Monday, December 31, 2012

കുറ്റിപ്പുറം കേശവന്‍ നായരുടെ കവിത

ഒരല്ലലില്ലെങ്കിലെനിക്കു കല്ലാ-
യിരിക്കുവാന്‍ കൂടിയുമില്ല ദണ്ഡം
മരിച്ചുപോം മര്‍ത്ത്യതയെന്തിനാണു
കരഞ്ഞിടാനും കരയിച്ചിടാനും...

Wednesday, December 12, 2012

പുസ്തകോത്സവം

പ്രകൃതിയിലെ പലവസ്തുക്കളും ദിത്വരൂപത്തിലാണല്ലോ കാണപ്പെടുന്നത് - പോസിറ്റീവ്-നെഗറ്റീവ്, ഇരുളും വെളിച്ചവും എന്നിങ്ങനെ. എറണാകുളത്തെ പുസ്തകോത്സവവും അങ്ങനെതന്നെ. 16-മത്  അന്താരാഷ്ട്രപുസ്തകോത്സവം കാണാന്‍ കഴിഞ്ഞ ശനിയാഴ്ച പോയിരുന്നു. കഷ്ടിച്ച് ഒരു മാസം മുന്‍പ് ഡി.സി.ബുക്സ് സംഘടിപ്പിച്ച പുസ്തകോത്സവം ഓര്‍ത്തുപോയി. രവി ഡീസി ഒരു നല്ല ബിസിനസ്സുകാരനും സംഘാടകനുമാണെന്ന് തെളിയിച്ച ആ മഹാമഹം പക്ഷേ അദ്ദേഹം ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത്ത ആളാണെന്നും വ്യക്തമാക്കി. അല്ലെങ്കില്‍ എന്തുകൊണ്ടാണ് ഡി.സി.ബുക്സ് അല്ലാതെ മറ്റൊരു മലയാളപ്രസാധകശാലയും അതില്‍ പങ്കെടുക്കാതിരുന്നത്? ഇപ്പോള്‍ നടന്ന പ്രദര്‍ശനത്തില്‍ ഡി.സി. പങ്കെടുക്കാതിരുന്നതും എന്തുകൊണ്ടാണ്?

ഈ പ്രദര്‍ശനത്തില്‍ കഴിഞ്ഞമാസം നടന്നതില്‍ സംബന്ധിച്ച ഒരു പ്രസിദ്ധീകരണശാലയും ഉണ്ടായില്ല. എങ്കിലും മലയാളവും ഇംഗ്ലീഷുമൊക്കെയായി ഒട്ടേറെ സ്റ്റാളുകള്‍ തുറന്നിരുന്നു. ഇംഗ്ലീഷ്  സ്ററാളുകളിലെല്ലാം ഒരു പൊതുഘടകം പോലെ പൌലോ കോയലോയുടെ പുസ്തകങ്ങളും. തൂണിലും തുരുമ്പിലുമെല്ലാം പ്രകടമാകുന്നത് ഒരേ ഈശ്വരചൈതന്യമാണെന്ന് പറയുന്നതുപോലെ കോയലോയുടെ ഏതു പുസ്തകമെടുത്താലും ഒരേ ആശയങ്ങള്‍ തന്നെയാണ് കാണുന്നത്. ഒന്നിനും സമയമില്ലാതെ പരക്കം പായുന്ന ആധുനികലോകത്തില്‍, വ്യക്തിബന്ധങ്ങള്‍ ആര്‍ക്കും താങ്ങാവാത്ത ഒരു സാമൂഹ്യഘടനയില്‍, ആത്മവിശ്വാസത്തിനൊരു  ഒറ്റമൂലി പോലെ എളുപ്പം കാശാക്കാവുന്ന മറ്റൊന്നില്ലെന്ന് കോയലോ നന്നായി മനസ്സിലാക്കിയിട്ടുണ്ട്.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സ്റ്റാള്‍ കണ്ടു. മെലിഞ്ഞുപോയ ആനയെ തൊഴുത്തില്‍ കെട്ടിയതുപോലെ തോന്നിച്ചു. കഴമ്പുള്ള പുതിയ പുസ്തകങ്ങളൊന്നും ഇല്ല. ആകെയുള്ളത് കുറെ പഴയ വിവര്‍ത്തനങ്ങളും 40 പേജ് വരുന്ന ലഘുലേഖ പോലെ തോന്നിക്കുന്ന ചില കൊച്ചുപുസ്തകങ്ങളും. പ്രമുഖമായി നിരത്തി വെച്ചിരിക്കുന്നതാകട്ടെ ശാസ്ത്രകൌതുകം, എന്തുകൊണ്ട്, എന്തുകൊണ്ട്, എന്തുകൊണ്ട്.... എന്നിങ്ങനെ 30 വര്‍ഷം മുമ്പ് എന്റെ കുട്ടിക്കാലത്ത് പ്രസിദ്ധീകരിച്ചവയും. പരിഷത്തിന് എന്തുപറ്റി എന്ന് അല്പം വേദനയോടെ ഓര്‍ത്തു. ഒരു തലമുറയില്‍ ശാസ്ത്രാവബോധത്തിന്റെ നാമ്പുകള്‍ മുളപ്പിച്ച പ്രസ്ഥാനം പക്ഷേ കാലഹരണപ്പെട്ട ഒരു രാഷ്ട്രീയസിദ്ധാന്തത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് കുടിയേറിയപ്പോള്‍ അവര്‍ സ്വന്തം ശവക്കുഴി തന്നെ തോണ്ടുകയായിരുന്നു. കൂടംകുളം ആണവനിലയത്തിനെതിരെപ്പോലും  ആയുധവുമെടുത്തിറങ്ങിയപ്പോള്‍ ശാസ്ത്രമെന്താണ്, പാര്‍ട്ടിയുടെ കല്പനകളെന്താണ് എന്നിവ തമ്മില്‍ തിരിച്ചറിയാന്‍ അവര്‍ക്ക് പാങ്ങില്ലാതെ പോയി. എന്തായാലും 'ഗണിതകൗതുകം' എന്നൊരു പുസ്തകം വാങ്ങി.

സംഭവം പുസ്തകപ്രദര്‍ശനമാണെങ്കിലും കുറെയേറെ സ്റ്റാളുകള്‍ ഭക്ഷ്യവസ്തുക്കളും കളിപ്പാട്ടങ്ങളുമൊക്കെ വില്‍ക്കുന്നവയായിരുന്നു. അകിടിന്‍ചുവട്ടിലെ ചോര മാത്രം വിഷയമായുള്ളവര്‍ അവിടെയും തിക്കിത്തിരക്ക് ഉണ്ടാക്കിക്കൊണ്ടിരുന്നു. ഉപമകളെല്ലാം മറന്ന്‍ ഒരിടത്തുനിന്ന് പാലട കഴിച്ചുനോക്കി. സാധനം നല്ലതായിരുന്നെങ്കിലും  ചെറിയ കപ്പിന് 20 രൂപ കൊടുത്തപ്പോള്‍ കഴുത്തിനുപിന്നില്‍ ഒരു കഠാരയുടെ തണുത്ത സ്പര്‍ശം ശരിക്കും അനുഭവിച്ചു.

മൊത്തത്തില്‍ ഒരു കുത്തഴിഞ്ഞ പ്രതീതി. സംഘാടനം ഇവര്‍ ഡീ.സി.യെക്കണ്ടുതന്നെ പഠിക്കണം. ഒരു മാസം മുമ്പേ പ്രദര്‍ശനവും നടത്തി ഉള്ള കാശും പെട്ടിയിലിട്ട്‌ സന്തോഷിച്ചിരിക്കുന്നവരോടാണ് കളി!

Tuesday, November 27, 2012

വീണ്ടും അശ്വമേധം

ഇന്നലെ 'അശ്വമേധം' എന്ന ചിത്രം വീണ്ടും കാണാന്‍ ഇടവന്നു. 40 വര്‍ഷങ്ങള്‍ക്കുശേഷവും ആ ചിത്രം അതിന്റെ പുതുമ നിലനിര്‍ത്തുന്നത് അത്ഭുതകരമായി അനുഭവപ്പെട്ടു. കുഷ്ഠരോഗം പൂര്‍ണമായും രാജ്യത്തുനിന്ന് നിര്‍മാര്‍ജനം ചെയ്യപ്പെട്ടു എങ്കിലും അതിലേക്കുള്ള പാത അന്ധവിശ്വാസത്തിന്റെയും മുന്‍വിധികളുടെയും കല്ലും മുള്ളും ചവിട്ടിയുള്ളതായിരുന്നു എന്ന് ഈ ചിത്രം കാട്ടിത്തരുന്നു. സത്യന്‍ അവതരിപ്പിച്ച ശക്തമായ കഥാപാത്രം മന്ത്രവാദത്തിന്റെയും മൂഢവിശ്വാസത്തിന്റെയും പത്തി ചവുട്ടിയൊതുക്കുന്നത് കാണേണ്ടതുതന്നെയാണ്.

ഇന്ന് ഇതുപോലൊരു സിനിമ ഇറങ്ങുമോ എന്ന് സംശയം. ഒരുപക്ഷേ മന്ത്രവാദം കൊണ്ട് രോഗം മാറും എന്നുപോലും കാണേണ്ടിവന്നേക്കും. 'പൈതൃകം' പോലുള്ള ചവറുസിനിമകള്‍ ഉദാഹരണം. നാള്‍ക്കുനാള്‍ അന്ധവിശ്വാസത്തിന്റെ പിടിമുറുകിക്കൊണ്ടിരിക്കുന്ന കേരളസമൂഹത്തില്‍ മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത്? സമൂഹത്തില്‍ എന്താണ് വിറ്റഴിക്കാന്‍ കഴിയുന്നത് എന്നറിയാവുന്ന, പണത്തിന്റെ വിലയറിയാവുന്ന ഒരു നിര്‍മാതാവും ഇന്ന് മറ്റൊരു അശ്വമേധം നിര്‍മിക്കില്ല. കല്യാണത്തിനാണെങ്കില്‍ ജാതകവും മുഹൂര്‍ത്തവും, വീട് പണിയാന്‍ വാസ്തുവും ഗണപതിഹോമവും, ചികിത്സക്ക് ആയുര്‍വേദവും ഹോമിയോയും - മലയാളിയുടെ അന്ധവിശ്വാസങ്ങളുടെ പട്ടിക നീണ്ടുപോവുകയാണ്. റെയ്കി മുതലായ അഭ്യാസങ്ങള്‍ തിരശീലക്കുപിന്നില്‍ തയ്യാറാവുന്നുമുണ്ട്.

ഒരുപക്ഷേ വിശ്വാസങ്ങളും നമുക്ക് ഒരു ഫാഷന്‍ തരംഗമായിട്ടായിരിക്കാം അനുഭവപ്പെടുന്നത്. 60-70 കാലഘട്ടത്തിലെ പുരോഗമനചിന്താഗതിയില്‍ നിന്ന് കേരളം ഒട്ടേറെ പിന്നോക്കം പോയി. നവീന ആശയങ്ങളും, സംവരണവും തെളിച്ചിട്ട വഴിയിലൂടെ മുന്നേറിയ പിന്നോക്കക്കാര്‍ പക്ഷേ മുന്‍പുണ്ടായിരുന്നവരേക്കാള്‍ കടുത്ത വിശ്വാസികളാവുന്ന വിചിത്രകാഴ്ചയും കാണുന്നു.

എല്ലാം ശരിയാകുമായിരിക്കും, എന്നെങ്കിലും.. 

Sunday, November 4, 2012

ടി. പത്മനാഭന്‍ എന്ന സാഹിത്യവിസ്മയം

ചെറുകഥകള്‍ മാത്രം എഴുതുന്ന ഒരു സാഹിത്യകാരന്‍ മലയാളത്തില്‍ ഇത്രയേറെ പേരെടുക്കുക എന്നത് വളരെ അപൂര്‍വമായ ഒരു കാര്യം തന്നെയാണ്. പ്രത്യേകിച്ച് യോഗങ്ങളിലും മറ്റും അല്പസ്വല്പം സാമൂഹ്യവിരുദ്ധമായ കാഴ്ചപ്പാട് പുലര്‍ത്തുന്നു എന്ന്‍ പലരും ആക്ഷേപിക്കുന്ന ഒരു വ്യക്തി. ഏറ്റവുമടുത്ത് മലയാളസര്‍വകലാശാലയുടെ ഉത്ഘാടനച്ചടങ്ങുതന്നെ ഉദാഹരണം. അപ്പോള്‍ അദ്ദേഹത്തിന്റെ തൂലികയുടെ ശക്തി ഒന്നുകൊണ്ടുമാത്രമാണ് നമ്മള്‍ ആ വ്യക്തിയെ 'സഹിക്കുന്നത്' എന്ന് വ്യക്തമാണല്ലോ. അരാജകത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത, പ്രത്യാശ വഴിഞ്ഞൊഴുകുന്ന ഒട്ടേറെ കഥകള്‍ നമ്മുടെ ഭാഷക്കു സമ്മാനിച്ച ആ അതുല്യപ്രതിഭ വളരെയധികം കഥകള്‍ രചിച്ചിട്ടുണ്ട്. എനിക്കേറ്റവും പ്രിയപ്പെട്ട ഏതാനും കഥകള്‍ താഴെ കൊടുക്കുന്നു.

1. അപ്രതീക്ഷിതം
2. അശ്വതി
3. എന്റെ സോണി കളര്‍ ടി.വി.യും ഏതോ ഒരമ്മ കൊണ്ടുവന്ന പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളും.
4. ഒടുവിലത്തെ താവളം
5. ഒരദ്ധ്യായവും കൂടി
6. കത്തുന്ന ഒരു രഥചക്രം
7. കാലവര്‍ഷം
8. ഗുരുസ്മരണ
9. ഗോട്ടി
10. ജീവിക്കുവാന്‍ മറന്ന ഒരു മനുഷ്യന്‍
11. ജീവന്റെ വഴി
12. ദുഃഖം
13. നിധി ചാല സുഖമാ
14. പൂച്ചക്കുട്ടികളുടെ വീട് (2)
15. പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി
16. മരണത്തിന്റെ വഴി
17. മരിക്കുന്നവര്‍
18. മൃഗതൃഷ്ണ
19. വീട് നഷ്ടപ്പെട്ട ഒരു കുട്ടി
20. വീണ്ടും ഒരു തോണിയാത്ര
21. ശവദാഹം

Saturday, October 20, 2012

പോറ്റി സര്‍

"സമയം സ്വതന്ത്രമായി നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു യാഥാര്‍ഥ്യമാണ്‌. അത് എപ്പോഴും തിരശ്ചീനഅക്ഷത്തിലാണ് (horizontal axis) രേഖപ്പെടുത്തേണ്ടത്. അതിനെ നമുക്ക് നിയന്ത്രിക്കാന്‍ സാധിക്കില്ല എന്നത് സര്‍ക്യൂട്ട് തിയറിയില്‍ മാത്രമല്ല, ജീവിതത്തിലും നിങ്ങള്‍ മറക്കാന്‍ പാടില്ലാത്ത ഒരു കാര്യമാണ് ". വര്‍ഷങ്ങള്‍ക്കുശേഷം പോറ്റിസാറിന്റെ വാക്കുകള്‍ മനസ്സില്‍ തെളിഞ്ഞത് എന്തുകൊണ്ടാണാവോ? ഇന്നുച്ചക്കുപെയ്ത മഴയുംനോക്കി കുറേനേരം ചുമ്മാതിരുന്നപ്പോള്‍ ഉപബോധത്തിന്റെ ഏതോ കോണില്‍ നിന്ന് തലനീട്ടിയ കാരണമില്ലാത്ത കുറ്റബോധമായിരിക്കാം കാരണം. പഠിപ്പിക്കുന്ന വിഷയവും വിദ്യാര്‍ത്ഥികളെ ചീത്തവിളിക്കലും ഒഴിച്ച് പോറ്റിസാര്‍ ജീവിതത്തില്‍ ആദ്യമായും അവസാനമായും പറഞ്ഞ വാക്കുകള്‍ എന്ന നിലയില്‍ അത് ഞങ്ങളുടെയൊക്കെ മനസ്സില്‍ ഇടംനേടി.

ആ അദ്ധ്യാപകന്‍ എന്നും ഞങ്ങള്‍ക്കൊരു അത്ഭുതമായിരുന്നു. ജീവിതത്തെക്കാള്‍ വലിയ പ്രതിഛായയുമായി നടന്നിരുന്ന അദ്ദേഹത്തിന്റെ വീട്ടില്‍ ടി.വി.പോലും ഇല്ല എന്ന് മറ്റു അധ്യാപകര്‍ കുറ്റപ്പെടുത്തുന്നതുകേട്ടപ്പോള്‍ ഞങ്ങള്‍ക്ക് പക്ഷേ ആശ്ചര്യമൊന്നും തോന്നിയില്ല. അദ്ദേഹം വിവാഹിതനാണെന്നു കേട്ടപ്പോള്‍ ഞങ്ങള്‍ ആ സ്ത്രീയോട് സഹതപിച്ചു. മാനുഷികവികാരങ്ങളൊന്നും പ്രകടിപ്പിക്കാത്ത അദ്ദേഹം ഒരു കുട്ടിയുടെ പിതാവാണെന്നുകൂടി അറിഞ്ഞപ്പോള്‍ ഞങ്ങള്‍ ശരിക്കും ഞെട്ടിപ്പോയി. ഈ ഉരുക്കുമനുഷ്യന് അങ്ങനെ ഒരു ദൗര്‍ബല്യമോ! അങ്ങേയറ്റം രസകരവും എന്നാല്‍ വൈദ്യശാസ്ത്രപരമായി അസാധ്യവുമായ ഒട്ടേറെ തമാശകള്‍ വളരെ പ്രചാരം നേടി.

ഒരു സര്‍ക്കാര്‍ കോളേജില്‍, ഒരു ഡിപാര്‍ട്ട്മെന്റ് തലവന് വിദ്യാര്‍ഥികളുടെ മേല്‍ ഇത്ര കര്‍ശനനിയന്ത്രണം സാധ്യമാകും എന്നത് പലര്‍ക്കും ഒരു അതിശയമായി. കൃത്യമായ അധ്യാപനം, യാതൊരു തരികിടയും അനുവദിക്കാത്തതുമൂലം ശ്രദ്ധയോടെയുള്ള ഇരിപ്പ്, അദ്ദേഹത്തിന്റെ ഏതെങ്കിലും ചോദ്യത്തിനുമുന്നില്‍ എഴുന്നേറ്റുനില്‍ക്കേണ്ടി വരുന്നത് ഒഴിവാക്കാനുള്ള പരമമായ ഉദ്യമം - എന്തൊക്കെ പറഞ്ഞാലും അദ്ദേഹത്തിന്റെ ക്ലാസ്സുകള്‍ ഞങ്ങള്‍ക്കൊരനുഗ്രഹം തന്നെയായിരുന്നു. റിട്ടയര്‍മെന്റ് അടുക്കുമ്പോഴും അദ്ദേഹം പുതിയ വിഷയങ്ങള്‍ സ്വയം പഠിക്കുകയും അതിലും മനോഹരമായി അത് പഠിപ്പിക്കുകയും ചെയ്തു. 1989-ല്‍ സിലബസ് പരിഷ്കരിച്ച് ആദ്യമായി കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് എന്ന വിഷയം എന്‍ജിനീയറിംഗിന്  നിര്‍ബന്ധമാക്കിയപ്പോള്‍ പോറ്റിസാര്‍ 'പാസ്കല്‍ ലാംഗ്വേജ്' ഞങ്ങളെ പഠിപ്പിച്ചു. ആരുടെ തലതിരിഞ്ഞ ആശയമാണോ എന്തോ, ഈ ഭാഷയില്‍ ":=" എന്ന ചിഹ്നമാണ് അസൈന്‍മെന്റിന് ഉപയോഗിക്കുന്നത് (സാധാരണയായ "=" എന്നതിനുപകരം). മറ്റെന്തോ പറഞ്ഞുവന്ന കൂട്ടത്തില്‍ ":" എന്ന ചിഹ്നത്തിന്റെ പേരെന്താണെന്നു ചോദിച്ചപ്പോള്‍ ക്ലാസിലാകെ പരന്ന നിശബ്ദതയും വളരെ കട്ടിയേറിയതായിരുന്നു. ഉത്തരം കിട്ടാതെ വന്നപ്പോള്‍ പ്രകടമായ അസഹ്യതയോടെ ആ ചോദ്യം വിനയചന്ദ്രനോട് ചോദിച്ചതും ആ പാവം ഉത്തരം കിട്ടാതെ വിഷമിച്ചുനിന്നതും 'സ്കൂളിലേ തന്നെ പഠിക്കേണ്ടതായ കോളന്‍ എന്ന ഉത്തരം അറിയാതെയാണോ താനൊക്കെ ഇങ്ങോട്ടുവന്നതെന്നു' കണ്ണുരുട്ടി ചോദിച്ചതുമെല്ലാം ഇപ്പോഴും ഓര്‍ക്കുന്നു.

ഒടുവില്‍ പോറ്റിസാറിന്റെ റിട്ടയര്‍മെന്റ് ദിവസവും വന്നെത്തി. മറുപടിപ്രസംഗത്തില്‍ ആ മനുഷ്യന്റെ തൊണ്ടയിടറുന്നത് കേള്‍ക്കാന്‍ ഞങ്ങളില്‍ ചിലര്‍ താല്പര്യത്തോടെ കാത്തിരുന്നു. ക്രൂരതയൊന്നുമല്ല, അദ്ദേഹം ഒരു മനുഷ്യന്‍ തന്നെയാണെന്ന് ഞങ്ങളെത്തന്നെ ബോധ്യപ്പെടുത്താന്‍ മാത്രം! അവസാനം അദ്ദേഹം മറുപടി പറയാന്‍ എഴുന്നേറ്റു. സദസ്സിനെ മൊത്തം സ്തബ്ധരാക്കിക്കൊണ്ട് 'കേരളത്തിലെ വൈദ്യുതി വിതരണമേഖലയിലെ കനത്ത പ്രസാരണനഷ്ടത്തെയും അതൊഴിവാക്കാനുള്ള മാര്‍ഗങ്ങളെയും' കുറിച്ച് അദ്ദേഹം സംസാരിച്ചപ്പോള്‍ ആ വലിയ മനുഷ്യനെ അളക്കാനുള്ള അളവുകോലൊന്നും ഞങ്ങളെപ്പോലുള്ള ചെറിയമനുഷ്യരുടെ കയ്യില്‍ ഇല്ലെന്നു മനസ്സിലായി. ഇതേ ലക്ഷ്യവുമായി സദസ്സില്‍ ഇരുന്നിരുന്ന സഹഅധ്യാപകരും മനസ്സില്‍ ഇതുതന്നെ ഓര്‍ത്തുകാണണം.

പോറ്റിസാര്‍ ഇപ്പോള്‍ എവിടെയുണ്ടെന്നറിയില്ല, പക്ഷേ അധ്യാപനമേഖലയിലെ ആ അനന്യമായ വ്യക്തിത്വം എന്റെ മനസ്സില്‍ നേടിയെടുത്തിരുന്ന സ്വാധീനം ഇരുപതുവര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ തിരിച്ചറിയുന്നു, അംഗീകരിക്കുന്നു.


Wednesday, October 17, 2012

വൈക്കോല്‍ത്തുറുമ്പ്

ഓരോ കലഹവും മനസ്സിലേല്‍ക്കുന്ന മുറിവാണ്. ചിലത് ക്രമേണ ഉണങ്ങും. മറ്റു ചിലത് കൂടുതല്‍ മേഖലകളിലേക്ക് പരക്കും.

ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായ കലഹങ്ങളും അങ്ങനെതന്നെ. പക്ഷേ അവ വീട്ടിലേക്ക്  കൊണ്ടുപോകുന്നത് ശരിയല്ല. എങ്കിലും ഇടക്കെങ്കിലും ജോലിയും വീടും തമ്മിലുള്ള മറ നീങ്ങിപ്പോകും.

അസന്തുഷ്ടി തന്നെ അതിന്റെ അന്തിമഫലം.

ഓരോ മാസവും കുറയുന്ന ജീവനക്കാര്‍. ചെയ്യേണ്ട പണിക്ക് ഒരു കുറവുമില്ല. ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടി സഹപ്രവര്‍ത്തകരുമായി ജോലിചെയ്തിരുന്നതിന്റെ ഗൃഹാതുരസ്മരണകള്‍ ഉപേക്ഷിക്കാന്‍ സാധിക്കാത്ത ജീവനക്കാരും ആജ്ഞാശക്തിയില്ലാത്ത മുതലാളിമാരും.

പോരേ പൂരം!

ഒരു ഡോപമൈന്‍ മഴ അനുഭവിച്ച കാലം മറന്നുപോയി. ലക്ഷ്യമില്ലാതെ കൊഴിയുന്ന നാളുകള്‍. ഇന്നലെയും ഇന്നും നാളെയുമൊക്കെ ഒരുപോലെ തന്നെ. അടുത്ത വളവിലെവിടെയോ പതുങ്ങിനില്‍ക്കുന്ന ഡിപ്രഷന്‍. അതിനെ ഒഴിവാക്കിപ്പോകാനുള്ള സ്ഥലം ഉണ്ടാകുമോ എന്തോ!

ഇപ്പോള്‍ പുസ്തകങ്ങളാണെന്റെ ഏക വൈക്കോല്‍ത്തുറുമ്പ്.

Monday, October 8, 2012

ഇനി ഞാന്‍ ഉണരട്ടെ....

പി. കെ. ബാലകൃഷ്ണന്റെ വിഖ്യാതമായ ‘ഇനി ഞാന്‍ ഉറങ്ങട്ടെ’ എന്ന നോവലിന്റെ തലക്കെട്ടിനോട് തോന്നുന്ന സാദൃശ്യം യാദൃശ്ചികമല്ല. പണ്ടെന്നോ വായിച്ചതാണെങ്കിലും അതിന്റെ വികാരതീവ്രമായ ഉള്ളടക്കം മനസ്സിന്റെ ഏതോ താഴ്വരകളില്‍ കൊഴിഞ്ഞുപോകാത്ത ഇതളുകളുമായി തലയാട്ടി നില്‍ക്കുന്നു. തന്റെ സീമന്തപുത്രനായ  കര്‍ണനെ നഷ്ടപ്പെട്ട കുന്തി സ്നുഷയായ ദ്രൌപദിയോട്  വിവരിക്കുന്ന കര്‍ണവൃത്താന്തമാണ്‌ പ്രതിപാദ്യം. മഹാഭാരതത്തിന്റെ കാലാതിശായിയായ നിലനില്പ് അതിനെ ആശ്രയിച്ചു നിര്‍മിച്ച രണ്ടാംനിര (രണ്ടാം തരമല്ല) പുസ്തകങ്ങള്‍ക്കും ദീര്‍ഘായുസ്സ് നല്‍കുന്നുണ്ട് – യയാതി, രണ്ടാമൂഴം എന്നിവ ഓര്‍ക്കാം. എല്ലാം കേട്ടുകഴിഞ്ഞ പാഞ്ചാലി അവസാനം പറയുന്ന വാക്കുകളാണ് ‘ഇനി ഞാന്‍ ഉറങ്ങട്ടെ’ എന്നത്.

ഇവിടെ സ്ഥിതി അല്പം വ്യത്യസ്തം. ഉറങ്ങിക്കിടക്കുന്ന വ്യക്തി ഉണര്‍ന്നെഴുന്നേല്‍ക്കലാണ്  നമ്മുടെ ഇതിവൃത്തം. ഈ റെയില്‍വേ പ്ലാറ്റ്ഫോമില്‍ ചലനമറ്റു വണ്ടി കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. സാങ്കേതികവിദഗ്ധര്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഈ വാഹനം അനക്കാന്‍ സാധിച്ചില്ല. ‘വെള്ളാനകളുടെ നാട് ’ എന്ന ചിത്രത്തില്‍ കണ്ടതുപോലെ ആനയെക്കൊണ്ടുവരെ വലിപ്പിച്ചുനോക്കി, രക്ഷയില്ല. എന്‍ജിന് എന്താണ് കുഴപ്പമെന്ന് കണ്ടുപിടിക്കാനും സാധിച്ചില്ല. വണ്ടി ഓടിക്കേണ്ടയാള്‍ കോമയിലെന്നവണ്ണം ഗാനിദ്രയിലായിപ്പോയാല്‍ എന്തുചെയ്യാന്‍ സാധിക്കും?

എങ്കിലും അവസാനം ഒരു പരിഹാരമാകുന്നു. അയാള്‍ ഉറക്കമുണരുകയാണ്. നിശ്ചലതയുടെ കുറ്റിയില്‍ തളച്ചിട്ടിരുന്ന സ്വപ്നങ്ങളുടെ ചങ്ങല അഴിഞ്ഞുതുടങ്ങുന്നു. പുറംതോട് പൊളിച്ച്, കാത്തുനിന്നിരുന്ന ലോകത്തിന്റെ ഊഷ്മളതയിലേക്ക് ആ പക്ഷി മെല്ലെമെല്ലെ നടന്നുതുടങ്ങുന്നു. മറ്റൊരു പുലരി ഇതള്‍ വിരിക്കുകയായി. തുടുത്ത പ്രഭാതത്തില്‍ അയാള്‍ കണ്ണുതിരുമ്മി നാലുപാടും നോക്കുന്നു. അത്ഭുതങ്ങളില്‍ അത്ഭുതമെന്ന വണ്ണം ഒന്നും മാറിയിട്ടില്ല എന്നുകാണുന്നു. മുന്നില്‍ നീണ്ടുകിടക്കുന്ന പാളങ്ങളിലെ ഉരുക്ക് അയാളുടെ നിശ്ചയവുമായി ഇടകലരുന്നു. ബ്രേക് അയയുന്നു, വണ്ടി സാവധാനം മുന്നോട്ടുനീങ്ങുകയായി. അടുത്തുള്ളവയൊക്കെ പിന്നിലേക്കോടുകയും അകലെയുള്ളവയൊക്കെ കൂടെവരികയും ചെയ്യുന്ന യാത്ര തുടങ്ങുകയായി. അയാള്‍ തിരിഞ്ഞുനോക്കി… കൂടെയുണ്ടായിരുന്നവരെല്ലാം അവരവരുടെ സ്ഥാനങ്ങളിലുണ്ട്….മുന്നോട്ട്….. മുന്നോട്ട്….. മുന്നോട്ട്…..

Wednesday, October 3, 2012

വീണ്ടും ഉപ്പുതൂണ്‍

മറ്റൊരു യാത്രയുടെ ആരവം കൂടിയകന്നു. ഏര്‍ക്കാട്, മേട്ടൂര്‍ ഡാം എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു തിരിച്ചെത്തി. സ്വയം ഡ്രൈവ് ചെയ്തുപോയതിന്റെ ക്ഷീണം പ്രതീക്ഷിച്ചതുപോലെ ഉണ്ടായില്ല. 3 ദിവസം കൊണ്ട് 839.4 കിലോമീറ്റര്‍ ഓടിതീര്‍ത്തു. അത് ഒരു വലിയ ദൂരമൊന്നുമല്ല, പക്ഷേ ചെറിയ ദൂരങ്ങള്‍ മാത്രം ശീലമാക്കിയ ഒരാള്‍ക്ക്‌ അങ്ങനെയല്ലല്ലോ. ഇത്രയും ദൂരം ഓടിക്കുക എന്നത് ഒരു വെല്ലുവിളിയായി ഏറ്റെടുത്തു. ജീവിതം നീട്ടുന്ന വെല്ലുവിളികളെ നേരിടുമ്പോഴാണല്ലോ അത് സന്തോഷകരമാകുന്നത്. രണ്ടു രാത്രികള്‍ ചെലവഴിക്കാന്‍ മാത്രം ഏര്‍ക്കാട് ഒന്നുമില്ല എന്നറിഞ്ഞുതന്നെയാണ് പോയത്. ഓടിനടന്ന് സ്ഥലങ്ങള്‍ കാണല്‍ മാത്രമല്ല യാത്രയുടെ ഉദ്ദേശം. ഇടയ്ക്കൊക്കെ വഴിയരികില്‍ തളര്‍ന്നിരുന്നു പിന്നിട്ട വഴികളെക്കുറിച്ചുകൂടി ചിന്തിക്കണം. സംഭവിച്ചത്, സംഭവിക്കുമായിരുന്നത്‌ – ഇതെല്ലാം പുതിയ ഒരു അനുഭവത്തിന്റെ വെളിച്ചത്തില്‍ പരിശോധിക്കാന്‍ യാത്രകള്‍ സഹായിച്ചാല്‍ അത്രയുമായി. കടന്നു പോകുന്ന നിമിഷങ്ങളില്‍ ശരിയായി തിരിച്ചറിയപ്പെടാത്ത പല സംഭവങ്ങളും മുന്നോട്ടുള്ള യാത്രയുടെ പിന്നാമ്പുറക്കണ്ണാടിയിലൂടെ കാണുമ്പോഴാണ് അവ ജീവിതാനുഭവങ്ങളുടെ മധുരവും കയ്പ്പും ഇടകലര്‍ന്ന തളികയിലെ വിഭവങ്ങളാകുന്നത്.

മുന്‍പത്തെ യാത്രകള്‍ എത്ര മനോജ്ഞങ്ങളായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്‌. ഉത്തരവാദിത്വങ്ങള്‍ പങ്കുവെച്ച്, വെല്ലുവിളികള്‍ കൂട്ടായി നേരിട്ട്, പുതിയ നാടുകളെയും പുതിയ ആളുകളെയും ജിജ്ഞാസയോടെ മനസ്സിലാക്കി, അങ്ങനെയങ്ങനെ…..വയനാട്ടിലെ കുട്ടാ വന്യജീവിസങ്കേതത്തിലൂടെ രാത്രിയില്‍ നടത്തിയ ആ യാത്ര എന്നെങ്കിലും മറക്കാനാവുമോ? ശോഭയാര്‍ന്ന വര്‍ണരാജി പകര്‍ന്നുതന്നിരുന്ന പ്രിസം ആരുടെയോ കൈതട്ടി സ്ഥാനം മാറിപ്പോയി, ഇപ്പോള്‍ നരച്ച വെള്ളവെളിച്ചം മാത്രം നല്‍കുന്നുണ്ട്. ജീവിതം മുന്നോട്ടുപോകണം, ഗൃഹാതുരത്വത്തിന്റെ തപ്തസ്മരണകള്‍ ചിതറിക്കിടക്കുന്ന നാട്ടുവഴികളിലൂടെ. തിരിഞ്ഞുനോക്കാതെ മുന്നോട്ടുതന്നെ പോകണം, പോയേ പറ്റൂ.  ഇതെല്ലാമറിഞ്ഞിരുന്നിട്ടും എന്തിനു വെറുതെ ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യത്തെപ്പറ്റി ചിന്തിച്ച് വേദന നിറച്ചുവെക്കുന്നു? എന്തിനു വെറുതെ തിരിഞ്ഞു നോക്കിനോക്കി സംശയിച്ചുതന്നെ നില്‍ക്കുന്നു? യഹോവയുടെ ആജ്ഞ ധിക്കരിച്ച് കടന്നുപോയ വഴികള്‍ തിരിഞ്ഞുനോക്കി ഉപ്പുതൂണായി മാറിപ്പോയ ഉല്പത്തിപുസ്തകത്തിലെ ലോത്തിന്റെ ഭാര്യയെപ്പോലെ?

Sunday, September 30, 2012

ഒ.എന്‍.വിയുടെ പാഥേയം

 ചുമ്മാ ഒരു യാത്ര - ഏര്‍ക്കാട് വരെ. വരുന്ന വഴി മേട്ടൂര്‍ ഡാം കൂടി കയറും. 2 ദിവസം ഏര്‍ക്കാട് തന്നെ. ഒന്നും ചെയ്യാനില്ലാതെ ഹോട്ടല്‍ മുറിയില്‍ ഇരിക്കുമ്പോള്‍ കണ്ടുമുട്ടിയ ഒരു കവിത. ഒ.എന്‍.വിയുടെ പാഥേയം.  എന്തോ പെട്ടെന്ന് മനസ്സില്‍ കയറിക്കൂടി.

വേര്‍പിരിയുവാന്‍ മാത്രമൊന്നിച്ചുകൂടി നാം
വേദനകള്‍ പങ്കുവയ്ക്കുന്നൂ!
കരളിലെഴുമീണങ്ങള്‍ ചുണ്ടു നുണയുന്നൂ;
കവിതയുടെ ലഹരി നുകരുന്നൂ!
കൊച്ചുസുഖദുഃഖമഞ്ചാടിമണികള്‍ ചേര്‍ത്തു-
വച്ചു പല്ലാങ്കുഴി കളിക്കുന്നൂ,
വിരിയുന്നു കൊഴിയുന്നൂ യാമങ്ങള്‍;-
നമ്മളും പിരിയുന്നു യാത്ര തുടര്‍ന്നൂ!

മായുന്ന സന്ധ്യകള്‍ മടങ്ങിവരുമോ?-പാടി-
മറയുന്ന പക്ഷികള്‍ മടങ്ങിവരുമോ?
എങ്കിലും സന്ധ്യയുടെ കൈയിലെ സ്വര്‍ണവും
പൈങ്കിളിക്കൊക്കില്‍ കിനിഞ്ഞ തേന്‍തുള്ളിയും
പൂക്കള്‍ നെടുവീര്‍പ്പിടും ഗന്ധങ്ങളും മൌന-
പാത്രങ്ങളില്‍ കാത്തുവച്ച മാധുര്യവും
മാറാപ്പിലുണ്ടെന്‍റെ മാറാപ്പിലു,ണ്ടതും
പേറി ഞാന്‍ യാത്ര തുടരുന്നൂ!

മുറതെറ്റിയെത്തുന്നു ശിശിരം!
വിറകൊള്‍വൂ തരുനഗ്നശിഖരം!
ഒരു നെരിപ്പോടിന്‍റെ ചുടുകല്ലുകള്‍ക്കിടയില്‍
എരിയുന്ന കനലുകള്‍ കെടുന്നൂ.
വഴിവക്കില്‍ നിന്നേറിവന്ന വിറകിന്‍കൊള്ളി
മുഴുവനുമെരിഞ്ഞു തീരുന്നൂ.
ഒടുവിലെന്‍ ഭാണ്ടത്തില്‍ ഭദ്രമായ്‌ സൂക്ഷിച്ച
തുടുചന്ദനത്തുണ്ടു വിറകും
അന്ത്യമായ് കണ്ണുചിമ്മുമഗ്നിക്കു നല്‍കി ഞാന്‍
ഒന്നതിന്‍ ചൂടേറ്റു വാങ്ങി.

പാടുന്നു നീണ്ടൊരീ യാത്രയില്‍ തളരുമെന്‍
പാഥേയമാകുമൊരു ഗാനം!
ഒരു കപടഭിക്ഷുവായ് ഒടുവിലെന്‍ ജീവനെയും
ഒരു നാള്‍ കവര്‍ന്നു പറന്നുപോവാന്‍
നിഴലായി നിദ്രയായ് പിന്തുടര്‍ന്നെത്തുന്ന
മരണമേ!നീ മാറി നില്‍ക്കൂ!
അതിനുമുന്‍പതിനുമുന്‍പൊന്നു ഞാന്‍ പാടട്ടെ
അതിലെന്‍റെ ജീവനുരുകട്ടെ!
അതിലെന്‍റെ മണ്ണ് കുതിരട്ടേ,പിളര്‍ക്കട്ടേ,
അതിനടിയില്‍ ഞാന്‍ വീണുറങ്ങട്ടെ!

Tuesday, September 25, 2012

മൃതി എന്ന പെണ്‍കുട്ടി

പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ 'മരുന്ന്' എന്ന നോവല്‍ ഏറെ പ്രത്യേകത പുലര്‍ത്തുന്ന ഒന്നാണ്. അദ്ദേഹത്തിന്റെ മറ്റു പല പുസ്തകങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ കൃതി നല്ല നിലവാരം പുലര്‍ത്തുന്നു. വായിച്ചിട്ട് ഏകദേശം 15 വര്‍ഷങ്ങളായെങ്കിലും ആ നോവല്‍ അന്ന് മനസ്സിലുണ്ടാക്കിയ കൊച്ചലകള്‍ ഇന്നും മനസ്സിന്റെ ചായക്കൂട്ടില്‍ നിറം മങ്ങാതെ നില്‍ക്കുന്നുണ്ട്. ഇന്നലെ പഴയ ഡയറികള്‍ മറിച്ചുനോക്കിയപ്പോള്‍ - ലോകകപ്പ് ഫുട്ബോളിന്റെ സ്കോറുകളല്ലാതെ അതിലൊന്നുമില്ല. ആരെങ്കിലും എടുത്തു വായിച്ചേക്കുമോ എന്ന ഭയം എന്റെ മനസ്സിനെ എപ്പോഴും പതിനാലു ലിവറുകളുള്ള താഴിന്റെ പുറകില്‍ നിര്‍ത്തിയിരുന്നു - ഞാന്‍ പണ്ട് 'മരുന്ന്' എന്ന പുസ്തകത്തില്‍ നിന്ന് പകര്‍ത്തിവെച്ചിരുന്ന ഒരു കവിത കിട്ടി (കുഞ്ഞബ്ദുള്ള ഇത് മറ്റെവിടെയോ നിന്ന് പകര്‍ത്തിയതാണ് ).

'മൃതി എന്ന പെണ്‍കുട്ടി' എന്നാണതിന്റെ തലക്കെട്ട്‌. സൃഷ്ടികര്‍ത്താവ് മരണത്തെ ഒരു പെണ്‍കുട്ടിയായാണത്രെ സൃഷ്ടിച്ചത്. (സാഹിത്യത്തില്‍ ദൈവത്തിന്റെ നിലനില്‍പ്പ്‌ നമുക്ക് ചിലപ്പോഴൊക്കെ അംഗീകരിച്ചുകൊടുക്കേണ്ടി വരും. അല്ലെങ്കില്‍ അത് പുരോഗമന സാഹിത്യം പോലെ വിരസവും ശുഷ്കവും ആയിത്തീരും. "താങ്കളുടെ ലോകവ്യവസ്ഥയില്‍ ദൈവത്തിന്റെ സ്ഥാനം എവിടെയാണ് " എന്ന് നെപ്പോളിയന്‍ ചക്രവര്‍ത്തി ചോദിച്ചപ്പോള്‍, "സര്‍, എനിക്കങ്ങനെയൊരു ഊഹസിദ്ധാന്തത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല" എന്ന് മറുപടി നല്‍കിയ ഗണിതശാസ്ത്രജ്ഞന്‍ പിയറി-സൈമണ്‍ ദ് ലാപ്ലേസിനെ നമുക്ക് തല്ക്കാലം മറക്കാം). ഉറ്റവരുടെ മടിയില്‍നിന്ന് ആത്മാക്കളെ വലിച്ചെടുക്കുമ്പോള്‍ ഉയരുന്ന ആര്‍ത്തനാദങ്ങളില്‍ ഖിന്നയായ ആ കന്യക പിതാവിന്റെയടുക്കല്‍ ആവലാതിപ്പെട്ടു. അദ്ദേഹമവളെ ബധിരയാക്കി. എന്നിട്ടും കരച്ചിലും വിഷാദവും അവള്‍ക്ക് പിന്നെയും കാണേണ്ടിവന്നു. അപ്പോള്‍ കാരുണ്യവാനായ പിതാവ് അവളെ അന്ധയുമാക്കി. അങ്ങനെ ബധിരയും അന്ധയുമായ ആ കന്യക മുക്തിയും പ്രദാനം ചെയ്ത്‌ ലോകത്തില്‍ അലഞ്ഞുനടക്കുന്നു. ഇതാണ് ആ കവിതയുടെ സാരാംശം. പതിറ്റാണ്ടിനിപ്പുറം ഇന്നും മനസ്സിനെ ആട്ടിയുലക്കുന്ന ആ കവിത താഴെ. കുഞ്ഞബ്ദുള്ളയോടു കടപ്പാട്.

 മൃതിയെക്കണ്ണാല്‍ കണ്ടേനിന്നലെ; എന്തോ തേടി-
യുഴറും മിഴിയുമായ്, മിഴിയിലിരുളുമായ്
എണ്പതുവര്‍ഷത്തിന്റെ പാഴ്മഞ്ഞാല്‍ വെറുങ്ങലി-
ച്ചുന്തിയോരെല്ലിന്‍ കൂടാം മെയ്യുമായ്, ഭയവുമായ്
മുത്തശ്ശി ഞരങ്ങിയും മൂളിയും കിടക്കുന്ന
കട്ടിലിന്നരികില്‍ ഞാനുറങ്ങാതിരിക്കവേ,

പാതിരാത്രിതന്‍ ഘണ്ടാനിസ്വനം ജലപ്പര-
പ്പേതിലോ വീഴും ശിലാഖണ്ടമായ് ഭയത്തിന്റെ
വീചികള്‍ വീശിച്ചുഴന്നടങ്ങാതേതോ ദൂര-
തീരത്തില്‍ മുട്ടിത്തിരിഞ്ഞെന്നില്‍ വന്നലയ്ക്കവേ,

പഴകിപ്പൊടിഞ്ഞൊരു നെഞ്ഞിന്റെയുള്ളില്‍ പ്രാണന്‍
ചിറകിട്ടടിക്കവേ, തളരും കരം നീട്ടി
ശക്തമെന്‍ വലംകയ്യില്‍ മുറുകെപ്പിടിക്കിലും
അത്യഗാധതയിലേക്കന്ധമായ് വഴുതുമ്പോള്‍

'എന്തു ചെയ്യട്ടെ ഞാനെ'ന്നിടറും നാവാല്‍ പാവ-
മെന്റെ യൌവനത്തോടു തുണയ്ക്കായ്‌ യാചിക്കയായ്
(എന്തു ചെയ്യുവാനാവുമെനിക്കു യാത്രക്കാരീ,
നിന്‍ പാത സുഗമമായ്‌ തീരുവാന്‍ നേരാനെന്യേ?)

സംശയിച്ചല്ലോ ഞാനും ചൊല്ലിനേന്‍, 'ജപിച്ചാലു-
മീശ്വര നാമം, ദൈന്യമൊക്കെയും താനേ മാറും.'
കലങ്ങിപ്പായും വെള്ളക്കുത്തിലീ വൈക്കോല്‍ത്തുരു-
മ്പെറിഞ്ഞുകൊടുത്തു ഞാന്‍ മൂകമായിരിക്കയായ്
മൂടല്‍മഞ്ഞുപോല്‍ രാവില്‍ ഗൂഢമാം ഗഹനത-
യോടിയെത്തുന്നു, കണ്ണില്‍ പേടികളനങ്ങുന്നൂ.
പതുക്കെപ്പതുക്കവേ മറ്റേതോ ലോകത്തിന്റെ
തണുപ്പുകയറുമാ കൈത്തലം കയ്യില്‍ പേറി

വിറക്കും ചുണ്ടാല്‍ രാമനാമങ്ങളുരുവിടാന്‍
ശ്രമിക്കെപ്പെട്ടെന്നു ഞാന്‍ കണ്ടു - ഞാന്‍ തനിച്ചല്ലാ-
മൃതിയെക്കണ്ണാല്‍ കണ്ടേനിന്നലെ; മുഖം താഴ്ത്തി-
യൊരു കന്യകയുണ്ടാത്തലയ്ക്കലിരിക്കുന്നു!

ചെഞ്ചോല വാരിച്ചുറ്റിച്ചെമ്പിച്ച മുടി പാറി-
സ്സങ്കടത്താലോ മുഖം താഴ്ത്തിയങ്ങിരിക്കുന്നു.
ആരു നീ? വരണ്ടൊരെന്‍ ചുണ്ടില്‍നിന്നല്ലാ ഭയ-
രോദനം മമാത്മാവിനുള്ളില്‍ നിന്നല്ലോ പൊങ്ങീ
കേട്ടതില്ലെന്നോ? കേള്‍ക്കാനാവില്ലയെന്നോ? കരം
നീട്ടി ഞാന്‍ തടഞ്ഞിട്ടും കണ്ടില്ല! കാണില്ലെന്നോ!
പിന്നെ, ഹാ, കനമേറും കറുത്ത തിരശ്ശീല-
യെന്ന പോലിരുളൂര്‍ന്നൂ ചുറ്റിലും തേങ്ങീടവേ
അല്പമാ മുഖമൊന്നു പൊങ്ങീ, ഞാന്‍ കണ്ടേന്‍, ആഹാ!
ദൃഷ്ടിശൂന്യമാം സ്ഥിരപാടലനയനങ്ങള്‍!

ഞെട്ടുന്നൂ, തിരിച്ചറിയുന്നൂ ഞാന്‍, ഇവളല്ലോ
സൃഷ്ടികര്‍ത്താവിന്‍ പ്രിയമാര്‍ന്ന മാനസപുത്രി!
ആരുടെ മടിത്തട്ടിലമ്മതന്‍ മാറില്‍ പോലെ
ചേരുന്നൂ, വ്യഥ മാഞ്ഞു ചാഞ്ഞുറങ്ങുന്നൂ ലോകം.
ആരുടെ തണുപ്പേലും കൈകള്‍ തന്നലിവേല്ക്കെ,
മാറുന്നൂ നോവും മഹാരോഗവും അപമാന-
ഭീതിയും പ്രണയത്തിന്‍ വ്യാധിയും മര്‍ത്യാത്മാവിന്‍
നൂറുനൂറു സംതൃപ്ത ദാഹങ്ങളഖിലവും............

(ഇക്കന്യ കരഞ്ഞും കൊണ്ടെത്തിപോല്‍ കാലത്തിന്റെ
പുത്തനാം പുലരിയില്‍ താതസന്നിധി തന്നില്‍)
"വയ്യെനിക്കവിടുന്നു നല്‍കിയ പണി ചെയ്യാന്‍
വയ്യെന്നു" കണ്ണീര്‍ വാര്‍ത്തു കൈകൂപ്പിയപേക്ഷിച്ചാള്‍
"അച്ഛന്റെ മടിയില്‍ നിന്നുണ്ണിയെ, പ്പതിയുടെ
ഹസ്തത്തില്‍നിന്നും പ്രാണതുല്യയാം വധുവിനെ,
അമ്മതന്‍ മാറില്‍നിന്നു കുഞ്ഞിനെ, സ്സതിയുടെ
പുണ്യമാം പുണരലില്‍ നിന്നയ്യോ! കണവനെ
പിടിച്ചു വലിച്ചു ഞാന്‍ മാറ്റവേ, വയ്യേ കാണാന്‍
പിടിച്ചു ചിറകറ്റുവീഴുമാ ദുഖങ്ങളെ!"
"പോവുക", പിതാവോതീ, "ചെയ്യുക നിനക്കായി
ദേവനിര്‍മ്മിതമായൊരീ മഹായത്നം തന്നെ
തന്നു ഞാന്‍ വരം, കാണ്‍ക വേണ്ട നീയുറ്റോര്‍ തന്റെ
കണ്ണുനീര്‍, നിന്‍ നേത്രങ്ങളിനിമേല്‍ കാണില്ലൊന്നും,"

അങ്ങനെ നിത്യാന്ധയായ് മൃതിപോയി പോല്‍ വീണ്ടും
മന്നിലേക്കുയിരിന്റെ കൊയ്ത്തു പാടത്തേക്കായി
പിന്നെയുമൊരു നാളില്‍, പിതൃസന്നിധിയിലാ
ക്കന്യക തപ്പിത്തടഞ്ഞെത്തിനാള്‍ കണ്ണീരോടെ
"ഇനിയും കണ്ണീരെന്തെന്‍ വത്സക്ക് "? "വയ്യേ ഞാനൊ-
ന്നണയുംനേരം പൊങ്ങുമാര്‍ത്തനാദങ്ങള്‍ കേള്‍ക്കാന്‍
ദാരുണമാകും പൊട്ടിക്കരച്ചില്‍, മരിപ്പോര്‍ തന്‍
പേര്‍ ചൊല്ലി വിളിച്ചുച്ചം കേഴുമാ വിളി കേള്‍ക്കാന്‍",
കരുണാ തരംഗിതമായിടും മിഴിയുമായ്
അരുളീ താതന്‍, "കേള്‍ക്കയില്ല നീയിനിയൊന്നും"
അങ്ങനെ ബാധിരയായന്ധയായ് നടപ്പിത-
ക്കന്യക, മുഖം താഴ്ത്തിച്ചെമ്പിച്ച മുടി പാറി
കണ്ണീരും കരച്ചിലും കാണില്ല, കേള്‍ക്കില്ലവള്‍
വന്നു നിശ്ശബ്ദം കൂട്ടിക്കൊണ്ടുപോകുന്നു ദൂരെ.
************
കണ്ണുകളിമയ്ക്കാതെ നെഞ്ഞിടിപ്പറിയാതെ-
യങ്ങു ഞാനൊരു ശിലാരൂപമായ് സ്തംഭിക്കവേ
ഭ്രാന്തമാം മിഴികളില്‍ കണ്ടുവോ? മുത്തശ്ശിതന്‍
ക്ലാന്തമാം നെറ്റിത്തടം പതുക്കെത്തടവിയും
കണ്‍കളെ താലോലിച്ചുകൂമ്പിച്ചും, ഞെട്ടും മാറില്‍
തന്‍ കരമണച്ചുഗ്രമുള്‍ച്ചൂടു തണുപ്പിച്ചും
പതുക്കെപ്പതുക്കവേ തൈലത്തില്‍ കരിന്തിരി
വലിച്ചുകെടുത്തുംപോലത്രമേല്‍ സദയമായി,
ശാന്തമായ്, അവളാകെ വിറക്കുമാപ്പാവത്തിന്‍ 
താന്തമാം കയ്യുംപേറി തിരിഞ്ഞു നടക്കുന്നു.
അച്ഛന്റെ സവിധത്തിലേക്കാവാം, കണ്‍കാണാതെ
തപ്പിയും തടഞ്ഞുമാക്കന്യക നടക്കുമ്പോള്‍
അക്കരം ഗ്രഹിച്ചല്പം സംഭ്രാന്തഭാവത്തോടു-
മൊപ്പമെന്‍ മുത്തശ്ശിയും നിഴല്‍ പോലകലുന്നൂ...

Friday, September 21, 2012

സ്ഥാനം തെറ്റി വിരിഞ്ഞ പൂക്കള്‍

"യാര്‍ഡ്‌ മുഴുവന്‍ പുല്ലുകയറിയല്ലോ, ഇവന്മാരിനി എന്നാണാവോ ഇങ്ങോട്ടു തിരിഞ്ഞുനോക്കുന്നത് ?" എഡ്വേര്‍ഡിന്റെ പതിവുപ്രതിഷേധം എന്നെ സമയം തെറ്റി കടന്നുവന്ന ഏതോ ചിന്തയില്‍നിന്നുണര്‍ത്തി. ഞാന്‍ ജനാലയിലൂടെ എത്തിനോക്കി. ശരിയാണ്. ഉയര്‍ന്ന വോള്‍ടേജില്‍ വൈദ്യുതി സ്വീകരിക്കുന്ന ഉപകരണങ്ങള്‍ നിരന്നിരിക്കുന്ന യാര്‍ഡ്‌. ഒരു പുല്‍നാമ്പുപോലും കാണാന്‍ പാടില്ലാത്ത സ്ഥലം - പക്ഷേ ഒരു പുല്‍ത്തകിടി പോലെയായിട്ടുണ്ട്.

"വേണ്ടപ്പെട്ടവരോട് പറയുമ്പോഴെല്ലാം ഇന്ന് ആളിനെ അയക്കാന്‍ പറ്റില്ല എന്നുപറയും". എന്റെ മനസ്സ് തിരിച്ചറിഞ്ഞതുപോലെ എഡ്വേര്‍ഡ് വീണ്ടും. ജീവനുള്ള ഒന്നും വളരാന്‍ പാടില്ല എന്ന വാശിയോടെ നിരത്തിയിരിക്കുന്ന കൂര്‍ത്ത പാറക്കഷണങ്ങള്‍. അതിനിടയിലൂടെ തലനീട്ടുന്ന പച്ചപ്പിന്റെ മുകുളങ്ങള്‍. 450 കോടി വര്‍ഷങ്ങള്‍ക്കുമുന്‍പ് വെറും പാറയായിരുന്ന ഈ ഗോളത്തെ ഇന്നത്തെ ജീവന്‍ തുടിക്കുന്ന ഭൂമിയാക്കിമാറ്റിയ ആ ജീവചൈതന്യത്തെ തടുത്തുനിര്‍ത്താന്‍ കുറച്ചു പാറക്കല്ലുകള്‍ക്ക് സാധിക്കുമോ?

തഴച്ചുവളരുന്ന കറുകപ്പുല്ലിനിടയില്‍നിന്നു തലനീട്ടിയ ഒരു വെള്ളായം പെട്ടെന്ന് എന്റെ ശ്രദ്ധയാകര്‍ഷിച്ചു. പേരറിയാത്ത ഏതോ കുറെ വെള്ളപ്പൂക്കള്‍. ഇന്നു രാവിലെ വിരിഞ്ഞതേയുള്ളൂ. യൌവനത്തിന്റെ വസന്താഗമനത്തില്‍, ഇളംകാറ്റില്‍ നാണത്തോടെ തലകുലുക്കി ആ പൂക്കള്‍ ചിരിച്ചുനില്‍ക്കുകയാണ്. ഭൂമിയുടെ മന്ദഹാസമാണ് പൂക്കള്‍ എന്നു പറയുന്നത് എത്ര ശരിയാണ്!

കളങ്കത്തിന്റെ കണികപോലും ഏശാതെ, വെളുപ്പിന്റെ മുഗ്ദ്ധലാവണ്യം മുഴുവന്‍ ആവാഹിച്ചെടുത്ത ഈ പൂക്കള്‍ പക്ഷേ സ്ഥാനം തെറ്റി വിടര്‍ന്നതല്ലേ? വിശുദ്ധിയുടെ സുഗന്ധവും പേറിനില്‍ക്കുന്ന ഈ പുഷ്പങ്ങള്‍ക്കറിയില്ല അവര്‍ വിടരാന്‍ പാടില്ലായിരുന്നു എന്ന്. സിരകളില്‍ മെല്ലെമെല്ലെ പടര്‍ന്നു കയറുന്ന  അസ്വസ്ഥതയുമായി നില്ക്കേ, അരിവാളും കുട്ടയുമായി നടന്നടുക്കുന്ന ജോലിക്കാരെ കണ്‍കോണുകളിലൂടെ ഞാന്‍ കണ്ടു.

"ഓ, ഭാഗ്യം! അവന്മാരിന്നെങ്കിലും എത്തിയല്ലോ".... ശുദ്ധാത്മാവായ എഡ്വേര്‍ഡ് എന്നത്തേയും പോലെ സന്തോഷവാനാണ് !



Saturday, September 15, 2012

ചില ഹര്‍ത്താല്‍-ദിന ചിന്തകള്‍

മറ്റൊരു ഹര്‍ത്താല്‍ ദിനം. ഡീസലിന് അഞ്ചുരൂപ കൂട്ടിയത് വീട്ടിലിരുന്ന് ആഘോഷിക്കുകയാണ് മലയാളികള്‍. കഴിഞ്ഞ ആറുമാസങ്ങളായി അരിയുടെ വില കൂടിയ തോത് നോക്കുകയാണെങ്കില്‍ ഡീസലിന് 25 രൂപയെങ്കിലും കൂടേണ്ടതായിരുന്നു. പക്ഷേ കേരളീയര്‍ക്ക് അരിയേക്കാളും അവശ്യം വേണ്ടത് പെട്രോളും ഡീസലുമാണ്. കുളിച്ചില്ലെങ്കിലും ചിലതൊക്കെ പുരപ്പുറത്ത് തൂക്കണമല്ലോ. എങ്കിലും, ഹര്‍ത്താല്‍ നാളിലെ ബൈക്ക് യാത്ര വളരെ സമാധാനപരമാണ്. മനസ്സില്‍ ഓര്‍മകളുടെ ചലച്ചിത്രങ്ങള്‍ വിസ്താരമയില്‍ പ്രദര്‍ശനം നടത്തുമ്പോഴും അപകടം ഭയക്കാതെ പോകാം. ശരവേഗത്തില്‍ പാഞ്ഞ് ഹര്‍ത്താല്‍ ആഘോഷിക്കുന്ന ബൈക്കുകള്‍, 'മരണം', 'എയര്‍പോര്‍ട്ട്‌', എന്നൊക്കെ ബോര്‍ഡ്‌ വെച്ച് അല്പം ആശങ്കയോടെ നീങ്ങുന്ന കാറുകള്‍, വഴിയരികില്‍ ബോറടിച്ചുനില്‍ക്കുന്ന പോലീസുകാര്‍, സുഖമായി വീട്ടിലിരുന്ന് ആനന്ദിക്കുന്ന മറ്റൊരു കൂട്ടരും. കേരളത്തില്‍ ഹര്‍ത്താല്‍ എന്നു പറഞ്ഞാല്‍ ഇതൊക്കെയാണ്.

10 മിനിറ്റ് വൈകി ജോലിസ്ഥലത്തെത്തി. ചെറിയ മഴക്കാറുണ്ട്. വിദൂരതയില്‍ നഗരം ഉണരാന്‍ വൈകുന്നതുപോലെ തോന്നി. പുകമഞ്ഞ്‌ ഒരു പുതപ്പു പോലെ ഉറങ്ങുന്ന നഗരത്തെ പൊതിഞ്ഞുനിന്നു - നേരത്തെ എഴുന്നേല്‍ക്കേണ്ട കാര്യമില്ലല്ലോ, ഇന്നു ഹര്‍ത്താലല്ലേ? നെഹ്‌റു സ്റ്റേഡിയത്തിന്റെ ഫ്ലഡ് ലൈറ്റ് ടവറുകള്‍ മൂടുപടത്തിനിടയിലും ആകാശത്തിലേക്കുയര്‍ന്നുനില്‍ക്കുന്നത് അവ്യക്തമായി കാണാം. അപ്പോഴാണ്‌ ഉള്ളിലെവിടെയോ നിന്ന് ഒരു കൊളുത്തിവലി അനുഭവപ്പെട്ടത്. ഇനിയെന്നെങ്കിലുമൊരിക്കല്‍, ഈ നിമിഷം, 20 വര്‍ഷം മുമ്പ് നടന്നത് എന്ന രീതിയിലെങ്കിലും ഞാന്‍ ഓര്‍മ്മിക്കുമോ? തുറന്ന ജനാലയില്‍ പിടിച്ച് വിഹ്വലതയോടെ ഞാന്‍ നിന്നു. പുലര്‍കാലസ്വപ്‌നങ്ങള്‍ രോമാഞ്ചമണിയിക്കുന്ന നഗരത്തിനുമപ്പുറം കടലില്‍നിന്നു പുറപ്പെട്ട ഒരിളംകാറ്റ് എന്നെ തഴുകി കടന്നുപോയി. കാലം തെറ്റിവന്ന ഒരു ഇടറിയ ഇടിമുഴക്കം ആകാശത്തില്‍ തങ്ങിനിന്നു. കിഴക്കെവിടെയോ മഴ ഭൂമിയെ വീണ്ടും വാരിപ്പുണരാന്‍ തയ്യാറെടുക്കുകയാണ്.

നിറവേറ്റപ്പെടാനുള്ള വാഗ്ദാനങ്ങളെക്കുറിച്ചുള്ള ഫ്രോസ്റ്റിന്റെ വിഖ്യാതമായ കവിതാശകലം പെട്ടെന്നു ഞാന്‍ ഓര്‍ത്തു. തിരികെ നടന്ന് ഇ-മെയില്‍ തുറന്നു.........

മറ്റൊരു നിശൂന്യമായ ദിവസം തുടങ്ങുകയായി......

Monday, September 10, 2012

തിരനോട്ടം

മാതൃഭാഷയില്‍ ഒരു ബ്ലോഗ്‌ തുടങ്ങാന്‍ ഇത്രയും താമസിച്ചതെന്ത് എന്ന് ചോദിച്ചാല്‍, അതിനുള്ള ടെക്നോളജി പാകമായിരുന്നില്ല എന്നാണ് ഉത്തരം. പ്രിന്റിംഗ് പ്രസ്സില്‍ അച്ചുനിരത്തുന്നതുപോലെ അക്ഷരങ്ങള്‍ പെറുക്കി വെക്കുന്നത് എന്നിലെ മടിയന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ട്രാന്‍സ് ലിറ്ററേഷന്‍ കറതീര്‍ത്ത് പ്രത്യക്ഷപ്പെട്ടത് ഇപ്പോഴാണ്, ഗൂഗിള്‍ ട്രാന്‍സ് ലിറ്ററേഷന്റെ  രൂപത്തില്‍ (http://www.google.com/transliterate/malayalam). ഒരിക്കലും തുടങ്ങാതിരിക്കുന്നതിലും നല്ലതാണല്ലോ വൈകിയാണെങ്കിലും..... പതിരില്ലാത്ത ഒരു പഴഞ്ചൊല്ല്, എല്ലാ കുഴിമടിയന്മാരുടെയും ആപ്തവാക്യം!

ബ്ലോഗ്‌ തുടങ്ങാന്‍ തീരുമാനിച്ചതോടെ അതിന് ഒരു പേര് കണ്ടുപിടിക്കലായി അടുത്ത തലവേദന. നന്നായി തുടങ്ങിയത് പാതി ചെയ്തുതീര്‍ത്തതുപോലെയാണല്ലോ. ഒരു കുഞ്ഞിനു പേര് കണ്ടുപിടിക്കുന്നതുപോലെ ആശയക്കുഴപ്പം പിടിച്ച ഒരു നടപടി. ബ്ലോഗ്‌ തുടങ്ങാന്‍ വൈകിയതിന്റെ ബുദ്ധിമുട്ട് തുടക്കത്തിലേ വ്യക്തമായി. ഒരു നല്ല പേര് കണ്ടുപിടിക്കുമ്പോഴേക്കും ആ വേദനാജനകമായ സത്യം മനസ്സിലാകും - ഏതോ അലവലാതി ആ പേര് മുമ്പേ എടുത്തുകഴിഞ്ഞുവെന്ന്‌ ! ഭാഗ്യത്തിന്, ശബ്ദതാരാവലി വാങ്ങിയിട്ട് അല്പം നാളുകളേ ആയിരുന്നുള്ളൂ.  അതിലൂടെ ഒരു മുങ്ങാംകുഴി. കുറെയധികം വാക്കുകള്‍ പരിചയപ്പെട്ടു. ലൈംഗികത്തൊഴിലാളിക്ക് ഇത്രയധികം പര്യായങ്ങള്‍ നമ്മുടെ ഭാഷയിലുണ്ട് എന്നത് ഒരു പുതിയ അറിവായി. നമ്മുടെ പൂര്‍വികന്മാരുടെ താല്പര്യങ്ങള്‍ എന്തിലൊക്കെയായിരുന്നു എന്ന് ഒരു കൌതുകത്തോടെ ഓര്‍ത്തു. ഒടുവില്‍ പേര് കിട്ടി. സന്ദീപ്ത - 'സന്ദീപനം ചെയ്യപ്പെട്ട' എന്നര്‍ത്ഥം. സന്ദീപനം എന്നുവെച്ചാല്‍ ഉദ്ദീപിപ്പിക്കല്‍, ജ്വലിപ്പിക്കല്‍, (തീ) കൊളുത്തല്‍ എന്നൊക്കെ വ്യാഖ്യാനം.

വളരെ ലളിതമായ ചിന്തകളും വിചാരങ്ങളുമാണ് ഈ ബ്ലോഗില്‍ ഉദ്ദേശിച്ചിരിക്കുന്നത്. എന്റെ മനസ്സിലെ ചിതറിയ ചിന്തകള്‍ മുഴുവന്‍ കാണിക്കാന്‍ എന്തായാലും പറ്റില്ല - വളരെ വ്യക്തമായ കാരണങ്ങള്‍ കൊണ്ടുതന്നെ! ഒരു 20 വര്‍ഷങ്ങള്‍ കൂടി ജീവിച്ചിരിക്കുകയാണെങ്കില്‍, അന്ന്, ഒരു മഴ പെയ്യുന്ന ദിവസം, തണുത്തുവിറച്ച്, ഭൂതകാലത്തിന്റെ ചാമ്പല്‍കൂന തിരയുമ്പോള്‍, പതിറ്റാണ്ടുകള്‍ക്കുമുന്‍പ് ഈ വാനരന്റെ മനസ്സിലുണ്ടായിരുന്ന യഥാര്‍ഥചിന്തകളുടെ ചില സൂചനകള്‍ ഈ ബ്ലോഗില്‍നിന്ന് കിട്ടും, കിട്ടണം.

 ഞാന്‍ അത്ഭുതപ്പെടാറുണ്ട്, ഇത്ര അലസനായ ഒരുവന് ജീവിതം അവന്‍ ആഗ്രഹിച്ചതിലുമേറെ വാരിക്കൊടുത്തത് എന്തിനാണെന്ന്! ആഗ്രഹങ്ങള്‍ വളരെ പരിമിതമായിരുന്നു എന്നത് സത്യം. ഒരു കോടീശ്വരന്‍ ആവുക എന്നത് എന്റെ മോഹമായിരുന്നു (ആഗ്രഹമല്ല), പക്ഷെ അതിനുവേണ്ടി ഒരു ഭാഗ്യക്കുറി എടുക്കുന്നതിനപ്പുറം ബുദ്ധിമുട്ടാനും ഞാന്‍ തയ്യാറല്ലായിരുന്നു. നേട്ടങ്ങള്‍ വളരെ ചെറുതാണ്, പക്ഷെ സംതൃപ്തിയാണല്ലോ പ്രധാനം. ജീവിതത്തോട് പരിഭവങ്ങളില്ലാതെ നില്‍ക്കാന്‍ സാധിക്കുന്നതും അതുകൊണ്ടുതന്നെ. ജീവിതം കാലവുമായുള്ള ഒരു ചതുരംഗക്കളിയാണ്. പുനര്‍ജന്മവിശ്വാസമില്ലെങ്കിലും, ആലങ്കാരികമായി പ്രയോഗിച്ചാല്‍ ഇനിയൊരു ജന്മത്തില്‍ ഇപ്പോഴത്തെ പ്രതിരോധത്തിലൂന്നിയ ഡച്ച് ഡിഫെന്‍സിനു പകരം ആക്രമണത്തിന്റെ സിസിലിയന്‍ ഡ്രാഗണ്‍ പരീക്ഷിച്ചാല്‍ കൊള്ളാമെന്നുണ്ട്. പക്ഷെ അന്തിമഫലം ഇപ്പോഴത്തേതുപോലെ, തൃപ്തികരമായ സമനില തന്നെ മതി.

ഇത്രയും സമയം കുത്തിയിരുന്ന് ഇത് വായിച്ച, പേരറിയാത്ത താങ്കള്‍ക്കു നന്ദി. ഈ സമയം പാഴായിപ്പോയി എന്ന് എനിക്കറിയാം. പക്ഷേ, അതുതന്നെയായിരുന്നല്ലോ താങ്കളുടെയും ലക്‌ഷ്യം, അല്ലേ?