ഞാന്‍ 1992-ലെ കോളേജ് മാഗസിനില്‍ എഴുതിയ
ലേഖനമാണിത്. അംബേദ്‌കറേയും ഗാന്ധിജിയെയും താരതമ്യം ചെയ്തുകൊണ്ടെഴുതിയ ഈ
പടപ്പിന് സാഹിത്യമേന്മയൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഇത്
പ്രസിദ്ധീകരിച്ചപ്പോള്‍ വലിയ ഒച്ചപ്പാടായി. കെ.എസ്.യു. ഒരു ദിവസത്തെ
പഠിപ്പുമുടക്ക് നടത്തുകയും മാഗസിന്റെ വിതരണം
നിര്‍ത്തിവെപ്പിക്കുകയും ചെയ്തു. തുടര്‍ന്ന്‍ അദ്ധ്യാപകരുടെ ഒരു സമിതി ഈ
ലേഖനം വിശദമായി പഠിച്ചതിനു ശേഷം വിതരണം തുടരാമെന്ന് പ്രഖ്യാപിച്ചപ്പോഴാണ്
മാഗസിന്‍ കമ്മറ്റിക്കാരുടെ ശ്വാസം നേരെ വീണത്. പിന്നീടും കെ.എസ്.യു.ക്കാര്‍ മുറുമുറുപ്പ് തുടര്‍ന്നു. അടുത്ത വര്‍ഷത്തെ അവരുടെ മാഗസിന്‍ എഡിറ്റര്‍ സ്ഥാനാര്‍ഥിയുടെ പ്രചാരണം
തന്നെ രാഷ്ട്രപിതാവിനെ അവഹേളിച്ച എസ്.എഫ്.ഐ.യെ തറ പറ്റിക്കുക
എന്നതായിരുന്നു. കാലം മാറി, രാഷ്ട്രീയ കാഴ്ചപ്പാടുകളും! ഇന്നെനിക്ക്
കമ്യൂണിസ്റ്റ് ചിന്താഗതികളുമായി വിദൂരബന്ധം പോലുമില്ലെങ്കിലും 20
വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ ആ പൊടിപറ്റിയ മാഗസിന്‍ വീണ്ടും എങ്ങനെയോ കയ്യിലെത്തിയപ്പോള്‍ പണ്ട്
ഞാന്‍ നടന്നിരുന്ന ആ ഇടനാഴികളും അന്നത്തെ ആരവങ്ങളും എന്തിനോ വെറുതെ
മനസ്സിലെത്തി. അങ്ങനെ ആ ലേഖനം മുഴുവന്‍ ഇവിടെ പകര്‍ത്താന്‍ തോന്നിയതിന്റെ
ബാക്കിപത്രമാണ് താഴെ.
അംബേദ്‌കറും ഗാന്ധിയും
നമ്മുടെ
രാഷ്ട്രപിതാവായി ഗണിക്കപ്പെട്ടു വരുന്നത് മഹാത്മാഗാന്ധിയെയാണല്ലോ. ദളിത്
വിഭാഗങ്ങളുടെ സമുദ്ധാരകനായിരുന്നു ബാബാസാഹെബ് എന്നു വിളിച്ചിരുന്ന ഡോ.
ഭീമറാവ് റാംജി അംബേദ്‌കര്‍. ഈ രണ്ടു മഹാത്മാക്കളുടെയും ഗുണഗണങ്ങള്‍
താരതമ്യം ചെയ്യലല്ല ഈ ലേഖനം കൊണ്ടുദ്ദേശിക്കുന്നത്. ഇരുവര്‍ക്കും പരസ്പരം
ഉണ്ടായിരുന്ന ധാരണയെയും അഭിപ്രായവ്യത്യാസങ്ങളെയും ഒന്ന് സ്പര്‍ശിക്കുക
മാത്രമേ ഇതുകൊണ്ടുദ്ദേശിച്ചിട്ടുള്ളൂ. മഹാത്മാഗാന്ധിയെ ഏതെങ്കിലും
വിധത്തില്‍ അവഹേളിക്കാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല എന്നാദ്യമേ
പറഞ്ഞുകൊള്ളട്ടെ.
മഹാത്മാവ്
നമുക്ക് സ്വാതന്ത്ര്യം നേടാന്‍ വളരെയധികം പരിശ്രമിച്ചിട്ടുള്ള ഒരു
ധീരനാണ്. അദ്ദേഹം തന്നെയാണ് നമ്മുടെ സ്വാതന്ത്ര്യം എന്നാണ് അന്നത്തെ
ഭാരതം ആര്‍ത്തുവിളിച്ചിരുന്നത്. ഗാന്ധിജിയോടുള്ള എല്ലാ ബഹുമാനങ്ങളോടുംകൂടെ
ചോദിച്ചു കൊള്ളട്ടെ - എന്താണ് സ്വാതന്ത്ര്യം? ജനങ്ങളുടെ പൌരാവകാശങ്ങളെ
കാത്തുസൂക്ഷിക്കാനും, നിയന്ത്രിക്കാനും, നിയമങ്ങള്‍ രൂപീകരിക്കാനുമുള്ള ഒരു
സ്ഥാപനത്തെ അധികാരത്തിലേറ്റാനുള്ള അവകാശം ഇല്ലാതെ സ്വാതന്ത്ര്യം - അത്
എന്തായാലും - നിലനില്‍ക്കില്ല എന്നു നമുക്കറിയാം.
സ്വാതന്ത്ര്യപൂര്‍വ
ഭാരതത്തില്‍ (ഒരു പക്ഷെ അതിനു ശേഷവും) ഒരു വലിയ വിഭാഗം ജനങ്ങള്‍ക്ക്
പൌരാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിരുന്നു എന്നത് ഒരു നഗ്നസത്യം മാത്രമാണ്.
ഇങ്ങനെ നഷ്ടപ്പെട്ടവര്‍ക്ക് സംരക്ഷിക്കാന്‍ എന്തവകാശങ്ങള്‍ ബാക്കിയുണ്ട്?
അത് സംരക്ഷിക്കാന്‍ ജനകീയ സര്‍ക്കാരെന്തിന്? ഹൈന്ദവ സമൂഹത്തില്‍
പടര്‍ന്നുപിടിച്ചിരുന്ന അയിത്തമെന്ന പായലിന്റെ കറ പുരളാത്തവരായി അന്ന്
ആരും ഉണ്ടായിരുന്നില്ല (ചുരുക്കം ചിലര്‍ ഇതിനൊരു അപവാദമായേക്കാം). ഈ
അയിത്തജാതിക്കാര്‍ക്ക് ഭരണഘടനാപരമായ സ്ഥാപനങ്ങളില്‍ പ്രത്യേകപ്രാതിനിധ്യം
നല്‍കാന്‍ 1928-29ല്‍ ഭാരതം സന്ദര്‍ശിച്ച സൈമണ്‍ കമ്മിഷന്‍ ശുപാര്‍ശ
ചെയ്യുകയുണ്ടായി. ഈ കമ്മിഷനെ ഗാന്ധിയടക്കമുള്ള
കോണ്‍ഗ്രസ് ബഹിഷ്കരിക്കുകയും അംബേദ്‌കര്‍ അടക്കമുള്ള ബഹിഷ്കൃത ഹിതകാരിണി
സഭ സഹര്‍ഷം സ്വാഗതം ചെയ്യുകയുമുണ്ടായി. ഈ രണ്ടു നിലപാടുകളും ബന്ധപ്പെട്ട
കക്ഷികളുടെ കാഴ്ചപ്പാടുകളുമായി തട്ടിച്ചു നോക്കിയാല്‍ ശരി തന്നെയാണ് എന്ന്
കാണാന്‍ കഴിയും. സാമൂഹ്യപരമായി മുന്നില്‍ നിന്നിരുന്ന വരേണ്യവര്‍ഗത്തിനെ
അന്നു പ്രതിനിധാനം ചെയ്തിരുന്ന കോണ്‍ഗ്രസ്സിന് ബ്രിട്ടീഷ് ഭരണം
അസഹ്യമായപ്പോള്‍ 'സാമൂഹികാവകാശങ്ങള്‍ നേടിയെടുക്കുക, ശേഷം സ്വയംഭരണം'
എന്നത് പ്രഥമകര്‍ത്തവ്യമായി അയിത്തജാതിക്കാര്‍ കരുതിയതിനെ എങ്ങനെ
ധാര്‍മികമായി എതിര്‍ക്കാനാവും? അംബേദ്കറും ഗാന്ധിയും തമ്മില്‍ നടന്ന
ആദ്യത്തെ ശീതസമരം ഇതുതന്നെയാണ്.
1930കളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അയിത്തജാതിക്കാര്‍ക്ക് സഹായകമായ
നിലപാടല്ല എടുത്തിരുന്നതെന്ന് വസ്തുതകള്‍ പരിശോധിക്കുന്ന ആര്‍ക്കും
എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും. 1928ല്‍ കോണ്‍ഗ്രസ് നടത്തിയ
സര്‍വകക്ഷിസമ്മേളനത്തില്‍ എല്ലാ പ്രധാനസംഘടനകളേയും അബ്രാഹ്മണസംഘടനയായ
ദ്രാവിഡമഹാജനസഭയെപ്പോലും ക്ഷണിച്ചിരുന്നപ്പോള്‍ അംബേദ്‌കര്‍ നയിച്ചിരുന്ന
ബഹിഷ്കൃതഹിതകാരിണി സഭയ്ക്ക് ക്ഷണം ലഭിച്ചിരുന്നില്ലെന്നതില്‍ നിന്നു
മനസ്സിലാക്കാം, അന്നത്തെ കോണ്‍ഗ്രസുകാരുടെ സാമൂഹ്യപരിഷ്കാരത്തിന്റെ ആക്കം.
ഗാന്ധിയുമായി അദ്ദേഹം വീണ്ടും ഇടയുന്നത്
വട്ടമേശസമ്മേളനത്തിനുശേഷമാണ്. 1930 നവംബറിലാണ് ആദ്യത്തെ വട്ടമേശസമ്മേളനം
ലണ്ടനില്‍ വെച്ച് നടന്നത്. ഇത് കോണ്‍ഗ്രസ് ബഹിഷ്കരിച്ചു. പങ്കെടുത്തവരെ
ആദ്യമൊക്കെ രാജ്യദ്രോഹികള്‍ എന്ന് വിളിച്ചെങ്കിലും പിന്നീട് നെഹ്രു തന്നെ ആ
നിലപാട് തിരുത്തി.
രണ്ടാം വട്ടമേശസമ്മേളനത്തില്‍ പങ്കെടുക്കാന്‍ തന്നെ കോണ്‍ഗ്രസ്
ഉറച്ചു. 1931ല്‍ ലണ്ടനില്‍ നടന്ന സമ്മേളനത്തില്‍ ഗാന്ധിജിയുടെ നിലപാട്
വഞ്ചനാപരം എന്നല്ലെങ്കില്‍ വിചിത്രം എന്നെങ്കിലും പറയേണ്ടതാണ്.
കോണ്‍ഗ്രസ് അഥവാ താന്‍ സമസ്തശക്തികളുടേയും പ്രതിനിധിയാണ് എന്ന ഭാവമാണ്
അദ്ദേഹത്തിന്റെ പ്രസംഗത്തിലുടനീളം മുഴച്ചുനിന്നിരുന്നത്. ഭരണഘടനാപരമായ
ചര്‍ച്ചക്കുപോയ ഗാന്ധിജി വേണ്ടപോലെ ആ വിഷയം അവതരിപ്പിക്കുകപോലുമുണ്ടായില്ല.
ഇന്ത്യന്‍ സ്റ്റേറ്റുകളെ ദേശീയ ഫെഡറേഷനില്‍ ചേര്‍ക്കുന്നതിന് അംബേദ്‌കര്‍
ചില നിര്‍ദേശങ്ങള്‍ വെയ്ക്കുകയുണ്ടായി. ഇന്ത്യന്‍ രാജത്വത്തെ (Princehood)
അവ ചൊടിപ്പിച്ചതില്‍ അതിശയിക്കാനില്ലല്ലോ. അത്ഭുതമെന്നു പറയട്ടെ, ഗാന്ധി
രാജാക്കളെയാണ് അനുകൂലിച്ചത്. അദ്ദേഹത്തിന്റെ സ്വന്തം വാക്കുകളില്‍, "Here
we have no right, in my humble way, to say to the states what they
should do and what they shall not!". അതിനുശേഷം സമ്മേളനത്തിന്റെ പരിഗണനക്കെത്തിയത് വിവിധ സമുദായങ്ങള്‍ക്ക്
നിയമനിര്‍മാണസഭയില്‍ പ്രത്യേക പ്രാതിനിധ്യം നല്‍കുക എന്ന ആവശ്യമായിരുന്നു.
മുസ്ലിം, സിഖ് സമുദായങ്ങള്‍ക്ക് 'ചരിത്രപരമായ' കാരണങ്ങളാല്‍ പ്രാതിനിധ്യം
നല്‍കാന്‍ തയ്യാറായ ഗാന്ധിജി അധകൃതര്‍ക്ക്, അവരെ ഹിന്ദുമതത്തില്‍നിന്ന്‍
വേറിട്ടുകാണുക സാധ്യമല്ലെന്ന കാരണത്താല്‍ പ്രാതിനിധ്യം നല്‍കുന്നതിനെ
എതിര്‍ത്തു. അവരെ പ്രതിനിധീകരിക്കാന്‍ തന്നോളം അവകാശം
മറ്റാര്‍ക്കുമില്ലെന്നുവരെ പ്രസ്താവിച്ച അദ്ദേഹം ആ സമ്മേളനത്തെ പൊള്ളയായ
അവകാശവാദങ്ങളുടെ മഹാസമുദ്രത്തില്‍ മുക്കിത്താഴ്താനാണോ ശ്രമിച്ചത് എന്ന്
സംശയിക്കേണ്ടിയിരിക്കുന്നു. കോണ്‍ഗ്രസ് നേതാക്കളില്‍ തന്നെ ഗാന്ധിയുടെ
നിലപാട് അസ്വസ്ഥത ജനിപ്പിച്ചു. മുസ്ലിം സമുദായത്തിന് അവര്‍
ആവശ്യപ്പെടുന്നതെന്തും (ബ്ലാങ്ക് ചെക്ക്) നല്‍കാന്‍ തയ്യാറായ അദ്ദേഹം
അധകൃതര്‍ക്ക് ആ അവകാശങ്ങള്‍ ശക്തിയായി നിഷേധിച്ചതിനെ വാക്കുകളുടെ
ഇന്ദ്രജാലത്തില്‍ മറ്റെന്തെങ്കിലും ആക്കിത്തീര്‍ക്കാന്‍ മറ്റൊരു ഗാന്ധിജി
ജനിക്കേണ്ടിയിരിക്കുന്നു (അന്ന് അദ്ദേഹം അങ്ങനെ ചെയ്യാന്‍
ശ്രമിച്ചെങ്കിലും)!
ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ സ്വാതന്ത്ര്യമില്ലായ്മ, സവര്‍ണജാതിക്കാരെ
കണ്ടാല്‍ വഴിമാറി നടക്കുക മുതലായ പീഡനങ്ങള്‍ പൊതുവായും മറ്റു
ചിലയിടങ്ങളില്‍ ഒരു കുടം കഴുത്തില്‍ കെട്ടിയിടുക, ഒരു ചൂല്‍ അറയില്‍
ഞാത്തിയിടുക മുതലായവയും സഹിക്കേണ്ടിയിരുന്ന അവര്‍ണര്‍ക്ക് എതിരായി
പ്രവര്‍ത്തിച്ച ഗാന്ധിജി അവരുടെ പ്രതിനിധിയായി ഭാവിച്ചതിനെ അംബേദ്‌കര്‍
എത്ര വീറോടെയാണ് എതിര്‍ത്തതെന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന്
തന്നെ മനസിലാക്കാം. "To that claim, I can only say that it is one of the
many false claims which irresponsible people keep on making, although
the persons concerned with regard to those claims have been invariably
denying them".
ഈ ശീതസമരത്തിന്റെ തീവ്രത വീണ്ടും വര്‍ദ്ധിച്ചത്
സ്വാതന്ത്ര്യത്തിനടുത്തെത്തിയപ്പോഴാണ്. പ്രധാന ചിന്തകരെല്ലാം തന്നെ
ഗാന്ധിജിയുടെ അന്നത്തെ നിശ്ചലാവസ്ഥയെ വിമര്‍ശിച്ചിട്ടുണ്ട്. ഭാവിയിലെ
ഐശ്വര്യത്തിനായി പാക്കിസ്ഥാന്‍ വിട്ടുകൊടുക്കണമെന്നും, അത്
വൈകിക്കുന്നതുവഴി ദേശീയദ്രോഹം തന്നെയാണ് രാഷ്ട്രീയക്കാര്‍
ചെയ്യുന്നതെന്നുമാണ് അദ്ദേഹത്തിന്റെ 'Pakistan or the partition of India'
എന്ന പുസ്തകത്തിന്റെ ധ്വനി എന്ന് അനായാസം മനസിലാക്കാം. പക്ഷെ ഒരു തുറന്ന
സംഘട്ടനത്തിലേക്ക് ഇത് നയിച്ചില്ല. കൂടാതെ 1948ല്‍, ആരുടെ
താല്‍പര്യങ്ങളെയാണോ താന്‍ സംരക്ഷിച്ചത്, ആ വിഭാഗത്തില്‍പെട്ട ഏതാനും
മതഭ്രാന്തരുടെ ആയുധത്തിന് ഗാന്ധിജി ഇരയാവുകയും ചെയ്തല്ലോ.
കുറെയൊക്കെ മുന്‍വിധികള്‍ ഗാന്ധിജിക്ക് ഉണ്ടായിരുന്നു എന്ന് ഏവരും
സമ്മതിക്കും. ഒരിക്കല്‍ അംബേദ്‌കറുമായി ചര്‍ച്ച നടത്തിയശേഷം ഗാന്ധിജി
അന്വേഷിച്ചത് അദ്ദേഹത്തിന്റെ കുലം ഏതാണെന്നാണ്. അധകൃതരില്‍
താല്പര്യമെടുക്കുന്ന ഒരു ബ്രാഹ്മണനാണ് അംബേദ്‌കര്‍ എന്നാണ് അദ്ദേഹം
കരുതിയത്. ഒരു അധകൃതന് അത്രയും ഉയരത്തില്‍ എത്താന്‍ കഴിയില്ല എന്ന
മുന്‍വിധിയാണ് ഇതിനു കാരണമെന്നു സംശയലേശമെന്യേ പറയാം.
ഗാന്ധിജിയുടെ അഹിംസാത്മക സമീപനം ചിലപ്പോഴൊക്കെ ജാതിഭ്രാന്തര്‍ക്ക്
സഹായകമായിട്ടുണ്ട് എന്നു പറയാതെ തരമില്ല. ഗുജറാത്തിലെ 'കവിതാ' ഗ്രാമത്തില്‍
നടന്ന സംഭവം ഇതിനു ഉത്തമ ഉദാഹരണമാണ്. അവിടെ, ദളിതരില്‍ ചിലര്‍ കുട്ടികളെ
ഗ്രാമത്തിലെ വിദ്യാലയത്തില്‍ ചേര്‍ക്കാന്‍ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങള്‍
ആരംഭിച്ചത്. സവര്‍ണരെല്ലാം തങ്ങളുടെ കുട്ടികളെ പിന്‍വലിക്കുകയും ചെയ്തു.
അല്‍പദിവസങ്ങള്‍ക്കു ശേഷം തന്നെ ആക്രമിച്ച ഒരു ബ്രാഹ്മണനെതിരെ പരാതി
കൊടുക്കാന്‍ ദളിതരില്‍ ചിലര്‍ അടുത്ത പട്ടണമായ ദോല്കയിലേക്ക് പോയ തക്കം
നോക്കി സവര്‍ണര്‍ അധകൃതകോളനി ആക്രമിച്ചു. പട്ടണത്തില്‍ പോയവര്‍ക്ക്
തിരിച്ചെത്താന്‍ കഴിയാത്ത വിധം കാവലിരിക്കുകയും ചെയ്തു. ഇരു വിഭാഗങ്ങളും
തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായപ്പോള്‍ ഗാന്ധിജിക്ക് ഇടപെടേണ്ടി വന്നു.
അധകൃതരെ ഉപദ്രവിക്കരുതെന്ന് ഉന്നത ജാതിക്കാരെ പ്രേരിപ്പിക്കാന്‍ മാത്രമാണ്
അദ്ദേഹവും, വലംകൈ ആയിരുന്ന സര്‍ദാര്‍ പട്ടേലും ശ്രമിച്ചത്. അവര്‍ണര്‍ക്ക്
ഒരിക്കലും നടപ്പാക്കാന്‍ ആവശ്യപ്പെടാന്‍ പോലും സാധിക്കാത്ത വിധത്തില്‍
ഉണ്ടാക്കിയ കരാര്‍ പ്രകാരം അക്രമികള്‍ക്ക് രക്ഷപ്പെടാന്‍ സാധിച്ചു എന്നത്
ഖേദകരമായ വസ്തുതയാണ്.
അംബേദ്കറും ഗാന്ധിജിയും
തമ്മില്‍ മാനസികമായിത്തന്നെ അകല്‍ച്ച തോന്നിയേക്കാവുന്ന മറ്റൊരു കാര്യം
ഇരുവരുടേയും മതവിശ്വാസമാണ്. ഗാന്ധിജി തികഞ്ഞ
ഹിന്ദുമതവിശ്വാസിയായിരുന്നു. ജാതിക്കാര്യങ്ങള്‍ സവര്‍ണജാതിക്കാരുടെ
പാപമാണെന്നും, അതിനാല്‍ അത് നീക്കം ചെയ്യാന്‍ മുന്‍കൈ എടുക്കേണ്ടത് അവര്‍
തന്നെയാണെന്നുമുള്ള വിചിത്രമായ ചിന്താഗതിയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.
അതവിടെ നില്‍ക്കട്ടെ.
ഹിന്ദുമതത്തെക്കുറിച്ചുള്ള അംബേദ്‌കറുടെ അഭിപ്രായങ്ങള്‍ എന്തായിരുന്നു
എന്ന് 'Riddles in Hinduism' എന്ന പുസ്തകത്തിലും, 'Untouchables or the
Children of India's Ghetto', 'Who Were Shudras?', 'Philosophy of
Hinduism' തുടങ്ങിയ ലേഖനസമാഹാരങ്ങളിലും നിന്ന് വ്യക്തമായി നമുക്കു
മനസ്സിലാകും. ശൂദ്രസംസര്‍ഗം ദൂരത പരിവര്‍ജിക്കണം എന്ന് മനുസ്മൃതിയില്‍ ഒരു
ശ്ലോകമുണ്ട്. അത് ഹിന്ദുമതം ദൂരത പരിവര്‍ജിയേല്‍ എന്നാക്കിയാല്‍ ആ
മതത്തെക്കുറിച്ചുള്ള അംബേദ്‌കറുടെ വീക്ഷണമായി. അദ്ദേഹം
ബുദ്ധമതത്തിലേക്ക് പിന്നീട് പരിവര്‍ത്തനം ചെയ്തു എന്നത്
ഇത്തരുണത്തില്‍ സ്മരണീയമാണ്.
അനന്തമായ സ്വഭാവ സവിശേഷതകള്‍
നിറഞ്ഞ രണ്ടു വിശിഷ്ടാത്മാക്കളാണ് അംബേദ്‌കറും ഗാന്ധിജിയും. അവരുടെ
പരസ്പരബന്ധം എങ്ങനെയുള്ളതായിരുന്നു എന്ന് ചെറുതായി ഒന്നു
പരിശോധിക്കുകമാത്രമേ ഈ ലേഖനം
കൊണ്ടുദ്ദേശിക്കുന്നുള്ളൂ. പണ്ഡിതര്‍ക്ക് ഗ്രന്ഥസമാഹാരങ്ങള്‍ വരെ
എഴുതാന്‍ പറ്റിയതാണ് അനേകം വൈചിത്ര്യങ്ങള്‍ നിറഞ്ഞ ആ ജീവിതങ്ങള്‍.
സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ടു കിടന്നിരുന്ന കോടികളുടെ ഉന്നമനത്തിനായി
പ്രവര്‍ത്തിച്ചിരുന്ന രണ്ടുപേരുടെ യഥാര്‍ത്ഥ
കാഴ്ചപ്പാടിനെക്കുറിച്ച് ഒരേകദേശധാരണ നല്‍കാനാണ് ഈ ലേഖനം കൊണ്ട്
ഞാനുദ്ദേശിക്കുന്നത്.