്കുന്ന മേഘദന്തൻ സായ്‌വിനെ ഓർത്തുപോയി. ആ നാട്ടിലെ സിയോൺ എന്ന ദൈവത്തിന് ആ പേരു ലഭിച്ചത് 'ശിവൻ' എന്ന പേര് യൂറോപ്യൻ പണ്ഡിതർ തെറ്റായി വായിച്ചതുകൊണ്ടാണെന്ന പ്രസ്താവന കൂടാതെ മറ്റു ചില പദങ്ങളുടെ ദ്രാവിഡനാമങ്ങൾ കൂടി പറഞ്ഞുതരുന്നു: ദാരിയസ് - താരകാസുരൻ, അലക്സാണ്ടർ അഥവാ സിക്കന്തർ - സ്കന്ദൻ അഥവാ സുബ്രമണ്യൻ.
 
വിചിത്രമായ ചില ശാഠ്യങ്ങളും പ്രത്യേകതകളും ചന്ദ്രശേഖരൻ ഈ കൃതിയിൽ പുലർത്തുന്നു. കേരളത്തിലെ നമ്പൂതിരിമാരുടെ മാതൃഭാഷ സംസ്കൃതമാണെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ. മാത്രവുമല്ല, ഇ.എം.എസ്സിന്റെ ഒരു പുസ്തകം പരാമർശിക്കുന്ന വേളയിൽ ഇ.എം.ശങ്കരൻ എന്നുമാത്രം പറഞ്ഞുനിർത്തുന്നു. പ്രാചീന ഈലത്തെക്കുറിച്ചുള്ള പതിനൊന്ന് പുസ്തകങ്ങളെ അവസാന അദ്ധ്യായത്തിലൂടെ പരിചയപ്പെടുത്തുന്നുവെങ്കിലും അവയൊന്നും ഗ്രന്ഥകാരൻ അവലംബിച്ച ഗ്രന്ഥസൂചിയിൽ കാണുന്നില്ല. ഇലാമൈറ്റ് ഭാഷയ്ക്ക് ദ്രാവിഡഭാഷാ ഗോത്രവുമായുള്ള ബന്ധം പണ്ഡിതർ ചർച്ചക്കു വിധേയമാക്കുന്നുണ്ടെങ്കിലും ഈ പുസ്തകത്തിൽ ഇന്റർനെറ്റിൽ കണ്ടെത്തിയ ചില വിവരങ്ങൾ നിരത്തിവെക്കുക മാത്രമേ ചെയ്തിട്ടുള്ളോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.ബ്രിട്ടാനിക്ക വിജ്ഞാനകോശത്തിൽ നിന്നും പകർത്തിയെടുത്ത കുറെ രാജാക്കന്മാരുടെ പേരുകളും യുദ്ധങ്ങളുടെ വർഷങ്ങളും കൂലംകുത്തിയൊഴുകുന്ന ഈ രചനാശൈലി അങ്ങേയറ്റം വിരസവും വായനക്കാർക്ക് സമയനഷ്ടം മാത്രം സമ്മാനിക്കുന്ന ഒന്നുമാണ്.

പുസ്തകം ശുപാർശ ചെയ്യുന്നില്ല.
 
Book Review of 'Ezhathunad - Adi Iranian Nagarikatha' by C. Rajasekharan
Yes Press Books, Perumbavoor 2020
ISBN: 9788194469377
Pages: 64 

Monday, August 16, 2021

ഓ.ടി.പി

മുന്നിലെ അക്ഷരങ്ങൾക്ക് വ്യക്തത നഷ്ടപ്പെട്ടുതുടങ്ങിയപ്പോൾ അയാൾ പുസ്തകത്തിൽനിന്ന് തലയുയർത്തി. കുറച്ചുനേരം ദൂരേക്കു നോക്കിയാൽ എല്ലാം ശരിയാകാറുണ്ടായിരുന്നതിനാൽ ജനലിലൂടെ അൽപ്പനേരം പുറത്തേക്കു നോക്കി ഇരുന്നു.

ദൂരെ കായലിൽ വെളുത്ത എന്തോ ഒന്ന് നീങ്ങുന്നതായി കണ്ടു. ഇപ്പോഴും ഒന്നും വ്യക്തമല്ല. എങ്കിലും അഴിമുഖത്തേക്ക് ക്രമമായി നീങ്ങുന്നതിനാൽ അതൊരു ബോട്ടായിരിക്കുമെന്ന് അയാൾ ഊഹിച്ചു, പിന്നീട് സ്വയം ഉറപ്പിച്ചു.

ഇപ്പോൾ ഇങ്ങനെയാണ് കാര്യങ്ങൾ. പ്രായം അമ്പതിനോടടുത്തുവെങ്കിലും കണ്ണട വെക്കുന്നത് അയാൾക്കിഷ്ടമല്ല. പുസ്തകത്തിലെ മഷി വെള്ളം നനയാതെ കലങ്ങുന്നതുപോലെ കാണപ്പെട്ടപ്പോഴെല്ലാം തന്റെ സുഹൃത്തുക്കൾ ആദ്യം കണ്ണട വെക്കട്ടെ, എന്നിട്ടാകാം താൻ എന്നയാൾ കരുതി.

ഇന്ന് അവരെല്ലാം കണ്ണടകൾക്കു പിറകിലായി. നല്ലൊരു വായനക്കാരനായിരുന്ന അയാൾ ഓരോ വർഷവും വായിക്കുന്ന പുസ്തകങ്ങളുടെ എണ്ണം ക്രമാനുഗതമായി കുറഞ്ഞു തുടങ്ങി. ദുർബലമാകുന്ന കാഴ്ചശക്തി മൂലം വായന ഒരു യാതനയാകുന്നതുകൊണ്ടാണിതെന്ന സത്യം അയാൾ മനസ്സിന്റെ ഒരു മൂലയിലേക്കെറിഞ്ഞു. ജോലിസ്ഥലത്തെ തിരക്കും ടെൻഷനും കൊണ്ടാണ് വായന നടക്കാത്തതെന്ന് അയാൾ സ്വയം തെറ്റിദ്ധരിപ്പിച്ചു.

ഇത്രനാൾ വെക്കാതിരുന്ന കണ്ണട ഇപ്പോൾ വെക്കുന്നത് വാർദ്ധക്യത്തിലേക്കു കാലൂന്നിയതിനെ സൂചിപ്പിക്കുന്നുവെന്നത് മാത്രമായിരുന്നില്ല പ്രശ്നം. കണ്ണട വെക്കുന്നതോടെ ജീവിതത്തിൽ നിന്ന് എന്തോ ഒന്ന് തിരിച്ചുകിട്ടാത്തവിധം നഷ്ടമാകും എന്നയാൾ കരുതി. മാത്രവുമല്ല, മോതിരമോ വാച്ചോ പോലെ ശരീരത്തോടൊട്ടിക്കിടക്കുന്ന ഒന്നും അയാൾക്കിഷ്ടമായിരുന്നുമില്ല. തന്മൂലം വിവാഹമോതിരം ഭാര്യയുടെ ഏതാനും ആഭരണങ്ങൾക്കിടയിലും ബാറ്ററി തീർന്ന് ഉപയോഗശൂന്യമായ വാച്ച് അലമാരയുടെ ഒരു ഇരുണ്ട മൂലയിലും പൊടിയണിഞ്ഞുകിടന്നിരുന്നു.

ഒരു എസ്.എം.എസ് വന്നതായി മൊബൈലിൽ നിന്നുള്ള ശബ്ദം അയാളെ ചിന്തയിൽനിന്നുണർത്തി. കായലിൽ ഇപ്പോഴാ ബോട്ട് കാണുന്നതേയില്ല.

അയാൾ മൊബൈൽ എടുത്തുനോക്കി. ഇപ്പോഴും ഒന്നും വ്യക്തമല്ല. എങ്കിലും അൽപ്പം ബുദ്ധിമുട്ടിയപ്പോൾ വായിക്കുവാൻ സാധിച്ചു.

"താങ്കൾ പ്രീ-പബ്ലിക്കേഷൻ വ്യവസ്ഥയിൽ ബുക്ക് ചെയ്തിരുന്ന 'നമ്മുടെ നാട്ടറിവുകൾ' എന്ന പുസ്തകം ഞങ്ങളുടെ വിതരണശാലയിൽ തയ്യാറായിരിക്കുന്നു. ദയവായി വന്നു വാങ്ങുക" - ഡി.സി. ബുക്സിൽ നിന്നുള്ള സന്ദേശമാണ്.

ഈയിടെയായി വായന കുറഞ്ഞുവെങ്കിലും അയാൾ പുസ്തകങ്ങൾ വാങ്ങിക്കുമായിരുന്നു. കട്ടിയായ ബൈന്റുള്ള പുതിയ പുസ്തകങ്ങൾ അയാൾക്കിഷ്ടമായിരുന്നു. 
 
ആയിരത്തിനടുത്ത് പേജുകളുള്ള പുസ്തകത്തിന്റെ വിട്ടുപിരിയാൻ വിസമ്മതിക്കുന്ന താളുകളെ ലഘുവായി കീറി, പുതിയ കടലാസിന്റേയും മഷിയുടേയും ഹൃദ്യമായ ഗന്ധം ആസ്വദിച്ച്...
 
കടന്നുപോന്ന വഴികളിലെവിടെയോ കണ്ടുമറന്ന ഒരു നിമിഷത്തിന്റെ ഊഷ്മളതയിലേക്ക് ഒരിക്കൽ കൂടി ലയിച്ചുചേർന്നങ്ങനെ...
 
അന്നു വൈകുന്നേരം തന്നെ ജോലി കഴിഞ്ഞു മടങ്ങുമ്പോൾ അയാൾ പുസ്തകശാലയിലെത്തി. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ കാര്യമായി ആരും തന്നെ അകത്തുണ്ടായിരുന്നില്ല. 
 
ഒന്നാം ക്ലാസിലോ മറ്റോ പഠിക്കുന്ന ഒരു കുട്ടിയും അവന്റെ അമ്മയും കുട്ടികളുടെ പുസ്തകങ്ങൾ തിരയുന്നുണ്ടായിരുന്നു. അൽപ്പം വികൃതിയായിരുന്ന അവനിൽ വായനാശീലം കിളിർപ്പിച്ചെടുക്കുവാനുള്ള ശ്രമമായിരുന്നു അതെങ്കിലും പുസ്തകം കൈകൊണ്ട് തൊടാൻ പോലും ശ്രമിക്കാതെ അടുത്ത കടയിലെ നിറമുള്ള കളിപ്പാട്ടങ്ങളിലായിരുന്നു അവന്റെ ശ്രദ്ധ. ആ സ്ത്രീയാകട്ടെ ഇടക്കെപ്പോഴോ കയ്യിൽ തടഞ്ഞ 'മനുഷ്യന് ഒരു ആമുഖം' എന്ന കൃതിയുടെ പേജുകൾ ഗൃഹാതുരതയോടെ മറിച്ചുകൊണ്ടിരുന്നു. അവൾ അത് മുൻപ് വായിച്ചിരുന്നുവെന്ന് ആ കണ്ണുകളിൽ മാറിമാറി വന്നിരുന്ന പ്രകാശത്തിൽ നിന്ന് ഊഹിക്കാമായിരുന്നു. കുട്ടിക്ക് അവന്റെ അച്ഛന്റെ സ്വഭാവമായിരിക്കുമെന്ന് അയാൾ വെറുതെ പ്രതീക്ഷിച്ചു.
 
"ഞാൻ 'നമ്മുടെ നാട്ടറിവുകൾ' പ്രീ-പബ്ബിൽ ബുക്ക് ചെയ്തിരുന്നു. അത് വാങ്ങാൻ വന്നതാണ്", കടയിൽ നിൽക്കുന്ന പയ്യനോട് ഇത്രയും പറഞ്ഞപ്പോൾ ആ സ്ത്രീ പുസ്തകത്തിൽനിന്ന് താല്പര്യപൂർവം തലയുയർത്തിനോക്കുന്നത് കൺകോണുകളിലൂടെ അയാൾക്ക് കാണാമായിരുന്നു.

സാധാരണഗതിയിൽ പണമടച്ച രസീതുവാങ്ങി പുസ്തകം കടക്കാരൻ കൈമാറേണ്ടതാണ്. എന്നാൽ ഈ പയ്യൻ രസീതിലേക്കും കംപ്യൂട്ടറിലേക്കും മാറിമാറി നോക്കി എന്തൊക്കെയോ അടിച്ചുകയറ്റിക്കൊണ്ടിരുന്നു. അവസാനം അവൻ ആരോടോ ഫോണിൽ വിളിച്ചുചോദിച്ചതിനുശേഷം തലയാട്ടിക്കൊണ്ട് ഫോൺ താഴെവെച്ചു.

"സാറിന്റെ മൊബൈലിൽ ഇപ്പോൾ ഒരു ഓ.ടി.പി വന്നിട്ടുണ്ടാകും. ഒന്നു പറയാമോ സർ?", അവൻ ചോദിച്ചു. ആ നിമിഷം തന്നെ ഒരു മണികിലുക്കത്തോടെ മൊബൈലിന്റെ സ്ക്രീനിലും പ്രകാശം നിറഞ്ഞു.

അയാൾ മൊബൈൽ തുറന്നുനോക്കി. അക്ഷരങ്ങൾ അത്ര വ്യക്തമല്ല. എങ്കിലും അയാൾ പറഞ്ഞു, "TFHV"

അതുകേട്ടതും കടക്കാരൻ പയ്യന്റെ മുഖത്ത് ആശയക്കുഴപ്പം മുഴുവൻ വോൾട്ടേജിലും വന്നു നിറഞ്ഞു. എങ്കിലും അവൻ അത് തീരെ പ്രതീക്ഷയില്ലാത്തവിധത്തിൽ കംപ്യൂട്ടറിൽ അടിച്ചുകയറ്റി. എന്നിട്ട് അയാളുടെ നേരെ തിരിഞ്ഞുപറഞ്ഞു.

"ഓ.ടി.പി ശരിയാകുന്നില്ലല്ലോ, സാധാരണയായി അഞ്ചക്ഷരങ്ങളാണ് ഉണ്ടാകാറുള്ളത്. TIFHV ആണോ എന്നു നോക്കാമോ സർ?"

ഇപ്പോഴാണ് അയാൾ ശരിക്കും വെട്ടിലായത്. ഗത്യന്തരമില്ലാതെ മൊബൈൽ കയ്യകലത്തോളം നീട്ടിപ്പിടിച്ചിട്ടും 'T'ക്കും 'F'നും ഇടയ്ക്ക് ഒരു 'I' ഉണ്ടോ എന്നു കാണാൻ സാധിക്കുന്നില്ല. സ്ത്രീയാണെങ്കിൽ പുസ്തകം അടച്ചുവെച്ച് ഈ നാടകവും കണ്ടുനിൽക്കുകയാണ്. പ്രൊപ്പോർഷണൽ ഫോണ്ടുകൾ കണ്ടുപിടിച്ചവന്റെ പിതാമഹന്മാരെ മുഴുവൻ അയാൾ മനസ്സിൽ ചീത്തവിളിച്ചു.

ഒരു പരാജിതനെപ്പോലെ അവസാനം അയാൾ മൊബൈൽ സ്ക്രീൻ പയ്യന്റെ നേർക്കു നീട്ടി.

"TIFHV തന്നെയാണ് സർ, ഞാനൂഹിച്ചതുപോലെ തന്നെ", അവൻ ഉത്സാഹത്തോടെ കംപ്യൂട്ടറിൽ ബാക്കി വിവരങ്ങളും അടിച്ചുകയറ്റി. താഴെനിന്ന് മൂന്നു വാള്യങ്ങളുള്ള പുസ്തകപ്പൊതി എടുത്തു മേശപ്പുറത്തുവെച്ചു. എന്നിട്ട് ഒരു പുഞ്ചിരിയോടെ, ഉപഭോക്താവിന്റെ സംതൃപ്തി എന്ന കച്ചവടത്തിന്റെ ബാലപാഠം പോലും മറന്നുകൊണ്ട് ഒരു ചോദ്യം ചോദിച്ചു.

"ഞങ്ങളുടെ പുതിയ ഓ.ടി.പി. സംവിധാനം എങ്ങനെയുണ്ട് സർ?"

അതായിരുന്നു ഒട്ടകത്തിന്റെ മുതുകിൽ കയറ്റിവെച്ച അവസാനത്തെ വൈക്കോൽക്കഷ്ണം.

"ഇങ്ങനെ ഉപഭോക്താക്കളെ നിറുത്തി ബുദ്ധിമുട്ടിപ്പിച്ചുകൊണ്ടാണോ നിങ്ങളുടെ പരീക്ഷണം? ഇതെന്താ ഏ.ടി.എമ്മോ അതോ സർക്കാരാപ്പീസോ, ഓ.ടി.പി നോക്കി കാര്യങ്ങൾ നിശ്ചയിക്കാൻ? കോവിഡ് കാലത്ത് ഈ സ്ഥാപനം മാസങ്ങളോളം അടച്ചിട്ടിരിക്കുകയായിരുന്നില്ലേ? എന്നിട്ടിങ്ങനെയാണോ തുറക്കുമ്പോൾ ഉപഭോക്താക്കളെ വരവേൽക്കുന്നത്?", പറഞ്ഞുനിർത്തുമ്പോഴും അയാൾക്ക് കലിയടങ്ങിയിരുന്നില്ല.

'ചേട്ടൻ ചൂടാകാൻ മാത്രം ഞാനൊന്നും പറഞ്ഞില്ലല്ലോ' എന്ന മട്ടിൽ അവൻ പുറത്തേക്കുനോക്കി നിന്നു. പിന്നീടൊന്നും മിണ്ടാതെ പുസ്തകപ്പൊതി ഒരു കാരിബാഗിനുള്ളിലാക്കി. 
 
സ്ത്രീ അതുവരെ കാണാതിരുന്ന ഒരു പുസ്തകം 'ഇതു മതി'യെന്നും പറഞ്ഞ് കുട്ടിയുടെ കയ്യിൽ കൊടുത്തു.

കയ്യിൽ ബാഗും തൂക്കി അസ്തമയസൂര്യന്റെ ചുവന്ന വെളിച്ചം ചാഞ്ഞുവീണുകൊണ്ടിരുന്ന വരാന്തയിലേക്ക് അയാളിറങ്ങി. കാരണമറിയാത്ത ഒരസ്വസ്ഥത അയാളെ ചിന്താമഗ്നനാക്കിയിരുന്നു. 
 
കയ്യിലും മനസ്സിലും തൂങ്ങുന്ന ഭാരവുമായി വാഹനത്തിനരികിലേക്ക് നടക്കവേ അടുത്തുള്ള ലോട്ടറിക്കടയിൽനിന്ന് ആദിശങ്കരന്റെ ആയിരം മുള്ളുകളുള്ള ഒരു കീർത്തനം അയാളെ തേടി വന്നുകൊണ്ടിരുന്നു.

ബാലസ്ഥാവത് ക്രീഡാസക്ത
തരുണസ്ഥാവത് തരുണീസക്ത
വൃദ്ധസ്ഥാവത് ചിന്താസക്ത
പരമേ ബ്രഹ്മനി കോപിന സക്ത...

Friday, August 13, 2021

പുന്നപ്ര സമരം - ചരിത്രത്തിലെ കഥയും കഥയിലെ ചരിത്രവും

1930-കളുടെ അന്ത്യത്തോടെ ജന്മമെടുത്ത ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഏറ്റവും വലിയ പ്രതിസന്ധിയെ നേരിട്ടത് രണ്ടാം ലോകയുദ്ധത്തിനിടെ ഹിറ്റ്ലർ അപ്രതീക്ഷിതമായി സോവിയറ്റ് യൂണിയനെ കടന്നാക്രമിച്ചപ്പോഴാണ്. അതുവരെ ലോകയുദ്ധം സാമ്രാജ്യത്വയുദ്ധമാണെന്നും ഇന്ത്യ അതിൽ ഇടപെടേണ്ടതില്ലെന്നും വാദിച്ച് കോൺഗ്രസ്സിനോടൊപ്പം ബ്രിട്ടീഷ് യുദ്ധനയങ്ങളെ എതിർത്തിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി സോവിയറ്റ് യൂണിയൻ ആക്രമിക്കപ്പെട്ടതോടെ യുദ്ധം ജനകീയമായി മാറിയെന്നവകാശപ്പെട്ടുകൊണ്ട് ഹിറ്റ്ലർക്കെതിരെ പൊരുതിക്കൊണ്ടിരുന്ന ബ്രിട്ടീഷ് പക്ഷത്ത് നിലയുറപ്പിച്ചു. തുടർന്ന് ക്വിറ്റ് ഇന്ത്യാ സമരത്തെ തകർക്കാനും ഒളിവിൽ പ്രവർത്തിച്ചിരുന്ന കോൺഗ്രസ് നേതാക്കളെ ഒറ്റുകൊടുക്കാനുമൊക്കെ അവർ മുതിർന്നു. എന്നാൽ യുദ്ധാനന്തരം ഇന്ത്യ സ്വാതന്ത്ര്യം നേടുമെന്ന് ഏതാണ്ട് ഉറപ്പായതോടെ ഏതെങ്കിലുമൊരു സമരം നയിച്ചതിന്റെ ബഹുമതി തങ്ങൾക്കും നേടണമെന്നവർ ആഗ്രഹിച്ചു. 1946-ൽ ബംഗാളിലെ തേഭാഗയിലും, തെലങ്കാനയിലും, തിരുവിതാംകൂറിലെ പുന്നപ്ര-വയലാറിലും നടന്ന സംഭവങ്ങൾ ആ ആഗ്രഹത്തിന്റെ ബഹിർസ്ഫുരണമായിരുന്നു. ഒരു വെടിക്ക് രണ്ടു പക്ഷി എന്നു പറയുന്നതുപോലെ അധികാരക്കൈമാറ്റം മൂലം ദുർബലമായേക്കാവുന്ന ഇന്ത്യൻ സൈന്യത്തിനുമേൽ പ്രാദേശികമായെങ്കിലും മേൽക്കൈ നേടുവാൻ കഴിഞ്ഞാൽ സോവിയറ്റ് ആയുധസഹായത്തോടെ രാജ്യമെങ്ങും വിപ്ലവം നടപ്പിലാക്കാൻ കഴിഞ്ഞേക്കുമെന്നും അവർ കണക്കുകൂട്ടി. ജന്മിമാരുടേയും മുതലാളിമാരുടേയും ക്രൂരമായ അടിച്ചമർത്തലിൽ ഞെരിഞ്ഞമർന്നിരുന്ന ആലപ്പുഴയിലെ തൊഴിലാളികളെ സംഘടിപ്പിക്കൽ എന്ന ലക്ഷ്യം വിജയിച്ചതോടെ അവരെ തങ്ങളുടെ രാഷ്ട്രീയലക്ഷ്യങ്ങൾ നേടുന്നതിനുള്ള സേനയായി ഉപയോഗിച്ചുകളയാം എന്ന് കമ്യൂണിസ്റ്റ് നേതാക്കൾ കിനാവുകണ്ടു. അടയ്ക്കാമരവും ശീമക്കൊന്നയും ചെത്തിക്കൂർപ്പിച്ച വാരിക്കുന്തങ്ങളുമായി എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതിരുന്ന തൊഴിലാളികളെ യന്ത്രത്തോക്കുകളുമായി അണിനിരന്നിരുന്ന സൈനികരുടെ മുന്നിലേക്ക് എറിഞ്ഞുകൊടുത്തിട്ട് നേതാക്കൾ ഒന്നടങ്കം വലിഞ്ഞുകളഞ്ഞു. നൂറുകണക്കിന് നിരപരാധികൾ കൊല്ലപ്പെട്ട ആ സംഭവത്തിന്റെ പുന്നപ്രയിലെ കാരണങ്ങളും ഫലങ്ങളുമാണ് ഈ പുസ്തകം ചർച്ച ചെയ്യുന്നത്. രാഷ്ട്രീയപ്രസക്തിയും ഏറ്റുമുട്ടലിന്റെ സാഹസികതയും നിറഞ്ഞുനിൽക്കുന്ന പുന്നപ്ര സമരത്തിൽ പ്രതിനായകസ്ഥാനത്ത് നിൽക്കുന്ന വൻകിട മുതലാളി കുടുംബമായ അരശർകടവിൽ - പൊള്ളയിൽ കുടുംബാംഗമാണ് ഗ്രന്ഥകാരനായ ഏ. എം. ജോസി. സമരകാരണങ്ങളിൽ പുന്നപ്രയിലെ പ്രഭുകുടുംബങ്ങൾ തമ്മിലുള്ള സ്പർദ്ധയും കാരണമായിരുന്നുവെന്ന് അദ്ദേഹം വാദിക്കുന്നു.
 
ആലപ്പുഴയുടെ തീരദേശങ്ങളിൽ മത്സ്യത്തൊഴിലാളികളുമായും അവരുടെ ജീവനരീതികളുമായും ആഴത്തിലുള്ള പരിചയം ഗ്രന്ഥകാരനുള്ളതായി കാണാൻ കഴിയുന്നു. പ്രാദേശികമായി മാത്രം കാണപ്പെടുന്ന ചാകരയും അതിന്റെ ഭാഗമായ തീരത്തുള്ള പ്രവൃത്തികളേയും വിശദമായി പ്രതിപാദിച്ചിരിക്കുന്നു. വലിയ മത്സ്യങ്ങളെ പിടിക്കുന്നതിനായി വലയോട്ടം എന്ന പേരിൽ രാത്രിയിൽ കടലിൽ പോകുന്നതും മത്സ്യബന്ധന രീതികളുമെല്ലാം മറ്റൊരിടത്തും ഇത്ര സൂക്ഷ്മതയോടെ വിവരിക്കുന്നതു കാണാൻ കഴിഞ്ഞെന്നുവരില്ല. തിരികെയെത്തുന്ന വള്ളങ്ങളിലെ മത്സ്യം പങ്കുവെക്കുന്ന രീതികളും ജോസി വ്യക്തമായി നമുക്കു പറഞ്ഞുതരുന്നു.
 
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽപോലും ആലപ്പുഴയിലെ കർഷക-മത്സ്യത്തൊഴിലാളികൾ പ്രായേണ മുതലാളിമാരുടെ അടിമകൾ തന്നെയായിരുന്നുവെന്ന് വ്യക്തമാക്കുന്ന ഒരു വിവരണമാണ് അത്തരമൊരു കുടുംബാംഗം കൂടിയായ ലേഖകൻ നൽകുന്നത്. മർദ്ദനം, പട്ടിണി, കുടിയൊഴിപ്പിക്കൽ എന്നിവയെല്ലാം കൂടാതെ അവരുടെ സ്ത്രീകളുടെ നേരെ ലൈംഗിക അതിക്രമങ്ങളും മുതലാളിമാർ ചിലപ്പോഴെല്ലാം നടത്തിയിരുന്നു. തൊഴിലാളിപ്രസ്ഥാനങ്ങൾ വളരുന്നുണ്ടായിരുന്നുവെങ്കിലും 1938-ൽ രാഷ്ട്രീയ ആവശ്യങ്ങളുന്നയിച്ച് 25 ദിവസം നീണ്ടുനിന്ന തൊഴിലാളിസമരം കാര്യമായ ഒന്നും നേടിയെടുത്തില്ല. ആ വർഷം തന്നെ ആലപ്പുഴയിൽ തിരുവിതാംകൂറിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി ഘടകം രൂപീകരിക്കപ്പെട്ടു. എന്നാൽ ഈ തൊഴിലാളി പ്രസ്ഥാനങ്ങളിലും മുതലാളിമാർ പിടിമുറുക്കിയിരുന്നു. 1946-ൽ രൂപീകരിച്ച അമ്പലപ്പുഴ താലൂക്ക് മത്സ്യത്തൊഴിലാളി യൂണിയൻ നേതാക്കൾ അതിസമ്പന്നരായ മൂന്നു ജന്മിപുത്രന്മാരായിരുന്നു. പുന്നപ്രയിലെ ജന്മി-മുതലാളിമാരെല്ലാവരും തന്നെ ലത്തീൻ കത്തോലിക്കാ ക്രിസ്ത്യാനികളായിരുന്നു എന്നതാണ് മറ്റൊരു സവിശേഷത. 
 
പുന്നപ്ര സമരത്തിന്റെ തുടക്കം അരശർകടവിൽ കുടുംബാംഗമായ അന്തപ്പൻ എന്നയാളുടെ ഓഫിസും വീടും ആക്രമിച്ച നാലു മത്സ്യത്തൊഴിലാളികളെ പോലീസ് പിടികൂടുന്നതോടെയാണ്. ആ ആക്രമണത്തിന്റെ കാരണങ്ങൾ ചരിത്രകാരന്മാർ നിരത്തിയിരിക്കുന്നത് പരസ്പരവിരുദ്ധവുമാണ്. യഥാർത്ഥ കാരണം കണ്ടെത്താനുള്ള ശ്രമമാണ് ഈ പുസ്തകം, അഥവാ അതാണ് ഗ്രന്ഥകാരന്റെ അവകാശവാദം. അരശർകടവിലെ അന്തപ്പനും മറ്റൊരു പ്രഭുകുടുംബമായ കറുകപ്പറമ്പിലെ ഒരു യുവതിയുമായി വിവാഹാലോചനകൾ ഉണ്ടായിരുന്നുവെന്നും എന്നാൽ യുവതിയുടെ അമ്മ അടുത്തിടെ മതപരിവർത്തനം നടത്തിയതാകയാൽ അവർക്ക് കുടുംബമഹിമയില്ലെന്നതുകൊണ്ട് ആലോചന ഒഴിവായിപ്പോയെന്നുമാണ് കണ്ടെത്തൽ. ഇതിൽ പ്രകോപിതനായ യുവതിയുടെ സഹോദരൻ കെ. എസ്. ബെൻ തൊഴിലാളിനേതാവ് കൂടിയായിരുന്നതുകൊണ്ട് ആക്രമണത്തിന് ചുക്കാൻ പിടിച്ചു. ഈ ആക്രമണത്തെത്തുടർന്ന് സ്ഥലത്ത് ക്യാംപ് ചെയ്തിരുന്ന സായുധ പോലീസ് സംഘത്തിനുനേരെ ഒരാഴ്ചക്കുശേഷം തൊഴിലാളികൾ നടത്തിയ വിഫലമായ ആക്രമണമാണ് പുന്നപ്ര സംഘട്ടനമെന്ന പേരിൽ അറിയപ്പെടുന്നത്.
 
തൊഴിലാളികളെ ബോധപൂർവം അക്രമമാർഗ്ഗത്തിലേക്ക് തിരിച്ചുവിടാൻ പാർട്ടി നേതൃത്വം നടത്തിയ ശ്രമങ്ങളെപ്പറ്റി നമുക്കിതിൽ വായിക്കാം. ആദ്യത്തെ അക്രമസംഭവത്തെത്തുടർന്ന് സായുധപോലീസ് നടത്തിയ റൂട്ട് മാർച്ച് പോലും തൊഴിലാളികൾ തടഞ്ഞു. അനിഷ്ടസംഭവങ്ങളെ ഭയന്ന് പോലീസ് സംഘം പിൻതിരിഞ്ഞ് മറ്റൊരു വഴിയിലൂടെ മാർച്ച് നടത്തി. എന്നാലിത് തൊഴിലാളികളിൽ മിഥ്യയായ ആത്മവിശ്വാസം വളർത്തി. പ്രദേശത്തെല്ലാം തൊഴിലാളികൾ ക്യാംപുകൾ തുടങ്ങുകയും അവിടെ ആയുധസംഭരണവും പരിശീലനവും നടത്തുകയും ചെയ്തു. വെടി കൊള്ളാതിരിക്കാൻ നിലത്ത് കമിഴ്ന്നുകിടന്ന് നീന്തി മുന്നോട്ടുപോകാനും അടുത്തുചെന്ന് പ്രതിയോഗിയെ വകവരുത്താനും വാരിക്കുന്തങ്ങൾ ശത്രുവിന്റെ നേരെ എറിയാനുമുള്ള പരിശീലനമാണ് നൽകിയിരുന്നത്. പട്ടാളത്തിൽനിന്ന് പിരിഞ്ഞുപോന്നവരായിരുന്നു പരിശീലകർ. നാട്ടിലെ അടയ്ക്കാമരങ്ങളെല്ലാം ഉടമസ്ഥരുടെ അനുവാദം കൂടാതെ തന്നെ മുറിച്ചെടുത്ത് ആയിരക്കണക്കിന് വാരിക്കുന്തങ്ങൾ തീർത്തു. എന്നാൽ ഈ പരിശീലനത്തിന്റേയും ആയുധസംഭരണത്തിന്റെയും അർത്ഥം ക്യാംപ് അംഗങ്ങളിൽ മിക്കവർക്കും അജ്ഞാതമായിരുന്നു. 1946 ഒക്ടോബർ 24-ന് മഹാരാജാവ് ശ്രീചിത്തിര തിരുനാളിന്റെ ജന്മദിനത്തിൻ നാൾ സായുധരായ തൊഴിലാളികൾ പോലീസ് ക്യാംപ് ആക്രമിച്ചു. അനുനയത്തിലൂടെ തൊഴിലാളികളെ പിരിച്ചുവിടാനായി അവരുടെയിടയിലേക്ക് നിരായുധനായി ഇറങ്ങിച്ചെന്ന പോലീസ് ഇൻസ്‌പെക്ടറെ തൊഴിലാളികൾ തൽക്ഷണം വെട്ടിവീഴ്ത്തിയതോടെ വെടിവെപ്പ് തുടങ്ങി. 28 കലാപകാരികളും 6 പോലീസുകാരും സംഘട്ടനത്തിൽ കൊല്ലപ്പെട്ടു. 
 
കലാപത്തിനുശേഷം ദീർഘനാൾ നീണ്ടുനിന്ന കേസിന്റെ വിവരങ്ങളും പുസ്തകത്തിൽ നൽകിയിരിക്കുന്നു. തന്റെ കുടുംബത്തിനുമേലുള്ള ചീത്തപ്പേര് മാറ്റിയെടുക്കാനുള്ള ഗ്രന്ഥകർത്താവിന്റെ ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഈ പുസ്തകം രചിക്കപ്പെട്ടിരിക്കുന്നതെങ്കിലും വളരെയധികം സുപ്രധാന വിവരങ്ങൾ ഇതിലൂടെ ലഭിക്കുന്നു. കഴിയുന്നത്ര നിഷ്പക്ഷതയും വസ്തുനിഷ്ഠതയും അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ തീയതികളുടെ കാര്യത്തിൽ അത്ര കണിശത പുലർത്തുന്നില്ല. കുറെയധികം സ്ഥലങ്ങളിൽ മലയാളതീയതികൾ ഉപയോഗിക്കുന്നതും വായനക്കാരിൽ ആശയക്കുഴപ്പമുണ്ടാക്കുന്നു.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
 
Book Review of 'Punnapra Samaram - Charithrathile Kathayum Kathayile Charithravum' by A M Josi Arasharkadavil
Current Books, 2015 (First published 2007)
ISBN: 9788124017449
Pages: 144 

Wednesday, July 28, 2021

ഏക സിവിൽ കോഡും മുസ്ലിം വ്യക്തിനിയമവും

ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരിക്കലും നടപ്പാകുകയില്ല എന്നു കരുതിയിരുന്ന പല കാര്യങ്ങളും അപ്രതീക്ഷിതവും എന്നാൽ പ്രായേണ അനായാസേനയെന്ന മട്ടിലും നടപ്പായിക്കഴിഞ്ഞിരിക്കുകയാണ്. മുത്തലാഖ് നിരോധനവും കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതുമൊക്കെ ഈ വിഭാഗത്തിൽ പെടുന്നു. ഈ പട്ടികയിൽ ബാക്കിനിൽക്കുന്ന ഒന്ന് ഏകീകൃത സിവിൽ നിയമമാണ്. ക്രിമിനൽ നിയമം എല്ലാ പൗരന്മാർക്കും ഒരുപോലെ ബാധകമാണെങ്കിലും സിവിൽ നിയമത്തിൽ ഓരോരുത്തരുടേയും മതവിശ്വാസത്തിനു യോജിച്ച വിധത്തിൽ പ്രത്യേകം പ്രത്യേകം വ്യക്തിനിയമങ്ങളാണ് പ്രാബല്യത്തിലുള്ളത്. എല്ലാ മതങ്ങളുടെ വ്യക്തിനിയമങ്ങളും ഏതെങ്കിലും വിഭാഗത്തിന്റെ മേധാവിത്വമോ ലിംഗവിവേചനമോ നിറഞ്ഞതായിരുന്നുവെങ്കിലും ഹിന്ദു, ക്രിസ്ത്യൻ വ്യക്തിനിയമങ്ങൾ പരിഷ്കരണത്തിലൂടെ ഏതാണ്ട് ആധുനികവൽക്കരിക്കപ്പെട്ടുകഴിഞ്ഞു. എന്നാൽ ബഹുഭാര്യാത്വം, വിവാഹമോചിതയായ സ്ത്രീക്ക് ജീവനാംശം നിഷേധിക്കൽ, പിതാവിന്റെ സ്വത്തിൽ പെൺമക്കൾക്ക് തുല്യാവകാശം ഇല്ലാതിരിക്കൽ, ഏകപക്ഷീയമായ രീതിയിലുള്ള വിവാഹമോചനക്രമം എന്നിവയിലൂടെ മുസ്ലിം വ്യക്തിനിയമം പ്രാകൃതമായ ചില സ്വഭാവവിശേഷങ്ങൾ ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു. ഇത്തരം കാലഹരണപ്പെട്ട തത്വങ്ങളെ തുടച്ചുനീക്കുന്നതിലൂടെ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും ഒരുപോലെ ബാധകമായ ഒരു വ്യക്തിനിയമം നടപ്പിലാക്കേണ്ട സമയം ആഗതമായിരിക്കുന്നു. അത്തരമൊരു നിയമം ഭരണഘടനയുടെ മാർഗനിർദേശകതത്വങ്ങൾ വിഭാവനം ചെയ്യുന്നുണ്ടെങ്കിലും (അനുച്ഛേദം 44) മാറിമാറി വന്ന സർക്കാരുകൾ ഈ വിഷയത്തിൽ ഒട്ടും താല്പര്യമെടുത്തില്ല. ഒരു അഭിഭാഷകൻ കൂടിയായ ഗ്രന്ഥകാരൻ ഇ. പി. ഹംസക്കുട്ടി അത്തരമൊരു നിയമത്തിന്റെ സാധ്യതകളും മുസ്ലീങ്ങളുടെ മതപരമായ ശാസനകൾ എങ്ങനെ അതിൽ വിളക്കിച്ചേർക്കാമെന്നും ഈ പുസ്തകത്തിൽ വിശദീകരിക്കുന്നു.

മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും വിശുദ്ധമായ ശാസനങ്ങൾ അടങ്ങിയിരിക്കുന്നത് ഖുർആനിലും നബിചര്യ ഉൾക്കൊള്ളുന്ന ഹദീസുകളിലുമാണ്. എന്നാൽ ഹിജ്റ 143-ൽ (അതായത് പ്രവാചകന്റെ നിര്യാണത്തിനും ഒരു നൂറ്റാണ്ടിനുശേഷം) മാത്രമാണ് ഇവ രണ്ടിനും അനുസൃതമായ രീതിയിൽ ഒരു ഇസ്ലാമിക നീതിശാസ്ത്രം നിലവിൽ വന്നത്. ഈ പ്രക്രിയയുടെ ഒരു ലഘുവിവരണം ഇതിൽ കാണാം. എന്നാൽ ഹദീസുകളിൽ പലതും ആധികാരികമല്ല. ഖുർആന്റെ അന്തസ്സത്തയ്ക്കു വിരുദ്ധമായ അവ നീക്കം ചെയ്യപ്പെടേണ്ടതാണ്. അതുകൊണ്ടുതന്നെ വിശുദ്ധമായ ഒരു സ്ഥാനം വ്യക്തിനിയമങ്ങൾക്ക് നൽകേണ്ടതില്ല എന്ന വസ്തുത ഗ്രന്ഥകാരൻ അടിവരയിട്ടു സ്ഥാപിച്ചെടുക്കുന്നു.

എന്തുകൊണ്ടാണിങ്ങനെ എന്നു വ്യക്തമാക്കുന്ന ഭാഗങ്ങളാണ് പിന്നീടുള്ളത്. വിശ്വാസി എന്ന നിലയിൽ ഒരു മുസ്ലീമിന് ബാധകമാകുന്ന നിയമങ്ങൾക്ക് ഖുർആൻ മാത്രം അടിസ്ഥാനമാകേണ്ടതാണ്. എന്നാൽ അതിനുപകരം ഇജ്‌മ (മനസ്സാക്ഷിക്കൊത്ത അഭിപ്രായങ്ങൾ), ഖിയാസ് (സമാനവും സദൃശവുമായ വ്യാഖ്യാനങ്ങൾ) എന്നിവക്ക് മുൻതൂക്കം നൽകുന്ന രീതിയാണ് വ്യക്തിനിയമങ്ങളിൽ കാണുന്നത്. ഹിന്ദു മരുമക്കത്തായനിയമം 1976-ൽ പൂർണമായി നിർത്തൽ ചെയ്‌തെങ്കിലും മാപ്പിള മരുമക്കത്തായനിയമം ഇപ്പോഴും നിലനിൽക്കുന്നു. ഒരു മുസ്ലിം സ്വത്തിന് അവകാശിയാകുന്നത് സ്വന്തമായി നേടിയെടുക്കുമ്പോഴോ ആരുടെയെങ്കിലും മരണശേഷം അവകാശിയാകുമ്പോഴോ ആണ്. എന്നാൽ മരുമക്കത്തായനിയമം മൂലം ഒരു താവഴിയിൽ ജനിക്കുമ്പോൾത്തന്നെ ആ വ്യക്തിക്ക് സ്വത്തവകാശം ലഭിക്കുന്നു. ഇത് ഇസ്ളാമികസത്തക്ക് അനുയോജ്യമല്ല. മരുമക്കത്തായത്തിന്റെ ദൂഷ്യവശങ്ങളോ അത് കേരളസമൂഹത്തിലെ കുടുംബബന്ധങ്ങളിൽ വീഴ്‌ത്തിയ വിള്ളലുകളോ ഒന്നും ഹംസക്കുട്ടി വിശകലനം ചെയ്യുന്നില്ല. അത് ഖുർആന് വിരുദ്ധമായതിനാൽ അദ്ദേഹം യാന്ത്രികമായി എതിർക്കുന്നു. ഈ പുസ്തകത്തിലെ സകല വാദമുഖങ്ങളും ഇതുപോലെ കറകളഞ്ഞ മതാടിസ്ഥാനത്തിലുള്ളതാണ്.

മാറ്റാൻ പാടില്ല എന്ന് യാഥാസ്ഥിതിക മുസ്ലിം സമൂഹം നിർബന്ധം പിടിക്കുന്ന മുസ്ലിം വ്യക്തിനിയമം പ്രാബല്യത്തിൽ വന്നതിന്റെ വിശദവിവരങ്ങൾ ലേഖകൻ നൽകുന്നു. ഇന്ത്യൻ ശരിയത്ത് നിയമം എന്ന പേരിൽ 1937-ൽ മാത്രം നടപ്പിൽ വന്ന ഒരു വ്യവസ്ഥയാണിത്. 1943-ലാണ് മുസ്ലിം വ്യക്തിനിയമ (ശരിയത്ത്) ഭേദഗതി എന്നിതിനെ പുനർനാമകരണം ചെയ്തത്. അതായത് ബ്രിട്ടീഷുകാർ നടപ്പാക്കിയ നൂറുകണക്കിന് നിയമങ്ങളിൽ ഒന്നു മാത്രമാണിത്. ഇതിൽ പല കുറ്റങ്ങളും കുറവുകളുമുണ്ടെന്നും വിവാഹമോചനത്തിന്റെ കാര്യത്തിൽ സ്ത്രീകളുടെ നേരെ വിവേചനം തന്നെയുണ്ടെന്നും അദ്ദേഹം സമ്മതിക്കുകയും ചെയ്യുന്നു. ഇസ്ലാമിക തത്വങ്ങൾ പ്രകാരം ചില നിബന്ധനകൾക്കു വിധേയമായി മാത്രമേ വിവാഹമോചനം നടത്താൻ കഴിയൂ. എന്നാൽ വ്യക്തിനിയമം അനുസരിച്ച് ഭർത്താവിന്റെ ഇഷ്ടാനുസരണം ഇതുചെയ്യാം. മൂന്ന് ത്വലാഖുകൾ നൽകിയാലേ വിവാഹമോചനം സാധുവാകൂ. പക്ഷേ അവ ഒന്നിച്ചുനല്കാമോ എന്ന വിഷയത്തിൽ മതപണ്ഡിതർ ഭിന്നാഭിപ്രായക്കാരായതിനാൽ (പേജ് 59) ഹംസക്കുട്ടിക്കും അതിൽ വ്യക്തമായ അഭിപ്രായമില്ല. ശരിയത്ത് പ്രകാരം സ്വത്തിൽ സ്ത്രീക്ക് പുരുഷന്റെ ഓഹരിയുടെ പകുതി മാത്രമേ ലഭിക്കുകയുള്ളൂ. ഒരാൾ തന്റെ ഏക മകൾക്ക് മുഴുവൻ സ്വത്തും നൽകാൻ ഇസ്ലാം അനുവദിക്കുന്നില്ല! അത്തരം സാഹചര്യങ്ങളിൽ മൂന്നിലൊന്ന് സ്വത്ത് പിതാവിന്റെ സഹോദരനോ അയാളുടെ ആണ്മക്കൾക്കോ അവകാശപ്പെട്ടതാണ്. ഇതിന്റെയടിസ്ഥാനം സ്ത്രീക്ക് സ്വന്തമായി നിലനില്പില്ലെന്നും അവളുടെ രക്ഷിതാവ് ഒരു പുരുഷനായിരിക്കണമെന്നുമുള്ള ചിന്താഗതിയാണ്. അതിനാലാണ് സ്വത്തിലൊരു ഭാഗം നിർബന്ധമായും പുരുഷബന്ധുക്കൾക്ക് നല്കേണ്ടിവരുന്നത്. എന്നാൽ ഗ്രന്ഥകർത്താവ് ഇതിനെയെല്ലാം ന്യായീകരിക്കുന്നത് ദയനീയമായ ഒരു കാഴ്ചയാണ്. മരിച്ചുപോയ മകന്റെ സന്താനങ്ങൾക്ക് പിതാമഹന്റെ സ്വത്തിൽ അവകാശമില്ലെന്നതും ഒരാൾക്ക് തന്റെ മുഴുവൻ സ്വയാർജിത സ്വത്തുക്കളും മറ്റൊരാൾക്ക് എഴുതിവെക്കാൻ അവകാശമില്ലെന്നതും വിചിത്രമായ സംഗതികളാണെങ്കിലും മതപരമായ ശാസനങ്ങളിലൂടെ ഈ പുസ്തകം അവയേയും വെളുപ്പിച്ചെടുക്കുന്നു.

ഈ ഘട്ടത്തിൽ എന്താണ്‌ ചെയ്യേണ്ടതെന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ഹംസക്കുട്ടി ശ്രമിക്കുന്നുണ്ട്. ഇന്ത്യയിൽ നിലവിലുള്ള മുസ്ലിം വ്യക്തിനിയമം ഇസ്ളാമുമായോ ഖുർആനുമായോ നീതി പുലർത്താത്തതിനാൽ അതിനുപകരം കുറ്റമറ്റതും ക്രോഡീകരിച്ചതുമായ ഒരു വ്യക്തിനിയമം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. എന്നാൽ അത് ഖുർആനെ മാത്രം ആധാരമാക്കിയുള്ളതാവണം. എല്ലാ മതങ്ങൾക്കും പൊതുവായ വ്യക്തിനിയമം ഭരണഘടനാനുസൃതമായ മതസ്വാതന്ത്ര്യം നിഷേധിക്കുമെന്ന് അദ്ദേഹം കരുതുന്നു. ചുരുക്കിപ്പറഞ്ഞാൽ ഏകീകൃത സിവിൽ നിയമത്തിനുപകരം പരിഷ്കരിച്ച മുസ്ലിം വ്യക്തിനിയമമാണ് വരേണ്ടത്. എന്തൊക്കെയാകാം പരിഷ്‌കാരങ്ങൾ എന്നും ചർച്ച ചെയ്യുന്നുവെങ്കിലും പല ഗുരുതരമായ വിഷയങ്ങളിലും ഈ ഗ്രന്ഥം അഴകൊഴമ്പൻ നയമാണ് സ്വീകരിക്കുന്നത്. ഒരു വിവാഹം മാത്രം പുരുഷന് അനുവദിച്ചാൽ മതിയെങ്കിലും നിർബന്ധിത സാഹചര്യത്തിൽ വിഷയം പഠിച്ച് രണ്ടാമത്തെ വിവാഹത്തിന് അനുമതി നൽകാവുന്നതാണ്. എന്താണാ നിർബന്ധിത സാഹചര്യമെന്നോ മറ്റു മതസ്ഥർക്ക് അത് ബാധകമാകുമോയെന്നോ വിശദീകരിക്കുന്നില്ല. വിവാഹമോചനത്തിന്റെ കാര്യത്തിൽ കാരണം പറയാതെയുള്ള മോചനം തടയേണ്ടതാണ്, കാരണം പറഞ്ഞാൽ കുഴപ്പവുമില്ല. ജീവനാംശത്തെക്കുറിച്ച് ലേഖകൻ ഒന്നും മിണ്ടുന്നില്ല. സ്വയാർജിതസ്വത്ത് ഇഷ്ടപ്പെട്ടവർക്ക് ദാനം ചെയ്യാൻ പുതിയ നിയമത്തിലും സമ്മതിക്കുന്നില്ല. അവകാശികൾക്ക് തുല്യമായേ വീതിക്കാനാവൂ. പെൺമക്കളുടെ കുറഞ്ഞ സ്വത്തവകാശം ഇദ്ദേഹം വീണ്ടും ശരിവെക്കുന്നു.

ഇരുപതാം നൂറ്റാണ്ടിൽ നിലവിൽ വന്ന വ്യക്തിനിയമം പൊളിച്ചെഴുതി ഏഴാം നൂറ്റാണ്ടിലെ ചട്ടങ്ങളിലേക്ക് തിരിച്ചുപോകണമെന്നതാണ് ഗ്രന്ഥകാരന്റെ ലാക്ക്. പരിഷ്കൃത നാട്യങ്ങളൊക്കെ അദ്ദേഹം ഇടയ്ക്കിടെ പ്രദർശിപ്പിക്കുന്നുവെങ്കിലും സൂക്ഷിച്ചുനോക്കിയാൽ മതാന്ധത കൃത്യമായി തെളിഞ്ഞുകാണാം. വായനയും പഠനവും ഖുർആനല്ലാതെ മറ്റൊരു ഗ്രന്ഥവും മതവും കൽപ്പിക്കുന്നില്ല (പേജ് 34) എന്ന അഭിപ്രായം നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. ഒരു ഹൈക്കോടതി ജഡ്ജിയാണ് ഇതിന്റെ അവതാരിക എഴുതിയിരിക്കുന്നത് എന്ന വസ്തുത കേരളം എത്തിച്ചേർന്നിരിക്കുന്ന ഭീകരമായ അവസ്ഥയുടെ വ്യാപ്തി വെളിവാക്കുന്നു. ഖുർആനിലെ ഉദ്ധരണികൾ സാഹചര്യത്തിൽ നിന്നടർത്തിയെടുത്ത് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ പുസ്തകത്തിൽ കാണാൻ സാധിക്കും.

പുസ്തകം ശുപാർശ ചെയ്യുന്നില്ല.

Book Review of 'Eka Civil Codum Muslim Vyakthiniyamavum - Chila Apriya Sathyangal' by Adv. E P Hamsakkutty
Publisher: BlueInk Books, 2020 (First)
ISBN: 9789390336111
Pages: 96
 

Friday, July 23, 2021

കേരളചരിത്രം തിരുത്തിക്കുറിച്ച മഹാസംഭവങ്ങൾ

പ്രാചീന, മദ്ധ്യകാലഘട്ടങ്ങളിൽ കേരളം സന്ദർശിച്ച വിദേശസഞ്ചാരികളുടെ വിവരണങ്ങളിലൂടെ കേരളചരിത്രം പുനർനിർമ്മിച്ചെടുക്കുന്ന ശൈലിയുടെ അഗ്രേസരനാണ് വേലായുധൻ പണിക്കശ്ശേരി. ഈ വിഭാഗത്തിൽ നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുമുണ്ട്. കേരളചരിത്രം രൂപപ്പെടുത്തിയ സംഭവപരമ്പരകളാണ് പതിനാറ് അദ്ധ്യായങ്ങളുള്ള ഈ പുസ്തകത്തിൽ വിവരിക്കുന്നത്. സംഘകാലത്തിനുശേഷമുള്ള ബ്രാഹ്മണാധിപത്യം മുതൽ ഐക്യകേരളത്തിന്റെ പിറവി വരെ കൈകാര്യം ചെയ്യുന്നു ഈ അദ്ധ്യായങ്ങൾ.
 
ഇതിൽ പരാമർശിച്ചിരിക്കുന്ന സംഭവങ്ങളെല്ലാം ഏറെ പ്രാധാന്യമുള്ളവ തന്നെയാണെങ്കിലും അവയിൽ പലതും ചരിത്രം ഗതിമാറ്റിയ ദിശാസന്ധികളാണോ എന്ന സംശയം ന്യായമായും വായനക്കാരിൽ ഉടലെടുക്കുന്നു. കേരളത്തിൽ ആധിപത്യം പുലർത്തിയിരുന്ന ചെറുമരെ ബ്രാഹ്മണർ ജാതിശ്രേണിയുടെ ഏറ്റവും താഴത്തെ തട്ടിലേക്ക് ചവുട്ടിത്താഴ്ത്തിയെന്ന അവകാശവാദം പലകുറി ആവർത്തിക്കുന്നു എന്നതിന്റെ പേരിൽ മാത്രം സത്യമാവുക വയ്യ. തെളിവുകളൊന്നും ഇതിൽ പ്രസ്താവിച്ചിട്ടുമില്ല. മദ്ധ്യമജാതികളുടെ കൈവശമായിരുന്ന ഭൂസ്വത്ത് ബ്രാഹ്മണർ കൈക്കലാക്കിയതെങ്ങനെ എന്ന ചോദ്യത്തിനും വിചിത്രമായ വാദങ്ങളാണ് മറുപടി. വെട്ടിത്തെളിച്ച കൃഷിഭൂമിയിൽനിന്നുള്ള വിളവിന്റെ അഞ്ചിലൊന്ന് നികുതിയായി നൽകേണ്ടിയിരുന്ന അവസരത്തിൽ ഈ ഭാരത്തിൽനിന്ന് ഒഴിവാകാൻ നികുതിബാദ്ധ്യത ഇല്ലാതിരുന്ന ദേവസ്വങ്ങൾക്കോ നമ്പൂതിരി ഇല്ലങ്ങൾക്കോ സ്വന്തം ഭൂമി എഴുതിക്കൊടുത്തതിനുശേഷം ഈ വിഭാഗങ്ങൾ അവരുടെ കുടിയാന്മാരായിത്തീർന്നു എന്നാണ് വാദം. അപ്പോൾ കുടിയാൻ ജന്മിക്കുകൊടുക്കേണ്ട വിഹിതം എന്തു ചെയ്തു എന്ന ചോദ്യം ഗ്രന്ഥകാരൻ ചോദിക്കുന്നില്ല. ഈ വാദം തീർത്തും പരിഹാസ്യമാണ്. ആധുനികകാലത്ത് ആദായനികുതി മൂന്നിലൊന്നു വരെയാകാമല്ലോ. ഈ ഭാരത്തിൽ നിന്നൊഴിവാകാൻ ആളുകൾ അവരുടെ വരുമാനം മുഴുവൻ നികുതിബാദ്ധ്യതയില്ലാത്ത ധർമ്മസ്ഥാപനങ്ങൾക്കു നൽകിയിട്ട് അവരുടെ ഔദാര്യവും പറ്റിയാണോ ജീവിക്കുന്നത്?
 
പത്തൊൻപതാം നൂറ്റാണ്ടിൽ തിരികൊളുത്തപ്പെട്ട സാമൂഹ്യനവോത്ഥാനം വിശദമായിത്തന്നെ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. സാധാരണയായി അത്തരം ചർച്ചകളെല്ലാം ശ്രീനാരായണ ഗുരുവിലാണ് ആരംഭിക്കാറുള്ളത്. എന്നാൽ ഇവിടെ കാലഗണനാപ്രകാരം അദ്ദേഹത്തിനു മുന്നിലുള്ളവരേയും ഗ്രന്ഥകർത്താവ് പരിചയപ്പെടുത്തുന്നു. വൈകുണ്ഠസ്വാമികളുടെ 'പാടികൾ' എന്ന ആരാധനാകേന്ദ്രങ്ങളിൽ വിവിധ ജാതിക്കാർ സൗഹാർദപൂർവം പങ്കുകൊണ്ടിരുന്നു. കേരളത്തിലെ ആദ്യത്തെ അവർണ്ണക്ഷേത്രം നാം കരുതുന്നതുപോലെ അരുവിപ്പുറത്ത് ഗുരുദേവൻ സ്ഥാപിച്ചതല്ലെന്നും ആ ബഹുമതി 1852-ൽ മംഗലത്ത് ആറാട്ടുപുഴ വേലായുധപ്പണിക്കർ സ്ഥാപിച്ച ശിവക്ഷേത്രത്തിനാണെന്നും ഇതിൽ വ്യക്തമാക്കുന്നു. എന്നാൽ അവിടെ പ്രതിഷ്ഠ നിർവഹിച്ചത് ഒരു ബ്രാഹ്‌മണനായതുകൊണ്ട് 36 വർഷത്തിനുശേഷം അരുവിപ്പുറത്ത് നടത്തിയ ശിവലിംഗപ്രതിഷ്ഠ തന്നെയാണ് ഒരു അവർണ്ണൻ ആദ്യമായി നിർവഹിച്ച അത്തരത്തിലൊരു കൃത്യം. ആ സമയം പ്രതിഷേധിക്കാനെത്തിയവരോട് ഗുരു പറഞ്ഞത് 'ഈഴവശ്ശിവനെ'ന്നല്ലെന്നും 'നമ്മുടെ ശിവനെയാണെന്നും' ഇതിൽ വായിക്കാം.
 
കേരളത്തിൽ ഏതാണ്ട് 160 വർഷം മുൻപുവരെ നടമാടിയിരുന്ന അടിമവ്യവസ്ഥ അതിന്റെ വ്യാപ്തിയിലും രൂക്ഷതയിലും നമ്മെ ഞെട്ടിക്കുന്നതാണ്. മഴ ചതിച്ചാൽ പാണ്ടിദേശങ്ങളിൽനിന്ന് അടിമകളെ ധാരാളമായി വാങ്ങി ഇവിടെ എത്തിക്കുമായിരുന്നു. എന്നാൽ പിന്നീട് ഇതിന്റെ ദിശ മാറി ഇവിടത്തുകാരെത്തന്നെ അടിമകളാക്കി ദൂരദേശങ്ങളിലേക്ക് അയച്ചുതുടങ്ങി. കൊച്ചിയിലെ പള്ളികൾ ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ അടിമകളെ കെട്ടിയിടാനുള്ള ഗോഡൗണുകളായി ഉപയോഗിച്ചിരുന്നുവത്രേ. ബത്തേവിയ, ശ്രീലങ്ക മുതലായ ഇടങ്ങളിലേക്ക് കയറ്റി അയക്കുവാനാണ് പള്ളികളിൽ അടിമകളെ സൂക്ഷിച്ചിരുന്നത് (പേജ് 88). അടിമവ്യവസ്ഥയുടെ അന്ത്യത്തിന് തുടക്കം കുറിച്ചത് 1792-ൽ മലബാറിലെ ബ്രിട്ടീഷ് കമ്മീഷണർ അടിമകളെ വാങ്ങുന്നതും വിൽക്കുന്നതും കുറ്റകരമാക്കി കൽപ്പന പുറപ്പെടുവിച്ചതോടെയാണ്. 1843-ൽ ബ്രിട്ടീഷ് ഇന്ത്യയിൽ അടിമവ്യാപാരം പൂർണ്ണമായി നിർത്തലാക്കി. 1854-ൽ കൊച്ചിയിലും തൊട്ടടുത്ത വർഷം തിരുവിതാംകൂറിലും നിരോധനം നടപ്പായി. എങ്കിലും ഗൂഢമായ രീതിയിൽ അടിമപ്പണിയുടെ അവശിഷ്ടങ്ങൾ ഈയടുത്തകാലം വരെ തുടർന്നിരുന്നുവെന്നത് നമ്മെ അതിശയിപ്പിക്കും. വയനാട്ടിലെ വള്ളൂർക്കാവ് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ജന്മിമാർ അടുത്ത ഒരു വർഷത്തേക്കുള്ള പണിക്കാരെ തെരഞ്ഞെടുത്തിരുന്നു. ഈ കാലയളവിൽ അവർക്ക് മറ്റു യജമാനന്മാരെ തെരഞ്ഞെടുക്കാൻ അവകാശമില്ലാതിരുന്നതിനാൽ ഇതിനെ അടിമജോലിയായിത്തന്നെ കണക്കാക്കാം. ഇതും 1975-ലെ അടിമപ്പണി നിർത്തലാക്കൽ നിയമം വഴി പൂർണ്ണമായും ഇല്ലാതാക്കി.
 
ഈ  പുസ്തകം അതിന്റെ ചുമതല നിർവഹിക്കുന്നില്ല എന്ന വസ്തുത പെട്ടെന്നുതന്നെ വായനക്കാർ തിരിച്ചറിയും. കുറെ ചരിത്രസംഭവങ്ങൾ നിരത്തിവെച്ചിരിക്കുന്നതല്ലാതെ അവ വിശകലനം ചെയ്യുകയോ ചരിത്രഗതിയെ എങ്ങനെ സ്വാധീനിച്ചു എന്നു പഠിക്കുകയോ ചെയ്തിട്ടില്ല. വാസ്കോ ഡാ ഗാമയുടെ ആഗമനം ഒരു പ്രമുഖസംഭവമായിപ്പോലും പരിഗണിച്ചിട്ടില്ല. നിർവികാരമായ ചരിത്രവിവരണം പത്തൊൻപതാം നൂറ്റാണ്ടിലെ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളിലേക്കെത്തുമ്പോഴേക്കും ചൂടുപിടിക്കുന്നു. ജാതീയമായ അവശതകൾ നീക്കം ചെയ്യുന്നതിനുള്ള സമരങ്ങൾ കേരളത്തിലെ നവോത്ഥാനത്തിന് നിർണ്ണായകസഹായം ചെയ്തിരുന്നുവെങ്കിലും അതുമാത്രമാണ് ചരിത്രം എന്ന മട്ടിലാണ് ഗ്രന്ഥകാരൻ നീങ്ങുന്നത്. ടിപ്പു സുൽത്താന്റെ ആക്രമണവും നിസ്സാര പരാമർശങ്ങളോടെ തീർത്തും അവഗണിച്ചിരിക്കുന്നു. എന്നാൽ 1891-ൽ മലയാളി മെമ്മോറിയൽ രാജാവിനു സമർപ്പിച്ച നിവേദനം അതിന്റെ പൂർണ്ണരൂപത്തിൽ, സ്ഥിതിവിവരക്കണക്കുകളടക്കം നല്കിയിരിക്കുകയും ചെയ്യുന്നു.

പുസ്തകം ശുപാർശ ചെയ്യുന്നു.
 
Book Review of 'Keralacharithram Thiruthikkuricha Mahasambhavangal' by Velayudhan Panikkassery
DC Books, 2020 (First)
ISBN: 9789353902827
Pages: 144 

Wednesday, June 30, 2021

ഞാൻ വൈസ്രോയിയെ ബോംബെറിഞ്ഞു

ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ ഏറ്റവുമധികം ഊതിവീർപ്പിച്ച പെരുംനുണയാണ് അഹിംസ. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ ധാർമ്മികശക്തി കൊണ്ട്, ആയുധം കൈകൊണ്ടുതൊടാതെ, സമരസൈനികർ മുട്ടുകുത്തിച്ചു എന്നത് ചോദ്യം ചെയ്യപ്പെടാനാവാത്ത ഒരു ദൈവികവെളിപാട് പോലെ തലമുറകൾ തോറും കൈമാറി വരുന്നു. മഹാത്മജിയുടെ പല പ്രക്ഷോഭങ്ങളും തുടക്കത്തിൽ അക്രമരഹിതമായിരുന്നുവെങ്കിലും പിന്നീട് നിയന്ത്രണം കൈവിട്ടുപോവുകയും വ്യാപകമായ അക്രമങ്ങളിൽ അവസാനിക്കുകയും ചെയ്ത നിരവധി സന്ദർഭങ്ങളുണ്ട്. അഹിംസ ഭാരതീയസമൂഹത്തിന്റെ മുഖമുദ്രയായിട്ടൊന്നും ഒരിക്കലും സ്വീകരിച്ചിട്ടില്ല, പ്രത്യേകിച്ചും ഇരുപതാം നൂറ്റാണ്ടിന്റെ പൂർവാർദ്ധത്തിൽ. വർഗ്ഗീയലഹളകൾ ഏറ്റവും ഭീകരമായ വിധത്തിൽ രാജ്യത്ത് താണ്ഡവമാടിയ നാളുകളായിരുന്നു അവ. എങ്കിലും അഹിംസയുടെ കൊടിക്കീഴിലാണ് ഭാരതം സ്വതന്ത്രമായതെന്ന ആത്മവഞ്ചനയിൽ നാം അഭിരമിച്ചുകൊണ്ടേയിരിക്കുന്നു. എന്നാൽ അക്രമത്തിന്റേതായ ഒരു പാത സ്വാതന്ത്ര്യസമരം ഒരുകാലത്ത് ഉപയോഗിച്ചിരുന്നു എന്നതാണ് സത്യം. ധീരദേശാഭിമാനികൾ വ്യക്തിപരമായ വീര്യവും സാഹസികതയും ഒരുമിച്ചുചേർത്ത് ബ്രിട്ടീഷ് താല്പര്യങ്ങളേയും ചിഹ്നങ്ങളേയും വ്യക്തികളേയും കായികമായിത്തന്നെ ആക്രമിച്ചു. പിടിക്കപ്പെട്ടവർ ദീർഘകാലത്തെ ജയിൽവാസവും നാടുകടത്തലും തൂക്കുമരവുമെല്ലാം സസന്തോഷം വരിച്ചു. പക്ഷേ ക്രമേണ ഈ സായുധസമരങ്ങൾ അപ്രത്യക്ഷമായി. സർക്കാർ നടപ്പാക്കിയ കടുത്ത ശിക്ഷകളേക്കാളേറെ ഗാന്ധിജിയുടെ സമരമാർഗ്ഗങ്ങൾ ജനശ്രദ്ധ പിടിച്ചുപറ്റിയതാണ് അതിന്റെ പ്രത്യക്ഷമായ കാരണം എന്നു കാണാനാകും. വൈസ്രോയി ഹാർഡിഞ്ച് പ്രഭുവിനുനേരെ ദില്ലിയിൽ വെച്ച് ബോംബെറിഞ്ഞതിനുശേഷം വിപ്ലവപ്രസ്ഥാനത്തിന്റെ ശക്തി ക്രമാനുഗതമായി ക്ഷയിച്ചതോടെ സുഗമമായ പ്രവർത്തനത്തിനായി ജപ്പാനിൽ കുടിയേറിയ ധീരവിപ്ലവകാരിയായ റാഷ് ബിഹാരി ബോസിന്റെ ജീവിതകഥയാണ് ഈ പുസ്തകം.

വിപ്ലവപ്രസ്ഥാനങ്ങളിലെ ശക്തമായ സാന്നിദ്ധ്യമായിരുന്ന ധർമ്മവീരയാണ് ഈ കൃതിയുടെ രചയിതാവ്. I Threw the Bomb എന്ന ആ കൃതിയുടെ മലയാളപരിഭാഷ നിർവഹിച്ചിരിക്കുന്നത് പെരുന്ന കെ. എൻ. നായർ  ആണ്. ബോസിന്റെ ഏറ്റവും ആധികാരികമായ ജീവചരിത്രം എന്നു വിശേഷിപ്പിക്കാവുന്ന ഇതിന് അവതാരിക എഴുതിയിരിക്കുന്നത് ജപ്പാനിൽ ബോസിന്റെ സഹപ്രവർത്തകനായിരുന്ന നായർ സാൻ എന്നു വിളിക്കപ്പെടുന്ന ഏ. എം. നായരാണ്. ജാപ്പനീസ് സമൂഹവുമായി വളരെ അടുത്ത തലങ്ങളിൽ ഇടപാടുകൾ നടത്തിയിരുന്ന റാഷ് ബിഹാരിയാണ് ശ്രീബുദ്ധൻ കഴിഞ്ഞാൽ ജപ്പാൻകാർ ഏറ്റവുമധികം അറിയുകയും ആദരിക്കുകയും ചെയ്യുന്ന ഇന്ത്യാക്കാരൻ എന്നാണ് നായർ സാൻ അഭിപ്രായപ്പെടുന്നത്.

തന്ത്രപരമായ മാർഗ്ഗങ്ങളിലൂടെ റാഷ് ബിഹാരി ബ്രിട്ടീഷ് പോലീസിന്റെ ഉറക്കം കെടുത്തി. സർക്കാർ ജീവനക്കാരനായി പ്രവർത്തിക്കുമ്പോൾത്തന്നെ അദ്ദേഹം അട്ടിമറികൾ വിജയകരമായി ആസൂത്രണം ചെയ്തുനടത്തുകയും രഹസ്യാന്വേഷകരുടെ ശ്രദ്ധ തന്നിൽ പതിയാതെ സൂക്ഷിക്കുകയും ചെയ്തു. 1912-ൽ ദില്ലിയിൽ ഒരു ഘോഷയാത്രക്കിടെ വൈസ്രോയിക്കുനേരെ ബോംബെറിഞ്ഞതിനുശേഷം അവിടെനിന്നു രക്ഷപ്പെട്ട് മണിക്കൂറുകൾക്കകം താൻ ജോലിചെയ്യുന്ന ഡെറാഡൂണിൽ ഒരു പൊതുയോഗം വിളിച്ചുകൂട്ടി ആ ബോംബാക്രമണത്തെ അദ്ദേഹം നിശിതമായി വിമർശിച്ചു! ആക്രമണത്തിൽ ആരും കൊല്ലപ്പെട്ടിരുന്നില്ല. പിന്നീട് വൈസ്രോയി ഹാർഡിഞ്ച് പോലും ഈ യോഗത്തെപ്പറ്റി തന്റെ ഔദ്യോഗികരേഖകളിൽ പരാമർശിച്ചിരുന്നു എന്നത് കൗതുകകരമാണ്. എന്നാൽ എക്കാലവും പ്രവർത്തനങ്ങൾ രഹസ്യമാക്കി വെക്കാൻ ആരാലും സാദ്ധ്യമാവുമായിരുന്നില്ല. കൂടുതൽ പ്രവർത്തകർ പിടിയിലായതോടെ ബോസ് ഒളിവിൽ പോവുകയും പിന്നീട് ജപ്പാനിലേക്ക് താമസം മാറ്റുകയും ചെയ്തു. അദ്ദേഹത്തെ അറസ്റ്റുചെയ്ത് ഇന്ത്യയിലേക്കയക്കാൻ ജപ്പാനുമേൽ ബ്രിട്ടീഷുകാർ സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ പിന്നീട് ഹോംഗ്കോങ്ങിലേക്കു പോവുകയായിരുന്ന ഒരു ജാപ്പനീസ് കപ്പലിനെ മറ്റൊരു ബ്രിട്ടീഷ് യുദ്ധക്കപ്പൽ നിയമരഹിതമായും പൈശാചികമായും ആക്രമിച്ച് 16 യാത്രക്കാരെ തട്ടിക്കൊണ്ടുപോയ സംഭവത്തോടെയാണ് ജപ്പാനിലെ പൊതുവികാരം ബ്രിട്ടനെതിരെ തിരിഞ്ഞതും ബോസിന് സുഗമമായി പുറത്തിറങ്ങി പ്രവർത്തിക്കാൻ സാധിക്കുകയും ചെയ്തത്. മാതൃഭൂമിക്കുവേണ്ടി ആത്മാഹുതി നടത്തുന്നത് വിശ്വാസപ്രമാണമാക്കിയിട്ടുള്ള യുദ്ധവീരന്മാരുടെ നാട് എന്ന നിലക്കാണ് 1915-ൽ ബോസ് ജപ്പാൻ തിരഞ്ഞെടുക്കുന്നത്. കൂടാതെ 1905-ൽ കൊച്ചുജപ്പാൻ ഭീമാകാരനായ റഷ്യയെ യുദ്ധത്തിൽ പരാജയപ്പെടുത്തുകയും ചെയ്തിരുന്നുവല്ലോ.

റാഷ് ബിഹാരിയും അരവിന്ദനും നയിച്ച വിപ്ലവപ്രസ്ഥാനങ്ങൾ റഷ്യയിലെ ഒക്ടോബർ വിപ്ലവത്തിനുമുമ്പാണ് തങ്ങളുടെ പ്രവർത്തനങ്ങളുടെ പരമകാഷ്ഠയിലെത്തിയത്. അതുകൊണ്ടുതന്നെ കമ്യൂണിസ്റ്റ് ആശയങ്ങൾ അവരെ സ്വാധീനിച്ചിരുന്നില്ല. രാജ്യത്തോടുള്ള അചഞ്ചലമായ സ്നേഹവും അതിന്റെ സംസ്കാരത്തോടുള്ള നിർവ്യാജമായ കൂറുമാണ് അവരെ നയിച്ചത്. വിപ്ലവപ്രസ്ഥാനത്തിൽ ചേരുന്നതിന് പ്രാപ്തനായ ഒരു ഗുരുവിന്റെ ശിക്ഷണത്തിൽ ഭഗവദ് ഗീതാപഠനം അനുപേക്ഷണീയമായ ഒരു മുന്നോടിയായിരുന്നു. അംഗമാകുന്ന ആൾ കാളിയുടെ മുമ്പാകെ ഒരു യജ്ഞം നടത്തേണ്ടിയിരുന്നു. പിന്നീട് ഉടവാളും പിടിച്ച് തലയിൽ ഗീതയുമായി അയാൾ ഇടത്തേ കാൽമുട്ടുമടക്കി പ്രണാമം ചെയ്യണം - അങ്ങനെയൊക്കെയായിരുന്നു അവരുടെ ഉപക്രമച്ചടങ്ങുകൾ. റാഷ് ബിഹാരി ഒരു തികഞ്ഞ ദൈവവിശ്വാസിയും നിഷ്കാമകർമ്മത്തിൽ വിശ്വസിച്ചിരുന്ന ആളുമായിരുന്നു. അതുകൊണ്ടായിരിക്കാം പിന്നീടുവന്ന ഇടതു വിപ്ലവകാരികൾ ഈ പ്രാഥമികപ്രസ്ഥാനങ്ങളെ തീർത്തും അവഗണിച്ചുകളഞ്ഞത്!

ആസാദ് ഹിന്ദ് ഫൗജ് അഥവാ INA രൂപീകരിച്ചത് റാഷ് ബിഹാരിയുടെ നേതൃത്വത്തിൽ 1942 ജൂണിൽ ബാങ്കോക്കിൽ കൂടിയ ഒരു സമ്മേളനത്തിൽ വെച്ചാണ്. സുഭാഷ് ചന്ദ്രബോസ് പിന്നീടിതിന്റെ നേതൃത്വം ഏറ്റെടുക്കുകയാണ് ഉണ്ടായത്. അതിനു വഴിയൊരുക്കിയത് സേനയുടെ ഭരണസമിതിയിൽ ഉടലെടുത്ത കടുത്ത അഭിപ്രായഭിന്നതയും. ജാപ്പനീസ് സൈന്യത്തിനുമുന്നിൽ കീഴടങ്ങുന്ന ബ്രിട്ടീഷ് സേനാദളങ്ങളിലെ ഇന്ത്യൻ സൈനികരെയാണ് ഐ.എൻ.ഏയിലേക്ക് ആകർഷിച്ചു ചേർത്തിരുന്നത്. യുദ്ധത്തടവുകാരനായി തടങ്കലിൽ കഴിയുന്നതിനേക്കാൾ മെച്ചമായ സാഹചര്യങ്ങളാണല്ലോ പൊരുതുന്ന ഒരു ഭടനുണ്ടാവുക! ഇതും കൂടുതലാളുകളെ ലഭിക്കുന്നതിനുള്ള ഒരു അനുകൂലഘടകമായിരുന്നു. ഇതുകൂടാതെ ആദ്യ ജനറലായിരുന്ന മോഹൻ സിംഗ് ഐ.എൻ.ഏയിൽ ചേരാൻ വിസമ്മതിച്ച ചില ഇന്ത്യൻ സൈനികരെ വെടിവെച്ചുകൊല്ലുകയും മർദ്ദിക്കുകയും ചെയ്യുമായിരുന്നുവത്രേ. ഇതിന്റെപേരിൽ റാഷ് ബിഹാരിയും സിംഗും തെറ്റിപ്പിരിഞ്ഞു. തുടർന്ന് മോഹൻ സിംഗിനെ ക്യാപ്റ്റനായി തരംതാഴ്ത്തിയതോടെ അദ്ദേഹം രാജിവെച്ചു പുറത്തുപോയി. ഈ ഘട്ടത്തിലാണ് സുഭാഷ് ചന്ദ്രബോസ് ജർമ്മനിയിൽനിന്ന് മടങ്ങിയെത്തി നേതൃസ്ഥാനം ഏറ്റെടുക്കുന്നത്.

കാര്യമാത്രപ്രസക്തമായ വിവരങ്ങൾ മാത്രമേ ഈ പുസ്തകത്തിലുള്ളൂ. വായനക്കാരെ രസിപ്പിക്കുക എന്നതിലുപരി ഒരു വിപ്ലവകാരിയുടെ ജീവിതകഥ കൂടുതൽ ജനങ്ങളെ അറിയിക്കുക എന്നതാണിതിന്റെ ദൗത്യം.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Njan Viceroyiye Bomberinju' by Dharmaveera and translated by Perunna K N Nair
Publisher: DC Books, 1986
ISBN: Nil
Pages: 183
 

Wednesday, June 23, 2021

ലണ്ടനും പാരീസും

പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ധാരാളമായി ബ്രിട്ടനിൽ വിദ്യാഭ്യാസം നടത്തുന്ന രീതി നിലവിൽ വന്നു. സ്വതന്ത്ര ചിന്തയുടേയും ലിബറൽ ആശയങ്ങളുടേയും സ്വാധീനം അവർ സ്വാംശീകരിക്കുകയും പിന്നീട് ഭാരതത്തിന്റെ വികാസത്തിനായി വിനിയോഗിക്കുകയും ചെയ്തു. എങ്കിലും മലയാളത്തിൽ അത്തരം ആളുകളോ അവർ ഇംഗ്ലണ്ടിൽ നേരിട്ട വസ്തുതകളുമായി സാധാരണ ജനങ്ങൾക്ക് പരിചയമോ ഉണ്ടായിരുന്നില്ല. ബാരിസ്റ്റർ ജി. പരമേശ്വരൻ പിള്ള 1897-ൽ മൂന്നുമാസം ലണ്ടനിലും പാരീസിലുമായി ചുറ്റിസഞ്ചരിച്ചതിന്റെ വിശദ വിവരങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ചെന്നൈയിൽ താൻ ജോലിചെയ്യുന്ന പത്രത്തിലേക്ക് ആഴ്ചയിൽ ഒന്ന് എന്ന നിരക്കിൽ എഴുതപ്പെട്ട പന്ത്രണ്ടു കത്തുകളായിട്ടാണ് അദ്ധ്യായങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്. ഇത് മലയാളത്തിലെ രണ്ടാമത്തെ സഞ്ചാരസാഹിത്യ ഗ്രന്ഥമാണ്. പാറേമ്മാക്കിൽ തോമാ കത്തനാരുടെ 'വർത്തമാനപുസ്തകം അഥവാ റോമായാത്ര' എന്ന ആദ്യപുസ്തകം 1778 മുതൽ 1786 വരെ കത്തനാർ നടത്തിയ വിദേശയാത്ര വിവരിക്കുന്നു. തിരുവിതാംകൂർ രാജാവുമായുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് ചെന്നൈയിൽ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കേണ്ടി വന്നയാളാണ് ജി. പരമേശ്വരൻ പിള്ള എന്ന ജി. പി. പിള്ള.

ഈ പുസ്തകം ഇംഗ്ലീഷിലാണ് രചിക്കപ്പെട്ടതെങ്കിലും സി. പി. ശങ്കുണ്ണിമേനോന്റെ പരിഭാഷ അതിനെ ഒരുത്തമ മലയാളകൃതി തന്നെയായി വായനക്കാർക്ക് അനുഭവപ്പെടുത്തുന്നു. നൂറു വർഷം മുൻപത്തെ മലയാളഗദ്യം ആധുനികഭാഷയിൽനിന്ന് പ്രകടമായിത്തന്നെ വ്യത്യസ്തമാണെങ്കിലും സുഗമമായ വായനക്ക് തടസ്സം സൃഷ്ടിക്കുന്നില്ല. ഒരു വിനോദസഞ്ചാരിയുടെ അനുഭവങ്ങൾ എന്ന നിലയിലാണ് ഈ കൃതി ശ്രദ്ധേയമാകുന്നത്. ലണ്ടനിലെ തെരുവുകളിലും വാടകയ്ക്കു ലഭിക്കുന്ന താമസസ്ഥലങ്ങളിലും ക്ഷുരകൻ, ഭക്ഷണശാല എന്നിവിടങ്ങളിലും എന്താണ്‌ പ്രതീക്ഷിക്കേണ്ടതെന്നും എന്താണ് ലഭ്യമാകുകയെന്നും അവ കൃത്യമായി പരിചയപ്പെടുത്തുന്നു. ഫലിതരസം അടിമുടി നിറഞ്ഞുനിൽക്കുന്ന ശൈലിയോടൊപ്പംതന്നെ നർമഭാവന വഴിഞ്ഞൊഴുകുന്ന നിരവധി രേഖാചിത്രങ്ങളും കാണാം. ഖണ്ഡികകൾ ചിലപ്പോഴെല്ലാം നിരവധി പേജുകളിലായി പടർന്നുകിടക്കുന്നത്രയും വലുതാണ്. സമാനമായ മലയാളപദങ്ങൾ കണ്ടെത്താൻ പരിഭാഷകൻ വിഷമിക്കുന്ന സന്ദർഭങ്ങളും ഉണ്ട്. തീവണ്ടി പ്ലാറ്റ്‌ഫോമിനെ 'വണ്ടി വന്നുനിൽക്കുന്ന തിണ്ണ' എന്നു വിശേഷിപ്പിക്കുന്നത് അത്തരത്തിൽ ഒന്നാണ്. ഇന്ത്യാക്കാർ വിവേചനമൊന്നും നേരിടുന്നില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നതോടൊപ്പം ബ്രിട്ടീഷുകാരുടെ അമിതമായ മദ്യപാനശീലത്തെ ഗ്രന്ഥകാരൻ വിമർശിക്കുകയും ചെയ്യുന്നു.

ലണ്ടനിലെ ഹൈഡ് പാർക്കിൽ ദശാബ്ദങ്ങൾക്കുശേഷം എസ്. കെ. പൊറ്റെക്കാട് നിരീക്ഷിച്ച പ്രാസംഗിക സമൂഹം പിള്ളയുടെ കാലത്തും വീറോടെ തങ്ങളുടെ ഭാഗം വാദിച്ചിരുന്നു - കാണാനും കേൾക്കാനും ആരുമില്ലെങ്കിലും. ലേഖകന്റെ നർമ്മബോധം ആത്മവിമർശനത്തിലൂടെയും വെളിവാകുന്നു. ഇംഗ്ലണ്ടിൽ ബാരിസ്റ്റർ പരീക്ഷയ്ക്കു പഠിക്കുവാൻ ബുദ്ധി കൊണ്ട് അധികപ്രയത്നമൊന്നും ആവശ്യമില്ലെന്ന് അദ്ദേഹം സമ്മതിക്കുന്നു. അതിനാൽ ഇന്ത്യയിൽനിന്ന് പഠിപ്പിനായി വന്നവർ ഭാഗ്യശാലികളാണ്. 'നല്ല ഭക്ഷണം കഴിക്കും, വിശേഷപ്പെട്ട മദ്യം സേവിക്കും, വിശേഷപ്പെട്ട മാതിരിയിൽ ഉടുക്കും, പലപ്പോഴും വാടകവീടിന്റെ ഉടമസ്ഥയുമായിട്ടോ അവളുടെ മകളുമായിട്ടോ അല്പം രഹസ്യവും ഉണ്ടാകും' എന്നിങ്ങനെയായിരുന്നുവത്രേ ഒട്ടു മിക്ക ഇന്ത്യൻ വിദ്യാർത്ഥികളുടേയും നില. ഇംഗ്ലണ്ടിൽ പഠനത്തിനൊരുങ്ങിയ ഗാന്ധിജിയോട് മാംസാഹാരം കഴിക്കരുതെന്നും സ്ത്രീകളുമായി സഹവസിക്കരുതെന്നും അദ്ദേഹത്തിന്റെ അമ്മ പ്രതിജ്ഞ ചെയ്യിച്ചു വാങ്ങിയിരുന്നത് ഓർക്കുക. പിള്ളയുടെ ചില നിരീക്ഷണങ്ങൾ വളരെ കൗതുകകരമാണ്. പാരീസിലെ സ്ത്രീകൾക്ക് ബ്രിട്ടീഷ് സ്ത്രീകളുടെ കവിളത്തുള്ളതിനേക്കാൾ രക്തപ്രസാദം കൊണ്ടുകാണുന്ന പ്രഭ കുറവാണെങ്കിലും അവരെ കാണാൻ കൗതുകമുണ്ടെന്നും അവർക്കു നടക്കാൻ പ്രയാസമില്ലെന്നുമുള്ള നിരീക്ഷണം വായനക്കാരെ രസിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്.

ലേഖകൻ ബ്രിട്ടീഷ് യാത്ര ചെയ്ത 1897-ൽ ഇന്ത്യയിലെ ദേശീയപ്രസ്ഥാനം ശൈശവദശയിലായിരുന്നു. സമരങ്ങളോ പ്രക്ഷോഭങ്ങളോ അതിന്റെ ഭാഗമായിക്കഴിഞ്ഞിരുന്നില്ല. പരാതികൾ വ്യവസ്ഥാപിത മാർഗങ്ങളിലൂടെ ഉന്നയിക്കുകയും ഔദ്യോഗികപാതകളിലൂടെ യാചനയായും നിവേദനമായും അവതരിപ്പിച്ച് പരിഹാരമാർഗ്ഗങ്ങൾ തേടുക എന്ന പരിമിതമായ ലക്ഷ്യങ്ങളേ അന്നുണ്ടായിരുന്നുള്ളൂ. സ്വതന്ത്രനും സ്വേച്ഛാധിപത്യത്തിനെതിരെ ശക്തമായ നിലപാടുകൾ എടുത്തിട്ടുള്ളവനുമായ ജി. പി. പിള്ളക്ക് പക്ഷേ ഇന്ത്യ ബ്രിട്ടീഷ് ബന്ധം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും സാധിച്ചിരുന്നില്ല എന്നു കാണാൻ കഴിയും. തിരുവിതാംകൂറിൽ അവഗണന നേരിട്ടിരുന്ന ഈഴവ സമുദായത്തിന്റെ പ്രശ്നങ്ങൾ ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിച്ച് അധികൃതശ്രദ്ധ നേടിയെടുക്കുന്നതിനായിട്ടാണ് അദ്ദേഹത്തിന്റെ യാത്ര വിഭാവനം ചെയ്തിരുന്നത്. മടക്കയാത്രയിൽ ഭാരതത്തിന്റെ ഭാവിഭാഗധേയത്തെക്കുറിച്ചും അദ്ദേഹം ചില അഭിപ്രായങ്ങൾ പുറപ്പെടുവിക്കുന്നു. ഇന്ത്യ ബ്രിട്ടനോടൊപ്പം ജയിക്കുകയോ നശിക്കുകയോ വേണമെന്നും ഇത് യാഥാർഥ്യമാക്കാനുള്ള ഏകമാർഗം ഇന്ത്യയിൽ ബ്രിട്ടീഷുകാരും ഇന്ത്യാക്കാരും തമ്മിൽ യോജിപ്പിനുള്ള തടസ്സം ഇല്ലായ്മ ചെയ്ത് രണ്ടിടത്തേയും യോഗക്ഷേമങ്ങൾ ഒന്നാക്കിത്തീർക്കുന്നതുമാണ് എന്നാണ് അദ്ദേഹം കരുതുന്നത് (പേജ് 175).

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Londonum Parissum' by Barrister G. P. Pillai
Publisher: DC Books, 1982 (First published 1897)
ISBN: Nil
Pages: 176
 

Sunday, June 13, 2021

വേദങ്ങൾ: ഒരു വിമർശന പഠനം

വിഖ്യാതനായ യുക്തിവാദിയും സ്വതന്ത്രചിന്തകനുമായ സനൽ ഇടമറുക് ഹിന്ദുമതത്തിന്റെ അടിസ്ഥാനഗ്രന്ഥമായ വേദങ്ങളെക്കുറിച്ചു നടത്തുന്ന ഒരു വിമർശനപഠനമാണ് ഈ കൃതിയുടെ പ്രതിപാദ്യവിഷയം. വേദങ്ങളുടെ അപരിമേയത്വവും അപൗരുഷമായ ഉത്പത്തിയും ഒരു കൂട്ടം ഹിന്ദു പുനർനവീകരണ വാദികൾ ഉയർത്തിക്കൊണ്ടിരിക്കുന്ന ചുറ്റുപാടിൽ അത്തരം അമിത അവകാശവാദങ്ങളുടെ ചിറകരിയുക എന്ന ലക്ഷ്യത്തോടെയാണ് സനൽ ഇടമറുക് ഈ കൃതി രചിച്ചിരിക്കുന്നത്. വേദങ്ങളുടെ സമഗ്രമായ ഒരു പഠനം ഇതിൽ കാണുന്നില്ല. കണ്ടിടത്തോളം അതിനുവേണ്ടതായ പ്രാഥമികവിജ്ഞാനമോ സംസ്കൃതപാണ്ഡിത്യമോ ഗ്രന്ഥകാരൻ ആർജിച്ചിരുന്നതായും തോന്നുന്നില്ല. വേദങ്ങൾക്ക് യൂറോപ്യൻ പണ്ഡിതർ നൽകിയ പരിഭാഷകളെയാണ് പ്രധാനമായും ആശ്രയിച്ചുകാണുന്നത്. അവയിലെ ചിന്തയെ പ്രകാശിപ്പിക്കുകയും വിമർശനബുദ്ധ്യാ നിരീക്ഷിക്കുകയും ചെയ്യുന്നതിനുപകരം വേദങ്ങളിലെല്ലാം അബദ്ധധാരണകളും പ്രകൃതമനുഷ്യന്റെ വിചിത്രസങ്കല്പങ്ങളും നിറഞ്ഞിരിക്കുന്നുവെന്ന നിഗമനത്തിൽ എത്തുന്നു. അതിനാൽ ഉത്തമമായ ഒരു പഠനം എന്ന നിലയിലേക്ക് ഉയരാൻ ശ്രമിക്കുന്നതിനുപകരം വേദാനുയായികളുടെ അവകാശവാദങ്ങളെ തകർക്കുന്നതിനുള്ള ഒരു പ്രചാരണോപാധി എന്ന തലത്തിലേ ഈ ഗ്രന്ഥം എത്തുന്നുള്ളൂ.

വിവിധ ദൈവങ്ങളെ സ്തുതിച്ചുകൊണ്ടുള്ള കാവ്യാത്മകമായ സൂക്തങ്ങളുടെ സമാഹാരമാണ് ഋഗ്വേദം. നാലു വേദങ്ങളിൽ ഏറ്റവും പുരാതനവും പ്രമുഖവും ഇതുതന്നെയാണ്. പണ്ഡിതശ്രദ്ധ ഏതാണ്ട് മുഴുവനായിത്തന്നെ പതിഞ്ഞിരിക്കുന്നതും ഇതിലാണ്. ശത്രുക്കളിൽ നിന്നുള്ള രക്ഷ, ശത്രുക്കളുമായുള്ള ഏറ്റുമുട്ടലിൽ സഹായത്തിനായുള്ള അഭ്യർത്ഥന, സമ്പൽസമൃദ്ധിക്കായുള്ള പ്രാർത്ഥനകൾ എന്നിവയാണ് മന്ത്രങ്ങളുടെ ഉള്ളടക്കം. സാഹിത്യകൃതികൾ എന്ന നിലയ്ക്ക് വേദങ്ങൾക്ക് പ്രകടമായ ഔന്നത്യമുണ്ട് എന്ന് ഗ്രന്ഥകാരൻ സമ്മതിക്കുന്നുവെങ്കിലും അവയിലെ പ്രാകൃതവും ആധുനിക മനുഷ്യന്റെ വിവേകത്തിന് നിരക്കാത്തതുമായ പരാമർശങ്ങളും അദ്ദേഹം അക്കമിട്ടു നിരത്തുന്നു. സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ഏതു ഗ്രന്ഥത്തിലും അക്കാലത്തെ സാമൂഹ്യബോധത്തിന് ഒത്തുപോകുന്നതും ഇന്ന് നമ്മൾ ഞെട്ടലോടെ തള്ളിക്കളയുന്നതുമായ നിരവധി വസ്തുതകൾ കാണാൻ കഴിയും. അവയെ യുക്തിസഹമായി പരിശോധിക്കുകയും പരിഷ്‌കാരങ്ങൾ വരുത്താൻ കഴിയുന്നവയെ നവീകരിക്കുകയും ഒട്ടും സ്വീകരിക്കാൻ പറ്റാത്തവയെ കയ്യോടെ ഉപേക്ഷിക്കുകയുമാണ് വേണ്ടത്. വേദങ്ങളെ അന്ധമായി പിൻപറ്റുന്നവർ ആ ശ്ലോകങ്ങളിൽ സാധാരണ മനുഷ്യർക്ക് ഗ്രഹിക്കാനാവാത്തവിധം നിഗൂഢമായ അർത്ഥങ്ങൾ അടങ്ങിയിട്ടുണ്ടെന്നൊക്കെയാണ് വാദിക്കുന്നത്. ഇത് അയുക്തികമാണ്. അത്രതന്നെ യുക്തിരഹിതമാണ് നമ്മുടെ പൈതൃകത്തിന്റെ കാച്ചിക്കുറുക്കിയ സത്തായ വേദങ്ങളെ പൂർണ്ണമായും തള്ളിക്കളയുക എന്ന ഇടമറുകിന്റെ പദ്ധതിയും. സമൂഹം ഇക്കാര്യത്തിൽ ഒരു മദ്ധ്യവർത്തി നിലപാട് കൈക്കൊള്ളേണ്ടതാണ്.

സൈന്ധവസംസ്കാരം തെക്കേ ഇന്ത്യക്കാരായ ദ്രാവിഡരുടേതാണെന്നും പുറത്തുനിന്നെത്തിയ ആര്യന്മാർ അതിനെ മുച്ചൂടും നശിപ്പിച്ച് തങ്ങളുടെ ഭാഷയും സംസ്കാരവും അടിച്ചേൽപ്പിച്ചു എന്ന കാലഹരണപ്പെട്ട ആര്യൻ അധിനിവേശ സിദ്ധാന്തം യുക്തിദീക്ഷയില്ലാതെ ഇടമറുക് സ്വീകരിക്കുന്നത് ആശ്ചര്യപ്പെടുത്തുന്നു. പ്രകൃതിശക്തികളുടെ വൈയക്തികരൂപങ്ങളായ ദൈവങ്ങളെ അവർ ആരാധിച്ചു. ആര്യന്മാരെ നേരിട്ട തദ്ദേശവാസികളെ ദസ്യുക്കൾ എന്നാണവർ വിശേഷിപ്പിച്ചത്. ഇടമറുക് അവകാശപ്പെടുന്നത് ദസ്യുക്കളെ പ്രകൃതിയിലെ ദുഷ്ടശക്തികളായി കരുതപ്പെട്ടുപോരുന്ന പ്രതിഭാസങ്ങളുമായി തുല്യത നൽകിയാണ് ആര്യന്മാർ വീക്ഷിച്ചിരുന്നതെന്നാണ് (പേജ് 31). ഇത് പ്രതിപക്ഷ ബഹുമാനത്തിന്റെ അങ്ങേയറ്റമായി തോന്നാം. ഇത്തരമൊരു വ്യാഖ്യാനം വഴി തദ്ദേശീയർ ആര്യന്മാരുടെയല്ല, അവരുടെ ദൈവങ്ങളുടെ ശത്രുക്കളായാണ് രൂപമാറ്റം ചെയ്യപ്പെടുന്നത്. ഋഗ്വേദത്തിലെ ശക്തനായ ദേവനായ വരുണൻ ആദ്യകാലഘട്ടങ്ങളിൽ അസുരനായാണ് ഗണിക്കപ്പെട്ടിരുന്നത് എന്ന യാഥാർഥ്യം ഈ വ്യാഖ്യാനവുമായി എങ്ങനെ ഒത്തുപോകും? പേർഷ്യയിലെ ആര്യന്മാരുടെ കൂട്ടാളികളായ ജനവിഭാഗമാണ് അസുരന്മാർ എന്ന വാദം ഈ പുസ്തകത്തിൽ പരിശോധിക്കപ്പെടുന്നില്ല. എങ്കിലും വേദത്തിലേയും പേർഷ്യൻ അവസ്തയിലേയും നിരവധി സമാനപദങ്ങൾ പരാമർശിക്കപ്പെടുന്നുണ്ട്. വേദകാലത്തിനുശേഷം അനവധി നൂറ്റാണ്ടുകൾക്കുശേഷമുണ്ടായ മനുസ്മൃതി പോലുള്ള ധർമശാസ്ത്രങ്ങളെപ്പോലും ഇടമറുക് വേദങ്ങളുടെ തുടർച്ചയെന്ന നിലയിലാണ് പരിഗണിക്കുന്നത്. പിൽക്കാല കുടിയേറ്റങ്ങളിലുണ്ടായ പരാജയം ആര്യന്മാരുടെ പഴയ ദൈവസങ്കല്പങ്ങൾക്ക് മങ്ങലേൽപ്പിച്ചുവെന്നും ആത്മവിശ്വാസം നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം വാദിക്കുന്നു. ശൂദ്രന്റെ നാവ് അറുത്തെടുക്കണമെന്നുള്ള വിധികൾ ഇതിന്റെ ഫലമായി ഉണ്ടായതത്രേ (പേജ് 45).

വേദങ്ങളിൽ സുലഭമായി കാണുന്ന സോമം എന്ന സസ്യം കഞ്ചാവാണെന്നും സുര എന്ന ദ്രാവകം ധാന്യങ്ങൾ പുളിപ്പിച്ചുണ്ടാക്കുന്ന മദ്യമാണെന്നും ലേഖകൻ സ്ഥാപിക്കാൻ ശ്രമിക്കുന്നു. മയക്കുമരുന്നിനെത്തുടർന്ന് ബോധം നശിക്കുന്ന അവസ്ഥയിലുള്ള ഭ്രമം ആദ്ധ്യാത്മിക അനുഭൂതിയായി തെറ്റിദ്ധരിക്കപ്പെട്ടു. തത്വചിന്താപരമായി ഉന്നതങ്ങളിലുള്ള വേദമന്ത്രങ്ങൾ കഞ്ചാവടിച്ച് എഴുതിയതാണെന്നാണ് ഇടമറുക് ഇവിടെ ഉദ്ദേശിക്കുന്നത്. എന്നാൽ ഈ ആനുകൂല്യം യുദ്ധത്തിനും ആക്രമണത്തിനും ആഹ്വാനം നൽകുന്ന മന്ത്രങ്ങൾക്ക് നല്കാൻ അദ്ദേഹം തയ്യാറല്ല. അത് ദസ്യുക്കളുടെ പുരങ്ങൾ തകർക്കുകയും അവരെ അടിമകളാക്കുകയും ചെയ്തതിന്റെ ചരിത്രരേഖകളാണ്! സാമാന്യയുക്തി ഇവിടെ ഗ്രന്ഥകാരന്റെ കൂടെയില്ല. അല്പം കഞ്ചാവടിച്ചപ്പോൾ മുൻപ് ശത്രുതയുണ്ടായിരുന്ന ചിലരുടെ നേരെ ആക്രമണത്തിന് ഉദ്‌ഘോഷിക്കുന്ന ശ്ലോകങ്ങൾ പുറത്തുവന്നതാണെന്നും യഥാർത്ഥത്തിൽ യുദ്ധമേ നടന്നിട്ടില്ല എന്നും വാദിച്ചുകൂടേ? അത് ആര്യൻ അധിനിവേശമെന്ന ദുർബലവാദത്തിന്റെ മുനയൊടിക്കുക മാത്രമല്ല, വേരും പിഴുതുകളയുക കൂടി ചെയ്യും.

മേൽക്കാണിച്ചതുപോലെ സാമാന്യബുദ്ധിക്കു നിരക്കാത്ത മറ്റൊരു വാദമാണ് ഹാരപ്പയിലെ ഭാഷ ആര്യന്മാർ എങ്ങനെ കൈകാര്യം ചെയ്തു എന്നത്. ഹാരപ്പൻ ജനത ലിപികൾ ഉപയോഗിച്ചിരുന്നുവെങ്കിലും അവരുടെ ഭാഷ നമുക്കിനിയും വായിച്ചു മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല (പേജ് 94). ഇതും പ്രകടമായ വിരോധാഭാസമാണ്. ദക്ഷിണേന്ത്യയിലെ ദ്രാവിഡർ ഹാരപ്പൻ ജനങ്ങളുടെ പിന്മുറക്കാരാണെങ്കിൽ ആ ഭാഷ ഒരു പൊടി പോലും അവശേഷിപ്പിക്കാതെ എങ്ങനെ മറഞ്ഞുപോയി? ബ്രാഹൂയി എന്ന ഒരു ദ്രാവിഡഭാഷ ഇന്നും ബലൂചിസ്ഥാനിൽ സംസാരിക്കുന്നു എന്നുകൂടി ഓർക്കുക. ആര്യ, ദ്രാവിഡ ശബ്ദങ്ങൾ മനുഷ്യവംശങ്ങളെയാണ് പ്രതിനിധീകരിക്കുന്നതെന്ന തെറ്റിദ്ധാരണയുടെ ഫലമാണ് ഇത്തരം പ്രഹേളികകൾ. അവ ഭാഷാഗോത്രങ്ങളെ മാത്രമാണ് സൂചിപ്പിക്കുന്നത് എന്ന സത്യം തിരിച്ചറിയുമ്പോൾ തീരാവുന്ന മതിഭ്രമം മാത്രമാണിത്. ആര്യന്മാർ വേദങ്ങളുടെ രചനാകാലത്തും ഹാരപ്പൻ ആക്രമണങ്ങളുടെ കാലത്തും ലിപികൾ ഉപയോഗിച്ചിരുന്നില്ല. ഇടമറുക് കരുതുന്നത് അവർ ഹാരപ്പന്മാരിൽ നിന്നാണ് ലിപികൾ ഉപയോഗിക്കാൻ പഠിച്ചത് എന്നാണ്. എങ്കിൽ ആ ലിപി ഇപ്പോൾ വായിക്കാൻ പറ്റാതായതെങ്ങനെ എന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുന്നു. വേദങ്ങളിൽനിന്ന് ധാരാളം ഉദ്ധരണികൾ നൽകിയിട്ടുണ്ടെങ്കിലും അവയുടെ വാക്യസംഖ്യ പലയിടത്തും നൽകിയിട്ടില്ല എന്നത് ഒരു പോരായ്മയാണ്.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Vedangal - Oru Vimarshana Padanam' by Sanal Edamaruku
Indian Atheist Publishers, 2011 (First published 1982)
ISBN: 8173741306
Pages: 128
 

Tuesday, June 8, 2021

സുവർണ്ണഛായകൾ


മുല്ലമംഗലത്ത് രാമൻ ഭട്ടതിരിപ്പാട് (1908-2001) എന്ന എം.ആർ.ബി ഒരു ശ്രദ്ധേയനായ സാഹിത്യകാരനും സാമൂഹികപ്രവർത്തകനുമായിരുന്നു. നമ്പൂതിരി സമുദായത്തിലെ പരിഷ്കരണപ്രസ്ഥാനത്തിൽ അദ്ദേഹം വി. ടി. ഭട്ടതിരിപ്പാടിനൊപ്പം തോളോടുതോൾ ചേർന്ന് യാഥാസ്ഥിതികത്വത്തിനെതിരെ പൊരുതി. കുട്ടിക്കാലം വേദാഭ്യസനത്തിനായി ഉഴിഞ്ഞുവെച്ചതിനാൽ സ്‌കൂളിലോ കോളേജിലോ പോയി പഠിക്കുവാനുള്ള അവസരവും സൗകര്യവും നഷ്ടപ്പെട്ടു. എങ്കിലും മലയാളത്തിലും സംസ്കൃതത്തിലും ഇംഗ്ലീഷിലും സ്വയംപരിജ്ഞാനം നേടി. നാടകം, കവിത, ഉപന്യാസം, സഞ്ചാരസാഹിത്യം എന്നീ രംഗങ്ങളിലെല്ലാം മികച്ച സംഭാവനകൾ നൽകി. കേരള സംഗീതനാടക അക്കാദമിയുടെ മുഖപത്രമായ 'കേളി' മാസികയുടെ പത്രാധിപരായി പതിനേഴു കൊല്ലത്തോളം സേവനമനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകളാണ് പന്ത്രണ്ട് അദ്ധ്യായങ്ങളിലായി സംഗ്രഹിച്ചിരിക്കുന്ന ഈ കൃതി. 1986-ലാണ് ഇതിന്റെ പ്രസാധനം നിർവഹിക്കപ്പെട്ടിരിക്കുന്നത്.

സാഹിതിയുടെ നിരവധി മേഖലകളിൽ വ്യാപരിച്ചിരുന്നതുകൊണ്ടായിരിക്കാം 'സാഹിത്യനിരൂപണം എന്റെ ദൃഷ്ടിയിൽ' എന്ന അദ്ധ്യായത്തിലൂടെ ലളിതമായ ഭാഷയിൽ ഒരു നിരൂപകനുണ്ടായിരിക്കേണ്ട ഗുണഗണങ്ങളെപ്പറ്റി ഏതാനും പേജുകളിലൂടെ വർണ്ണിക്കുന്നത്. നിരൂപകൻ നിഷ്പക്ഷമതിയായി പഠനങ്ങൾ നടത്തുകയും തദ്വാരാ വായനക്കാരുടെ അദ്ധ്യാപകനായിരിക്കേണ്ടതുമാണ്. വ്യക്തിപരമായ മുൻവിധികൾ ചിലപ്പോഴൊക്കെ വിമർശനത്തിന്റെ തീവ്രതയെ സ്വാധീനിച്ചേക്കാമെന്ന സാമാന്യതത്വത്തിന് എം.ആർ.ബി വഴങ്ങിക്കൊടുക്കുമ്പോൾത്തന്നെ സ്തുതിയും ശകാരവും കാടുകേറിപ്പോകരുതെന്ന് ഉപദേശിക്കുകയും ചെയ്യുന്നു. തന്നിൽ നിക്ഷിപ്തമായ ഉത്തരവാദിത്വബോധം മറന്ന് തൂലികയെടുത്തു കളിക്കുകയുമരുത്. മലയാളനിരൂപണത്തിലെ സ്പഷ്ടമായ മൂന്നു തലമുറമാറ്റങ്ങളേയും അവയെ ബൗദ്ധികമായി വേർതിരിക്കുന്ന അതിർവരമ്പുകളെയും അദ്ദേഹം നിരീക്ഷിക്കുന്നു. സി. പി. അച്യുതമേനോനാണ് മലയാളത്തിലെ വിമർശനപരമായ നിരൂപണപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്. അടുത്ത തലമുറയിലെ എം. പി. പോൾ, മുണ്ടശ്ശേരി എന്നിവരിലൂടെ കാലത്തിന്റെ കണ്ണാടിയാണ് സാഹിത്യം എന്ന നിലയിലെത്തി. വീണ്ടും പി. ശങ്കുണ്ണി നായർ, സുകുമാർ അഴീക്കോട്, എം. അച്യുതൻ എന്നിവരിലേക്കെത്തിയപ്പോൾ പാശ്ചാത്യ വിമർശനശൈലികളേയും പൗരസ്ത്യ വിമർശനസിദ്ധാന്തങ്ങളേയും സമഞ്ജസമായി സമ്മേളിപ്പിച്ചുകൊണ്ടുള്ള ഒരു വിമർശന കലാതത്വശാസ്ത്രം രൂപപ്പെടുത്തപ്പെട്ടു.

ഓരോ സംഭവങ്ങളും ഗ്രന്ഥകാരനിൽ ചെലുത്തിയ സ്വാധീനത്തിന്റെ സ്വാഭാവികമായ ബഹിർസ്ഫുരണങ്ങളാണ് ഈ ലേഖനങ്ങൾ. പന്തിരുകുലത്തെ ഓർമ്മിപ്പിക്കുന്ന ആ പന്ത്രണ്ടിൽ അവസാനത്തേതായ 'കറുത്ത സംക്രമസന്ധ്യ' പദ്യത്തിലുമാണ്. കാര്യമായ ഗവേഷണമൊന്നും അവയ്ക്കു പിന്നിലില്ല. ഒളപ്പമണ്ണ മനയ്ക്കലെ സന്ദർശനത്തെക്കുറിച്ചാണ് അതിൽ രണ്ടെണ്ണം. കോട്ടയ്ക്കലെ  ഡോ. പി. കെ. വാര്യരുടെ ഷഷ്ടിപൂർത്തി ആഘോഷങ്ങളിൽ പങ്കുകൊള്ളാനാവാതെ വന്നതിനെത്തുടർന്ന് പിന്നീടൊരു ദിവസം അദ്ദേഹത്തെ സന്ദർശിച്ചതിനെക്കുറിച്ചാണ് ഒരു അദ്ധ്യായത്തിന്റെ ഉള്ളടക്കം. വാര്യരുടെ ജന്മശതാബ്ദി ഈ കഴിഞ്ഞ ദിവസം കൊണ്ടാടിയതുകൂടി ഓർക്കുമ്പോൾ കാലത്തിന്റെ തിരിമുറിയാത്ത ആ കുത്തൊഴുക്കിൽ വായനക്കാർ കൂടി പങ്കാളികളാവുന്നു. അല്പം രാഷ്ട്രീയവും ചിലപ്പോൾ കടന്നുവരുന്നുണ്ട്. തലയിൽനിന്ന് കിരീടവും കാലിൽനിന്ന് സ്വർണപാദുകങ്ങളും തെറിച്ചുപോയ നിലയിൽ കിടക്കുന്ന പശുവും കിടാവും അദ്ദേഹത്തെ ഖിന്നനാക്കുന്നു. 'പശുവും കിടാവും' കോൺഗ്രസ്സിന്റെ തെരഞ്ഞെടുപ്പുചിഹ്നമായിരുന്നുവെന്നോർക്കുക. മാത്രവുമല്ല, തെരഞ്ഞെടുപ്പിൽ തോറ്റ കോൺഗ്രസ്സിന്റെ കൊടി കുട്ടികൾ കത്തിക്കുന്നതു കണ്ടപ്പോൾ ലേഖകന്റെ 'ഉള്ളു ചുട്ടു' (പേജ് 20). ഒരാളെ പ്രശംസിക്കുന്നതോടൊപ്പം മറ്റൊരാൾക്കുനേരെ ഒളിയമ്പെയ്യുന്നതും കാണാം. അദ്ദേഹം മഹാകവി വള്ളത്തോളിനെപ്പറ്റി എഴുതുന്നത് 'കവിതാതേജസ്സിന്റെ തേനലരുകൾ വിരിഞ്ഞുനിൽക്കുന്ന ആ കൈകൾ പട്ടിനും വളയ്ക്കും വേണ്ടി നീണ്ടിട്ടില്ല' എന്നാണ്. ഒറ്റനോട്ടത്തിൽ നിരുപദ്രവമെന്നു തോന്നുമെങ്കിലും ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത് 1922-ൽ മഹാകവി എന്ന നിലയിൽ വെയിൽസ്‌ രാജകുമാരനിൽനിന്ന് കുമാരനാശാൻ പട്ടും വളയും സ്വീകരിച്ചതിനെയാണ്. ഉന്നതജാതിക്കാരായ കവികളുടേയും ആശാന്റേയും സാമൂഹ്യപരിപ്രേക്ഷ്യങ്ങൾ വ്യത്യസ്തമാണെന്ന യാഥാർഥ്യം എം.ആർ.ബി കണ്ടില്ലെന്നു തോന്നുന്നു. മാത്രവുമല്ല, ആശാൻ വിമർശനത്തിനതീതനല്ലാത്തതിനാൽ ഇത്തരം ഒളിയമ്പുകളുടെ ആവശ്യം ഉണ്ടായിരുന്നോ എന്ന സംശയം ന്യായമായും ജനിക്കുന്നു.

രചനയിലെ കാവ്യാത്മകത ലേഖനങ്ങൾക്ക് ഒരു പ്രത്യേകചൈതന്യം നൽകുന്നു. ഇത്തരം അലങ്കരിക്കപ്പെട്ട ഭാഷ ആധുനികരസനയ്ക്ക് പഥ്യമാകുമോ എന്നറിയില്ല. എങ്കിലും വായിച്ചിടത്തോളം ഇത് വായനക്കാർക്ക് കൂടുതൽ ആസ്വാദ്യത പ്രദാനം ചെയ്യുന്നതായിട്ടാണ് അനുഭവപ്പെടുന്നത്. ഒളപ്പമണ്ണ മനയുടെ മുറ്റത്തേക്ക് പോക്കുവെയിൽ വീഴുന്നതിനെ 'സന്ധ്യ തുടുത്ത അലരിപ്പൂക്കൾ പറിച്ച് നിഴലുകളുടെ മടിക്കുത്തിലേക്ക് ചൊരിഞ്ഞുകൊടുക്കുന്നതായിട്ടാണ്' വിവരിക്കുന്നത്. മറ്റൊരിക്കൽ വായിച്ച കവിതയെക്കുറിച്ച് 'ആ പൂന്തേനൂറുന്ന പൂജാപുഷ്പത്തിലെ കമ്രങ്ങളായ പല വരികളും എന്നിലൂടെ കമ്പി മീട്ടിക്കൊണ്ട് കടന്നുപോയി' എന്നും അഭിപ്രായപ്പെടുന്നു. ഇത്തരം അലങ്കാരങ്ങളാൽ സമ്പന്നമാണ് ഈ കൃതി.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Suvarnachayakal' by M.R.B
DC Books, 1986
ISBN: Nil
Pages: 84
 

Sunday, June 6, 2021

തെണ്ടികളുടെ രാജാപ്പാർട്ട്

ഏ. പി. ഉദയഭാനു (1915-1999) സാഹിത്യകാരൻ, സ്വാതന്ത്ര്യസമരസേനാനി, പത്രപ്രവർത്തകൻ, കോൺഗ്രസ് നേതാവ് എന്നീ നിലകളിലെല്ലാം വളരെ പ്രശസ്തി നേടിയ വ്യക്തിയാണ്. പുതിയ തലമുറക്ക് അദ്ദേഹം അത്ര സുപരിചിതനല്ല, എന്തെന്നാൽ ഏകദേശം പതിനഞ്ചോളം പുസ്തകങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെങ്കിലും അവയിൽ ഒരു മാസ്റ്റർപീസിനെ കണ്ടെത്താൻ ബുദ്ധിമുട്ടായിരിക്കും. നർമത്തിൽ ചാലിച്ചെഴുതിയ ലഘു ഉപന്യാസങ്ങളുടെ പേരിലാണ് ഉദയഭാനു സാഹിത്യലോകത്ത് അറിയപ്പെടുന്നത്. നർമമൊക്കെയുണ്ടെങ്കിലും അവയിലെ സാമൂഹ്യവിമർശനം പലപ്പോഴും നിശിതവും കുറിക്കു കൊള്ളുന്നതുമായിരിക്കും. പലപ്പോഴും സാധാരണമെന്നുകരുതി നാം വിട്ടുകളയുന്ന പല സംഭവങ്ങൾക്കും നാം കാണാത്ത മറ്റൊരു തലമുണ്ടെന്നുകൂടി ഈ ലേഖനങ്ങൾ കാണിച്ചുതരുന്നു. അത്തരം 25 ഹൃസ്വലേഖനങ്ങളുടെ ഒരു സമാഹാരമാണ് ഈ കൃതി. ലോക്ക്ഡൗൺ മൂലം ലൈബ്രറി പ്രവർത്തിക്കാതായതോടെ കൈവശമുള്ള പഴയ പുസ്തകങ്ങളൊക്കെ പൊടി തട്ടിയെടുത്തപ്പോൾ കിട്ടിയതാണ് 1982-ൽ പുറത്തുവന്ന ഈ പുസ്തകം. ഏതാണ്ട് മുപ്പതുവർഷം മുമ്പ് ഒരിക്കൽ വായിച്ചതാണെങ്കിലും രണ്ടാമതൊരു വായനയിലും വിരസത അനുഭവപ്പെട്ടില്ലെന്നു മാത്രമല്ല, മുൻപു കാണാതിരുന്ന ചില വസ്തുതകൾ കണ്ടെത്താനുമായി.

സാഹിത്യകാരന്മാർ പൊതുവേ ഇടതുപക്ഷചായ്‌വ്‌ പ്രകടിപ്പിക്കുന്ന കേരളത്തിൽ അതിന് നേർവിപരീതമായി നിൽക്കുന്ന ഉദയഭാനു വ്യത്യസ്തത പുലർത്തുന്നു. പബ്ലിക് സർവീസ് കമ്മീഷൻ അംഗമായിരുന്ന അദ്ദേഹം പദവികൾ തന്റെ ജന്മസ്വഭാവത്തിൽ മാറ്റങ്ങൾ വരുത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കയ്യിലൊന്നും സ്വന്തമായില്ലാതെ പദവികളുടെ ബലത്തിൽ കൃത്രിമമായി മേനി നടിക്കുന്നതിനെ 'തെണ്ടികൾ രാജാപ്പാർട്ട്' കെട്ടുന്നതുപോലെ എന്നാണ് അദ്ദേഹം പരിഹസിക്കുന്നത്. ഇതുതന്നെയാണ് ഗ്രന്ഥശീർഷകമായി ഭവിച്ച ഒരു ലേഖനത്തിന്റേയും കാതൽ. പദവികൾ നല്ലതാണ്, അവ നമ്മുടെ ജന്മവാസനകളെ തേച്ചുമിനുക്കി സമൂഹനന്മക്കായി ഉപയോഗിക്കാൻ സാധിക്കുമെങ്കിൽ. തിരുവിതാംകൂറിൽ നിലനിന്നിരുന്ന വിശ്വാസങ്ങളിലും ആചാരങ്ങളിലും ഗ്രന്ഥകാരൻ പൂർണ്ണമനസ്സോടെ പങ്കുകൊണ്ടു. ക്ഷേത്രദർശനം വിധിയാംവണ്ണം നടത്തിയതിൽ അഭിമാനവും ആശ്വാസവും കൊള്ളുന്ന സാഹിത്യകാരന്മാർ ഏറെയില്ല കേരളത്തിൽ. ആറാട്ടിനും പൂജയെടുപ്പിനും ആചാരപരമായി എഴുന്നെള്ളുന്ന, പേരിൽ മാത്രം രാജത്വമുള്ള, തിരുവിതാംകൂറിലെ രാജപ്രമുഖനെ തെരുവീഥിയിൽ അനുഗമിക്കാൻ വെമ്പൽ കൊള്ളുന്ന മനസ്സും നമുക്കിതിൽ കാണാം. ആലുംമൂട്ടിൽ ചാന്നാരുടെ കുടുംബത്തിൽ ജനിച്ച ഉദയഭാനു ജന്മം കൊണ്ട് പിന്നോക്കസമുദായക്കാരനാണെങ്കിലും കുടുംബവൈശിഷ്ട്യത്താൽ തിരുവിതാംകൂറിലെ പ്രമുഖ കുടുംബപരമ്പരയിലെ ഒരു കണ്ണിയാണ്. ഈ അഭിജാതസ്വഭാവം ലേഖനപരമ്പരയിൽ ഇടയ്ക്കിടെ തിരനോട്ടം നടത്തുന്നുമുണ്ട്.

പുസ്തകത്തിന്റെ അവതാരിക രചിച്ച പ്രൊഫ. ജി. കുമാരപിള്ള പ്രൗഢിയിൽ അതിനെ ഒരു സമഗ്രനിരൂപണത്തിന്റെ നിലവാരത്തിലേക്കുയർത്തി. പുസ്തകത്തിൽനിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് അത് കൃത്യമായി വായനക്കാരെ പറഞ്ഞുമനസ്സിലാക്കി. ഉദയഭാനുവിന്റെ ചില നിരീക്ഷണങ്ങൾ പിൽക്കാലത്ത് സത്യമായി വന്ന ചില ഉദാഹരണങ്ങളും ഇതിലുണ്ട്. കത്തുകൾക്ക് തപാൽ പിൻകോഡ് ഉപയോഗിക്കുന്നതുപോലെ മനുഷ്യർക്കും പിൻകോഡ് വേണ്ടതാണെന്നുള്ള നിരീക്ഷണം ആധാറിന്റെ വരവോടെ യാഥാർത്ഥ്യമായി (ആസ്ത്മാ അപ്പൂപ്പൻ എന്ന ലേഖനം). സ്വന്തം പേരിലുള്ള ഒരു റോഡ് ദൂരദിക്കിൽ കണ്ടതിനെത്തുടർന്നുണ്ടായ വൃഥാഭിമാനം അത് മറ്റൊരു വ്യക്തിയെ ഉദ്ദേശിച്ചുള്ളതാണെന്നു വ്യക്തമായപ്പോൾ ഇല്ലാതായതിനെ പൊതുപ്രവർത്തകർക്ക് യോജിച്ച ഒരു പാഠമായി ഉൾക്കൊള്ളാവുന്നതാണ്.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Thendikalude Rajapart' by A P Udayabhanu
Publisher: DC Books, 1982
ISBN: Nil
Pages: 140
 

Thursday, June 3, 2021

സ്വാതന്ത്ര്യത്തിന്റെ സാഫല്യം


ഇന്ത്യൻ രാഷ്ട്രീയത്തിൽ അകാലത്തിൽ പൊലിഞ്ഞുപോയ ഒരു തിളങ്ങുന്ന വിളക്കായിരുന്നു ദീനദയാൽ ഉപാദ്ധ്യായ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഭാരതീയ ജനസംഘം എന്ന കക്ഷി ദേശീയതലത്തിൽ കോൺഗ്രസ്സിനുപിന്നിൽ രണ്ടാമതെത്തി. രാഷ്ട്രീയം പ്രക്ഷുബ്ധതയിലേക്കും ഇന്ദിരാഗാന്ധിയിലേക്കും ഒഴുകിയ 1960-കളുടെ അന്ത്യത്തിൽ ദീനദയാൽ ഉപാദ്ധ്യായയുടെ മൃതശരീരം യു.പിയിലെ മുഗൾസരായ് റെയിൽവേ സ്റ്റേഷനുസമീപം റെയിൽപാളത്തിനരികെ കണ്ടെത്തി. പൊലീസിന് കണ്ടെത്താനായത് മോഷണശ്രമത്തിനിടെ സംഭവിച്ച കൊലപാതകമായിരിക്കാം എന്നു മാത്രമാണ്. പ്രതികളെ ഒരിക്കലും കണ്ടെത്തിയതുമില്ല. ഉപാദ്ധ്യായയുടെ മരണം സൃഷ്ടിച്ച ഒഴിവിലേക്കാണ് അടുത്ത തലമുറയിലെ വാജ്പേയി - അദ്വാനിമാർ കടന്നുവന്നത്. കോൺഗ്രസ് രാഷ്ട്രീയത്തിലെ മൂല്യശോഷണവും തന്മൂലം രാഷ്ട്രത്തിന്റെ ആത്മാവിൽ സംഭവിച്ച ശക്തിക്ഷയവും തിരിച്ചറിഞ്ഞ അദ്ദേഹം ഏകാത്മമാനവവാദം (integral humanism) എന്ന സിദ്ധാന്തത്തിലൂടെ ഭാരതസംസ്കൃതിയുടെ പുനരുത്ഥാനത്തിനായി യത്നിച്ചു. അനവധി വർഷങ്ങളിലായി എഴുതപ്പെട്ടിട്ടുള്ളതും പ്രസംഗങ്ങളിലൂടെ പ്രസിദ്ധമായതുമായ ലേഖനങ്ങളുടെ ഒരു സമാഹാരമാണ് ഈ കൃതി. 1960-കളുടെ മദ്ധ്യത്തിലാണ് ഈ കൃതിയുടെ പ്രേരകശക്തിയായ രാഷ്ട്രീയഘടകങ്ങൾ പ്രവർത്തിച്ചിരുന്നതെങ്കിലും കാലാതിവർത്തിയായ പ്രസക്തി ഇതിനുള്ളതായി കാണാൻ കഴിയും.
 
ബ്രിട്ടീഷ് ഭരണകാലത്ത് വിദേശികളായ അധിനിവേശക്കാരെ ഓടിക്കുന്നതിനായി രാഷ്ട്രം ഒറ്റക്കെട്ടായി നിലകൊണ്ടുവെങ്കിലും സ്വാതന്ത്ര്യാനന്തരം 'ഇനിയെന്ത്?' എന്ന ചോദ്യത്തിന് ഉത്തരം നൽകുന്നതിൽ അന്നത്തെ ഭരണവർഗം അമ്പേ പരാജയപ്പെട്ടു. ഭാരതീയ തത്വചിന്തയുടേയും ജീവിതവീക്ഷണത്തിന്റേയും കാലാനുസൃതമായ പുനരാവിഷ്കരണം ഉണ്ടായില്ലെന്നു മാത്രമല്ല, വിദേശ ആശയങ്ങളുടെ അന്ധമായ അനുകരണത്തിലൂടെ ജനതയുടെ ചാലകശക്തി ദുർബലമാക്കി. കമ്യൂണിസ്റ്റുകൾ റഷ്യൻ ആശയങ്ങളുടെ സ്തുതിപാഠകരായപ്പോൾ നെഹ്രുവും കൂട്ടാളികളും ബ്രിട്ടനിലെ സോഷ്യലിസ്റ്റ് ആശയങ്ങൾ വിമർശനരഹിതമായി പകർത്തിവെച്ചു. ഉപാദ്ധ്യായ വിഭാവനം ചെയ്യുന്ന ഭാരതീയസ്വത്വത്തിന്റെ അടിസ്ഥാനത്തിൽ സ്വതന്ത്രഭാരതം കെട്ടിപ്പടുക്കുക എന്ന അടിസ്ഥാന സമീപനം പ്രേരണയിൽ തിലകൻ, അരവിന്ദ ഘോഷ്, ഗാന്ധി എന്നിവരുടെ നിലപാടുകളിൽനിന്ന് ഏറെയൊന്നും വിഭിന്നമല്ല. എന്നാൽ പുരോഗതിക്ക് പുറംതിരിഞ്ഞു നിൽക്കുന്നതുമല്ല ഈ നയം. മനുഷ്യവിജ്ഞാനം എന്ന്, എവിടെ ഉണ്ടായതായാലും വേണ്ടില്ല, അവയിൽ സ്ഥായിയും ശാശ്വതവുമായുള്ളവയെ മനുഷ്യസമുദായത്തിന്റെ പൊതുമുതലായി കാണണം. ഇവയിൽ നമ്മുടെ നേട്ടങ്ങളെ കാലാനുകൂലമാക്കിയും പുറത്തുനിന്നുള്ളവയെ ദേശാനുകൂലമാക്കിയും സ്വീകരിക്കണം.
 
മറ്റു രാഷ്ട്രങ്ങളിൽനിന്നും സമൂഹത്തിന്റെ സംഘാടന രീതികൾ എങ്ങനെ ഭാരതത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നു കാണാൻ ലേഖകൻ വിശദമായി ശ്രമിക്കുന്നു. വിദേശാനുകരണം പാടില്ല എന്നു പറയുമ്പോൾ അതിനു പകരം വെക്കാൻ തദ്ദേശീയമായ ഒരു കാര്യപരിപാടി ആവശ്യമാണല്ലോ. ഭാരതീയജീവിതത്തിന്റെ പ്രധാനതത്വം അതിന്റെ സംസ്കാരം അഥവാ ധർമ്മമാണ്. ഇതിന്റെയർത്ഥം ഭൗതികപ്രധാനമായ രാജനീതിക്ക് നമ്മുടെ ദൃഷ്ടിയിൽ ഒരു മഹത്വവും ഇല്ലായിരുന്നു എന്നല്ല, അതിനെ കേവലം ജീവിതസുഖത്തിന് കാരണമായും സംസ്കാരത്തെ സമ്പൂർണജീവിതമായും കണ്ടു എന്നതാണ്. പുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്ന സംജ്ഞകൾ ആ പദങ്ങളുടെ സംസ്കൃതരൂപം ഉത്തരേന്ത്യൻ നേതാക്കൾ ഉപയോഗിക്കുന്ന അർത്ഥത്തിലാണ് ഉൾക്കൊള്ളേണ്ടത്. ഭാരതീയ ജീവിതരീതി ചൂഷണത്തിന് എതിരാണെന്ന് ഗ്രന്ഥകാരൻ സമർത്ഥിക്കുന്നു. വ്യക്തിയുടെ പ്രയത്നം കൊണ്ടോ കുടുംബാടിസ്ഥാനത്തിലുള്ള ഉടമസ്ഥാവകാശം കൊണ്ടോ വലിയ തോതിൽ അസമത്വവും ചൂഷണവും ഉണ്ടാകാൻ സാദ്ധ്യതയില്ല. അതിനാൽ സാധാരണഗതിയിൽ ഉത്പാദനത്തിന്റെ അടിസ്ഥാനം വ്യക്തിയോ കുടുംബമോ ആയിരിക്കണം. വ്യവസായരംഗത്ത് കുടിൽ വ്യവസായങ്ങൾ അടിസ്ഥാനഘടകമാകണം. ഉപാദ്ധ്യായ ഈ ഭാഗങ്ങളെല്ലാം വിശദമായിത്തന്നെ പ്രതിപാദിച്ചിട്ടുണ്ടെങ്കിലും പല പ്രായോഗികവശങ്ങളേയും ലളിതവൽക്കരിക്കുകയും ഭാരതീയമായതിനെ ചിലപ്പോഴെല്ലാം ആദർശവൽക്കരിച്ചിട്ടുമില്ലേ എന്ന് നമുക്ക് സംശയം തോന്നാം.
 
ദേശം, രാജ്യം, രാഷ്ട്രം, ജനത എന്നീ സാങ്കേതിക പദങ്ങളുടെ സൂക്ഷ്മമായ നിർവചനം ഉപാദ്ധ്യായ നൽകുന്നു. രാജനീതിപരമായ പുതിയൊരു ചിന്താധാരയുടെ ബീജാവാപമാണ് ഇതിലൂടെ സാദ്ധ്യമാകുന്നത്. തകർന്ന ഇസങ്ങളുടെ ശ്മശാനഭൂമിയായ ലോകരാഷ്ട്രീയത്തിൽ ഈ പുത്തൻ ആശയങ്ങളുടെ പ്രസക്തി പരീക്ഷിച്ചു നോക്കേണ്ടതുണ്ട്. വ്യക്തിയെപ്പോലെ രാഷ്ട്രത്തിനും വ്യക്തിത്വമുണ്ട്. അനവധി ആളുകൾ ഏതെങ്കിലും പ്രത്യേക ലക്ഷ്യത്തിനുവേണ്ടി ഒരു ഭരണഘടനയുടെ അടിസ്ഥാനത്തിൽ ഒത്തുചേരുന്നതുപോലെയല്ല രാഷ്ട്രത്തിന്റെ ഉത്പത്തി. അത് സ്വയം ജനിക്കുന്നതും അതിലെ അംഗങ്ങൾക്ക് തങ്ങൾ അധിവസിക്കുന്ന ദേശത്തോട് നിർവ്യാജമായ മമതാബന്ധം തോന്നേണ്ടതുമാണ്. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നീ ഭൂഭാഗങ്ങളിൽ കോളനി രാജ്യങ്ങൾ സ്ഥാപിച്ച വെള്ളക്കാർ അവിടെ തദ്ദേശവാസികളേയും ചേർത്തുനിർത്തുന്ന ഒരു രാഷ്ട്രനിർമ്മാണത്തിൽ പങ്കാളികളായില്ല. മറ്റൊരു വിദൂരദേശത്തോടുള്ള സ്നേഹമാണ് അവരുടെ ചലനങ്ങളെ നിർവചിച്ചത്. ഒരു ഭൂപ്രദേശത്തിന് ദേശം എന്ന പേരു ലഭിക്കണമെങ്കിൽ അതിനെ മാതൃഭാവത്തോടെ കരുതുന്ന ജനം ഉണ്ടാകണം. ഭാരതമാതാവിന് ജയ് വിളിക്കാൻ മടിക്കുന്നവർ ഇവിടെ 'ജനം' എന്ന പേരിന് അർഹരാകുന്നില്ല. ഈ ഘട്ടത്തിൽ ഒരു രാഷ്‌ട്രത്തിലെ ഏകജനതയുടെ സാമൂഹ്യമായ മൂലപ്രകൃതിയെ 'ചിതി' എന്ന പേരിൽ ഉപാദ്ധ്യായ പരിചയപ്പെടുത്തുന്നു. ഏതേത് ആദർശങ്ങളുടെ സാക്ഷാൽക്കാരത്തിനുവേണ്ടിയാണോ രാഷ്ട്രം ആവിർഭവിക്കുന്നത്, അവയോട് നീതി പുലർത്തുന്നിടത്തോളം കാലം ചിതി നിലനിൽക്കും. ചിതിയിൽ ജാഗ്രത്തും ഏകീകൃതവുമായിത്തീർന്ന സമഷ്ടിയുടെ സ്വാഭാവിക ക്ഷാത്രശക്തിയെ 'വിരാട്' എന്നു വിളിക്കുന്നു. വിരാട് രാജ്യത്തിന്റെ പ്രാണനാണ്, ചിതി ആത്മാവും.
 
സ്വാതന്ത്ര്യത്തിനുശേഷം രാഷ്ട്രത്തിന് ആത്മവിശ്വാസം കൈമോശം വന്നതായി ഉപാദ്ധ്യായ വിലയിരുത്തുന്നു. വിദേശങ്ങളിൽനിന്ന് കടം വാങ്ങിയ വിചാരധാരകളിൽ നമ്മുടെ രാഷ്ട്രത്തിന്റെ സംസ്കാരമോ സഭ്യതയോ നിഴലിക്കുന്നില്ല. വേരുകൾ നഷ്ടപ്പെട്ട അത്തരമൊരു ഭരണക്രമത്തിൽ സ്വാതന്ത്ര്യം സഫലമാവുകയില്ല. സമൂഹകേന്ദ്രീകൃതമായ ഏഷ്യൻ സംസ്കാരവും വ്യക്തികേന്ദ്രീകൃതമായ പാശ്ചാത്യ സമ്പ്രദായത്തിനും മദ്ധ്യേ വ്യക്തികളും സമൂഹങ്ങളും തമ്മിലുള്ള സമഞ്ജസമായ ബന്ധങ്ങളാണ് ഭാരതീയസംസ്കാരത്തിന്റെ മുഖമുദ്ര. സ്വാതന്ത്ര്യസമരകാലത്ത് നഷ്ടപ്പെട്ട ജനകീയൈക്യം ഭാരതീയ സംസ്കൃതിയിലേക്കൊരു പുനഃപ്രതിഷ്ഠയിലൂടെ വീണ്ടും സ്ഥാപിച്ചെടുക്കാൻ കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
 
ഭാരതീയവിചാരകേന്ദ്രം ഡയറക്ടറായിരുന്ന യശശ്ശരീരനായ പി. പരമേശ്വരന്റെ അവതാരിക ഗ്രന്ഥഭാഗങ്ങളെ ഭംഗിയായി വായനക്കാർക്ക് പരിചയപ്പെടുത്തുന്നു. ഉപാദ്ധ്യായയുടെ ശൈലിയും പദസ്വാധീനവും സുഗമമായ വായന അത്രയെളുപ്പത്തിൽ സാദ്ധ്യമാക്കുകയില്ല. എങ്കിലും ആ ആശയങ്ങൾ നിരവധി അദ്ധ്യായങ്ങളിൽ പ്രതിപാദിക്കപ്പെട്ടിട്ടുള്ളതിനാൽ ഒരു സമഗ്രചിത്രം ലഭിക്കുന്നതിന് ഏറെ ബുദ്ധിമുട്ടേണ്ടതില്ല. പ്രസാധനത്തിനുശേഷം അര നൂറ്റാണ്ടു കഴിഞ്ഞെങ്കിലും ഉപാദ്ധ്യായയുടെ ആശയങ്ങൾ കാലികപ്രസക്തിയോടെ ഇന്നും നിലനിൽക്കുന്നത് നമ്മെ ആശ്ചര്യപ്പെടുത്തുന്നു.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
 
Book Review of 'Swathanthryathinte Safalyam' by Deendayal Upadhyaya
Kurukshetra Prakashan, 1996
ISBN: Nil 
Pages: 152